Thursday, September 17, 2015

പറയൂ...ഏതാണ് ഗുരുനിന്ദ?

ആലുവയിലെ പാഠശാലയില്‍ കുട്ടികള്‍ക്കൊപ്പം ഊണുകഴിക്കുകയായിരുന്നു നാരായണഗുരുവും കുറ്റിപ്പുഴ കൃഷ്ണപിള്ളയും. നായര്‍, പുലയ, ഈഴവ, പറയ വിഭാഗത്തില്‍പ്പെട്ടവരായിരുന്നു കുട്ടികള്‍. ഊണിനിടയില്‍ സ്വാമി കുറ്റിപ്പുഴയോട് ചോദിച്ചു- "പോയോ?'

കുറ്റിപ്പുഴയ്ക്ക് മനസ്സിലായില്ല.

സ്വാമി വീണ്ടും ചോദിച്ചു.

"എല്ലാം പോയോ?

അപ്പോള്‍ കുറ്റിപ്പുഴയ്ക്ക് മനസ്സിലായി ജാതിയില്‍നിന്ന് പൂര്‍ണവിമുക്തനായോ എന്നാണ് സ്വാമിയുടെ ചോദ്യമെന്ന്. കുറ്റിപ്പുഴ ഒന്നുംപറഞ്ഞില്ല, ചിരിച്ചു.

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍ സ്വാമി ചോദിച്ചതിന് ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍ എസ്എന്‍ഡിപി നേതൃത്വം മറുപടിപറയുന്നു- ജാതി പറയണം. ഏതാണ് ഗുരുനിന്ദ?.

നാമം രൂപത്തോട് ചേരുമ്പോള്‍ ഒരു സങ്കല്‍പ്പത്തിന് വാസ്തവികത കൈവരികയാണെന്ന് സ്വാമി. മിഥ്യാസങ്കല്‍പ്പത്തെ ഇല്ലാതാക്കാന്‍ പേരിനെ ഇല്ലാതാക്കണം. അത് ജാതിവ്യത്യാസം ഇല്ലാതാക്കാന്‍ സഹായിക്കും. പട്ടി പട്ടിയെ കണ്ടാല്‍ തിരിച്ചറിയും, മനുഷ്യന്‍ മനുഷ്യനെ കണ്ടാല്‍ എന്തുകൊണ്ട് തിരിച്ചറിയപ്പെടാതെ പോകുന്നു എന്ന ചോദ്യം ക്ഷണികമായ വികാരമായിരുന്നില്ല, തലമുറകളുടെ തലച്ചോറിലേക്ക് സ്വാമി കൊളുത്തിയ നെരിപ്പോടായിരുന്നു.

ഈഴവരുടെ കാനേഷുമാരി കണക്കെടുത്ത് അധികാരരാഷ്ട്രീയത്തിന്റെ തൃപ്പാദങ്ങളില്‍ സമര്‍പ്പിക്കുന്നു യോഗനേതൃത്വം.

ഏതാണ് ഗുരുനിന്ദ?.

