Friday, July 31, 2009

'കെട്ടുകഥകള്‍ പ്രചരിപ്പിച്ച്‌ സമരം, പിന്നെ പിരിച്ചുവിടല്‍'

കൃത്യം അരനൂറ്റാണ്ടുമുമ്പ്‌ ആര്‍ട്ടിക്കിള്‍ 356 ഉപയോഗിച്ച്‌ രാഷ്‌ട്രപതി പിരിച്ചുവിട്ട ഇ.എം.എസ്‌. മന്ത്രി സഭയുടെ കാലത്ത്‌ എം.എല്‍.എയായിരുന്ന വെളിയം ഭാര്‍ഗവന്‍ അക്കാലം ഓര്‍മിക്കുന്നു.

''കമ്യൂണിസ്‌റ്റുകാര്‍ ഏതെങ്കിലും ഒരു സംസ്‌ഥാനത്ത്‌ തെരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ വന്നാല്‍ അതോടെ എല്ലാമായെന്ന ധാരണ ഞങ്ങള്‍ക്കില്ല. എല്ലാ ജനാധിപത്യ മര്യാദകളേയും കാറ്റില്‍ പറത്തി കേരളത്തിനു മാത്രമല്ല രാജ്യത്തിനാകെ അപമാനമുണ്ടാക്കിയ സംഭവമാണ്‌ 1959-ല്‍ ഇവിടെ നടന്നത്‌.''

ഇ.എം.എസ്‌ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലുണ്ടായിരുന്ന പ്രഥമ കമ്യൂണിസ്‌റ്റ് മന്ത്രിസഭയെ പിരിച്ചുവിട്ടതിന്റെ അന്‍പതാം വാര്‍ഷികത്തെ അനുസ്‌മരിച്ച്‌ സി.പി.ഐ സംസ്‌ഥാന സെക്രട്ടറി വെളിയം ഭാര്‍ഗവനാണ്‌ ഇത്‌ പറഞ്ഞത്‌. പിരിച്ചുവിട്ടതിന്റെ അന്‍പതാം വാര്‍ഷികമാണ്‌ ഇന്ന്‌.

വിമോചന സമരത്തെ സഹായിക്കാനായിരുന്നു ഇന്ദിരാഗാന്ധി ഇടപെട്ട്‌ മന്ത്രിസഭയെ പിരിച്ചുവിട്ടതെന്ന്‌ അന്നു നിയമസഭാംഗമായിരുന്ന വെളിയം മംഗളത്തോടു പറഞ്ഞു. 1957-ലെ കമ്യൂണിസ്‌റ്റ് മന്ത്രിസഭയെ ചരിത്രത്തിന്‌ ഒരിക്കലും വിസ്‌മരിക്കാന്‍ കഴിയില്ല. തെരഞ്ഞെടുപ്പിലൂടെ കമ്യൂണിസ്‌റ്റ് പാര്‍ട്ടി അധികാരത്തില്‍ വരുന്നത്‌ അസാധാരണ സംഭവമായാണ്‌ മിക്കവരും കണക്കാക്കിയത്‌. ബ്രിട്ടന്‍, ഫ്രാന്‍സ്‌, ജര്‍മനി, ഇറ്റലി, യൂറോപ്യന്‍ രാജ്യങ്ങള്‍ ഇവരെല്ലാം വസ്‌തുത മനസിലാക്കാന്‍ ഇന്ത്യന്‍ കമ്യൂണിസ്‌റ്റ് പാര്‍ട്ടി നേതാക്കളെ ആ രാജ്യങ്ങളിലേക്കു ക്ഷണിച്ചു. അതില്‍ ചില രാജ്യങ്ങളില്‍ എം.എന്‍.ഗോവിന്ദന്‍ നായര്‍ പോയി. ഇന്ത്യയിലെ എല്ലാ പിന്തിരിപ്പന്‍ ശക്‌തികള്‍ക്കും ചിന്തിക്കാനാവാത്ത സംഭവമായിരുന്നു കമ്യൂണിസ്‌റ്റുകാര്‍ ഭരണത്തില്‍വന്നത്‌. എന്തോ അവര്‍ക്ക്‌ അത്‌ അസഹ്യമായിപ്പോയി. നേരിയ ഭൂരിപക്ഷമേ കമ്യൂണിസ്‌റ്റ്കാര്‍ക്ക്‌ ഉണ്ടായിരുന്നുള്ളു.

രണ്ട്‌ എം.എല്‍.എമാരുടെ ഭൂരിപക്ഷം മാത്രം. ഒരു നിയന്ത്രണവുമില്ലാതെ വിദ്യാഭ്യാസരംഗം കൈയടക്കിവച്ചിരുന്ന സ്വകാര്യ മാനേജ്‌മെന്റുകളെ നിയന്ത്രിക്കാന്‍ നിയമം കൊണ്ടുവന്നതും ജന്മിത്തം അവസാനിപ്പിക്കാന്‍ ഭൂപരിഷ്‌കരണ നിയമം കൊണ്ടുവന്നതും മത-സാമുദായിക പിന്തിരിപ്പന്‍ ശക്‌തികളെ ചൊടിപ്പിച്ചു. എന്തെല്ലാം അസത്യപ്രചാരവേലകളാണ്‌ അവര്‍ നടത്തിയത്‌. കമ്യൂണിസ്‌റ്റുകാര്‍ അധികാരത്തിലിരുന്നാല്‍ പള്ളികളും അമ്പലങ്ങളും അടപ്പിക്കും. മതപരമായ കാര്യങ്ങള്‍ക്കെല്ലാം തടസമുണ്ടാക്കും. അതുകൊണ്ട്‌ വിശ്വാസികളും സാമുദായിക സംഘടനകളും എല്ലാം എന്തു വിലകൊടുത്തും പോരാടി മന്ത്രിസഭയെ പുറത്താക്കണമെന്നാണ്‌ കോണ്‍ഗ്രസും ജാതി-മത സംഘടനകളും മറ്റു പ്രതിലോമ ശക്‌തികളും ചേര്‍ന്നു പ്രചരിപ്പിച്ചത്‌. ഒരു അടിസ്‌ഥാനവുമില്ലാത്ത കെട്ടുകഥകളാണവ. പാവപ്പെട്ടവര്‍, പ്രത്യേകിച്ച്‌ മതന്യൂനപക്ഷത്തിലുള്ളവര്‍ ഈ പ്രചാരണത്തില്‍ കുടുങ്ങി. അവരെയെല്ലാം സര്‍ക്കാരിനെതിരായി രംഗത്തിറക്കാന്‍ പ്രചാരവേല പ്രയോജനപ്പെടുത്തി. സര്‍ക്കാരിനെതിരേ പല സമരങ്ങള്‍ നടന്നു. ഒടുവില്‍ എല്ലാം വിമോചനസമരമായി കലാശിക്കുകയായിരുന്നുവെന്ന്‌ വെളിയം ഭാര്‍ഗവന്‍ അനുസ്‌മരിച്ചു.

വിദ്യാഭ്യാസ രംഗത്തെ സ്‌ഥാപിത താത്‌പര്യക്കാരും ഭൂപരിഷ്‌കരണത്തിനെതിരായി ജന്മിമാരും കൈകോര്‍ത്തതോടെ വിമോചനസമരത്തിനു തുടക്കമായി. അന്നു നിയമസഭയില്‍െ കൊളാടി ഗോവിന്ദന്‍കുട്ടി, രാജഗോപാലനന്‍ നായര്‍, ഇ.ചന്ദ്രശേഖരന്‍ നായര്‍, ഞാന്‍-ചെറുപ്പക്കാരായ ഞങ്ങള്‍ എല്ലാവരും സര്‍ക്കാരിന്റെ നടപടികളെ ശക്‌തമായി ന്യായീകരിക്കുമായിരുന്നു. ജിഞ്ചര്‍ ഗ്രൂപ്പ്‌ എന്നാണ്‌ പത്രക്കാര്‍ ഞങ്ങളെ വിളിച്ചിരുന്നത്‌. ഞങ്ങള്‍ക്ക്‌ ഒരു ഗ്രൂപ്പുമില്ലെന്നതു വേറേ കാര്യം. ഈ പിള്ളേര്‍ എന്തൊക്കെയാണു ചെയ്യുന്നതെന്നു സഭയിലെ കാരണവന്മാര്‍ ചോദിക്കാറുണ്ട്‌. പട്ടം താണുപിള്ളയും പി.ടി.ചാക്കോയും മറ്റുമൊക്കെയായിരുന്നു എതിര്‍പക്ഷത്ത്‌.

നേരിയ ഭൂരിപക്ഷമേ സര്‍ക്കാരിനുണ്ടായിരുന്നുള്ളുവെങ്കിലും കൂറുമാറ്റം നടത്തി മന്ത്രിസഭയെ മറിച്ചിടാന്‍ പ്രതിപക്ഷത്തിനു കഴിഞ്ഞില്ല. പ്രലോഭനങ്ങള്‍ക്കു വഴിപ്പെടാന്‍ ഒരാളെപ്പോലും കിട്ടിയില്ല. 65 എം.എല്‍.എമാരും ഉറച്ചുനില്‍ക്കുകയായിരുന്നുവെന്നു വെളിയം അനുസ്‌മരിച്ചു.

അന്ന്‌ എം.എല്‍.എ.മാര്‍ക്ക്‌ താമസിക്കാന്‍ ഇന്നത്തെപ്പോലെ ഹോസ്‌റ്റലില്ല. മാസം 150 രൂപ അലവന്‍സ്‌ കിട്ടും. രണ്ടുകൊല്ലം എം.എല്‍.എ ആയിരുന്നപ്പോള്‍ രണ്ടായിരം കടമുണ്ടായെന്ന്‌ അദ്ദേഹം പറഞ്ഞു. സമൂഹത്തില്‍ അടിമുടി മാറ്റം വരുത്താന്‍ ആഗ്രഹിക്കുന്നവരാണ്‌ കമ്യൂണിസ്‌റ്റുകാര്‍. എല്ലാവര്‍ക്കും മാന്യമായി ജീവിക്കാന്‍ കഴിയുന്ന സമൂഹം ഉണ്ടാക്കാനാണ്‌ കമ്യൂണിസ്‌റ്റുകാര്‍ ശ്രമിക്കുന്നതെന്ന്‌ വെളിയം പറഞ്ഞു.

കടപ്പാട്: മംഗളം ദിനപ്പത്രം 31-07-09

ഇല്ലിമുളം കാടുകളില്‍ ലല്ലലലം നിലച്ച കാലം

പൂക്കാലം എന്നാല്‍ വസന്തം. സൌന്ദര്യവും സൌരഭ്യവും മാത്രമല്ല, ശുഭപ്രതീക്ഷകളും വിടരുന്ന കാലം. ഫലസമൃദ്ധിയുടെ വാഗ്ദാനം. എന്നാല്‍ സാധാരണ പൂക്കാലം വര്‍ഷത്തിലൊരിക്കല്‍ എത്തുമ്പോള്‍ ഇല്ലിയുടേത് ഒരു വ്യാഴവട്ടത്തിലൊരിക്കല്‍ മാത്രം. അതോടെ ഇല്ലി നശിക്കുകയും ചെയ്യുന്നു. അല്‍പം അരി വിളയുമെങ്കിലും മുഖ്യമായി നമ്മുടെ മുഖത്തടിക്കുന്നത് ചാരനിറംകൊണ്ടുമൂടിയ ഒരാസന്ന മരണഗന്ധം മാത്രം. 1975ലെ അടിയന്തിരാവസ്ഥാ പ്രഖ്യാപനത്തോടു മാത്രം താരതമ്യപ്പെടുത്താവുന്ന ഇന്ത്യന്‍ ജനാധിപത്യ ധ്വംസനം നടന്ന ജൂലൈ 31 ഇല്ലി പൂക്കുന്ന 1959ലായിരുന്നു. ഉച്ചിവെച്ച കൈകള്‍കൊണ്ട് ഉദകക്രിയ ചെയ്യുന്നതുപോലെ ഇന്ത്യന്‍ ജനാധിപത്യ ശില്‍പിയായി പ്രകീര്‍ത്തിക്കപ്പെടുന്ന ജവഹര്‍ലാല്‍ നെഹ്റുതന്നെയാണ് ഈ കടുംകൈ ചെയ്തത്. ഇന്ത്യന്‍ ജനാധിപത്യത്തിനുമേല്‍ അടിയന്തിരാവസ്ഥയിലൂടെ കയ്യേറ്റം നടത്തിയ മകള്‍ ഇന്ദിരാഗാന്ധിയുടെ പ്രേരണമൂലമാണ് തന്റെ ശുഭ്രമായ ഖാദിവസ്ത്രത്തില്‍ കളങ്കമേല്‍പിച്ച ഈ അകൃത്യത്തിന് നെഹ്റു മുതിര്‍ന്നത് എന്ന് വ്യാഖ്യാനിക്കുന്നവരുമുണ്ട്. അത്രക്ക് സ്വപ്രത്യയസ്ഥൈര്യം ഇല്ലാത്തയാളായിരുന്നോ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി? എന്തോ?

നെഹ്റുവിന്റെ ജനാധിപത്യവിശ്വാസ വിളംബരങ്ങളും സോഷ്യലിസ്റ്റ് ആദര്‍ശവുമെല്ലാം ബൂര്‍ഷ്വാ താല്‍പര്യ സംരക്ഷണത്തിനുള്ള താല്‍പര്യങ്ങള്‍ മാത്രമാണെന്ന് മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റ് സിദ്ധാന്തമനുസരിച്ച് പഠിച്ചിരുന്നു എങ്കിലും (അജയ്ഘോഷിന്റെ, നെഹ്റു സോഷ്യലിസം, എ ഹോക്സ്'', 1955) ഇത്ര വലിയൊരു ജനാധിപത്യധ്വംസനം അദ്ദേഹം നടത്തുമെന്നാരും, കമ്യൂണിസ്റ്റുകാര്‍പോലും കരുതിയിരുന്നില്ല- നിയമസഭയില്‍ ഭൂരിപക്ഷമുള്ള ഒരു മന്ത്രിസഭയെ പിരിച്ചുവിട്ട് രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തുക എന്ന ധ്വംസനം. പിരിച്ചുവിടല്‍ വിളംബരത്തില്‍ ഒപ്പിടാന്‍ നിര്‍ബന്ധിതനായ, യാഥാസ്ഥിതികനെന്ന് പേരുകേട്ട അന്നത്തെ രാഷ്ട്രപതി രാജേന്ദ്രപ്രസാദിന്റെ നിര്‍ദേശത്തെപോലും തിരസ്കരിച്ചാണ് അധികാരമദാന്ധയായ മകളുടെ കെണിയില്‍ നെഹ്റു വീണത് എന്ന് പറയപ്പെടുന്നു. പിരിച്ചുവിടലിന് ഒന്നോ രണ്ടോ ആഴ്ച മുമ്പ് നെഹ്റു സ്ഥിതിഗതികള്‍ നിരീക്ഷിക്കാന്‍ കേരളത്തിലെത്തിയപ്പോള്‍ "ജനാധിപത്യം രക്ഷിക്കാന്‍ ജവഹര്‍ലാല്‍ വരുന്നു'' എന്നാണ് കമ്യൂണിസ്റ്റ് ദിനപത്രം ജനയുഗം കൊടുത്ത മുന്‍പേജിലെ എട്ടുകോളം തലക്കെട്ട്. പള്ളിക്കാരുടെയും തോട്ടക്കാരുടെയും വിദ്യാഭ്യാസകച്ചവടക്കാരുടെയും ജാതി-മത വര്‍ഗീയസംഘടനകളുടെയും നേതൃത്വത്തില്‍ അമേരിക്കന്‍ സാമ്രാജ്യവാദികള്‍ നല്‍കിവന്ന വന്‍ ഡോളര്‍ സംഭാവനകള്‍ ഉപയോഗിച്ച് നടത്തിയ "വിമോചനസമര''മെന്ന മഹാമാധ്യമസൃഷ്ടി ഒരു സാര്‍വജനീന സമരമായിരുന്നുവെന്നാണ് നെഹ്റുവുമായുള്ള അവസാന കൂടിക്കാഴ്ചക്ക് സിംലയിലെത്തിയ ഇ എം എസിനോട് നെഹ്റു പറഞ്ഞത്. ഇത്ര ഉപരിപ്ളവബുദ്ധിയോ നെഹ്റുവെന്ന് അന്ധാളിച്ചുപോയി അദ്ദേഹത്തിന്റെ പഴയ ആരാധകനായിരുന്ന മുഖ്യമന്ത്രി. ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ അപചയത്തിന്റെ ആരംഭമായിരുന്നു പൂത്തുനരച്ച ഇല്ലിമുളം കാടുകളില്‍ നിലച്ചുപോയ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ കര്‍ണമധുരമായിരുന്ന 'ലല്ലലലം'.

ഇന്ത്യ- ചൈനാ അതിര്‍ത്തി യുദ്ധം, നെഹ്റുവിന്റെ വലംകയ്യായിരുന്ന കൃഷ്ണമേനോന്റെ അധികാരഭ്രഷ്ട്, ചേരിചേരാനയത്തിന്റെ ചോര്‍ന്നൊലിപ്പ്, 1964 ലെ നെഹ്റുവിന്റെ നിര്യാണത്തോടുകൂടി ഗുല്‍സാരിലാല്‍ നന്ദയുടെയും ശാസ്ത്രിയുടെയും ഇന്ദിരയുടെയും നയവ്യതായാനം എന്നിങ്ങനെ പോകുന്നു ഇല്ലിമുളം കാടുകളുടെതെന്നപോലെ ഇന്ത്യന്‍ ജനാധിപത്യത്തിന്റെയും അപകര്‍ഷം. പക്ഷെ ഇല്ലികള്‍ പിന്നെയും പൂത്തു, 1967ല്‍ സപ്തകക്ഷി മുന്നണിയെ അതിഗംഭീര ഭൂരിപക്ഷത്തോടെ വിജയത്തിലേക്ക് നയിച്ച പ്രഥമ കേരള മുഖ്യമന്ത്രി വീണ്ടും അധികാരത്തിന്റെ ചെങ്കോലേന്തി തന്റെ മഹാദൌത്യം തുടര്‍ന്നു.

പ്രമാണിമാരുടെ ഭയം വിമോചനസമരമായി

സമൂഹത്തില്‍ തങ്ങളുടെ പദവി നഷ്ടപ്പെടുമെന്ന ഭയത്തിലാണ് പ്രമാണിമാരും വിദ്യാഭ്യാസക്കച്ചവടക്കാരും ജാതിമതശക്തികളും ആദ്യ കമ്യൂണിസ്റ്റ് സര്‍ക്കാരിനെതിരെ വിമോചനസമരം സംഘടിപ്പിച്ചതെന്ന് കെ ആര്‍ ഗൌരിയമ്മ പറഞ്ഞു. പാവപ്പെട്ടവരെയും പിന്നോക്കക്കാരെയും സംരക്ഷിക്കാന്‍ കുടിയിറക്കു നിരോധനവും വിദ്യാഭ്യാസ പരിഷ്കരണവും കൊണ്ടുവന്നതാണ് പ്രമാണിമാരെ ഭയപ്പെടുത്തിയതെന്നും അന്നത്തെ സര്‍ക്കാരില്‍ റവന്യൂ, എക്സൈസ്, ദേവസ്വം വകുപ്പുകളുടെ ചുമതല വഹിച്ച കെ ആര്‍ ഗൌരിയമ്മ പറഞ്ഞു. ഇ എം എസ് സര്‍ക്കാരിനെ പിരിച്ചുവിട്ടതിന്റെ 50-ാം വാര്‍ഷികവേളയില്‍ 'ദേശാഭിമാനി'യോടു സംസാരിക്കുകയായിരുന്നു അവര്‍. സര്‍ക്കാരിനെ പിരിച്ചുവിട്ടതില്‍ പ്രതിഷേധിച്ച് തലസ്ഥാനത്തു ഉജ്വലപ്രകടനം നടന്നതായും ഗൌരിയമ്മ പറഞ്ഞു.

ഭാഷാടിസ്ഥാനത്തില്‍ ഐക്യകേരളം നിലവില്‍ വരുംമുമ്പ് കേരളത്തില്‍ ഭൂമിയുടെ വലിയപങ്കും ദേവസ്വങ്ങള്‍, ബ്രഹ്മസ്വങ്ങള്‍, ജന്മിമാര്‍, ഇടവകകള്‍ എന്നിവരുടെ പക്കലായിരുന്നു. ഈ ഭൂമിയില്‍ ഏറിയകൂറും പാട്ടത്തിനോ കാണത്തിനോ ഏറ്റെടുത്തു നടത്തിയത് നായര്‍പ്രമാണിമാര്‍. കുടിയിറക്ക് നിരോധിച്ച് നിയമംവന്നതോടെ കുടിയാനും പാട്ടം, വാരം, ഓടച്ചാര്‍ത്ത് എന്നിവ നല്‍കി ഭൂമിയില്‍ കൃഷിയിറക്കിയവരും ഭൂമിയുടെ ഉടമകളായി. മാത്രമല്ല, ജാതിയില്‍ അധിഷ്ഠിതമായിരുന്ന അന്നത്തെ ഭൂഉടമാ സമ്പ്രദായം വര്‍ഗാധിഷ്ഠിതമായിത്തുടങ്ങി. സര്‍ സി പി തിരുവിതാംകൂര്‍ ദിവാനായിരിക്കെ 1945ല്‍ ഭൂമിയുടെ അവകാശം സ്ഥാപിച്ച് പട്ടയം നല്‍കുന്നത് നിര്‍ത്തിവച്ചിരുന്നു. പതിമൂന്നുവര്‍ഷത്തിനുശേഷം 1958ലാണ് കമ്യൂണിസ്റ്റ് മന്ത്രിസഭ ഇത് പുനഃസ്ഥാപിച്ചത് ഇതിന് നേതൃപരമായ പങ്ക് വഹിക്കാന്‍ കഴിഞ്ഞതും ഗൌരിയമ്മ ഓര്‍മിച്ചു.

സ്വകാര്യ വിദ്യാഭ്യാസരംഗം പരിഷ്കരിക്കാന്‍ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ ലക്ഷ്യമിട്ടു. ഇത് സ്വകാര്യ വിദ്യാലയ ഉടമകള്‍ക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നുവെന്നും ഗൌരിയമ്മ പറഞ്ഞു.

(തയ്യാറാക്കിയത് എം സുരേന്ദ്രന്‍ )

വിമോചനസമരക്കാര്‍ ചരിത്രത്തില്‍നിന്ന് പഠിക്കേണ്ടത്...

ഒരു സര്‍ക്കാരിനെ പുറത്താക്കിയതുകൊണ്ട് കമ്യൂണിസ്റുകാര്‍ക്ക് അധികാരം നിഷേധിക്കാനാകില്ലെന്ന യാഥാര്‍ഥ്യമാണ് വിമോചനസമരം പ്രതിലോമശക്തികളെ പഠിപ്പിക്കുന്നത്. വീണ്ടും വിമോചനസമരകാഹളം മുഴക്കുന്നവര്‍ ചരിത്രത്തിലേക്ക് തിരിഞ്ഞുനോക്കുന്നത് നല്ലതാണ്. ഇടതുപക്ഷ കക്ഷികള്‍ ഒരു കാരണവശാലും അധികാരത്തില്‍ വരാന്‍ പാടില്ലെന്നും, അങ്ങനെ സംഭവിച്ചാല്‍ അത് തടയാന്‍ എന്ത് മാര്‍ഗവും ഉപയോഗിക്കുമെന്നുമാണ് സാമൂഹ്യവിരുദ്ധരായ പ്രതിലോമകാരികള്‍ നയിച്ച വിമോചനസമരത്തിന്റെ അര്‍ഥം. വര്‍ഷങ്ങള്‍ പലതുകഴിഞ്ഞു. കമ്യൂണിസ്റ്റുകാര്‍ കേരളത്തില്‍ പലതവണ വീണ്ടും അധികാരത്തിലെത്തി. ആദ്യ കമ്യൂണിസ്റ്റ് സര്‍ക്കാരിന്റെ സ്ഥാനാരോഹണം ഇന്ത്യയെ മാത്രമല്ല, ലോകത്തെയാകെ അത്ഭുതപ്പെടുത്തി. ഇംഗ്ളണ്ട്, സോവിയറ്റ് യൂണിയന്‍, ഫ്രാന്‍സ് തുടങ്ങിയ പല രാജ്യങ്ങളും ഇത് എങ്ങനെ സംഭവിച്ചെന്ന് അറിയാന്‍ അതീവ താല്‍പ്പര്യം പ്രകടിപ്പിച്ചു. ആ രാജ്യങ്ങളിലെ കമ്യൂണിസ്റ്റ് പാര്‍ടികള്‍ കേരളത്തിലെ നേതാക്കളെ നാട്ടിലേക്ക് ക്ഷണിച്ച് അനുഭവങ്ങള്‍ മനസ്സിലാക്കാന്‍ ശ്രമിച്ചു. ഇന്ത്യയിലെ പ്രതിലോമശക്തികള്‍ക്ക് സഹിക്കാന്‍ കഴിയാത്തതായിരുന്നു കേരളത്തിലെ ആദ്യ സര്‍ക്കാര്‍. ആ സര്‍ക്കാര്‍ തുടര്‍ന്നാല്‍ മറ്റ് സംസ്ഥാനങ്ങളും കമ്യൂണിസ്റ്റ് മാര്‍ഗം പിന്തുടര്‍ന്നേക്കുമെന്ന ഭയം കോണ്‍ഗ്രസിനും മറ്റ് പിന്തിരിപ്പന്‍ശക്തികള്‍ക്കുമുണ്ടായി. കേരളത്തിലെ വര്‍ഗീയശക്തികള്‍ക്കും സര്‍ക്കാര്‍ അസഹനീയമായി.

കമ്യൂണിസ്റ്റ് സര്‍ക്കാര്‍ ആദ്യം കൊണ്ടുവന്നവയില്‍ ഒന്നായിരുന്നു വിദ്യാഭ്യാസനിയമം. സ്വകാര്യശക്തികള്‍ കൈയടക്കിവച്ചിരുന്ന കേരളത്തിലെ വിദ്യാഭ്യാസമേഖലയില്‍ ന്യായമായ നിയന്ത്രണം ഏര്‍പ്പെടുത്താനായിരുന്നു നിയമനിര്‍മാണം. അത് ചില സാമുദായികശക്തികള്‍ക്ക് സഹിക്കാനാകാത്തതായി. അവര്‍ ആ നിയമത്തിനെതിരായ പോരാട്ടത്തിനിറങ്ങി. ഇതോടൊപ്പം വ്യാപകമായ അപവാദപ്രചാരണവും തുടങ്ങി. കമ്യൂണിസ്റ്റുകാര്‍ ദൈവ വിരോധികളാണ്. മതങ്ങള്‍ക്ക് അവര്‍ എതിരാണ്. അവര്‍ അധികാരത്തില്‍ തുടര്‍ന്നാല്‍ പള്ളികളും അമ്പലങ്ങളും നശിപ്പിക്കും. അതുകൊണ്ട് കമ്യൂണിസ്റ്റ് സര്‍ക്കാരിനെ പുറത്താക്കേണ്ടത് ക്രിസ്ത്യാനികള്‍ക്കും മുസ്ളിങ്ങള്‍ക്കും ഒഴിച്ചുകൂടാനാകാത്ത ആവശ്യമാണെന്ന് ഈ മതഭ്രാന്തന്മാര്‍ പ്രചരിപ്പിച്ചു. ഈ പ്രചാരണം ക്രിസ്ത്യന്‍, മുസ്ളിം ജനവിഭാഗങ്ങളെ ഗണ്യമായി സ്വാധീനിച്ചു. സ്ത്രീകള്‍ വന്‍തോതില്‍ സമരത്തിന് ഇറങ്ങുന്നതിന് കള്ളപ്രചാരണം സഹായിച്ചു.

ആ സമയത്താണ് ഭൂപരിഷ്കരണനിയമവും കൊണ്ടുവന്നത്. അത് ഭൂസ്വമിമാരെ വല്ലാതെ പ്രകോപിപ്പിച്ചു. നൂറ്റാണ്ടുകളായി ഭൂമി മുഴുവന്‍ കൈവശംവച്ച് സുഖജീവിതം നയിച്ചിരുന്ന ജന്മിത്വത്തിന്റെ നിലനില്‍പ്പുതന്നെ അവസാനിക്കാന്‍ ഭൂപരിഷ്കരണനിയമം കാരണമാകുമെന്ന് അവര്‍ മനസ്സിലാക്കി. ഭൂസ്വാമിമാര്‍ ജാതി മത ഭേദമെന്യേ സര്‍ക്കാരിനെതിരെ രംഗത്തിറങ്ങാന്‍ ഇത് കാരണമായി. വിദ്യാഭ്യാസബില്ലിനെതിരായവരും ജന്മിത്വശക്തികളും കൈകോര്‍ത്തപ്പോള്‍ അത് വലിയ ശക്തിയായി. ജാതിഭ്രാന്തും മതഭ്രാന്തും വല്ലാതെ ഇളക്കിവിട്ടു. അങ്ങനെ വിമോചനസമരത്തിന് ആരംഭമിട്ടു. സര്‍ക്കാരിനെ പുറത്താക്കുകയായിരുന്നു വിമോചനസമരക്കാരുടെ ലക്ഷ്യം. സര്‍ക്കാരുമായി ഒരു കൂടിയാലോചനയ്ക്കും തയ്യാറായില്ല. ഇതിനായി നിയമസമാധാനം പൂര്‍ണമായും ബലികഴിച്ചു.

ആദ്യസര്‍ക്കാരിന്റെ ഭൂരിപക്ഷം ചെറുതായിരുന്നു. സമരം ശക്തമാകുമ്പോള്‍ എംഎല്‍എമാരില്‍ ചിലര്‍ കൂറുമാറുമെന്ന് സമരത്തിന് നേതൃത്വം നല്‍കുന്നവര്‍ കരുതി. അതിനായി വലിയ പരിശ്രമവും നടത്തി. ചില എംഎല്‍എമാര്‍ക്ക് ലക്ഷക്കണക്കിനു രൂപ കോഴ കൊടുക്കാനും ശ്രമം നടന്നു. പക്ഷേ, ഒരു ഫലവും ഉണ്ടായില്ല. സമരത്തിലേക്ക് എടുത്തുചാടിയ പലര്‍ക്കും വിദേശ ശക്തികളുടെ സാമ്പത്തികസഹായം ലഭിച്ചു. അങ്ങനെ ചിലരൊക്കെ സമ്പന്നരായി. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ടികള്‍ അവസരം മുതലെടുക്കാന്‍ മുന്‍നിരയില്‍ നിലയുറപ്പിച്ചു. പലതരം അക്രമം അഴിച്ചുവിട്ട് നിയമസമാധാനത്തെ വെല്ലുവിളിച്ചു. സര്‍ക്കാരിനെ പുറത്താക്കാനാകില്ലെന്ന് സമരക്കാര്‍ക്ക് ബോധ്യപ്പെട്ടു. തുടര്‍ന്ന് കേന്ദ്രസര്‍ക്കാരിനെ ഉപയോഗിച്ച് കേരളസര്‍ക്കാരിനെ പിരിച്ചുവിടാന്‍ സമ്മര്‍ദം നടത്തി. അവസാനം കേന്ദ്രത്തിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ കമ്യൂണിസ്റ്റ് സര്‍ക്കാരിനെ പിരിച്ചുവിട്ടു. അത് ഇന്ത്യന്‍ ജനാധിപത്യത്തിന് ഏറ്റവും വലിയ അപമാനമായി. അതുകൊണ്ട് എന്ത് പ്രയോജനം ഉണ്ടായെന്ന് പ്രതിലോമശക്തികള്‍ ഇനിയും ചിന്തിക്കണം.

