Sunday, June 6, 2010

സ്വാശ്രയ കോളേജ് ഫീസ് വാര്‍ത്തകള്‍

സര്‍ക്കാരുമായി ധാരണയുള്ള 11 സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ കഴിഞ്ഞവര്‍ഷത്തെ ഫീസ് ഘടനയും സീറ്റും തുടരാന്‍ തീരുമാനമായി. മന്ത്രിമാരായ എം എ ബേബിയും പി കെ ശ്രീമതിയും മാനേജ്മെന്റ് പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ഈ കോളേജുകളിലെ 1100 സീറ്റില്‍ 550 എണ്ണത്തില്‍ സര്‍ക്കാര്‍ നിശ്ചയിച്ച ഫീസില്‍ പ്രവേശനം തുടരാം. ജനറല്‍ മെറിറ്റില്‍ 1,38,000 രൂപയായിരുന്നു കഴിഞ്ഞ വര്‍ഷത്തെ സര്‍ക്കാര്‍ നിശ്ചിത ഫീസ്. സാമൂഹ്യമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് 45,000 രൂപയും ബിപിഎല്‍/കുറഞ്ഞ വരുമാനക്കാര്‍ക്ക് 25,000 രൂപയുമായിരുന്നു ഫീസ്. ഈ ഫീസ് തന്നെ ഇക്കുറി തുടരും. മാനേജ്മെന്റ് സീറ്റില്‍ 5,50,000 രൂപയും എന്‍ആര്‍ഐ സീറ്റില്‍ ഒമ്പതുലക്ഷവുമായയിരിക്കും ഫീസ് ഘടന. സംവരണതത്വം പാലിച്ചായിരിക്കും സര്‍ക്കാര്‍ സീറ്റില്‍ പ്രവേശനം. അമ്പത് സീറ്റെടുക്കുമ്പോള്‍ അഞ്ചെണ്ണം എസ്സി/എസ്ടിക്കും 7 സീറ്റ് ബിപിഎല്‍ വിഭാഗത്തിനും 13 സീറ്റ് എസ്സിബിസി വിഭാഗത്തിനുമായിരിക്കും.

സര്‍ക്കാരുമായി ധാരണയുള്ള കാരക്കോണം മെഡിക്കല്‍ കോളേജ്, വെഞ്ഞാറമൂട് ഗോകുലം, കൊല്ലം ട്രാവന്‍കൂര്‍, കൊല്ലം അസീസിയ, കെഎംസിടി കോഴിക്കോട്, കണ്ണൂര്‍ മെഡിക്കല്‍ കോളേജ്, കരുണാ പാലക്കാട്, ശ്രീ ഉത്രാടം തിരുനാള്‍ തിരുവനന്തപുരം, മലബാര്‍ കോളേജ് കോഴിക്കോട്, എംഇഎസ് പെരിന്തല്‍മണ്ണ, ശ്രീനാരായണ എറണാകുളം എന്നീ മെഡിക്കല്‍ കോളേജുകളുടെ പ്രതിനിധികളാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. ഇതില്‍മലബാര്‍ കോളേജ് പുതുതായി ആരംഭിച്ചതാണ്. ഇവക്ക് മെഡി.കൌസിലിന്റെ അന്തിമ അംഗീകാരമായിട്ടില്ല. കരുണ, കെഎംസിടി, അസീസിയ, ശ്രീനാരായണ, ഉത്രാടം തിരുനാള്‍ എന്നിവക്കും ഈ വര്‍ഷം അംഗീകാരമായിട്ടില്ല. അംഗീകാരം ഉടന്‍ കിട്ടുമെന്ന പ്രതീക്ഷയിലാണ് മാനേജ്മെന്റ്. ന്യൂനപക്ഷപദവിയുള്ള കോളേജുകള്‍ക്ക് പ്രത്യേക അലോട്ട്മെന്റ് പത്ത് ശതമാനമെന്നത് 15 ആയി വര്‍ധിപ്പിച്ചു. സര്‍ക്കാരുമായി ധാരണയാകാത്ത ക്രിസ്ത്യന്‍ മാനേജ്മെന്റുകള്‍ക്ക് മാനസാന്തരം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് ചോദ്യത്തിനു മറുപടിയായി മന്ത്രി പറഞ്ഞു. സീറ്റുകളില്‍ പ്രവേശനഫീസിനുപുറമെ അഞ്ചുലക്ഷം രൂപ ഡിപ്പോസിറ്റ് വാങ്ങാന്‍ അനുവദിച്ചതായി മാനേജ്മെന്റ് പ്രതിനിധികള്‍ പറഞ്ഞു. രാമനിലയത്തില്‍ നടന്ന ചര്‍ച്ചയില്‍ ആരോഗ്യവകുപ്പ് സെക്രട്ടറി ഉഷാ ടൈറ്റസ്, മാനേജ്മെന്റ് അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. സാജന്‍ പ്രസാദ്, ഡോ. നവാസ്, ഉണ്ണീന്‍കുട്ടി മൊയ്ലവി തുടങ്ങിയവര്‍ പങ്കെടുത്തു.

