Thursday, April 11, 2013
ഇന്ദിരയുടെ ആണവവിദ്യാ വാഗ്ദാനം ഭൂട്ടോ നിരാകരിച്ചു
1974ലെ പൊഖ്റാന്‍ ആണവപരീക്ഷണത്തിനു ശേഷം ഇന്ത്യയുടെ ആണവസാങ്കേതികവിദ്യാ വാഗ്ദാനം പാകിസ്ഥാന്‍ തള്ളിയത് വിക്കിലീക്സിലൂടെ പുറത്ത്. അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി പാക് പ്രധാനമന്ത്രി സുല്‍ഫിക്കര്‍ അലി ഭൂട്ടോക്ക് അയച്ച കത്തിലാണ് സഹായവാഗ്ദാനം നല്‍കിയത്. രാജ്യത്തിന്റെ ആണവസാങ്കേതികവിദ്യ പാകിസ്ഥാന് കൈമാറാന്‍ തയ്യാറാണെന്ന് ഭൂട്ടോയെ താന്‍ അറിയിച്ചിട്ടുണ്ടെന്ന് 1974 ജൂലൈ 22നു പാര്‍ലമെന്റില്‍ നടത്തിയ പ്രസ്താവനയില്‍ ഇന്ദിരാഗാന്ധി വ്യക്തമാക്കിയിരുന്നു. മറ്റു രാജ്യങ്ങളുമായി ഇതു പങ്കുവയ്ക്കാന്‍ താല്‍പ്പര്യമുള്ള അതേരീതിയില്‍ പാകിസ്ഥാനുമായും പങ്കുവയ്ക്കാമെന്നാണ് ഇന്ദിര അറിയിച്ചത്.
പാകിസ്ഥാനെ ലക്ഷ്യമിട്ടല്ല ഇന്ത്യ ആണവപരീക്ഷണം നടത്തിയതെന്ന ഇന്ദിരയുടെ പ്രഖ്യാപനത്തില്‍ ഭൂട്ടോ അവിശ്വാസം പ്രകടിപ്പിച്ചിരുന്നു. ഇതു മാറ്റുന്നതിനും ആണവോര്‍ജം സമാധാനപരമായ ആവശ്യങ്ങള്‍ക്ക് മാത്രം ഉപയോഗിക്കുകയാണ് ലക്ഷ്യമെന്ന്ബോധ്യപ്പെടുത്തുന്നതിനുമാണ് ഇന്ദിര ഭൂട്ടോക്ക് കത്തയച്ചത്. ആണവപരീക്ഷണത്തിനു ശേഷം അന്താരാഷ്ട്ര ആണവസംവിധാനത്തിന്റെ ഭാഗമാകാമെന്ന ഉറച്ച വിശ്വാസവും ഇന്ദിരയ്ക്കുണ്ടായിരുന്നു. എന്നാല്‍, ഇതു പാളുകയും ശക്തമായ സാങ്കേതിക നിരാകരണവിലക്കിന് ഇന്ത്യ വിധേയമാകുകയും ചെയ്തു. പൊഖ്റാനില്‍ ഇന്ത്യ ആണവപരീക്ഷണത്തിന് തയ്യാറെടുക്കുകയാണെന്ന സൂചന അമേരിക്കയ്ക്ക് വ്യക്തമായി ലഭിച്ചിരുന്നെന്നും വിക്കിലീക്സ് ചോര്‍ത്തിയ അമേരിക്കന്‍ നയതന്ത്ര സന്ദേശങ്ങള്‍ വെളിപ്പെടുത്തുന്നു.
യുഎസ് ആണവോര്‍ജ കമീഷനിലെ ഒരു ശാസ്ത്രപ്രതിനിധി ഇതുസംബന്ധിച്ച സൂചനകള്‍ നല്‍കിയിട്ടുണ്ടെന്ന് എംബസി സന്ദേശത്തില്‍ പറയുന്നു. സര്‍ക്കാരിന്റെ മോശം പ്രതിച്ഛായ നീക്കുന്നതിന് ഇത്തരമൊരു നടപടിക്ക് ഇന്ദിരാഗാന്ധി മുതിര്‍ന്നേക്കുമെന്ന് ഒരു മുതിര്‍ന്ന യുഎസ് പ്രതിനിധിയും അഭിപ്രായപ്പെട്ടിരുന്നു. യുഎസ് ആണവോര്‍ജ കമീഷന്‍ പ്രതിനിധി ജോണ്‍ പിനാജിയാന്റെ നിരീക്ഷണങ്ങളെ ആധാരമാക്കിയായിരുന്നു കോണ്‍സുലേറ്റ് സന്ദേശം. ആണവപരീക്ഷണം വിജയകരമായി നടത്താനുള്ള ശേഷി ഇന്ത്യ ആര്‍ജിച്ചതായി പിനാജിയാന്‍ യുഎസ് നയതന്ത്രപ്രതിനിധികളെ അറിയിച്ചിരുന്നു.
deshabhimani 110413
Labels:
വാര്‍ത്ത,
വിക്കിലീക്ക്സ്
Subscribe to:
Post Comments (Atom)

No comments:
Post a Comment