Thursday, April 11, 2013

ടൈറ്റ്ലര്‍ക്കെതിരെ അന്വേഷണം തുടരണം


 ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടശേഷം ഡല്‍ഹിയില്‍ സിഖുകാരെ കൂട്ടത്തോടെ കൊലപ്പെടുത്താന്‍ നേതൃത്വം നല്‍കിയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജഗദീഷ് ടൈറ്റ്ലറെ സംരക്ഷിക്കാന്‍ സിബിഐ നടത്തിയ ശ്രമം കോടതിയില്‍ പാളി. ടൈറ്റ്ലര്‍ക്കെതിരെ തെളിവില്ലെന്ന വാദത്തോടെ അന്വേഷണ നടപടികള്‍ അവസാനിപ്പിച്ച് സിബിഐ സമര്‍പ്പിച്ച റിപ്പോര്‍ട്ട് സ്വീകരിച്ചുകൊണ്ടുള്ള മജിസ്ട്രേട്ട് കോടതി ഉത്തരവ് അഡീഷണല്‍ സെഷന്‍സ് കോടതി തള്ളി. കൂട്ടക്കൊലയ്ക്ക് ടൈറ്റ്ലര്‍ നേതൃത്വം നല്‍കുന്നതിന് ദൃക്സാക്ഷികളായവരുടെയും സംഭവത്തെക്കുറിച്ച് അറിയാമെന്ന് അവകാശപ്പെടുന്നവരുടെയും മൊഴി വീണ്ടുമെടുക്കാനും അന്വേഷണം തുടരാനും കോടതി സിബിഐക്ക് നിര്‍ദേശം നല്‍കി.

അപ്പീലുമായി സിബിഐ ഹൈക്കോടതിയെ സമീപിക്കുമെന്നാണ് സൂചന. ടൈറ്റ്ലറെ സംരക്ഷിക്കുന്ന നിലപാടാണ് സിബിഐ തുടക്കം മുതല്‍ സ്വീകരിച്ചതെന്ന ആക്ഷേപം ശരിവയ്ക്കുന്നതാണ് അഡീഷണല്‍ സെഷന്‍സ് കോടതി ഉത്തരവ്. ഈ വര്‍ഷം അവസാനം ഡല്‍ഹിയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ടൈറ്റ്ലര്‍ക്കെതിരായ വിധി കോണ്‍ഗ്രസിന് തിരിച്ചടിയാകും. അന്വേഷണം അവസാനിപ്പിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ച സിബിഐ നടപടി ചോദ്യംചെയ്ത് കലാപബാധിതര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് അഡീഷണല്‍ സെഷന്‍സ് ജഡ്ജി അനുരാധ ശുക്ല ഭരദ്വാജ് ഉത്തരവിട്ടത്.

കലാപത്തില്‍ ടൈറ്റ്ലറുടെ പങ്കിന് വ്യക്തമായ തെളിവുകളുണ്ടായിട്ടും സിബിഐ അവഗണിച്ചെന്ന് ഹര്‍ജിക്കാരന്‍ വാദിച്ചു. പല സുപ്രധാന സാക്ഷികളുടെയും മൊഴിയെടുക്കാന്‍ സിബിഐ തയ്യാറായില്ലെന്ന് ഹര്‍ജിക്കാരിയായ ലഖ്വീന്ദര്‍കൗറിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ എച്ച് എസ് ഫൂല്‍ക്ക കോടതിയില്‍ പറഞ്ഞു. ടൈറ്റ്ലറുടെ ഡ്രൈവറുടെ മൊഴിയെടുക്കാന്‍ സിബിഐക്ക് താല്‍പ്പര്യമുണ്ടായിരുന്നു. എന്നാല്‍, കലാപം അരങ്ങേറിയ സ്ഥലങ്ങളില്‍ അക്രമപ്രവര്‍ത്തനങ്ങള്‍ക്ക് ടൈറ്റ്ലര്‍ നേരിട്ട് നേതൃത്വം നല്‍കുന്നത് കണ്ട ഒട്ടനവധിപേരെ സിബിഐ അവഗണിച്ചു. ടൈറ്റ്ലര്‍ നിര്‍ദേശിക്കുന്നതു പ്രകാരമായിരുന്നു സിബിഐയുടെ അന്വേഷണമെന്നും ഫൂല്‍ക്ക ചൂണ്ടിക്കാട്ടി.

സിഖ്വിരുദ്ധ കലാപവേളയില്‍ വടക്കന്‍ ഡല്‍ഹിയിലെ പുല്‍ബന്‍ഗഷ് ഗുരുദ്വാരയില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടിരുന്നു. 1984 നവംബര്‍ ഒന്നിനായിരുന്നു സംഭവം. ടൈറ്റ്ലറുടെ നേതൃത്വത്തിലാണ് കൊലപാതകങ്ങള്‍ അരങ്ങേറിയതെന്ന് ഹര്‍ജിക്കാരന്‍ വാദിക്കുന്നു. എന്നാല്‍, സംഭവസമയത്ത് ടൈറ്റ്ലര്‍ ഇവിടെ ഉണ്ടായിരുന്നില്ലെന്ന് അന്വേഷണത്തില്‍ വ്യക്തമായതായി സിബിഐ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ സമയത്ത് ടൈറ്റ്ലര്‍ ഇന്ദിരയുടെ വസതിയായ തീന്‍മൂര്‍ത്തി ഭവനിലായിരുന്നുവെന്ന് സിബിഐ വാദിക്കുന്നു.

പുല്‍ബന്‍ഷ് ഗുരുദ്വാരയില്‍ മൂന്നുപേര്‍മാത്രം കൊല്ലപ്പെട്ടതില്‍ ടൈറ്റ്ലര്‍ തന്റെ അനുയായികളെ ശാസിക്കുന്നതും മറ്റും കണ്ടുവെന്ന് ദൃക്സാക്ഷി മൊഴികളുണ്ട്. എന്നാല്‍,ഇതെല്ലാം സിബിഐ അവഗണിക്കുകയായിരുന്നു. ടൈറ്റ്ലര്‍ക്കെതിരായ അന്വേഷണം അവസാനിപ്പിച്ച് സിബിഐ നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിരുന്നെങ്കിലും 2007 ഡിസംബറില്‍ ഒരു ഡല്‍ഹി കോടതി ഇത് തള്ളി. പുനരന്വേഷണത്തിലും തെളിവില്ലെന്നു കാട്ടിയാണ് സിബിഐ വീണ്ടും അന്വേഷണം അവസാനിപ്പിച്ച് റിപ്പോര്‍ട്ട് നല്‍കിയത്. 2010 ഏപ്രിലില്‍ മജിസ്ട്രേട്ട് കോടതി റിപ്പോര്‍ട്ട് സ്വീകരിച്ചു. ഇതിനെതിരായ അപ്പീലാണ് ഇപ്പോള്‍ അഡീഷണല്‍ സെഷന്‍സ് കോടതി അംഗീകരിച്ചിരിക്കുന്നത്.
(എം പ്രശാന്ത്)

deshabhimani 110413

No comments:

Post a Comment