Tuesday, September 15, 2015

നവോഥാനപാരമ്പര്യം വര്‍ഗീയവാദികള്‍ക്ക് വിട്ടുകൊടുക്കരുത്: കാരാട്ട്

തിരുവനന്തപുരം > കേരളത്തിന്റെ മഹത്തായ നവോഥാനപാരമ്പര്യത്തെ വര്‍ഗീയശക്തികളുടെ രാഷ്ട്രീയലക്ഷ്യങ്ങള്‍ക്കായി വിട്ടുകൊടുക്കരുതെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് പറഞ്ഞു. എ കെ ജി പഠനഗവേഷണ കേന്ദ്രത്തിന്റെയും ഇ എം എസ് ലൈബ്രറിയുടെയും സംയുക്താഭിമുഖ്യത്തില്‍ എ കെ ജി ഹാളില്‍ നടന്ന വര്‍ഗീയവിരുദ്ധ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സവര്‍ണമേധാവിത്വത്തിനും ജാതിവിവേചനത്തിനും ജന്മിത്വചൂഷണത്തിനും ബ്രിട്ടീഷ് വാഴ്ചയ്ക്കുമെതിരെ പോരാടിയവരാണ് കേരളത്തിലെ അധ്വാനിക്കുന്ന ജനവിഭാഗം. വിവിധ സമുദായങ്ങളുടെ പരിഷ്കരണ- നവോഥാനപ്രസ്ഥാനങ്ങള്‍ ഉയര്‍ന്നുവന്ന നാടാണിത്. ഈ പോരാട്ടങ്ങളിലൂടെയാണ് തൊഴിലാളിവര്‍ഗപ്രസ്ഥാനം കേരളത്തില്‍ ശക്തിപ്പെട്ടത്. നവോഥാനത്തിന്റെയും സാമൂഹ്യപരിഷ്കരണത്തിന്റെയും ഉജ്വലപോരാട്ടങ്ങള്‍ക്ക് നേതൃത്വംനല്‍കിയ ശ്രീനാരായണഗുരുവിനെപ്പോലുള്ള നവോഥാന നായകരുടെ മഹത്തായ പാരമ്പര്യത്തെയാണ് ഇപ്പോള്‍ തട്ടിയെടുക്കാന്‍ ചിലര്‍ ശ്രമിക്കുന്നത്.

മതനിരപേക്ഷതയുടെയും ജനാധിപത്യത്തിന്റെയും മതസൗഹാര്‍ദത്തിന്റെയും പാരമ്പര്യത്തെ ഇവര്‍ തകര്‍ക്കുന്നു. കേരളത്തിന്റെ രാഷ്ട്രീയപാരമ്പര്യവും മതനിരപേക്ഷ അന്തരീക്ഷവും സംരക്ഷിക്കാന്‍ വര്‍ഗീയശക്തികളുടെ ഈ ശ്രമത്തെ ചെറുക്കണം. തൊഴിലാളിവര്‍ഗത്തിനും ഇടതുപക്ഷ ജനാധിപത്യ ശക്തികള്‍ക്കുമാണ് ഈ പാരമ്പര്യം സംരക്ഷിക്കേണ്ടതിന്റെ പ്രധാന ഉത്തരവാദിത്തം. ശ്രീനാരായണഗുരുവിന്റെ "ഒരു ജാതി ഒരു മതം ഒരു ദൈവം' എന്ന ആശയം ഒരിക്കലും ഹിന്ദുത്വ വര്‍ഗീയവാദികള്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിട്ടില്ല. മതത്തിന്റെ അടിസ്ഥാനത്തിലുള്ള ദേശീയവാദവും രാഷ്ട്രസങ്കല്‍പ്പവുമാണ് വര്‍ഗീയവാദികളെ നയിക്കുന്നത്. വര്‍ണാശ്രമധര്‍മവും സവര്‍ണാധിപത്യവുമാണ് ഭൂരിപക്ഷവര്‍ഗീയത ഉയര്‍ത്തിപ്പിടിക്കുന്നത്.

ശ്രീനാരായണഗുരു ഒരിക്കലും ഇതിനെ അംഗീകരിച്ചിരുന്നില്ല. ശ്രീനാരായണ ആശയങ്ങള്‍ ഉള്‍ക്കൊള്ളാന്‍ ഹിന്ദുത്വ വര്‍ഗീയശക്തികള്‍ക്കും കഴിഞ്ഞിട്ടില്ല. രാഷ്ട്രീയനേട്ടങ്ങള്‍ക്കായി ശ്രീനാരായണഗുരുവിനെയും അംബേദ്കറെയും തങ്ങളുടെ താല്‍പ്പര്യത്തിനുസരിച്ച് രൂപപ്പെടുത്തിയെടുക്കാനാണ് ഹിന്ദുത്വശക്തികളുടെ ശ്രമം. മതനിരപേക്ഷത ഒരിക്കലും മതവിരുദ്ധമല്ല. മതം രാഷ്ട്രീയത്തിലും രാഷ്ട്രത്തിലും ഇടപെടരുതെന്നാണ് മതനിരപേക്ഷത കൊണ്ട് ഉദ്ദേശിക്കുന്നത്. ഇന്ത്യന്‍ ഭരണഘടനയും അതാണ് വിഭാവനം ചെയ്യുന്നത്. ബിജെപി അധികാരത്തിലെത്തിയതോടെ ഇത് തകര്‍ക്കാന്‍ തുടങ്ങി.