ദേശാഭിമാനി

സൂര്യനെ ഇരുട്ടുമറച്ച ജൂലൈ 31

ജനകീയ സര്‍ക്കാരിനെ അട്ടിമറിക്കാനും കേരളീയ നവോത്ഥാനത്തെയും രാഷ്ട്രീയമുന്നേറ്റത്തെയും പിന്നോട്ടടിപ്പിക്കാനും ഇരുട്ടിന്റെ ശക്തികള്‍ നടത്തിയ ജനാധിപത്യധ്വംസനത്തിന് അരനൂറ്റാണ്ട്.

ലോകശ്രദ്ധയാകര്‍ഷിച്ച വികസനമാതൃകയ്ക്ക് അടിത്തറയിട്ട 1957ലെ ഇ എം എസിന്റെ നേതൃത്വത്തിലുള്ള കേരളത്തിലെ ആദ്യമന്ത്രിസഭയെ വിമോചനസമരത്തിന്റെ പേരില്‍ കേന്ദ്രത്തിലെ നെഹ്റുസര്‍ക്കാര്‍ പിരിച്ചുവിട്ടത് ഇന്ത്യന്‍ ജനാധിപത്യ ചരിത്രത്തിലെ കറുത്ത അധ്യായം. ജന്മിമാരും വിദ്യാഭ്യാസക്കച്ചവടക്കാരും സാമുദായിക ശക്തികളും ഉപജാപകരും നടത്തിയ അഴിഞ്ഞാട്ടത്തിനൊടുവില്‍ സംസ്ഥാന മന്ത്രിസഭയെ താഴെയിറക്കിയപ്പോള്‍ മറനീക്കിയത് കോണ്‍ഗ്രസിന്റെ ഏകാധിപത്യമുഖം. കേരളത്തിന്റെ സാമൂഹ്യ-രാഷ്ട്രീയ-സാമ്പത്തിക മേഖലകളിലെ തിരിച്ചടിയുടെ തുടക്കമായിരുന്നു 1959 ജൂലൈ 31ലെ ജനാധിപത്യക്കുരുതി. വിമോചനസമരത്തിന് ചുക്കാന്‍ പിടിച്ചതാകട്ടെ അമേരിക്കന്‍ സാമ്രാജ്യത്വവും. കമ്യൂണിസ്റ്റ് പാര്‍ടിയുടെ വേരറുക്കാന്‍ ലക്ഷ്യമിട്ട് അരങ്ങേറിയ വിമോചനസമരം കേരളത്തിന് തീരാകളങ്കമായി. വോട്ടെടുപ്പിലൂടെ ആദ്യമായി അധികാരത്തിലേറിയ കമ്യൂണിസ്റ്റ് സര്‍ക്കാരിനെ അന്ന് പിരിച്ചുവിട്ടിരുന്നില്ലെങ്കില്‍ നാടിന്റെ മുഖം മാറുമായിരുന്നു.

നരകതുല്യമായ ജീവിതംനയിച്ച പാവങ്ങള്‍ക്ക് ഇ എം എസ് സര്‍ക്കാര്‍ പ്രതീക്ഷയുടെ വെള്ളിവെളിച്ചം പകര്‍ന്നു. 28 മാസമേ അധികാരത്തില്‍ തുടരാനായുള്ളൂവെങ്കിലും ആ ഗവമെന്റ് ഐക്യകേരളത്തിന്റെ രാഷ്ട്രീയ-സാമൂഹ്യ-സാമ്പത്തിക ചരിത്രം തിരുത്തിക്കുറിച്ചു. ജന്മിത്വം ചവിട്ടിമെതിച്ച കൃഷിക്കാരന് കൃഷിഭൂമിയില്‍ അവകാശം. കര്‍ഷകത്തൊഴിലാളിക്ക് കിടപ്പാടം. കുടിയാന്മാരെ ഇറക്കിവിടാന്‍ വന്ന ജന്മിമാടമ്പിമാരോട് മാറിനില്‍ക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്. പാട്ടബാക്കി റദ്ദാക്കി. ഭൂപരിഷ്കരണ നിയമം പുതിയ യുഗത്തിന്റെ തുടക്കമായി. ലക്ഷക്കണക്കിനു പാവങ്ങള്‍ ആദ്യമായി അഭിമാനത്തോടെ തലയുയുര്‍ത്തിനിന്നു. തൊഴിലാളികള്‍ക്കും കര്‍ഷകത്തൊഴിലാളിക്കും മിനിമംകൂലി ഉറപ്പാക്കി നിയമനിര്‍മാണം. തൊഴില്‍ സമരങ്ങളില്‍ ഇടപെടാന്‍ പാടില്ലെന്ന് പൊലീസിന് നിര്‍ദേശം. കമ്യൂണിസ്റ്റ് പാര്‍ടിയുമായി ബന്ധമുള്ളവരെ സര്‍ക്കാര്‍ സര്‍വീസില്‍ നിയമിക്കരുതെന്ന കേന്ദ്ര ഉത്തരവ് നിരാകരിച്ചു. അധികാരവികേന്ദ്രീകരണത്തിന് തുടക്കംകുറിച്ചു. കാര്‍ഷിക പരിഷ്കരണത്തിനൊപ്പം കൊണ്ടുവന്ന വിദ്യാഭ്യാസ ബില്ലും പ്രതിലോമശക്തികളെ പ്രകോപിപ്പിച്ചു. കേരളത്തിലെ ചുവന്ന കാറ്റ് മറ്റു സംസ്ഥാനങ്ങളിലേക്ക് വീശുമെന്നും കോണ്‍ഗ്രസ് ഭയന്നു. സര്‍ക്കാരിന്റെ ജനക്ഷേമപ്രവര്‍ത്തനങ്ങള്‍ സാമ്രാജ്യത്വത്തിന്റെയും ഉറക്കം കെടുത്തി. അവര്‍ പണം വാരിയെറിഞ്ഞാണ് സമരം സംഘടിപ്പിച്ചത്. സമരപ്രചാരണത്തിന് പത്രവും തുടങ്ങി. ജനപിന്തുണ കിട്ടാതെ വന്നപ്പോള്‍ മതസാമുദായിക ശക്തികളെ ഇളക്കിവിട്ട് ക്രമസമാധാനനില തകര്‍ത്തു. ഒടുവില്‍ ഭരണഘടനയുടെ 356-ാം വകുപ്പ് പ്രയോഗിച്ച് സര്‍ക്കാരിനെ പിരിച്ചുവിട്ടു. അതോടെ കമ്യൂണിസ്റ് പ്രസ്ഥാനത്തിന്റെ അടിത്തറയിളകുമെന്ന് പിന്തിരിപ്പന്‍ ശക്തികള്‍ കിനാവു കണ്ടു. അവരുടെ ധാരണ കേരളം വൈകാതെ തിരുത്തി.

1957ലെ സര്‍ക്കാര്‍ ഇട്ട അടിത്തറയിലാണ് പിന്നീടുവന്ന എല്ലാ ഗവമെന്റുകള്‍ക്കും പ്രവര്‍ത്തിക്കേണ്ടിവന്നത്. കേരളത്തിന് പുത്തന്‍ ദിശാബോധം ആ സര്‍ക്കാര്‍ പകര്‍ന്നു. പിന്നീടും ഇടതുപക്ഷ നേതൃത്വത്തിലുള്ള സര്‍ക്കാരുകള്‍ അധികാരത്തിലിരുന്നപ്പോള്‍ മാത്രമാണ് സാധാരണക്കാര്‍ക്കായി ക്ഷേമനടപടികള്‍ ഉണ്ടായത്. ചിലരിപ്പോഴും വിമോചനസമരസ്വപ്നങ്ങളില്‍ അഭിരമിക്കുകയാണ്. ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോഴൊക്കെ പിരിച്ചുവിടല്‍ അവരുടെ സ്വപ്നമാണ്. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലിരിക്കുമ്പോഴാണ് ഇ എം എസ് സര്‍ക്കാരിനെ പിരിച്ചുവിട്ടതിന് അമ്പതു വര്‍ഷം തികയുന്നതെന്നത് യാദൃച്ഛികം. വിമോചനസമരകാലത്തെ ഓര്‍മിപ്പിക്കുംവിധം സാമ്രാജ്യത്വ- ജാതിമതശക്തികളും യുഡിഎഫും മാധ്യമങ്ങളും കമ്യൂണിസ്റ് പ്രസ്ഥാനത്തിനു നേരെ ഇപ്പോഴും യുദ്ധം തുടരുന്നു. കള്ളപ്രചാരണം എല്ലാ അതിരും ലംഘിക്കുകയാണ്. ആക്രമണങ്ങള്‍ക്ക് തകര്‍ക്കാനാവാത്ത പ്രസ്ഥാനത്തെ കള്ളക്കേസുകളും അപവാദപ്രചാരണവും വഴി ക്ഷീണിപ്പിക്കാനാണ് നോട്ടം. എന്നാല്‍, ഇതെല്ലാം ചെറുക്കാന്‍ ഇടതുപക്ഷപ്രസ്ഥാനത്തിനു കരുത്തുണ്ടെന്ന പ്രഖ്യാപനമാണ് വിമോചനസമരത്തിന് അമ്പതുവര്‍ഷമാകുമ്പോള്‍ കേരളം മുഴക്കുന്നത്; ഇനിയുമൊരു സമരാഭാസത്തിന് ഇവിടെ ഇടമില്ലെന്നും.

ദേശാഭിമാനി

Wednesday, July 29, 2009

രാജ്യം കണ്ട വലിയ അഴിമതി

കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രാലയം സ്വകാര്യ മൊബൈല്‍ കമ്പനികള്‍ക്ക് രണ്ടാംതലമുറ (2ജി) സ്പെക്ട്രം അനുവദിച്ചതില്‍ കോടികളുടെ അഴിമതി നടന്നെന്ന വാര്‍ത്ത വന്നിട്ട് നാളേറെയായി. മൊബൈല്‍രംഗത്തെ രണ്ടു കടലാസു കമ്പനികള്‍ക്ക് 2ജി സ്പെക്ട്രം തുച്ഛവിലയ്ക്ക് നല്‍കുകയും ആ കമ്പനികള്‍ വന്‍കിട വിദേശകമ്പനികള്‍ക്ക് ഓഹരി വിറ്റ് ഭീമന്‍ലാഭം നേടുകയുംചെയ്തു. അതുവഴി രാജ്യത്തിനുണ്ടായ നഷ്ടം 60,000 കോടി കവിയും. കഴിഞ്ഞ യുപിഎ സര്‍ക്കാരിന്റെ കാലത്ത് പുറത്തുവന്ന ഈ അഴിമതി രാജ്യത്ത് സമാനതകളില്ലാത്തതാണ്.

സ്പെക്ട്രം അഴിമതിയെക്കുറിച്ച് സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷിക്കണമെന്നാണ് തിങ്കളാഴ്ച രാജ്യസഭയില്‍ പ്രതിപക്ഷം ആവശ്യപ്പെട്ടത്. സ്പെക്ട്രം അഴിമതി സംബന്ധിച്ച് പ്രതിപക്ഷ അംഗങ്ങള്‍ ഉന്നയിച്ചചോദ്യങ്ങള്‍ക്ക് വകുപ്പുമന്ത്രി എ രാജയ്ക്ക് വ്യക്തമായ മറുപടി നല്‍കാനായില്ല. പാര്‍ലമെന്ററി സമിതിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന ആവശ്യം സര്‍ക്കാര്‍ നിരാകരിച്ചു. മൊബൈല്‍രംഗത്ത് പശ്ചാത്തലസൌകര്യങ്ങളൊന്നും ഇല്ലാത്ത സ്വാന്‍, യൂണിടെക് എന്നീ കടലാസുകമ്പനികള്‍ക്കാണ് 2ജി സ്പെക്ട്രം തുച്ഛമായ വിലയ്ക്ക് നല്‍കിയത്. ഈ കമ്പനികള്‍ അവരുടെ അമ്പത് ശതമാനത്തിലധികം ഓഹരികള്‍ വിദേശകമ്പനികള്‍ക്ക് നല്‍കി പലമടങ്ങാണ് ലാഭമുണ്ടാക്കിയത്. നേര്‍വഴിയില്‍ വിദേശ കമ്പനികള്‍ക്ക് സ്പെക്ട്രം അനുവദിച്ചിരുന്നെങ്കില്‍ കിട്ടുമായിരുന്ന അറുപതിനായിരം കോടി രൂപയാണ് ഇതുമൂലം രാജ്യത്തിന് നഷ്ടമായത്. രണ്ടായിരത്തൊന്നില്‍ ആദ്യമായി 2ജി സ്പെക്ട്രം ലൈസന്‍സ് അനുവദിച്ച അതേ തുകയ്ക്കാണ് ഏഴുവര്‍ഷത്തിനുശേഷവും ലൈസന്‍സ് അനുവദിച്ചത്. ലേലത്തിലൂടെ ലൈസന്‍സ് നല്‍കണമെന്ന ആവശ്യം തള്ളിക്കളഞ്ഞ സര്‍ക്കാര്‍ ആദ്യം സമീപിക്കുന്നവര്‍ക്ക് ലൈസന്‍സ് നല്‍കുക എന്ന നയമാണ് സ്വീകരിച്ചത്. ലൈസന്‍സ് നേടിയ സ്വാന്‍ കമ്പനി അവരുടെ ഓഹരികള്‍ യുഎഇയിലെ എത്തിസലാട്ടിനും യൂണിടെക് കമ്പനി നോര്‍വെയിലെ ടെലിനോറിനുമാണ് വിറ്റത്. സ്വന്തമായി ഒരു ടവര്‍പോലുമില്ലാതെയാണ് സ്വാന്‍ കമ്പനി പതിമൂന്ന് സര്‍ക്കിളില്‍ 2ജി സ്പെക്ട്രം ലൈസന്‍സ് നേടിയത്. 1537 കോടി രൂപയ്ക്ക്. ഈ കമ്പനിയുടെ 45 ശതമാനം ഓഹരികള്‍ 4289.7 കോടി രൂപയ്ക്കാണ് യുഎഇയിലെ ടെലികോം കുത്തകയായ എത്തിസലാട്ടിന് വിറ്റത്. 1651 കോടി രൂപയ്ക്ക് ലൈസന്‍സ് നേടിയ യൂണിടെക് അവരുടെ അറുപത് ശതമാനം ഓഹരികള്‍ 6120 കോടി രൂപയ്ക്ക് ടെലിനോറിന് വിറ്റു. അതായത്, ഇടനിലക്കാരായി നിന്നവര്‍ മുടക്കുമുതലിന്റെ നാലും അഞ്ചും ഇരട്ടി തട്ടിയെടുത്തെന്നര്‍ഥം. ലേലത്തിലൂടെ ലൈസന്‍സ് അനുവദിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ ലഭിച്ചതിന്റെ ആറിരട്ടിയെങ്കിലും പണം ലഭിച്ചേനേ. രാജ്യം കണ്ട ഏറ്റവും വലിയ കുംഭകോണമാണിത്.

സര്‍ക്കാരിന് കിട്ടേണ്ട പണം നഷ്ടപ്പെട്ടത് എങ്ങനെയെന്ന് അന്വേഷിക്കണം. അതിന് ഉത്തരവാദികളാരായാലും നിയമത്തിനുമുന്നില്‍ കൊണ്ടുവരണം. ഈ കമ്പനികള്‍ക്ക് ഓഹരി വില്‍ക്കാന്‍ അധികാരമുണ്ടോ എന്നുമാത്രം പരിശോധിച്ച് തലയൂരാനാണ് യുപിഎ സര്‍ക്കാര്‍ ശ്രമിക്കുന്നത്. ദേശീയവിഭവങ്ങള്‍ ചുളുവിലയ്ക്ക് വിറ്റഴിക്കുന്നത് ആശാസ്യമല്ല.

രണ്ടാംതലമുറ സ്പെക്ട്രം അനുവദിക്കുന്നതിന് സ്വീകരിച്ച നയം സംബന്ധിച്ച് കൂടുതല്‍ വ്യക്തത ആവശ്യപ്പെട്ട് കേന്ദ്ര വിജിലന്‍സ് കമീഷന്‍ ടെലികോം വകുപ്പിന് രണ്ടുതവണ കത്തയച്ചിരുന്നു. അനുവദിച്ച സ്പെക്ട്രത്തിന്റെ പരമാവധി ഉപയോഗം വിലയിരുത്തല്‍, ഇത് നിര്‍ണയിക്കാന്‍ ഉപയോഗിച്ച രീതി തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തതയില്ലെന്നാണ് കത്തില്‍ വിജിലന്‍സ് ചൂണ്ടിക്കാട്ടിയത്. എല്ലാ മാനദണ്ഡവും ലംഘിച്ചാണ് ഈ ഇടപാട് നടന്നത്. ടെലികോം മേഖലയില്‍ സാങ്കേതിക വിദ്യയുടെ കുതിപ്പാണുണ്ടാകുന്നത്. ഈ മേഖല സ്വകാര്യകമ്പനികള്‍ക്ക് നല്‍കിയതോടെ അഴിമതിയുടെ വലിയ വാതിലാണ് തുറന്നത്. നരസിംഹ റാവുവിന്റെ മന്ത്രിസഭയില്‍ ടെലികോം വകുപ്പ് കൈകാര്യം ചെയ്ത സുഖ്റാം ടെലികോംവകുപ്പിനെ കൊള്ളയടിച്ചുകൊണ്ടാണ് കുപ്രസിദ്ധി നേടിയത്. കേസിനോടനുബന്ധിച്ച് സുഖ്റാമിന്റെ വീട് റെയ്ഡ് ചെയ്തപ്പോള്‍ ചാക്കില്‍ കെട്ടിവച്ച 3.6 കോടി രൂപ കണ്ടെത്തിയത് രാജ്യത്തെ അമ്പരപ്പിച്ച അനുഭവമായിരുന്നു. ഇതുസംബന്ധിച്ച ഒരു കേസില്‍ ഡല്‍ഹി ഹൈക്കോടതി സുഖ്റാമിന് മൂന്നുകൊല്ലത്തെ തടവുശിക്ഷയാണ് വിധിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പ് ലാക്കാക്കി നടന്നതാണ് 2ജി സ്പെക്ട്രം അഴിമതി. പ്രതിരോധവും ടെലികോമുമാണ് കോണ്‍ഗ്രസിന്റെ പ്രധാന വരുമാന സ്രോതസ്സുകള്‍. ഇസ്രയേലി ആയുധക്കരാറടക്കമുള്ളവയാണ് പ്രതിരോധ മേഖലയില്‍ അഴിമതിക്കായി ചെയ്ത കാര്യങ്ങളെങ്കില്‍, ടെലികോം രംഗത്ത് നടത്തിയ ഏറ്റവും വലിയ അഴിമതി 2ജി സ്പെക്ട്രം അനുവദിച്ചതാണ്.

ഒരു സ്ഥാനാര്‍ഥിക്ക് സ്വകാര്യമായി ചുരുങ്ങിയത് ഒരുകോടി രൂപ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് രഹസ്യമായി നല്‍കി എന്ന് സംശയരഹിതമായി വ്യക്തമാക്കുന്ന തെളിവുകള്‍ പുറത്തുവന്നിട്ടുണ്ട്. അതുമാത്രം കണക്കാക്കിയാല്‍ അഞ്ഞൂറുകോടി രൂപ വേണം. അക്കൌണ്ടില്‍ പെടാതെ യഥാര്‍ഥത്തില്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ ഒഴുക്കിയ പണം അതിന്റെ എത്രയോ മടങ്ങുവരും. കോണ്‍ഗ്രസ് നേതൃതലത്തില്‍ എടുത്ത തീരുമാനത്തിന്റെ ഫലമാണ് ഈ അഴിമതി എന്നത് സാമാന്യ ബുദ്ധിയുള്ളവര്‍ക്കാകെ മനസ്സിലാകും. അടിമുടി അഴിമതിയില്‍ മുങ്ങിനില്‍ക്കുകയാണ് ആ പാര്‍ടി. അവരാണ് അഴിമതിയില്ലാത്ത അഴിമതിക്കേസുകള്‍ ഉയര്‍ത്തിപ്പിടിച്ച് അഴിമതിവിരുദ്ധ ഗീര്‍വാണവുമായി ജനങ്ങള്‍ക്കു മുന്നിലെത്തുന്നത്. എത്ര ഉന്നത തലത്തിലെടുത്ത തീരുമാനമായാലും ടെലികോം അഴിമതിക്ക് ഉത്തരവാദികളായവര്‍ രക്ഷപ്പെട്ടുകൂടാ. അഴിമതിക്കാരെക്കൊണ്ട് കണക്കുപറയിപ്പിക്കാനുള്ള ബഹുജനപ്രക്ഷോഭവും നിയമനടപടികളും ശക്തമായി മുന്നോട്ടുപോകേണ്ടതുണ്ട്. തിങ്കളാഴ്ച ഇടതുപക്ഷം ഈ പ്രശ്നം ഉയര്‍ത്തിയപ്പോള്‍, പ്രതിപക്ഷത്തെ മറ്റു കക്ഷികളും പിന്തുണയ്ക്കുകയും ഇറങ്ങിപ്പോക്കില്‍ ചേരുകയുംചെയ്തു. അത്തരം കൂട്ടായ്മ പാര്‍ലമെന്റിനു പുറത്തും രൂപീകരിച്ച് കൂടുതല്‍ ശക്തമായ മുന്നേറ്റം സൃഷ്ടിക്കേണ്ടതുണ്ട്.

ദേശാഭിമാനി മുഖപ്രസംഗം 2009 ജൂലൈ 29

Tuesday, July 28, 2009

അമേരിക്കയ്ക്ക് കീഴടങ്ങുന്നതിനെതിരെ ...

ഇന്ത്യയെ അമേരിക്കയ്ക്ക് കീഴ്പ്പെടുത്തുന്ന നയങ്ങള്‍ക്കെതിരെ ദേശാഭിമാനബോധമുള്ള പ്രതിപക്ഷം നടത്തിയ പോരാട്ടമാണ് പാര്‍ലമെന്റില്‍ കഴിഞ്ഞ ഒരാഴ്ചത്തെ ശ്രദ്ധേയമായ പ്രവര്‍ത്തനം. ന്യായീകരിക്കാനാവാതെ നിശ്ശബ്ദമായിപ്പോയ ഗവണ്‍മെന്റ് രാജ്യതാല്‍പര്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതില്‍ എത്ര ദുര്‍ബ്ബലരാണെന്ന് അവരുടെ വാക്കുകളും തെളിയിച്ചു.

അമേരിക്കയുമായി ഇന്ത്യ ഒപ്പിട്ട എന്‍ഡ് യൂസ് മോണിട്ടറിങ് കരാര്‍ പാര്‍ലമെന്റിന്റെ ഇരു സഭകളെയും പിടിച്ചുകുലുക്കിയ സംഭവവികാസങ്ങള്‍ക്ക് വഴിതെളിച്ചു. അമേരിക്കയുമായുള്ള ബന്ധത്തിലും ആണവ കരാര്‍ വിഷയത്തിലും ഇടതുപക്ഷം മുമ്പ് ഉയര്‍ത്തിയതും മുന്‍ യുപിഎ സര്‍ക്കാരിന് പിന്തുണ പിന്‍വലിക്കുന്നതിലേക്ക് നയിച്ചതുമായ ആശങ്കകള്‍ ഒന്നൊന്നൊയി യാഥാര്‍ഥ്യമാണെന്ന് തെളിഞ്ഞത് ഇരു സഭകളിലും തുറന്നുകാട്ടപ്പെട്ടു. അതിന് പകരമെന്നോണം ഗവണ്‍മെന്റ് സ്വീകരിച്ച മറ്റൊരു നിലപാട് അവരുടെ രാഷ്ട്രീയ അജ്ഞതയെയും കാര്യഗൌരവമില്ലായ്മയെയും തുറന്നുകാട്ടി. ആഭ്യന്തരവകുപ്പിന്റെ ധനാഭ്യര്‍ഥനക്ക് മറുപടി പറഞ്ഞ മന്ത്രി ചിദംബരം മാവോയിസ്റ്റുകളുടെ അക്രമത്തെ ന്യായീകരിക്കുകയും സിപിഐ എമ്മിനെ കുറ്റപ്പെടുത്തുകയും ചെയ്തു. ഇരു സന്ദര്‍ഭങ്ങളിലും കേന്ദ്ര സര്‍ക്കാരിനെ നയിക്കുന്ന കക്ഷിയുടെ രാഷ്ട്രീയ പാപ്പരത്തമാണ് പ്രകടമായത്.

ജൂലൈ 21നായിരുന്നു ഇന്ത്യ-അമേരിക്ക കരാറിനെക്കുറിച്ചുള്ള പരാമര്‍ശങ്ങളാല്‍ പാര്‍ലമെന്റ് പ്രക്ഷുബ്ദ്ധമായത്. അമേരിക്കയില്‍ നിന്ന് വാങ്ങുന്ന പ്രതിരോധ ഉപകരണങ്ങളും ആയുധങ്ങളും ഉപയോഗിക്കുന്ന ഇന്ത്യയിലെ ഏത് കേന്ദ്രത്തിലും പരിശോധന നടത്താന്‍ അമേരിക്കയെ അനുവദിക്കുന്ന കരാര്‍ രാജ്യത്തിന്റെ പരമാധികാരം പണയപ്പെടുത്തലാണെന്ന് ആരോപിച്ച് ലോക്സഭയിലും രാജ്യസഭയിലും പ്രതിപക്ഷാംഗങ്ങള്‍ ഗവണ്‍മെന്റിന്റെ വിശദീകരണം ആവശ്യപ്പെട്ടു. അമേരിക്കയുമായി ഒപ്പിട്ട കരാറിന്റെ കോപ്പി സഭയുടെ മേശപ്പുറത്ത് വെക്കണമെന്ന് ബിജെപിയിലെ യശ്വന്ത്സിന്‍ഹ ആവശ്യപ്പെട്ടു. ഫ്രാന്‍സും റഷ്യയുമായി ആയുധ ഇടപാട് നടത്തിയപ്പോഴൊന്നുമില്ലാത്ത ഒരു കരാര്‍ അമേരിക്കയുമായി ഒപ്പിട്ടതിനെ അദ്ദേഹം ചോദ്യംചെയ്തു. സിപിഐ എം അടക്കമുള്ള ഇടതുപക്ഷ പാര്‍ടികള്‍ ആണവ കരാറിന്റെ കാര്യത്തില്‍ യുപിഎ സര്‍ക്കാര്‍ അമേരിക്കക്ക് കീഴടങ്ങിയത് പല മേഖലകളിലേക്കും വ്യാപിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി. ഗവണ്‍മെന്റ് പ്രസ്താവന നടത്തിയേതീരൂ എന്ന പ്രതിപക്ഷാംഗങ്ങളുടെ ശക്തമായ ആവശ്യത്തിനു മുന്നില്‍ ഗവണ്‍മെന്റ് കീഴടങ്ങി. അന്നുതന്നെ സഭയില്‍ ഗവണ്‍മെന്റ് പ്രസ്താവന നടത്തുമെന്ന് പാര്‍ലമെന്ററി കാര്യ മന്ത്രി പവന്‍കുമാര്‍ ബന്‍സല്‍ അറിയിച്ചതോടെയാണ് പ്രതിഷേധം താല്‍ക്കാലികമായി അവസാനിച്ചത്.

വൈകിട്ട് നാലിന് ലോക്സഭയില്‍ വിദേശകാര്യ മന്ത്രി എസ് എം കൃഷ്ണ പ്രസ്താവന നടത്തി. രാജ്യതാല്‍പര്യങ്ങള്‍ അടിയറ വെച്ചിട്ടില്ലെന്നും ഏത് ആയുധ ഇടപാടിലും ഇത്തരം കരാറുണ്ടാകുമെന്നുമായിരുന്നു മന്ത്രിയുടെ വിശദീകരണം. അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറിയുമായി ചേര്‍ന്ന് വിദേശകാര്യമന്ത്രി നടത്തിയ സംയുക്ത പ്രസ്താവനയും മന്ത്രിയുടെ പ്രസ്താവനക്കൊപ്പം മേശപ്പുറത്തുവെച്ചു.

ആയുധം വാങ്ങുന്നതിന്റെ പേരില്‍ രാജ്യത്തുള്ള ഏത് സൈനികകേന്ദ്രത്തിലും വിദേശരാജ്യത്തിന്റെ പ്രതിനിധികളെ കയറിയിറങ്ങാന്‍ അനുവദിക്കുന്നത് രാജ്യത്തിന്റെ പരമാധികാരം പണയപ്പെടുത്തലല്ലാതെ മറ്റെന്താണെന്ന ചോദ്യത്തിന് മറുപടി പറയാന്‍ വിദേശമന്ത്രിക്ക് കഴിഞ്ഞില്ല. ദുര്‍ബ്ബലമായ വാദമുഖങ്ങള്‍ നിറച്ച ഒരു പ്രസ്താവനയല്ലാതെ പ്രതിപക്ഷാംഗങ്ങളുടെ ചോദ്യത്തിനൊന്നും മറുപടി നല്‍കാന്‍ കഴിയാതെ മന്ത്രി എസ് എം കൃഷ്ണ കുഴങ്ങി. കൃഷ്ണയെ സഹായിക്കാന്‍ ഭരണപക്ഷത്തുനിന്ന് ആരും രംഗത്തെത്തിയില്ല എന്നതും ശ്രദ്ധിക്കപ്പെട്ടു.

ഇന്ത്യയുടെ സൈനികകേന്ദ്രങ്ങളില്‍ പരിശോധന നടത്താന്‍ വിദേശശക്തികളെ അനുവദിക്കില്ലെന്ന പ്രധാനമന്ത്രിയുടെ ഉറപ്പ് ലംഘിക്കപ്പെട്ടുവെന്ന് പ്രതിപക്ഷനേതാവ് എല്‍ കെ അദ്വാനി പറഞ്ഞു. എന്നാല്‍ ആണവ കരാറിന്റെ തുടര്‍നടപടികള്‍ക്ക് അമേരിക്ക പുതിയ വ്യവസ്ഥകള്‍ വെച്ചതിനെപ്പറ്റി ബിജെപി മൌനംപാലിച്ചു. അമേരിക്കന്‍ താല്‍പര്യങ്ങള്‍ക്ക് പൂര്‍ണ്ണമായി കീഴടങ്ങുകയാണ് കേന്ദ്ര സര്‍ക്കാരെന്ന് സിപിഐ എം നേതാവ് ബസുദേവ് ആചാര്യ പറഞ്ഞു. ശരദ് യാദവ്, മുലായംസിങ് യാദവ് തുടങ്ങിയ അംഗങ്ങളും ഗവണ്‍മെന്റിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തി. രാജ്യതാല്‍പര്യത്തിനെതിരായി ഗവണ്‍മെന്റ് ഒന്നും ചെയ്യില്ലെന്ന ഒഴുക്കന്‍ മട്ടിലുള്ള മറുപടിയാണ് വിദേശമന്ത്രിയില്‍ നിന്നുണ്ടായത്. ഗവണ്‍മെന്റിന്റെ നിരുത്തരവാദിത്വത്തില്‍ പ്ര്രതിഷേധിച്ച് പ്രതിപക്ഷാംഗങ്ങള്‍ ഇറങ്ങിപ്പോയി.