സര്‍ക്കാര്‍ നിയന്ത്രിത സ്വാശ്രയ എന്‍ജി.കോളേജ് ഫീസ് കുറച്ചു

സര്‍ക്കാര്‍ നിയന്ത്രിത സ്വാശ്രയ എന്‍ജിനിയറിങ് കോളേജുകളിലെ ഫീസ് കുറച്ചു. സര്‍ക്കാര്‍ മെറിറ്റ് സീറ്റില്‍ 20 ശതമാനമാണ് ഫീസ് കുറച്ചത്. നിലവില്‍ പഠിക്കുന്നവര്‍ക്കും ഈ ഇളവ് ലഭിക്കും. കേരളത്തിലെ സര്‍ക്കാര്‍/യൂണിവേഴ്സിറ്റി നിയന്ത്രണത്തിലുള്ള 22 എന്‍ജിനിയറിങ് കോളേജിലെ കാല്‍ലക്ഷത്തോളം വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ നടപടിയുടെ പ്രയോജനം ലഭിക്കും. വെള്ളിയാഴ്ചയാണ് സര്‍ക്കാര്‍, എയ്ഡഡ് എന്‍ജിനിയറിങ് കോളേജുകളിലെ ഫീസ് ഘടന പ്രസിദ്ധീകരിച്ചത്. ഇതുപ്രകാരം സര്‍ക്കാര്‍/യൂണിവേഴ്സിറ്റി നിയന്ത്രിത സ്വാശ്രയ കോളേജുകളിലെ ഗവമെന്റ് സീറ്റിലെ ഫീസ് 20,000 രൂപയാണ്. കഴിഞ്ഞ വര്‍ഷമിത് 25,000 രൂപയായിരുന്നു. കേരളത്തില്‍ എല്‍ബിഎസ്, ഐഎച്ച്ആര്‍ഡി, കേപ്, വിവിധ യൂണിവേഴ്സിറ്റികള്‍ എന്നിവയ്ക്കു കീഴിലായി 22 സ്വാശ്രയ എന്‍ജിനിയറിങ് കോളേജാണുള്ളത്. ഇവിടങ്ങളിലെല്ലാമായി 54,436 സീറ്റുണ്ട്. ഇതില്‍ പകുതി സര്‍ക്കാര്‍ സീറ്റാണ്. അതുപ്രകാരം 27,218 കുട്ടികള്‍ക്ക് ഫീസിളവ് ലഭിക്കും. സര്‍ക്കാരിന്റെ ഈ നടപടി മറച്ചുവയ്ക്കാനാണ് ചില മാധ്യമങ്ങള്‍ ശ്രമിക്കുന്നത്. അതിന്റെ ഭാഗമായാണ് സ്വാശ്രയ എന്‍ജിനിയറിങ് മാനേജ്മെന്റ് സീറ്റില്‍ 25,000 രൂപ സ്പെഷ്യല്‍ ഫീസ് നല്‍കണമെന്നതിന് ചില മാധ്യമങ്ങള്‍ വന്‍ പ്രാധാന്യം നല്‍കിയത്. ഗവമെന്റ് സീറ്റില്‍ ഫീസ് കുറച്ച കാര്യം അവര്‍ കണ്ടതായി നടിച്ചില്ല. പ്രവേശന വിജ്ഞാപനം വന്ന ഉടന്‍തന്നെ ഫീസ് ഘടനയുടെ പൂര്‍ണ രൂപം പരസ്യപ്പെടുത്തിയിരുന്നു.
(റഷീദ് ആനപ്പുറം)

