Tuesday, April 9, 2013

ശാസ്താംകോട്ട തടാകത്തിന്റെ ശോച്യാവസ്ഥ മലയാളനാടിന്റെ ദുഃഖം: സുഗതകുമാരി


തടാകസംരക്ഷണ പ്രതിജ്ഞയായി ജനകീയ കണ്‍വന്‍ഷന്‍

ശാസ്താംകോട്ട: കേരളത്തിന്റെ അക്ഷയഖനിയായ ശാസ്താംകോട്ട ശുദ്ധജലതടാകത്തിന്റെ രക്ഷയ്ക്കായി സിപിഐ എം സംഘടിപ്പിച്ച ജനകീയ കണ്‍വന്‍ഷന്‍ ബഹുജനപങ്കാളിത്തത്താല്‍ ശ്രദ്ധേയമായി. തടാകസംരക്ഷണമെന്ന ആശയത്തിന്റെ ഹരിതപതാകയ്ക്കു കീഴില്‍ കക്ഷിരാഷ്ട്രീയഭേദമെന്യേ എല്ലാവരും ഒത്തുചേര്‍ന്നത് ശാസ്താംകോട്ടയ്ക്ക് പുത്തന്‍ ഉണര്‍വേകി. സിപിഐ എം കുന്നത്തൂര്‍ ഏരിയകമ്മിറ്റിയാണ് ജനകീയ കണ്‍വന്‍ഷനു വേദി ഒരുക്കിയത്. കവയിത്രി സുഗതകുമാരിയെ ഈ ജനകീയ കൂട്ടായ്മയുടെ അധ്യക്ഷയായി പ്രഖ്യാപിച്ചപ്പോള്‍ സദസ്സ് ഒന്നടങ്കം ഹര്‍ഷാരവത്തോടെ എതിരേറ്റു. ശാസ്താംകോട്ട തടാകക്കരയുടെ വടക്കുഭാഗത്ത് ജലഅതോറിറ്റിയുടെ ക്വാര്‍ട്ടേഴ്സിനും ബിഎസ്എന്‍എല്‍ ഓഫീസിനും സമീപം ചവറ-അടൂര്‍ പാതയോരത്താണ് വേദി ഒരുക്കിയത്. പരിസ്ഥിതിയുടെ പര്യായം സുഗതകുമാരിയും മണ്ണിനും നാടിനുവേണ്ടി പോരാടുന്ന എം എ ബേബിയും കവി കുരീപ്പുഴ ശ്രീകുമാറും ആയിരുന്നു മുഖ്യാതിഥികള്‍. സിപിഐ എം കുന്നത്തൂര്‍ ഏരിയസെക്രട്ടറി പി കെ ഗോപന്‍ സ്വാഗതം പറഞ്ഞു.

ഉദ്ഘാടനച്ചടങ്ങും വ്യത്യസ്തമായിരുന്നു. തടാകക്കരയില്‍ താമസിക്കുന്ന ഒരു ആദിവാസികുടുംബത്തിലെ ഇളംതലമുറയിലെ ജ്യോതിലക്ഷ്മിക്ക് കുടിനീരുനല്‍കിയാണ് കവയിത്രി സുഗതകുമാരി ചടങ്ങ് ഉദ്ഘാടനംചെയ്തത്. ഒരു കുടംവെള്ളം ജ്യോതിക്ക് കവയിത്രി കൈമാറി. നാളെയുടെ കൈമുതലാണ് ശുദ്ധജലതടാകമെന്നും ഇന്നത്തെ തലമുറപോലെ നാളേക്കും ജലസ്രോതസ്സും കുടിനീരും അമൃതാണെന്ന സന്ദേശം ഉദ്ഘാടനത്തിലൂടെ പകര്‍ന്നുനല്‍കി.

