Sunday, April 7, 2013

പുതിയ സമരമുഖങ്ങള്‍ തുറക്കും

സാമൂഹികമായി അടിച്ചമര്‍ത്തപ്പെട്ട ദളിതരുടെയും ആദിവാസികളുടെയും മറ്റുപിന്നോക്ക വിഭാഗങ്ങളുടെയും പ്രശ്നങ്ങള്‍ ഏറ്റെടുക്കുന്നതിന് സിഐടിയു മുന്‍ഗണന നല്‍കും. തൊഴിലാളികളുടെ സാമ്പത്തികവും സാമൂഹികവുമായ അവകാശങ്ങള്‍ക്കായി പോരാടുന്നതോടൊപ്പം ജാതിയുടെയും മതത്തിന്റെയും പേരിലുള്ള വിവേചനങ്ങള്‍ അവസാനിപ്പിക്കാന്‍ ഇടപെടണമെന്ന് ജനറല്‍ സെക്രട്ടറി തപന്‍ സെന്‍ അവതരിപ്പിച്ച സംഘടനാ റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു.

സാമൂഹിക പ്രശ്നങ്ങള്‍ ഏറ്റെടുക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്ന് 2012 ജൂണില്‍ കോയമ്പത്തൂരില്‍ ചേര്‍ന്ന ജനറല്‍ കൗണ്‍സില്‍ തീരുമാനിച്ചെങ്കിലും നടപ്പാക്കുന്നതില്‍ വീഴ്ചപറ്റി. ചൂഷണ വ്യവസ്ഥക്കെതിരെ പോരാടുന്ന വര്‍ഗ പ്രസ്ഥാനങ്ങളെ ക്ഷീണിപ്പിക്കാന്‍ ജാതി, മതം, സ്വത്വം എന്നിവയൊക്കെ ഭരണവര്‍ഗം ആയുധമാക്കുകയാണ്. അടിച്ചമര്‍ത്തപ്പെട്ട ജനവിഭാഗങ്ങള്‍ക്ക് വേണ്ടി രംഗത്തുവരാനുള്ള തീരുമാനത്തിന് ഈ സാഹചര്യത്തില്‍ വലിയ പ്രാധാന്യമുണ്ട്. പട്ടികജാതി-പട്ടികവര്‍ഗക്കാരുടെയും മറ്റു കീഴാള വിഭാഗങ്ങളുടെയും സവിശേഷ പ്രശ്നങ്ങള്‍ സംസ്ഥാന കമ്മിറ്റികള്‍ കണ്ടെത്തി അവ ആസ്പദമാക്കി പ്രചാരണ-പ്രക്ഷോഭങ്ങള്‍ ആരംഭിക്കണമെന്ന് ജനറല്‍ സെക്രട്ടറി നിര്‍ദേശിച്ചു.

രണ്ടുഭാഗങ്ങളുള്ള റിപ്പോര്‍ട്ടിന്റെ ചര്‍ച്ച പൂര്‍ത്തിയായി. ശനിയാഴ്ച 44 പേരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. കേരളത്തില്‍നിന്ന് എ കെ ബാലന്‍, എന്‍ പത്മലോചനന്‍, വി വി ശശീന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു. ചര്‍ച്ചക്കുള്ള മറുപടി ഞായറാഴ്ച ഉച്ചയ്ക്കുശേഷം.

പ്രവര്‍ത്തന-സംഘടനാ റിപ്പോര്‍ട്ടുകളിലെ നിഗമനങ്ങളും നിരീക്ഷണങ്ങളും പൊതുവെ അംഗീകരിക്കുന്നതാണ് മൂന്നുദിവസമായി നടക്കുന്ന ചര്‍ച്ചകളെന്ന് പ്രസിഡന്റ് എ കെ പത്മനാഭനും തപന്‍ സെന്നും വാര്‍ത്താലേഖകരോട് പറഞ്ഞു.

