Friday, April 19, 2013

സി എം ദിനേശ് മണി സിപിഐ എം എറണാകുളം ജില്ലാ സെക്രട്ടറി

സിപിഐ എം എറണാകുളം ജില്ലാ സെക്രട്ടറിയായി സംസ്ഥാന കമ്മിറ്റി അംഗം സി എം ദിനേശ് മണിയെ തെരഞ്ഞെടുത്തു. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ നടന്ന ജില്ലാ കമ്മിറ്റി യോഗത്തില്‍ ഏകകണ്ഠേനയായിരുന്നു തെരഞ്ഞെടുപ്പ്. ജില്ലാ സെക്രട്ടറിയറ്റ് അംഗം സി വി ഔസേഫ് അധ്യക്ഷനായി. യുവജന സംഘടനയായ കെഎസ്വൈഎഫിലൂടെ പൊതുപ്രവര്‍ത്തനരംഗത്തെത്തിയ ദിനേശ്മണി 1968-ലാണ് സിപിഐ എം അംഗമായത്. എറണാകുളം ടൗണ്‍ സൗത്ത് ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായും അടിയന്തരാവസ്ഥയ്ക്കുശേഷം കളമശേരി ഏരിയ സെക്രട്ടറിയായും ജില്ലാ കമ്മിറ്റി അംഗമായും ജില്ലാ സെക്രട്ടറിയറ്റ് അംഗമായും പ്രവര്‍ത്തിച്ചു. "98ലെ പാലക്കാട് സംസ്ഥാന സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗമായി തെരഞ്ഞെടുത്തു.

1990-ല്‍ ജില്ലാ കൗണ്‍സിലിലേക്ക് തെരഞ്ഞെടുത്തു. കൗണ്‍സിലിന്റെ ധനകാര്യ കമ്മിറ്റി ചെയര്‍മാനായി. 2000ല്‍ കൊച്ചി കോര്‍പറേഷന്‍ കൗണ്‍സിലിലേക്ക് തെരഞ്ഞെടുത്തു. അഞ്ച് വര്‍ഷം മേയറായി സേവനം അനുഷ്ഠിച്ചു. 2006ല്‍ പള്ളുരുത്തിയില്‍നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. പാര്‍ലമെന്ററിരംഗങ്ങളിലെല്ലാം മാതൃകാപരമായ പ്രവര്‍ത്തനമാണ് അദ്ദേഹം നടത്തിയത്. ട്രേഡ്യൂണിയന്‍ സംഘാടനാരംഗത്തും നേതൃമുദ്ര പതിപ്പിച്ചു. നിലവില്‍ ഹിന്‍ഡാല്‍കോ തൊഴിലാളി യൂണിയന്‍ (സിഐടിയു) പ്രസിഡന്റും കെട്ടിടനിര്‍മാണ തൊഴിലാളി യൂണിയന്‍ (സിഐടിയു) ജില്ലാ പ്രസിഡന്റുമാണ്. വെണ്ണല ചാന്തുരുത്ത് വീട്ടിലാണ് താമസം. സോഗി കോമത്താണ് ഭാര്യ. ഗീതാഞ്ജലി, ഗോപിക കൃഷ്ണ എന്നിവര്‍ മക്കളാണ്. പാര്‍ടി സംസ്ഥാന സെക്രട്ടറിയറ്റ് അംഗംകൂടിയായ ജില്ലാ സെക്രട്ടറി എം വി ഗോവിന്ദന് സംസ്ഥാന സെന്ററില്‍ ചുമതല ഏറെ വഹിക്കാനുള്ളതിനാല്‍ പുതിയ ജില്ലാ സെക്രട്ടറിയെ കണ്ടെത്താന്‍ സംസ്ഥാന കമ്മിറ്റി തീരുമാനിക്കുകയായിരുന്നുവെന്ന് പിണറായി വിജയന്‍ മാധ്യമങ്ങളോട് പറഞ്ഞു. കെഎസ്കെടിയു സംസ്ഥാന ജനറല്‍ സെക്രട്ടറികൂടിയായ എം വി ഗോവിന്ദന് ഈ മേഖലയിലും ചുമതലകള്‍ ഏറെ വഹിക്കാനുണ്ടെന്നും പിണറായി പറഞ്ഞു. 2011 ആഗസ്റ്റില്‍ എം വി ഗോവിന്ദന്‍ ജില്ലാ സെക്രട്ടറിയായി ആദ്യം തെരഞ്ഞെടുക്കപ്പെടുന്നത്. 2012 ജനുവരിയില്‍ പറവൂരില്‍ ചേര്‍ന്ന ജില്ലാ സമ്മേളനം അദ്ദേഹത്തെ വീണ്ടും സെക്രട്ടറിയായി തെരഞ്ഞെടുത്തു.

