Saturday, September 19, 2015

അമ്പനാട് എസ്റ്റേറ്റ് സമരം കരുത്താര്‍ജിക്കുന്നു

തെന്മല > വിവിധ ആവശ്യങ്ങളുന്നയിച്ച് അമ്പനാട് ടി ആര്‍ ആന്‍ഡ് ടീ എസ്റ്റേറ്റില്‍ ഇടതുപക്ഷ തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തില്‍ നടത്തിവരുന്ന പണിമുടക്ക്സമരം കൂടുതല്‍ ശക്തമായി. അരണ്ടല്‍ എസ്റ്റേറ്റ് ഓഫീസിനു മുന്നില്‍ നടത്തുന്ന നിരാഹാരസമരം മൂന്നാംദിവസത്തിലേക്ക് കടന്നു. എസ്റ്റേറ്റില്‍ പൊലീസ് ശക്തമായ സുരക്ഷാ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വരുദിവസങ്ങളില്‍ സമരം കൂടുതല്‍ ശക്തമാക്കാനാണ് തീരുമാനം.

അഞ്ചല്‍ ബ്ലോക്ക്പഞ്ചായത്ത് സ്റ്റാന്‍ഡിങ്കമ്മിറ്റി അധ്യക്ഷന്‍ ബിജുലാല്‍ പാലസ്, ആര്യങ്കാവ് പഞ്ചായത്തംഗം ജൂലിയറ്റ്മേരി എന്നിവരാണ് നിരാഹാരസമരം നടത്തുന്നത്. സമരകേന്ദ്രത്തില്‍ ഇടതുമുന്നണി നേതാക്കള്‍ അഭിവാദ്യമര്‍പ്പിച്ചു. നിരാഹാര സമരത്തിന് ഐക്യദാര്‍ഢ്യമര്‍പ്പിച്ച് തോട്ടം തൊഴിലാളികള്‍ സമരപ്പന്തലില്‍ തങ്ങുകയാണ്. എസ്റ്റേറ്റ് ഓഫീസിനുള്ളില്‍ തൊഴിലാളികളുടെ ഉപരോധസമരത്തെ തുടര്‍ന്ന് പുറത്തുകടക്കാനാകാതെയിരുന്ന നാല് ഉദ്യോഗസ്ഥരെ വ്യാഴാഴ്ച രാത്രി ഓഫീസില്‍നിന്നിറങ്ങാന്‍ തൊഴിലാളികള്‍ അനുവദിച്ചു.

തൊഴിലാളികള്‍ക്ക് 20 ശതമാനം ബോണസ് നല്‍കുക, 500 രൂപ ശമ്പളം നല്‍കുക, തകര്‍ച്ചയിലായ എസ്റ്റേറ്റ് ലയങ്ങള്‍ നിര്‍മാണം നടത്തി താമസയോഗ്യമാക്കി നല്‍കുക, സിക്ക് അലവന്‍സ് നല്‍കുക, ആംബുലന്‍സ് സേവനം ലഭ്യമാക്കുക, ചികിത്സാസൗകര്യം എസ്റ്റേറ്റില്‍ ഒരുക്കുക, ആശ്രിതര്‍ക്ക് എസ്റ്റേറ്റില്‍ നിയമനം നല്‍കുക, കുടിവെള്ളം ലഭ്യമാക്കുക, വന്യജീവികളില്‍നിന്നുള്ള സംരക്ഷണത്തിന് നടപടിയെടുക്കുക, യാത്രാക്കൂലി തൊഴിലാളികള്‍ക്ക് നല്‍കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് അമ്പനാട് ടി ആര്‍ ആന്‍ഡ് ടീ എസ്റ്റേറ്റില്‍ തൊഴിലാളികള്‍ സമരം നടത്തുന്നത്.

ലയങ്ങള്‍ തൊഴുത്തുകളേക്കാള്‍ കഷ്ടം

തെന്മല > തൊഴുത്തുകളെക്കാള്‍ കഷ്ടമാണ് അമ്പനാട് ടി ആര്‍ ആന്‍ഡ് ടീ എസ്റ്റേറ്റിലെ തൊഴിലാളികളുടെ ലയങ്ങള്‍. മെത്താപ്പ്, അമ്പനാട്, അരണ്ടല്‍, മിഡില്‍, ലോവര്‍, ആനച്ചാടി, മേലെ ആനച്ചാടി തുടങ്ങിയ ഡിവിഷനുകളിലായി 700ല്‍ അധികം കുടുംബങ്ങളാണ് എസ്റ്റേറ്റിലെ തകര്‍ന്ന ലയങ്ങളില്‍ ജീവിക്കുന്നത്.

