Saturday, April 20, 2013
കയര്‍സമരം തുടങ്ങി
കയര്‍വ്യവസായത്തെ സര്‍വനാശത്തിലേക്കു നയിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് തൊഴില്‍ അല്ലെങ്കില്‍ ജയില്‍ എന്ന മുദ്രാവാക്യവുമായി സെക്രട്ടറിയറ്റ് പിക്കറ്റ് ചെയ്ത കേരള കയര്‍ വര്‍ക്കേഴ്സ് സെന്റര്‍ പ്രസിഡന്റും സിപിഐ എം കേന്ദ്രകമ്മിറ്റി അംഗവുമായ ടി എം തോമസ് ഐസക് എംഎല്‍എ ഉള്‍പ്പെടെ 71 പേര്‍ ജയിലില്‍. ഇവരില്‍ 45 പേര്‍ സ്ത്രീകളും അവരില്‍ 20 പേര്‍ എഴുപത് വയസ്സ് പിന്നിട്ടവരുമാണ്. പുരുഷ വളന്റിയര്‍മാരെ ജില്ലാ ജയിലിലും വനിതാ വളന്റിയര്‍മാരെ അട്ടക്കുളങ്ങര സബ് ജയിലിലുമാണ് അടച്ചത്. ഇവരെ ശനിയാഴ്ച വീണ്ടും കോടതിയില്‍ ഹാജരാക്കും.
തൊഴിലും ന്യായമായ കൂലിയും ഇല്ലാതായ നാലുലക്ഷത്തോളം കയര്‍ തൊഴിലാളികളുടെ ജീവിതവും തൊഴിലും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് പഞ്ചദിന ജയില്‍നിറയ്ക്കല്‍ പ്രക്ഷോഭം ആരംഭിച്ചത്. പിക്കറ്റിങ് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഉദ്ഘാടനംചെയ്തു. യുഡിഎഫ് അധികാരത്തില്‍ വരുമ്പോഴെല്ലാം പരമ്പരാഗത വ്യവസായ മേഖല തളരുകയാണെന്ന് പിണറായി പറഞ്ഞു. യുഡിഎഫിന് തൊഴിലാളികളോട് പ്രതിബദ്ധതയില്ല. അവര്‍ അധികാരത്തിലേറി രണ്ടുവര്‍ഷമാകുമ്പോഴേക്കും പരമ്പരാഗത തൊഴില്‍ മേഖലയില്‍ തളര്‍ച്ച പൂര്‍ണമായി. എല്‍ഡിഎഫ് ഭരണത്തില്‍ തൊഴില്‍ ഉറപ്പ് ഉണ്ടായിരുന്നു. പരമ്പരാഗത മേഖലയില്‍ ഏറ്റവും അധികം പ്രയാസം അനുഭവിക്കുന്നത് കയര്‍ത്തൊഴിലാളികളാണ്. സര്‍ക്കാരിന്റെ തൊഴിലാളിവിരുദ്ധ നയങ്ങള്‍ തിരുത്തിക്കാന്‍ ജീവന്മരണപോരാട്ടമല്ലാതെ മാര്‍ഗമില്ലെന്നും പിണറായി പറഞ്ഞു.
കയര്‍ വ്യവസായമേഖല പാടേ സ്തംഭിച്ചിരിക്കുകയാണെന്ന് കയര്‍ വര്‍ക്കേഴ്സ് സെന്റര്‍ ജനറല്‍ സെക്രട്ടറി ആനത്തലവട്ടം ആനന്ദന്‍ പറഞ്ഞു. സജിമോന്‍, വിശ്വംഭരന്‍ എന്നീ തൊഴിലാളികള്‍ തൊഴിലില്ലായ്മമൂലം ആത്മഹത്യചെയ്തു. കയറിനുവേണ്ടി ബജറ്റില്‍ വകയിരുത്തുന്ന തുക ഉപയോഗിച്ച് മേളകളും വിദേശ സന്ദര്‍ശനവും നടത്തി പണം ധൂര്‍ത്തടിക്കുകയാണ് അധികൃതരെന്നും അദ്ദേഹം പറഞ്ഞു. തോമസ് ഐസക്, എം ആര്‍ രവി, അഡ്വ. രത്നകുമാര്‍ എന്നിവര്‍ സംസാരിച്ചു. വളന്റിയര്‍മാരെ പൊലീസ് ബലം പ്രയോഗിച്ച് തടഞ്ഞു. പ്രായമായ സ്ത്രീ വളന്റിയര്‍മാരെ പൊലീസ് തള്ളിയിട്ടു. തുടര്‍ന്ന് പൊരിവെയിലില്‍ റോഡില്‍ കിടന്ന വളന്റിയര്‍മാരെ പൊലീസ് അറസ്റ്റ് ചെയ്ത് നന്ദാവനം പൊലീസ് ക്യാമ്പിലേക്ക് കൊണ്ടുപോയി. പൊലീസ് ക്യാമ്പിലും തൊഴില്‍ അല്ലെങ്കില്‍ ജയില്‍ മുദ്രാവാക്യവുമായി ജാമ്യത്തിന് വിസമ്മതിച്ചതോടെ മജിസ്ട്രേട്ട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യുകയായിരുന്നു. കയര്‍ വര്‍ക്കേഴ്സ് സെന്റര്‍ വൈസ് പ്രസിഡന്റ് എം ആര്‍ രവി, നേതാക്കളായ അഞ്ചുതെങ്ങ് സുരേന്ദ്രന്‍, കഠിനംകുളം ബാബു, ചന്ദ്രികാമ്മ, വക്കം രഘു, മണികണ്ഠന്‍ ചിറയിന്‍കീഴ് തുടങ്ങിയവരും ജയിലിലാണ്. ശനിയാഴ്ച കൊല്ലം ജില്ലയിലെ തൊഴിലാളികള്‍ സമരത്തില്‍ അണിനിരക്കും. എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ ഉദ്ഘാടനംചെയ്യും.
deshabhimani 200413
Labels:
കയര്‍,
രാഷ്ട്രീയം
Subscribe to:
Post Comments (Atom)
No comments:
Post a Comment