Sunday, April 7, 2013

ജലചൂഷണം: കൊഴിഞ്ഞാമ്പാറയില്‍ ജനരോഷം ഇരമ്പി


ചിറ്റൂര്‍: കുടിവെള്ള പ്രശ്നം രൂക്ഷമായ പ്രദേശത്ത് ജലചൂഷണത്തിന് അനുമതി നല്‍കിയ കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ തീരുമാനത്തിനെതിരെ ജനരോഷം ഇരമ്പി. വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ സമരങ്ങളില്‍ ആയിരക്കണക്കിന് ജനങ്ങളാണ് ഒഴുകിയെത്തിയത്. കൊഴിഞ്ഞാമ്പാറ പഞ്ചായത്തില്‍ അഞ്ചാംമൈലില്‍ എബിടി ഗ്രൂപ്പ് കമ്പനിയുടെ ഫ്രൂട്ട് ആന്‍ഡ് ഡ്രിങ്സിനാണ് 728 കുതിരശക്തിയുള്ള മോട്ടോര്‍ പമ്പുകള്‍ പ്രവര്‍ത്തിപ്പിക്കാനും ലക്ഷക്കണക്കിന് ലിറ്റര്‍ ഭൂഗര്‍ഭജലം ഊറ്റിയെടുക്കാനും പഞ്ചായത്ത് അനുമതി നല്‍കിയത്.

ഇതിനെതിരെ ശനിയാഴ്ച രാവിലെ പത്തിന് ഡിവൈഎഫ്ഐ ചിറ്റൂര്‍ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസിലേക്ക് ബഹുജനമാര്‍ച്ച് നടത്തി. ടിബിക്ക് മുന്നില്‍നിന്ന് ആരംഭിച്ച മാര്‍ച്ച് പഞ്ചായത്ത് ഓഫീസിനുമുന്നില്‍ പൊലീസ് തടഞ്ഞു. തുടര്‍ന്ന് നടന്ന പ്രതിഷേധയോഗം സിപിഐ എം ഏരിയ സെക്രട്ടറി ഇ എന്‍ സുരേഷ്ബാബു ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റ് ജ്യോതീന്ദ്രന്‍ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി അഡ്വ. പ്രേംകുമാര്‍, ജില്ലാ പ്രസിഡന്റ് നിതിന്‍ കണിച്ചേരി, സിപിഐ എം കൊഴിഞ്ഞാമ്പാറ ലോക്കല്‍ സെക്രട്ടറി എം സതീഷ്, സിപിഐ എം ഏരിയ കമ്മിറ്റിയംഗം സി ബാബു എന്നിവര്‍ സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി വി ബിനു സ്വാഗതവും മനു നന്ദിയും പറഞ്ഞു. സിപിഐയുടെ നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ച് ജില്ലാ സെക്രട്ടറി കെ പി സുരേഷ്രാജ് ഉദ്ഘാടനം ചെയ്തു. സി പി പ്രദീപ് അധ്യക്ഷനായി. ബിജെപി നടത്തിയ പ്രകടനം ജില്ലാ ജനറല്‍ സെക്രട്ടറി പി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. എം ബാലകൃഷ്ണന്‍ അധ്യക്ഷനായി. സോഷ്യലിസ്റ്റ് ജനത നടത്തിയ പ്രകടനം ജില്ലാ പ്രസിഡന്റ് അഡ്വ. മുരുകദാസ് ഉദ്ഘാടനം ചെയ്തു. വിനോദ്ബാബു അധ്യക്ഷനായി. ഫര്‍ക്ക ഫാര്‍മേഴ്സ് അസോസിയേഷന്‍ നേതൃത്വത്തില്‍ വായ് മൂടിക്കെട്ടി കൊഴിഞ്ഞാമ്പാറ ടൗണില്‍ പ്രകടനം നടത്തി. അസോസിയേഷന്‍ സെക്രട്ടറി അഡ്വ. കൊച്ചുകൃഷ്ണന്‍ സംസാരിച്ചു.

ജലചൂഷണം അനുവദിക്കരുത്: സിപിഐ എം

പാലക്കാട്: കുടിവെള്ളക്ഷാമം അതിരൂക്ഷമായ പ്രദേശത്ത് സ്വകാര്യകമ്പനിക്ക് ജല ചൂഷണത്തിന് അനുമതി നല്‍കിയതിന് ന്യായീകരണമില്ലെന്നും ബന്ധപ്പെട്ടവര്‍ തീരുമാനത്തില്‍നിന്ന് ഉടന്‍ പിന്തിരിയണമെന്നും സിപിഐ എം ആവശ്യപ്പെട്ടു.