മരുത്വാമലയിലെ പിള്ളത്തടം എന്ന ഗുഹയില്‍ മനത്തില്‍ സ്ഫുടം ചെയ്ത്, ശങ്കരദര്‍ശനത്തിന്റെ അദൈ്വതങ്ങളിലൂടെ കയറിയിറങ്ങി, ആത്മനിഷ്ഠമായ ആധ്യാത്മികചിന്തകളില്‍ സമത്വത്തെയും നീതിയെയും സ്ഥാപിച്ച് അവധൂതനായി 15 വര്‍ഷം നാണു എന്ന നാരായണന്‍ അലഞ്ഞു; സത്യംതേടിയ ബുദ്ധനെപ്പോലെ, സാമൂഹ്യസ്പന്ദനങ്ങള്‍ തേടിയിറങ്ങിയ വിവേകാനന്ദനെപ്പോലെ. ദൈവങ്ങളെ നിഷേധിച്ച ബുദ്ധന്‍ പിന്നെ സ്വര്‍ണത്തില്‍ പൂശിയ വിഗ്രഹമായി. മരണത്തിന്റെ അനിവാര്യതയെക്കുറിച്ച് ബോധ്യമുള്ള മനുഷ്യന്‍, മനസ്സും ശരീരവും സമൂഹത്തിന്റെ നന്മയ്ക്ക് സമര്‍പ്പിക്കുന്നതാണ് സന്യാസം എന്ന് വിളംബരംചെയ്ത വിവേകാനന്ദന്‍ സര്‍സംഘചാലകന്മാരുടെ ആയുധപ്പുരയ്ക്ക് കാവല്‍നില്‍ക്കുന്ന കാവിക്കൊടി കെട്ടിയ നിശ്ചലദൃശ്യമായി.എന്നിട്ടും നമ്മുടെ ഗുരുസ്വാമികളെ റാഞ്ചാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. ബ്രാഹ്മണ്യത്തിന്റെ താളിയോലക്കെട്ടുകളില്‍ തിളച്ച അനാചാരത്തിന്റെ നെയ്യില്‍ നിസ്സഹായരായ മനുഷ്യരെ മുക്കിപ്പിടിച്ച ധാര്‍ഷ്ട്യത്തിന്റെനേരെ തിരിഞ്ഞുനില്‍ക്കാന്‍ ഇരുപതാം നൂറ്റാണ്ടിനെ പഠിപ്പിച്ച ഗുരുവരുളിനെ തൊടാന്‍ അപ്പോഴും അവര്‍ ഭയന്നു. സനാതനധര്‍മം എന്നും ആര്‍ഷധര്‍മം എന്നും ഒരിക്കല്‍ പോലും പറയാത്ത ഗുരുവിനെയാണ് അധികാരബ്രാഹ്മണ്യത്തിന്റെ പാദസേവയ്ക്കായി സമര്‍പ്പിക്കുന്നത്.

പറയൂ, ഏതാണ് ഗുരുനിന്ദ?.

ഒന്നരപ്പതിറ്റാണ്ട് സ്വാമി നടന്നു. കാട്ടുപാതകളിലൂടെ, ഗ്രാമങ്ങളിലൂടെ, നഗരങ്ങളിലൂടെ. ജാത്യാചാരങ്ങളുടെ മതില്‍ക്കെട്ടുകള്‍ക്കിടയിലൂടെ നേര്‍രേഖപോലെ നടന്നു. ദാരിദ്ര്യം, രോഗം, അനാചാരം, അന്ധവിശ്വാസം- ആതുരാലയമായിരുന്നു അന്ന് മലയാളമണ്ണ്. ആര്യഭിക്ഷുവിന് വെള്ളം കൊടുത്താല്‍ പാപിയാകുമെന്ന് ഭയന്ന ചണ്ഡാലിയായ മാതംഗിമാര്‍ ഉണ്ടായ നാട് (ചണ്ഡാലഭിക്ഷുകി- കുമാരനാശാന്‍), സ്വന്തം വീട് കത്തിനശിച്ചാലും ശരി തീണ്ടല്‍ജാതിക്കാര്‍ കിണര്‍ അശുദ്ധമാക്കാതിരുന്നാല്‍ മതി എന്ന് ചിന്തിച്ച "ശുദ്ധരില്‍ ശുദ്ധന്മാരു'ണ്ടായ നാട് (ശുദ്ധരില്‍ ശുദ്ധന്‍- വള്ളത്തോള്‍), സ്വന്തം മകള്‍ മുങ്ങിച്ചത്താലും പുലയന്റെ കൈകൊണ്ട് രക്ഷപ്പെടേണ്ട എന്ന് കരുതിയ മാതാക്കള്‍ ഉണ്ടായ നാട്(അമ്പലക്കുളം- ഉള്ളൂര്‍). ഇത് പീഡനമാണെന്ന് മനസ്സിലാകാത്ത പീഡിതര്‍. ദൈവഹിതം നടപ്പാക്കുകയാണെന്ന് പീഡകര്‍. "തീണ്ടാട്ടലും', "ഒച്ചാട്ടലും', "ആട്ടും' നിറഞ്ഞുനിന്ന സമൂഹം. ജാത്യാഭിമാനത്തിന്റെ "ഹോ..ഹോ..'യും കീഴടങ്ങലിന്റെ "ഏ..ഏ..യും' ശബ്ദങ്ങള്‍ ഭരണം നടത്തിയ നാട്ടുവഴികള്‍. വൈക്കം ക്ഷേത്രത്തിന്റെ മുന്നിലൂടെ നടക്കാന്‍ സ്വാമിയെപ്പോലും വിലക്കി. നായരില്‍നിന്ന് കമ്മാളന്‍ മാറേണ്ടത് 24 അടി. ഈഴവര്‍ തുടങ്ങിയവര്‍ 36 അടി. കണക്കന്‍ മുതല്‍ പേര്‍ 48 അടി. പുലയന്‍ 64 അടി. ഉള്ളാടന്‍ 72 അടി. ദേശഭേദമനുസരിച്ച് അളവുകളില്‍ വ്യത്യാസമുണ്ടെന്ന് കേരളചരിത്രത്തില്‍ കെ പി പത്മനാഭമേനോന്‍. ഇത് ലംഘിച്ചാല്‍ ജാതിവിധിപ്രകാരം ശിക്ഷിക്കണം. ശിക്ഷിക്കാന്‍ മടിച്ചാല്‍ അതിനും ശിക്ഷ. നെയ്ത്തുകാരന്റെ സൂചിപോലെ അവര്‍ണര്‍ക്ക് ഓടിക്കളിച്ച് ജീവിക്കേണ്ടിവന്നു എന്ന് സി കേശവന്‍ "ജീവിതസമരത്തില്‍'.

