Sunday, September 20, 2015

കല്ലേലി എസ്റ്റേറ്റില്‍ ഇനി ശമ്പളം 17ന്

കോന്നി > കല്ലേലി ഹാരിസണ്‍ എസ്റ്റേറ്റില്‍ നാല് മാസമായി ശമ്പളം വൈകിപ്പിക്കുന്നതിനെതിരെ തൊഴിലാളികള്‍ നടത്തിയ സമരം വിജയം കണ്ടു. പ്ലാന്റേഷന്‍ വര്‍ക്കേഴ്സ് യൂണിയനും (സിഐടിയു), ഐഎന്‍ടിയുസിയിലെ ഒരു വിഭാഗവുമാണ് സമര രംഗത്തുണ്ടായിരുന്നത്. ജില്ലാ ലേബര്‍ ഓഫീസറുടെ സാന്നിധ്യത്തില്‍ മാനേജ്മെന്റും യൂണിയന്‍ പ്രതിനിധികളും നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് സമരം അവസാനിപ്പിച്ചു.ഒത്തുതീര്‍പ്പനുസരിച്ച് ഇനി മുതല്‍ എല്ലാ മാസവും 17ന് ശമ്പളം നല്‍കും. സെപ്തംബര്‍ മാസത്തെ ശമ്പളം 20ന് വിതരണം ചെയ്യാനും തീരുമാനമായി. മുമ്പ് എല്ലാ മാസവും 17ന് ശമ്പളം ലഭിക്കുമായിരുന്നു. എന്നാല്‍, നാല് മാസമായി 24നും 25നുമാണ് ശമ്പളം നല്‍കുന്നത്. ഇതിനെതിരെ വ്യാഴാഴ്ച മുതലാണ് തൊഴിലാളികള്‍ സമരം ആരംഭിച്ചത്. ശമ്പളം വൈകിയതിനെതിരെ എസ്റ്റേറ്റ് ഓഫീസ് ഉപരോധിക്കുകയും 17ന് നല്‍കാമെന്ന് മാനേജ്മെന്റ് ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു.17ന് ശമ്പളത്തിനായി തൊഴിലാളികള്‍ ഓഫീസില്‍ എത്തിയപ്പോള്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് സംയുക്ത യൂണിയന്‍ നേതൃത്വത്തില്‍ ഓഫീസ് ഉപരോധിക്കുകയായിരുന്നു. 250ഓളം തൊഴിലാളികള്‍ സമരത്തില്‍ പങ്കെടുത്തു.

മൂന്ന് ഡിവിഷനുള്ള കല്ലേലി എസ്റ്റേറ്റില്‍ രണ്ടിടത്ത് റബറും ഒരു ഡിവിഷനില്‍ കൊക്കോയുമാണ്. എല്ലാ മേഖലയും രണ്ടു ദിവസമായി സ്തംഭിച്ചു.അതേ സമയം സമരത്തിന് എതിരുനിന്ന ഐഎന്‍ടിയുസിയുടെ ഈസ്റ്റേണ്‍ പ്ലാന്റേഷന്‍ യൂണിയന്‍ നേതാക്കള്‍ ജോലിക്ക് കയറാന്‍ ശ്രമിച്ചത് തൊഴിലാളികള്‍ തടയുകയും പിന്നീട് ചര്‍ച്ചയ്ക്ക് എത്തിയപ്പോള്‍ തൊഴിലാളികള്‍ കൂകിവിളിക്കുകയും ചെയ്തു. ഉപരോധത്തെ തുടര്‍ന്ന് രണ്ടാം ദിവസം സിഐടിയു ജില്ലാ സെക്രട്ടറി പി ജെ അജയകുമാര്‍, പ്ലാന്റേഷന്‍ വര്‍ക്കേഴ്സ് യൂണിയന്‍ (സിഐടിയു) ജില്ലാ സെക്രട്ടറി പി കെ സോമരാജന്‍, എഐടിയുസി നേതാവ് വിലങ്ങുപാറ സുകുമാരന്‍, ഐഎന്‍ടിയുസി നേതാവ് പി കെ ഗോപി, കൊടുമണ്‍ വിജയകുമാര്‍, ജില്ലാ ലേബര്‍ ഓഫീസര്‍ ഗോപകുമാര്‍ എന്നിവര്‍ എസ്റ്റേറ്റ് മാനേജര്‍മാരുമായി നടത്തിയ ചര്‍ച്ചയില്‍ തീരുമാനമാകുകയായിരുന്നു.പി ജെ അജയകുമാറും പി കെ സോമരാജനും തൊഴിലാളികളെ തീരുമാനങ്ങള്‍ അറിയിച്ചു. നേതാക്കളായ സി ജി ദിനേശ്, ആര്‍ രാജേന്ദ്രന്‍, പി ആര്‍ ശിവന്‍കുട്ടി, ആര്‍ അജയകുമാര്‍ എന്നിവര്‍ പങ്കെടുത്തു.

deshabhimani 190915

No comments:

Post a Comment