പകുതി സീറ്റുറപ്പാക്കിയത് നേട്ടം: മന്ത്രി ബേബി

സുപ്രീം കോടതി വിധിയും കേന്ദ്രനിയമവും എതിരായിട്ടും സ്വകാര്യ സ്വാശ്രയ പ്രൊഫഷണല്‍ കോളേജുകളില്‍ 50 ശതമാനം സീറ്റില്‍ സര്‍ക്കാര്‍ ഫീസ് ഏര്‍പ്പെടുത്താന്‍ കഴിഞ്ഞത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഇച്ഛാശക്തി കൊണ്ടാണെന്ന് മന്ത്രി എം എ ബേബി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇനാംദാര്‍ കേസില്‍ സുപ്രീംകോടതി വിധി സ്വാശ്രയ കോളേജുകളില്‍ വ്യത്യസ്ത ഫീസ് ഘടന പാടില്ലെന്നാണ്. സര്‍ക്കാരിന് സീറ്റൊന്നും നീക്കിവയ്ക്കേണ്ടെന്നും വിധിയിലുണ്ട്. ദേശീയ നിയമം കൊണ്ടേ ഇതിനെ മറികടക്കാന്‍ കഴിയൂ. എന്നാല്‍, ഇതിനോട് യോജിക്കുന്ന നിയമമാണ് കേന്ദ്രസര്‍ക്കാര്‍ ഉണ്ടാക്കിയത്. കേന്ദ്ര ക്യാബിനറ്റ് അംഗീകരിച്ച ഉന്നത വിദ്യാഭ്യാസ നിയമത്തിലും സ്വാശ്രയസ്ഥാപനങ്ങളുടെ സീറ്റുകള്‍ സര്‍ക്കാരിന് നല്‍കേണ്ടതില്ലെന്ന് വ്യവസ്ഥ ചെയ്യുന്നു. പട്ടികജാതി-വര്‍ഗ വിഭാഗക്കാര്‍, ദരിദ്ര ജനവിഭാഗങ്ങള്‍ തുടങ്ങിയവര്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിന് ഒരിളവും പുതിയ കേന്ദ്ര നിയമത്തിലില്ല. എന്‍ജിനിയറിങിന് കഴിഞ്ഞവര്‍ഷത്തെ ഫീസ് തന്നെ നിശ്ചയിക്കാനായതും നേട്ടമാണ്. മെഡിക്കല്‍ കോളേജുകളിലും കഴിഞ്ഞവര്‍ഷത്തെ ഫീസ് ഘടന തന്നെയാവണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹം. ഏതെങ്കിലും വിദ്യാര്‍ഥിക്ക് കഴിഞ്ഞവര്‍ഷം കുറച്ച ഫീസിനേക്കാള്‍ കൂടുതലായി കൊടുക്കേണ്ടിവന്നിട്ടുണ്ടെങ്കില്‍ തിരിച്ചുകൊടുപ്പിക്കാന്‍ സംവിധാനമുണ്ട്. അംഗീകാരം നഷ്ടപ്പെട്ട മെഡിക്കല്‍ കോളേജുകളില്‍ പ്രവേശനം നേടിയ വിദ്യാര്‍ഥികളുടെ ഭാവിക്ക് ദോഷം വരാതിരിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

കേന്ദ്രത്തിന്റെ ഉന്നത-അനൌപചാരിക വിദ്യാഭ്യാസ പദ്ധതികളിലെ കേരളത്തിനു ദോഷകരമായ മാനദണ്ഡം പുനരവലോകനം ചെയ്യണം. സാക്ഷരതാവിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്കടക്കം കേന്ദ്ര നയങ്ങള്‍ കേരളത്തിനു ദോഷകരമാണ്. ദേശീയ ശരാശരിയുടെ താഴെ നില്‍ക്കുന്ന ജില്ലകള്‍ക്കാണ് സ്ത്രീ സാക്ഷരതക്കായി കേന്ദ്രസഹായം അനുവദിക്കുന്നത്. കേരളമാകട്ടെ സാക്ഷരതാരംഗത്ത് ദേശീയ ശരാശരിയേക്കാള്‍ ഏറെ മുന്നിലും. അതിനാല്‍ കേന്ദ്ര സഹായം ലഭിക്കില്ല. ഉന്നത വിദ്യാഭ്യാസ മേഖലയിലും നിലവിലുള്ള മാനദണ്ഡങ്ങള്‍ കേരളത്തിന് എതിരാണ്. 18നും 24നും ഇടയില്‍ പ്രായമുള്ള ഉന്നതവിദ്യാഭ്യാസം നടത്തുന്നവരില്‍ പത്തുശതമാനത്തേക്കാള്‍ താഴെയുള്ള സംസ്ഥാനങ്ങള്‍ക്കാണ് കേന്ദ്രസഹായം. കേരളത്തില്‍ ഇത് 18 ശതമാനമാണ്. വിദ്യാഭ്യാസരംഗത്തു നേട്ടമുണ്ടാക്കിയതിന്റെ പേരില്‍ അര്‍ഹതപ്പെട്ട കേന്ദ്രസഹായം ലഭിക്കാത്തതിനെതിരെ ഒറ്റക്കെട്ടായി പ്രതികരിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. സാക്ഷരതാ മിഷന്‍ ഡയറക്ടര്‍ ഡോ. പ്രഭാകരന്‍ പഴശി, അസി. ഡയറക്ടര്‍ അയ്യപ്പന്‍ നായര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

