Sunday, April 7, 2013
മോഡിയുടെ മോഹത്തിന് ഭീഷണിയായി അദ്വാനി
അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പ് നേരിടേണ്ടത് ആരുടെ നേതൃത്വത്തിലാകണമെന്ന വിഷയത്തില്‍ ബിജെപിക്കുള്ളിലെ തര്‍ക്കം പുതിയ വഴിത്തിരിവിലേക്ക്. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിക്കുപകരം പഴയ പടക്കുതിര എല്‍ കെ അദ്വാനിയുടെ നേതൃത്വമാണ് വേണ്ടതെന്ന അഭിപ്രായം ബിജെപിയുടെ സ്ഥാപക ദിനാചരണത്തില്‍ ഉയര്‍ന്നുവന്നു. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിനിറങ്ങേണ്ടത് അദ്വാനിയുടെ നേതൃത്വത്തിലാകണമെന്ന് മുതിര്‍ന്ന നേതാവും ഡല്‍ഹി സംസ്ഥാന അധ്യക്ഷനുമായ വിജയ് ഗോയലാണ് ആവശ്യപ്പെട്ടത്. ദേശീയ അധ്യക്ഷന്‍ രാജ്നാഥ്സിങ്ങും അദ്വാനിയും വേദിയിലിരിക്കുമ്പോഴാണ് ഗോയല്‍ ഇക്കാര്യം ആവശ്യപ്പെട്ടത്.
മോഡിയെ നേതൃത്വത്തിലേക്ക് കൊണ്ടുവരുന്നതില്‍ പ്രമുഖ നേതാക്കള്‍ക്കിടയിലുള്ള തര്‍ക്കം ദിവസേന ശക്തമാവുകയാണ്. വാജ്പേയിയും അദ്വാനിയുമാണ് ബിജെപിയെ തുടക്കംമുതല്‍ നയിച്ചതെന്ന് വിജയ് ഗോയല്‍ പറഞ്ഞു. വാജ്പേയി ഇപ്പോള്‍ ആരോഗ്യവാനല്ല. ഈ സാഹചര്യത്തില്‍ അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിന് അദ്വാനി നേതൃത്വം നല്‍കും. തുടര്‍ന്ന് അധികാരത്തില്‍ എത്തുന്ന സര്‍ക്കാരിനെ അദ്വാനി നയിക്കും- വിജയ് ഗോയല്‍ പറഞ്ഞു. ഗോയലിനെ എതിര്‍ക്കാന്‍ ബിജെപിയുടെ പ്രമുഖ നേതാക്കളാരും മുന്നോട്ട് വന്നിട്ടില്ല. തീവ്രഹിന്ദുത്വം ഉയര്‍ത്തി തെരഞ്ഞെടുപ്പിന് ഇറങ്ങാനുള്ള പദ്ധതിയുടെ ഭാഗമായി നരേന്ദ്രമോഡിയെ ബിജെപിയുടെ ഉന്നത സമിതിയായ പാര്‍ലമെന്ററി ബോര്‍ഡില്‍ തിരിച്ചെടുത്തിരുന്നു. ഇതോടെ മോഡി ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാകുമെന്ന പ്രചാരണം ശക്തിപ്പെട്ടു. മോഡിയെ പാര്‍ലമെന്ററി ബോര്‍ഡില്‍നിന്ന് മാറ്റിനിര്‍ത്താന്‍ അദ്വാനി, ലോക്സഭാ പ്രതിപക്ഷ നേതാവ് സുഷമ സ്വരാജ് എന്നിവര്‍ നടത്തിയ ശ്രമം പരാജയപ്പെട്ടു. തന്റെ ഉറ്റ അനുചരനും സൊഹ്റാബുദ്ദീന്‍ ഷേഖ് വ്യാജ ഏറ്റുമുട്ടല്‍ കൊലക്കേസ് പ്രതിയുമായ അമിത്ഷായെ നിര്‍ണായക സ്ഥാനമായ ജന. സെക്രട്ടറി പദത്തിലെത്തിക്കാനും മോഡിക്ക് കഴിഞ്ഞു. ഇതോടെ അദ്വാനി അടക്കമുള്ള വിരുദ്ധവിഭാഗം പത്തിമടക്കിയെന്ന പ്രതീക്ഷയിലായിരുന്നു മോഡിയുടെ ചേരി.
എന്നാല്‍, പാര്‍ടിയില്‍ താന്‍ അനിഷേധ്യനാണെന്ന് തെളിയിക്കാന്‍ സ്ഥാപക ദിനംതന്നെ അദ്വാനി തെരഞ്ഞെടുത്തു. ബിജെപിക്ക് അടിത്തറയിട്ടത് രാമക്ഷേത്ര നിര്‍മാണം ലക്ഷ്യമിട്ടുള്ള പ്രക്ഷോഭമാണെന്നു വ്യക്തമാക്കിയ അദ്വാനി തനിക്ക് അതില്‍ നിര്‍ണായക പങ്കുണ്ടെന്ന് വ്യക്തമാക്കുകയുംചെയ്തു. മോഡിയോട് എതിരിടാന്‍ ഉചിതമായ ആയുധം തീവ്രഹിന്ദുത്വമാണെന്ന കണക്കുകൂട്ടലോടെയാണ് അദ്വാനി പ്രസംഗിച്ചത്. ഹിന്ദുത്വനിലപാടില്‍ മയം വരുത്തിയെന്ന് ആരോപിച്ചാണ് ആര്‍എസ്എസ് അദ്വാനിയുമായി ബന്ധം വിഛേദിച്ചത്. പാകിസ്ഥാന്‍ സന്ദര്‍ശനവേളയില്‍ മുഹമ്മദ് അലി ജിന്നയെ പ്രശംസിച്ച് അദ്വാനി നടത്തിയ പ്രസംഗമാണ് ഭിന്നതയ്ക്ക് തുടക്കമിട്ടത്. ഈ ഭിന്നത മറികടക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ അദ്വാനി നടത്തുന്നത്. മോഡിയുടെ പ്രവര്‍ത്തന ശൈലിയോട് സംഘപരിവാറിലുള്ള വിയോജിപ്പ് മുതലെടുക്കാന്‍ ഇതുവഴി സാധിക്കുമെന്നാണ് ബിജെപിയുടെ ഏറ്റവും മുതിര്‍ന്ന നേതാവിന്റെ കണക്കുകൂട്ടല്‍. മോഡിയുടെ ഏകാധിപത്യശൈലി തങ്ങള്‍ക്ക് ദോഷംചെയ്യുമെന്ന ഭയം ആര്‍എസ്എസില്‍ ശക്തമാണ്. മോഡിക്കുവേണ്ടി പരസ്യമായി രംഗത്തിറങ്ങിയ തങ്ങളുടെ മുഖപത്രങ്ങളുടെ എഡിറ്റര്‍മാരെ ആര്‍എസ്എസ് നീക്കംചെയ്തു. "പാഞ്ചജന്യ"ത്തിന്റെ എഡിറ്റര്‍ ബല്‍ദേവ് ശര്‍മ, ഇംഗ്ലീഷ് മുഖപത്രം "ഓര്‍ഗനൈസറി"ന്റെ എഡിറ്റര്‍ ആര്‍ ബാലശങ്കര്‍ എന്നിവരെയാണ് നീക്കിയത്.
(പി വി അഭിജിത്)
deshabhimani 070413
Labels:
ബിജെപി,
വാര്‍ത്ത,
സംഘപരിവാര്‍
Subscribe to:
Post Comments (Atom)
No comments:
Post a Comment