കണ്ണവം വനാതിര്ത്തിയിലെ കണ്ടിവാതുക്കല് കുറിച്യ കോളനിയില് താമസിക്കുന്ന ചെറിയചന്തുവിനെയാണ് നമ്പ്യാര് തോക്ക് വാങ്ങാനായി സമീപിച്ചത്. വര്ഷങ്ങളായി ലൈസന്സുള്ള ചന്തുവിന്റെ തോക്കിന് 30,000 രൂപ വില പറഞ്ഞതായും എന്നാല് തോക്ക് വില്ക്കാന് അദ്ദേഹം തയ്യാറായില്ലെന്നും ഡ്രൈവറായ എന് പി അശോകന് വാര്ത്താലേഖകരോട് പറഞ്ഞു. വളയത്ത് തോക്ക് ലൈസന്സുള്ള നടുക്കണ്ടിയില് ഗംഗാധരനെ ഒരുമാസം മുമ്പ് സമീപിച്ച് തിരകള്് ആവശ്യപ്പെട്ടിരുന്നു. കുഞ്ഞികൃഷ്ണന് നമ്പ്യാരുടെ അച്ഛന് നേരത്തെ ലൈസന്സുള്ള തോക്ക് ഉണ്ടായിരുന്നു. ഇതിനാല് നമ്പ്യാരുടെ നീക്കങ്ങളില് നാട്ടുകാര്ക്ക് സംശയമുണ്ടായില്ല. ഇക്കഴിഞ്ഞ മൂന്നിനാണ് എയര്ഗണ്ണും വാളുമായി കുഞ്ഞികൃഷ്ണന് നമ്പ്യാരെ പിണറായിയുടെ വീടിന് സമീപത്തുനിന്നും പൊലീസ് അറസ്റ്റ് ചെയ്തത്. തലേദിവസം പകല് പന്ത്രണ്ടോടെ വളയത്ത്നിന്നും ഓട്ടോ വിളിച്ച് ചെക്യാട് പുളിയാവ് റോഡിലെ ബാലകൃഷ്ണന്റെ കൊല്ലക്കടയില് പോയതായി ഓട്ടോ ഡ്രൈവര് വേങ്ങരോട്ട് ബിനുവും വെളിപ്പെടുത്തി.
വാളിന് മൂര്ച്ച കൂട്ടാനും തോക്കിന്റെ വീര്യംകൂട്ടാനുമാണ് പുളിയാവിലെ കൊല്ലപ്പുരയില് നമ്പ്യാര് എത്തിയതെന്നാണ് അനുമാനം. മാര്ച്ച് 29-നാണ് വടകരയിലെ ആലക്കല് റസിഡന്സിയില് കുഞ്ഞികൃഷ്ണന് നമ്പ്യാര് മുറി വാടകക്കെടുത്തത്. തോക്കും ആയുധങ്ങളും ഇവിടെ എത്തിച്ചാണ് പിണറായിയിലേക്ക് പുറപ്പെട്ടത്. ലോഡ്ജ് മുറിയുടെ പരിസരത്തുനിന്ന് കവുങ്ങ് തടി ചെത്തി അലക് ഉണ്ടാക്കിയതിന്റെ അവശിഷ്ടങ്ങള് ലഭിച്ചതായി മാനേജര് പൊലീസിന് മൊഴി നല്കിയിട്ടുണ്ട്. നാല് ദിവസത്തോളം പ്രതി തങ്ങിയ വടകരയിലെ ലോഡ്ജ് കേന്ദ്രീകരിച്ച് ഗൂഢാലോചന നടന്നുവെന്നതിനെക്കുറിച്ചും പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ബുധനാഴ്ച തെളിവെടുപ്പിനായി നമ്പ്യാരെ ലോഡ്ജിലെത്തിച്ചെങ്കിലും താമസിച്ച 110-ാം നമ്പര് മുറി പൊലീസ് തുറന്ന് പരിശോധിച്ചിട്ടില്ല. കോഴിക്കോട്ട് തോക്ക് വാങ്ങിയ കടയിലും വളയത്തെ വീട്ടിലും നമ്പ്യാരെ എത്തിച്ച് തെളിവെടുത്തു.