ഇവിടെയാണ് സ്വാമി സൗമ്യംനിറഞ്ഞ വാക്കുകള്‍കൊണ്ട് ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ ഓങ്കാരം മുഴക്കിയത്. ഇടയന്റെ മുടിക്കോലിന് പിന്നാലെ ആട്ടിന്‍കുട്ടികള്‍ പറ്റംചേര്‍ന്നു. 1903ല്‍ ശ്രീനാരായണ ധര്‍മപരിപാലന യോഗം. 1904ല്‍ നായര്‍ സമാജം. 1907ല്‍ സാധുജന പരിപാലന യോഗം. 1909ല്‍ യോഗക്ഷേമ സഭ. സ്വാമി പിടിച്ച ഉലയുടെ കൈത്തണ്ടില്‍നിന്ന് അഗ്നിസ്ഫുലിംഗങ്ങള്‍ ചിതറി. അത് ചിന്തയുടെ ചക്രവാളത്തില്‍ നക്ഷത്രങ്ങളായി. ചരിത്രം ഇരുട്ടില്‍നിന്ന് വെളിച്ചത്തിലേക്ക് നടന്നു. പുഴുകുത്തിയ പനയോലക്കെട്ടൊക്കെ തീയിലെരിഞ്ഞു.നിവര്‍ന്നുനില്‍ക്കാന്‍ അവര്‍ണന്റെ ഗീതയായ സ്വാമിവചനങ്ങളെ സവര്‍ണാലയത്തിന്റെ അധികാര ഗൂഢാലോചനയ്ക്ക് മുന്നില്‍ കുനിച്ചുനിര്‍ത്താന്‍ കൊണ്ടുപോകുന്നത് ആരാണ്?പറയൂ, ഏതാണ് ഗുരുനിന്ദ?.

"ഭൂസുരന്മാര്‍' എന്ന് സ്വയംവിശേഷിപ്പിച്ച നമ്പൂതിരിമാരുടെ വൈദികവിധികള്‍ക്ക് നടുവില്‍ കിടക്കുകയായിരുന്നു അന്ന് മലയാളനാടിന്റെ ദൈവങ്ങള്‍. പ്രതിഷ്ഠകളെ ഇളക്കിപ്രതിഷ്ഠിച്ച് ശ്രീകോവിലിന്റെ നിരോധിതമേഖലകളിലേക്ക് സ്വാമികള്‍ അവര്‍ണനെ നയിച്ചു. നെയ്യാറില്‍നിന്ന് മുങ്ങിയെടുത്ത അമ്മിക്കുഴവിക്കല്ല് അരുവിപ്പുറത്തെ ഈഴവശിവനായി. കാരമുക്കില്‍ ദീപം, മുരുക്കുംപുഴയില്‍ ദീപത്തിന് മീതെ "ഓം സത്യം, ധര്‍മം, ദയ, ശാന്തി' എന്നുകൂടി എഴുതി. കളവങ്കോടത്ത് കണ്ണാടി. ഇത് ഇളക്കിമറിക്കലായിരുന്നു. ക്ഷേത്രാരാധന നിഷേധിക്കപ്പെട്ട പാവങ്ങള്‍ ആശ്വാസമായി പകരം സ്ഥാപിച്ച മുഴുവന്‍ വെച്ചുസേവകളെയും ഗുരു വലിച്ചെറിഞ്ഞു. കോട്ടാര്‍ എന്ന സ്ഥലത്തെ നൂറ്റാണ്ട് പഴക്കമുള്ള ക്ഷേത്രത്തില്‍നിന്ന് ഗുരു നശിപ്പിച്ച വിഗ്രഹങ്ങളുടെ ഒരു പട്ടിക വിവേകോദയത്തിലുണ്ട്. അത് ഇങ്ങനെ-