അമരത്തെത്തുന്നത് 5 പതിറ്റാണ്ടിന്റെ അനുഭവസമ്പത്തുമായി

കൊച്ചി: രാഷ്ട്രീയ പൊതുപ്രവര്‍ത്തനരംഗത്തെ അഞ്ച് പതിറ്റാണ്ടിന്റെ അനുഭവസമ്പത്തുമായാണ് സി എം ദിനേശ്മണി ജില്ലയിലെ സിപിഐ എമ്മിന്റെ അമരക്കാരനാകുന്നത്. ട്രേഡ്യൂണിയന്‍ രംഗത്തെയും പാര്‍ലമെന്ററിരംഗത്തെയും തിളക്കമാര്‍ന്ന പ്രവര്‍ത്തനങ്ങളും ഇക്കാര്യത്തില്‍ അദ്ദേഹത്തിന് തുണയാകും. കാല്‍നൂറ്റാണ്ട് ജില്ലയിലെ പാര്‍ടി സെക്രട്ടറിയായിരുന്ന എ പി വര്‍ക്കിമുതല്‍ എം വി ഗോവിന്ദന്‍വരെയുള്ളവരുമായി ഇടപഴകി പ്രവര്‍ത്തിക്കാനായതും വ്യവസായജില്ലയിലെ പാര്‍ടിയെ നയിക്കാന്‍ അദ്ദേഹത്തിന് കരുത്താകും. വിദ്യാഭ്യാസ, കലാ-സാംസ്കാരിക രംഗത്തും ഇദ്ദേഹത്തിന്റെ വ്യക്തിമുദ്ര ശ്രദ്ധേയം. കൊച്ചിയുടെ മര്‍മമറിഞ്ഞ മേയര്‍, പശ്ചിമകൊച്ചിയുടെ ദുരിതം അകറ്റിയ എംഎല്‍എ, തൊഴിലാളികളുടെ ഹൃദയത്തില്‍ ഇടം നേടിയ ട്രേഡ്യൂണിയന്‍ നേതാവ് എന്നീ സവിശേഷതകളുമായാണ് ദിനേശ്മണി പുതിയ ചുമതല ഏല്‍ക്കുന്നത്.

ചെല്ലാനം ചാന്തുരുത്തുവീട്ടില്‍ മാധവന്റെയും കുഞ്ഞമ്മയുടെയും മകനായി 1950 മെയ് 15ന് ജനിച്ച ദിനേശ്മണി അറുപതുകളില്‍ കെഎസ്വൈഎഫിലൂടെയാണ് പൊതുപ്രവര്‍ത്തനരംഗത്തെത്തുന്നത്. കെഎസ്വൈഎഫ് ജില്ലാ സെക്രട്ടറി, സംസ്ഥാന ജോയിന്റ് സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. തുടര്‍ന്ന് ജില്ലയില്‍ പാര്‍ടി ശക്തിപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. പാര്‍ലമെന്ററി പ്രവര്‍ത്തനങ്ങളിലും മാതൃകാപരമായ വികസന പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യാന്‍ ഇദ്ദേഹത്തിനായി. കേരള മേയേഴ്സ് കൗണ്‍സില്‍ ചെയര്‍മാന്‍, അഖിലേന്ത്യാ മേയേഴ്സ് കൗണ്‍സില്‍ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം, 2004ല്‍ കൊച്ചിയില്‍ നടന്ന വേള്‍ഡ് മേയേഴ്സ് കോണ്‍ഫറന്‍സ് സംഘാടകസമിതി ചെയര്‍മാന്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.