സിപിഐ എം ജില്ലാസെക്രട്ടറി കെ രാജഗോപാല്‍, ബിജെപി സംസ്ഥാന വൈസ്പ്രസിഡന്റ് പ്രതാപചന്ദ്രവര്‍മ, സൈനുദീന്‍ പട്ടാഴി, സിപിഐ എം ജില്ലാസെക്രട്ടറിയറ്റ് അംഗം കെ സോമപ്രസാദ്, ജനതാദള്‍ എസ് സംസ്ഥാന ജനറല്‍സെക്രട്ടറി സി കെ ഗോപി, പറമ്പില്‍ സുബേര്‍ (മുസ്ലിംലീഗ്), കേരള കോണ്‍ഗ്രസ് മാണിവിഭാഗം സംസ്ഥാന ജനറല്‍സെക്രട്ടറി വഴുതാനത്ത് ബാലചന്ദ്രന്‍, ബിജെപി നിയോജകമണ്ഡലം പ്രസിഡന്റ് വി എസ് വിജയന്‍, തടാകസംരക്ഷണ ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ എസ് ബാബുജി, ഹരിക്കുട്ടനുണ്ണിത്താന്‍, സിഎംപി സംസ്ഥാനകമ്മിറ്റി അഗം ആര്‍ പ്രസന്നകുമാര്‍, കുറ്റിയില്‍ ശ്യാം, പിഡിപി നേതാവ് യു കെ അബ്ദുല്‍റഷീദ് മൗലവി, ഫാ. എബ്രഹാം തലോത്തില്‍, പരിസ്ഥിതി പ്രവര്‍ത്തകരായ ശ്രീധരന്‍, ഉഷ, ഡോ. ജി സുമിത്രന്‍, പ്രൊഫ. എം കരുണാകരന്‍, ടി ആര്‍ ശങ്കരപ്പിള്ള, കെ കെ രവികുമാര്‍, എന്‍ യശ്പാല്‍, ആര്‍ കൃഷ്ണകുമാര്‍ എന്നിവര്‍ സംസാരിച്ചു.

ശാസ്താംകോട്ട തടാകത്തിന്റെ ശോച്യാവസ്ഥ മലയാളനാടിന്റെ ദുഃഖം: സുഗതകുമാരി

ശാസ്താംകോട്ട: ജലസ്രോതസ്സായ ശാസ്താംകോട്ട ശുദ്ധജലതടാകത്തിന്റെ ഇന്നത്തെ അവസ്ഥ മലയാളനാടിന്റെ ദുഃഖമാണെന്ന് കവയിത്രി സുഗതകുമാരി പറഞ്ഞു. സിപിഐ എം കുന്നത്തൂര്‍ ഏരിയകമ്മിറ്റി സംഘടിപ്പിച്ച ശാസ്താംകോട്ട തടാകസംരക്ഷണ ജനകീയ കണ്‍വന്‍ഷന്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു അവര്‍.

നമ്മുടെ മണ്ണും പുഴയും തോടും പച്ചപ്പും അങ്ങനെയെല്ലാം തിരിച്ചുപിടിക്കാന്‍ നമുക്കാകണം. പടിഞ്ഞാറെ കല്ലടയിലെയും സമീപപ്രദേശങ്ങളിലെയും കുന്നുകളും പാടങ്ങളും ഉറവകളും എല്ലാ നശിച്ചത് തടാകത്തിന്റെ നിലനില്‍പ്പിനെയും ബാധിച്ചിട്ടുണ്ട്. ഇരുപതുവര്‍ഷംമുമ്പ് ഇവിടെ പരിസ്ഥിതിക്യാമ്പില്‍ പങ്കെടുത്ത്ശാസ്താംകോട്ട തടാകം മരിക്കുന്നുവെന്ന് മുന്നറിയിപ്പു നല്‍കിയിരുന്നു. അന്ന് അതാരും ചെവിക്കൊണ്ടില്ല. ഇന്ന് അത് യാഥാര്‍ഥ്യമായി. വൈകിയാണെങ്കിലും തടാകസംരക്ഷണത്തിന് ജനങ്ങള്‍ സംഘടിക്കുന്നതും അതിന് രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ നേതൃത്വം നല്‍കുന്നതും നല്ലതാണ്.