ഇശക്കി- 2, പൂതത്താന്‍ പീഠം- 1, വങ്കാരമാടന്‍ പീഠം- 1, ചുടലമാടന്‍ പീഠം- 2, മല്ലങ്കരുങ്കാളി പീഠം- 1, കറുപ്പന്‍, ഇരുളന്‍ മുതലായി- 21.വിഗ്രഹങ്ങളെ എടുത്തെറിഞ്ഞ് പുതിയ വിഗ്രഹങ്ങളിലേക്ക് നയിക്കുകയായിരുന്നില്ല സ്വാമി. താന്ത്രികവിധികളുടെ നിര്‍മാണപ്പുരകള്‍ മാത്രമായിരുന്നില്ല സ്വാമികള്‍ക്ക് ക്ഷേത്രങ്ങള്‍. ക്ഷേത്രങ്ങള്‍ വളരെ പണംചെയ്ത് പണിയേണ്ടെന്ന് സ്വാമി ഉപദേശിച്ചെന്ന് മൂര്‍ക്കോത്തു കുമാരന്‍ സ്വാമികളുടെ ജീവചരിത്രത്തില്‍. "അവിടെ നാലു പുറവും പൂന്തോട്ടം ഉണ്ടാക്കണം. നല്ല വൃക്ഷങ്ങള്‍ വച്ചുപിടിപ്പിച്ച് അതിനുചുറ്റും തറകള്‍ കെട്ടണം. അപ്പോള്‍ ജനങ്ങള്‍ക്ക് വന്നിരുന്ന് കാറ്റുകൊള്ളാം. എല്ലാ ക്ഷേത്രങ്ങളിലും വായനശാലകള്‍ ഉണ്ടായിരിക്കണം. എല്ലാ മതഗ്രന്ഥങ്ങളും ശേഖരിച്ചു പഠിപ്പിക്കണം. ക്ഷേത്രം ഒരറ്റത്ത് അവിടെ നിന്നു കൊള്ളട്ടെ.'ക്ഷേത്രം ഒരറ്റത്ത് നിന്നുകൊള്ളട്ടെ എന്ന ജ്വലിക്കുന്ന വാക്കുകളിലൂടെ മറ്റൊരുവശത്തേക്ക് വിരല്‍ ചൂണ്ടുകയായിരുന്നു സ്വാമി.

അവിടെ നിന്നില്ല ഗുരു. ഇനി ക്ഷേത്രനിര്‍മാണം പ്രോത്സാഹിപ്പിക്കേണ്ടെന്ന് 1917ല്‍ സ്വാമി എഴുതി. അമ്പലം കെട്ടാന്‍ പണം ചെലവിട്ടത് ദുര്‍വ്യയമായി എന്ന് പശ്ചാത്തപിക്കും. കാലത്തിന് അത്രയേറെ മാറ്റം വന്നിരിക്കുന്നു. എങ്കിലും തല്‍ക്കാലം ക്ഷേത്രം വേണ്ടെന്ന് പറഞ്ഞാല്‍ ജനങ്ങള്‍ കേള്‍ക്കുകയില്ല എന്നും സ്വാമി പറഞ്ഞു. ഈ വാക്കുകള്‍ മനുഷ്യസ്നേഹത്തിന്റെ ദീര്‍ഘദര്‍ശിത്വം പൂജിച്ച പൂക്കള്‍പോലെ മനസ്സില്‍ വീഴുന്നു.ഈ പൂജാപുഷ്പങ്ങള്‍, നൂറ്റാണ്ടുകളുടെ പഴക്കമുള്ള പള്ളി തകര്‍ത്ത് അമ്പലം പണിയാന്‍ മൂര്‍ച്ചവയ്പിക്കുന്ന ഉളിത്തലപ്പുകള്‍ക്ക് സമര്‍പ്പിക്കുമ്പോള്‍ പറയൂ, ഏതാണ് ഗുരുനിന്ദ?