കൊച്ചിയുടെ വികസനക്കുതിപ്പിന് ആക്കംകൂട്ടുന്ന നിരവധി പ്രവര്‍ത്തനങ്ങള്‍ മേയറായിരിക്കെ കാഴ്ചവച്ചു. ബ്രഹ്മപുരത്ത് ഖരമാലിന്യ സംസ്കരണ പ്ലാന്‍ിന് 100 ഏക്കര്‍ ഭൂമി ഏറ്റെടുത്ത് കരാര്‍ ഒപ്പിട്ടതും ഇക്കാലത്താണ്. നഗരസഭയുടെ പുതിയ ആസ്ഥാനമന്ദിരത്തിന് ജിസിഡിഎയില്‍നിന്ന് ഒന്നര ഏക്കര്‍ സ്ഥലം വാങ്ങി നിര്‍മാണം ആരംഭിച്ചു. സമഗ്ര മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി ഈ മേഖലയിലെ കൊച്ചിയെ രാജ്യത്തെ ആദ്യനഗരമാക്കി. വെള്ളക്കെട്ട് നിവാരണത്തിന് പഠനം നടത്തി എസ്റ്റീം പദ്ധതി ആരംഭിച്ചു. പൈതൃക, പാരിസ്ഥിതിക സംരക്ഷണത്തിന് ഊന്നല്‍ നല്‍കിയ ഇദ്ദേഹത്തിനാണ് ഏറ്റവും കൂടുതല്‍ ഭവനരഹിതര്‍ക്ക് വീട് സമ്മാനിച്ച മേയര്‍ എന്ന സ്ഥാനവും. പള്ളുരുത്തി മണ്ഡലത്തില്‍നിന്ന് നിയമസഭയിലേക്ക് എത്തിയ ദിനേശ്മണി പള്ളുരുത്തി നിവാസികളുടെ തീരാദുരിതമായിരുന്ന കുടിവെള്ളക്ഷാമത്തിന് ഹഡ്കോ പദ്ധതി കമീഷന്‍ ചെയ്ത് പരിഹാരം കണ്ടെത്തി. ഫോര്‍ട്ട്കൊച്ചി-ചെല്ലാനം പുലിമുട്ട് നിര്‍മാണം, ചെല്ലാനം ഫിഷിങ് ഹാര്‍ബര്‍ നവീകരണം, പാണ്ടിക്കുടി-ചെല്ലാനം റോഡിന്റെ ആദ്യഘട്ട പൂര്‍ത്തീകരണവും രണ്ടാംഘട്ട ആരംഭവും പള്ളുരുത്തി സീമാറ്റ് നേഴ്സിങ് കോളേജ് ആന്‍ഡ് ട്രെയ്നിങ് സെന്റര്‍, മരട് ഐടിഐ, പള്ളുരുത്തി ട്രഷറി എന്നിവയൊക്കെ സ്ഥാപിച്ചതും ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണ്.

ട്രേഡ്യൂണിയന്‍രംഗത്തും ഇദ്ദേഹത്തിന് തഴക്കവും പഴക്കവുമേറെ. കൊച്ചി കപ്പല്‍ശാലയുടെ നിര്‍മാണ കാലയളവില്‍ യൂണിയന്‍ ജനറല്‍ സെക്രട്ടറിയായ ദിനേശ്മണി മോട്ടോര്‍ തൊഴിലാളിയൂണിയന്‍ ജില്ലാ പ്രസിഡന്റ്, ഓട്ടോഡ്രൈവേഴ്സ് യൂണിയന്‍ ജില്ലാ സെക്രട്ടറി, ട്രാവന്‍കൂര്‍ കൊച്ചിന്‍ കെമിക്കല്‍സ് സ്റ്റാഫ് യൂണിയന്‍ പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. വിദ്യഭ്യാസരംഗങ്ങളിലും ശ്രദ്ധേയ പ്രവര്‍ത്തനം നടത്തിയ ഇദ്ദേഹം കുസാറ്റ് സിന്‍ഡിക്കറ്റ് അംഗം, വര്‍ക്സ് കമ്മിറ്റി കണ്‍വീനര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. കുസാറ്റ് റോഡ്വികസനം, ഓപ്പണ്‍ എയര്‍ തിയറ്റര്‍ നിര്‍മാണം, സെമിനാര്‍ കോംപ്ലക്സ്, സോഫ്ട്വെയര്‍ കെട്ടിട പുനര്‍നിര്‍മാണം എന്നിവയ്ക്കും നേതൃത്വം നല്‍കി. കലാസാംസ്കാരികരംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച ദിനേശ്മണി പി ജെ ആന്റണി മെമ്മോറിയല്‍ ഫൗണ്ടേഷന്റെ രൂപീകരണത്തിനും നേതൃത്വം നല്‍കി. ഇതിനിടെ ലേഖനങ്ങള്‍ എഴുതാനും സമയം കണ്ടെത്തി.

deshabhimani 190413

No comments:

Post a Comment