Friday, April 19, 2013

താങ്ങാവുന്ന വിലയ്ക്ക് വൈദ്യുതി നല്‍കല്‍ സര്‍ക്കാരിന്റെ ഉത്തരവാദിത്തം: എ കെ പി


കെഎസ്ഇബി വര്‍ക്കേഴ്സ് അസോ. സമ്മേളനത്തിന് ഉജ്വല തുടക്കം

തിരൂര്‍: വൈദ്യുതി മേഖലയെ സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കങ്ങള്‍ക്കെതിരെ യോജിച്ച പോരാട്ടത്തിന് ആഹ്വാനം ചെയ്ത് കെഎസ്ഇബി വര്‍ക്കേഴ്സ് അസോസിയേഷന്‍ (സിഐടിയു) സംസ്ഥാന സമ്മേളനത്തിന് തിരൂര്‍ ആലത്തിയൂരില്‍ ഉജ്വല തുടക്കം. വൈദ്യുത മേഖലയിലെ പ്രശ്നങ്ങളും പ്രതിസന്ധികളും മൂന്ന് ദിവസങ്ങളിലായി നടക്കുന്ന സമ്മേളനം ചര്‍ച്ചചെയ്യും. സ. ഇ ബാലാനന്ദന്‍ നഗറില്‍ (ഹാജത്ത് ഓഡിറ്റോറിയം) സിഐടിയു അഖിലേന്ത്യാ പ്രസിഡന്റ് എ കെ പത്മനാഭന്‍ സമ്മേളനം ഉദ്ഘാടനംചെയ്തു.

പാവപ്പെട്ടവന് വൈദ്യുതി അപ്രാപ്യമാകുന്ന വിധത്തിലേക്ക് നയിക്കുന്ന സ്വകാര്യവല്‍ക്കരണത്തെ എന്തുവിലകൊടുത്തും ചെറുക്കാന്‍ തൊഴിലാളികള്‍ ഒന്നിച്ച് അണിനിരക്കണമെന്ന് അദ്ദേഹം ആഹ്വാനംചെയ്തു. അസോസിയേഷന്‍ പ്രസിഡന്റ് കെ ഒ ഹബീബ് അധ്യക്ഷനായി. മുന്‍ വൈദ്യുതി മന്ത്രി എ കെ ബാലന്‍ സംസാരിച്ചു. സിഐടിയു അഖിലേന്ത്യാ സെക്രട്ടറിമാരായ കെ കെ ദിവാകരന്‍, പി നന്ദകുമാര്‍, സിപിഐ എം ജില്ലാ സെക്രട്ടറി പി പി വാസുദേവന്‍, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ ഇ എന്‍ മോഹന്‍ദാസ്, വി ശശികുമാര്‍ എന്നിവര്‍ പങ്കെടുത്തു. ജോര്‍ജ് കെ ആന്റണി സ്വാഗതം പറഞ്ഞു. ജനറല്‍ സെക്രട്ടറി വി ലക്ഷ്മണന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ ഹരിഹരന്‍ പോറ്റി വരവുചെലവ് കണക്കും അവതരിപ്പിച്ചു. റിപ്പോര്‍ട്ടില്‍ വ്യാഴാഴ്ച പൊതുചര്‍ച്ച ആരംഭിച്ചു. വെള്ളിയാഴ്ച രാവിലെ ഒമ്പതിന് ചര്‍ച്ച തുടരും. പകല്‍ മൂന്നിന് മുന്‍കാല പ്രവര്‍ത്തകരെ ആദരിക്കും. പരിപാടി സിപിഐ എം സംസ്ഥാനകമ്മിറ്റി അംഗം ടി ശിവദാസമേനോന്‍ ഉദ്ഘാടനംചെയ്യും.

 വൈകിട്ട് "ന്നിട്ടും മ്മടെ കുട്ട്യോളെന്താങ്ങനെ" ഏകപാത്ര നാടകം അരങ്ങേറും. ശനിയാഴ്ച ചര്‍ച്ചക്കുള്ള മറുപടിയും പ്രമേയ അവതരണവും ഭാരവാഹി തെരഞ്ഞെടുപ്പും നടക്കും. സമ്മേളനത്തിന് സമാപനം കുറിച്ച് ശനിയാഴ്ച പകല്‍ മൂന്നിന് തിരൂര്‍ നഗരത്തില്‍ ഉജ്വല പ്രകടനം പ്രകടനം നടക്കും. പയ്യനങ്ങാടിയില്‍നിന്നാരംഭിക്കുന്ന പ്രകടനം ടൗണ്‍ ചുറ്റി താഴേപ്പാലം നഗരസഭാ സ്റ്റേഡിയത്തിലെ സ. എം കെ പന്ഥെ നഗറില്‍ സമാപിക്കും. പൊതുസമ്മേളനം സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഉദ്ഘാടനംചെയ്യും.

