Sunday, April 7, 2013
പാചകവാതക സബ്സിഡി മേയ്മുതല്‍ അക്കൗണ്ടിലേക്ക്
പാചകവാതക സിലിണ്ടറിനുള്ള സബ്സിഡിയും ഉപയോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് നല്‍കുന്ന പദ്ധതി മേയില്‍ ആരംഭിക്കും. നിരവധി സങ്കീര്‍ണതകളുള്ള പദ്ധതി നടപ്പാക്കുന്നത് നീട്ടിവയ്ക്കാനാണ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍, പൊതു തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ പദ്ധതി തെരഞ്ഞെടുക്കപ്പെട്ട ചില ജില്ലകളിലെങ്കിലും ആരംഭിക്കണമെന്നാണ് പ്രധാനമന്ത്രി നിര്‍ദേശിച്ചത്. 20 ജില്ലയില്‍ ആദ്യഘട്ടമായി പദ്ധതി ആരംഭിക്കാനും പിന്നീട് മറ്റു ജില്ലകളിലേക്ക് വ്യാപിപ്പിക്കാനുമാണ് തീരുമാനം. സബ്സിഡിയും ആനുകൂല്യങ്ങളും നേരിട്ടുനല്‍കുന്ന പദ്ധതിയുടെ അവലോകനയോഗത്തില്‍ പങ്കെടുക്കവെയാണ് പ്രധാനമന്ത്രി ഉദ്യോഗസ്ഥര്‍ക്ക് ഈ നിര്‍ദേശം നല്‍കിയത്. ജൂലൈയോടെ ആനുകൂല്യങ്ങളും സബ്സിഡികളും ലഭിക്കുന്ന അഞ്ചിലൊന്ന് ആളുകള്‍ക്ക് അവ നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്ക് നല്‍കാനാണ് ലക്ഷ്യമിടുന്നത്. പാചകവാതക സിലിണ്ടറിനുള്ള സബ്സിഡി നേരിട്ട് ഉപയോക്താക്കളുടെ അക്കൗണ്ടിലെത്തുന്നതോടെ വ്യാജ കണക്ഷനുകള്‍ ഇല്ലാതാവുകയും വിപണിയില്‍ സിലിണ്ടറിന് ഒറ്റ വിലമാത്രം നിലനില്‍ക്കുകയും ചെയ്യുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ആധാര്‍ കാര്‍ഡ് നല്‍കല്‍, അതുള്ളവര്‍ക്ക് ബാങ്ക് അക്കൗണ്ട് തുടങ്ങല്‍ എന്നിവ അതിവേഗം നടപ്പാക്കാന്‍ പ്രധാനമന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ജൂലൈമുതല്‍ വാര്‍ധക്യ, വികലാംഗ, വിധവ പെന്‍ഷനുകള്‍കൂടി നേരിട്ട് ആനുകൂല്യം നല്‍കല്‍ പദ്ധതിയില്‍പെടുത്തും. ജനുവരിയിലാണ് ആനുകൂല്യങ്ങള്‍ നേരിട്ടുനല്‍കുന്ന പദ്ധതി തെരഞ്ഞെടുക്കപ്പെട്ട 43 ജില്ലയില്‍ ആരംഭിച്ചത്. ഭക്ഷ്യധാന്യം, ഇന്ധനം, രാസവളം എന്നിവയുടെ സബ്സിഡി നേരിട്ടു നല്‍കുന്നത് നിരവധി പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുമെന്നു കണ്ടാണ് നടപ്പാക്കുന്നത് നീട്ടിവച്ചത്. ആനുകൂല്യം നേരിട്ട് നല്‍കുന്നതിന് ഗുണഭോക്താക്കള്‍ക്കെല്ലാം ആധാര്‍ കാര്‍ഡും സ്വന്തമായി ബാങ്ക് അക്കൗണ്ടും വേണം. ആധാര്‍ രജിസ്ട്രേഷന്‍ പാതിവഴിയിലാണ്. ജനസംഖ്യയില്‍ പകുതി പേര്‍ക്കുപോലും ആധാര്‍ കാര്‍ഡിനായി രജിസ്റ്റര്‍ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. മെയ് മാസത്തില്‍ പാചകവാതക സബ്സിഡി നേരിട്ട് നല്‍കാന്‍ തുടങ്ങിയാല്‍ ആധാര്‍കാര്‍ഡ് ഇല്ലാത്തതിന്റെ പേരില്‍ നിരവധി പേര്‍ക്ക് സബ്സിഡി ലഭിക്കില്ല. നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന 20 ജില്ലയിലും ആധാര്‍ രജിസ്ട്രേഷന്‍ പൂര്‍ത്തിയായിട്ടില്ല. ജൂലൈയില്‍ 78 ജില്ലയില്‍ക്കൂടി പദ്ധതി വ്യാപിപ്പിക്കുമ്പോള്‍ 121 ജില്ലയില്‍ പദ്ധതി നടപ്പാകും. കേരളത്തില്‍ നിലവിലുള്ള പത്തനംതിട്ട, വയനാട് ജില്ലകള്‍ക്കു പുറമെ കണ്ണൂര്‍, കോഴിക്കോട്, പാലക്കാട്, തൃശൂര്‍, എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ, തിരുവനന്തപുരം ജില്ലകളില്‍ക്കൂടി ജൂലൈമുതല്‍ പദ്ധതി വ്യാപിപ്പിക്കും.