വൈക്കം സത്യഗ്രഹത്തിനെത്തിയ മഹാത്മാഗാന്ധി സ്വാമിയെ കാണാന്‍ ശിവഗിരിയില്‍ ചെന്നു. അവര്‍ മതത്തെക്കുറിച്ച്, ജാതിയെക്കുറിച്ച് സംസാരിച്ചു. മതപരിവര്‍ത്തനത്തെ കുറിച്ചായിരുന്നു ഗാന്ധിജിയുടെ ആദ്യ ചോദ്യം. "മതപരിവര്‍ത്തനം ചെയ്തവര്‍ക്ക് സ്വതന്ത്ര്യം ലഭിച്ചുവരുന്നതായി കാണുന്നുണ്ട്. അത് കാണുമ്പോള്‍ ജനങ്ങള്‍ മതപരിവര്‍ത്തനം നല്ലതാണെന്ന് പറയുന്നതിനെ കുറ്റപ്പെടുത്താനാവില്ല' എന്ന ഗുരുവിന്റെ മറുപടി ചിന്തയുടെ സാഗരത്തിലേക്ക് ചെറുചിരിയോടെ പതിച്ച കൊച്ചരുവിയായി. ഗാന്ധിജി നിര്‍ത്തിയില്ല. "ലൗകികമായ അഭിവൃദ്ധിയല്ല, ആത്മീയമായ അഭിവൃദ്ധിയെയാണ് ഞാന്‍ ഉദ്ദേശിച്ചത്.' വൈകിയില്ല, മറുപടി വന്നു. "അന്യമതങ്ങളിലും മോക്ഷമാര്‍ഗമുണ്ടല്ലോ. ലൗകികമായ സ്വതന്ത്ര്യത്തെയല്ലേ ജനങ്ങള്‍ അധികവും ഇച്ഛിക്കുന്നത്?'

ഗാന്ധിജി ചോദ്യം മാറ്റി. ജാതിയിലേക്ക് മാറി. ജാതിവ്യത്യാസം പ്രകൃതിദത്തമല്ലേ, ഒരു വൃക്ഷത്തിലെ ഇലകളെല്ലാം ഒരു വലിപ്പത്തിലല്ലല്ലോ എന്ന ഗാന്ധിജിയുടെ വാദത്തിന് സ്വാമി നല്‍കിയ മറുപടി ആ മഹാത്മാവിന്റെ മനസ്സിനെ ഇളക്കിമറിച്ചു. "പക്ഷെ എല്ലാ ഇലകളുടെയും ചാറിന് ഒരേ രുചിയാണ്'. പിന്നെന്തിന് വര്‍ണവ്യത്യാസം എന്ന് സ്വാമി പറയാതെ കാത്ത മൗനം ഗാന്ധിജിയെ സ്വാധീനിച്ചു. പില്‍ക്കാലത്ത് ഗാന്ധിജി ജാതിയെ വിമര്‍ശിച്ചതില്‍ ഈ സ്വാധീനവും ഉണ്ടാകാം.ആ മഹാത്മാവിന്റെ നെഞ്ചിനുനേരെ കാഞ്ചിവലിച്ച ഗോഡ്സെയ്ക്ക് അമ്പലം പണിയണമെന്ന് പറയുന്നവര്‍ക്ക് ദര്‍ശനമാലകള്‍ സമര്‍പ്പിക്കുമ്പോള്‍ പറയൂ, ഏതാണ് ഗുരുനിന്ദ?

