Monday, September 21, 2015

അമ്പനാട് എസ്റ്റേറ്റ് തൊഴിലാളികളുടെ ആംബുലന്‍സ്

തെന്മല > അസുഖം വന്നാലോ അത്യാഹിതങ്ങള്‍ സംഭവിച്ചാലോ അമ്പനാട് ടി ആര്‍ ആന്‍ഡ് ടി എസ്റ്റേറ്റിലെ തൊഴിലാളികളെ ആശുപത്രിയില്‍ എത്തിക്കുന്നത് ട്രാക്ടറില്‍. തുരുമ്പിച്ചു കാലപ്പഴക്കം ചെന്ന ട്രാക്ടറില്‍ രോഗബാധിതരെയും പരിക്കേറ്റവരെയും കൊണ്ടുപോകുമ്പോഴേക്കും സ്ഥിതി ഗുരുതരമാകും. ആളുകള്‍ക്കു കയറാന്‍പോലും പ്രയാസമുള്ളതാണ് ട്രാക്ടര്‍. എസ്റ്റേറ്റിലെ ഡിസ്പെന്‍സറി വരെ മാത്രമേ യാത്രയ്ക്ക് ഇതില്‍ അനുമതിയുള്ളൂ. ആംബുലന്‍സ് സൗകര്യം ലഭ്യമാക്കണമെന്ന് തൊഴിലാളികള്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുമ്പോള്‍ ഇവരെയൊക്കെ വേണമെങ്കില്‍ ട്രാക്ടറില്‍ കൊണ്ടുപോയാല്‍ മതിയെന്നാണ് ഉദ്യോഗസ്ഥരുടെ അധിക്ഷേപം. എന്നാല്‍, ഉദ്യോഗസ്ഥര്‍ക്ക് യാത്രയ്ക്ക് ആഡംബരവാഹനങ്ങളുണ്ട്. ഇവരെ തിരുവനന്തപുരത്തെ ആശുപത്രികളില്‍ വരെ എത്തിച്ച് വിദഗ്ധ ചികിത്സ ലഭ്യമാക്കാന്‍ ഈ ആഡംബരവാഹനങ്ങള്‍ ഉപയോഗിക്കുന്നു.

തൊഴിലാളികള്‍ക്ക് ആംബുലന്‍സിനെന്ന പേരില്‍ വാങ്ങിയ വാന്‍ ഇപ്പോള്‍ എസ്റ്റേറ്റ് ഓഫീസ് ആവശ്യത്തിനാണ് ഉപയോഗിക്കുന്നത്. ഇത്തരത്തില്‍ നിരവധി വാഹനങ്ങള്‍ ഉള്ളപ്പോഴാണ് തൊഴിലാളികള്‍ക്ക് ട്രാക്ടര്‍ ആംബുലന്‍സായി ഉപയോഗിക്കുന്നത്.

ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചു

തെന്മല > അമ്പനാട് എസ്റ്റേറ്റില്‍ കൊല്ലം ആര്‍ഡിഒയുടെ നേതൃത്വത്തില്‍ റെവന്യൂസംഘവും ജില്ലാ ലേബര്‍ ഓഫീസര്‍ ഉള്‍പ്പെട്ട ഉദ്യോഗസ്ഥരും സന്ദര്‍ശനം നടത്തി. തൊഴിലാളി യൂണിയന്‍ പ്രതിനിധകളുമായും ഇവര്‍ ചര്‍ച്ച നടത്തി. ആര്‍ഡിഒ സി സജീവ്, ജില്ലാ ലേബര്‍ ഓഫീസര്‍ സിന്ധു, പുനലൂര്‍ തഹസില്‍ദാര്‍ ബി ശശികുമാര്‍, അഡീഷണല്‍ തഹസില്‍ദാര്‍ ബീനാറാണി, ഡെപ്യൂട്ടി തഹസില്‍ദാര്‍ പത്മചന്ദ്രക്കുറുപ്പ് എന്നിവരാണ് എസ്റ്റേറ്റിലെ നിരാഹാരസമര കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിയത്.