രാജ്യസഭയിലും ഇതേ പ്രസ്താവന ആവര്‍ത്തിച്ചു. ഇവിടെയും പ്രതിപക്ഷത്തിന്റെ ശക്തമായ ആക്രമണമാണ് ഗവണ്‍മെന്റിന് നേരിടേണ്ടിവന്നത്. ഇന്ത്യയുടെ സൈനികകേന്ദ്രങ്ങളില്‍ പരിശോധന നടത്താന്‍ അമേരിക്കയെ അനുവദിച്ചതുവഴി രാജ്യത്തിന്റെ പരമാധികാരം അടിയറ വെച്ചിരിക്കുന്നുവെന്ന് സിപിഐ എം അംഗം സീതാറാം യെച്ചൂരി പറഞ്ഞു. ആണവ കരാറിന്റെ കാര്യത്തിലും ഇന്ത്യയെ കാല്‍ക്കീഴില്‍ നിര്‍ത്തുന്ന നടപടിയാണ് അമേരിക്കയുടേത്. എന്‍പിടിയിലും സിടിബിടിയിലും ഒപ്പിടാതെ ആണവ സാങ്കേതികവിദ്യ ലഭിക്കില്ലെന്ന് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ഹിലാരി ക്ളിന്റന്റെ ഇന്ത്യാ സന്ദര്‍ശനത്തോടെ ഉറപ്പായി. കാലാവസ്ഥാ വ്യതിയാനത്തിന്റെ കാര്യത്തിലും വികസിതരാജ്യങ്ങളുടെ വളര്‍ച്ചക്കുവേണ്ടി കൂടുതല്‍ ബാധ്യതകള്‍ ഏറ്റെടുക്കാന്‍ ഇന്ത്യയെപ്പോലുള്ള വികസ്വരരാജ്യങ്ങളെ നിര്‍ബ്ബന്ധിക്കുകയാണ് അമേരിക്ക. ഇറാനുമായുള്ള ബന്ധം കൂടുതല്‍ വഷളാക്കണമെന്ന അമേരിക്കന്‍ നിര്‍ബ്ബന്ധത്തിനും ഇന്ത്യ കീഴടങ്ങുന്നു. ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കുന്ന നടപടികളാണിവയെന്ന് സീതാറാം യെച്ചൂരി പറഞ്ഞു.

ധാരാളം രാജ്യങ്ങളില്‍ നിന്ന് ഇന്ത്യ ആയുധം വാങ്ങുന്നുണ്ട്. അവരെയെല്ലാം ഇന്ത്യയുടെ സൈനികകേന്ദ്രങ്ങളില്‍ അലഞ്ഞുതിരിയാന്‍ അനുവദിച്ചിട്ടുണ്ടോ എന്ന് വൃന്ദ കാരാട്ട് ചോദിച്ചു. മുമ്പ് ഇത്തരം അനുമതി നല്‍കിയിട്ടുണ്ടോ എന്ന് ഗവണ്‍മെന്റ് വ്യക്തമാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. അമേരിക്കന്‍ ഉദ്യോഗസ്ഥരെ ഇന്ത്യന്‍ സൈനികകേന്ദ്രങ്ങളില്‍ പ്രവേശിക്കാന്‍ അനുവദിക്കരുതെന്ന് ബിജെപി നേതാവ് അരുണ്‍ ജയ്റ്റ്ലി പറഞ്ഞു.

രണ്ട് രാജ്യങ്ങള്‍ തമ്മില്‍ കരാറുണ്ടാക്കുന്നതിന് ചില 'വിലപേശലുകള്‍' നടത്തേണ്ടിവരുമെന്ന വിദേശമന്ത്രിയുടെ പരാമര്‍ശം രാജ്യസഭയെ അക്ഷരാര്‍ഥത്തില്‍ പിടിച്ചുകുലുക്കി. വിലപേശല്‍ എന്ന പ്രയോഗം കൊണ്ടുതന്നെ ഇന്ത്യയുടെ പരമാധികാരം വച്ച് വിലപേശിയെന്ന പ്രതിപക്ഷാരോപണം ശരിയാണെന്ന് ഗവണ്‍മെന്റ് സമ്മതിക്കുന്നതിന് തുല്യമായി. ഇന്ത്യയുടെ പരമാധികാരം വച്ച് വിലപേശുമെന്നാണോ ഗവണ്‍മെന്റ് അര്‍ഥമാക്കുന്നതെന്ന് ചോദിച്ച് പ്രതിപക്ഷാംഗങ്ങള്‍ ശക്തമായ പ്രതിഷേധമുയര്‍ത്തി. ഇന്ത്യയുടെ പരമാധികാരത്തില്‍ തൊട്ടുകളിക്കാന്‍ ഒരു രാജ്യത്തെയും അനുവദിക്കില്ലെന്ന് പ്രഖ്യാപിക്കാന്‍ തയ്യാറുണ്ടോ എന്ന് പ്രതിപക്ഷാംഗങ്ങള്‍ ചോദിച്ചപ്പോഴും വിദേശമന്ത്രി മൌനം പാലിച്ചു. സുപ്രധാനമായ ഒരു വിഷയത്തില്‍ ഗവണ്‍മെന്റ് നടത്തുന്ന ഒളിച്ചുകളിയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷാംഗങ്ങള്‍ ഇറങ്ങിപ്പോയി.

മുന്‍ രാഷ്ട്രപതി ഡോ. എ പി ജെ അബ്ദുള്‍കലാമിനെ ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അമേരിക്കന്‍ വിമാനക്കമ്പനിയായ കോണ്ടിനെന്റലിന്റെ ഉദ്യോഗസ്ഥര്‍ ദേഹപരിശോധനയ്ക്ക് വിധേയമാക്കുകയും അപമാനിക്കുകയും ചെയ്ത സംഭവം രാജ്യസഭയില്‍ പ്രക്ഷുബ്ധമായ രംഗങ്ങള്‍ സൃഷ്ടിച്ചു. കോണ്ടിനെന്റല്‍ വിമാനക്കമ്പനിയുടെ ഇന്ത്യയിലെ പ്രവര്‍ത്തനം നിര്‍ത്തിവെപ്പിക്കണമെന്ന് ഇടതുപക്ഷ അംഗങ്ങള്‍ ആവശ്യപ്പെട്ടു. മറ്റ് പ്രതിപക്ഷ പാര്‍ടികളും ബിജെപിയും ഇതേ ആവശ്യമുന്നയിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി നടപടിയെടുക്കാമെന്ന് കേന്ദ്ര വ്യോമയാനമന്ത്രി പ്രഭുല്‍ പട്ടേല്‍ അറിയിച്ചു.

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ നേരിടുന്ന കടുത്ത വരള്‍ച്ച മൂലം കാര്‍ഷികരംഗം വലിയ തകര്‍ച്ച നേരിടുകയാണെന്ന് സിപിഐ എം നേതാവ് ബസുദേവ് ആചാര്യ ചര്‍ച്ചയില്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ അടിയന്തിര നടപടികളെടുത്തില്ലെങ്കില്‍ ദരിദ്ര കര്‍ഷകര്‍ പട്ടിണിയിലാകും. പല സ്ഥലങ്ങളിലും കുടിവെള്ളമില്ല. ഗ്രാമങ്ങളില്‍ ഇതുമൂലം പകര്‍ച്ചവ്യാധി വ്യാപിക്കുന്നു. വരള്‍ച്ച ഗ്രാമങ്ങളെയും ദരിദ്രരെയുമാണ് ഏറ്റവും ദോഷകരമായി ബാധിക്കുന്നത്. കടുത്ത വിലക്കയറ്റത്തിനും ഇതിടയാക്കും. വരള്‍ച്ച നേരിടാന്‍ ഹ്രസ്വകാല, ദീര്‍ഘകാല പരിഹാര നടപടികള്‍ വേണം. ഇതുസംബന്ധിച്ച് ശാസ്ത്രജ്ഞരും രാഷ്ട്രീയനേതാക്കളും കൂട്ടായി ആലോചിക്കണം. മുഖ്യമന്ത്രിമാരുടെ സമ്മേളനം ഉടന്‍ വിളിച്ചുചേര്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ശരദ് യാദവ്, മുലായംസിങ് യാദവ്, ഗോപിനാഥ് മുണ്ടെ, ഭര്‍തൃഹരി മെഹ്ത്താബ് തുടങ്ങിയവരും ചര്‍ച്ചയില്‍ പങ്കെടുത്തു. എന്നാല്‍ ചര്‍ച്ചയ്ക്ക് മറുപടി പറയാന്‍ കൃഷിമന്ത്രി ശരദ് പവാറോ സഹമന്ത്രിമാരോ ഉണ്ടായിരുന്നില്ല.

വിദ്യാഭ്യാസ അവകാശബില്‍ രാജ്യസഭ ചര്‍ച്ച ചെയ്ത് അംഗീകരിച്ചു. പ്രീ-സ്കൂള്‍ മുതല്‍ പ്ളസ്ടു വരെയുള്ള പഠനത്തെ വിദ്യാഭ്യാസ അവകാശ ബില്ലിന്റെ പരിധിയില്‍ കൊണ്ടുവരണമെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത പി രാജീവ് ആവശ്യപ്പെട്ടു. നിലവില്‍ ഒന്നു മുതല്‍ എട്ടുവരെ ക്ളാസുകളാണ് ബില്ലിന്റെ പരിധിയില്‍ വരുന്നത്. പതിന്നാലുവയസ്സു വരെ വിദ്യാഭ്യാസം കുട്ടികളുടെ മൌലികാവകാശമായിരിക്കണമെന്നാണ് 1993 ല്‍ ഉണ്ണികൃഷ്ണന്‍ കേസില്‍ സുപ്രീംകോടതി വിധിച്ചത്. ആറുവയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കും സൌജന്യവിദ്യാഭ്യാസം ഉറപ്പുവരുത്തണമെന്ന് വിധിയില്‍ പറയുന്നു. എന്നാല്‍ ഭരണഘടനയുടെ 21 എ അനുച്ഛേദമായി ഉള്‍പ്പെടുത്തിയ 86-ാം ഭരണഘടനാ ഭേദഗതി വിദ്യാഭ്യാസം മൌലികാവകാശമെന്നത് ആറു മുതല്‍ പതിന്നാല് വയസ്സുവരെയാക്കി ഒതുക്കി. പതിനെട്ട് വയസ്സുവരെ വിദ്യാഭ്യാസം സൌജന്യമായിരിക്കണമെന്ന് നിര്‍ദേശിക്കുന്ന ശിശു അവകാശം സംബന്ധിച്ച യുഎന്‍ ചട്ടത്തില്‍ ഇന്ത്യയും ഒപ്പുവെച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്ളസ്ടു ഘട്ടം വരെയും സൌജന്യ വിദ്യാഭ്യാസത്തിന് അവസരമൊരുക്കണം.

ആകെ 200 കോടി രൂപ മാത്രമാണ് സ്കൂള്‍ വിദ്യാഭ്യാസത്തിന് ഈ വര്‍ഷം നീക്കിവെച്ചിരിക്കുന്നത്. സര്‍ക്കാരിന്റെ സമീപനം ഇതാണെങ്കില്‍ വിദ്യാഭ്യാസ അവകാശമെന്നത് സഫലീകരിക്കാത്ത സ്വപ്നമായി തുടരും. സാമ്പത്തികഭാരത്തിന്റെ വലിയ പങ്കും കേന്ദ്രം തന്നെ വഹിക്കണം. ഫണ്ടിങ്ങിന്റെ കാര്യത്തില്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും ഒരേ മാനദണ്ഡം തന്നെയാണ് കേന്ദ്രം പിന്തുടരുന്നത്. ഇത് മാറ്റി അതത് സംസ്ഥാനങ്ങളുടെ സവിശേഷ സാഹചര്യത്തിനനുസരിച്ച് സഹായം നല്‍കുന്ന വ്യവസ്ഥ കൊണ്ടുവരണം.

സര്‍ക്കാരിന്റെ സാമ്പത്തിക പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന എല്ലാ സ്കൂളുകളിലും അധ്യാപകനിയമനത്തില്‍ സംവരണ തത്വങ്ങള്‍ പാലിക്കണം. അംഗവൈകല്യമുള്ള കുട്ടികള്‍ക്ക് നല്‍കേണ്ട വിദ്യാഭ്യാസം സംബന്ധിച്ച് ബില്ലിലെ വ്യവസ്ഥ ഏറെ സങ്കീര്‍ണമാണ്. ഓട്ടിസം, സെറിബ്രല്‍ പാള്‍സി എന്നീ വൈകല്യങ്ങളുള്ള കുട്ടികളെ കൂടി അംഗവൈകല്യമുള്ള കുട്ടികളുടെ വിഭാഗത്തില്‍ ഉള്‍പ്പെടുത്തണമെന്നും രാജീവ് ചര്‍ച്ചയില്‍ ആവശ്യപ്പെട്ടു.

വിദ്യാഭ്യാസ മേഖലയെ കൂടുതല്‍ സ്വകാര്യവല്‍ക്കരിക്കുന്നതിനുള്ള നടപടികളുമായാണ് യുപിഎ സര്‍ക്കാര്‍ മുന്നോട്ടുനീങ്ങുന്നതെന്ന് ലോക്സഭയില്‍ മാനവ വിഭവശേഷി വകുപ്പിന്റെ ധനാഭ്യര്‍ത്ഥന ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് പി കെ ബിജു പറഞ്ഞു. ഭരണഘടന നിലവില്‍ വന്ന് പത്തുവര്‍ഷത്തിനകം പതിന്നാല് വയസ്സുവരെയുള്ള എല്ലാ കുട്ടികള്‍ക്കും സൌജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസം ഉറപ്പുവരുത്തണമെന്നാണ് ഭരണഘടനയുടെ 45-ാം വകുപ്പില്‍ പറയുന്നത്. അംബാനി- ബിര്‍ല കമ്മിറ്റി, ദേശീയ വിജ്ഞാന കമീഷന്‍, യശ്പാല്‍ കമ്മിറ്റി റിപ്പോര്‍ട്ട് എന്നിവയുടെ ചുവടുപിടിച്ചുള്ള തീവ്ര സ്വകാര്യവല്‍ക്കരണ നിര്‍ദേശങ്ങളാണ് ബജറ്റിലുള്ളത്. വിദ്യാഭ്യാസ മേഖലയിലെ നിക്ഷേപത്തിന് കേന്ദ്രം തയ്യാറല്ല. ജിഡിപിയുടെ 3.02 ശതമാനമാണ് വിദ്യാഭ്യാസത്തിന് ചെലവഴിക്കുന്നത്. 2015 ആകുമ്പോഴേക്കും ഇത് 1.85 ശതമാനമായി കുറയും.

സര്‍വ്വശിക്ഷ അഭിയാനുള്ള വിഹിതവും സര്‍ക്കാര്‍ വെട്ടിക്കുറച്ചിരിക്കയാണ്. സാമ്പത്തികവളര്‍ച്ചയെക്കുറിച്ച് കോണ്‍ഗ്രസ് ഊറ്റംകൊള്ളുമ്പോഴും രാജ്യത്തെ സ്കൂളുകളുടെ അവസ്ഥ പരിതാപകരമാണ്. എസ്എസ്എയ്ക്കും ഉച്ചഭക്ഷണ പദ്ധതിക്കും ആവശ്യത്തിന് പണം നീക്കിവെക്കണം. എഐസിടിഇ, യുജിസി തുടങ്ങിയ സമിതികളെയൊക്കെ ഒഴിവാക്കി എന്‍സിഎച്ച്ഇആര്‍ രൂപീകരിക്കണമെന്ന യശ്പാല്‍ സമിതി റിപ്പോര്‍ട്ടിലെ നിര്‍ദേശം അംഗീകരിക്കാവുന്നതല്ല. വിദ്യാഭ്യാസ മേഖലയില്‍ നൂറുശതമാനം നേരിട്ടുള്ള വിദേശനിക്ഷേപം എന്ന യശ്പാല്‍ സമിതി റിപ്പോര്‍ട്ടിലെ ശുപാര്‍ശയും എതിര്‍ക്കപ്പെടേണ്ടതാണ്- ബിജു പറഞ്ഞു.

ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്റെ ധനാഭ്യര്‍ഥന ചര്‍ച്ചയിലും ജനപക്ഷത്തുനിന്നുള്ള ശബ്ദമുയര്‍ത്തിയത് ഇടതുപക്ഷമാണ്. രാജ്യസഭയില്‍ ചര്‍ച്ചയില്‍ പങ്കെടുത്ത വൃന്ദ കാരാട്ട്, ആരോഗ്യരംഗത്തുള്ള സ്വകാര്യസ്ഥാപനങ്ങള്‍ക്ക് സാമൂഹ്യനിയന്ത്രണം ഏര്‍പ്പെടുത്താന്‍ നിയമനിര്‍മ്മാണം നടത്തണമെന്ന് അഭിപ്രായപ്പെട്ടു. കഴിഞ്ഞ യുപിഎ സര്‍ക്കാരിന്റെ കാലത്ത് മൂന്ന് വാക്സിന്‍ നിര്‍മ്മാണ യൂണിറ്റുകള്‍ അടച്ചുപൂട്ടാനുള്ള സാഹചര്യമെന്തായിരുന്നുവെന്ന കാര്യത്തില്‍ അന്വേഷണം നടത്തണം. വാക്സിന്‍ നിര്‍മ്മാണ യൂണിറ്റുകള്‍ അടച്ചുപൂട്ടിയത് സ്വകാര്യവല്‍ക്കരണ നീക്കത്തിന്റെ ഭാഗമായാണ്. വാക്സിന്‍ ക്ഷാമത്തിന് ഇത് ഇടയാക്കി. ലക്ഷക്കണക്കിന് കുട്ടികള്‍ക്ക് വാക്സിന്‍ ലഭ്യമല്ലാത്ത സ്ഥിതി വന്നു. ഇക്കാര്യത്തില്‍ ഗവണ്‍മെന്റ് ഇറക്കിയ വിജ്ഞാപനത്തില്‍, വാക്സിന്‍ യൂണിറ്റുകള്‍ ബിസിജി ഇറക്കുമതി ചെയ്യുമെന്നാണ് പറയുന്നത്. എന്തുകൊണ്ടാണ് ബിസിജി ആഭ്യന്തരമായി ഉല്‍പ്പാദിപ്പിക്കാതെ ഇറക്കുമതി ചെയ്യുന്നതെന്ന് വ്യക്തമാക്കണം.

ആരോഗ്യരംഗത്ത് മെച്ചപ്പെട്ട പ്രവര്‍ത്തനം നടക്കുന്ന സംസ്ഥാനങ്ങളില്‍ സ്ത്രീകള്‍ക്ക് പ്രസവ സമയത്ത് നല്‍കുന്ന ധനസഹായം പിന്നോക്കം നില്‍ക്കുന്ന സംസ്ഥാനങ്ങളിലേതിനേക്കാള്‍ കുറവാണ്. ദരിദ്രരായ സ്ത്രീകള്‍ എല്ലാ സംസ്ഥാനത്തും ഒരേ ദുരിതമാണ് അനുഭവിക്കുന്നത്. അതുകൊണ്ട് സഹായത്തുക ഏകീകരിക്കണം. ആഷ പ്രവര്‍ത്തകര്‍ക്ക് കുറഞ്ഞ കൂലിയെങ്കിലും ഉറപ്പുവരുത്തണം. ആരോഗ്യരംഗത്തെ പശ്ചാത്തലസൌകര്യത്തിന്റെ കാര്യത്തില്‍ ഇപ്പോഴും സ്ഥിതി പരിതാപകരമാണ്. ഈ സ്ഥിതിക്ക് മാറ്റമുണ്ടാകണം. അതിനായി കൂടുതല്‍ തുക വകയിരുത്തണം. സംസ്ഥാനങ്ങള്‍ക്കും കൂടുതല്‍ സഹായങ്ങള്‍ നല്‍കണം. മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ കാര്യത്തിലും സര്‍ക്കാരിന്റെ നിയന്ത്രണമുണ്ടാകണം. ഇരുപത് ലക്ഷമൊക്കെ കോഴ കൊടുത്താണ് സ്വകാര്യ മെഡിക്കല്‍ കോളേജില്‍ പലരും പ്രവേശനം നേടുന്നത്. ഇവരുടെ നിലവാരം എങ്ങനെയാവുമെന്ന് ഊഹിക്കാമെന്നും വൃന്ദ പറഞ്ഞു.

ഊര്‍ജ പ്രതിസന്ധി പരിഹരിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് അഡ്വ. എ സമ്പത്ത് ഉര്‍ജവകുപ്പിന്റെ ധനാഭ്യര്‍ഥന ചര്‍ച്ചയില്‍ പങ്കെടുത്ത് ലോക്സഭയില്‍ ആവശ്യപ്പെട്ടു. പുതിയ ജലവൈദ്യൂത പദ്ധതികള്‍ നടപ്പാക്കണം. കാറ്റ്, സൂര്യപ്രകാശം തുടങ്ങിയ പാരമ്പര്യേതര ഊര്‍ജസ്രോതസ്സുകളില്‍നിന്ന് വൈദ്യൂതി ഉല്‍പാദിപ്പിക്കുന്നതിന് കൂടുതല്‍ തുക വകയിരുത്തണം. ജലവൈദ്യുതി ശേഷിയുടെ ഇരുപത് ശതമാനം മാത്രമാണ് നാം ചൂഷണം ചെയ്യുന്നത്. പൂയംകുട്ടി, അതിരപ്പള്ളി പദ്ധതികള്‍ക്കെതിരെയും പുതിയ ലൈനുകള്‍ വലിക്കുന്നതിനെതിരെയും ഉയരുന്ന പ്രക്ഷോഭങ്ങള്‍ ഈ രംഗത്തെ പ്രതിസന്ധി വഷളാക്കും. ഊര്‍ജമേഖലയുടെ സ്വകാര്യവല്‍ക്കരണം പ്രശ്നങ്ങള്‍ക്ക് പരിഹാരമാകില്ലെന്നും അദ്ദേഹം പറഞ്ഞു.

ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രി മായാവതിക്കെതിരെ പിസിസി പ്രസിഡന്റ് റീത്ത ബഹുഗുണ നടത്തിയ മോശം പരാമര്‍ശവും റീത്തയുടെ വീടിനുനേരേ നടന്ന ആക്രമണവും പാര്‍ലമെന്റിന്റെ ഇരുസഭകളിലും ശബ്ദായമാനമായ രംഗങ്ങള്‍ സൃഷ്ടിച്ചു. പാലക്കാട് ഐടിഐ സ്വകാര്യവല്‍ക്കരിക്കരുതെന്നും പൊതുമേഖലയില്‍ നിലനിര്‍ത്തണമെന്നും എം ബി രാജേഷ് ലോക്സഭയില്‍ ശൂന്യവേളയില്‍ ആവശ്യപ്പെട്ടു.

വി ജയിന്‍

വൈദ്യനൈതികതയും ഐഎംഎയും

പെപ്സിയുടെ ഉല്‍പ്പന്നങ്ങളായ ട്രോപിക്കാന പഴച്ചാര്‍, ക്വാക്കര്‍ഓട്ട്സ് എന്നിവ പ്രചരിപ്പിക്കുന്നതിന് ഐഎംഎ പെപ്സി കമ്പനിയുമായി കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്നു. ഏകദേശം ഒരുവര്‍ഷംമുമ്പ് പെപ്സിയുടെ ലഘുഭക്ഷണവിഭാഗമായ 'ഫ്രിട്ടോലെ ഇന്ത്യ'യുമായി മൂന്നുവര്‍ഷത്തെ കരാറിലാണ് ഐഎംഎ ഏര്‍പ്പെട്ടത്. ഇത് മെഡിക്കല്‍ കൌസില്‍ ഓഫ് ഇന്ത്യയുടെ സമൂലമായി പരിഷ്കരിച്ച വൈദ്യനൈതിക സംഹിതയുടെ നിയമാവലിയും പെരുമാറ്റച്ചട്ടങ്ങളും (2002, ആറാം അധ്യായം, ഒന്നാം ഖണ്ഡിക) അനുസരിച്ച് സദാചാരവിരുദ്ധവും നിയമലംഘനവുമാണ്. ഓരോ ഡോക്ടറും തന്റെ തൊഴിലുമായി ബന്ധപ്പെട്ടും അല്ലാതെയും പാലിക്കേണ്ട പെരുമാറ്റരീതികളുമാണ് സംഹിതയില്‍ പറഞ്ഞിരിക്കുന്നത്. ഇത് ലംഘിക്കുന്നത് ശിക്ഷാര്‍ഹവുമാണ്. സദാചാരവിരുദ്ധമായ പ്രവൃത്തികള്‍ എന്തൊക്കെയെന്ന് ആറാം അധ്യായത്തില്‍ പ്രതിപാദിച്ചിട്ടുണ്ട്. ഡോക്ടര്‍, ഡോക്ടര്‍മാര്‍, സ്ഥാപനങ്ങള്‍, സംഘടനകള്‍ എന്നിവര്‍ രോഗിയെ നേരിട്ടോ അല്ലാതെയോ പ്രലോഭിപ്പിക്കുന്നതിനുള്ള പരസ്യപ്രചാരപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ പാടില്ല. ഒരു ഡോക്ടര്‍ പ്രതിഫലത്തിനോ അല്ലാതെയോ ഏതെങ്കിലും മരുന്ന്, ഒറ്റമൂലി, ചികിത്സാ ഉപകരണങ്ങള്‍, രോഗനിര്‍ണയ ഉപാധികള്‍, വാണിജ്യ ഉല്‍പ്പന്നങ്ങള്‍... തുടങ്ങിയവയുടെ സവിശേഷത, ഗുണമേന്മ, ഉപയോഗം എന്നിവയെ സംബന്ധിച്ച് ഏതെങ്കിലുമൊരാള്‍ക്ക് പരസ്യപ്രചാരണത്തിന് ഉതകുന്നവിധത്തില്‍ തന്റെ പേരോ ഒപ്പോ ഫോട്ടോയോ പതിച്ച പ്രസ്താവനയോ പ്രശംസാപത്രമോ നല്‍കന്‍ പാടില്ല. ലളിതമായി പറഞ്ഞാല്‍ ഏതെങ്കിലും ഒരു ഉല്‍പ്പന്നം കമീഷന്‍ വാങ്ങി പ്രോത്സാഹിപ്പിക്കാന്‍ പാടില്ലെന്നര്‍ഥം.

പുതിയ കരാറിന്റെ ഭാഗമായി ഇനിമുതല്‍ ഡോക്ടര്‍മാരുടെ മരുന്നുകുറിപ്പില്‍ ട്രോപിക്കാന പഴച്ചാര്‍, ക്വാക്കര്‍ഓട്ട്സ് എന്നീ മരുന്നുകളുടെ പേരും കണ്ടേക്കാം. എന്നാലും അതിശയിക്കരുത്. ചോദ്യവുമരുത്. ഡോക്ടര്‍ എഴുതുന്ന മരുന്ന് വാങ്ങിക്കഴിക്കുകയാണല്ലോ രോഗിയുടെ കടമ. അടുത്തതായി കൊക്കകോളയും പേരിട്ട മറ്റൊരു ചോളപ്പൊടിയുമായി വന്നേക്കാം. അതും രോഗികള്‍ കഴിക്കേണ്ടിവരും. അതേസമയം, കരാറിനെ സംബന്ധിച്ച വിവരങ്ങള്‍ കേരളത്തില്‍ പുറത്ത് വരാതെയിരിക്കുന്നതിന് ഗൂഢാലോചന നടക്കുന്നുണ്ട്. ദൃശ്യമാധ്യമങ്ങളുടെ കുത്തൊഴുക്കിന്റെ ഇന്നത്തെക്കാലത്തുപോലും ഈ വിഷയത്തെക്കുറിച്ച് പൊതുചര്‍ച്ചയുണ്ടാകാതെ തടഞ്ഞുനിര്‍ത്തുന്നതിന് തല്‍പ്പരകക്ഷികള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ഐഎംഎയുടെ നൈതികവിരുദ്ധമായ ഈ നടപടിയെക്കുറിച്ച് പൊതുവില്‍ ഡോക്ടര്‍മാര്‍ക്കാര്‍ക്കും മിണ്ടാട്ടമില്ല. ഗണ്യമായ ഒരു വിഭാഗം ഡോക്ടര്‍മാരും ഇത്തരം കാര്യങ്ങളില്‍ ഒന്നും ശ്രദ്ധിക്കാതെ വ്യക്തിപരമായ മൂലധനസമാഹരണ പ്രവര്‍ത്തനത്തില്‍ മുഴുകുകയാണ്. ശരിയായ നിലപാടുള്ളവരും ഇല്ലാതില്ല. എന്നാല്‍,അവര്‍ സംഘടനാനേതൃത്വത്തെ ഭയന്ന് നിശബ്ദരായി തുടരുകയാണ്. "എന്തായാലും എനിക്കെന്ത്...''? എന്നിങ്ങനെയുള്ള സമീപനമുള്ളവരും കുറവല്ല. ചുരുക്കത്തില്‍ അധാര്‍മികമായ കച്ചവട കരാറിനെതിരെ ഒറ്റപ്പെട്ട ശബ്ദംമാത്രമാണ് പുറത്തുവരുന്നത്. ഇത്തരം സമീപനങ്ങള്‍മൂലം ന്യൂനപക്ഷം വരുന്ന സ്ഥാപിത താല്‍പ്പര്യക്കാരുടെ നിലപാടുതന്നെയാണ് ഏവരുടേതുമെന്ന് പൊതുവില്‍ വിശ്വസിച്ച് വശാകുന്ന സ്ഥിതി സംജാതമാകുന്നു.

മെഡിക്കല്‍ കൌസില്‍ ഓഫ് ഇന്ത്യ (എംസിഐ) ഇത് സംബന്ധിച്ച് വിശദീകരണം ചോദിച്ചെങ്കിലും മതിയായ മറുപടി നല്‍കുന്നതിന് ഐഎംഎ ഇനിയും തയ്യാറായിട്ടില്ല. അതേസമയം, എംസിഐ തങ്ങളുടെ ചോദ്യത്തിന് മറുപടി കിട്ടാത്ത സാഹചര്യത്തില്‍ സ്വീകരിക്കേണ്ട അനന്തരനടപടിയിലേക്ക് പോകുന്നതിന് മടി കാണിക്കുകയും ചെയ്യുന്നു. ഐഎംഎ കേന്ദ്രനേതൃത്വനിരയിലും എംസിഐയുടെ സദാചാരകമ്മിറ്റിയിലും ഒരേപോലെ മുഖ്യപങ്ക് വഹിക്കുന്ന ചില ഡോക്ടര്‍മാര്‍ ഇതിന്റെ പിറകിലുണ്ട്. ഏറ്റവും ഒടുവില്‍ ഐഎംഎ തങ്ങളുടെ പരിധിക്കുപുറത്താണെന്നാണ് എംസിഐയുടെ വിശദീകരണം. എംസിഐയുടെ ഈ വിശദീകരണത്തില്‍ ചെറിയ കഴമ്പില്ലാതില്ല.