ആചാരങ്ങളുടെ ഉടുത്തുകെട്ടലുകളെ കര്‍മംകൊണ്ട് മാത്രമല്ല, നര്‍മംകൊണ്ടും സ്വാമി അഴിച്ചുമാറ്റിയിട്ടുണ്ട്. ശവം കുഴിച്ചിടണോ ദഹിപ്പിക്കണമോ എന്ന തര്‍ക്കമുണ്ടായപ്പോള്‍ സ്വാമിയുടെ പരിഹാരം "ചക്കിലാട്ടിയാല്‍ മതി' എന്നായിരുന്നു. ചോദ്യം ചോദിച്ച മുന്‍ ഹൈക്കോടതി ജഡ്ജി ഇയ്യാക്കുട്ടി "അയ്യോ' എന്ന് പറഞ്ഞുപോയി. ഉടന്‍വന്നു സ്വാമിയുടെ പ്രതികരണം. "എന്താ നോവോ?'എല്ലാം പരിഹരിക്കാം എന്നുപറഞ്ഞ് തുള്ളിവന്ന പല്ലില്ലാത്ത കോമരത്തോട് സ്വാമി പറഞ്ഞത് ആദ്യം ആ മോണയില്‍ പല്ല് വരുത്തൂ എന്നായിരുന്നു. തീര്‍ഥാടകരോട് രുദ്രാക്ഷം കഴുത്തിലിടണ്ട, അരച്ചുകലക്കി കുടിച്ചാല്‍ മതി, കൂടുതല്‍ ഗുണം കിട്ടും എന്നായിരുന്നു ഉപദേശം. ചാത്തന്റെ ഉപദ്രവം സഹിക്കാതെ വന്ന ഭക്തന് ചാത്തന് കൊടുക്കാന്‍ കത്തെഴുതിയതില്‍ ഒരായിരം വി കെ എന്‍ ഫലിതം ഒന്നിച്ചുപൊട്ടുന്നതിന്റെ സുഖമുണ്ട്. കരഞ്ഞിട്ടുമുണ്ട് ഗുരു. ആട്ടിയോടിക്കപ്പെടുന്നവരെ മനുഷ്യന്‍ ഒന്ന് എന്ന ബോധ്യത്തിലേക്ക് ഉണര്‍ത്താനുള്ള യത്നത്തിലെ തിരിച്ചടികളാണ് സ്വാമിയെ കരയിപ്പിച്ചത്.

ഉരൂട്ടമ്പലം പെണ്‍പള്ളിക്കൂടത്തില്‍ പുലയ പെണ്‍കുട്ടികളെ ചേര്‍ക്കുന്നതിനെതിരെ നായര്‍പ്രമാണികള്‍ക്കൊപ്പം ചില ഈഴവപ്രമാണികളും ചേര്‍ന്നപ്പോള്‍ സ്വാമി സങ്കടപ്പെട്ടു. പക്ഷേ, മര്‍ദിതന്റെയൊപ്പമായിരുന്നു സ്വാമി. എറണാകുളം ജില്ലയിലെ കാളികുളങ്ങരയില്‍ ചില ഈഴവര്‍ കൊടുത്ത കേസില്‍ 13-ാം പ്രതിയായിരുന്നു സ്വാമി. സഹോദരന്‍ അയ്യപ്പനെ "പുലയനയ്യപ്പന്‍' എന്ന് ചില ഈഴവപ്രമാണികള്‍ പരിഹസിച്ചപ്പോഴും സ്വാമി വിഷമിച്ചു. അന്ന് സഹോദരനയ്യപ്പനൊപ്പം നിന്ന സ്വാമി മിശ്രവിവാഹത്തിനും പന്തിഭോജനത്തിനും ആഹ്വാനംചെയ്തു. അനാഥക്കുട്ടികള്‍ എന്നും സ്വാമിയുടെ ദുഃഖമായിരുന്നു. അവര്‍ക്ക് വേണ്ടിയാണ് "ദൈവദശകം' എഴുതിയത്. 1091 ഇടവത്തില്‍ പ്രബുദ്ധകേരളത്തില്‍ സ്വാമി കുറിച്ചു- "നാം ജാതിഭേദം വിട്ടിട്ട് ഇപ്പോള്‍ ഏതാനും സംവത്സരങ്ങള്‍ കഴിഞ്ഞു. എന്നാല്‍, ചില പ്രത്യേക വര്‍ഗക്കാര്‍ നമ്മെ അവരുടെ കൂട്ടത്തില്‍ പെട്ടതായി വിചാരിച്ച് പ്രവര്‍ത്തിച്ചുവരുന്നതായും അത് ഹേതുവായി പലര്‍ക്കും നമ്മുടെ വാസ്തവത്തില്‍ വിരുദ്ധമായ ധാരണയ്ക്കിട വന്നിട്ടുണ്ടെന്നും അറിയുന്നു'.ഇത് പറഞ്ഞ സ്വാമിയുടെ പൈതൃകം കാക്കുന്നു എന്നുപറയുന്നവര്‍ പ്രഖ്യാപിക്കുന്നു- ജാതി പറയണം. ഏതാണ് ഗുരുനിന്ദ?.

