Saturday, August 1, 2009

എല്‍ഐസി പോളിസി പരിരക്ഷ നിര്‍ത്തുന്നു

എല്‍ഐസി പോളിസികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന ഭരണഘടനാപരമായ പരിരക്ഷ (സോവറിന്‍ ഗ്യാരണ്ടി) സ്വകാര്യകമ്പനികളുടെ സമ്മര്‍ദത്തിന് വഴങ്ങി നിര്‍ത്തലാക്കുന്നു. പോളിസി പരിരക്ഷ ഏതുസമയത്തും പിന്‍വലിക്കാന്‍ അധികാരം നല്‍കുന്ന ബില്‍ വെള്ളിയാഴ്ച ലോക്സഭയില്‍ അവതരിപ്പിച്ചു. നിലവില്‍ എല്‍ഐസി പോളിസികളുടെ സമ്പൂര്‍ണ സുരക്ഷിതത്വത്തിന്റെ ഉത്തരവാദിത്തം കേന്ദ്ര സര്‍ക്കാരിനാണ്. സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികളെ അപേക്ഷിച്ച് എല്‍ഐസിക്കുള്ള സവിശേഷതയും ഈ ഗ്യാരണ്ടിയാണ്. ഇത് പിന്‍വലിക്കാന്‍ സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികള്‍ നിരന്തരം സമ്മര്‍ദം ചെലുത്തിവരികയായിരുന്നു. സുരക്ഷിതത്വം ഇല്ലാത്തതിനാല്‍ സ്വകാര്യ ഇന്‍ഷുറന്‍സിനെ ആശ്രയിക്കാന്‍ നിക്ഷേപകര്‍ മടികാട്ടുന്നതിനാലാണ് എല്‍ഐസി പോളിസിക്കുള്ള സര്‍ക്കാര്‍ പരിരക്ഷക്കെതിരെ സ്വകാര്യ കമ്പനികള്‍ കരുനീക്കുന്നത്. 2008 ഡിസംബര്‍ 22ന് അവതരിപ്പിച്ച ബില്‍ തുടര്‍നടപടികളൊന്നുമാകാതെ പാഴായതുകൊണ്ടാണ് സര്‍ക്കാര്‍ വീണ്ടും ബില്‍ കൊണ്ടുവന്നത്. ഇപ്പോഴുള്ള പൂര്‍ണ ഗ്യാരണ്ടിക്കുപകരം എത്ര ശതമാനം ഗ്യാരണ്ടി നല്‍കണമെന്ന് നിശ്ചയിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് അധികാരം നല്‍കുന്നതാണ് ഭേദഗതി. ആവശ്യമെങ്കില്‍ ഗ്യാരണ്ടി പിന്‍വലിക്കാനും അധികാരമുണ്ടാകും. ഘട്ടംഘട്ടമായി ഗ്യാരണ്ടി പൂര്‍ണമായി പിന്‍വലിച്ചാല്‍ സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികളുടെ അവസ്ഥയിലാകും എല്‍ഐസിയും.