നൈതികവിരുദ്ധമായ പ്രചാരണപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതായി തെളിഞ്ഞാല്‍ ഡോക്ടറുടെ പേര് രജിസ്ററില്‍നിന്ന് നീക്കംചെയ്യാവുന്നതാണ്. ഇത് വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. എന്നാല്‍, ഈ സദാചാരവിരുദ്ധപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്ന സംഘടനയെ എന്ത് ചെയ്യണമെന്ന് സംഹിതയില്‍ വ്യക്തമല്ല. ഒരു പക്ഷേ ഇത്തരം സാഹചര്യം സൃഷ്ടിക്കപ്പെടുമെന്ന് നിയമ പരിഷ്കര്‍ത്താക്കള്‍ ഓര്‍ത്തിട്ടുണ്ടാകില്ല. വൈദ്യവിജ്ഞാനം രോഗികളുടെ താല്‍പ്പര്യത്തിനുമാത്രമേ ഉപയോഗിക്കുകയുള്ളൂവെന്ന സദാചാര പ്രതിജ്ഞ എടുക്കുന്നവര്‍ ബഹുരാഷ്ട്ര ഉല്‍പ്പന്നങ്ങള്‍ക്ക് തങ്ങളുടെ സ്ഥാനം ഉപയോഗിച്ച് മേലൊപ്പ് നല്‍കുമെന്ന് ആരുകണ്ടു? ഇത് ഉത്തരാഗോളീകരണകാലത്തെ പുതിയ വൈദ്യനൈതിക പ്രശ്നമാണ്. പക്ഷേ, ഐഎംഎയെ സംബന്ധിച്ച് ഇത് ഒരു നൈതികപ്രശ്നമല്ലായിരിക്കാം. കാരണം, പ്രശ്നങ്ങള്‍ ഇങ്ങനെ തുടരുമ്പോഴും ഐഎംഎ അംഗീകരിച്ചതെന്ന പേരില്‍ വേറെയും നിരവധി ഉല്‍പ്പന്നങ്ങള്‍ ചാനലുകളില്‍ ദിവസവും പരസ്യം നടത്തിക്കൊണ്ടിരിക്കുന്നു. മറ്റ് പ്രൊഫഷണല്‍ സംഘടനകളും ഇതേവഴിയില്‍ ചരിക്കാനുള്ള സാധ്യതയാണ് വരാനിരിക്കുന്നത്. ഒരുപക്ഷേ, ഉത്തരാഗോളീകരണകാലത്തെ പുത്തന്‍നൈതികതയെക്കുറിച്ച് മറ്റുള്ളവര്‍ക്ക് അറിയാത്തതാകാം. സ്വന്തം ഉല്‍പ്പന്നങ്ങള്‍ ഏത് വിധേനയും വിറ്റഴിക്കുന്നതിനുള്ള തത്രപ്പാടിലാണല്ലോ അവയുടെ നിര്‍മാതാക്കള്‍. "ഇന്നത്തെക്കാലത്ത് ഇതിലൊക്കെ എന്തിരിക്കുന്നു? ഇതൊക്കെ എല്ലാവരും ചെയ്യുന്നതല്ലേ?...'' ഇതാണ് ഐഎംഎയുടെ ഉള്ളിലിരുപ്പ്.

അടുത്തതായി കൊക്കകോളയും പെപ്സിയും സ്പോസര്‍ചെയ്യുന്ന കോഫറന്‍സുകളും തുടര്‍ വൈദ്യവിദ്യാഭ്യാസപരിപാടികളും വരുമെന്നു പ്രതീക്ഷിക്കാം. ഡോക്ടര്‍മാരുടെ ഗതികേടോ, ഭാഗ്യമോ? പുതിയ സാഹചര്യത്തില്‍ എന്താണെന്നു പറയാന്‍ പ്രയാസം. ശരിയും തെറ്റും തമ്മിലുള്ള അതിര്‍വരമ്പുകള്‍ നേര്‍ത്ത് ഇല്ലാതാകുന്നതാണല്ലോ ഉത്തരാഗോളീകരണകാലത്തെ അനുഭവം. ചര്‍ച്ചകളും കാഴ്ചപ്പാടുകളും പുതിയതായി രൂപപ്പെടുത്തേണ്ടിയിരിക്കുന്നു. എംസിഐയുടെ പരിധിക്കു പുറത്താണ് ഐഎംഎ എങ്കില്‍ ഈ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടുകയാണ് വേണ്ടത്. നൈതികവിരുദ്ധമായി പെരുമാറുന്ന സംഘടനയുടെ രജിസ്ട്രേഷന്‍ റദ്ദ് ചെയ്യുന്നതിനുള്ള നടപടികൂടി സംഹിതയില്‍ ഉള്‍പ്പെടുത്തുക. എന്തായാലും ഇത്തരം പ്രവണതകളെ തുടക്കത്തില്‍തന്നെ നുള്ളിക്കളയേണ്ടതുണ്ട്. ഇതിന് വലിയ തോതിലുള്ള പ്രചാരണ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ആവശ്യമാണ്.

ഡോ. ആര്‍ ജയപ്രകാശ് ദേശാഭിമാനി 28-07-09

Monday, July 27, 2009

ക്രൈം പിന്നേം വിജയിച്ചില്ല

ലാവലിന്‍ കേസ് നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്ന സിപിഐ എം കേന്ദ്രകമ്മിറ്റി പ്രസ്താവനയ്ക്കെതിരെ ക്രൈം നന്ദകുമാര്‍ നല്‍കിയ ഹര്‍ജി ഫയലില്‍പോലും സ്വീകരിക്കാതെ ഹൈക്കോടതിയും തള്ളി. ഈ പ്രസ്താവന കോടതിയലക്ഷ്യമല്ല. ജനാധിപത്യ റിപ്പബ്ളിക്കന്‍ രാജ്യത്ത് സ്വതന്ത്രമായി അഭിപ്രായം പറയാന്‍ എല്ലാ പാര്‍ടികള്‍ക്കും അവകാശമുണ്ട്. വെറും പബ്ളിസിറ്റിക്കുവേണ്ടിയുള്ള ഹര്‍ജിയാണിതെന്ന് വാക്കാല്‍ ജസ്റ്റിസ് എം ശശിധരന്‍ നമ്പ്യാര്‍ പറഞ്ഞു. നേരത്തെ കീഴ്ക്കോടതിയും നന്ദകുമാറിന്റെ ഹര്‍ജി തള്ളിയിരുന്നു.

Sunday, July 26, 2009

വലതുപക്ഷ ഏജന്റിന്റെ സംശയരോഗം അവസാന ഭാഗം

ആദ്യ ഭാഗം

ചോദ്യങ്ങള്‍ സാങ്കല്‍പ്പികം

മൂന്ന്:

ഗ്ളോബല്‍ ടെന്‍ഡര്‍ വയ്ക്കാതെ ലാവ്ലിനുമായി ധാരണപത്രം ഒപ്പിട്ടതാണ് ഈ കരാറില്‍ നഷ്ടം വരാന്‍ കാരണമായതെന്നാണ് നീലകണ്ഠനും ഇതുമായി ബന്ധപ്പെട്ട് എല്ലാവരും ഇത്രയുംകാലം പറഞ്ഞുനടന്നത്. യുഡിഎഫ് സര്‍ക്കാരാണ് ലാവ്ലിനുമായി ധാരണപത്രം ഒപ്പിട്ടതെന്ന് സിബിഐപോലും അസന്ദിഗ്ധമായി പ്രഖ്യാപിച്ച അവസരത്തിലാണ് അതിന്റെ കള്ളി പൂര്‍ണമായി പൊളിഞ്ഞത്. ഇപ്പോള്‍ പറയുന്നത് കനഡയില്‍ ടെന്‍ഡര്‍ വയ്ക്കാമായിരുന്നില്ലേ എന്നാണ്. ലാവ്ലിനുമായി കരാര്‍ ഉണ്ടാക്കി സാധനസാമഗ്രികള്‍ ലാവ്ലിന്‍ വാങ്ങി സപ്ളൈ ചെയ്യണമെന്ന് യുഡിഎഫ് കാലത്ത് കരാറുണ്ടാക്കിയാല്‍ പിന്നീട് എന്തു ടെന്‍ഡറാണ് വിളിക്കേണ്ടത്. സാധനസാമഗ്രികള്‍ വാങ്ങിക്കാന്‍ വേണ്ടിവരുന്ന സമയം ലാഭിക്കാന്‍ കനഡയില്‍ ലിമിറ്റഡ് ടെന്‍ഡര്‍ വിളിക്കാന്‍ ലാവ്ലിന് അനുവാദം കൊടുത്തത് സിബിഐ കുറ്റവിമുക്തനാക്കിയ രാജഗോപാല്‍ കെഎസ്ഇബി ചെയര്‍മാനായ കാലത്താണ്. കരാര്‍ പൂര്‍ത്തീകരിക്കേണ്ടതിലേക്കായും സമയം ലാഭിക്കുന്നതിനുവേണ്ടിയും കെഎസ്ഇബി നടപ്പാക്കിയ ഇത്തരം കാര്യങ്ങള്‍ക്ക് രാഷ്ട്രീയനേതൃത്വത്തിന് എന്ത് ഉത്തരവാദിത്തവും ബാധ്യതയുമാണ് നീലകണ്ഠന്‍ കല്‍പ്പിക്കുന്നത്? "ഇടനിലക്കാരനെ'' ചുമതലപ്പെടുത്തിയ ആന്റണി സര്‍ക്കാരും കാര്‍ത്തികേയനും ചെയ്യാത്ത എന്തു കുറ്റമാണ് പിന്നീട് വന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ കരാര്‍ ബാധ്യതകളുടെ പേരില്‍ ചെയ്തതെന്നും നീലകണ്ഠന്‍ നിഷ്പക്ഷമായി വിലയിരുത്തേണ്ടതായിരുന്നു. ഒരേ നടപടിക്രമം പാലിക്കപ്പെട്ട പള്ളിവാസല്‍-ശെങ്കുളം-പന്നിയാര്‍ നവീകരണപദ്ധതികളില്‍ അസ്വാഭാവികത കണ്ടെത്തിയ യുഡിഎഫ് അവര്‍തന്നെ പൂര്‍ത്തീകരിച്ച കുറ്റ്യാടിപദ്ധതിയില്‍ അസ്വാഭാവികത കാണാതെ പോയതു സംബന്ധിച്ച വിമര്‍ശം ഇപ്പോഴല്ല മുമ്പും സിപിഐ എം ഉന്നയിച്ചിരുന്നു. അതുതന്നെയാണ് ഈ കേസ് രാഷ്ട്രീയമായി കെട്ടിപ്പൊക്കിയതാണെന്ന് സ്ഥാപിക്കുന്നതിനുള്ള വലിയ കാരണവും.

നാല്:

മാറ്റിസ്ഥാപിക്കേണ്ട മുഴുവന്‍ യന്ത്രസാമഗ്രികളും 1996 ഫെബ്രുവരി 24ലെ കരാറില്‍ വിശദമായി ചേര്‍ത്തിരുന്നു. ഇതിന്റെ 1995ല്‍ നിലവിലുള്ള വിലയും ചേര്‍ത്തിട്ടുണ്ട്. എന്നാല്‍, 1997 ഫെബ്രുവരി 10ന് അനുബന്ധ കരാര്‍ ഒപ്പിടുമ്പോള്‍ ഈ വിലയില്‍ വര്‍ധനയില്ലാതെ (ലാവ്ലിന്റെ റിസ്കില്‍) സപ്ളൈ നടത്തണമെന്നാണ് കെഎസ്ഇബി തീരുമാനിച്ചത്. ഇത് ബോര്‍ഡ് രേഖകള്‍ (സിബിഐ സമര്‍പ്പിച്ചത്) പരിശോധിച്ചാല്‍ വ്യക്തമാകും. യന്ത്രസാമഗ്രികള്‍ സപ്ളൈചെയ്തത് 2000നു ശേഷമാണ് എന്നതുകൂടി കണക്കിലെടുക്കുമ്പോള്‍ 1995ലെ നിലവാരപ്രകാരം വില വര്‍ധനയില്ലാതെ സാധനങ്ങള്‍ സപ്ളൈചെയ്യാന്‍ കെഎസ്ഇബിയെ പ്രേരിപ്പിച്ച ഘടകം നീലകണ്ഠനു ബോധ്യപ്പെടാന്‍ പ്രയാസമാകും. വിശേഷബുദ്ധിയുള്ളവര്‍ക്ക് പ്രയാസമില്ല. എന്‍എച്ച്പിസി റിപ്പോര്‍ട്ടില്‍ യന്ത്രസാമഗ്രികളുടെ വിലനിലവാരം അന്താരാഷ്ട്രവിലകളുമായി പൊരുത്തപ്പെടാവുന്നതാണെന്നാണ് പറഞ്ഞത്. സുബൈദാ കമ്മിറ്റിയാകട്ടെ ഈ നവീകരണകരാറുകളിലെയും താരതമ്യംചെയ്ത മറ്റു കരാറുകളിലെയും പ്രവൃത്തികളുടെ സ്വഭാവം തികച്ചും വ്യത്യസ്തമായതിനാല്‍ (നേര്യമംഗലം, ശബരിഗിരി) അവ തമ്മില്‍ പ്രായോഗികമായ താരതമ്യം ശരിയാകില്ലെന്നാണ് അഭിപ്രായപ്പെട്ടത്. ഇക്കാര്യം ആരും പൂഴ്ത്തിവച്ചിട്ടില്ല.

അഞ്ച്:

നീലകണ്ഠന്‍തന്നെ പറയുന്നുണ്ട്. 'ലാവലിന്‍ ഇട്ട വിലയനുസരിച്ച് നല്‍കേണ്ട നിരവധി സാമഗ്രികള്‍ (ട്രാന്‍സ്ഫോര്‍മര്‍, സ്വിച്ച്ഗിയര്‍, കേബിള്‍മുതലായവ) ഇന്ത്യയില്‍നിന്ന് ബോര്‍ഡ് നേരിട്ട് വാങ്ങാന്‍ തീരുമാനിച്ചതിന്റെ വിലക്കുറവല്ലേ ഉണ്ടായത്?' എന്ന്. പലിശക്കാര്യത്തില്‍ ജി കാര്‍ത്തികേയന്‍ നിയമസഭയില്‍ പറഞ്ഞത് ഇങ്ങനെ: 'എ കെ ആന്റണി മുഖ്യമന്ത്രിയായിരിക്കെ കനേഡിയന്‍ ഹൈകമീഷണര്‍ കേരളത്തില്‍ വന്നിരുന്നു. അതിനുശേഷമാണ് എസ്എന്‍സി ലാവ്ലിനുമായി ധാരണപത്രം ഒപ്പിട്ടത്. അന്നത്തെ വ്യവസ്ഥപ്രകാരം ധാരണപത്രം ഒപ്പിട്ടാല്‍ സാമ്പത്തികപാക്കേജായാണ് നടപ്പാക്കേണ്ടത്. കസള്‍ട്ടന്റായി നിയമിക്കപ്പെട്ട ലാവ്ലിന് ഉപകരണ വിതരണക്കരാര്‍ നല്‍കേണ്ടിവരും.'' വിവിധ തലങ്ങളില്‍ നടന്ന പഠനത്തിനും ചര്‍ച്ചയ്ക്കുംശേഷമാണ് തീരുമാനമെടുത്തതെന്നും അന്ന് കാര്‍ത്തികേയന്‍ വ്യക്തമാക്കി. കുറ്റ്യാടി വിപുലീകരണപദ്ധതിക്ക് ലാവ്ലിനുമായി ഒപ്പിട്ട ധാരണപത്രത്തിന്റെ അടിസ്ഥാനത്തിലാണ് അവര്‍ക്ക് ഉപകരണ വിതരണക്കരാര്‍ നല്‍കിയത്. കാര്‍ത്തികേയന്റെ കാലത്ത് കരാറുകളും അതിന്മേല്‍ എല്‍ഡിഎഫ് കാലത്ത് വരുത്തിയ വ്യത്യാസവും പരിഗണിച്ചാല്‍ 30 കോടിയിലധികം രൂപയുടെ കുറവ് ലാവ്ലിനുമായി ബന്ധപ്പെട്ട കരാറുകളില്‍ വരുത്തിയിട്ടുണ്ടെന്നു വ്യക്തമാകും. 181 കോടി രൂപയുടെ കരാര്‍ 149 കോടി രൂപയുടെ കരാറായി ചുരുങ്ങിയത് എല്‍ഡിഎഫ് വരുത്തിയ കുറവല്ലെന്ന് നീലകണ്ഠന് പറയാമോ. ലാവ്ലിന് കസള്‍ട്ടന്‍സി ഫീസായി 17 കോടി രൂപ നല്‍കിയത് അനാവശ്യമല്ലേ എന്നു ചോദിക്കുന്ന നീലകണ്ഠന്‍ 24 കോടി രൂപ കസള്‍ട്ടന്‍സി ഫീസ് കൊടുക്കാന്‍ യുഡിഎഫ് എടുത്ത തീരുമാനത്തെ ന്യായീകരിക്കുന്നുണ്ടോ എന്നറിയാന്‍ താല്‍പ്പര്യമുണ്ട്. (ഇക്കാര്യത്തിലെല്ലാം യുഡിഎഫ് ശരിയും എല്‍ഡിഎഫും തെറ്റും എന്നാണല്ലോ അദ്ദേഹത്തിന്റെ കണ്ടെത്തല്‍- പഴയ കോണ്‍ഗ്രസുകാരന്റെ കൂറ്!). വിദേശ വായ്പയേക്കാള്‍ കുറഞ്ഞ നിരക്കില്‍ പവര്‍ ഫിനാന്‍സ് കോര്‍പറേഷന്‍ വായ്പ ലഭ്യമാക്കുമെന്നതാണ് മറ്റൊരു കണ്ടെത്തല്‍. വായ്പയുടെ പലിശയും മറ്റു ചെലവുകളും കണക്കിലെടുക്കുമ്പോള്‍ വിദേശ വായ്പയേക്കാള്‍ ഒട്ടുംതന്നെ പി എഫ്സി വായ്പ ലാഭകരമാകുന്നില്ലെന്നതാണ് വസ്തുത. കൂടാതെ, സിബിഐതന്നെ ഹാജരാക്കിയ പിഎഫ്സിയുടെ അക്കാലത്തെ വായ്പാ നിബന്ധനകള്‍പ്രകാരം വായ്പാ കാലപരിധിക്കകത്ത് കെഎസ്ഇബി ഒരു നഷ്ടവും കൂടാതെ പ്രവര്‍ത്തിക്കണമെന്നും നഷ്ടമുണ്ടായാല്‍ അത് സംസ്ഥാനസര്‍ക്കാര്‍ സബ്സിഡി കൊടുത്ത് നികത്തണമെന്നും പറയുന്നു. അക്കാലത്തെ കെഎസ്ഇബിയുടെ വാര്‍ഷിക നഷ്ടം ഈ പദ്ധതിക്ക് ചെലവിടുന്ന തുകയേക്കാള്‍ ഉയര്‍ന്നതാണെന്ന വസ്തുത നീലകണ്ഠന്‍ മനസ്സിലാക്കിക്കാണില്ല. പദ്ധതിച്ചെലവിനുപോലും പണമില്ലാതെ വിഷമിക്കുന്ന കെഎസ്ഇബിക്ക് അക്കാലത്ത് നഷ്ടംകൂടാതെ പ്രവര്‍ത്തിക്കണമെന്ന നിബന്ധന പാലിച്ച് പിഎഫ്സി വായ്പ എടുക്കാന്‍ ആകുമായിരുന്നോ. ഇഡിസി വായ്പയില്‍ സാമ്രാജ്യത്വ അജന്‍ഡ കടന്നുവരുന്ന ഏതെങ്കിലും കാണാച്ചരടുകള്‍ നീലകണ്ഠന്‍ ദര്‍ശിച്ചിട്ടുണ്ടെങ്കില്‍ അത് തുറന്നു പറയണം.

ആറ്:

സിപിഐ എം കേന്ദ്ര കമ്മിറ്റി രേഖയില്‍ ബാലാനന്ദന്‍ കമ്മിറ്റി സംബന്ധിച്ച കാര്യങ്ങള്‍ വിശദമായി പ്രതിപാദിക്കുന്നു. രേഖ ദയവായി ദേശാഭിമാനിയില്‍ വായിക്കുക.

ഏഴ്:

ഇത് ഉല്‍പ്പാദനശേഷി കൂട്ടാനുള്ള പദ്ധതി ആയിരുന്നില്ലെന്നും ശേഷി കൂട്ടിയാലും ലഭ്യമായ വെള്ളത്തിനനുസരിച്ചേ വൈദ്യുതോല്‍പ്പാദനം നടത്താനാകൂ എന്നും പണ്ഡിതന് അറിയില്ലേ? റെനവേഷന്‍ ആന്‍ഡ് മോഡെണൈസേഷന്‍ എന്ന് ഇംഗ്ളീഷില്‍ പറഞ്ഞാല്‍ അതിനര്‍ഥം നവീകരണവും ആധുനികവല്‍ക്കരണവുമാണ് എന്ന് മനസ്സിലാകാഞ്ഞിട്ടോ അങ്ങനെ ഭാവിച്ചിട്ടോ സംശയം? മുഴുവന്‍ യന്ത്രസാമഗ്രികളും മാറ്റാതെ അറ്റകുറ്റപ്പണി നടത്തിയാല്‍ മതി എന്ന വിചിത്രവാദക്കാര്‍ ഇപ്പോള്‍ ലാവ്ലിന്‍ പന്നിയാറിലെ പെന്‍സ്റോക്കുകൂടി മാറ്റേണ്ടതായിരുന്നു എന്ന അഭിപ്രായത്തില്‍ എത്തിയിരിക്കുന്നു. ഈ മൂന്നു പദ്ധതിയിലെയും ഇനിയും മാറ്റിസ്ഥാപിക്കേണ്ടവയുടെ ലിസ്റ് നീലകണ്ഠന്‍ ഉടന്‍ മാതൃഭൂമിയിലൂടെ ലഭ്യമാക്കുമെന്നു പ്രതീക്ഷിക്കുന്നു. ഏല്‍പ്പിക്കാത്ത പണി ലാവലിന്‍ ചെയ്തില്ലെന്ന് വിലപിക്കുന്നതും ഉല്‍പ്പാദനശേഷി വര്‍ധിക്കുമെന്ന് ആരും പറയാത്ത കാര്യത്തിനുള്ള പ്രതികരണവും എവിടെയാണ് നീലകണ്ഠന്റെ ബുദ്ധിയെ കൊണ്ടെത്തിക്കുന്നത്?

എട്ട്:

മന്ത്രിസഭയില്‍ ഒരു ഫയല്‍ ചെല്ലുമ്പോള്‍ 3000 പേജും ചുമന്നല്ല, പ്രസക്തമായ കാര്യങ്ങള്‍ കുറിപ്പാക്കിയാണ് കൊണ്ടുപോവുക എന്നും അനുബന്ധമായി എല്ലാ വശങ്ങളും പരിശോധിക്കാനുള്ള സംവിധാനമുണ്ടാകും എന്നും നീലകണ്ഠന് അറിവുണ്ടാകില്ല. മന്ത്രിസഭയെ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ടെങ്കില്‍ അത് ചൂണ്ടിക്കാട്ടേണ്ടത് ആ മന്ത്രിസഭയിലുണ്ടായിരുന്നവരാണ്. അന്ന് ധനമന്ത്രിയായിരുന്ന ശിവദാസമേനോന്‍ പറയുന്നു, എല്ലാ വശങ്ങളും പരിശോധിച്ചാണ് മന്ത്രിസഭ തീരുമാനിച്ചതെന്ന്. (ശിവദാസമേനോന്‍ ഒരിക്കലും ഈ കരാറിനെ എതിര്‍ത്തിട്ടില്ല. മറിച്ചുള്ള നീലകണ്ഠന്റെ പരാമര്‍ശം പച്ചക്കള്ളമാണ്). സിബിഐ രേഖപ്പെടുത്തിയ മൊഴികളനുസരിച്ചാണ് നീലകണ്ഠന്‍ നിഗമനങ്ങളിലെത്തുന്നതെങ്കില്‍ അദ്ദേഹത്തിന്റെ പേര് ടി പി നന്ദകുമാര്‍ എന്നാക്കാവുന്നതാണ്. വരദാചാരിയുടെ മൊഴിയും സിബിഐ രേഖപ്പെടുത്തിയതാണല്ലോ.

ഒമ്പത്:

പിണറായി എന്നല്ല ആരെങ്കിലും പണം വാങ്ങിതായി തെളിവില്ല; അത്തരമൊന്നും സിബിഐയോ വിജിലന്‍സോ കണ്ടെത്തിയിട്ടുമില്ല.

സാങ്കല്‍പ്പികചോദ്യങ്ങളിലൂടെ നീലകണ്ഠന്‍ ചെയ്യുന്നതാണ് തെറ്റിദ്ധരിപ്പിക്കല്‍. കാര്‍ത്തികേയനില്‍ തുടങ്ങി കടവൂരില്‍ അവസാനിച്ച കരാര്‍ നടത്തിപ്പില്‍ കേവലം രണ്ടുവര്‍ഷവും അഞ്ചുമാസവും (1996 മെയ്മുതല്‍ 1998 ഒക്ടോബര്‍വരെ) മന്ത്രിയായിരുന്ന പിണറായി വിജയന്‍മാത്രം കുറ്റക്കാരനെന്ന് കള്ളം പറഞ്ഞും വ്യാജ ആരോപണങ്ങളിലൂടെയും സമര്‍ഥിക്കാന്‍ നീലകണ്ഠന്‍ പെടാപ്പാടുപെടുന്നതുതന്നെ പിണറായി കമ്യൂണിസ്റ് പാര്‍ടിയുടെ സമുന്നത നേതാവായതുകൊണ്ടാണ്. പാമോലിന്‍, ബ്രഹ്മപുരം അടക്കമുള്ള അഴിമതിക്കേസുകളുമായി ഇതിനെ താരതമ്യം ചെയ്യേണ്ടത് പിണറായി വിജയന്റെ രക്തം കൊതിക്കുന്നവരുടെ ആവശ്യം. പക്ഷേ, യാഥാര്‍ഥ്യങ്ങള്‍ അത്രപെട്ടെന്ന് മാച്ചുകളയാനാകില്ലല്ലോ. ഇല്ലാത്ത ഫയലില്‍ വരദാചാരിയുടെ തല പരിശോധിക്കണമെന്ന് പിണറായി നോട്ടെഴുതി എന്ന് ആരോപണമുന്നയിച്ച് അര്‍മാദിക്കുകയും ആ പെരുങ്കള്ളം വ്യാജമൊഴികളിലൂടെ സിബിഐ കുറ്റപത്രത്തില്‍ സ്ഥാപിക്കുകയും ചെയ്തത് ഈ കേസ് എങ്ങനെ സൃഷ്ടിച്ചതാണെന്ന് പരിഹാസ്യമാംവിധം തെളിയിച്ചിരിക്കെ അതേക്കുറിച്ച് മൌനിയാകുന്ന നീലകണ്ഠന്‍ സങ്കല്‍പ്പലോകത്തിലൂടെതന്നെ സഞ്ചരിക്കട്ടെ. പിണറായിയും പാര്‍ടിയും ജനാധിപത്യരീതിയിലല്ലാതെ എങ്ങനെയാണ് ഈ കേസില്‍ പ്രതികരിച്ചത്? യുഡിഎഫും കോണ്‍ഗ്രസും രാഷ്ട്രീയ ദുഷ്ടലാക്കോടെ പിണറായിയെ പ്രതിചേര്‍ക്കാന്‍ നീങ്ങിയപ്പോള്‍ അത് രാഷ്ട്രീയക്കളിയാണെന്ന് ജനങ്ങളോട് തുറന്നുപറയുന്നത് എങ്ങനെയാണ് ജനാധിപത്യവിരുദ്ധ മാര്‍ഗമാവുക? പാര്‍ടി സംഘടന ഉപയോഗിച്ച് ഈ കേസില്‍ ആരെയാണ് ശിക്ഷിച്ചത്? അതെങ്ങനെ ഇത്ര തിട്ടമായി നീലകണ്ഠന് പറയാനാകുന്നു? വി എസ് അച്യുതാനന്ദനെ പിബിയില്‍നിന്ന് ഒഴിവാക്കിയതാണ് ഉദ്ദേശിക്കുന്നതെങ്കില്‍, അത് പാര്‍ടി സംഘടനാ തത്വങ്ങളും അച്ചടക്കവും ലംഘിച്ചതിനാണ്. മന്ത്രിയായിരിക്കെ ഔദ്യോഗിക കൃത്യനിര്‍വഹണത്തിന്റെ ഭാഗമായി ഒരാള്‍ചെയ്ത കാര്യങ്ങള്‍ക്ക് ഭരണഘടനയുടെ സംരക്ഷണമുണ്ടെന്നും അതിനാണ് പ്രോസിക്യൂഷന്‍ അനുമതി അടക്കമുള്ള നിബന്ധനകളുള്ളതെന്നും നീലകണ്ഠന്‍ മനസ്സിലാക്കാത്തത് മറ്റുള്ളവരുടെ കുറ്റമാകുന്നില്ല. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ കോടതിയെ സമീപിച്ചത് മേല്‍പറഞ്ഞ നിയമപരിരക്ഷയ്ക്ക് പിണറായി അര്‍ഹനാണെന്നുള്ളതുകൊണ്ടുതന്നെയാണ്. അത് നിയമവിധേയമാണ്.

പൊക്രാനും കരാറും

പത്ത്:

പൊക്രാന്‍ സ്ഫോടനത്തെത്തുടര്‍ന്നാണ് കരാറിനു പകരം എംഒയു വച്ചതെന്ന് നാളിതുവരെ ആരും പറഞ്ഞിട്ടില്ല. എംഒയു ഒപ്പിട്ടത് 98 ഏപ്രില്‍ 25നും പൊക്രാന്‍ സ്ഫോടനം നടന്നത് അതിനുശേഷം 98 മെയ് 11-13നുമാണ്. എംഒയുവിനു പകരം കരാര്‍ ഒപ്പിടുന്നതിന് കനഡയിലെ വിവിധ ഏജന്‍സികളില്‍നിന്ന് സഹായധനം ലഭ്യമാക്കുന്നതു സംബന്ധിച്ച ധാരണകള്‍ ഉറപ്പിച്ചശേഷമേ സാധ്യമാകൂ എന്നാണ് ലാവ്ലിന്‍ പറഞ്ഞിരുന്നത്. എന്നാല്‍, 2000 മെയ് മാസത്തിനകം ഇത് സാധിക്കാതെ വന്നത് രാഷ്ട്രീയ സാഹചര്യങ്ങളാലാണ് (പൊക്രാന്‍ സ്ഫോടനത്തെത്തുടര്‍ന്നുളവായ) എന്നാണ് അവര്‍ അറിയിച്ചത്. പൊക്രാന്‍ സ്ഫോടനത്തെത്തുടര്‍ന്ന് ഇന്ത്യ നേരിട്ട ഉപരോധവും 'ബാലിശ'മാണെന്ന് നീലകണ്ഠന്‍ പറയാത്തത് ഭാഗ്യം. ധാരണപത്രം ഒന്നേ ഉണ്ടായിട്ടുള്ളൂ. അത് പലവട്ടം പുതുക്കുകയാണുണ്ടായത്. പിന്നെങ്ങനെ ഓരോവട്ടവും പുതുക്കാന്‍ വരുമ്പോള്‍ വെള്ളം ചേര്‍ത്തിരുന്നെന്ന് ശര്‍മ പറയും? സമനിലതെറ്റിയോ നീലകണ്ഠന്? ലാവ്ലിന്‍ സമര്‍പ്പിച്ച കരടുകരാറിലെ ചില വ്യവസ്ഥകളെ സംബന്ധിച്ച് തന്റെ അഭിപ്രായം രേഖപ്പെടുത്തുകയാണ് എസ് ശര്‍മ ചെയ്തത്. സര്‍ക്കാര്‍നിലപാടിനനുസരിച്ച് കരാര്‍ ഭേദഗതിചെയ്ത് ഒപ്പിടണമെന്നുതന്നെയാണ് ശര്‍മയും ആവശ്യപ്പെട്ടത്. എന്നാല്‍, സര്‍ക്കാര്‍ നിര്‍ദേശിച്ച ഭേദഗതി ലാവ്ലിന്‍ സ്വീകരിച്ചിട്ടും യുഡിഎഫ് സര്‍ക്കാര്‍ കരാറൊപ്പിട്ടില്ല എന്നതാണ് കാതലായ പ്രശ്നം. യഥാര്‍ഥത്തില്‍ കരാറില്‍ വെള്ളംചേര്‍ക്കലല്ല സംഭവിച്ചത്; അട്ടിമറിയാണ്. അത് ചെയ്തത് കടവൂര്‍ ശിവദാസനും. നീലകണ്ഠന്റെ കണ്ണ് ആ ഭാഗത്തേക്ക് പോകുന്നതേയില്ല.