തോട്ടംതൊഴിലാളികള്‍ നടത്തിവരുന്ന സമരത്തിനാധാരമായ വിഷയങ്ങള്‍ എസ്റ്റേറ്റ് ഹൗസില്‍ നടന്ന ചര്‍ച്ചയില്‍ ട്രേഡ്യൂണിയന്‍ നേതാക്കള്‍ ആര്‍ഡിഒയോട് വിശദീകരിച്ചു. സിഐടിയു നേതാക്കളായ എം എ രാജഗോപാല്‍, അഡ്വ. പി ലാലാജിബാബു, ആര്‍ പ്രദീപ്, ആര്‍ സുരേഷ്, സി ചന്ദ്രന്‍, എഐടിയുസി നേതാക്കളായ എച്ച് അബ്ദുല്‍ഖാദര്‍, കെ ജി ജോയി, എസ് നവമണി, ഐഎന്‍ടിയുസി നേതാവ് തോമസ് മൈക്കിള്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

ചികിത്സാസഹായം ലഭിക്കാതെ മരിച്ച തോട്ടംതൊഴിലാളി ചിന്നത്തയയുടെ കുടുംബത്തിന് നഷ്ടപരിഹാരമായി സര്‍ക്കാര്‍ സാമ്പത്തികസഹായം അനുവദിക്കണമെന്ന് ട്രേഡ്യൂണിയന്‍ നേതാക്കള്‍ ആവശ്യപ്പെട്ടു. കലക്ടറെയും മുഖ്യമന്ത്രിയെയും ഇതുസംബന്ധിച്ച് വിവരം അറിയിക്കുമെന്ന് ആര്‍ഡിഒ സി സജീവ് പറഞ്ഞു. ഡിസ്പെന്‍സറി അടച്ചുപൂട്ടുകയും ചികിത്സാ ആനുകൂല്യങ്ങള്‍ ഉള്‍പ്പെടെ നിഷേധിക്കുകയും ചെയ്ത എസ്റ്റേറ്റ് മാനേജ്മെന്റിനെതിരെ കേസെടുക്കണമെന്നും ട്രേഡ്യൂണിയന്‍ നേതാക്കള്‍ ആവശ്യപ്പെട്ടു.

അമ്പനാട് സമരം: ചര്‍ച്ച 22ന്

തെന്മല > അമ്പനാട് എസ്റ്റേറ്റിലെ സമരവുമായി ബന്ധപ്പെട്ട് ലേബര്‍ കമീഷണറുടെ നേതൃത്വത്തില്‍ 22നു തിരുവനന്തപുരത്ത് ചര്‍ച്ച നടക്കുമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ സിന്ധു അറിയിച്ചു.

തൊഴിലാളിസമരം ബഹുജന പ്രക്ഷോഭമാകും: കെ രാജഗോപാല്‍

തെന്മല > അമ്പനാട് ടി ആര്‍ ആന്‍ഡ് ടീ എസ്റ്റേറ്റില്‍ നടക്കുന്ന തൊഴിലാളിസമരത്തിന് പരിഹാരം കാണാന്‍ സര്‍ക്കാരും മാനേജ്മെന്റും തയ്യാറായില്ലെങ്കില്‍ ബഹുജന പ്രക്ഷോഭമായി ഈ സമരം മാറുമെന്ന് സിപിഐ എം സംസ്ഥാനകമ്മിറ്റി അംഗം കെ രാജഗോപാല്‍ പറഞ്ഞു. എസ്റ്റേറ്റില്‍ താമസത്തിനും ചികിത്സയ്ക്കും അടിസ്ഥാനസൗകര്യങ്ങള്‍പോലും ഒരുക്കിനല്‍കാതെ തോട്ടം മാനേജ്മെന്റ് തൊഴിലാളി കുടുംബങ്ങളോട് കാട്ടുന്നത് മനുഷ്യാവകാശ ലംഘനമാണ്. അര്‍ഹമായ ആനുകൂല്യങ്ങള്‍ തൊഴിലാളികള്‍ക്ക് നല്‍കാനും മാനേജ്മെന്റ് തയ്യാറാകണമെന്നും കെ രാജഗോപാല്‍ പറഞ്ഞു.

