സംവരണനയത്തില്‍ മാറ്റങ്ങള്‍ നിര്‍ദേശിക്കുന്നതിന് ഒരു സമിതിക്ക് രൂപംനല്‍കണമെന്ന ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന്റെ അഭിപ്രായത്തെ ഒറ്റതിരിഞ്ഞുള്ള പ്രസ്താവനയായി കാണാന്‍ കഴിയില്ല. ആര്‍എസ്എസ് മുഖപത്രം ഓര്‍ഗനൈസറിന് നല്‍കിയ അഭിമുഖത്തില്‍ ഭാഗവത് ഊന്നിയത് സംവരണം പുനഃപരിശോധനയ്ക്ക് വിധേയമാക്കണമെന്നതിലാണ്. ഏതൊക്കെ വിഭാഗങ്ങള്‍ക്ക് സംവരണം എത്രകാലം ആവശ്യമാണെന്നും ഭാഗവത് പറഞ്ഞു.
ഗുജറാത്തിലെ പട്ടേലുകളെ മറ്റു പിന്നോക്കസമുദായത്തില്‍ ഉള്‍പ്പെടുത്തി സംവരണം നല്‍കണമെന്ന് ആവശ്യം ഉയര്‍ന്നതിന്റെ പശ്ചാത്തലത്തില്‍വേണം ആര്‍എസ്എസ് മേധാവിയുടെ നിര്‍ദേശത്തെ വിലയിരുത്താന്‍. പട്ടേലന്മാരുടെ പ്രക്ഷോഭം യഥാര്‍ഥത്തില്‍ സംവരണത്തിനെതിരെയുള്ള നീക്കമായി വിലയിരുത്തണം. പ്രക്ഷോഭത്തിന് നേതൃത്വംനല്‍കുന്ന ഹാര്‍ദിക് പട്ടേല്‍ ആവശ്യപ്പെടുന്നത് പട്ടേലന്മാര്‍ക്ക് മറ്റുപിന്നോക്കസമുദായ സംവരണം നല്‍കുക അല്ലെങ്കില്‍ സംവരണംതന്നെ നിര്‍ത്തലാക്കുക എന്നാണ്. പട്ടികജാതി, പട്ടികവര്‍ഗ, ഒബിസി സംവരണത്തെ തള്ളിപ്പറയലല്ലാതെ മറ്റൊന്നുമല്ല ഇത്. സാമ്പത്തികമായും സാമൂഹ്യമായും ഉന്നതിയിലുള്ള പട്ടേലന്മാരെ ഒബിസി പട്ടികയില്‍ ഉള്‍പ്പെടുത്തിയാല്‍ മറ്റ് പിന്നോക്കസമുദായമെന്ന സങ്കല്‍പ്പത്തിനുതന്നെ അര്‍ഥമില്ലാതാകും. സംവരണ ക്വോട്ടകള്‍തന്നെ ഇല്ലതാക്കുകയാണ് ഈ പ്രക്ഷോഭത്തിന്റെ യഥാര്‍ഥ ലക്ഷ്യം. മുന്നോക്കവും മെച്ചപ്പെട്ട നിലയിലുള്ളതുമായ ജാതികളെ ഉള്‍പ്പെടുത്തി സംവരണത്തെത്തന്നെ അട്ടിമറിക്കുകയും ലക്ഷ്യമാണ്.