പന്ത്രണ്ടുകോടി ചെലവാക്കി, ഇനി ഒരു പൈസയും തരാനില്ല എന്നാണ് നീലകണ്ഠന്റെ മറ്റൊരുവാദം. ചെലവാക്കിയ 12 കോടിയിലധികം ലാവ്ലിന്‍ സമാഹരിച്ചിട്ടുണ്ടോ എന്നും എങ്കില്‍ അത് എവിടെ പോയി എന്നറിയാനുമാണ് ആര്യാടന്‍ കത്തയച്ച് ചോദിച്ചത്. 12 കോടിയിലധികം ഒന്നുംതന്നെ ഇതില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നാണ് ഹൈകമീഷണര്‍ വ്യക്തമാക്കിയത്. ആര്യാടന്റെ കത്തും ഹൈകമീഷന്റെ മറുപടിയും ചേര്‍ത്തുവച്ച് ഒരിക്കല്‍കൂടി വായിച്ചാല്‍ കാര്യം മനസ്സിലാകും. ധാരണപത്രം കരാറാക്കാനുള്ള ശ്രമം എല്‍ഡിഎഫ് കാലത്ത് തുടര്‍ച്ചയായി നടന്നെന്നും യുഡിഎഫ് വന്നപ്പോള്‍പ്പോലും ധാരണപത്രം നിലവിലുണ്ടായിരുന്നെന്നും ആന്റണിസര്‍ക്കാര്‍ ഒരുതവണ അത് പുതുക്കുകയും ബ്ളഡ് ബാങ്ക് പണിയാനുള്ള പണം ആ സമയത്ത് ലാവ്ലിന്‍ ചെലവാക്കുകയും ചെയ്തെന്നും കരാര്‍ ഒപ്പിടാന്‍ പലകുറി ലാവ്ലിന്‍ കമ്പനി ആവശ്യപ്പെട്ടിരുന്നെന്നും പിന്നീട് കടവൂര്‍ ശിവദാസന്‍ ഏകപക്ഷീയമായാണ് ധാരണപത്രം പുതുക്കാതിരുന്നതെന്നുമുള്ള വസ്തുതകള്‍ എന്തേ നീലകണ്ഠന്‍ മറച്ചുപിടിക്കുന്നു?

പലതവണ ഉത്തരംകിട്ടിയ ചോദ്യങ്ങള്‍ വീണ്ടും ഉന്നയിക്കുന്നത് ആരെ വിഡ്ഢിയാക്കാനാണ്?

ക്യാന്‍സര്‍ സെന്റര്‍ സ്ഥാപിക്കാന്‍ ലാവ്ലിന്‍ തയ്യാറാകുന്നത് പള്ളിവാസല്‍, ശെങ്കുളം, പന്നിയാര്‍ നവീകരണ കരാര്‍ അവര്‍ക്കു നല്‍കിയതിനുള്ള പ്രതിഫലമായിട്ടല്ല. അങ്ങനെയായിരുന്നെങ്കില്‍ എംസിസി സംബന്ധിച്ച വ്യവസ്ഥകള്‍ 96 ഫെബ്രുവരി 24ലെ നിര്‍വഹണകരാറില്‍ത്തന്നെ കാര്‍ത്തികേയന്‍ ചേര്‍ക്കുമായിരുന്നു. എന്നാല്‍, പദ്ധതിക്കുള്ള വായ്പ എടുക്കുന്ന സമയത്താണ് കനഡയിലെ വിവിധ ഏജന്‍സികളില്‍നിന്ന് ക്യാന്‍സര്‍സെന്ററിനുള്ള പണം സമാഹരിച്ച് ആശുപത്രി സ്ഥാപിക്കാമെന്ന് ലാവ്ലിന്‍ സമ്മതിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രത്യേകം എംഒയു ഒപ്പിട്ടത്.

പതിനൊന്ന്:

നീലകണ്ഠന്‍ ആദ്യം മലബാര്‍ ക്യാന്‍സര്‍ സെന്ററുമായി ബന്ധപ്പെട്ട രേഖകള്‍ വായിക്കണം. പിന്നെ, കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ വിലയിരുത്തല്‍ വായിക്കണം. താങ്കള്‍ പറയുന്നതുപോലെ ടെക്നിക്കാലിയ വന്ന വഴി സംശയകരമാണെങ്കില്‍ സിബിഐയോട് ചോദിക്കണം- എന്തേ നിങ്ങള്‍ ടെക്നിക്കാലിയയെ പ്രതിചേര്‍ത്തില്ല എന്ന്. ടെക്നിക്കാലിയയുടെ ഇടപെടലിലോ ചെയ്ത ജോലിയിലോ സിബിഐ കേസ് കണ്ടെത്തിയിട്ടില്ല. ധനസഹായം സമാഹരിച്ച് സര്‍ക്കാരിനോ ബോര്‍ഡിനോ പണമായി നല്‍കാമെന്ന് ചര്‍ച്ചകളില്‍ ലാവ്ലിനോ കനേഡിയന്‍ സര്‍ക്കാര്‍ ഏജന്‍സികളോ എപ്പോഴെങ്കിലും പറഞ്ഞിട്ടുണ്ടോ? വിദേശസംഭാവന സ്വീകരിച്ച മലബാര്‍ ക്യാന്‍സര്‍ സെന്ററിന്റെ അക്കൌണ്ടുകളും രേഖകളും ഇന്ത്യാഗവമെന്റിന്റെ ആഭ്യന്തരമന്ത്രാലയം പരിശോധിക്കുകയുണ്ടായി. 13 കോടി രൂപയോളം വരുന്ന വിദേശസംഭാവനയില്‍ ഒരുവിധ ദുരുപയോഗമോ പണാപഹരണമോ പരിശോധനയില്‍ കാണുകയുണ്ടായില്ലെന്ന് ആഭ്യന്തരമന്ത്രാലയം സാക്ഷ്യപ്പെടുത്തി നല്‍കിയിട്ടുണ്ട്. 2001 ഏപ്രില്‍ 26ന്റെ മന്ത്രാലയത്തിന്റെ ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ടെക്നിക്കാലിയയുടെ അക്കൌണ്ടില്‍ ഒരുകോടിയില്‍ താഴെയേ വന്നിട്ടുള്ളൂ എന്ന് സിബിഐ കണ്ടെത്തിയിട്ടുണ്ടെങ്കില്‍ ലാവ്ലിന്‍ നേരിട്ട് പദ്ധതി നിര്‍വഹിക്കുകയായിരുന്നുവെന്നതിന് കൂടുതലെന്ത് തെളിവുവേണം? ആശുപത്രി അവിടെയുണ്ടെന്നതിനും അത് ഈ പറഞ്ഞത്രയും തുക ചെലവാക്കിയാല്‍മാത്രമേ ഉയര്‍ന്നുവരുമായിരുന്നുള്ളൂ എന്നതിനും തെളിവുവേണമെന്ന് നീലകണ്ഠന്‍ ആവശ്യപ്പെട്ടിരുന്നെങ്കില്‍ ചിത്രം പൂര്‍ണമായേനെ. എവിടെ കാണാച്ചരട്?

പന്ത്രണ്ട്:

ഗ്രാന്റ് തുക പദ്ധതിയുമായി ബന്ധപ്പെട്ടതല്ലെന്ന് സിപിഐ എം പറയുന്നത് പദ്ധതിനിര്‍വഹണം ലാവ്ലിനെ യുഡിഎഫ് ഏല്‍പ്പിച്ച കാലത്ത് ഒപ്പിട്ട എംഒയു, നിര്‍വഹണകരാര്‍ എന്നിവയെ അടിസ്ഥാനപ്പെടുത്തിയാണ്. ലാവ്ലിന് കരാര്‍ കൊടുക്കാനുള്ള തീരുമാനമെടുത്ത യുഡിഎഫ് സര്‍ക്കാര്‍കാലത്ത് ആ പദ്ധതിയുടെ ചെലവ് ഇത്തരമൊരു ഗ്രാന്റുകൂടി ചേര്‍ത്താണെന്ന് കാണിക്കുന്ന ഏതെങ്കിലും രേഖ നീലകണ്ഠന്റെ കൈവശമുണ്ടോ? അതിനെല്ലാംശേഷം വിലയുടെ സ്വീകാര്യത എന്‍എച്ച്പിസിയെക്കൊണ്ട് പരിശോധിപ്പിച്ചത് പിണറായി വിജയന്‍ മന്ത്രിയായകാലത്താണെന്ന വസ്തുത നിഷേധിക്കാനാകുമോ? 2001നു ശേഷം വന്ന യുഡിഎഫ് സര്‍ക്കാര്‍ ആശുപത്രികരാര്‍ ഒപ്പുവച്ച് മുഴുവന്‍ സഹായവും നേടിയെടുത്തിരുന്നെങ്കില്‍ എന്‍എച്ച്പിസി റിപ്പോര്‍ട്ട് നീലകണ്ഠന്‍ സ്വീകരിക്കുമായിരുന്നോ? എങ്കില്‍ കരാര്‍ ഒപ്പിടാതെ, ധാരണപത്രം കാലഹരണപ്പെടുത്തി ആശുപത്രിക്കുള്ള സഹായം നഷ്ടപ്പെടുത്തിയതുമാത്രമല്ലേ ഈ പദ്ധതിനിര്‍വഹണത്തിലെ ഏക പോരായ്മയായി വിലയിരുത്തപ്പെടേണ്ടത്? ഇനി നീലകണ്ഠന്‍ ആരുടെ തടി രക്ഷപ്പെടുത്താന്‍വേണ്ടിയാണ് ഈ ആരോപണമുന്നയിക്കുന്നതെന്ന് സ്വയംവിമര്‍ശപരമായി ചിന്തിക്കുമല്ലോ.

പതിമൂന്ന്:

സര്‍ക്കാര്‍ കരാറുകളില്‍ ടെന്‍ഡര്‍വഴി സുതാര്യത ഉറപ്പുവരുത്തി നടപ്പാക്കണമെന്നും സാമ്രാജ്യചരടുകളുള്ള വായ്പകള്‍ കരുതലോടെ മാത്രമേ സ്വീകരിക്കാവൂ എന്നതുമാണ് സിപിഐ എമ്മിന്റെ പ്രഖ്യാപിതനയം. പിണറായി മന്ത്രിയായ രണ്ടരവര്‍ഷവും അതിനുശേഷവും ടെന്‍ഡറില്ലാതെ, സുതാര്യതയില്ലാതെ, സാമ്രാജ്യചരടുകളുള്ള ഒരു വായ്പയും എല്‍ഡിഎഫ് സര്‍ക്കാര്‍ പുതുതായി വാങ്ങുകയോ വാങ്ങാന്‍ ശ്രമിക്കുകയോ ചെയ്തിട്ടില്ല. കേരളത്തിലെ പദ്ധതികളെല്ലാം ലാവ്ലിന് നല്‍കാമെന്ന് സമ്മതിച്ചത് യുഡിഎഫ് സര്‍ക്കാരാണെന്നും എല്‍ഡിഎഫ് അത് അവസാനിപ്പിക്കുകയാണ് ചെയ്തതെന്നും കാര്‍ത്തികേയന്റെ കാലത്തെ എംഒയു വായിച്ചാല്‍ നീലകണ്ഠന് മനസ്സിലാകും. പദ്ധതിനിര്‍വഹണവും വായ്പാ തിരിച്ചടവും പൂര്‍ത്തിയായല്ലോ. ഇപ്പോള്‍ കെഎസ്ഇബി അങ്ങനെതന്നെ നില്‍ക്കുകയല്ലേ. ഒരു ചരടും അതിനെ വരിഞ്ഞുമുറുക്കിയതായി കാണുന്നില്ലല്ലോ. മനോവിഭ്രാന്തിപൂണ്ട് എഡിബി വായ്പ, ഗൂഢാലോചന, കണ്ണൂര്‍ എന്‍റോ എന്നെല്ലാം പുലമ്പി ചോദ്യപരമ്പര അവസാനിപ്പിച്ചത് ദൌര്‍ഭാഗ്യകരമായി. അതിനെല്ലാം വല്ലവരും നീണ്ടുനിവര്‍ന്ന് ഉത്തരം പറഞ്ഞാല്‍ നീലകണ്ഠന്റെ മറ്റു പല കേസും പൊളിയും.

സിപിഐ എം സംസ്ഥാനസര്‍ക്കാരില്‍ പങ്കാളിത്തം വഹിക്കുമ്പോള്‍ ജനകീയ ജനാധിപത്യ സര്‍ക്കാരിന്റെ പരിപാടിയാണ് നടപ്പാക്കുക എന്ന് നീലകണ്ഠന് എങ്ങനെ വിവരം കിട്ടി എന്നറിയില്ല. നിലവിലുള്ള നിയമത്തിന്റെയും ചട്ടങ്ങളുടെയും ആവശ്യകതയുടെയും പരിധിക്കത്തുനിന്നുകൊണ്ടാണ് സംസ്ഥാന സര്‍ക്കാരുകള്‍ തീരുമാനമെടുക്കുന്നത്. അതില്‍ പാര്‍ടിവിരുദ്ധമായ ഒരു കാര്യവും നടന്നിട്ടില്ലെന്നാണ് പാര്‍ടിയുടെ പരമോന്നത സമിതി പരിശോധിച്ച് വ്യക്തമായ നിഗമനത്തിലെത്തിയത്.

"പള്ളിവാസല്‍, ശെങ്കുളം, പന്നിയാര്‍ പദ്ധതികളുടെ നവീകരണവും ആധുനികവല്‍ക്കരണവുമായി ബന്ധപ്പെട്ടോ മലബാര്‍ ക്യാന്‍സര്‍ സെന്ററുമായി ബന്ധപ്പെട്ടോ ഒരു അഴിമതിയിലും പിണറായി വിജയന്‍ ഉള്‍പ്പെട്ടിട്ടില്ല''

എന്നാണ് കേന്ദ്ര കമ്മിറ്റി സംശയത്തിന് ഇടയില്ലാതെ വ്യക്തമാക്കിയിട്ടുള്ളത്. കേന്ദ്ര കമ്മിറ്റി അംഗങ്ങളെ കേസ് പഠിപ്പിക്കാന്‍ സ്വയം പ്രഖ്യാപിത വാധ്യാരായി ഡല്‍ഹിക്ക് വിമാനം കയറിയ നീലകണ്ഠന്റെ ആഗ്രഹമല്ല കേന്ദ്ര കമ്മിറ്റി തീരുമാനമെന്നര്‍ഥം. പാര്‍ടിയില്‍ തെറ്റിദ്ധാരണ സൃഷ്ടിക്കാന്‍ പരമാവധി ശ്രമിച്ചിട്ടും നടക്കാതെ വന്നപ്പോള്‍ ഒന്ന് ഇളക്കിയെങ്കിലും നോക്കാനുള്ള സാഹസമാണ് മാതൃഭൂമിയിലൂടെ നീലകണ്ഠന്‍ നടത്തുന്നത്.

ശ്രീ പി. എം മനോജ് . ശ്രീ മനോജിന്റെ പോസ്റ്റ് ഇവിടെ

ദേശാഭിമാനി ദിനപ്പത്രത്തില്‍ 2009 ജൂലൈ 25,26 തീയതികളില്‍ പ്രസിദ്ധീകരിച്ചത്.

ലാവലിന്‍ വിഷയത്തില്‍ ജാഗ്രതയിലെ എല്ലാ പോസ്റ്റുകളും ലാവലിന്‍ എന്ന ലേബല്‍ ക്ലിക്കിയാല്‍ വായിക്കാം

നീലകണ്ഠന്റെ പ്രൊമോഷനും മാധ്യമദുഷ്പ്രചരണവും

കെല്‍ട്രോണിലെ മാനേജര്‍ തസ്തികയില്‍നിന്ന് സി ആര്‍ നീലകണ്ഠനെ ഡെപ്യൂട്ടി ജനറല്‍ മാനേജരായി സ്ഥാനക്കയറ്റം നല്‍കി സ്ഥലം മാറ്റിയതും സിപിഐ എം വിരോധം പ്രചരിപ്പിക്കാന്‍ മാധ്യമങ്ങള്‍ക്ക് ആയുധം. അരൂരിലെ കെല്‍ട്രോണ്‍ കണ്‍ട്രോള്‍സില്‍ പ്രൊമോഷന്‍ ലഭിച്ച് മാറ്റിനിയമിക്കപ്പെട്ട മൂന്ന് മാനേജര്‍മാരില്‍ ഒരാള്‍ മാത്രമാണ് നീലകണ്ഠന്‍. നീലകണ്ഠനൊപ്പം ഡെപ്യൂട്ടി ജനറല്‍ മാനേജര്‍മാരായി പ്രൊമോഷന്‍ ലഭിച്ച അരൂര്‍ കെല്‍ട്രോണ്‍ കണ്‍ട്രോള്‍സിലെ കെ എ രാജീവിനെ ചെന്നൈ ബ്രാഞ്ച് മാനേജരുടെയും ജസ്റ്റ് ജോണ്‍ ലൂവീസിനെ മുംബൈ ബ്രാഞ്ച് മാനേജരുടെയും ചുമതല നല്‍കി മാറ്റി നിയമിച്ചിട്ടുണ്ട്. സ്ഥാപനത്തിന്റെ സാധാരണ നടപടി മാത്രമാണ് സ്ഥലംമാറ്റമെന്ന് കെല്‍ട്രോണ്‍ അധികൃതര്‍ പറഞ്ഞു.

മാതാപിതാക്കളെ നോക്കാനുള്ള അവസരവും മക്കളുടെ വിദ്യാഭ്യാസ സൌകര്യവും മുടക്കി നീലകണ്ഠനോട് ക്രൂരത കാണിച്ചെന്നാണ് മാധ്യമവിലാപം. ഇയാളുടെ രണ്ടു മക്കളിലൊരാള്‍ ജവാഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലാണ് പഠിക്കുന്നത്. നീലകണ്ഠന്‍ കെല്‍ട്രോണില്‍നിന്ന് അവധിയെടുത്ത് അഞ്ചുവര്‍ഷം ഗള്‍ഫിലേക്ക് പോയ ഘട്ടത്തില്‍ ഇത്തരം ന്യായമൊന്നും ആരും ഉയര്‍ത്തിയിരുന്നുമില്ല. മുന്‍ അമേരിക്കന്‍ വൈസ് പ്രസിഡന്റ് ഡിക് ചെനിയുടെ ഗള്‍ഫിലെ കമ്പനിയില്‍ ഉദ്യോഗസ്ഥനായിരുന്നു നീലകണ്ഠന്‍. വന്‍പ്രതിഫലത്തോടെ അമേരിക്കന്‍ കമ്പനിയെ സുദീര്‍ഘമായി സേവിച്ച് മടങ്ങിയെത്തിയശേഷമാണ് ആഗോളവല്‍ക്കരണത്തിന്റെ ആപത്തിനെക്കുറിച്ച് ഇയാള്‍ വാചകമടി തുടങ്ങിയത്. വിവിധ ആനുകൂല്യം ഉള്‍പ്പെടെ കാല്‍ലക്ഷത്തോളം രൂപ മാസം ഇയാള്‍ കെല്‍ട്രോണില്‍നിന്ന് വാങ്ങുന്നുണ്ട്. സര്‍ക്കാര്‍ വേതനത്തിലാണ് സാമൂഹ്യപ്രവര്‍ത്തനം. ഇതിന്റെ മറവില്‍ നാടുചുറ്റലായിരുന്നു പതിവ്. വിവിധ ചുമതലകള്‍ തരപ്പെടുത്തി സ്ഥാപനത്തില്‍നിന്ന് അടിക്കടി മുങ്ങുകയാണ് രീതി. നേരത്തെ കളമശേരി നഗരസഭയില്‍ ജനകീയാസൂത്രണപദ്ധതി നടത്തിപ്പിന്റെ ഉപദേശകനായി. തിരിച്ചുവന്നയുടന്‍ ജനകീയാസൂത്രണത്തിനെതിരെ കുപ്രചാരണം തുടങ്ങി. പിന്നീട് കൊച്ചിന്‍ ഷിപ്പ് യാര്‍ഡില്‍ കെല്‍ട്രോണ്‍ ഏറ്റെടുത്ത ഇലക്ട്രോണിക്സ് ജോലികളുടെ മേല്‍നോട്ടക്കാരനായി ചുമതല സംഘടിപ്പിച്ചു. അഞ്ചു വര്‍ഷം ഇത് തുടര്‍ന്നു. ആറു മാസംമുമ്പ് അരൂരിലെ ഓഫീസിലേക്കു മാറ്റി. കെല്‍ട്രോണില്‍ ജോലിചെയ്യുമ്പോള്‍ നീലകണ്ഠന്‍ നടത്തിയ വിദേശയാത്രയിലെ ദുരൂഹതകളില്‍ അന്വേഷണം വേണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. സര്‍ക്കാര്‍ജീവനക്കാരുടെ വിദേശയാത്ര വ്യവസ്ഥകള്‍ ലംഘിച്ചെന്നായിരുന്നു പരാതി. ലാവ്ലിന്‍കേസ് സംബന്ധിച്ച് മാതൃഭൂമിയില്‍ നീലകണ്ഠന്‍ എഴുതിയ അസംബന്ധങ്ങള്‍ക്ക് ദേശാഭിമാനിയില്‍ വന്ന മറുപടിയുമായി ഈ പ്രൊമോഷന്‍ ട്രാന്‍സ്ഫറിനെ ബന്ധിപ്പിക്കാന്‍വരെ ചിലര്‍ ശ്രമിച്ചു.

(ദേശാ‍ഭിമാനി വാര്‍ത്ത 26-07-2009)

സി.ആര്‍. നീലകണ്ഠന്റെ സ്ഥലം മാറ്റത്തില്‍ സര്‍ക്കാര്‍ ഇടപെട്ടിട്ടില്ലെന്നും ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റം പോലുള്ള കാര്യങ്ങളില്‍ കമ്പനിക്കു സ്വതന്ത്രമായി തീരുമാനമെടുക്കാമെന്നും വ്യവസായ മന്ത്രി എളമരം കരീം പറഞ്ഞിട്ടുണ്ട്.

മുഖ്യധാരയിലെ പത്രങ്ങളില്‍ ഇതുവരെ വന്ന വാര്‍ത്തകളില്‍ പ്രമോഷന്റെ കാര്യമോ, കൂടെ പ്രമോഷനോടെ സ്ഥലം മാറ്റപ്പെട്ട മറ്റു 2 പേര്‍‍ക്ക് മാതാപിതാക്കളെ നോക്കാനുള്ള അവസരം നഷ്ടപ്പെടുന്നതിനെക്കുറിച്ചോ, അവരുടെ മക്കളുടെ വിദ്യാഭ്യാസ സൌകര്യം മുടങ്ങുന്നതിനെക്കുറിച്ചോ സൂചനകളില്ല. തന്നെ സ്ഥലം മാറ്റിയ നടപടിയെക്കുറിച്ച് മാത്രമേ ശ്രീ. നീലകണ്ഠനും പറയുന്നുള്ളൂ. പ്രമോഷന്‍ കാര്യം അദ്ദേഹവും പറയുന്നില്ല. സര്‍വീസ് ചട്ടങ്ങള്‍ക്ക് വിരുദ്ധമാകയാല്‍ പ്രതികരിക്കുന്നില്ലത്രെ. എന്നാലും രാഷ്ട്രീയ ഇടപെടല്‍ ഉണ്ടായിക്കാണും എന്ന് അദ്ദേഹം പറയുന്നുണ്ട്. ആശയക്കുഴപ്പം നിലനിര്‍ത്തുക എന്ന തന്ത്രം ഇവിടെയും പയറ്റപ്പെടുന്നു എന്ന് തോന്നുന്നു.

രാഷ്ട്രീയ ഇടപെടലിലൂടെയാണ് (അര്‍ഹതയില്ലാത്ത) പ്രമോഷനെങ്കില്‍ ധാര്‍മ്മികതയുടെ പേരില്‍ അത് വേണ്ടെന്ന് വെക്കുവാന്‍ അദ്ദേഹം തയ്യാറാകുമെന്നു കരുതാം. ഒരു പക്ഷെ, സര്‍വീസ് ചട്ടമനുസരിച്ച് പ്രമോഷന്‍ വേണ്ടെന്നു വെയ്ക്കുകയാണെങ്കില്‍ ട്രാന്‍സ്ഫര്‍ ഒഴിവാക്കി ഇപ്പോഴത്തെ തസ്തികയില്‍ തുടരാന്‍ അദ്ദേഹത്തിനു കഴിഞ്ഞേക്കും. മാതാപിതാക്കളെ നോക്കുന്നതും മക്കള്‍ക്ക് വിഭ്യാഭ്യാസം നല്‍കുന്നതും മുടങ്ങാതെയും ഇരിക്കും.

Friday, July 24, 2009

വലതുപക്ഷ ഏജന്റിന്റെ സംശയരോഗം

ലാവ്ലിന്‍ കേസ് എന്ന് അറിയപ്പെടുന്ന പള്ളിവാസല്‍-ശെങ്കുളം-പന്നിയാര്‍ ജലവൈദ്യുത പദ്ധതി നവീകരണക്കരാറുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന പ്രശ്നം സംസ്ഥാനത്തിന് കിട്ടുമായിരുന്ന 86 കോടി രൂപ കിട്ടാതെയായി എന്നതാണ്. ആ പണം കിട്ടിയിരുന്നെങ്കില്‍ കേസ് ഇല്ല എന്നര്‍ഥം. എന്തുകൊണ്ട് പണം കിട്ടിയില്ല, ആരാണതിനുത്തരവാദി എന്നിവയാണ് സ്വാഭാവികമായി ഉയരുന്ന തുടര്‍ചോദ്യങ്ങള്‍. മലബാര്‍ ക്യാന്‍സര്‍ സെന്ററിനുവേണ്ടി പണം തരില്ലെന്ന് ലാവ്ലിന്‍ പറഞ്ഞിട്ടില്ല. ആശുപത്രിനിര്‍മ്മാണത്തിന്റെ ഒന്നാംഘട്ടം പൂര്‍ത്തിയാക്കിയത് അവര്‍ സമാഹരിച്ച് എത്തിച്ച പണംകൊണ്ടാണ്. തുടര്‍ന്ന് സഹായം നല്‍കാനുള്ള കരാറിന്റെ കരട് അവര്‍ ഉണ്ടാക്കിസമര്‍പ്പിച്ചതുമാണ്. അത് ഒപ്പിട്ടിരുന്നെങ്കില്‍, ഇന്ന് മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ ഏഷ്യയിലെ ഏറ്റവും മികച്ച അര്‍ബുദരോഗ ചികിത്സാകേന്ദ്രമാകുമായിരുന്നു. കരാര്‍ ഒപ്പിടാതെ ധാരണാപത്രം കാലഹരണപ്പെടുത്തിയവരാണ് 86കോടിയുടെ നഷ്ടത്തിന് ഉത്തരവാദി എന്ന് ഏതു കണ്ണുപൊട്ടനും തിരിച്ചറിയാം. അതുകാണാതെ, 1995 ആഗസ്ത് 10ന് ധാരണാപത്രം ഒപ്പിട്ടു തുടങ്ങി 2003 ജനുവരിയില്‍ പൂര്‍ത്തിയായ ഈ പദ്ധതിയില്‍ 1996 മെയ് മുതല്‍ 1999 ഒക്ടോബര്‍ വരെമാത്രം മന്ത്രിസ്ഥാനത്തിരുന്ന പിണറായി വിജയനെ ആക്ഷേപക്കുരുക്കിലാക്കി ഒറ്റപ്പെടുത്തി സംഹരിച്ചുകളയാമെന്ന ദുര്‍മോഹമാണ് സിപിഐ എമ്മിന്റെ ശത്രുക്കളെ നയിച്ചത്. ആ മോഹം നടപ്പില്ലെന്നാണ്, പാര്‍ടി കേന്ദ്രകമ്മിറ്റി പ്രശ്നം ആവര്‍ത്തിച്ചു ചര്‍ച്ചചെയ്ത് സംശയത്തിനിടയില്ലാതെ വ്യക്തമാക്കിയത്. ഈ കേസിന്റെ യാഥാര്‍ഥ്യങ്ങള്‍ പൊതുജനങ്ങള്‍ക്കുമുന്നില്‍ പാര്‍ടി വിശദീകരിക്കുമ്പോള്‍, ഇന്നലെവരെ ഉയര്‍ത്തിയ വാദമുഖങ്ങള്‍ തകര്‍ന്നുവീഴുന്നതിന്റെ ജാള്യം സിപിഐ എം വിരുദ്ധ പ്രചാരകര്‍ക്കുണ്ട്. അത് സ്വാഭാവികവുമാണ്.

ആ ജാള്യം ഞെട്ടലായി മാറുന്നത് കാണണമെങ്കില്‍ സി ആര്‍ നീലകണ്ഠന്‍ മാതൃഭൂമിയില്‍ ജൂലൈ 22ന് എഴുതിയ ലേഖനം വായിക്കണം. ഇടയ്ക്കിടെ ഞെട്ടിത്തെറിക്കുന്ന കൊല്ലന്റെ ആലയിലെ മുയലിന്റെ അവസ്ഥയിലാണ് സാംസ്കാരിക നായകന്‍ ഇന്ന്. സിപിഐ എം കേന്ദ്രകമ്മിറ്റി തീരുമാനം വന്നപ്പോഴാണ് ഒടുവിലത്തെ ഞെട്ടലുണ്ടായത്. വി എസ് അച്യുതാനന്ദനെതിരായ നടപടി 'ഒരു തരംതാഴ്ത്തല്‍ മാത്രം'! പിണറായി വിജയന്‍ കുറ്റവാളിയല്ലെന്ന കണ്ടെത്തല്‍ 'അക്ഷരാര്‍ഥത്തില്‍ ഞെട്ടിക്കുന്നത്'! നീലകണ്ഠന്‍ ഞെട്ടാന്‍ പോകുന്നതേയുള്ളൂ എന്നത് വേറെ കാര്യം.

നീലകണ്ഠന്‍ ലാവ്ലിന്‍ സംബന്ധിച്ച് ചോദ്യപരമ്പരയുമായി രംഗത്തുവരികയാണ്. അതങ്ങനെ തീരുന്ന സംശയങ്ങളല്ല. പാര്‍ടി പറയുന്നതിനപ്പുറം സംശയങ്ങള്‍ നിലനില്‍ക്കുന്നു എന്ന തെറ്റിദ്ധാരണ സൃഷ്ടിക്കാനുള്ള കുറുക്കുവഴിയാണത്. സിപിഐ എം റിപ്പോര്‍ട്ടിങ്ങ് ഹാളില്‍ കുമ്മായംകൊണ്ട് തറയെഴുത്തു നടത്തിയവരുടേതില്‍നിന്ന് ഒട്ടും ഉയര്‍ന്നതല്ല ഈ മനോനില. സിബിഐയും വിജിലന്‍സും അന്വേഷിച്ച് തള്ളിക്കളഞ്ഞവകൂടി പുതിയ മട്ടില്‍ സംശയങ്ങളാകുന്നുണ്ട്. അവയ്ക്ക് 'ജനാധിപത്യ രീതിയില്‍' മറുപടി കിട്ടുമെന്ന് പ്രതീക്ഷയില്ലപോലും. ജനാധിപത്യ വിരുദ്ധരീതിയില്‍ എന്തു മറുപടിയാണാവോ പ്രതീക്ഷിക്കുന്നത്. നീലകണ്ഠന്‍ ഒരു പുസ്തക രചനയിലാണെന്ന് കേട്ടിരുന്നു. മിച്ചസമയം ചാനല്‍ചര്‍ച്ചയ്ക്ക് കൊടുത്തു. മാതൃഭൂമിയല്ലാതെ ഒരു പത്രവും വായിക്കാറുമില്ല. അതുകൊണ്ട്, പുതിയതെന്ന മട്ടില്‍ അവതരിപ്പിക്കുന്ന സംശയങ്ങള്‍ക്ക് അക്കമിട്ടുള്ള മറുപടി പലകുറി വന്ന വിവരമൊന്നും അറിഞ്ഞുകാണില്ല. അച്ചടിച്ചു വന്ന സംശയങ്ങളല്ലേ. സമയം, സ്ഥലം, ഔചിത്യം എന്നിവ കണക്കിലെടുത്ത് ചുരുങ്ങിയ വാക്കുകളില്‍ മറുപടി നല്‍കാതിരിക്കാനാവില്ല. ഇതില്‍ പരാമര്‍ശിക്കാത്ത കാര്യങ്ങളില്‍ സംശയം ബാക്കിനില്‍ക്കുന്നുണ്ടെങ്കില്‍ നീലകണ്ഠന് സ്വാഗതം-ദേശാഭിമാനി ലൈബ്രറിയില്‍ പത്രഫയല്‍ പരിശോധനയ്ക്കുള്ള അവസരമുണ്ട്.