ഇന്റര്‍ ചര്‍ച്ച് നിലപാട് പ്രതിഷേധാര്‍ഹം: എസ്എഫ്ഐ

ഇന്റര്‍ചര്‍ച്ച് കൌണ്‍സില്‍ വിദ്യാഭ്യാസക്കച്ചവടം അവസാനിപ്പിക്കണമെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു. 100 ശതമാനം സീറ്റും കച്ചവടം നടത്തുമെന്ന ഇന്റര്‍ചര്‍ച്ച് കൌണ്‍സില്‍ നിലപാട് പ്രതിഷേധാര്‍ഹമാണ്. സര്‍ക്കാരുമായി ചര്‍ച്ചചെയ്ത് ഉചിതമായ നടപടി സ്വീകരിക്കണം. ലക്ഷങ്ങള്‍ കോഴവാങ്ങി മെറിറ്റ് അട്ടിമറിച്ച് പ്രവേശനം നടത്തുന്ന നിലപാട് പൊതുസമൂഹത്തോടുള്ള വെല്ലുവിളിയാണ്. പ്രവേശന നടപടി ആരംഭിക്കുന്ന ഘട്ടത്തില്‍ത്തന്നെ മെരിറ്റ് ഉറപ്പാക്കി കോഴവാങ്ങല്‍ ഇല്ലാതാക്കി സുതാര്യമായ നടപടികള്‍ ഉറപ്പാക്കാനും സുപ്രീംകോടതി വിധി നടപ്പാക്കാനും പി എ മുഹമ്മദ് കമീഷന്‍ ഇടപെടണമെന്നും സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

ദേശാഭിമാനി 06062010

3 comments:

  1. സര്‍ക്കാരുമായി ധാരണയുള്ള 11 സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ കഴിഞ്ഞവര്‍ഷത്തെ ഫീസ് ഘടനയും സീറ്റും തുടരാന്‍ തീരുമാനമായി. മന്ത്രിമാരായ എം എ ബേബിയും പി കെ ശ്രീമതിയും മാനേജ്മെന്റ് പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ഈ കോളേജുകളിലെ 1100 സീറ്റില്‍ 550 എണ്ണത്തില്‍ സര്‍ക്കാര്‍ നിശ്ചയിച്ച ഫീസില്‍ പ്രവേശനം തുടരാം. ജനറല്‍ മെറിറ്റില്‍ 1,38,000 രൂപയായിരുന്നു കഴിഞ്ഞ വര്‍ഷത്തെ സര്‍ക്കാര്‍ നിശ്ചിത ഫീസ്. സാമൂഹ്യമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് 45,000 രൂപയും ബിപിഎല്‍/കുറഞ്ഞ വരുമാനക്കാര്‍ക്ക് 25,000 രൂപയുമായിരുന്നു ഫീസ്. ഈ ഫീസ് തന്നെ ഇക്കുറി തുടരും. മാനേജ്മെന്റ് സീറ്റില്‍ 5,50,000 രൂപയും എന്‍ആര്‍ഐ സീറ്റില്‍ ഒമ്പതുലക്ഷവുമായയിരിക്കും ഫീസ് ഘടന. സംവരണതത്വം പാലിച്ചായിരിക്കും സര്‍ക്കാര്‍ സീറ്റില്‍ പ്രവേശനം. അമ്പത് സീറ്റെടുക്കുമ്പോള്‍ അഞ്ചെണ്ണം എസ്സി/എസ്ടിക്കും 7 സീറ്റ് ബിപിഎല്‍ വിഭാഗത്തിനും 13 സീറ്റ് എസ്സിബിസി വിഭാഗത്തിനുമായിരിക്കും.