മണ്ണ്-പാറ ലോബികളും ഭൂ-മദ്യമാഫിയകളും പ്രകൃതിയെ തകര്‍ക്കുന്നു. ഇവരുടെ പണത്തോടുള്ള ആര്‍ത്തിമൂലം ഇല്ലാതാകുന്നത് ഭൂമിയുടെ ഉറവകളാണ്. സന്തുലിതാവസ്ഥകളും ഇല്ലാതാകുന്നു. സാക്ഷരത ഉണ്ടെന്ന് അഹങ്കരിക്കുന്ന മലയാളി മണ്ണിനെ സംരക്ഷിക്കുന്നില്ല. നിയമലംഘകരെ ശിക്ഷിക്കാന്‍ കഴിയാത്തത് നമ്മുടെ ദുരവസ്ഥയാണ്. നിയമം നടപ്പാക്കാന്‍ കഴിയുന്നില്ല. മണ്ണില്‍ കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ നിയമങ്ങള്‍ ലംഘിച്ച് പടുത്തുയര്‍ത്തുകയാണ്. കേരളത്തില്‍ 11ലക്ഷത്തോളം കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ ആള്‍പ്പാര്‍പ്പില്ലാതെ കിടക്കുന്നു. എന്നിട്ടും വയലുകള്‍ നികത്തി കെട്ടിടങ്ങള്‍ നിര്‍മിക്കുകയാണ്. ശാസ്താംകോട്ട തടാകത്തെ സംരക്ഷിക്കാന്‍ ഇടതു-വലതും മുന്നണികളും മറ്റു കക്ഷികളും ഒന്നിക്കണമെന്നും ജനങ്ങള്‍ ഒറ്റക്കെട്ടായി മുന്നോട്ടുവരണമെന്നും സുഗതകുമാരി പറഞ്ഞു. തടാക സംരക്ഷണസമിതിയുടെ അധ്യക്ഷസ്ഥാനം ഏറ്റെടുക്കുന്നതായും അവര്‍ പ്രഖ്യാപിച്ചു. സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം എം എ ബേബി അധ്യക്ഷനായി.

സംരക്ഷണപ്രവര്‍ത്തനം ഭാവിക്കുവേണ്ടിയുള്ള ക്രിയാത്മക ഇടപെടല്‍: എം എ ബേബി

ശാസ്താംകോട്ട: ശാസ്താംകോട്ട തടാകസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നാളേക്കുവേണ്ടിയുള്ള ക്രിയാത്മകമായ ഇടപെടലാണെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം എം എ ബേബി പറഞ്ഞു. തടാകസംരക്ഷണ ജനകീയ കണ്‍വന്‍ഷനില്‍ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.

തണ്ണീര്‍തടങ്ങളും വയലുകളും തകര്‍ത്ത് വിമാനത്താവളങ്ങള്‍ നിര്‍മിക്കുന്നതിനെ എതിര്‍ക്കേണ്ടതാണ്. പരിസ്ഥിതി സംരക്ഷിച്ചുകൊണ്ടുള്ള വികസനപ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കും. മലയാളിയുടെ ജീവിതശൈലിയില്‍ മാറ്റംവരുത്തുകയും പ്രകൃതിയോടു കാണിക്കുന്ന തെറ്റുകള്‍ തിരുത്താനും കഴിയണം. ഗാന്ധിജിയുടെയും കാള്‍മാര്‍ക്സിന്റെയും മണ്ണിനെയും പ്രകൃതിയെയും കുറിച്ചുള്ള ആശയങ്ങളെ കാലോചിതമായി പ്രയോഗിക്കാന്‍ നമുക്കാകണം. മനുഷ്യന്റെ ആവശ്യത്തിനു പ്രകൃതിയെ ഉപയോഗിക്കാം. എന്നാല്‍, മനുഷ്യന്റെ അത്യാര്‍ത്തികള്‍ എല്ലാം നിറവേറ്റാന്‍ പ്രകൃതിയെ ചൂഷണംചെയ്യരുത്. ശാസ്താംകോട്ട തടാകം ഉള്‍പ്പെടെയുള്ള എല്ലാ ജലസ്രോതസ്സുകളെയും സംരക്ഷിക്കുന്നതിനുവേണ്ടിയുള്ള ജനമുന്നേറ്റമാണ് നമുക്കുവേണ്ടതെന്നും എം എ ബേബി പറഞ്ഞു. കവയിത്രി സുഗതകുമാരി ഇതിനു മുന്നോട്ടുവന്നതില്‍ സന്തോഷവും അഭിമാനവുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഡാം ജലം ഒഴുക്കാന്‍ അനുവദിക്കില്ല