പതിറ്റാണ്ടുകള്‍ക്ക് മുമ്പേ നിര്‍മിച്ച തൊഴുത്തുമുറി ലയങ്ങളില്‍ എസ്റ്റേറ്റ് മാനേജ്മെന്റ് അറ്റകുറ്റപ്പണികള്‍ നടത്താറില്ല. ഓടും ഷീറ്റും കൊണ്ട് നിര്‍മിച്ച മേല്‍ക്കൂരകളെല്ലാം തകര്‍ന്നുചോരുകയാണ്. ഒരുമുറി അടുക്കളയും ചെറിയ വരാന്തയുമാണ് ലയങ്ങള്‍ക്കുള്ളത്. ഇതില്‍ തൊഴിലാളി കുടുംബങ്ങള്‍ക്കെല്ലാം കഴിയാന്‍ ഇടമുണ്ടാകാറില്ല. ലയങ്ങള്‍ നവീകരിക്കാനോ കൂടുതല്‍ മുറികള്‍ നിര്‍മിക്കാനോ എസ്റ്റേറ്റ് മാനേജ്മെന്റ് തയ്യാറാകുന്നില്ല. ലയങ്ങള്‍ക്ക് മിക്കതിനും കതകുകള്‍ ഇല്ല. കാട്ടുപന്നിയും പെരുമ്പാമ്പുമെല്ലാം ലയങ്ങളുടെ ഉള്ളിലേക്ക് എത്തുമെന്നതിനാല്‍ ഭീതിയോടെയാണ് തൊഴിലാളികള്‍ കഴിയുന്നത്.

അടച്ചുറപ്പുള്ള വാതിലും കതകും നിര്‍മിച്ചുനല്‍കണമെന്ന ആവശ്യത്തോട് എസ്റ്റേറ്റ് മാനേജ്മെന്റ് മുഖം തിരിച്ചിട്ട് വര്‍ഷങ്ങളായി. കക്കൂസുകള്‍ക്കും കതകുകളില്ല. മിക്ക സെപ്റ്റിക് ടാങ്കും പൊട്ടിയൊഴുകുന്നതാണ്. ലയങ്ങളുടെ പരിസരത്തെ കാട്ടുപടര്‍പ്പുകള്‍ നീക്കം ചെയ്യാനും എസ്റ്റേറ്റ് അധികൃതര്‍ തയ്യാറാകാറില്ല. തകര്‍ന്ന ചുമരുകള്‍ മഴയില്‍ ഇടിഞ്ഞുവീണ സംഭവങ്ങള്‍ നിരവധി. പരിക്കേറ്റാലും ആശുപത്രിയിലേക്ക് പോകാന്‍ തൊഴിലാളികള്‍ക്ക് മാര്‍ഗമില്ല. വൈദ്യുതിയും മിക്കപ്പോഴും ഉണ്ടാകാറില്ല. കാറ്റില്‍ മരങ്ങള്‍ വീണ് ലയങ്ങള്‍ തകര്‍ന്നിട്ടുണ്ട്.

എസ്റ്റേറ്റിലെ ഉദ്യോഗസ്ഥര്‍ക്കായി ബംഗ്ലാവുകള്‍ കെട്ടിയുയര്‍ത്താന്‍ മത്സരിക്കുന്ന മാനേജ്മെന്റ് തൊഴിലാളികളുടെ നരകജീവിതം കണ്ടില്ലെന്ന് നടിക്കുകയാണ്. സ്ത്രീകളും കുട്ടികളുമെല്ലാം ലയങ്ങളില്‍ ഒരു സുരക്ഷയുമില്ലാതെയാണ് കഴിയുന്നത്. സുരക്ഷിതമായി താമസിക്കാന്‍ ലയങ്ങള്‍ പുനര്‍നിര്‍മിക്കണമെന്നുകൂടി ആവശ്യപ്പെട്ടാണ് തൊഴിലാളികള്‍ സമരമുഖത്ത് ഉള്ളത്.