ഗുജറാത്തില്‍ നേരത്തെയും സംവരണവിരുദ്ധസമരം നടന്നിട്ടുണ്ട്. 1981ലും 1985ലും നടന്ന സംവരണവിരുദ്ധസമരത്തിന്റെ മുന്‍പന്തിയില്‍ ഉണ്ടായിരുന്നത് പട്ടേലുകളാണ്. ഗുജറാത്തിലെ 14-15 ശതമാനം വരുന്ന പട്ടേലുകള്‍ പ്രധാനമായും ഭൂവുടമകളാണ്. സമ്പന്ന കൃഷിക്കാരായ ഇവര്‍ അവരുടെ ഗ്രാമങ്ങളുടെ മുഖ്യന്മാരുമാണ്. തുടര്‍ന്ന് രത്നവ്യവസായത്തിന്റെയും റിയല്‍ എസ്റ്റേറ്റിന്റെയും കടലയെണ്ണ വ്യവസായത്തിന്റെയും ആധിപത്യം പട്ടേലന്മാര്‍ക്കായി. 1980കളുടെ അവസാനത്തോടെ പട്ടേലന്മാര്‍ക്കിടയില്‍ നല്ല സ്വാധീനംതന്നെ ബിജെപി നേടി. സ്വാഭാവികമായും ആര്‍എസ്എസിനും വിശ്വഹിന്ദു പരിഷത്തിനും ഇവര്‍ക്കിടയില്‍ സ്വാധീനമുണ്ടായി.
പട്ടേലന്മാരുടെ പ്രക്ഷോഭം ബിജെപി സംസ്ഥാന സര്‍ക്കാരിനെയും പാര്‍ടിയുടെ ദേശീയനേതൃത്വത്തെയും പ്രതിസന്ധിയിലാഴ്ത്തിയിരിക്കുകയാണ്. ഗുജറാത്തിലെ ബിജെപിയുടെ ശക്തമായ അടിത്തറയായ പട്ടേലന്മാരാണ് ഒബിസി സംവരണം ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരിനെതിരെ പ്രക്ഷോഭം നയിക്കുന്നത്. ഈ പ്രക്ഷോഭം യഥാര്‍ഥത്തില്‍ മറ്റ് പിന്നോക്കസമുദായങ്ങള്‍ക്കും പട്ടികജാതി സമുദായങ്ങള്‍ക്കുമെതിരാണെന്ന് ആഗസ്ത് 25 ന്റെ റാലിക്കുശേഷം അഹമ്മദാബാദിലും മറ്റും ഉണ്ടായ സംഘര്‍ഷങ്ങള്‍ തെളിയിക്കുന്നു.
പട്ടേല്‍ പ്രക്ഷോഭം "ഗുജറാത്ത് വികസനമാതൃക' എന്ന മിത്തിനെ തകര്‍ക്കാനും കാരണമായി. രൂക്ഷമാകുന്ന കാര്‍ഷികപ്രതിസന്ധിയില്‍നിന്നാണ് പട്ടേലന്മാരുടെ പ്രതിഷേധം ഉയര്‍ന്നത്. പരുത്തി, കടല തുടങ്ങിയ നാണ്യവിളകളില്‍നിന്ന് ലാഭംകൊയ്യാന്‍ കഴിയില്ലെന്ന് സമ്പന്നകൃഷിക്കാര്‍പോലും തിരിച്ചറിയുന്നു. സര്‍ക്കാര്‍ ആവര്‍ത്തിച്ച് നിഷേധിക്കുമ്പോഴും കര്‍ഷക ആത്മഹത്യ വര്‍ധിക്കുകയാണ്. സാമൂഹ്യസൂചകങ്ങളായ ഹയര്‍സെക്കന്‍ഡറി വിദ്യാഭ്യാസം, കുട്ടികളുടെ പോഷകാഹാരം എന്നിവയിലൊക്കെ ഗുജറാത്ത് വളരെ പിന്നിലാണ്. ശിശുമരണനിരക്ക് കൂടുതലും. വന്‍തോതില്‍ കോര്‍പറേറ്റ് നിക്ഷേപം ലഭിച്ചെങ്കിലും വര്‍ധിച്ചതോതില്‍ തൊഴില്‍ നല്‍കുന്നതിന് ഉതകുന്ന വ്യവസായങ്ങളല്ല സ്ഥാപിക്കപ്പെട്ടത്.