ഉറപ്പിച്ചും തറപ്പിച്ചും സ്വാമി പറഞ്ഞിട്ടുണ്ട് ജാതിയില്ല എന്ന്. അത് മനുഷ്യന്‍ സൃഷ്ടിച്ച മിഥ്യയാണെന്ന്. കെട്ടുകഥയാണെന്ന്. സ്വാമിയുടെ ആദ്യകാല ശിഷ്യരില്‍ പ്രമുഖനായ ശിവലിംഗാനന്ദ സ്വാമികള്‍ നായരായിരുന്നു. ബുദ്ധനേക്കാള്‍ ശ്രേഷ്ഠനെന്ന് സ്വാമി വിശേഷിപ്പിച്ച സത്യവ്രതസ്വാമികള്‍ നായരായിരുന്നു. നെയ്യാറ്റിന്‍കരയിലെ നായര്‍സമാജം സ്വാമിയുടെ ഷഷ്ഠിപൂര്‍ത്തി ആഘോഷിച്ചു. അനുമോദനം അയച്ചു. എസ്എന്‍ഡിപി സര്‍. സി പി രാമസ്വാമി അയ്യരുടെ ഷഷ്ഠിപൂര്‍ത്തിക്ക് മംഗളപത്രം സമര്‍പ്പിച്ചു. സി പി, വി ഡി സവര്‍ക്കറെ അതിഥിയായി കൊണ്ടുവന്നു. ഹൈന്ദവവര്‍ഗീയ വിഷം തളിച്ചാണ് സവര്‍ക്കര്‍ മടങ്ങിയതെന്ന് സി നാരായണപിള്ള തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസിന്റെ ചരിത്രത്തില്‍. കേന്ദ്രാധികാരത്തില്‍നിന്ന് അവശിഷ്ടം തേടി യോഗഭാരവാഹി ഡല്‍ഹിയിലെത്തിയപ്പോള്‍ ചരിത്രം തിരിഞ്ഞുനടക്കുകയായിരുന്നു.അപ്പോള്‍ ജാതി പറയണം. എന്തിന്?. കേരളത്തിലെ മറ്റ് മനുഷ്യരോട് ഞങ്ങള്‍ ഈഴവരാണെന്ന് പ്രഖ്യാപിക്കുന്നത് എന്തിന്?.

മറ്റൊരു വഴിക്കും ആലോചിക്കാം. കേരളത്തിലെ നമ്പൂതിരിമാരോട്, നായന്മാരോട്, സിറിയന്‍-റോമന്‍ ക്രിസ്ത്യാനികളോട്, മാര്‍ത്തോമക്കാരോട്, യാക്കോബായക്കാരോട്, ധീവരരോട്, പുലയരോട്, പറയരോട്, നായാടിയോട്...പേരുപറയാന്‍ വിട്ടുപോയ മറ്റനേകം ജാതിക്കാരോട് എന്തിനാണ് "ഞാന്‍ ഈഴവനാണ് എന്ന് പ്രഖ്യാപിക്കുന്നത്?'. അതുകേട്ട് അവരും അവരുടെ ജാതി പറയാനാണോ? മതം പറയുന്ന വലിയ യജമാനന്റെ ദാസ്യവൃത്തിക്കാണോ ഇത്?.

മതം പറയുന്നുണ്ട് യോഗനേതൃത്വമേ. പാകിസ്ഥാന്‍ മതം പറയുന്നുണ്ട്, അഫ്ഗാനിസ്ഥാന്‍ മതം പറയുന്നുണ്ട്. ചന്തയില്‍ പൊട്ടുന്ന അജ്ഞാതബോംബുകള്‍ മതം പറയുന്നുണ്ട്. ആത്മഹത്യാ ബോംബുകള്‍ മതം പറയുന്നുണ്ട്. മനുഷ്യരെ പിടിച്ചുനിര്‍ത്തി കഴുത്തറുത്ത് വീഡിയോ ചിത്രം പ്രദര്‍ശിപ്പിക്കുന്നവര്‍ മതം പറയുന്നുണ്ട്. കൂട്ടക്കുരുതികള്‍ മതം പറയുന്നുണ്ട്. വംശഹത്യകള്‍ മതം പറയുന്നുണ്ട്.

അരുത്, കേരളത്തിന്റെ യുഗപുരുഷനെ വിശക്കുന്ന നരബലിത്തറകളിലെ ചോര കൊതിക്കുന്ന കൊടുംമൂര്‍ത്തിയാക്കരുത്

*
എം എം പൗലോസ് 

No comments:

Post a Comment