നീലകണ്ഠന്റെ സംശയം ഒന്ന്:

ലാവലിന്‍ കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന വാദം ഇപ്പോഴും ഉന്നയിക്കുന്നുണ്ടോ? കേന്ദ്രകമ്മിറ്റി പുറത്തുവിട്ട പ്രസ്താവനയില്‍ ഇതില്ല. ഹൈക്കോടതി വിധിപ്രകാരം കോടതിയുടെ മേല്‍നോട്ടത്തില്‍ നടന്ന അന്വേഷണം കോണ്‍ഗ്രസ്സും യുഡിഎഫും നടത്തിയ ഗൂഢാലോചനയാണോ? കാര്‍ത്തികേയനെതിരെ പുനരന്വേഷണം വേണമെന്ന കോടതി നിലപാടിനെ അംഗീകരിക്കുന്നുì പാര്‍ട്ടിയെങ്കില്‍ പിണറായിക്കെതിരായ കുറ്റപത്രം സ്വീകരിച്ച കോടതി നിലപാടിനെയും അംഗീകരിക്കേണ്ടതില്ലേ? പ്രശ്നത്തെ വലതുപക്ഷ ഗൂഢാലോചനയാക്കി അവതരിപ്പിച്ച് ഇടതുപക്ഷത്തുള്ളവെര കൂടെ നിര്‍ത്താനുള്ള കപടതന്ത്രം മാത്രമല്ലേ ഇത്? കാര്‍ത്തികേയന് പങ്കുണ്ടെങ്കില്‍ അതും പുറത്തുവരട്ടെയെന്നല്ലേ സാധാരണ ജനങ്ങള്‍ ആഗ്രഹിക്കുക?

ഉത്തരം:

കേന്ദ്രകമ്മിറ്റി പറയുന്നു-

"രാഷ്ട്രീയ പ്രതിയോഗികള്‍ക്ക് എതിരായി കള്ളക്കേസുകള്‍ ചുമത്തുന്നതിന് സി.ബി.ഐയെ ദുരുപയോഗം ചെയ്യുന്നതിന്റെ മറ്റൊരു ഉദാഹരണമാണ് പിണറായി വിജയന്റെ പേരിലുള്ള ഈ കേസ്''. "കേസ് രാഷ്ട്രീയമായും നിയമപരമായും നേരിടും.''

2006 മാര്‍ച്ച് 11, 12 തീയതികളില്‍ ചേര്‍ന്ന കേന്ദ്രകമ്മിറ്റിയോഗം മുതല്‍ 2009 ജൂലൈ 10നും 11നും ചേര്‍ന്ന കേന്ദ്രകമ്മിറ്റിവരെ ആവര്‍ത്തിച്ച ഈ നിലപാടില്‍ പാര്‍ടിക്ക് സംശയമുണ്ടായിട്ടില്ല. കോടതിയുടെ മേല്‍നോട്ടത്തിലല്ല ലാവ്ലിന്‍ കേസന്വേഷണം നടന്നത്. കോടതി അന്വേഷണത്തിന്റെ പുരോഗതി വിലയിരുത്തുക മാത്രമാണ് ചെയ്തത്. വിചാരണ പൂര്‍ത്തിയാക്കുന്ന വേളയില്‍ മാത്രമേ കോടതി സിബിഐ റിപ്പോര്‍ട്ട് അംഗീകരിക്കുമോ തള്ളുമോ എന്നെല്ലാം തീരുമാനിക്കാന്‍ കഴിയൂ. 2006 ഫെബ്രുവരി 27ന് വിജിലന്‍സ് കോടതിയില്‍ എഫ്ഐആര്‍ സമര്‍പ്പിച്ചശേഷം മൂന്നാംദിവസം 2006 മാര്‍ച്ച് ഒന്നിന് (മൂന്നുദിവസത്തിനുള്ളില്‍) പ്രത്യേകിച്ച് ഒരു കാരണവുമില്ലാതെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടത് രാഷ്ട്രീയ ഗൂഢാലോചനയല്ലാതെ മറ്റെന്താണ്.

കാര്‍ത്തികേയന് ഇതില്‍ പങ്കുണ്ടെന്ന് പറഞ്ഞത് സിപിഐ എം അല്ല, സിബിഐ തന്നെയാണ്. കേസിലെ ഗൂഢാലോചനയുടെ തുടക്കം ടെന്‍ഡറില്ലാതെ എംഒയു വഴി ലാവ്ലിനെ കരാര്‍ ഏല്‍പ്പിച്ചതാണെന്നും കാര്‍ത്തികേയന്‍ ഈ ഗൂഢാലോചനയുടെ സ്ഥാപകനാണെന്നും സിബിഐയാണ് പറഞ്ഞത്. ഗൂഢാലോചനയുടെ സ്ഥാപകനായ കാര്‍ത്തികേയന്‍ പ്രതിയല്ലാതെ ഗൂഢാലോചനക്കുറ്റം മറ്റുള്ളവരില്‍ ചുമത്തുന്നതിന്റെ പൊരുത്തക്കേടിനെയാണ് സിപിഐ എം ചോദ്യംചെയ്തത്. അഡ്വക്കറ്റ്ജനറലിന്റെ നിയമോപദേശത്തിലും ഇതുതന്നെയാണ് സൂചിപ്പിച്ചത്. മന്ത്രിസഭാ തീരുമാനത്തിലും ഇത് ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. പൊരുത്തക്കേട് കാണാതെ പോയത് ഗവര്‍ണറും സിബിഐയും മാത്രമാണ്. ഈ പൊരുത്തക്കേടു തന്നെയാണ് സിബിഐ കോടതിയും ചൂണ്ടിക്കാണിച്ചത്. ഇതിനോട് സിപിഐ എം വിയോജിക്കേണ്ട കാര്യമെന്ത്? ഇതില്‍ എന്ത് കപടതന്ത്രമാണുള്ളത്? സാധാരണ ജനങ്ങള്‍ക്കു മുന്നില്‍ എല്ലാ കാര്യങ്ങളും പുറത്തുവരണമെന്ന ആഗ്രഹംതന്നെയാണ് സിപിഐ എമ്മിന്റേത്. അതുകൊണ്ടാണല്ലോ നീലകണ്ഠനുപോലും മറുപടി എഴുതുന്നത്. ലാവ്ലിന്‍ പ്രശ്നത്തിന്റെ എല്ലാ വശങ്ങളും കാര്‍ത്തികേയന്റെ പങ്കാളിത്തമടക്കം ചര്‍ച്ചചെയ്യുന്നതും ജനങ്ങളെ ബോധ്യപ്പെടുത്താന്‍ ആഗ്രഹിക്കുന്നതും സിപിഐ എം മാത്രമാണ്.
നീലകണ്ഠനെപ്പോലെയുള്ളവര്‍ ആഗ്രഹിക്കുന്നത് പ്രശ്നത്തിന്റെ ഒരു വശംമാത്രം ചര്‍ച്ച ചെയ്യാനാണ്.

നീലകണ്ഠന്‍തന്നെ പറയുന്നു-"ലാവലിന്‍ സംബന്ധിച്ച രേഖകളടങ്ങിയ പുസ്തകത്തിന്റെ ഇംഗ്ളീഷ് പരിഭാഷ പല കേന്ദ്രനേതാക്കള്‍ക്കും നേരിട്ടു നല്‍കാന്‍ അവസരമുണ്ടായപ്പോള്‍ നടത്തിയ കൂടിക്കാഴ്ചകളില്‍ അവര്‍തന്നെ ഇക്കാര്യം സമ്മതിച്ചതുമാണ്''. അദ്ദേഹം മലയാളത്തില്‍ പുസ്തകമെഴുതി; അത് ഇംഗ്ളീഷിലാക്കി (എല്ലാം ദിവസങ്ങള്‍ക്കുള്ളില്‍) കഷ്ടപ്പെട്ട് വിമാനക്കൂലിയൊപ്പിച്ച് ഡല്‍ഹിയില്‍ ചെന്ന് സിപിഐ എമ്മിന്റെ കേന്ദ്രനേതാക്കളെ ഓരോരുത്തരെയായി കണ്ട് ആ പുസ്തകം സൌജന്യമായി വിതരണംചെയ്തു. പോരാഞ്ഞ്, ചാനലുകാരെ വിളിച്ചു വരുത്തിയും ചെന്നുകണ്ടും ലാവ്ലിന്‍ കഥകള്‍ വിളമ്പി. അതിലും മതിവരാതെ, സിഎന്‍എന്‍-ഐബിഎന്‍ ചാനലില്‍ വഴിപോക്കന്റെ വേഷത്തില്‍ അവതരിച്ച് ലാവ്ലിന്‍ പ്രശ്നത്തില്‍ കേരളത്തിലെ സിപിഐ എം തകരാന്‍ പോവുകയാണെന്ന് പ്രവചനം നടത്തി. എന്താണ് പ്രചോദനം? എവിടെനിന്നു കിട്ടുന്നു ഇതിനെല്ലാമുള്ള പണം? ലാവ്ലിന്‍ കേസ് രാഷ്ട്രീയപ്രേരിതമാണെന്നതിന് താങ്കളുടെ ഈ വെപ്രാളത്തിനും അമിതാവേശത്തിനുമപ്പുറം എന്തുവേണം തെളിവ്? വലതുപക്ഷം മാത്രമല്ല, ഇടതുപക്ഷ വേഷമണിഞ്ഞ നീലകണ്ഠനെപ്പോലുള്ളവരും ഗൂഢാലോചനയില്‍ പങ്കാളികളാണ്.

കോടതി കുറ്റപത്രം സ്വീകരിച്ചതിനെ സിപിഐ എം തള്ളിപ്പറഞ്ഞിട്ടില്ല. കോടതിയിലെത്തിയ കേസ് നിയമപരമായി നേരിടുമെന്നുതന്നെയാണ് പറഞ്ഞത്. അങ്ങനെ നേരിടുന്നത് നിയമത്തിന്റെ ഏതെങ്കിലും ഒരുഭാഗത്തുമാത്രമായിരിക്കണം, നിരപരാധിത്വം തെളിയിക്കാനുള്ള നിയമപരമായ മറ്റൊരു വഴിയും നോക്കാന്‍ പാടില്ല എന്നെല്ലാം നീലകണ്ഠന് ആഗ്രഹിക്കാം.

സംശയം രണ്ട്:

കരാര്‍ യുഡിഎഫ് ഒപ്പിട്ടതാണെന്നും തങ്ങള്‍ വെറും ഒരനുബന്ധം ചേര്‍ക്കുക മാത്രമാണുണ്ടായതെന്നും പറയുന്നത് തെറ്റല്ലേ? പാരീസില്‍ പോയി കേസ് നടത്തേണ്ടിവരുമായിരുന്നു ഇങ്ങനെ ചെയ്തില്ലെങ്കില്‍ എന്നു പറഞ്ഞത് അസത്യമല്ലേ? 1998 ജൂലായില്‍ പിണറായി വിജയന് കാനഡയിലെ ഇഡിസിയുമായി വായ്പക്കരാര്‍ ഒപ്പിട്ടശേഷം മാത്രമല്ലേ യു.ഡി.എഫിന്റെ കരാര്‍ പ്രാബല്യത്തിലായത്? (കസള്‍ട്ടന്‍സി കരാര്‍ 13ാം വകുപ്പ്) അതുവരെ ഈ കരാര്‍ ലംഘിച്ചാല്‍ ഒരു ആര്‍ബിട്രേഷനും കേസും ഇല്ലായിരുന്നുവെന്നതല്ലേ സത്യം? യു.ഡി.എഫ്. കരാര്‍ 24 കോടിയുടേതും എല്‍ഡിഎഫ്. കരാര്‍ 243 കോടിയുടേതുമായിരുന്നില്ലേ? യു.ഡി.എഫ്. കരാര്‍ ഇന്ത്യന്‍ നിയമങ്ങളനുസരിച്ചുള്ളതും എല്‍ ഡി.എഫ്. ഒപ്പിട്ട വായ്പക്കരാര്‍ കാനഡയിലെ ഒടേറിയോ പ്രവിശ്യയിലെ നിയമങ്ങള്‍ക്കനുസരിച്ചുമല്ലേ? ഈ വ്യവസ്ഥയെ അന്നത്തെ ധനകാര്യവകുപ്പ് ഉദ്യോഗസ്ഥരും മന്ത്രി ടി. ശിവദാസമേനോനും എതിര്‍ത്തിരുന്നില്ലേ? ഒരു പരമാധികാരരാജ്യത്തിനു ചേരാത്ത വ്യവസ്ഥയാണിതെന്ന് ഇവര്‍ ഫയലില്‍ എഴുതിയില്ലേ? അന്താരാഷ്ട്ര കരാറായതിനാല്‍ കേന്ദ്രസര്‍ക്കാറിന്റെ സാമ്പത്തികകാര്യ നിയമവകുപ്പുകളുടെ അഭിപ്രായം തേടണമെന്നിവര്‍ എഴുതിയില്ലേ? ഇതെല്ലാം ചെയ്തിരുന്നുവോ?

ഉത്തരം:

യുഡിഎഫ് തുടങ്ങിവച്ച കരാര്‍ അനിവാര്യമായ ഘട്ടത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തുടര്‍ന്നു നടത്തി എന്ന പച്ചപ്പരമാര്‍ഥം നീലകണ്ഠന് മറച്ചുവയ്ക്കാനാകുമോ? ധാരണാ പത്രവും അടിസ്ഥാന കരാറായ സപ്ളൈകരാറും യുഡിഎഫ് ഉണ്ടാക്കി. മാറിവന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ തുടര്‍നടപടികളുമായി മുന്നോട്ടുപോയി. (പിണറായി വിജയന്‍ ഒരു കരാറിലും ഒപ്പിട്ടിട്ടില്ല എന്ന വസ്തുത നീലകണ്ഠന്റെ അറിവിലേക്ക് ഓര്‍മിപ്പിക്കുന്നു)എല്‍ഡിഎഫ് കാലത്ത് പദ്ധതി നടത്തിപ്പുമായി 1997ഫെബ്രുവരി 10നും 1998 ജൂലൈ അഞ്ചിനും ഒപ്പിട്ടത് കാര്‍ത്തികേയന്റെ കാലത്ത് 1996 ഫെബ്രുവരി 24ന് ഒപ്പിട്ട കരാറിനുള്ള അനുബന്ധങ്ങളാണ്. ഈ അനുബന്ധ കരാറുകള്‍ വായിച്ചുനോക്കിയാല്‍ അതില്‍ പറയുന്ന കാര്യങ്ങള്‍ക്കൊഴിച്ച് മറ്റെല്ലാറ്റിനും 1996 ഫെബ്രുവരി 24ലെ കരാര്‍ ബാധകമാണെന്ന് നീലകണ്ഠന് ബോധ്യപ്പെടാവുന്നതേയുള്ളൂ.

96 ഫെബ്രുവരി 24ന് ഒപ്പുവച്ച അടിസ്ഥാന കരാറിന്റെ 17-ാം വകുപ്പ് പ്രകാരം, വ്യവസ്ഥകള്‍ ലംഘിച്ചാല്‍ നഷ്ടപരിഹാരം നല്‍കണം. തര്‍ക്കപരിഹാരത്തിന് കേസ് നടത്താന്‍ പാരീസില്‍ പോകണം. ഗ്ളോബല്‍ ടെന്‍ഡര്‍ പോകണമെങ്കില്‍ ഈ കരാറുകളെല്ലാം റദ്ദാക്കേണ്ടിവരും. പുതിയ വിദേശവായ്പ കണ്ടെത്തണം.

നേര്യമംഗലം പവര്‍ പ്രോജക്ടില്‍ എബിബി കമ്പനിയുമായി യുഡിഎഫ് സര്‍ക്കാര്‍ ധാരണാപത്രം (കരാര്‍ പോലുമല്ല) ഒപ്പുവച്ചിരുന്നു. അത് റദ്ദാക്കി ഗ്ളോബല്‍ ടെന്‍ഡര്‍ വിളിക്കാന്‍ തീരുമാനിച്ചു. എബിബി നാല് വര്‍ഷം കേസ് നടത്തി. യുഡിഎഫിന്റെ കാലത്ത് കേസ് തോറ്റു. പദ്ധതി എബിബിക്കുതന്നെ നല്‍കാനായിരുന്നു വിധി. ഈ ദുര്‍ഗതിതന്നെ പള്ളിവാസല്‍-ശെങ്കുളം-പന്നിയാര്‍ പദ്ധതികള്‍ക്ക് ഉണ്ടാകുമായിരുന്നു. അങ്ങനെ വരണമെന്ന് നീലകണ്ഠന്റെ നശീകരണബുദ്ധിക്ക് ആഗ്രഹിക്കാം. ജനങ്ങളോട് ഉത്തരവാദിത്തമുള്ള സര്‍ക്കാരിന് അത് കഴിയില്ലല്ലോ.

1996 ഫെബ്രുവരി 24ന്റെ കരാര്‍തന്നെ കനഡയിലെ ഇഡിസിയില്‍നിന്ന് വായ്പ ലഭ്യമാക്കുന്നതിനും അതുപയോഗിച്ച് സാധനസാമഗ്രികള്‍ വാങ്ങിക്കുന്നതിനും ലാവ്ലിന്‍ ഈ പദ്ധതികളുടെ നവീകരണം പൂര്‍ത്തീകരിച്ച് കമീഷനിങ് നടത്താനുമുള്ളതാണ്. വായ്പ ലഭ്യമാകുന്ന മുറയ്ക്കുമാത്രമേ ലാവ്ലിന്‍ പണി ആരംഭിക്കേണ്ടതുള്ളൂ എന്നു ചുരുക്കം. വായ്പ ലഭ്യമാക്കുന്നതും ലാവ്ലിന്റെ സേവനങ്ങളില്‍പെടുന്നു. ഇതിനുള്ള നടപടിക്രമങ്ങള്‍ ലാവ്ലിന്‍ മുന്നോട്ടുനീക്കുകയും കെഎസ്ഇബി 1997 ഫെബ്രുവരി രണ്ടിനുമുമ്പുതന്നെ ലാവ്ലിന്‍ മുഖാന്തരം ഇഡിസിയുമായുള്ള ചര്‍ച്ചകളും കത്തിടപാടുകളും നടത്തുകയും ചെയ്തിട്ടുണ്ട്. ആ അവസരത്തില്‍ കനേഡിയന്‍ വായ്പ വേണ്ടെന്നുവയ്ക്കുന്നതും കരാറിലെ 17-ാം വകുപ്പുപ്രകാരം ആര്‍ബിട്രേഷന്‍ വിഷയമാകുമെന്നു മനസ്സിലാക്കാന്‍ കൈരേഖ നോക്കി പ്രവചനം നടത്തേണ്ടതില്ല. കനഡയില്‍ നിന്ന് വായ്പ ലഭ്യമാക്കാനും സാധനസാമഗ്രികള്‍ വാങ്ങി നവീകരണപ്രവൃത്തി പൂര്‍ത്തീകരിക്കാനുമല്ലാതെ മറ്റെന്ത് ആവശ്യത്തിനാണ് കാര്‍ത്തികേയന്‍ 96 ഫെബ്രുവരി 24ന് നിര്‍വഹണ കരാര്‍ ഒപ്പിട്ടത്?

പതിനേഴാം വകുപ്പില്‍ "ഈ കരാര്‍ പ്രകാരം കെ.എസ്.ഇ.ബിയും എസ്.എന്‍.സി ലാവ്ലിനും തമ്മില്‍ ഉണ്ടാകുന്ന ഏതൊരു തര്‍ക്കവും അവകാശവാദവും അല്ലെങ്കില്‍ കരാര്‍ ലംഘിച്ചതായുള്ള ആക്ഷേപങ്ങളും പരസ്പര ചര്‍ച്ചയിലൂടെ രമ്യമായി പരിഹരിക്കണമെന്നും അങ്ങനെ പരിഹരിക്കപ്പെട്ടില്ലെങ്കില്‍ പാരീസിലെ ആര്‍ബിട്രേഷന് വിടണമെന്നും'' വ്യക്തമാക്കുന്നു. ഇതിനര്‍ഥം 1996 ഫെബ്രുവരിയിലെ എഗ്രിമെന്റിനെത്തുടര്‍ന്ന് ഏര്‍പ്പെടേണ്ട വായ്പക്കരാര്‍ സംബന്ധിച്ച് കെഎസ്ഇബി നടപടിക്രമങ്ങള്‍ സ്വീകരിച്ചില്ലെങ്കില്‍പ്പോലും തര്‍ക്കവുമായി ലാവ്ലിന് പാരീസില്‍ കേസ് കൊടുക്കാമെന്നാണ്. കരാറിലെ 13-ാം വകുപ്പും 15, 16 വകുപ്പുകളില്‍ പറയുന്ന സസ്പെന്‍ഷന്‍, ടെര്‍മിനേഷന്‍ എന്നിവയും 17-ാം വകുപ്പിന് വിധേയമായി മാത്രമാണ് നിലനില്‍ക്കുന്നത്. കനഡയിലെ ധനസ്ഥാപനമായ ഇഡിസിയുമായുള്ള വായ്പക്കരാറിലാണ് ഒടേറിയോ പ്രവിശ്യാ നിയമങ്ങള്‍ ബാധകമാണെന്ന് പറയുന്നത്. എല്‍ഡിഎഫ് കാലത്ത് ഒപ്പിട്ട അനുബന്ധ കരാറുകളിലൊന്നുംതന്നെ ഒടേറിയോ പ്രവിശ്യാ നിയമം ബാധകമാക്കിയിട്ടില്ല.

ഇന്ത്യയിലടക്കം ഏതൊരു രാജ്യത്തും വാണിജ്യ വായ്പാ ഇടപാടുകള്‍ വായ്പ നല്‍കുന്ന രാജ്യത്തിന്റെ നിയമത്തിന് വിധേയമാണ്. അതത് രാജ്യങ്ങളിലെ റിസര്‍വ് ബാങ്കുകളും സര്‍ക്കാരുകളുമാണ് ഇതു സംബന്ധിച്ച നിയമങ്ങള്‍ രൂപീകരിക്കുന്നത്. അതുകൊണ്ടുതന്നെ കനഡയില്‍നിന്ന് ലഭ്യമാക്കുന്ന വായ്പയ്ക്ക് ഇന്ത്യന്‍നിയമം ബാധകമാക്കണമെന്ന് ആഗ്രഹിക്കാം പക്ഷേ, പ്രായോഗികമല്ല. ഒടേറിയോ പ്രവിശ്യയിലെ നിയമം ബാധകമാക്കിയ വായ്പക്കരാര്‍ പ്രകാരം എടുത്ത വായ്പയും അതുവഴി നടത്തിയ നവീകരണവും രാജ്യത്തിന്റെ പരമാധികാരത്തെ എങ്ങനെ ബാധിച്ചെന്ന് നീലകണ്ഠന്‍ വിശദമാക്കിയാല്‍ കൊള്ളാം. സിബിഐക്കുപോലും ഇതില്‍ കേസില്ല. കേന്ദ്രസര്‍ക്കാരിന്റെ അംഗീകാരം 1998 ജൂണ്‍ 19ന് ജി (557)/97ഇസിബി പ്രകാരം വായ്പക്കരാര്‍ ഒപ്പിടുന്നതിനു മുമ്പുതന്നെ ലഭ്യമായിട്ടുണ്ട്. ആ രേഖ സിബഐതന്നെ ഹാജരാക്കിയിട്ടുമുണ്ട്. രാമായണംതന്നെ രചിച്ച നീലകണ്ഠന്‍ ഈ സീതയെമാത്രം കാണാതെ പോയി. നാട്ടിലെ ബാങ്കില്‍നിന്ന് ലോണ്‍ വാങ്ങാന്‍ ചെന്നാല്‍ ബാങ്കിന്റെ വ്യവസ്ഥകളാണോ നീലകണ്ഠന്‍ സ്വന്തമായി ഉണ്ടാക്കുന്ന വ്യവസ്ഥകളാണോ അംഗീകരിക്കുക? മണ്ടത്തരം വിളമ്പുന്നതിനും വേണ്ടേ പരിധി?

അടുത്തത്, 'എല്‍ഡിഎഫ്. കരാര്‍ 243 കോടിയുടേതുമായിരുന്നില്ലേ' എന്നചോദ്യം. ആയിരുന്നില്ല. 131.27 കോടി രൂപയുടെ സാധനസാമഗ്രികള്‍ കനഡയില്‍നിന്ന് വാങ്ങാനുള്ള കരാറാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് വൈദ്യുതി ബോര്‍ഡ് ലാവ്ലിനുമായി ഒപ്പുവച്ചത്. കസല്‍ട്ടന്‍സി ഫീസ് നിശ്ചയിച്ചത് 17.88 കോടി രൂപ. ആകെ 149.15 കോടി. യുഡിഎഫ് ഒപ്പുവച്ച കസല്‍ട്ടന്‍സി കരാറില്‍, സാധന സാമഗ്രികളുടെ വില 157.40 കോടി. കസല്‍ട്ടന്‍സി ഫീസ് 24.04 കോടി. ആകെ 181.44 കോടി. ഏതുവലുത്, ഏതുചെറുത് എന്ന് മനസ്സിലാക്കാനുള്ള ഗണിതവിജ്ഞാനം സാംസ്കാരിക പടുവിന് ഇല്ലേ ആവോ.

(അവസാനിക്കുന്നില്ല)

പി എം മനോജ് ദേശാഭിമാനി ദിനപ്പത്രം 24 ജൂലൈ 2009

ശ്രീ. പി.എം.മനോജിന്റെ പോസ്റ്റ് ഇവിടെ

പണാധിപത്യം വാഴുന്നു

ഇക്കഴിഞ്ഞ ജൂണ്‍ ഒമ്പതിന് പാര്‍ലമെന്റില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് പറഞ്ഞത്, ജനാധിപത്യത്തില്‍ പണവും പേശീബലവും ആധിപത്യം പുലര്‍ത്തുന്നെന്നും അത് തടയേണ്ടത് അടിയന്തര കടമയാണെന്നുമാണ്. സ്കൂട്ടര്‍ രാജാവ് രാഹുല്‍ ബജാജ് ഒരിക്കല്‍ തുറന്നടിച്ചത്, രാജ്യത്തെ 90 ശതമാനം കോര്‍പറേറ്റുകളും രാഷ്ട്രീയ പാര്‍ടികളെ ഭയപ്പെടുന്നെന്നാണ്. യുപിഎ സര്‍ക്കാര്‍ അധികാരമേറ്റശേഷം പെട്രോളിയംമന്ത്രാലയം മുകേഷ് അംബാനിയോട് അമിതമായ താല്‍പ്പര്യം കാണിക്കുന്നെന്ന് പരാതിപ്പെട്ടത് അംബാനികുടുംബത്തിലെ രണ്ടാമനായ അനില്‍ അംബാനിയാണ്. ഇന്ത്യയിലെ ഏറ്റവും വലിയ കോടീശ്വരനായ മുകേഷിനുവേണ്ടിയാണ് പെട്രോളിയംമന്ത്രാലയം പ്രവര്‍ത്തിക്കുന്നത്. രാജ്യത്ത് ശതകോടീശ്വരന്മാര്‍ പനപോലെ വളരുമ്പോള്‍ കോണ്‍ഗ്രസിന്റെ പണപ്പെട്ടിയും അതിനൊത്ത് കനക്കുന്നു. അങ്ങനെ സംഭരിച്ച ആയിരക്കണക്കിനു കോടി രൂപയാണ് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ രാജ്യത്താകെ ഒഴുകിയത്. അതിനുമുമ്പ്, ഇടതുപക്ഷം പിന്തുണ പിന്‍വലിച്ച വേളയില്‍ കൃത്രിമ ഭൂരിപക്ഷമുണ്ടാക്കാന്‍ കുതിരക്കച്ചവടം നടത്തുന്നതിനായി നൂറുകണക്കിനു കോടി രൂപ ഒഴുക്കി. ഒരു എംപിക്ക് അന്ന് 25 കോടി രൂപ വിലപറഞ്ഞതായി വാര്‍ത്തയുണ്ടായിരുന്നു.

ഇന്ത്യയില്‍ ജനാധിപത്യമല്ല, പണാധിപത്യമാണ് പുലരുന്നതെന്ന ആക്ഷേപം ഇന്നും ഇന്നലെയുമുള്ളതല്ല. കുത്തകാധിപത്യ പ്രവണതയുള്ള വന്‍കിട ബൂര്‍ഷ്വാസിയുടെ താല്‍പ്പര്യങ്ങളെയാണ് ഇന്ത്യന്‍ ഭരണകൂടം മുഖ്യമായും പ്രതിനിധാനംചെയ്യുന്നത്. അതിനര്‍ഥം വന്‍കിട ബൂര്‍ഷ്വാസിയും ഭരണാധികാരം കൈയാളുന്ന ബൂര്‍ഷ്വാ രാഷ്ട്രീയ നേതൃത്വവും തമ്മിലുള്ള കൊള്ളക്കൊടുക്കലുകള്‍ മറയില്ലാതെ തുടരുന്നെന്നാണ്. അത്തരമൊരു സംവിധാനത്തെ നിശ്ചയമായും ബാധിക്കുന്ന പുഴുക്കുത്താണ് പണാധിപത്യം.

പതിനഞ്ചാം ലോക്സഭാ തെരഞ്ഞെടുപ്പില്‍ രാജ്യത്ത് ഏറ്റവുമധികം പണമൊഴുക്കിയത് കോണ്‍ഗ്രസാണ്. ആ പാര്‍ടിക്ക് നേടാനായ തെരഞ്ഞെടുപ്പുമുന്‍തൂക്കം കാശെറിഞ്ഞു വാങ്ങിയതാണെന്ന് അന്നുതന്നെ ആക്ഷേപമുയര്‍ന്നതാണ്. തെരഞ്ഞെടുപ്പു കമീഷന്‍ കര്‍ക്കശമായ വ്യവസ്ഥകളും നിയന്ത്രണങ്ങളുമൊക്കെ മുന്നോട്ടുവച്ചെങ്കിലും അവയെ പുല്ലുപോലെ കരുതിയാണ് കോണ്‍ഗ്രസ് പണം വാരിയെറിഞ്ഞത്. രാജ്യത്താകെ 10,000 കോടിയിലധികം രൂപയാണ് തെരഞ്ഞെടുപ്പില്‍ ചെലവഴിക്കപ്പെട്ടതെന്നാണ് ഒരു അനൌപചാരിക പഠനത്തില്‍ വെളിപ്പെട്ടത്. അതില്‍ പകുതിയിലേറെ കോണ്‍ഗ്രസിന്റെ പങ്കാണ്. എവിടെനിന്നാണ് ഈ പണം വരുന്നത്? അതിനുള്ള ഉത്തരമാണ് അനില്‍ അംബാനിയുടെയും രാഹുല്‍ ബജാജിന്റെയും വെളിപ്പെടുത്തലുകള്‍. അന്താരാഷ്ട്ര വിലനിലവാരവുമായി ഒരുതരത്തിലും പൊരുത്തപ്പെടാത്തവിധം രാജ്യത്തെ എണ്ണവില നിശ്ചയിക്കുമ്പോള്‍, ഒറ്റ ദിവസംകൊണ്ട് റിലയന്‍സിന്റെ പണപ്പെട്ടിയിലേക്ക് അനേക കോടികള്‍ ഒഴുകിയെത്തും. സ്വാഭാവികമായും അതില്‍ ഒരു പങ്ക് കോണ്‍ഗ്രസില്‍ ചെന്നുചേരും. ടെലികോം, പ്രതിരോധ വകുപ്പുകളിലെ ഇടപാടും തീരുമാനവും ഇങ്ങയുെള്ള കറവപ്പശുക്കളാണ്.