കാര്‍ഷികമേഖലയിലെ പ്രതിസന്ധിയും തൊഴിലവസരങ്ങളുടെ കുറവുമാണ് ഒബിസി സംവരണം ആവശ്യപ്പെട്ടുള്ള പട്ടേലന്മാരുടെ പ്രക്ഷോഭത്തിന് കാരണം. പട്ടേലന്മാരുടെ പ്രക്ഷോഭം "ഗുജറാത്ത് മാതൃക'യ്ക്ക് അപവാദമാണെന്നര്‍ഥം.ക്വോട്ട സമ്പ്രദായവും സംവരണനയവും പുനഃപരിശോധിക്കണമെന്ന മോഹന്‍ ഭാഗവതിന്റെ ആവശ്യം ശക്തമായ പട്ടേല്‍ ലോബിയെ ദുര്‍ബലമാക്കാനുള്ള ശ്രമത്തിന്റെ ഭാഗംകൂടിയാണ്. അതോടൊപ്പം പിന്നോക്കസമുദായാംഗങ്ങള്‍ക്കും താഴ്ന്ന ജാതിക്കാര്‍ക്കും നല്‍കിവരുന്ന സംവരണത്തോടുള്ള ആര്‍എസ്എസിന്റെയും ഹിന്ദുത്വശക്തികളുടെയും വിരോധവും ഇതില്‍ നിഴലിച്ച് കാണാം. ഒബിസി സംവരണം ശുപാര്‍ശചെയ്യുന്ന മണ്ഡല്‍ കമീഷന്‍ റിപ്പോര്‍ട്ടിനെ ആര്‍എസ്എസ് എതിര്‍ത്തെന്ന കാര്യവും ഇതോടൊപ്പം കൂട്ടിവായിക്കണം.
സംവരണത്തോടുള്ള ആര്‍എസ്എസ് സമീപനത്തെ അടിസ്ഥാനപരമായി ബിജെപി അംഗീകരിക്കുന്നുണ്ടെങ്കിലും മോഹന്‍ ഭാഗവതിന്റെ പരസ്യമായ എതിര്‍പ്പ് ബിജെപിയെ വിഷമവൃത്തത്തിലാക്കി. ബിഹാര്‍ നിയമസഭാതെരഞ്ഞെടുപ്പില്‍ മോഡിയെ ഒബിസി നേതാവായി ഉയര്‍ത്തിക്കാട്ടി മറ്റ് പിന്നോക്കസമുദായങ്ങളുടെ വോട്ട് തേടുകയായിരുന്നു ബിജെപി. ഇതിനാലാണ് ഭാഗവതിന്റെ നിലപാടിനെ തള്ളി ഒബിസി-പട്ടികജാതി-പട്ടികവര്‍ഗ സംവരണം പുനഃപരിശോധിക്കണമെന്ന നിലപാട് തങ്ങള്‍ക്കില്ലെന്നുപറഞ്ഞ് പ്രസ്താവനയിറക്കാന്‍ ബിജെപി നിര്‍ബന്ധിതമായത്. എന്നാല്‍, ആര്‍എസ്എസ്-ബിജെപി കൂട്ടുകെട്ടിന്റെ സാമൂഹ്യപിന്തിരിപ്പന്‍ മുഖം തിരിച്ചറിയാന്‍ ബിഹാറിലെ ജനങ്ങള്‍ക്ക് കഴിയും. മുന്നോക്ക പട്ടേല്‍ജാതിയെ ഒബിസി സംവരണപട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം മറ്റ് സംസ്ഥാനങ്ങളില്‍ സമാനമായി ഉയര്‍ന്ന ആവശ്യത്തിന്റെ പ്രതിഫലനമാണെന്ന് കാണാം.