ഭരണത്തിന്റെ സുപ്രധാന മേഖലകളിലെല്ലാം ആര്‍എസ്എസ് നേരിട്ട് ഇടപെടുകയാണ്. ആര്‍എസ്എസ്-ബിജെപി ബന്ധത്തെ രാഷ്ട്രീയനിരീക്ഷകര്‍ ശരിക്ക് മനസ്സിലാക്കിയിട്ടില്ല. ആര്‍എസ്എസിന്റെ സമന്വയ് ബൈഠകില്‍ പ്രധാനമന്ത്രിയടക്കമുള്ള മന്ത്രിമാരെയും ബിജെപിയുടെ എല്ലാ പോഷകസംഘടനകളുടെ നേതാക്കളെയും വിളിച്ചുവരുത്തി. കേന്ദ്രമന്ത്രിമാര്‍ അവിടെപ്പോയി സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് റിപ്പോര്‍ട്ട് വച്ചു. ആര്‍എസ്എസ് നിര്‍ദേശപ്രകാരം വിദ്യാഭ്യാസ, സാംസ്കാരികമേഖലയാകെ ഉടച്ചുവാര്‍ക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍- പ്രകാശ് കാരാട്ട് പറഞ്ഞു.

അടിച്ചേല്‍പ്പിക്കുന്നത് ആര്‍എസ്എസിന്റെ പ്രത്യയശാസ്ത്രം: ബിനോയ് വിശ്വം

തിരുവനന്തപുരം> കേന്ദ്രഭരണം ഉപയോഗിച്ച് സമസ്ത മേഖലകളിലും ആര്‍എസ്എസിന്റെ പ്രത്യയശാസ്ത്രം അടിച്ചേല്‍പ്പിക്കുകയാണെന്ന് സിപിഐ ദേശീയ കൗണ്‍സില്‍ അംഗം ബിനോയ് വിശ്വം പറഞ്ഞു. പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലും ചരിത്ര ഗവേഷണ കൗണ്‍സിലിലും എന്‍സിഇആര്‍ടിയിലമെല്ലാം സംഘപരിവാര്‍ അജണ്ടയാണ് നടപ്പാക്കുന്നത്. ആര്‍എസ്എസിന്റെ പ്രത്യയശാസ്ത്രമാണ് ഹിന്ദുത്വ എന്നറിയപ്പെടുന്നത്. ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന് ഹിന്ദുമതവുമായി യാതൊരു ബന്ധവുമില്ല. ഹിന്ദുമതത്തെ രാഷ്ട്രത്തിന്റെ മതമായി സംഘപരിവാര്‍ അവതരിപ്പിക്കുകയാണ്. അവിടെയാണ് പ്രശ്നങ്ങളുടെ തുടക്കം. രാഷ്ട്രത്തിന്റെ മതവും ഭാഷയും സംസ്കാരവും അംഗീകരിച്ച് ജീവിച്ചാല്‍ നിങ്ങള്‍ക്ക് ഇവിടെ പൗരന്‍മാരായി കഴിയാമെന്നാണ് സംഘപരിവാര്‍ പറയുന്നത്.രാഷ്ട്രത്തിന്റെ മതത്തെ അംഗീകരിക്കുക എന്ന് പറഞ്ഞാല്‍ ചാതുര്‍വര്‍ണ്യത്തെ, ബ്രാഹ്മണ്യത്തെ അംഗീകരിക്കുക എന്നതുകൂടിയാണ്. ഞാന്‍ ചായക്കച്ചവക്കാരാനാണെന്ന് ആവര്‍ത്തിച്ചു പറയുന്ന മോദി വന്‍കിട കോര്‍പറേറ്റുകളെയാണ് സഹായിക്കുന്നത്.