തോക്കുകടയിലെ സെയില്സ്മാന് പ്രതിയെ തിരിച്ചറിഞ്ഞു
കോഴിക്കോട്/വടകര: സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ വീടിനു സമീപം തോക്കും കത്തിയുമായി പിടിയിലായ വളയം സ്വദേശി കുഞ്ഞികൃഷ്ണന് നമ്പ്യാരെ വടകരയിലെ ലോഡ്ജിലും തോക്ക് വാങ്ങിയ കോഴിക്കോട്ടെ കടയിലും വളയത്തെ വീട്ടിലുമെത്തിച്ച് ക്രൈംബ്രാഞ്ച് സംഘം തെളിവെടുത്തു. കോഴിക്കോട്ട് ഇയാള് തോക്ക് വാങ്ങിയ വൈഎംസിഎ ക്രോസ് റോഡിലെ മാസ് എയര് റൈഫിള്സ് എന്ന കടയിലാണ് ക്രൈംബ്രാഞ്ച് സംഘം തെളിവെടുപ്പ് നടത്തിയത്. കുഞ്ഞികൃഷ്ണന് നമ്പ്യാരെ കടയിലെ സെയില്സ്മാന് തിരിച്ചറിഞ്ഞു. ഈ കടയില്നിന്നാണ് തോക്ക് വാങ്ങിയതെന്ന് ഇയാളും സമ്മതിച്ചു. 8000 രൂപയില് കൂടുതല് വിലയുള്ള തോക്കാണ് കുഞ്ഞികൃഷ്ണന് കടയില്നിന്ന് വാങ്ങിയതെന്ന് അന്വേഷണസംഘം പറഞ്ഞു. കടയില് രണ്ടുതവണ പരിശോധന നടത്തിയ സംഘം ബില്കോപ്പി അന്വേഷണത്തിന്റെ ഭാഗമായി കസ്റ്റഡിയിലെടുത്തു. തോക്ക് വാങ്ങാനെത്തിയപ്പോള് ഇയാള്ക്ക് മാനസികാസ്വാസ്ഥ്യം ഉള്ളതായി തോന്നിയില്ലെന്ന് സെയില്സ്മാന് പറഞ്ഞതായും അന്വേഷണ സംഘം പറഞ്ഞു.
ബുധനാഴ്ച പകല് പതിനൊന്നരയോടെയാണ് വടകര പുതിയ ബസ്സ്റ്റാന്ഡ് പരിസരത്തെ ആലക്കല് റസിഡന്സിയില് എത്തിയത്. താമസിച്ച 110-ാം നമ്പര് മുറി പൊലീസിന് കാണിച്ചുകൊടുത്തു. 29നാണ് താന് മുറിയെടുത്തതെന്നും തനിച്ചാണ് ഇവിടെ താമസിച്ചതെന്നും അന്വേഷണ സംഘത്തോട് ഇയാള് പറഞ്ഞു. ലോഡ്ജ് മാനേജര് രവീന്ദ്രനില്നിന്നും ഉടമയില്നിന്നും അന്വേഷണസംഘം വിവരങ്ങള് ആരാഞ്ഞു. 29ന് മുറിയെടുത്ത നമ്പ്യാര് ഇതുവരെ മുറി ഒഴിഞ്ഞിരുന്നില്ലെന്നും പിണറായിക്കെതിരെ വധോദ്യമം വാര്ത്തയായതിനെ തുടര്ന്ന് ഒരു താക്കോല് വടകര എസ്ഐയുടെ കൈയിലാണെന്നും മാനേജര് പറഞ്ഞു. വൈകിട്ട് അഞ്ചോടെയാണ് കുഞ്ഞികൃഷ്ണന് നമ്പ്യാരെ വീട്ടിലെത്തിച്ചത്. ഈ സമയത്ത് ഇളയ മകന് പ്രകാശന് മാത്രമായിരുന്നു വീട്ടില്. പ്രതിയുടെ സാന്നിധ്യത്തില് അന്വേഷണസംഘം അലമാരയും കിടപ്പുമുറിയും പരിശോധിച്ചു. ക്രൈംബ്രാഞ്ച് എസ്പി ബി അശോകന്റെ നേതൃത്വത്തിലാണ് പ്രതിയെ തെളിവെടുപ്പിനായി കൊണ്ടുവന്നത്.
No comments:
Post a Comment