ചര്‍ച്ചയില്‍ പങ്കെടുക്കാതെ എസ്റ്റേറ്റ് മാനേജ്മെന്റ്

പുനലൂര്‍ > അമ്പനാട് എസ്റ്റേറ്റിലെ സമരത്തെ തുടര്‍ന്ന് പുനലൂരില്‍ തൊഴില്‍വകുപ്പ് ഉന്നത ഉദ്യോഗസ്ഥര്‍ തൊഴിലാളി യൂണിയന്‍ പ്രതിനിധകളുമായി നടത്തിയ ചര്‍ച്ചയില്‍ എസ്റ്റേറ്റ് മാനേജ്മെന്റ് പ്രതിനിധികള്‍ പങ്കെടുത്തില്ല. എസ്റ്റേറ്റ് മാനേജ്മെന്റ് ഒരു ജീവനക്കാരന്റെ പക്കല്‍ തൊഴില്‍വകുപ്പുദ്യോഗസ്ഥര്‍ക്കായി ഒരു കത്ത് കൊടുത്തയച്ചിരുന്നു. തൊഴിലാളിയൂണിയന്‍ നേതൃത്വത്തെ അധിക്ഷേപിക്കുന്ന തരത്തിലുള്ള വാചകങ്ങളായിരുന്നു കത്തിലുണ്ടായിരുന്നത്. എസ്റ്റേറ്റില്‍ തൊഴിലാളികള്‍ സമരം നടത്തുന്നില്ലെന്നും ഗുണ്ടകളാണ് സമരക്കാരെന്നുമുള്ള നിരവധി അധിക്ഷേപങ്ങളായിരുന്നു കത്തിലുള്ളത്. മാനേജ്മെന്റിന്റെ ഇത്തരം നിഷേധ നിലപാടിനോട് തൊഴില്‍വകുപ്പ് ഉദ്യോഗസ്ഥരും വിയോജിപ്പ് പ്രകടിപ്പിച്ചു.

റീജണല്‍ ജോയിന്റ് ലേബര്‍ കമീഷണറും പ്ലാന്റേഷന്‍ ചീഫ് ഇന്‍സ്പെക്ടറുമായ നാരായണന്‍ നമ്പൂതിരി, ജില്ലാ ലേബര്‍ ഓഫീസര്‍ സിന്ധു, ഡെപ്യൂട്ടി ലേബര്‍ ഓഫീസര്‍ എ ബിന്ദു, അസി. ലേബര്‍ ഓഫീസര്‍ ടി കെ മനോജ്കുമാര്‍ എന്നിവരായിരുന്നു തൊഴില്‍വകുപ്പിനെ പ്രതിനിധീകരിച്ച് ചര്‍ച്ചയില്‍ പങ്കെടുത്തത്. സിഐടിയു നേതാക്കളായ എം എ രാജഗോപാല്‍, ആര്‍ പ്രദീപ്, ആര്‍ സുരേഷ്, എഐടിയുസി നേതാക്കളായ എച്ച് രാജീവന്‍, എച്ച് അബ്ദുല്‍ഖാദര്‍, കെ ജി ജോയി, നവമണി, ഐഎന്‍ടിയുസി നേതാക്കളായ മാമ്പഴത്തറ സലിം, സോമന്‍ എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്ത് അമ്പനാട് എസ്റ്റേറ്റിലെ പ്രശ്നങ്ങള്‍ തൊഴില്‍വകുപ്പ് ഉദ്യോഗസ്ഥരോട് വിശദീകരിച്ചത്.

അമ്പനാട് എസ്റ്റേറ്റില്‍ റബര്‍, തേയില എന്നിവയുടെ വരുമാനം കുറവാണെന്നും നഷ്ടത്തിലാണെന്നുമുള്ള മാനേജ്മെന്റ് വാദം തെറ്റാണെന്ന് തൊഴിലാളി യൂണിയന്‍ പ്രതിനിധികള്‍ വിശദമാക്കി. ഗ്രാമ്പൂ, കുരുമുകളക്, അടയ്ക്ക, തേങ്ങ എന്നിവയുടെ വിളവെടുപ്പിലൂടെ കോടിക്കണക്കിന് രൂപ മാനേജ്മെന്റിന് അധികവരുമാനമുണ്ട്. എന്നിട്ടും അഞ്ച് ഡിവിഷനുകളിലെ അറുനൂറോളം തൊഴിലാളി കുടുംബങ്ങള്‍ക്ക് ന്യായമായ ആനുകൂല്യങ്ങള്‍ നിഷേധിക്കുകയാണ്.