മതേതരത്വം സംരക്ഷിക്കാന്‍ കൂട്ടായ ചെറുത്തുനില്‍പ്പുവേണം: എം എ സിദ്ദിഖ്

തിരുവനന്തപുരം > മതേതരത്വം സംരക്ഷിക്കാന്‍ കൂട്ടായ ചെറുത്തുനില്‍പ്പ് ആവശ്യമാണെന്ന് ഡോ. എം എ സിദ്ദിഖ് പറഞ്ഞു. വര്‍ഗീയചേരിതിരിവുകള്‍ സൃഷ്ടിച്ച് സ്ഥാപിത താല്‍പ്പര്യങ്ങള്‍ക്കായുള്ള ശ്രമങ്ങളെ തിരിച്ചറിയണം. മുസ്ലിങ്ങളെയും ക്രിസ്ത്യാനികളെയും കമ്യൂണിസ്റ്റുകാരെയും ശത്രുക്കളായാണ് ആര്‍എസ്എസിന്റെ താത്വിക കൃതി വിചാരധാര പ്രഖ്യാപിക്കുന്നത്. സ്ത്രീകള്‍ക്കും കുഞ്ഞുങ്ങള്‍ക്കും അധ്വാനിക്കുന്ന തൊഴിലാളികള്‍ക്കും ഇടമില്ലാത്ത ആശയധാരയാണ് വിചാരധാരയുടേത്. മോഡി ശിവഗിരിയില്‍വന്ന് ഇവിടെയുള്ളവരെ സഹോദരീ സഹോദരന്മാരേ എന്ന് അഭിസംബോധനചെയ്തപ്പോള്‍, ഗുജറാത്ത് കലാപകാലത്ത് അഭയംതേടി മുന്നിലെത്തിയവരെ നിങ്ങള്‍ എന്തുകൊണ്ട് സഹോദരീ സഹോദരന്മാരേ എന്ന് വിളിച്ചില്ലെന്ന് നമ്മള്‍ ചോദിക്കണമായിരുന്നു. മുസ്ലിങ്ങള്‍ നിലവിളക്ക് കൊളുത്തിക്കൂടെന്നും അത് ഹിന്ദു ആചാരങ്ങളുടെ പ്രതീകമാണെന്നുമാണ് പ്രചാരണം. ലോഹശാലയില്‍ പണിയെടുക്കുന്ന തൊഴിലാളികളാണ് നിലവിളക്ക് സൃഷ്ടിച്ചത്. വര്‍ഗീയചേരിതിരിവുകള്‍ സൃഷ്ടിച്ച് മുതലെടുക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ കരുതിയിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഗുരുവിനെ ഹിന്ദു സന്യാസിയാക്കുന്നത് അപമാനകരം: സ്വാമി സന്ദീപാനന്ദഗിരി

തിരുവനന്തപുരം > നാരായണഗുരുവിനെ ഹിന്ദു സന്യാസിയാക്കി ചിത്രീകരിക്കുന്നതില്‍പരം അപമാനമില്ലെന്ന് സ്കൂള്‍ ഓഫ് ഭഗവദ്ഗീത സ്ഥാപകന്‍ സ്വാമി സന്ദീപാനന്ദഗിരി പറഞ്ഞു. ഗുരുവിനെ ഹിന്ദു സന്യാസിയായി ചുരുക്കുന്നത് സൂര്യനെ മിന്നാമിനുങ്ങാക്കുന്നതിന് തുല്യമാണ്. വര്‍ഗീയവാദികളുടെ ഏറ്റവും വലിയ ശത്രുക്കള്‍ നാരായണഗുരുവും ഭഗവദ്ഗീതയും വിവേകാനന്ദനുമൊക്കെയാണ്. ഭാരതത്തിന്റെ ആധ്യാത്മികതയെക്കുറിച്ച് വിവരമുണ്ടായിരുന്നെങ്കില്‍ ഇക്കൂട്ടര്‍ എന്നെ പേപ്പട്ടിയേപ്പോലെ തല്ലില്ലായിരുന്നു. തുഞ്ചന്‍പറമ്പില്‍ സംസാരിക്കുമ്പോഴാണ് മൈക്ക് സ്റ്റാന്‍ഡെടുത്ത് അടിച്ചത്. ഗുരു ജീവിച്ചിരുന്നെങ്കില്‍ അദ്ദേഹത്തെ ഇവര്‍ എന്നേ തല്ലിക്കൊന്നേനെ. സ്വന്തം അമ്മയെ തള്ളേ എന്ന് വിളിച്ചിട്ട് ആശ്രമത്തില്‍പോയി അമ്മേ എന്ന് വിളിക്കുകയല്ല വേണ്ടത് എന്ന് പറഞ്ഞപ്പോഴും ആക്രമിച്ചു. കോടികള്‍ സംഭാവന ചെയ്യുന്നതല്ല ആശ്രമ, മഠാധിപതികളുടെ ധര്‍മം. പറയുന്ന കാര്യങ്ങള്‍ ജീവിതത്തില്‍ പ്രായോഗികമായി നടപ്പാക്കാനാണ് ശ്രമിക്കേണ്ടത്. അക്ഷര വിരോധികളാണ് വര്‍ഗീയവാദികള്‍. അമര്‍ചിത്രകഥയാണ് മഹാഭാരതം എന്നാണ് ഇക്കൂട്ടര്‍ കരുതുന്നത്. ഗോഡ്സെയുടെ ഗീതയാണ് ഇക്കൂട്ടരുടെ ഗീതയെന്നും അദ്ദേഹം പറഞ്ഞു.

deshabhimani 150915

No comments:

Post a Comment