ധനകമ്മി കുറഞ്ഞെന്ന് ധനമന്ത്രി
ന്യൂഡല്‍ഹി: നികുതി പിരിവ് ഊര്‍ജിതമാക്കി ധനക്കമ്മി കുറച്ചെന്ന് കേന്ദ്ര ധനമന്ത്രി പി ചിദംബരം ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ദരിദ്രരും സാധാരണക്കാരുമടക്കം മുഴുവന്‍ ജനങ്ങളില്‍ നിന്നുമുള്ള പരോക്ഷനികുതി പിരിവിലാണ് ലക്ഷ്യത്തേക്കാള്‍ വര്‍ധനയുണ്ടായത്. എന്നാല്‍, സമ്പന്നരില്‍ നിന്നുള്ള പ്രത്യക്ഷനികുതി പിരിവില്‍ കുറവുണ്ടായി. 2012-13ലെ നികുതിപിരിവ് 10.38 ലക്ഷം കോടി രൂപയാണ് നിശ്ചയിച്ചിരുന്നത്. എന്നാല്‍, സാമ്പത്തികവര്‍ഷം പൂര്‍ത്തിയായപ്പോള്‍ നികുതിപിരിവ് ഈ ലക്ഷ്യം മറികടന്നു. മുന്‍ സാമ്പത്തിക വര്‍ഷത്തേക്കാള്‍ 16.7 ശതമാനം വര്‍ധനയാണ് റവന്യൂ പിരിവില്‍ ഉണ്ടായിരിക്കുന്നത്. 2012-13 സാമ്പത്തികവര്‍ഷം ധനക്കമ്മി 5.2 ശതമാനമായിരിക്കുമെന്നാണ് സാമ്പത്തിക അവലോകന റിപ്പോര്‍ട്ടില്‍ പ്രവചിച്ചിരുന്നത്. നികുതിപിരിവ് മെച്ചപ്പെടുത്തിയതിനാല്‍ ധനക്കമ്മി ഇതിനേക്കാള്‍ കുറയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ചിദംബരം പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ പുതിയ സാമ്പത്തിക ഏകീകരണ പരിപാടിയനുസരിച്ച് ധനക്കമ്മി 2013-14 സാമ്പത്തികവര്‍ഷത്തില്‍ 4.8 ശതമാനമായും 2016-17 ആകുമ്പോള്‍ മൂന്നു ശതമാനമായും കുറയ്ക്കാനാണ് ലക്ഷ്യമിടുന്നത്. പുതിയ സാമ്പത്തികവര്‍ഷത്തില്‍ ആറു ശതമാനം വളര്‍ച്ചാനിരക്ക് കൈവരിക്കാന്‍ കഴിയുമെന്നും ധനക്കമ്മി വീണ്ടും കുറയുമെന്നും മന്ത്രി പറഞ്ഞു. ധനക്കമ്മി കുറയ്ക്കാന്‍ വേണ്ടി സബ്സിഡികള്‍ വന്‍തോതില്‍ വെട്ടിക്കുറച്ചതും ആശ്വാസ-ക്ഷേമപദ്ധതികള്‍ക്കുള്ള വകയിരുത്തല്‍ കുറച്ചതും ധനമന്ത്രി മറച്ചുവച്ചു. ധനക്കമ്മി കുറയ്ക്കാനാണ് ഇത്തരം പരിഷ്കരണനടപടികളെന്ന് ധനമന്ത്രി മുമ്പ് ആവര്‍ത്തിച്ചുപറഞ്ഞിരുന്നു.
deshabhimani 070413
Labels:
വാര്‍ത്ത
Subscribe to:
Post Comments (Atom)
No comments:
Post a Comment