ഒരു വര്‍ഷമായി ചികിത്സാസഹായമില്ല, ആശിതര്‍ക്ക് ജോലിയില്ല, കരാര്‍വ്യവസ്ഥയില്‍ ചിലരെ എത്തിച്ച് തൊഴിലെടുപ്പിക്കുന്നു, 20 ശതമാനം ബോണസ് നല്‍കുന്നില്ല, ചികിത്സാസൗകര്യങ്ങളില്ല, ലയങ്ങള്‍ തകര്‍ന്നതാണ്, വൈദ്യുതിയും വെള്ളവും നല്‍കുന്നില്ല, പരസ്യമായ മനുഷ്യാവകാശലംഘനങ്ങളാണ് എസ്റ്റേറ്റില്‍ മാനേജ്മെന്റ് നടത്തുന്നതെന്നും തൊഴിലാളി യൂണിയന്‍ നേതാക്കള്‍ വ്യക്തമാക്കി. മുഖ്യമന്ത്രിയെയും തൊഴില്‍മന്ത്രിയേയും ലേബര്‍ കമീഷണറെയും വിവരങ്ങള്‍ ധരിപ്പിക്കുമെന്നും പ്രശ്നപരിഹാരത്തിന് മന്ത്രിതലത്തില്‍ ചര്‍ച്ച നടത്താന്‍ അഭ്യര്‍ഥിക്കുമെന്നും റിജണല്‍ ജോയിന്റ് ലേബര്‍ കമീഷണര്‍ നാരായണന്‍നമ്പൂതിരി ചര്‍ച്ചയില്‍ അറിയിച്ചു.

അടച്ചുപുട്ടിയ ഡിസ്പെന്‍സറി തുറക്കണമെന്ന് ലേബര്‍ കമീഷന്‍

പുനലൂര്‍ > അമ്പനാട് ടി ആര്‍ ആന്‍ഡ് ടീ എസ്റ്റേറ്റില്‍ മാനേജ്മെന്റ് അടച്ചുപൂട്ടിയ ഡിസ്പെന്‍സറി ഉടന്‍ തുറക്കാനും ആഴ്ചയില്‍ രണ്ടുദിവസം ഡോക്ടറുടെ സേവനം തൊഴിലാളികള്‍ക്ക് ലഭ്യമാക്കാനും പ്ലാന്റേഷന്‍ ചീഫ് ഇന്‍സ്പെക്ടറായ റീജണല്‍ ജോയിന്റ് ലേബര്‍ കമീഷണര്‍ നാരായണന്‍ നമ്പൂതിരി നിര്‍ദേശം നല്‍കി. എസ്റ്റേ് ലയങ്ങളില്‍ കുടിവെള്ളം എത്തിക്കന്‍ മാനേജ്മെന്റ് ഉടന്‍ നടപടിയെടുക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.പുനലൂര്‍ പിഡബ്ല്യുഡി റസ്റ്റ്ഹൗസില്‍ നടന്ന ചര്‍ച്ചയെതുടര്‍ന്നാണ് പ്ലാന്റേഷന്‍ ചീഫ് ഇന്‍സ്പെക്ടര്‍ നിര്‍ദേശം നല്‍കിയത.് ചര്‍ച്ചയില്‍ എസ്റ്റേറ്റ് മാനേജ്മെന്റ് പ്രതിനിധികള്‍ ആരും എത്തിയില്ല. പകരം ഒരു ഉദ്യോഗസ്ഥന്റെ പക്കല്‍ കത്ത് നല്‍കിവിടുകയായിരുന്നു. ഈ ഉദ്യോഗസ്ഥനോട് മാനേജ്മെന്റിനെ തന്റെ കര്‍ശനിര്‍ദേശങ്ങള്‍ അറിയിക്കാന്‍ പ്ലാന്റേഷന്‍ ചീഫ് ഇന്‍സ്പെക്ടര്‍ ചുമതലപ്പെടുത്തി. ഡിസ്പെന്‍സറി പ്രവര്‍ത്തനം ആരംഭിച്ചയുടന്‍ റിപ്പോര്‍ട്ട് നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

ദേശാഭിമാനി 190915

No comments:

Post a Comment