Tuesday, September 15, 2015

സാമ്രാജ്യത്വത്തെ ഞെട്ടിച്ച ഗര്‍ജനത്തിന് 75 വയസ്സ്

കണ്ണൂര്‍ > എതിരാളികള്‍ക്ക് അപ്രതീക്ഷിതവും അവിശ്വസനീയവുമായിരുന്നു ആ ചെറുത്തുനില്‍പ്പ്. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ മുഖത്തുനോക്കി കൊച്ചു കേരളം ഗര്‍ജിച്ചു- "കടക്കൂ പുറത്ത്'. സാക്ഷാല്‍ മഹാത്മാഗാന്ധി നയിച്ച "ക്വിറ്റ് ഇന്ത്യ' പ്രക്ഷോഭത്തിനും രണ്ടു വര്‍ഷം മുമ്പ്, 1940 സെപ്തംബര്‍ 15ന് മലബാറിലെയടക്കം പതിനായിരക്കണക്കിന് കൃഷിക്കാരും തൊഴിലാളികളും ബ്രിട്ടീഷ് മര്‍ദനവാഴ്ചയെ വെല്ലുവിളിച്ച് തെരുവിലിറങ്ങുകയായിരുന്നു. കേരളത്തിന്റെ ചരിത്രഗതിയെ മാറ്റിമറിച്ച ഐതിഹാസിക പോരാട്ടത്തിന് ചൊവ്വാഴ്ച 75 വയസ്. 1940 സെപ്തംബര്‍ 15ന് സാമ്രാജ്യത്വവിരുദ്ധ- മര്‍ദ്ദനപ്രതിഷേധ ദിനമായി ആചരിക്കാന്‍ ആഹ്വാനം ചെയ്തത് അന്നത്തെ ഇടതുപക്ഷ കെപിസിസിയാണ്.

കേരളത്തിലെ ദേശീയ സ്വാതന്ത്ര്യ പ്രസ്ഥാനം വെറും ഞായറാഴ്ച കോണ്‍ഗ്രസില്‍നിന്നു മാറി കൃഷിക്കാരും തൊഴിലാളികളും മറ്റ് അധ്വാനിക്കുന്ന ജനവിഭാഗങ്ങളും അണിനിരന്ന ജനകീയ പ്രസ്ഥാനമായി മാറിയ കാലഘട്ടം. കോണ്‍ഗ്രസിലെ ഉല്‍പതിഷ്ണു വിഭാഗം രൂപംകൊടുത്ത കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ടി "39 ഡിസംബറോടെ കമ്യൂണിസ്റ്റ് പാര്‍ടിയായി മാറിക്കഴിഞ്ഞിരുന്നു. പ്രത്യക്ഷത്തില്‍ സ്വാതന്ത്ര്യ പ്രക്ഷോഭത്തെ നയിക്കുന്നത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസാണെങ്കിലും അതിനു ദിശാബോധം നല്‍കുന്നതില്‍ കമ്യൂണിസ്റ്റ് പാര്‍ടി നേതൃത്വത്തിന് നിര്‍ണായക പങ്ക് കൈവന്ന അസുലഭ സന്ദര്‍ഭം. സവിശേഷമായ ഈ രാഷ്ട്രീയകാലാവസ്ഥയ്ക്ക് ഉണര്‍വും ഊര്‍ജവും പകരുന്നതായി കെപിസിസി ആഹ്വാനം. പ്രതിഷേധ ദിനാചരണം വിജയിപ്പിക്കാന്‍ ജനങ്ങള്‍ ആവേശപൂര്‍വം രംഗത്തുവന്നു.