താങ്ങാവുന്ന വിലയ്ക്ക് വൈദ്യുതി നല്‍കല്‍ സര്‍ക്കാരിന്റെ ഉത്തരവാദിത്തം: എ കെ പി

തിരൂര്‍: സാധാരണ ജനങ്ങള്‍ക്ക് താങ്ങാവുന്ന വിലയ്ക്ക് വൈദ്യുതി ലഭ്യമാക്കുകയെന്നത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്ന് സിഐടിയു അഖിലേന്ത്യാ പ്രസിഡന്റ് എ കെ പത്മനാഭന്‍ പറഞ്ഞു. കെഎസ്ഇബി വര്‍ക്കേഴ്സ് അസോസിയേഷന്‍ (സിഐടിയു) സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

രാജ്യത്തിന്റെ സമ്പത്ത് ജനങ്ങളുടെ ആവശ്യങ്ങള്‍ക്കുവേണ്ടിയാണ് ഉപയോഗപ്പെടുത്തേണ്ടത്. എന്നാല്‍ വൈദ്യുതി ഉള്‍പ്പെടെ എല്ലാ മേഖലകളിലും സ്വകാര്യ കമ്പനികള്‍ക്ക് ലാഭമുണ്ടാക്കാനുള്ള മാര്‍ഗങ്ങളാണ് സര്‍ക്കാരുകള്‍ ആരായുന്നത്. ഇതിനനുസൃതമായ നയം രൂപീകരിക്കുന്നു. സാധാരണക്കാരന്റെ ക്ഷേമമല്ല സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് വ്യക്തം. പുത്തന്‍ സാമ്പത്തിക നയങ്ങള്‍മൂലം ഭരണഘടന ഉറപ്പുനല്‍കുന്ന ജനാധിപത്യ അവകാശങ്ങള്‍പോലും സാധാരണക്കാരന് നഷ്ടമാവുകയാണ്. കേന്ദ്രസര്‍ക്കാരിന്റെ പുതിയ വൈദ്യുതിനയം പരാജയമാണെന്നാണ് രാജ്യത്തെ അനുഭവങ്ങള്‍ നമ്മെ പഠിപ്പിക്കുന്നത്. വൈദ്യുതി മേഖല സ്വകാര്യവല്‍ക്കരിച്ചാല്‍ വ്യവസായം അഭിവൃദ്ധിപ്പെടുമെന്നായിരുന്നു പ്രചാരണം. എന്നാല്‍, മറിച്ചാണ് സംഭവിച്ചത്. ഇന്ത്യന്‍ യാഥാര്‍ഥ്യങ്ങള്‍ മനസ്സിലാക്കിയുള്ള നയമാണ് വേണ്ടത്. പരിസ്ഥിതി പ്രശ്നങ്ങള്‍ ഉന്നയിച്ച് ഊര്‍ജോല്‍പ്പാദനത്തിന്റെ സാധ്യത തടയുന്നത് ശരിയല്ല. ജനങ്ങള്‍ക്കുവേണ്ടിയുള്ള പരിസ്ഥിതി നയമാണ് രൂപപ്പെടേണ്ടത്. വികസനം ജനങ്ങള്‍ക്കുവേണ്ടിയാണോ എന്നതാണ് പ്രധാനം. ട്രേഡ് യൂണിയനുകളെ മോശമായി ചിത്രീകരിക്കാനാണ് മാധ്യമങ്ങള്‍ക്ക് താത്പര്യം. സമരം നടത്തിയതുകൊണ്ട് സര്‍ക്കാരിന് നഷ്ടമുണ്ടായി എന്നാണ് അവര്‍ പ്രചരിപ്പിക്കുന്നത്. ആഗോളവല്‍ക്കരണനയങ്ങള്‍ക്കെതിരെ രാജ്യത്ത് രൂപപ്പെട്ട തൊഴിലാളി ഐക്യം അവര്‍ കണ്ടില്ലെന്നു നടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

എ കെ ആന്റണി വിചാരിച്ചാല്‍ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാം: എ കെ ബാലന്‍