മഹാരാഷ്ട്രയിലെ മുന്നോക്കവിഭാഗമായ മറാത്തകളും ഒബിസിയില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം നടത്തിയിരുന്നു. നേരത്തെ ഹരിയാനയിലെ ജാട്ടുകളും സമാനമായ ആവശ്യം ഉയര്‍ത്തി. നവ ഉദാരവല്‍ക്കരണകാലത്തെ വികസനമാതൃകയുടെ പരാജയമാണ് ഇത് കാണിക്കുന്നത്. നവ ഉദാരവല്‍ക്കരണ മുതലാളിത്തവികസനം ആവശ്യത്തിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നില്ലെന്ന് മാത്രമല്ല, സാമൂഹ്യ-സാമ്പത്തിക അസമത്വം രൂക്ഷമാക്കുകയും ചെയ്യുന്നു. അടുത്തിടെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സംസ്ഥാന സെക്രട്ടറിയറ്റിലേക്ക് ഒഴിവുള്ള 368 പ്യൂണ്‍ തസ്തികയിലേക്ക് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. 23 ലക്ഷം അപേക്ഷകളാണ് ലഭിച്ചത്. ഇതില്‍ ഒന്നരലക്ഷം അപേക്ഷകര്‍ ബിരുദധാരികളാണ്. 25,000 പേര്‍ ബിരുദാനന്തര ബിരുദധാരികളും 250 പേര്‍ പിഎച്ച്ഡി ബിരുദധാരികളും! തൊഴില്‍ നേടാനുള്ള ഗതികേടിനിടയില്‍ പ്യൂണ്‍ പോസ്റ്റിനുപോലും കടുത്ത മത്സരമാണ്. ചിലര്‍ക്ക് സംവരണമുണ്ടെന്നതിനാല്‍ മറുവിഭാഗം ജനങ്ങള്‍ അവര്‍ക്കെതിരെ തിരിയുന്നു. ആവശ്യത്തിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ സര്‍ക്കാരുകളും മുലാളിത്തവ്യവസ്ഥയും പരാജയപ്പെട്ടതിന്റെ ഫലമാണിത്. സാമൂഹ്യവും വിദ്യാഭ്യാസപരവുമായി പിന്നോക്കംനില്‍ക്കുന്ന സമുദായങ്ങള്‍ക്കും അടിച്ചമര്‍ത്തപ്പെട്ട വിഭാഗങ്ങള്‍ക്കും സംവരണം നല്‍കുന്നതുകൊണ്ടല്ല തൊഴിലില്ലായ്മയും വിദ്യാഭ്യാസ അവസരങ്ങളുടെ കുറവും ഉണ്ടാകുന്നത്.
പാവപ്പെട്ടവരും ദരിദ്രരും അഭിമുഖീകരിക്കുന്ന അടിസ്ഥാനപ്രശ്നങ്ങള്‍ക്ക് സംവരണം പരിഹാരമല്ല. സ്വകാര്യവല്‍ക്കരണത്തിന്റെ ഫലമായി സര്‍ക്കാരിലും പൊതുമേഖലയിലും സംവരണ ക്വോട്ടയിലുള്ള തൊഴിലവസരം കുറഞ്ഞുവരികയാണ്. പട്ടികജാതി-പട്ടികവര്‍ഗ- ഒബിസി വിഭാഗങ്ങളുടെ ശാക്തീകരണത്തിനുള്ള തത്വങ്ങളെ പിന്തുണയ്ക്കുന്നതോടൊപ്പം നിലവിലുള്ള അസമത്വത്തിലധിഷ്ഠിതമായ സാമ്പത്തിക-സാമൂഹ്യക്രമത്തിനെതിരെ അടിച്ചമര്‍ത്തപ്പെട്ടവരും ചൂഷിതരുമായ വിഭാഗങ്ങളുടെ പൊതുവായ സമരങ്ങളാണ് ആവശ്യം. എല്ലാ സമുദായത്തിലെയും ജാതിയിലെയും പാവങ്ങളുടെയും ദരിദ്രരുടെയും ഐക്യത്തിലൂന്നി ബദലിനുവേണ്ടി പോരാടണം. അതുവഴിമാത്രമേ എല്ലാവരുടെയും പുരോഗതിയും മുന്നേറ്റവും സാധ്യമാകൂ $
*
പ്രകാശ് കാരാട്ട്
No comments:
Post a Comment