ഓരോ തെരഞ്ഞെടുപ്പുകഴിയുമ്പോഴും പണത്തിന്റെ ആവശ്യം വര്‍ധിക്കുകയും അഴിമതിയുടെ അളവ് ഭയാനകമാവുകയും ചെയ്യുന്നു എന്നതാണ് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഇന്നത്തെ പരിതാപാവസ്ഥ. അത്തരം അവസ്ഥയുടെ ഉല്‍പ്പന്നമാണ് കേരളത്തില്‍ കോണ്‍ഗ്രസ് ഒഴുക്കിയ കള്ളപ്പണവുമായി ബന്ധപ്പെട്ട് ഒന്നൊന്നായി പുറത്തുവരുന്ന വാര്‍ത്ത. കേരളത്തില്‍ 17 കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളാണ് ലോക്സഭാതെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. അവര്‍ക്കോരോരുത്തര്‍ക്കും ഹൈക്കമാന്‍ഡില്‍നിന്ന് ഒരുകോടി രൂപവീതം അനധികൃത മാര്‍ഗത്തിലൂടെ എത്തിച്ചു എന്നതിന്റെ തെളിവാണ് പുറത്തുവന്നിട്ടുള്ളത്. തെരഞ്ഞെടുപ്പു കമീഷന്‍ ഒരു സ്ഥാനാര്‍ഥിക്ക് നിശ്ചയിച്ച ചെലവു പരിധി 25 ലക്ഷം രൂപയാണ്. ഇവിടെ ഹൈക്കമാന്‍ഡില്‍നിന്നുമാത്രം കുറഞ്ഞത് ഒരുകോടി വന്നിരിക്കുന്നു. ചിലേടത്ത് തുക അതിനേക്കാള്‍ കൂടുതലാണ്. സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി തുടങ്ങിയവരുടെ പ്രചാരണപരിപാടി സംഘടിപ്പിക്കാന്‍ വന്ന തുകയും കെപിസിസി വക നല്‍കിയ തുകയും അതിനുപുറമെ. നാട്ടില്‍ പിരിവുനടത്തി ഉണ്ടാക്കിയത് വേറെ. രാജ്യത്താകെ ഇതല്ല സ്ഥിതി. തമിഴ്നാട്ടിലെ ഒരു സ്ഥാനാര്‍ഥി മണ്ഡലത്തില്‍ 25 കോടിയിലേറെ രൂപ ചെലവാക്കിയെന്ന് വാര്‍ത്ത വന്നിട്ടുണ്ട്. ആന്ധ്രപ്രദേശില്‍ പത്രപരസ്യത്തിനുമാത്രം കോടികള്‍ ചെലവിട്ട സ്ഥാനാര്‍ഥികളുണ്ട്.

കേരളത്തില്‍ ഒരുകോടി രൂപ ഹൈക്കമാന്‍ഡില്‍നിന്ന് വാങ്ങിയ സ്ഥാനാര്‍ഥികളില്‍ മൂന്നുപേര്‍ ഇന്ന് കേന്ദ്രമന്ത്രിമാരാണ്. അവരില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രനും അദ്ദേഹത്തിന്റെ ഭാര്യയും പേഴ്സണല്‍ സ്റ്റാഫ് അംഗവും കെപിസിസി പ്രസിഡന്റും ഈ അനധികൃത പണമിടപാടില്‍ നേരിട്ട് പങ്കാളിത്തം വഹിച്ചതിന്റെ സംശയരഹിതമായ രേഖകളാണ് പുറത്തുവന്നിട്ടുള്ളത്. കേന്ദ്ര ആഭ്യന്തരമന്ത്രിതന്നെ ഗുരുതരമായ സാമ്പത്തിക കുറ്റകൃത്യത്തില്‍ പങ്കാളിയാവുക എന്ന അവസ്ഥ അതീവ ഗുരുതരമാണ്. കോണ്‍ഗ്രസ് ഒരു രാഷ്ട്രീയ പാര്‍ടിയെന്ന നിലയില്‍, രാജ്യത്തെ നിയമങ്ങള്‍ ലംഘിച്ചതിനൊപ്പം മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്ന മന്ത്രി ചെയ്ത കുറ്റകൃത്യവും നിയമത്തിനു മുന്നില്‍ വരേണ്ടതുണ്ട്. കുഴല്‍പ്പണം കടത്തുന്ന രീതിയില്‍ കൊണ്ടുവന്ന 50 ലക്ഷം രൂപയില്‍ പകുതി ട്രെയിനില്‍വച്ച് അപ്രത്യക്ഷമായതിനെത്തുടര്‍ന്ന് കോണ്‍ഗ്രസിനകത്ത് ഉയര്‍ന്ന വിവാദവും കുറ്റപ്പെടുത്തലുകളുമാണ് ഈ വസ്തുതകള്‍ പുറത്തുവരാന്‍ കാരണമായത്. 25 ലക്ഷം രൂപ നഷ്ടപ്പെട്ടിട്ടും ഒരു പരാതി എഴുതിക്കൊടുക്കാന്‍പോലും കഴിയാത്ത അവസ്ഥ കോണ്‍ഗ്രസിന് വന്നത്, അവര്‍ അടിമുടി അഴിമതിയിലും നിയമവിരുദ്ധ ഇടപാടിലും മുങ്ങിനില്‍ക്കുന്നതുകൊണ്ടാണ്.

'അഴിമതി വിരുദ്ധ വായ്ത്താരി' മുടങ്ങാതെ പാടുന്ന കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങളൊന്നും ഈ പടുകൂറ്റന്‍ അഴിമതിയും ക്രമക്കേടും കണ്ടമട്ട് കാണിക്കുന്നില്ല. എന്നാല്‍, ഇന്നാട്ടിലെ സാധാരണജനങ്ങള്‍ക്ക് അങ്ങനെ അവഗണിക്കാന്‍ പറ്റുന്ന ഒന്നല്ല ഇത്. കുറ്റംചെയ്തവര്‍, കള്ളപ്പണം കൈകാര്യം ചെയ്തവര്‍ കേന്ദ്ര ആഭ്യന്തരമന്ത്രിയായാലും പ്രധാനമന്ത്രിയായാലും ശിക്ഷിക്കപ്പെടണം. എന്‍ഫോഴ്സ്മെന്റ് അടിയന്തരമായി കേസെടുത്ത് അന്വേഷണം ആരംഭിക്കണം. ജനാധിപത്യത്തെ പണാധിപത്യമാക്കി മാറ്റാനുള്ള കോണ്‍ഗ്രസിന്റെ നിലവിട്ട കളിക്കെതിരെ ശക്തമായ ജനാഭിപ്രായം ഉയര്‍ന്നുവരേണ്ടതുണ്ട്.

ദേശാഭിമാനി മുഖപ്രസംഗം 24 ജൂലൈ 2009

കോണ്‍ഗ്രസ്‍ ഒഴുക്കിയ കോടികള്‍

കോണ്‍ഗ്രസ് ഒഴുക്കിയത് 488 കോടി

ലോക്സഭാതെരഞ്ഞെടുപ്പില്‍ കള്ളപ്പണം വാരിവിതറിയ കോണ്‍ഗ്രസ് ഓരോ സ്ഥാനാര്‍ഥിക്കും നല്‍കിയത് 1.1 കോടി രൂപ വീതം. മത്സരിച്ച 444 കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്കായി ആകെ വിതരണം ചെയ്തത് 488.4 കോടി രൂപ. പാര്‍ടിയുടെ എല്ലാ സ്ഥാനാര്‍ഥികളും തുക കൈപ്പറ്റി. എഐസിസിക്കു പുറമേ പിസിസികള്‍ പിരിച്ച പണത്തിലൊരു ഭാഗവും സ്ഥാനാര്‍ഥികള്‍ക്ക് ലഭിച്ചെന്ന് എഐസിസിയുമായി അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. വ്യവസായികളില്‍നിന്നും മറ്റും സ്ഥാനാര്‍ഥികള്‍ക്കായി വാങ്ങിയ പണം വേറെയും. സ്ഥാനാര്‍ഥികളുടെ പ്രചാരണത്തിന് തെരഞ്ഞെടുപ്പ് കമീഷന്‍ അനുവദിച്ച തുകയുടെ എത്രയോ മടങ്ങ് വീശിയെറിഞ്ഞ് പണക്കൊഴുപ്പിലൂടെയാണ് കോണ്‍ഗ്രസ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ നേട്ടം കൊയ്തതെന്ന് ഇതോടെ വ്യക്തമായി. എഐസിസി ഔദ്യോഗികമായി തീരുമാനിച്ചതനുസരിച്ചാണ് ഓരോ സ്ഥാനാര്‍ഥിക്കും 1.1 കോടി രൂപ നല്‍കിയത്. ഇത് എഐസിസി ഓഫീസില്‍നിന്ന് നേരിട്ട് വാങ്ങിക്കൊണ്ടുപോകുകയായിരുന്നു. മൂന്നുതവണയായാണ് തുക നല്‍കിയത്. ആദ്യഗഡുവായി 25 ലക്ഷം രൂപയും പിന്നീട് രണ്ട് ഗഡുവായി ബാക്കി തുകയും നല്‍കി.

സ്ഥാനാര്‍ഥിത്വം ലഭിക്കുന്നതിന് എഐസിസിക്ക് ചിലര്‍ നല്‍കിയ തുകയുമായി താരതമ്യംചെയ്യുമ്പോള്‍ സ്ഥാനാര്‍ഥികള്‍ക്ക് വീതിച്ച തുക നിസ്സാരമാണ്. സ്ഥാനാര്‍ഥിത്വം ലഭിക്കുന്നതുതന്നെ വലിയ ഭാഗ്യമായാണ് കോണ്‍ഗ്രസ് നേതാക്കള്‍ കരുതുന്നത്. എഐസിസിയില്‍ നിന്നുള്ള തുകയും അതത് പ്രദേശങ്ങളില്‍ നിന്ന് പിരിക്കുന്ന തുകയും ചേര്‍ത്ത് വലിയൊരു സംഖ്യ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ലഭിക്കും. അതിന്റെ ചെറിയൊരു ഭാഗം മാത്രം ചെലവഴിച്ചാല്‍ ബാക്കി തുക പോക്കറ്റില്‍. കേന്ദ്രത്തില്‍ അധികാരത്തിലിരുന്നതിനാല്‍ വന്‍ വ്യവസായികള്‍ കനത്ത സംഭാവനയാണ് കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് നല്‍കിയത്. ചില കോര്‍പറേറ്റ് കമ്പനികള്‍ തങ്ങളുടെ നോമിനികളെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളാക്കി വിജയിപ്പിക്കുകയും ചെയ്തു. ഇതിനായി വന്‍ തുകയാണ് അവര്‍ പാര്‍ടിക്ക് നല്‍കിയത്. പ്രചാരണസാമഗ്രികളില്‍ വലിയ പങ്കും എഐസിസിയാണ് സ്ഥാനാര്‍ഥികള്‍ക്ക് നല്‍കിയത്. പോസ്റ്ററുകള്‍, ലഘുലേഖകള്‍ എന്നിവയും വന്‍തോതില്‍ തയ്യാറാക്കി എഐസിസി ഓഫീസിനടുത്തുള്ള ഗോഡൌണില്‍ ശേഖരിച്ച് സ്ഥാനാര്‍ഥികള്‍ക്ക് വിതരണം ചെയ്തു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കുള്ള പൊതുവായ പ്രചാരണ സാമഗ്രികളാണ് ഇങ്ങനെ വിതരണം ചെയ്തത്. ഇവയും വന്‍കിട വ്യവസായികള്‍ അച്ചടിച്ച് നല്‍കിയതാണ്. ഇതില്ലൊം പുറമെയാണ് 1.1 കോടി വീതം സ്ഥാനാര്‍ഥികള്‍ക്ക് വിതരണം ചെയ്തത്.
(വി ജയിന്‍്‍)

കോണ്‍ഗ്രസ് കേരളത്തില്‍ ഒഴുക്കിയത് 17 കോടിയുടെ കള്ളപ്പണം

സംസ്ഥാനത്ത് കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ പതിനേഴുകോടിയിലേറെ രൂപയുടെ കള്ളപ്പണം വിനിയോഗിച്ചു. ഒരു സ്ഥാനാര്‍ഥിക്ക് പ്രചാരണത്തിന് ചെലവാക്കാവുന്നത് പരമാവധി 25 ലക്ഷം രൂപയാണെന്നിരിക്കെ, കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്ക് പാര്‍ടി ഹൈകമാന്‍ഡില്‍നിന്നു മാത്രം കുറഞ്ഞത് ഒരു കോടി രൂപ വീതം നല്‍കി. അനധികൃത മാര്‍ഗങ്ങളിലൂടെയാണ് ഇത്രയും പണം കേരളത്തിലെത്തിയത്. വടകരയില്‍ മത്സരിച്ച ഇപ്പോഴത്തെ കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രനുവേണ്ടി കൊണ്ടുവന്ന അന്‍പതുലക്ഷത്തില്‍ പകുതി കാണാതെപോയതിനെത്തുടര്‍ന്ന് കോണ്‍ഗ്രസിനകത്ത് ഉയര്‍ന്ന വിവാദമാണ്, കേന്ദ്ര ഭരണകക്ഷി നടത്തിയ ഞെട്ടിക്കുന്ന സാമ്പത്തിക ക്രമക്കേട് പുറത്തുകൊണ്ടുവന്നത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി തിരുവള്ളൂര്‍ മുരളി കാല്‍കോടി രൂപ വെട്ടിച്ചെന്ന പരാതി ഒതുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ്, വടകരയിലും കോഴിക്കോട്ടും വന്‍തോതില്‍ ഫണ്ട് തിരിമറി നടന്നതായി കോണ്‍ഗ്രസ് ഭാരവാഹികള്‍ പരാതി ഉന്നയിക്കുന്നത്. തിരിമറി സംബന്ധിച്ച് അന്വേഷണമാവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റിനും കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിക്കും പരാതി പോയിട്ടുണ്ട്.

കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ കത്തുമായി ചെന്നവര്‍ക്കാണ് ഡല്‍ഹിയില്‍നിന്ന് പണപ്പെട്ടികള്‍ കൊടുത്തയച്ചത്. ഇങ്ങനെ കൊണ്ടുവന്നതില്‍ ഒരുêകോടി രൂപ നെടുമ്പാശേരി വിമാനത്താവളത്തില്‍ പിടികൂടിയിരുന്നു. ഉന്നത കോണ്‍ഗ്രസ് നേതാവിന്റെ ഇടപെടലിനെത്തുടര്‍ന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ കേസ് ഒതുക്കി. ഇതേ വിമാനത്തില്‍ തിരുവനന്തപുരത്തേക്കു കൊണ്ടുപോയ 75 ലക്ഷം രൂപ പിടികൂടാന്‍ ആദായനികുതി ഉദ്യോഗസ്ഥര്‍ കാത്തിരുന്നെങ്കിലും അവസാനനിമിഷം ഇവരെ പിന്‍വലിച്ചു. മാര്‍ച്ച് 30ന് ഐസി 465 ഡല്‍ഹി-കൊച്ചി-തിരുവനന്തപുരം ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ വന്ന നാലുപേരില്‍നിന്നാണ് ഒരു കോടി രൂപ പിടിച്ചത്. ഇത് മധ്യകേരളത്തിലെ ഒരു സ്ഥാനാര്‍ഥിക്കുള്ളതായിരുന്നു. 25 ലക്ഷം രൂപയാണ് ഓരോരുത്തരുടെയും പക്കല്‍ ഉണ്ടായിരുന്നത്. മൂന്നു ഗഡുക്കളായാണ് കേരളത്തിലെ സ്ഥാനാര്‍ഥികള്‍ക്ക് പണം നല്‍കിയത്. ആദ്യ രണ്ടു ഗഡു 25 ലക്ഷം വീതവും അവസാന ഗഡു 50 ലക്ഷവും. അവസാന ഗഡുവിലെ ഇരുപത്തഞ്ചു ലക്ഷം രൂപയാണ് മുല്ലപ്പള്ളി രാമചന്ദ്രനുവേണ്ടി കൊണ്ടുവന്ന തിരുവള്ളൂര്‍ മുരളി വെട്ടിച്ചെന്ന ആരോപണമുണ്ടായത്. തന്റെ കൈവശമുണ്ടായിരുന്ന ഒരു പെട്ടി കാണാനില്ലെന്ന് മുരളി ഏപ്രില്‍ പതിനൊന്നിന് ഫറോക്കില്‍ റെയില്‍വേ പെലീസില്‍ പരാതിപ്പെട്ടിരുന്നു. പിന്നീട് പരാതി പിന്‍വലിച്ചു.

രമേശ് ചെന്നിത്തല, കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍, അദ്ദേഹത്തിന്റെ പേഴ്സണല്‍ സ്റ്റാഫിലുള്ള ഒരാള്‍, തിരുവള്ളൂര്‍ മുരളി എന്നിവര്‍ക്കെതിരെ വ്യക്തമായ തെളിവുകള്‍ കോണ്‍ഗ്രസിലെ ഒരു വിഭാഗം ശേഖരിച്ചിട്ടുണ്ട്. ഈ രേഖകള്‍ പുറത്തുവന്നാല്‍ ദേശീയവ്യാപക പ്രത്യാഘാതമാണുണ്ടാവുകയെന്ന് പ്രമുഖ കോണ്‍ഗ്രസ് നേതാവ് 'ദേശാഭിമാനി'യോട് പറഞ്ഞു. രാജ്യത്തിന്റെ ആഭ്യന്തരവകുപ്പ് കൈകാര്യംചെയ്യുന്ന സഹമന്ത്രിയും അദ്ദേഹവുമായി അടുപ്പമുള്ളവരും സാമ്പത്തിക കുറ്റകൃത്യത്തിലേര്‍പ്പെട്ടു എന്ന് തെളിയും. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഹൈകമാന്‍ഡ് വന്‍തോതില്‍ കള്ളപ്പണം ഉപയോഗിച്ചെന്നും ഇതുവഴി നിയമവും തെരഞ്ഞെടുപ്പു ചട്ടങ്ങളും ലംഘിച്ചെന്നും ഈ രേഖകള്‍ തെളിയിക്കും. കേന്ദ്രമന്ത്രിമാര്‍ക്കെതിരെയും സോണിയ ഗാന്ധി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെയും എന്‍ഫോഴ്സ്മെന്റിന് കേസെടുക്കേണ്ട അവസ്ഥയും വരും.
(കെ എം മോഹന്‍ദാസ്)

മുല്ലപ്പള്ളിക്ക് ഒരു കോടി കൊണ്ടുവന്നു

കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രനുവേണ്ടി തെരഞ്ഞെടുപ്പുവേളയില്‍ എഐസിസിയില്‍നിന്ന് താന്‍ ഒരു കോടി രൂപയുടെ കള്ളപ്പണം കൊണ്ടുവന്നതായി യൂത്ത് കോണ്‍ഗ്രസ് നേതാവ് തിരുവള്ളൂര്‍ മുരളി. ഇത് സംബന്ധിച്ച് മുരളി കെപിസിസി പ്രസിഡന്റിന് അയച്ച കത്ത് ദേശാഭിമാനിക്ക് ലഭിച്ചു. കോണ്‍ഗ്രസ് സംസ്ഥാനത്താകെ വിതരണംചെയ്ത കള്ളപ്പണത്തിന്റെ സൂചനകളടങ്ങുന്ന കത്ത് രമേശ് ചെന്നിത്തലയും എഐസിസി നേതൃത്വവും ഇതില്‍ പങ്കാളികളാണെന്നതിന് അനിഷേധ്യ തെളിവാണ്. മൂന്നു തവണയായാണ് പണം കൊണ്ടുവന്നതെന്നും കാണാതായ 25 ലക്ഷം ഒഴികെയുള്ള പണം മുല്ലപ്പള്ളിക്ക് കൈമാറി രസീത് വാങ്ങി സൂക്ഷിച്ചിട്ടുണ്ടെന്നും കത്തില്‍ പറയുന്നു. കള്ളപ്പണം പിടിക്കപ്പെടുന്നത് ഒഴിവാക്കാന്‍ വിമാനത്തിലും ട്രെയിനിലും കാറിലും മാറിമാറി സഞ്ചരിച്ചു. ഇതര മണ്ഡലങ്ങളിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ 'കാരിയര്‍'മാരും മൂന്നു ഡല്‍ഹി യാത്രയിലും തന്നോടൊപ്പം ഉണ്ടായിരുന്നതായും മുരളി പറയുന്നു. മുല്ലപ്പള്ളിക്ക് എഐസിസി അനുവദിച്ച മൂന്നാംഗഡു 50 ലക്ഷത്തില്‍നിന്ന് 25 ലക്ഷം കാണാതായതിനെത്തുടര്‍ന്നുണ്ടായ വിവാദവുമായി ബന്ധപ്പെട്ടാണ് ചെന്നിത്തലയ്ക്ക് മുരളി സുദീര്‍ഘമായ പരാതിക്കത്ത് നല്‍കിയത്. കെപിസിസി പ്രസിഡന്റിന്റെ കത്തുമായാണ് മൂന്നു തവണയും ഡല്‍ഹിക്കുപോയത്.

2009 മാര്‍ച്ച് 24നാണ് ആദ്യം പോയത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അത്യാവശ്യ കാര്യമാണെന്ന് മുല്ലപ്പള്ളി പറഞ്ഞു. അന്ന് കിങ്ഫിഷര്‍ ഫ്ളൈറ്റില്‍ തിരുവനന്തപുരത്ത് എത്തി. കെപിസിസി ഓഫീസില്‍നിന്ന് പ്രസിഡന്റിന്റെ കത്ത് വാങ്ങി പിറ്റേന്ന് ഡല്‍ഹി വിമാനത്തില്‍ പുറപ്പെട്ടു. പിന്നീട് 'രാജു'എന്നയാളുമായി ബന്ധപ്പെട്ടപ്പോഴാണ് പണം കൊണ്ടുവരാനാനാണെന്നും 'മെറ്റീരിയല്‍സ്' എടുക്കാന്‍ പെട്ടിവേണമെന്ന കാര്യവും അറിയുന്നതും പെട്ടി വാങ്ങുന്നതും. പെട്ടിയുമായി തിരിച്ച് കോഴിക്കോട്ട് ഇറങ്ങിയ താന്‍ കാറുമായി വീട്ടിലേക്കു പോയി. രണ്ടുദിവസത്തിലേറെ സ്ഥാനാര്‍ഥിയുടെ നിര്‍ദേശപ്രകാരം 'മെറ്റീരിയല്‍സ്' തന്റെ വീട്ടില്‍ സൂക്ഷിച്ചു. പിന്നീട് അദ്ദേഹം പറഞ്ഞതനുസരിച്ച് ഭാരവാഹികള്‍ക്കു കൈമാറി. അതിന് മുല്ലപ്പള്ളി നല്‍കിയ രസീത് തന്റെ കൈവശമുണ്ട്. രണ്ടാംയാത്ര എറണാകുളത്തുനിന്നു നേരിട്ട് ഡല്‍ഹിക്കായിരുന്നു. കൂടുതല്‍ 'മെറ്റീരിയല്‍സ്' ഉണ്ടെന്നറിയിച്ചതിനെത്തുടര്‍ന്ന് എറണാകുളം സ്ഥാനാര്‍ഥിയുടെ ആളും താനും ഒന്നിച്ച് ഡല്‍ഹി വിഐപി ഷോറൂമില്‍പോയി 2500 രൂപയുടെ വലിയ പെട്ടി വാങ്ങി. അന്ന് ദില്ലിയിലുണ്ടായിരുന്ന മുഴുവന്‍ ആളുകളും ഒരേ വിമാനത്തിലാണ് കൊച്ചി വിമാനത്താവളത്തില്‍ തിരിച്ചെത്തിയത്.

വിമാനത്താവളത്തിലുണ്ടായ പ്രശ്നങ്ങളില്‍ താനും ഇടുക്കി സ്ഥാനാര്‍ഥിയുടെ ആളും അകപ്പെട്ടില്ല. ഇടുക്കി സ്ഥാനാര്‍ഥിയുടെ ആളാണ് തന്നെ ആലുവ റെയില്‍വേ സ്റേഷനില്‍ എത്തിച്ചത്. ഏറെ ദിവസം വീട്ടില്‍ സൂക്ഷിച്ച 'മെറ്റീരിയല്‍സ്' രണ്ടുതവണയായാണ് മുല്ലപ്പള്ളിയുടെ നിര്‍ദേശത്തെത്തുടര്‍ന്ന് ഭാരവാഹികള്‍ക്കു നല്‍കിയത്. സോണിയ ഗാന്ധിയുടെ വടകര പരിപാടിയുടെ ദിവസമായിരുന്നു മൂന്നാമത്തെ ഡല്‍ഹിയാത്ര. പുലര്‍ച്ചെ ഒന്നിനാണ് യാത്രയ്ക്ക് സ്ഥാനാര്‍ഥി ആവശ്യപ്പെടുന്നത്. തിരിച്ച് കേരളത്തിലെ ഒരു വിമാനത്താവളത്തിലും ഇറങ്ങാതെ മംഗലാപുരം വഴിയേ വരാവൂ എന്നും നിര്‍ദേശിച്ചു. പാലക്കാട്, ആലപ്പുഴ, ചാലക്കുടി, വയനാട് സ്ഥാനാര്‍ഥികള്‍ക്കായി വന്നവരുടെ കൂടെ ഒരു ടാക്സിയില്‍ 'മെറ്റീരിയല്‍സ്' കലക്ട് ചെയ്യാന്‍ പോയി. ഡല്‍ഹിയില്‍നിന്ന് മംഗലാപുരത്തേക്ക് നേരിട്ട് വിമാനമില്ലെന്നറിഞ്ഞ് ബംഗളൂരുവിലേക്ക് ടിക്കറ്റ് ഏര്‍പ്പാട് ചെയ്തു. അവിടെനിന്ന് കാര്‍മാര്‍ഗം മംഗലാപുരത്തെത്തി ട്രെയിനില്‍ കേരളത്തിലേക്ക് വരുമ്പോള്‍ 25 ലക്ഷം അടങ്ങിയ പെട്ടി കാണാതെ പോയി. പെട്ടി കാണാതായതിനെക്കുറിച്ച് റെയില്‍വേ പൊലീസിന് നല്‍കിയ പരാതി കെപിസിസി പ്രസിഡന്റിന്റെ നിര്‍ദേശപ്രകാരം പിന്‍വലിച്ചെന്നും കത്തില്‍ പറയുന്നു.
(കെ എം മോഹന്‍ദാസ്)

കോണ്‍ഗ്രസ് മൌനം കുറ്റസമ്മതം

ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഒഴുക്കിയ കള്ളപ്പണം ദേശീയതലത്തില്‍ ചര്‍ച്ചയായിട്ടും സംസ്ഥാന-ദേശീയ നേതൃത്വങ്ങള്‍ക്ക് മൌനം. സംസ്ഥാനത്തെ 17 കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്കായി കുറഞ്ഞത് ഒരുകോടി രൂപവീതമാണ് എഐസിസി നല്‍കിയത്. ഈ കള്ളപ്പണം ഒഴുക്കിനെപ്പറ്റി തെളിവുകള്‍ പുറത്തുവരികയും നിയമസഭയ്ക്കകത്തും പുറത്തും ശക്തമായ ആക്ഷേപം ഉയരുകയും ചെയ്തിട്ടും കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയും പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടിയും പ്രതികരിക്കാന്‍ വിസമ്മതിച്ചു. ഗുരുതരമായ ആരോപണം ഉയര്‍ന്നിട്ടും നിയമസഭയില്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ പ്രതികരിച്ചില്ല. ദുബായില്‍ തങ്ങുന്ന ചെന്നിത്തലയാകട്ടെ, രണ്ടുദിവസത്തിനകം നാട്ടിലെത്തിയശേഷം പറയാമെന്ന നിലപാടിലാണ്.

കള്ളപ്പണം ഇടപാട് കോണ്‍ഗ്രസിന്റെ നിയമവിരുദ്ധ-സദാചാരവിരുദ്ധ പ്രവര്‍ത്തനം മാത്രമല്ല, തെരഞ്ഞെടുപ്പുചട്ടങ്ങളുടെ നഗ്നമായ ലംഘനവും പുറത്തുകൊണ്ടുവന്നു. 25 ലക്ഷം രൂപയാണ് ഒരു ലോക്സഭാ സ്ഥാനാര്‍ഥിക്ക് പരമാവധി ചെലവഴിക്കാവുന്ന തുക. എഐസിസിയില്‍നിന്ന് ചില സ്ഥാനാര്‍ഥികള്‍ക്ക് ഒന്നരക്കോടിയും രണ്ടുകോടിയുംവരെ രൂപ ലഭിച്ചിട്ടുണ്ട്. ഇതിനുപുറമെ, സ്വന്തമായി സ്വരൂപിച്ച് ചെലവഴിച്ച പണം വേറെ.

ഇങ്ങനെ കോണ്‍ഗ്രസിന്റെ ഓരോ സ്ഥാനാര്‍ഥിയും കോടികള്‍ ഒഴുക്കി തെരഞ്ഞെടുപ്പുചട്ടങ്ങള്‍ കാറ്റില്‍പ്പറത്തി. വിജയിച്ച സ്ഥാനാര്‍ഥിക്കെതിരെ കേസ് കൊടുക്കാന്‍ സാധാരണനിലയില്‍ 45 ദിവസത്തെ കാലാവധിയാണ്. എന്നാല്‍, കോടതിയുടെ പ്രത്യേക അനുമതി വാങ്ങി പിന്നീടും കേസ് ഫയല്‍ ചെയ്യാനാകും. അതുകൊണ്ടുതന്നെ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനുശേഷം 45 ദിവസം പിന്നിട്ടെന്നതുകൊണ്ട് കോണ്‍ഗ്രസ് എംപിമാര്‍ക്കെതിരെ കോടതിയില്‍ കേസ് കൊടുക്കുന്നതിന് തടസ്സമില്ലെന്ന് നിയമകേന്ദ്രങ്ങള്‍ പറഞ്ഞു. കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനും പ്രശ്നത്തില്‍ ഇടപെടാന്‍ കഴിയും. തെരഞ്ഞെടുപ്പുകേസിനുപുറമെ, ഇന്ത്യന്‍ ശിക്ഷാനിയമം അനുസരിച്ചുള്ള ക്രിമിനല്‍ക്കേസും എടുക്കാവുന്നതാണ്. പൊലീസിനും കേന്ദ്രസര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള എന്‍ഫോഴ്സ്മെന്റിനും സംഭവം അന്വേഷിച്ച് കേസ് രജിസ്റര്‍ചെയ്യാന്‍ കഴിയും. നിയമം നിയമത്തിന്റെ വഴിക്ക് നീങ്ങിയാല്‍ കേന്ദ്രമന്ത്രിമാരടക്കമുള്ളവര്‍ പ്രതിക്കൂട്ടിലാകും. മുല്ലപ്പള്ളി രാമചന്ദ്രന് നല്‍കുന്നതിന് ഡല്‍ഹിയില്‍നിന്ന് കൊണ്ടുവന്ന പണത്തില്‍ ഒരു പങ്ക് കാണാതായതിനെപ്പറ്റി ആദ്യം റെയില്‍വേ പൊലീസിന് നല്‍കിയ പരാതി പിന്നീട് പിന്‍വലിച്ചിരുന്നു. അതും യൂത്ത് കോണ്‍ഗ്രസ് നേതാവ് തിരുവള്ളൂര്‍ മുരളി ചെന്നിത്തലയ്ക്ക് അയച്ച കത്തും സംസാരിക്കുന്ന തെളിവുകളാണ്. ഇതിനിടെ, പ്രശ്നത്തിന്റെ ഗൌരവം തിരിച്ചറിഞ്ഞ കോണ്‍ഗ്രസ് നേതൃത്വം തിരുവള്ളൂര്‍ മുരളിയെ പാട്ടിലാക്കാനുള്ള ശ്രമത്തിലാണ്.