അമ്പനാട് എസ്റ്റേറ്റ് അറണ്ടല്‍ തേയില ഫാക്ടറിക്ക് സമീപത്തെ ഓഫീസിന് മുന്നില്‍ നാലുദിവസമായി നിരാഹാരസമരം അനുഷ്ഠിക്കുന്ന അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ്കമ്മിറ്റി അധ്യക്ഷന്‍ ബിജുലാല്‍ പാലസ്, ആര്യങ്കാവ് പഞ്ചായത്ത് അംഗം ജൂലിയറ്റ് മേരി, നിരാഹാരമനുഷ്ഠിക്കുന്ന ജനപ്രതിനിധികള്‍ക്ക് ഐക്യദാര്‍ഢ്യമേകുന്ന തൊഴിലാളികള്‍ എന്നിവരെ കെ രാജഗോപാല്‍ അഭിവാദ്യം ചെയ്തു. മിനിമം കൂലിക്കുവേണ്ടി 115 ദിവസം സമരം നടത്തി ആനുകൂല്യങ്ങള്‍ നേടിയെടുത്ത പാരമ്പര്യമുള്ള തൊഴിലാളികളാണ് അമ്പനാട് തേയിലതോട്ടത്തില്‍ പണിയെടുക്കുന്നവരെന്നും സമരം കൂടുതല്‍ ശക്തമാക്കാന്‍ തൊഴിലാളികള്‍ക്ക് മടിയില്ലെന്ന് മാനേജ്മെന്റ് തിരിച്ചറിയണമെന്നും പ്ലാന്റേഷന്‍ വര്‍ക്കേഴ്സ് യൂണിയന്‍ (സിഐടിയു) ജില്ലാ ജനറല്‍സെക്രട്ടറി എസ് ജയമോഹന്‍ പറഞ്ഞു. 22ന് തിരുവനന്തപുരത്ത് നടക്കുന്ന ചര്‍ച്ചയിലൂടെ പരിഹാരം കണ്ടില്ലെങ്കില്‍ സമരം മറ്റ് ദിശയിലേക്ക് തിരിയുമെന്നും ജില്ലയിലെ ഗവണ്‍മെന്റ് പ്ലാന്റേഷനുകളിലും മറ്റ് തോട്ടങ്ങളിലും സമരം വ്യാപിപ്പിക്കുമെന്നും എസ് ജയമോഹന്‍ പറഞ്ഞു. സിഐടിയു, എഐടിയുസി നേതാക്കളായ പി എസ് സുപാല്‍, ആര്‍ പ്രദീപ്, ആര്‍ സുരേഷ്, സി ചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

പുതു ചരിത്രമെഴുതാന്‍ തോട്ടം തൊഴിലാളി സമരം

ഏലപ്പാറ > തോട്ടം തൊഴിലാളി സമര പോരാട്ടത്തില്‍ പുതിയ ചരിത്രം കുറിക്കാന്‍ എച്ച്ഇഇഎ (സിഐടിയു) നേതൃത്വത്തിലുള്ള വഴിതടയല്‍ സമരം. പട്ടിണിയും രോഗവും മൂലം തൊഴിലാളികളുടെ ജീവിതം നരകമാക്കിയ മാനേജ്മെന്റ് നടപടിയില്‍ പ്രതിഷേധിച്ചാണ് ഒക്ടോബര്‍ രണ്ടിന് സമരം നടത്തുന്നത്. തോട്ടം ഉടമയും സര്‍ക്കാരും ഒത്തുകളിച്ച് തൊഴിലാളികളെ ദ്രോഹിക്കുകയാണ്. തൊഴിലാളികളുടെ അവസ്ഥകള്‍ കാണാത്ത ഭരണാനുകൂല ട്രേഡ് യൂണിയനുകള്‍ക്കെതിരെയും രോഷം കനക്കുകയാണ്. വഴിതടയല്‍ സമരം വിജയിപ്പിക്കാന്‍ ദ്രുതഗതിയിലുള്ള സംഘടനാപ്രവര്‍ത്തനങ്ങളാണ് തോട്ടം മേഖലയില്‍ എച്ച്ഇഇ നേതൃത്വത്തില്‍ സംഘടിപ്പിച്ച് വരുന്നത്. ഞായറാഴ്ച യൂണിയന്റെ മാനേജിംങ് കമ്മിറ്റിയോഗം ചേര്‍ന്ന് ഡിവിഷന്‍ ജനറല്‍ ബോഡികള്‍ നടത്താന്‍ തീരുമാനിച്ചു. തുടര്‍ന്നുള്ള തൊഴിലാളി കുടുംബയോഗങ്ങളും പ്ലാന്‍ ചെയ്തു. എച്ച്ഇഇ ജനറല്‍ സെക്രട്ടറി കെ ടി ബിനു, പ്രസിഡന്റ് ആന്റപ്പന്‍ എന്‍ ജേക്കബ് എന്നിവര്‍ക്ക് പുറമെ യൂണിയന്‍ സെക്രട്ടറിമാര്‍ മറ്റ് ഉപഭാരവാഹികളും ഡിവിഷന്‍ ജനറല്‍ ബോഡികളില്‍ പങ്കെടുത്തുവരുന്നു.