    ReplyDelete
  2. സഹകരണവകുപ്പിനു കീഴിലെ കൊച്ചി സഹകരണ മെഡിക്കല്‍ കോളേജില്‍ ഫീസ് കുറച്ചു. എംബിബിഎസിന് 3000 രൂപയും ബിഎസ്സി നേഴ്സിങ്ങിന് 2000 രൂപയുമാണ് കുറച്ചത്. ഒരു വര്‍ഷത്തെ മുന്‍കാല പ്രാബല്യത്തോടെയാണ് ഫീസ് കുറച്ചത്. എന്‍ആര്‍ഐ സീറ്റിലെ ഫീസ് ഒന്നര ലക്ഷത്തില്‍നിന്ന് ഒരു ലക്ഷവുമായി കുറച്ചിട്ടുണ്ട്. ജനറല്‍ നേഴ്സിങ്ങില്‍ വരുമാനം കുറഞ്ഞ പത്തു കുട്ടികള്‍ക്ക് 2000 രൂപ വീതം വാര്‍ഷിക സ്കോളര്‍ഷിപ് നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചു. വന്‍ സാമ്പത്തിക ബാധ്യതക്കിടെയാണ് കൊച്ചി മെഡിക്കല്‍ കോളേജില്‍ ഫീസ് ഇളവ് പ്രഖ്യാപിച്ചത്. കൊച്ചി മെഡിക്കല്‍ കോളേജില്‍ ഗവ.സീറ്റില്‍ ബിപിഎല്‍ വിഭാഗത്തിന് 25,000 രൂപയായിരുന്നു ഫീസ്്. ഇത് 22,000 രൂപയായാണ് കുറച്ചത്. എസ്ഇബിസി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 40,000 രൂപയും സ്റ്റേറ്റ് മെറിറ്റില്‍ 90,000 രൂപയും മാനേജ്മെന്റ് സീറ്റില്‍ 4,50,000 രൂപയുമായിരുന്നു നേരത്തെ നിശ്ചയിച്ച ഫീസ്. പുതിയ തീരുമാനം വന്നതോടെ ഈ ഫീസുകളിലും 3000 രൂപ വീതം കുറയും. കൊച്ചി മെഡിക്കല്‍ കോളേജില്‍ എംബിബിഎസിന് നൂറും ബിഎസ്സി നേഴ്സിങ്ങിന് അമ്പതും സീറ്റാണുള്ളത്. മുന്‍കാലപ്രാബല്യം പരിഗണിക്കുമ്പോള്‍ 300 കുട്ടികള്‍ക്ക് ഫീസ് ഇളവ് ലഭിക്കും. എട്ട് ലക്ഷം രൂപയുടെ കിഴിവാണ് ഇത് വഴി ഒരു വര്‍ഷം കൊച്ചി സഹകരണ മെഡിക്കല്‍ കോളേജ് കുട്ടികള്‍ക്ക് നല്‍കുന്നത്. ജനറല്‍ നേഴ്സിങ്ങില്‍ 20 കുട്ടികര്‍ക്ക് ലഭിക്കുന്ന വാര്‍ഷിക സ്കോളര്‍ഷിപ് 40,000 രൂപയാണ്. ലക്ഷങ്ങളുടെ സാമ്പത്തിക ബാധ്യതയില്‍പ്പെട്ട് ഉഴലുന്നതിനിടെയാണ് 8,40,000 രൂപയുടെ ആനുകൂല്യം നല്‍കുന്നത്. സഹകരണവകുപ്പ് നിയന്ത്രണത്തിലുള്ള എന്‍ജിനിയറിങ് കോളേജിലെ മെറിറ്റ് സീറ്റിലെ ഫീസ് 5000 രൂപ കുറച്ചതിനു പിന്നാലെയാണ് മെഡി.കോളേജിലും ഫീസ് കുറച്ചത്

    ReplyDelete
  3. *സുപ്രീം കോടതി വിധിയും കേന്ദ്രനിയമവും എതിരായിട്ടും സ്വകാര്യ സ്വാശ്രയ പ്രൊഫഷണല്‍ കോളേജുകളില്‍ 50 ശതമാനം സീറ്റില്‍ സര്‍ക്കാര്‍ ഫീസ് ഏര്‍പ്പെടുത്താന്‍ കഴിഞ്ഞത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഇച്ഛാശക്തി കൊണ്ടാണെന്ന് മന്ത്രി എം എ ബേബി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു*.

    ഇത് എവിടെ ആര് നടപ്പാകി?വെക്തമാക്കിയാല്‍ കൊള്ളം...
    ഇത് പോലെ തന്നെ ആണ് അല്ലെ ഈ ബ്ലോഗിലെ മറ്റു പോസ്റ്റുകളും ....
    നല്ല പ്രചാരണം .....

    ReplyDelete