കള്ളപ്പണത്തിന്റെ ഉറവിടം അന്വേഷിക്കണം

ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്കായി കള്ളപ്പണമൊഴുകിയത് രാജ്യം കണ്ട ഏറ്റവും വലിയ തെരഞ്ഞെടുപ്പ് അഴിമതിയാണെന്ന് സിപിഐ എം നിയമസഭാ കക്ഷി സെക്രട്ടറി പി ജയരാജന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സോണിയ ഗാന്ധിയും കേന്ദ്രമന്ത്രിമാരും ഉള്‍പ്പെട്ട അഴിമതിയാണിത്. കള്ളപ്പണത്തിന്റെ ഉറവിടം അന്വേഷിക്കണം. ഇതിനെതിരെ ജനമനഃസാക്ഷി ഉണരണം. അഴിമതി പുറത്തുകൊണ്ടുവരാന്‍ സാധ്യമായ നിയമനടപടി സ്വീകരിക്കുമെന്നും ജയരാജന്‍ പറഞ്ഞു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്ക് ഹൈകമാന്‍ഡ് ഒരു കോടി രൂപ വീതം നല്‍കിയതായി നിയമസഭയില്‍ ആരോപണം ഉന്നയിച്ചപ്പോള്‍ പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി നിഷേധിച്ചില്ല. പണം കൊടുത്തതിന് തെളിവായി യൂത്ത് കോണ്‍ഗ്രസ് നേതാവ് തിരുവള്ളൂര്‍ മുരളി കെപിസിസി പ്രസിഡന്റിന് നല്‍കിയ കത്ത് പുറത്തായി. കേന്ദ്ര മന്ത്രിസഭയിലെ കേരളീയരായ മൂന്ന് മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് എംപിമാര്‍ തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയെന്ന് ഇതോടെ വ്യക്തമായി. ഒരു ലോക്സഭാ സ്ഥാനാര്‍ഥിക്ക് പരമാവധി ചെലവഴിക്കാവുന്നത് 25 ലക്ഷം രൂപയാണ്. രാജ്യത്തെ എല്ലാ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്കും ഹൈകമാന്‍ഡ് ഒരു കോടി രൂപ നല്‍കിയെന്ന് വാര്‍ത്ത വന്നിരുന്നു. മുല്ലപ്പള്ളി രാമചന്ദ്രന് ഹൈകമാന്‍ഡ് മൂന്നു തവണയായി കൊടുത്തയച്ച തുകയില്‍ 25 ലക്ഷം രൂപ യൂത്ത് കോണ്‍ഗ്രസ് നേതാവ് തട്ടിയെടുത്തതോടെയാണ് കേരളത്തിലെ പണമിടപാട് പുറത്തുവന്നത്. ഇതേക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന് ജയരാജന്‍ ആവശ്യപ്പെട്ടു.

എന്‍‌ഫോഴ്സ്മെന്റ് അന്വേഷിക്കണം

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് 17 കോടിയിലധികം രൂപയുടെ കള്ളപ്പണം കോണ്‍ഗ്രസ് ഒഴുക്കിയതിനെപ്പറ്റി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് പി ജയരാജന്‍ നിയമസഭയില്‍ ആവശ്യപ്പെട്ടു. നിയമവും തെരഞ്ഞെടുപ്പു ചട്ടങ്ങളും ലംഘിച്ച് ഹൈകമാന്‍ഡ് വന്‍ തോതില്‍ കള്ളപ്പണമിറക്കിയെന്ന് ബജറ്റ് ഉപധനാഭ്യര്‍ഥന ചര്‍ച്ചയില്‍ ജയരാജന്‍ ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പു ചട്ടപ്രകാരം ഒരു സ്ഥാനാര്‍ഥിക്ക് പരമാവധി 25 ലക്ഷം രൂപയാണ് ചെലവഴിക്കാനാവുക. എന്നാല്‍, ഒരോ കോണ്‍ഗ്രസ് സ്ഥനാര്‍ഥിക്കും ഒരുകോടി രൂപ വീതം ഹൈകമാന്‍ഡ് നല്‍കി. അനധികൃതമാര്‍ഗങ്ങള്‍ വഴിയാണ് ഇത്രയും തുക എത്തിച്ചത്. കുഴല്‍പ്പണമായി കൊണ്ടുവന്ന പണം വിമാനത്താവളത്തില്‍ പിടികൂടിയെങ്കിലും സ്വാധീനം ഉപയോഗിച്ച് രക്ഷപ്പെടുത്തി. ഇപ്പോഴത്തെ കേന്ദ്രമന്ത്രിയായ മുല്ലപ്പള്ളി രാമചന്ദ്രന് എത്തിയ പണത്തില്‍ കുറെ കാണാതായി. ഫണ്ട് തിരിമറി സംബന്ധിച്ച പരാതിയും പുറത്തു വന്നുകഴിഞ്ഞു. മുല്ലപ്പള്ളിക്കുവേണ്ടി പണം കൊണ്ടുവന്ന പെട്ടി കാണാതായെന്ന് ഫറോക്ക് റെയില്‍വേ പൊലീസില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി തിരുവള്ളൂര്‍ മുരളി നല്‍കിയ പരാതി പിന്‍വലിച്ചത് കോണ്‍ഗ്രസ് നേതൃത്വം ഇടപെട്ടായിരുന്നു. അന്വേഷണം നടന്നാല്‍ കള്ളപ്പണത്തെപ്പറ്റിയുള്ള വിവിരങ്ങള്‍ പുറത്തുവരുമെന്നും സോണിയ ഗാന്ധിയടക്കമുള്ളവര്‍ കുടുങ്ങുമെന്നും വ്യക്തമായതോടെയാണ് പരാതി പിന്‍വലിച്ചത്. ഇതു സംബന്ധിച്ച് തിരുവള്ളൂര്‍ മുരളിയുടെ മൊബൈല്‍ ഫോണിലെ കാളുകള്‍ പരിശോധിച്ചാല്‍ കൂടുതല്‍ വിവരം ലഭ്യമാകും. കള്ളപ്പണം സംബന്ധിച്ച് കൂടുതല്‍ വിവരം തന്റെ കൈയിലുണ്ടെന്നും പി ജയരാജന്‍ വ്യക്തമാക്കി. ഇത്രയും പണം ലഭിച്ചിട്ടില്ലെന്ന് പറയാന്‍ ഉമ്മന്‍ചാണ്ടിയടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളെ അദ്ദേഹം വെല്ലുവിളിച്ചു.

ദേശാഭിമാനി ദിനപ്പത്രത്തില്‍ 2009 ജൂലൈ 23,24 തീയതികളില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തകള്‍

Thursday, July 23, 2009

വിദ്യാഭ്യാസാവകാശ നിയമം

അക്ഷരലോകത്തുനിന്ന് അകറ്റിനിര്‍ത്തപ്പെട്ട കോടിക്കണക്കിനു വരുന്ന കുട്ടികള്‍ക്ക് പ്രതീക്ഷ നല്‍കുന്ന നിയമമാണ് കഴിഞ്ഞ ദിവസം രാജ്യസഭ പാസാക്കിയ വിദ്യാഭ്യാസാവകാശ നിയമം. ഏതൊരു രാജ്യത്തും അത്യാവശ്യമായ ഇങ്ങനെയൊരു നിയമനിര്‍മാണത്തിനായി സ്വതന്ത്ര ഇന്ത്യ ആറു പതിറ്റാണ്ടിലധികം കാത്തുനില്‍ക്കേണ്ടിവന്നുവെന്നത് യാദൃച്ഛികമല്ല. പല നിക്ഷിപ്ത താല്‍പ്പര്യങ്ങളും ഇതിനുപുറകിലുണ്ടെന്ന കാര്യം പകല്‍പോലെ വ്യക്തമാണ്. ഭരണഘടനയ്ക്ക് രൂപം നല്‍കുമ്പോള്‍തന്നെ വിദ്യാഭ്യാസം മൌലികാവകാശമാക്കണമെന്ന ആവശ്യം ശക്തമായി ഉയര്‍ന്നിരുന്നു. എന്നാല്‍, അത് നിര്‍ദേശകതത്വങ്ങളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തുക മാത്രമാണ് ചെയ്തത്. ഉണ്ണിക്കൃഷ്ണന്‍ കേസിലെ സുപ്രീംകോടതി വിധിയാണ് ഇക്കാര്യത്തില്‍ വഴിത്തിരിവായത്. ജീവിക്കാനുള്ള അവകാശത്തിന്റെ അവിഭാജ്യഭാഗമാണ് വിദ്യാഭ്യാസാവകാശമെന്നും അത് മൌലികാവകാശമായി പരിഗണിക്കണമെന്നും കോടതി വ്യക്തമാക്കി. എന്നിട്ടും ഭരണഘടന ഭേദഗതി ചെയ്യുന്നതിന് ആറുവര്‍ഷത്തിലധികം കാത്തിരിക്കേണ്ടിവന്നു. ഭരണഘടന ഭേദഗതി ചെയ്തതിനുശേഷം നിയമനിര്‍മാണം നടന്നിരുന്നില്ല. കഴിഞ്ഞ യുപിഎ സര്‍ക്കാരാണ് ഇക്കാര്യത്തില്‍ നിലപാട് സ്വീകരിക്കുകയും കരട് നിയമം തയ്യാറാക്കുകയും ചെയ്തത്. എന്നാല്‍, ഈ നിയമം എല്ലാ കുട്ടികള്‍ക്കും വിദ്യാഭ്യാസാവകാശം നല്‍കുന്നതില്‍ പരാജയപ്പെട്ടിരിക്കുന്നു. ഉണ്ണിക്കൃഷ്ണന്‍ കേസില്‍ പതിനാലുവയസ്സുവരെയുള്ള എല്ലാ കുട്ടികള്‍ക്കും സൌജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസം നല്‍കണമെന്ന് നിഷ്കര്‍ഷിച്ചെങ്കിലും അത് ആറു വയസ്സുമുതലുള്ള കുട്ടികള്‍ക്കായി പരിമിതപ്പെടുത്തുകയാണ് നിയമം ചെയ്തത്. ശിശുവിദ്യാഭ്യാസത്തിന്റെ പ്രാധാന്യം വര്‍ധിച്ചിരിക്കുന്ന ഘട്ടത്തില്‍ ഈ പരിമിതപ്പെടുത്തല്‍ നിയമത്തിന്റെ ഉദ്ദേശലക്ഷ്യങ്ങളെ ദുര്‍ബലപ്പെടുത്തും. കുട്ടിക്കാലത്തെ അവഗണനമൂലം ഉണ്ടാകുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയുന്നതല്ലെന്ന് തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് നിരവധി പഠനങ്ങള്‍ വ്യക്തമാക്കുന്നുണ്ട്.

അതുപോലെതന്നെ പ്രധാനപ്പെട്ടതാണ് പ്ളസ് ടു വിദ്യാഭ്യാസം. ഇന്നത്തെ വിദ്യഭ്യാസഘടനയില്‍ മൈനസ് ടു മുതല്‍ പ്ളസ് ടു വരെയാണ് ഉള്ളത്. പ്ളസ് ടു വിദ്യാഭ്യാസമാണ് ഉന്നതവിദ്യാഭ്യാസത്തിലേക്കുള്ള വാതില്‍ തുറക്കുന്നതും ജീവിതത്തിന്റെ വെല്ലുവിളികള്‍ നേരിടുന്നതിനു പ്രാപ്തമാക്കുന്നതും. പതിനെട്ടുവരെയുള്ള വിദ്യാഭ്യാസം മൌലികാവകാശമാണെന്ന ഐക്യരാഷ്ട്ര സഭയുടെ പ്രഖ്യാപനത്തില്‍ ഒപ്പിട്ട രാജ്യമാണെങ്കിലും നിയമം അത് കണ്ടില്ലെന്നു നടിച്ചു. അതുപോലെതന്നെ ഗുണമേന്മയുള്ള വിദ്യാഭ്യാസം വിദ്യാര്‍ഥിയുടെ മൌലികാവകാശമാണ്. ഗണമേന്മ ഉറപ്പുവരുത്തുന്നതിന് പശ്ചാത്തല സൌകര്യങ്ങള്‍ തുടങ്ങി അധ്യാപക നിലവാരംവരെ നിരവധി ഘടകങ്ങളുണ്ട്. ചില കാര്യങ്ങള്‍ അമൂര്‍ത്തമായി എഴുതിവയ്ക്കുക മാത്രമാണ് നിയമത്തിലുള്ളത്. പ്രായോഗികമായി ഉറപ്പുവരുത്തുന്നതിനുള്ള നടപടികള്‍ ഇല്ലെന്നത് നിരാശാജനകമാണ്.

നിയമത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട പോരായ്മ ഇതിന് ആവശ്യമായ പണം ആരു നല്‍കുമെന്നത് സംബന്ധിച്ചാണ്. ധനകാര്യ പ്രസ്താവനയില്‍ എത്ര വകയിരുത്തല്‍ വേണമെന്ന കാര്യംപോലും ഉറപ്പുവരുത്തിയിട്ടില്ല. കേന്ദ്രത്തിന്റെ വിഹിതം എത്രയായിരിക്കുമെന്നും സംസ്ഥാനം എത്ര പങ്കു വഹിക്കേണ്ടിവരുമെന്നും കൃത്യമായി നിര്‍വചിക്കാനും തയ്യാറായിട്ടില്ല. ഈ ബജറ്റില്‍പോലും കേവലം 200 കോടി രൂപ മാത്രമാണ് സ്കൂള്‍ വിദ്യാഭ്യാസത്തിനായി വകയിരുത്തിയിട്ടുള്ളത്. രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ ആറു ശതമാനമെങ്കിലും വിദ്യാഭ്യാസത്തിനായി മാറ്റിവയ്ക്കണമെന്ന് കോത്താരി കമീഷന്‍ ശുപാര്‍ശ നല്‍കിയത് 1966ലാണ്. ഇത്ര കാലം പിന്നിട്ടിട്ടും അതിനോട് നീതിപുലര്‍ത്താന്‍ കഴിയാത്തവര്‍ ഈ നിയമം നടപ്പാക്കുന്നതിനു മുന്‍കൈ എടുക്കുമോയെന്ന സംശയവും സ്വാഭാവികം. ഭക്ഷ്യ സുരക്ഷാ നിയമത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവാദിത്തം കൃത്യമായി നിര്‍വചിക്കാന്‍ ശ്രമിക്കുന്നെങ്കില്‍ ഇവിടെ അത് കാണാന്‍ കഴിയില്ല. എന്നു മാത്രമല്ല നിയമനടപടികളില്‍ വെള്ളം ചേര്‍ക്കാന്‍ സഹായിക്കുംവിധം ഉദ്യോഗസ്ഥാനുമതി തുടങ്ങിയ വകുപ്പുകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

വിദ്യാഭ്യാസ പരിഷ്കാരങ്ങള്‍ ഏറെ വിവാദമുണ്ടാക്കുന്ന കേരളത്തില്‍ ചര്‍ച്ച ചെയ്യപ്പെടേണ്ട ചില വകുപ്പുകളുണ്ട്. സ്വകാര്യവിദ്യാലയങ്ങളില്‍ ഉള്‍പ്പെടെ എല്ലായിടങ്ങളിലും 25 ശതമാനം സീറ്റ് അതതിടങ്ങളിലെ പിന്നോക്ക വിഭാഗങ്ങള്‍ക്കായി നീക്കിവയ്ക്കണമെന്നാണ് നിയമം അനുശാസിക്കുന്നത്. ഇതില്‍ ന്യൂനപക്ഷ സ്ഥാപനങ്ങളും ഉള്‍പ്പെടുമെന്നും മന്ത്രി വ്യക്തമാക്കുകയുണ്ടായി. ന്യൂനപക്ഷത്തിന്റെ അവകാശങ്ങളില്‍ കൈകടത്താന്‍ സംസ്ഥാനസര്‍ക്കാര്‍ ശ്രമിക്കുന്നെന്ന് പരസ്യമായി പറഞ്ഞ് വിവാദത്തിനു കൊഴുപ്പുകൂട്ടുന്ന കോണ്‍ഗ്രസ് നേതൃത്വം തങ്ങള്‍ക്കുപറ്റിയ തെറ്റ് തുറന്നു പറയണം. മറ്റു വിദ്യാലയങ്ങളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് സര്‍ക്കാര്‍ ചെലവഴിക്കുന്ന പണംമാത്രമേ അണ്‍എയ്ഡഡ് സ്ഥാപനങ്ങളിലെ കുട്ടികള്‍ക്കും നല്‍കുകയുള്ളു. അതുപോലെതന്നെ സ്കൂളുകള്‍ക്ക് വികസനസമിതി വേണമെന്നും അതില്‍ പ്രാദേശിക ഭരണസമിതികള്‍ക്ക് പ്രധാന ഉത്തരവാദിത്തമുണ്ടായിരിക്കുമെന്നും നിയമം വ്യക്തമാക്കുന്നു. സ്കൂളിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് തുടങ്ങി എല്ലാ കാര്യങ്ങള്‍ക്കും ഈ സമിതിയാണ് മേല്‍നോട്ടം വഹിക്കുന്നത്. പഞ്ചായത്തിനു വിദ്യാഭ്യാസത്തില്‍ എന്തു കാര്യമെന്ന് ചോദിച്ച് കേരളത്തില്‍ കലാപം ഉണ്ടാക്കിയ കുടിലശക്തികള്‍ പരസ്യമായി മാപ്പുപറയണം. പതിനാലു വയസ്സ് പൂര്‍ത്തീകരിക്കുന്നതുവരെ ഒരു തരത്തിലുള്ള പരീക്ഷകളും പാടില്ലെന്ന വകുപ്പും ശ്രദ്ധേയം. കേരളത്തില്‍ പരീക്ഷകള്‍ കടുപ്പമുള്ളതല്ലെന്ന് പരിഹസിച്ച് കേന്ദ്രത്തിലേക്ക് നോക്കാന്‍ ആഹ്വാനംചെയ്തവര്‍ ഒളിച്ചോടേണ്ട സ്ഥിതിയാണ്.

യഥാര്‍ഥത്തില്‍, കേരളം തുടങ്ങിവച്ച ശാസ്ത്രീയമായ കാര്യങ്ങള്‍ പിന്തുടരുന്നതിനു കേന്ദ്രവും ശ്രമം തുടങ്ങിയിരിക്കുന്നുവെന്ന് അര്‍ഥം. ഇതെല്ലാം മനസിലാക്കി വിവാദങ്ങള്‍ അവസാനിപ്പിച്ച് നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തെ ശക്തിപ്പെടുത്തി ഭാവി തലമുറയോട് നീതി പുലര്‍ത്താന്‍ ഈ സന്ദര്‍ഭം ഉപയോഗിക്കാന്‍ എല്ലാവരും തയ്യാറാകണം.

ദേശാഭിമാനി മുഖപ്രസംഗം 23 ജൂലൈ 2009

Tuesday, July 21, 2009

ആണവകരാറിന്റെ കുരുക്ക് മുറുകുന്നു

ഇന്ത്യയുടെ പരമാധികാരം അമേരിക്കയ്ക്ക് പണയപ്പെടുത്തുന്ന ആണവസഹകരണകരാറില്‍ ഒപ്പുവയ്ക്കരുത് എന്നാവശ്യപ്പെട്ടാണ് ഇടതുപക്ഷം യുപിഎ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചത്. അണുവായുധ നിര്‍വ്യാപനകരാറില്‍ ഒപ്പുവെച്ചാലല്ലാതെ ഇന്ത്യയുമായി സൈനികേതര ആണവസഹകരണത്തില്‍ ഏര്‍പ്പെടാന്‍ സാധാരണ നിലയില്‍ അമേരിക്കയ്ക്ക് കഴിയില്ലെന്നും അതുസംബന്ധിച്ച് യുപിഎ സര്‍ക്കാര്‍ നിരത്തുന്ന അവകാശവാദങ്ങള്‍ പൊള്ളയാണെന്നും അന്ന് സിപിഐ എം അടക്കമുള്ള ഇടതുപക്ഷ പാര്‍ടികള്‍ വസ്തുതകള്‍ നിരത്തി പറഞ്ഞതാണ്.

'അമേരിക്കയുടെ വിദേശനയവുമായി ഒത്തുപോകുന്നതായ വിദേശനയമുണ്ടായിരിക്കണം; അണുവായുധനിര്‍വ്യാപനവുമായി ബന്ധപ്പെട്ട അമേരിക്കന്‍ നയത്തിന് അനുസൃതമായ വിദേശനയ ഇടപാടുകളുമായി ഒത്തുപോകണം. (ഹൈഡ് നിയമം വകുപ്പ്: 102 (6)ബി)

എന്നിങ്ങനെയുള്ള നിബന്ധനകള്‍ അനുസരിച്ചുമാത്രമേ അത് സാധ്യമാകൂ. മാത്രമല്ല, വിദേശനയവുമായി ബന്ധപ്പെട്ട നിരവധി കാര്യങ്ങളില്‍ അമേരിക്കന്‍ പ്രസിഡന്റ് പാര്‍ലമെന്റില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുകയും റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും വേണം എന്നതടക്കമുള്ള നിബന്ധനകളുമുണ്ട്. ഇതെല്ലാം അംഗീകരിച്ച് അനുസരിക്കുന്നതിന്റെ ഭാഗമായാണ് 2005 സെപ്തംബറിലും 2006 ഫെബ്രുവരിയിലും അന്താരാഷ്ട്ര ആണവോര്‍ജസമിതിയില്‍ ഇറാനെതിരായി ഇന്ത്യ രണ്ടുപ്രാവശ്യം വോട്ട് ചെയ്തത്.

എന്നാല്‍, ഇടതുപക്ഷം ഉയര്‍ത്തിയ പ്രശ്നങ്ങള്‍ ചെവിക്കൊള്ളാതെ ഹൈഡ് നിയമത്തിലെ വ്യവസ്ഥകളെല്ലാം ഒരേപോലെ ഇന്ത്യക്ക് ബാധകമല്ലെന്നും അതിനാല്‍ അതിനെ ശ്രദ്ധിക്കേണ്ടതില്ലെന്നുമാണ് യുപിഎ ഗവമെന്റ് വാദിച്ചത്. അത്തരം വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞുവീഴുന്ന സംഭവങ്ങളാണ് പിന്നീടുണ്ടായത്.

കഴിഞ്ഞ ദിവസം ഇറ്റലിയിലെ ലാക്വിലയില്‍ ചേര്‍ന്ന ജി-എട്ട് ഉച്ചകോടിയുടെ തീരുമാനവും അതിന്റെ തുടര്‍ച്ചയായി, അമേരിക്കന്‍ വിദേശ സെക്രട്ടറി ഹിലാരി ക്ളിന്റ ഇന്ത്യയില്‍ വന്ന് "ആണവ ഇന്ധന സമ്പുഷ്ടീകരണം, യുറേനിയത്തിന്റെ പുനഃസംസ്കരണം എന്നിവയ്ക്കുള്ള സാങ്കേതികവിദ്യയും ഉപകരണങ്ങളും ഇന്ത്യക്ക് കൈമാറില്ല'' എന്ന് പ്രഖ്യാപിച്ചതും ഏറ്റവുമൊടുവിലത്തെ ഉദാഹരണങ്ങളാണ്. 'നിയമവിരുദ്ധവും അപകടകരവുമായ രീതിയില്‍ ആണവ സാങ്കേതികവിദ്യ കൈമാറാന്‍ കഴിയില്ല' എന്നാണ് ഹിലാരി പറഞ്ഞത്. അതിനര്‍ഥം ആണവ നിര്‍വ്യാപന കരാറിലും (എന്‍പിടി) സമഗ്ര ആണവപരീക്ഷണ നിരോധന കരാറിലും (സിടിബിടി) ഒപ്പിടുകയോ, ഇന്ത്യയെ സമ്പൂര്‍ണമായി അമേരിക്കന്‍ ചൊല്‍പ്പടിയില്‍ നിര്‍ത്തുന്ന ഹൈഡ് ആക്ടിലെ വ്യവസ്ഥകള്‍ സാഷ്ടാംഗം അംഗീകരിക്കുകയോ ചെയ്താലേ ഇന്ത്യക്ക് ആണവസഹകരണം സാധ്യമാകൂ എന്നാണ്.

ആണവകരാര്‍ ഇന്ത്യയുടെ സ്വതന്ത്ര വിദേശനയത്തെയും പരമാധികാരത്തെയും അപകടത്തിലാക്കുമെന്ന ഇടതുപക്ഷത്തിന്റെ മുന്നറിയിപ്പ് അക്ഷരാര്‍ഥത്തില്‍ യാഥാര്‍ഥ്യമാവുകയാണ്. ഇന്ത്യന്‍ സൈനികകേന്ദ്രങ്ങള്‍ പരിശോധിക്കാന്‍ അമേരിക്കയെ അനുവദിക്കുന്ന 'എന്‍ഡ് യൂസ് മോണിറ്ററിങ്' കരാറിലാണ് ഹിലാരിയുടെ സന്ദര്‍ശനവേളയില്‍ ഇരു രാജ്യവും ഒപ്പുവച്ചിട്ടുള്ളത്. അമേരിക്കയില്‍നിന്ന് വാങ്ങുന്ന ആയുധങ്ങളും പ്രതിരോധ ഉപകരണങ്ങളും അമേരിക്കന്‍ താല്‍പ്പര്യങ്ങള്‍ക്ക് അനുസൃതമായിമാത്രം ഉപയോഗിക്കുന്നെന്ന് ഉറപ്പു വരുത്താനുള്ളതാണ് 'എന്‍ഡ് യൂസ് മോണിറ്ററിങ്' എന്ന പരിശോധനാസംവിധാനം. അമേരിക്കയില്‍നിന്ന് നമ്മുടെ പണംകൊടുത്തു വാങ്ങുന്ന സാധനം എങ്ങനെ നാം ഉപയോഗിക്കുന്നെന്ന് അമേരിക്കയെ ബോധ്യപ്പെടുത്തണമെന്ന വിചിത്രമായ ഏര്‍പ്പാടാണിത്. ആയുധങ്ങളും പ്രതിരോധ ഉപകരണങ്ങളും ദുരുപയോഗം ചെയ്യുന്നുണ്ടോ എന്ന് സൈനികകേന്ദ്രങ്ങളിലെത്തി അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ക്ക് പരിശോധിക്കാന്‍ കഴിയും. ഇന്ത്യക്ക് അതോടെ പ്രതിരോധ രഹസ്യങ്ങള്‍ ഇല്ലാതാകും-എല്ലാം അമേരിക്കയ്ക്കുമുന്നില്‍ തുറന്നുവയ്ക്കേണ്ടിവരും. ആയുധങ്ങള്‍ തീവ്രവാദികളുടെയോ അമേരിക്കയുടെ ശത്രുരാജ്യങ്ങളുടെയോ കൈയില്‍ എത്തുന്നുണ്ടോയെന്ന് പരിശോധിക്കുകയാണ് ലക്ഷ്യമെന്ന് അമേരിക്ക പറയുന്നു. നാം വില കൊടുത്തുവാങ്ങുന്ന ആയുധങ്ങള്‍ എങ്ങനെ, എന്തിന് ഉപയോഗിക്കണമെന്ന് നമുക്ക് അധികാരമില്ലെങ്കില്‍ രാഷ്ട്രത്തിന്റെ പരമാധികാരം എന്ന വാക്കിന് എന്തര്‍ഥം?

ആണവ സഹകരണ കരാറില്‍ ഒപ്പിട്ടതോടെ ഇന്ത്യ വലിയൊരു കെണിയിലാണ് പെട്ടിരിക്കുന്നത്. ആണവ ഇടപാട് ഇന്ത്യയുടെ ഉത്തമതാല്‍പ്പര്യങ്ങളെയാകെ ചവിട്ടിമെതിക്കുകയാണ്. ആദ്യഘട്ടമെന്ന നിലയില്‍ അമേരിക്കന്‍ ഐക്യനാടുകളുമായുള്ള തന്ത്രപരമായ സഖ്യത്തില്‍ ഏര്‍പ്പെട്ടു. സൈനികസഹകരണം, കാര്‍ഷിക-ചെറുകിട വ്യാപാരമേഖലകളിലെ മൂലധനനിക്ഷേപം എന്നിങ്ങനെ നിരവധി ഉടമ്പടികളുണ്ടാക്കി. ഇതെല്ലാം ഇന്ത്യക്ക് ഗുണം ചെയ്യുമെന്ന പല്ലവിയാണ് യുപിഎ നേതൃത്വം പാടിക്കൊണ്ടിരുന്നത്. ആണവ ഇടപാടിലൂടെ ഇന്ത്യയുടെ ഊര്‍ജസുരക്ഷയ്ക്ക് ഉറപ്പ് ലഭിക്കുന്നില്ലെന്നുമാത്രമല്ല ഹൈഡ് നിയമവുമായി ഇതിനെ ബന്ധിപ്പിച്ചുകൊണ്ട് രാജ്യത്തെ കെട്ടി വരിയുകയാണ് ചെയ്യുന്നത് എന്നാണ് ഇടതുപക്ഷം പറഞ്ഞത്. ഇന്ത്യയുടെ സ്വതന്ത്രവിദേശനയത്തെ ഹനിക്കുമെന്നും അമേരിക്കയുമായി തന്ത്രപരമായ സഖ്യം സ്ഥാപിക്കുകവഴി ഗുരുതരമായ തെറ്റാണ് യുപിഎ സര്‍ക്കാര്‍ ചെയ്തതെന്നും ഇടതുപക്ഷം അസന്ദിഗ്ധമായി ചൂണ്ടിക്കാട്ടി. ജനങ്ങള്‍ക്ക് ദോഷകരമായിട്ടുള്ളതും രാജ്യത്തിന്റെ പരമാധികാരത്തിന് ചോര്‍ച്ചയുണ്ടാക്കുന്നതുമായ ഇത്തരം നടപടികള്‍ക്ക് പിന്തുണ നല്‍കാന്‍ ഇടതുകക്ഷികള്‍ക്കാവില്ല എന്ന പ്രഖ്യാപനത്തോടെയാണ് പിന്തുണ പിന്‍വലിച്ചത്.

അന്ന് ഇടതുപക്ഷത്തെ പരിഹസിക്കുകയും ആണവസഹകരണത്തിന് സ്തുതിപാടുകയും ചെയ്തവര്‍ക്ക് ഇന്ന് എന്തുപറയാനുണ്ട് എന്നറിയുന്നത് കൌതുകകരമാണ്.

ദേശാഭിമാനി മുഖപ്രസംഗം 22 ജൂലൈ 2009