മന്ത്രിയുടെ നിലപാട് തോട്ടം ഉടമകളെ സഹായിക്കല്‍: കെ കെ ജയചന്ദ്രന്‍

നെടുങ്കണ്ടം > തോട്ടം തൊഴിലാളികളുടെ ശമ്പളം സംബന്ധിച്ച് 26ന് പിഎല്‍സി യോഗം ചര്‍ച്ച ചെയ്യാനിരിക്കെ 500 രൂപയായി ശമ്പളം വര്‍ധിപ്പിക്കാന്‍ കഴിയില്ലെന്ന മന്ത്രി ഷിബു ബേബി ജോണിന്റെ അഭിപ്രായം തോട്ടമുടമകളെ സഹായിക്കാനാണെന്ന് പ്ലാന്റേഷന്‍ ലേബര്‍ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് കെ കെ ജയചന്ദ്രന്‍ എംഎല്‍എ പറഞ്ഞു. മലനാട് പ്ലാന്റേഷന്‍ എംപ്ലോയീസ് യൂണിയന്‍ (സിഐടിയു)ജനറല്‍ കൗണ്‍സില്‍ യോഗം വണ്ടന്‍മേട്ടില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം.

യുപിഎ സര്‍ക്കാര്‍ തുടര്‍ന്നുവന്ന തൊഴിലാളിവിരുദ്ധ നയങ്ങള്‍ക്കെതിരെ ഉയര്‍ന്ന യോജിച്ച സമരത്തിനൊപ്പം നിന്ന ബിഎംഎസ് ആര്‍എസ്എസിന്റെ സമ്മര്‍ദ്ദത്തിനു വഴങ്ങി സമരമുഖത്തുനിന്നും പിന്‍മാറി. എന്നാലും സെപ്തംബര്‍ രണ്ടിന്റെ പണിമുടക്കില്‍ ലക്ഷകണക്കിന് തൊഴിലാളികളാണ് അണിനിരന്നത്. യുപിഎ സര്‍ക്കാരിനേക്കാള്‍ കടുത്ത കോര്‍പ്പറേറ്റ് പ്രീണനമാണ് എന്‍ഡിഎ സര്‍ക്കാര്‍ തുടരുന്നത്. തൊഴിലാളിവര്‍ഗം നാളിതുവരെ നേടിയ അവകാശങ്ങല്‍ കവര്‍ന്നെടുക്കാനുള്ള നീക്കത്തെ യോജിച്ച പോരാട്ടത്തിലൂടെ പ്രതിരോധിക്കാനാവണം. തോട്ടം തൊഴിലാളികളുടെ ശമ്പളക്കരാര്‍ പുതുക്കാന്‍ സര്‍ക്കാരും തോട്ടമുടമളും കൂട്ടാക്കുന്നില്ലങ്കെില്‍ സമരം ശക്തമാക്കുമെന്നും ജയചന്ദ്രന്‍ പറഞ്ഞു. യൂണിയന്‍ പ്രസിഡന്റ് ടി എസ് ബിസി അധ്യക്ഷനായി. യൂണിയന്‍ ജനറല്‍ സെക്രട്ടറി കെ എസ് മോഹനന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും കണക്കും അവതരിപ്പിച്ചു. ബിനു രക്തസാക്ഷി പ്രമേയവും സിനി അനുശോചന പ്രമേയവും അവതരിപ്പിച്ചു.ഭഭാരവാഹികളായ കെ ആര്‍ സോദരന്‍, പി സി തങ്കന്‍, കെ എസ് വിജയന്‍, വി ധര്‍മ്മരാജന്‍, പി എസ് ഉദയന്‍, എം എ സിറാജുദ്ദീന്‍, എം നാഗയ്യ, ആര്‍ ശശിധരന്‍, എസ് എസ് പാല്‍രാജ് എന്നിവര്‍ സംസാരിച്ചു. സിബി എബ്രഹാം സ്വാഗതം പറഞ്ഞു.

deshabhimani 210915

No comments:

Post a Comment