റിപ്പോര്‍ട്ടിലെ നിഗമനങ്ങള്‍ ശക്തിപ്പെടുത്തുന്ന നിര്‍ദേശങ്ങളാണ് പ്രതിനിധികള്‍ മുന്നോട്ടുവച്ചത്. ഞായറാഴ്ച പ്രതിനിധികള്‍ നാലു കമീഷനുകളായി തിരിഞ്ഞ് നാല് രേഖകള്‍ ചര്‍ച്ച ചെയ്യും. സാമൂഹിക പ്രശ്നങ്ങളില്‍ തൊഴിലാളി വര്‍ഗത്തിന്റെ പങ്ക്, ജനാധിപത്യ തത്ത്വങ്ങളില്‍ അടിയുറച്ച പ്രവര്‍ത്തനം, നവലിബറല്‍ കാലഘട്ടത്തിലെ മാറുന്ന തൊഴില്‍ ബന്ധങ്ങള്‍, ബദല്‍ നയങ്ങള്‍ക്കുവേണ്ടിയുള്ള പോരാട്ടം എന്നിവയാണ് രേഖകള്‍. സംഘടനാപരമായ ചില ദൗര്‍ബല്യങ്ങള്‍ റിപ്പോര്‍ട്ടില്‍ സ്വയം വിമര്‍ശനപരമായി പരാമര്‍ശിച്ചിട്ടുണ്ട്. ചില മാധ്യമങ്ങള്‍ അത് വാര്‍ത്തയാക്കി. ഇതില്‍ ഒട്ടും വേവലാതിയില്ലെന്ന് എ കെ പി പറഞ്ഞു. സംഘടനാദൗര്‍ബല്യങ്ങളെക്കുറിച്ച് പ്രത്യേക രേഖതന്നെ അംഗീകരിച്ചിട്ടുണ്ട്. സംഘടനയില്‍ സ്ത്രീ പങ്കാളിത്തം വര്‍ധിപ്പിക്കുന്നതില്‍ ശ്രദ്ധിക്കും. 57 ലക്ഷം അംഗങ്ങളില്‍ സ്ത്രീകള്‍ 31 ശതമാനമാണ്.

സിഐടിയു സ്ഥാപക പ്രസിഡന്റും സമുന്നത കമ്യൂണിസ്റ്റ് നേതാവുമായിരുന്ന ബി ടി രണദിവെയുടെ 23-ാം ചരമവാര്‍ഷിക ദിനമായ ശനിയാഴ്ച അദ്ദേഹത്തിന് സ്മരണാഞ്ജലി അര്‍പ്പിച്ചാണ് സമ്മേളനം ആരംഭിച്ചത്. അഖിലേന്ത്യാ കര്‍ഷകത്തൊഴിലാളി യൂണിയന്‍ ജനറല്‍ സെക്രട്ടറി എ വിജയരാഘവന്‍, ഡിവൈഎഫ്ഐ പ്രസിഡന്റ് എം ബി രാജേഷ്, എസ്എഫ്ഐ പ്രസിഡന്റ് വി ശിവദാസന്‍ എന്നിവര്‍ അഭിവാദ്യം ചെയ്തു. വേള്‍ഡ് ഫെഡറേഷന്‍ ഓഫ് ട്രേഡ് യൂണിയന്‍സ് ജനറല്‍ സെക്രട്ടറി ജോര്‍ജ് മാവ്റിക്കോസ് ഞായറാഴ്ച സംസാരിക്കും.