മദിരാശി പ്രവിശ്യയുടെ ഭാഗമായ മലബാറില്‍ മാത്രം നാല്‍പ്പതിലേറെ കേന്ദ്രങ്ങളില്‍ കോളനിവാഴ്ചക്കും അതിന്റെ തണലില്‍ നടമാടുന്ന ജന്മി-നാടുവാഴിത്ത കുടിലതകള്‍ക്കുമെതിരെ ജനരോഷം കത്തിപ്പടര്‍ന്നു. തലശേരി ജവഹര്‍ഘട്ടില്‍ രണ്ട് കമ്യൂണിസ്റ്റ് പോരാളികള്‍ക്ക്- അബുവും ചാത്തുക്കുട്ടിയും- ജീവന്‍ ബലിയര്‍പ്പിക്കേണ്ടിവന്നു. കേരളത്തിലെ ആദ്യ കമ്യൂണിസ്റ്റ് രക്തസാക്ഷിത്വം. മോറാഴ അഞ്ചാംപീടികയിലും മട്ടന്നൂരിലും ജനങ്ങളുടെ അഭൂതപൂര്‍വ ചെറുത്തുനില്‍പ്പില്‍ മര്‍ദകവീരനായ വളപട്ടണം എസ്ഐ കുട്ടികൃഷ്ണമേനോന്‍ ഉള്‍പ്പെടെ മൂന്നു പൊലീസുകാര്‍ക്ക് ജീവന്‍ നഷ്ടമായി. തികച്ചും ആകസ്മികമെങ്കിലും ബ്രിട്ടീഷ് അധികാരികളെ ഈ സംഭവങ്ങള്‍ എത്രത്തോളം ഞെട്ടിച്ചുവെന്ന് തുടര്‍ന്നുണ്ടായ അതിഭീകരമായ പൊലീസ് തേര്‍വാഴ്ച തെളിയിക്കുന്നു. അവിടം കൊണ്ടും അവസാനിച്ചില്ല.

മോറാഴ കേസില്‍ കെ പി ആര്‍ ഗോപാലനടക്കം രണ്ടുപേര്‍ക്ക് ഏഴുവര്‍ഷവും മറ്റുള്ളവര്‍ക്ക് അതില്‍ കുറഞ്ഞ കാലത്തേക്കും തടവാണ് തലശേരി സെഷന്‍സ് കോടതി വിധിച്ചത്. അതിനെതിരെ ബ്രിട്ടീഷ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയാണ് കെ പി ആറിന് വധശിക്ഷ വാങ്ങിക്കൊടുത്തത്. മറ്റ് ഏഴുപേരെ ജീവപര്യന്തം തടവിനും ശിക്ഷിച്ചു. ഇത്തരം ചെറുത്തുനില്‍പ്പുകളെ തുടക്കത്തിലേ അമര്‍ച്ച ചെയ്യാനുദ്ദേശിച്ച് ജനങ്ങള്‍ക്കുള്ള മുന്നറിയിപ്പായിരുന്നു ഇത്. എന്നാല്‍, ഇത്തരം ഉമ്മാക്കികളൊന്നും ജനങ്ങളുടെ സംഘടിത ശക്തിക്കുമുന്നില്‍ വിലപ്പോയില്ല. കെ പി ആറിനെ വിട്ടയക്കാനായി ഗാന്ധിജിയും നെഹ്റുവും അടക്കമുള്ള സമുന്നത നേതാക്കള്‍പോലും ഇടപെട്ടത് ചരിത്രം. കയ്യൂരും കരിവെള്ളൂരും കാവുമ്പായിയും മുനയന്‍കുന്നും ഒഞ്ചിയവും മുതല്‍ പുന്നപ്ര- വയലാര്‍ വരെയുള്ള ഐതിഹാസിക പോരാട്ടങ്ങള്‍ക്ക് പ്രചോദനവും സെപ്തംബര്‍ 15 ചെറുത്തുനില്‍പ്പാണ്. എല്ലാ അര്‍ഥത്തിലും കേരളത്തെ ചുവപ്പിക്കുന്നതിന് അടിത്തറപാകിയ, വിപ്ലവപ്രസ്ഥാനത്തിന്റെ ചരിത്രത്തില്‍ എക്കാലവും ത്രസിച്ചു നില്‍ക്കുന്ന അധ്യായം.

കെ ടി ശശി

No comments:

Post a Comment