ശാസ്താംകോട്ട: ശുദ്ധജല തടാകത്തെ അശുദ്ധമാക്കുംവിധം തെന്മല ഡാമിലെ വെള്ളം ഒഴുക്കാന്‍ അനുവദിക്കില്ലെന്ന് ശാസ്താംകോട്ട തടാക സംരക്ഷണ ജനകീയ കണ്‍വന്‍ഷന്‍ പ്രഖ്യാപിച്ചു. തടാകത്തിന്റെ രക്ഷയ്ക്ക് കക്ഷിരാഷ്ട്രീയഭേദമെന്യേ ജനകീയ കൂട്ടായ്മ വളര്‍ത്തിക്കൊണ്ടുവരണമെന്നും കണ്‍വന്‍ഷന്‍ ആഹ്വാനംചെയ്തു. തടാകസംരക്ഷണത്തിനായി നടക്കുന്ന പോരാട്ടങ്ങളുടെ തുടര്‍ച്ചയാണിത്. ഇതിനായി എല്ലാവരും ഒന്നിക്കണമെന്ന് സ്വാഗതപ്രസംഗത്തില്‍ പി കെ ഗോപന്‍ പറഞ്ഞു. തടാകത്തിലെ ജലത്തിന്റെ അളവിന് ആനുപാതികമായേ പുറത്തേക്ക് വെള്ളം പമ്പ് ചെയ്യാനാകൂവെന്നും ഗോപന്‍ പറഞ്ഞു. അവശേഷിക്കുന്ന അക്കേഷ്യ മരങ്ങള്‍ നീക്കംചെയ്യണം. കെഐപി കനാല്‍ വഴി തടാകത്തിലേക്ക് വെള്ളം ഒഴുക്കരുത്. എന്തുവിലകൊടുത്തും ജനങ്ങള്‍ ഇതിനെ ചെറുക്കും. കുന്നിന്‍ചരുവുകളും തടാകക്കരയും ഹരിതവല്‍ക്കരിക്കണം. ഈ ആശയമാണ് ജനകീയ കണ്‍വന്‍ഷന്‍ മുന്നോട്ടുവയ്ക്കുന്നതെന്നും ഗോപന്‍ ചൂണ്ടിക്കാട്ടി.

കെ രാജഗോപാല്‍

ശാസ്താംകോട്ട തടാകസംരക്ഷണ ജനകീയ കണ്‍വന്‍ഷന്‍ പുതിയൊരു തുടക്കമാകും. ജനകീയമുന്നേറ്റവും ആകും. തുറന്ന മനസ്സോടെ ലക്ഷ്യം നേടാന്‍ വലിയ കൂട്ടായ്മകള്‍ക്ക് പ്രദേശത്തെ ജനങ്ങള്‍ തയ്യാറായത് നല്ല തുടക്കമാണ്.

കുരീപ്പുഴ ശ്രീകുമാര്‍

ശാസ്താംകോട്ട തടാകം വറ്റിവരണ്ട് കുട്ടികള്‍ ക്രിക്കറ്റ് കളിക്കുന്ന ചിത്രം തന്നെ ഞെട്ടിച്ചെന്ന് കവി കുരീപ്പുഴ ശ്രീകുമാര്‍ പറഞ്ഞു. തടാകക്കരയിലുണ്ടായ ഫോളിസോള്‍ ദുരന്തംപോലെ, തടാകത്തിലുണ്ടായ വഞ്ചി അപകടംപോലെ, വലിയ ദുരന്തത്തിലേക്കാണ് തടാകം പോകുന്നതെന്നും ജനങ്ങള്‍ ഒറ്റക്കെട്ടായി അണിനിരക്കണമെന്നും കുരീപ്പുഴ പറഞ്ഞു. സഹ്യപര്‍വതത്തെക്കുറിച്ച് കവിതയും ചൊല്ലി. പുരസ്കാരങ്ങളുടെ പുരസ്കാരമായ സരസ്വതി സമ്മാന്‍ ജേതാവ് കവയിത്രി സുഗതകുമാരി ചെയര്‍പേഴ്സനായാണ് തടാക സംരക്ഷണ ജനകീയകമ്മിറ്റിക്ക് രൂപം നല്‍കിയിട്ടുള്ളത്്. തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കും രൂപം നല്‍കി. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രവര്‍ത്തകര്‍, പരിസ്ഥിതി-കുടുംബശ്രീ പ്രവര്‍ത്തകര്‍, വ്യാപാരികള്‍ എന്നിവരും പങ്കെടുത്തു.

deshabhimani 090413

No comments:

Post a Comment