ഇന്‍ഷുറന്‍സ് കമ്പനികളുടെ കബളിപ്പിക്കല്‍ അവസാനിപ്പിക്കാനാണ് 1956ല്‍ പ്രത്യേക നിയമനിര്‍മാണം നടത്തി ഇന്‍ഷുറന്‍സ് കമ്പനികളെ ദേശസാല്‍ക്കരിച്ച് ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ ആരംഭിച്ചത്. ഇതിലൂടെ എല്‍ഐസിയില്‍ നിക്ഷേപിക്കുന്ന പണത്തിന് സര്‍ക്കാര്‍ നിയമപരമായ സംരക്ഷണമാണ് നല്‍കുന്നത്. എല്‍ഐസിയുടെ മിച്ചധനത്തിന്റെ ഒരു ഭാഗം രാജ്യത്തിന്റെ വികസനപദ്ധതികള്‍ക്ക് വിനിയോഗിക്കാനും സര്‍ക്കാരിന് സാധിക്കുന്നു. ഇനി ഓഹരിവിപണിയില്‍ നിക്ഷേപിക്കുന്നതടക്കമുള്ള ചൂതാട്ടങ്ങള്‍ക്ക് എല്‍ഐസിയുടെ മിച്ചധനം ഉപയോഗിക്കാന്‍ ഭേദഗതിബില്‍ വ്യവസ്ഥ ചെയ്യുന്നു. ഏഴുലക്ഷം കോടിയോളം രൂപയാണ് എല്‍ഐസിയില്‍ ജനങ്ങളുടെ നിക്ഷേപം. എല്‍ഐസിയുടെ എന്‍ഡോവ്മെന്റ്, ടേം ഇന്‍ഷുറന്‍സ്, മണി ബാക് തുടങ്ങിയ പരമ്പരാഗത പോളിസികള്‍ക്കാണ് ഇപ്പോള്‍ നിയമപരമായ ഗ്യാരന്റിയുള്ളത്. പുതുതലമുറ പോളിസികളായ മണി പ്ളസ്, ഫ്യൂച്ചര്‍ പ്ളസ് തുടങ്ങിയവയ്ക്ക് നിയമപരമായ സുരക്ഷയില്ല. എന്നാല്‍, പുതുതലമുറ പോളിസികളെയാണ് കേന്ദ്ര സര്‍ക്കാരും എല്‍ഐസി മാനേജ്മെന്റും ഇപ്പോള്‍ പ്രോത്സാഹിപ്പിക്കുന്നത്. ഉറപ്പില്ലാത്ത ഇത്തരം പോളിസികള്‍ വ്യാപകമാക്കി എല്‍ഐസിയുടെ വിശ്വാസ്യത തകര്‍ക്കാന്‍ നടത്തുന്ന ശ്രമത്തിനുപുറമെയാണ് പരമ്പരാഗത പോളിസികളുടെ സുരക്ഷകൂടി ഇല്ലാതാക്കാന്‍ നിയമഭേദഗതി കൊണ്ടുവരുന്നത്.

ദേശാഭിമാനി

1 comment:

  1. എല്‍ഐസി പോളിസികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന ഭരണഘടനാപരമായ പരിരക്ഷ (സോവറിന്‍ ഗ്യാരണ്ടി) സ്വകാര്യകമ്പനികളുടെ സമ്മര്‍ദത്തിന് വഴങ്ങി നിര്‍ത്തലാക്കുന്നു. പോളിസി പരിരക്ഷ ഏതുസമയത്തും പിന്‍വലിക്കാന്‍ അധികാരം നല്‍കുന്ന ബില്‍ വെള്ളിയാഴ്ച ലോക്സഭയില്‍ അവതരിപ്പിച്ചു. നിലവില്‍ എല്‍ഐസി പോളിസികളുടെ സമ്പൂര്‍ണ സുരക്ഷിതത്വത്തിന്റെ ഉത്തരവാദിത്തം കേന്ദ്ര സര്‍ക്കാരിനാണ്. സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികളെ അപേക്ഷിച്ച് എല്‍ഐസിക്കുള്ള സവിശേഷതയും ഈ ഗ്യാരണ്ടിയാണ്. ഇത് പിന്‍വലിക്കാന്‍ സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികള്‍ നിരന്തരം സമ്മര്‍ദം ചെലുത്തിവരികയായിരുന്നു. സുരക്ഷിതത്വം ഇല്ലാത്തതിനാല്‍ സ്വകാര്യ ഇന്‍ഷുറന്‍സിനെ ആശ്രയിക്കാന്‍ നിക്ഷേപകര്‍ മടികാട്ടുന്നതിനാലാണ് എല്‍ഐസി പോളിസിക്കുള്ള സര്‍ക്കാര്‍ പരിരക്ഷക്കെതിരെ സ്വകാര്യ കമ്പനികള്‍ കരുനീക്കുന്നത്. 2008 ഡിസംബര്‍ 22ന് അവതരിപ്പിച്ച ബില്‍ തുടര്‍നടപടികളൊന്നുമാകാതെ പാഴായതുകൊണ്ടാണ് സര്‍ക്കാര്‍ വീണ്ടും ബില്‍ കൊണ്ടുവന്നത്. ഇപ്പോഴുള്ള പൂര്‍ണ ഗ്യാരണ്ടിക്കുപകരം എത്ര ശതമാനം ഗ്യാരണ്ടി നല്‍കണമെന്ന് നിശ്ചയിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് അധികാരം നല്‍കുന്നതാണ് ഭേദഗതി. ആവശ്യമെങ്കില്‍ ഗ്യാരണ്ടി പിന്‍വലിക്കാനും അധികാരമുണ്ടാകും. ഘട്ടംഘട്ടമായി ഗ്യാരണ്ടി പൂര്‍ണമായി പിന്‍വലിച്ചാല്‍ സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികളുടെ അവസ്ഥയിലാകും എല്‍ഐസിയും.

    ReplyDelete