വര്‍ഷങ്ങളായി ചിറ്റൂരിന്റെ കിഴക്കന്‍ മേഖല അതിരൂക്ഷമായ കുടിവെള്ളക്ഷാമം അനുഭവിക്കുന്നു. ടാങ്കര്‍ലോറിയില്‍ വെള്ളമെത്തിച്ചാണ് ജനങ്ങള്‍ക്ക് കുടിക്കാന്‍ നല്‍കുന്നത്. വെള്ളത്തിനായി പ്രദേശത്തുള്ളവര്‍ പ്രക്ഷോഭത്തിലുമാണ്. ഈ പ്രദേശത്താണ് വന്‍ജലചൂഷണത്തിന് കോണ്‍ഗ്രസ് ഭരിക്കുന്ന കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് അനുമതി നല്‍കിയിരിക്കുന്നത്. പ്രതിപക്ഷ അംഗങ്ങളുടെ എതിര്‍പ്പ് രേഖപ്പെടുത്താതെ ഐകകണ്ഠ്യേന അംഗീകാരം നല്‍കിയതായി മിനുട്ട്സില്‍ പിന്നീട് എഴുതി ചേര്‍ക്കുകയായിരുന്നുവെന്നത് സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. കമ്പനി വെള്ളമൂറ്റുന്നതിനെ ചിറ്റൂര്‍ എംഎല്‍എ സ്വാഗതം ചെയ്യുകയുമാണ്. ജനങ്ങളോട് പ്രതിബദ്ധതയുള്ളവര്‍ക്ക് അംഗീകരിക്കാനാവാത്ത കാര്യമാണ് നടന്നത്. കൊഴിഞ്ഞാമ്പാറയിലെ ജലചൂഷണം ഒറ്റപ്പെട്ട സംഭവമായി കാണാനാവില്ല. മുന്‍ യുഡിഎഫ് ഭരണകാലത്ത് മലമ്പുഴ വെള്ളം വില്‍പ്പന നടത്താന്‍ നീക്കമുണ്ടായി. പ്ലാച്ചിമടയില്‍ കോളക്കമ്പനിക്ക് ജലചൂഷണത്തിന് സൗകര്യമുണ്ടാക്കി. ഒടുവില്‍ ജനങ്ങളുടെ കുടിവെള്ളം മുട്ടിക്കുന്ന രീതിയില്‍ വാട്ടര്‍ അതോറിറ്റി കമ്പനിയാക്കാനുള്ള നീക്കം നടക്കുകയാണ്. അതിന്റെ തുടര്‍ച്ചയാണ് കൊഴിഞ്ഞാമ്പാറയിലെ ജലചൂഷണ അനുമതി. കമ്പനിക്ക് പഞ്ചായത്തില്‍നിന്ന് ലഭിച്ച അനുമതി റദ്ദാക്കുകയും തുടര്‍ന്ന് ഒരു സ്ഥാപനത്തില്‍നിന്നും അനുമതി ലഭിക്കാനാവാത്ത നിലപാട് സ്വീകരിക്കുകയും വേണമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രന്‍ ആവശ്യപ്പെട്ടു.

ലൈസന്‍സ് റദ്ദാക്കണം: പി കെ ബിജു

പാലക്കാട്: കൊഴിഞ്ഞാമ്പാറയിലെ സ്വകാര്യ ശീതള പാനീയ കമ്പനിക്ക് പ്രതിദിനം 10 ലക്ഷം ലിറ്റര്‍ ജലമൂറ്റുന്നതിന് പഞ്ചായത്ത് അധിക്യതര്‍ നല്‍കിയ ലൈസന്‍സ് റദ്ദാക്കണമെന്ന് പി കെ ബിജു എംപി ആവശ്യപ്പെട്ടു. ജില്ലയില്‍ ഭൂഗര്‍ഭ ജലവിനിയോഗത്തിന് കേന്ദ്രം ഏര്‍പ്പെടുത്തിയ നിയന്ത്രണം നിലനില്‍ക്കുന്നതിനിടയിലും, സ്വകാര്യ കമ്പനിക്ക് ലൈസന്‍സ് നല്‍കിയ പഞ്ചായത്തിന്റെ നടപടി അന്വേഷിക്കണം. ഭൂഗര്‍ഭ ജലം കുറഞ്ഞു വരുന്ന ചിറ്റൂര്‍ ബ്ലോക്കിലെ ഈ പ്രദേശത്ത് അയേണ്‍ ഫെറൈറ്റിന്റെ അംശം കണ്ടെത്തിയിട്ടുണ്ട്. സംസ്ഥാനത്ത് ഏറ്റവുമധികം ചൂടുകൂടിയ പ്രദേശത്ത് ജലം ചൂഷണം ചെയ്താല്‍ ഭാവിയില്‍ ഉണ്ടാകാന്‍ പോകുന്നത് മറ്റൊരു പ്ലാച്ചിമട ദുരന്തമാണ്. പഞ്ചായത്ത് അധികൃതരുടെ കുറ്റകരമായ അനാസ്ഥ സമഗ്രാന്വേഷണത്തിന് വിധേയമാക്കണമെന്നു ആവശ്യപ്പെട്ട് പ്രധാന മന്ത്രിക്കും, കേന്ദ്ര പരിസ്ഥിതി മന്ത്രിക്കും, മുഖ്യമന്ത്രിക്കും എം പി ഫാക്സ് സന്ദേശം അയച്ചു.

deshabhimani 070413

No comments:

Post a Comment