പാലക്കാട്: കേന്ദ്ര പ്രതിരോധമന്ത്രി എ കെ ആന്റണിയുടെ സഹകരണമുണ്ടെങ്കില്‍ മൂന്നു വര്‍ഷംകൊണ്ട് കേരളത്തിലെ വൈദ്യുതിപ്രതിസന്ധി പരിഹരിക്കാനാവുമെന്ന് മുന്‍ വൈദ്യുതിമന്ത്രി എ കെ ബാലന്‍ എംഎല്‍എ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഗ്യാസ് അധിഷ്ഠിത വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനുള്ള അനുകൂലസാഹചര്യമാണ് കേരളത്തിനുള്ളത്. ഗ്യാസ് വിതരണവില നിര്‍ണയിക്കാനുള്ള എംപവര്‍ കമ്മിറ്റി ചെയര്‍മാന്‍ എ കെ ആന്റണിയാണ്. ആഭ്യന്തരഗ്യാസ് അനുവദിക്കേണ്ടത് ഈ സമിതിയാണ്. ആന്റണിക്ക് കേരളത്തെ സഹായിക്കാന്‍ മനഃസ്ഥിതിയുണ്ടെങ്കില്‍ വില കൂടിയ ഇറക്കുമതി ഗ്യാസും വില കുറഞ്ഞ ആഭ്യന്തരഗ്യാസുംചേര്‍ത്ത് കുറഞ്ഞവില നിശ്ചയിച്ചുനല്‍കാന്‍ സാധിക്കും. എല്‍ ആന്‍ഡ് ജി ടെര്‍മിനല്‍ 2014ഓടെ പൂര്‍ത്തിയായാല്‍ വൈപ്പിന്‍, ബ്രഹ്മപുരം, കായംകുളം, ചീമേനി പദ്ധതികളിലൂടെ സംസ്ഥാനത്ത് ആവശ്യത്തിലധികം വൈദ്യുതി ഗ്യാസ്വഴി ഉല്‍പ്പാദിപ്പിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.

വേനലിനെ പഴിചാരുന്നതിനുപകരം വരുംകാലത്തെ വൈദ്യുതിപ്രതിസന്ധിയെങ്കിലും പരിഹരിക്കാനുള്ള ഇച്ഛാശക്തി സര്‍ക്കാര്‍ കാണിക്കണം. എല്‍ഡിഎഫ് ഭരണകാലത്ത് മൂന്നുതവണ വരള്‍ച്ചയുണ്ടായിട്ടും വില കൂട്ടിയില്ല. ഇന്നത്തെ പ്രതിസന്ധിക്കു കാരണം വകുപ്പിന്റെ ആസൂത്രണത്തില്‍ വന്ന ഗുരുതര വീഴ്ചയാണ്. നോര്‍ത്ത് ഗ്രിഡില്‍നിന്ന് സതേണ്‍ ഗ്രിഡ്വഴി കേരളത്തിന് 1200 മെഗാവാട്ട് വൈദ്യുതി ലഭ്യമാക്കാന്‍ സാഹചര്യമുണ്ടായിരുന്നു. എന്നാല്‍ ട്രാന്‍സ്മിഷന്‍ ക്വാറിഡോര്‍ലൈന്‍ ഉണ്ടാക്കാന്‍ കേരളം തയ്യാറായില്ല. ആ വൈദ്യുതി തമിഴ്നാട്, കര്‍ണാടക, ആന്ധ്ര സംസ്ഥാനങ്ങള്‍ കൊണ്ടുപോയി. ഊര്‍ജസംരക്ഷണപ്രവര്‍ത്തനവും പൊളിഞ്ഞു.

എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഒഡീഷയിലെ വൈതരണിയില്‍ വൈദ്യുതോല്‍പ്പാദനത്തിന് കേന്ദ്രസര്‍ക്കാരില്‍നിന്ന് കല്‍ക്കരിപ്പാടം വാങ്ങി. പരിസ്ഥിതിമന്ത്രാലയത്തിന്റെ അനുമതി ലഭിച്ച പദ്ധതിയെ കേന്ദ്രമന്ത്രി ജയറാം രമേഷ് വൈകിപ്പിച്ചു. യുഡിഎഫ് സര്‍ക്കാരിന്റെ അനാസ്ഥ കാരണം പിന്നീട് കേന്ദ്ര സര്‍ക്കാര്‍ പദ്ധതി റദ്ദാക്കി. ഛത്തീസ്ഗഢ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പോയി സ്റ്റേ വാങ്ങിയപ്പോള്‍ കേരള സര്‍ക്കാര്‍ കേന്ദ്രത്തിനെതിരെ പ്രതിഷേധിക്കാന്‍ തയ്യാറായില്ല. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭരണകാലത്ത് ആരംഭിച്ച പദ്ധതികളുടെ പ്രവര്‍ത്തനവും താളം തെറ്റിച്ചു. കൂടംകുളത്തുനിന്ന് അടുത്തവര്‍ഷമെങ്കിലും 266 മെഗാവാട്ട് വൈദ്യുതി നേടിയെടുക്കാന്‍ മുഖ്യമന്ത്രി തയ്യാറാവണം. അതിരപ്പിള്ളി വൈദ്യുതപദ്ധതിയില്‍ ചില മാറ്റങ്ങള്‍ വരുത്തി മുന്നോട്ടുപോകാമെന്ന ഡോ. കസ്തൂരിരംഗന്‍ സമിതി റിപ്പോര്‍ട്ട് അംഗീകരിക്കാവുന്നതാണെന്നും എ കെ ബാലന്‍ എംഎല്‍എ പറഞ്ഞു.

deshabhimani 190413

No comments:

Post a Comment