സാംസ്കാരികമേഖലയിലും വിശാല ഐക്യം വേണം: എം എ ബേബി

സുശീലാഗോപാലന്‍ നഗര്‍(കണ്ണൂര്‍): ട്രേഡ് യൂണിയന്‍ രംഗത്തുള്ള ഐക്യം സാംസ്കാരിക മേഖലയിലുള്ളവര്‍ മാതൃകയാക്കണമെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി പറഞ്ഞു. ദാരിദ്ര്യത്തിനും ചൂഷണത്തിനുമെതിരായ പോരാട്ടത്തില്‍ പുരോഗമന വീക്ഷണത്തില്‍ കലാസൃഷ്ടി നടത്തുന്നവരും അല്ലാത്തവരും ഐക്യപ്പെടണം. ആശയപരമായി അഭിപ്രായ വ്യത്യാസങ്ങള്‍ നിലനില്‍ക്കുമ്പോള്‍തന്നെ യോജിക്കാവുന്ന മേഖലകള്‍ കണ്ടെത്തി സാംസ്കാരിക രംഗത്ത് വിശാലമായ വേദി രൂപീകരിക്കേണ്ടിയിരിക്കുന്നു. സിഐടിയു ദേശീയ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സാമ്രാജ്യത്വ അധിനിവേശത്തിനെതിരെയും സമൂഹത്തെയാകെ ജീര്‍ണിപ്പിക്കുന്ന അധമ സംസ്കാരത്തെയും പ്രതിരോധിക്കാന്‍ സാംസ്കാരിക കൂട്ടായ്മ അനിവാര്യമാണ്. സംഘടനകളിലുള്ളതിനേക്കാള്‍ കലാകാരന്മാരും സാഹിത്യകാരന്മാരും പുറത്താണുള്ളത്. പുരോഗമന വീക്ഷണത്തില്‍ കാലസൃഷ്ടി നടത്തുന്ന ഒഎന്‍വിയും കുഞ്ഞപ്പ പട്ടാന്നൂരും കരിവെള്ളൂര്‍ മുരളിയും പ്രഭാവര്‍മയും പൊന്ന്യം ചന്ദ്രനും സി എന്‍ കരുണാകരനും സത്യപാലനും ഒപ്പം കഥയുടെ രാജശില്‍പി ടി പത്മനാഭനും എം ടി വാസുദേവന്‍ നായര്‍ക്കും ഐക്യപ്പെടാന്‍ പറ്റുന്ന വിശാലമായ വേദിയാണ് വേണ്ടത്. ടി പത്മനാഭന്‍ ഇടതുപക്ഷത്തെ വിമര്‍ശിക്കാറുണ്ടെങ്കിലും അദ്ദേഹത്തിന്റെയും എംടിയുടെയും കലാസൃഷ്ടികള്‍ പുരോഗമനപരമാണ്. സാംസ്കാരിക രംഗത്ത് ശരിയായ മൂല്യങ്ങള്‍ക്കും മാറ്റങ്ങള്‍ക്കും വേണ്ടിയുള്ള സമരം സൂക്ഷ്മമായ അര്‍ഥത്തില്‍ രാഷ്ട്രീയ ഇടപെടലാണ്. സൂക്ഷ്മ വിശകലനത്തിലൂടെയും പ്രവര്‍ത്തനങ്ങളിലൂടെയുമേ പോരായ്മകളും തെറ്റുകളും ബോധ്യപ്പെടൂ. ഈ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ് പുരോഗമന കലാസാഹിത്യ സംഘം സാംസ്കാരിക രംഗത്ത് ഇടപെട്ടത്. ചില ഘട്ടങ്ങളില്‍ ഇടുങ്ങിയ ചിന്തകള്‍ കടന്നുകൂടി. ജീവല്‍ സാഹിത്യ പ്രസ്ഥാനത്തിന്റെ കാലത്ത് കേരളത്തിലെ പ്രമുഖരായ എഴുത്തുകാര്‍ എല്ലാം ഇതിനൊപ്പമുണ്ടായിരുന്നു. ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ ചിലര്‍ പ്രസ്ഥാനം വിട്ടു. വിശാലമായ കാഴ്ചപ്പാടിന്റെ അഭാവം ഇവിടെ പ്രകടമായിരുന്നു. ഇ എം എസ് ഉള്‍പ്പെടെയുള്ളവര്‍ സാംസ്കാരിക രംഗത്ത് ഇടപെട്ടത് ഇടുങ്ങിയ ചിന്തകള്‍ കടന്നുവരുന്നത് ചെറുക്കാനാണ്.

നമ്മുടെ ഭൂമിയും പ്രകൃതിയും പരിസ്ഥിതിയും കാത്തുസൂക്ഷിക്കാനുള്ള പോരാട്ടവും പുരോഗമന പ്രസ്ഥാനം ഏറ്റെടുക്കണം. സ്ത്രീകളെയും വിദ്യാഭ്യാസത്തെയും ആരോഗ്യമേഖലയെയും ഉള്‍പ്പെടെ മുതലാളിത്തം കച്ചവടച്ചരക്കാക്കുകയാണ്. അടുക്കളയില്‍ നിന്ന് സ്ത്രീയെ അരങ്ങത്തേക്ക് കൊണ്ടുവന്നത് കേരളത്തിലെ ഏറ്റവും വലിയ സാമൂഹ്യ വിപ്ലവങ്ങളിലൊന്നായിരുന്നു. മുതലാളിത്ത ചൂഷണത്തിന്റെ ഭാഗമായി സ്ത്രീ കടന്നാക്രമിക്കപ്പെടുകയാണിപ്പോള്‍. എല്‍ഡിഎഫ് ഭരിച്ചപ്പോള്‍ മന്ത്രിമാരുടെ ജാതി തിരിച്ചുള്ള കണക്കെടുക്കാന്‍ ആരും മുതിര്‍ന്നില്ല. യുഡിഎഫ് അധികാരത്തില്‍ വന്നപ്പോള്‍ ജാതിയും മതവും അടിസ്ഥാനപ്പെടുത്തിയ വീതംവയ്പ്പാണ്. സാമൂഹ്യ ജീവിയായി, പ്രബുദ്ധനായി ഉയര്‍ന്ന മലയാളിയെ യുഡിഎഫ് സര്‍ക്കാര്‍ സാമുദായിക ജീവിയാക്കി മാറ്റിയെന്നും ബേബി പറഞ്ഞു. കെ കെ രാഗേഷ് അധ്യക്ഷനായി. കെ ഇ എന്‍ കുഞ്ഞഹമ്മദ്, എ സൗന്ദര്‍രാജന്‍ എന്നിവര്‍ സംസാരിച്ചു. എന്‍ ചന്ദ്രന്‍ സ്വാഗതവും പൊന്ന്യം ചന്ദ്രന്‍ നന്ദിയും പറഞ്ഞു.

deshabhimani 070413

No comments:

Post a Comment