Thursday, September 17, 2015

സംഘപരിവാറിന് ഗുരുദര്‍ശനം ഉള്‍ക്കൊള്ളാനാകില്ല : കോടിയേരി

ഇടുക്കി > സവര്‍ണവര്‍ഗ താല്‍പര്യങ്ങള്‍ നടപ്പാക്കണമെന്ന് ശഠിക്കുന്ന ആര്‍എസ്എസ്-സംഘപരിവാര്‍ ശക്തികള്‍ക്ക് ശ്രീനാരായണദര്‍ശനം നടപ്പാക്കാനാവില്ലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. മതാധിഷ്ഠിതമാക്കി കേരളത്തില്‍ വേര്‍തിരിവുണ്ടാക്കാനുള്ള നീക്കം എന്തു വിലകൊടുത്തും ചെറുക്കും. ദളിതരുള്‍പ്പെടെയുള്ള അധ:സ്ഥിത വര്‍ഗത്തിനായി നിലകൊണ്ട ശ്രീനാരായണഗുരുവിനെയും എസ്എന്‍ഡിപിയെയും വിപരീതആശയങ്ങള്‍ സ്ഥാപിക്കാന്‍ നിലകൊള്ളുന്ന ശക്തികളുടെ പാളയത്തില്‍ കെട്ടുന്നത് തിരിച്ചറിയണം. എം ജിനദേവന്‍ പഠനകേന്ദ്രം സംഘടിപ്പിച്ച വര്‍ഗീയ വിരുദ്ധ സെമിനാര്‍ കട്ടപ്പന ടൗണ്‍ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഭരണഘടനയ്ക്കും വ്യവസ്ഥാപിത സംവിധാനങ്ങള്‍ക്കുമെതിരെ നീങ്ങുന്ന, മനുസ്മൃതിയില്‍ അധിഷ്ഠിതമായ സവര്‍ണഹിന്ദുത്വത്തിലേക്കാണ് അവകാശവും സ്വാതന്ത്ര്യവും നിഷേധിക്കപ്പെട്ട ജനവിഭാഗങ്ങളെ എത്തിക്കാന്‍ ശ്രമിക്കുന്നത്. സവര്‍ണര്‍ ആരാധനാസ്വാതന്ത്ര്യം നിഷേധിച്ചതിനെ തുടര്‍ന്നാണ് 1888ല്‍ ഗുരു അരുവിപ്പുറം പ്രതിഷ്ഠ നടത്തിയത്. ജാതിമത ഭേദങ്ങളില്ലാത്ത സമൂഹത്തിനായി ശ്രീനാരായണ ധര്‍മ പരിപാലന സംഘവും സ്ഥാപിച്ചു. നവോഥാന നായകരില്‍ ഒന്നാമനായ ശ്രീനാരായണഗുരു "പലമതസാരവും ഏകവു'മെന്ന ആശയം മുന്നോട്ടു വച്ചു. വാദിക്കാനും ജയിക്കാനും ശ്രമിക്കാതെ അറിയാനും അറിയിക്കാനും നിലകൊണ്ടതിനു പുറമെ വ്യത്യസ്ത അഭിപ്രായങ്ങളെ ഉള്‍ക്കൊള്ളുകയും മാനിക്കുകയും ചെയ്തു. നവോഥാന നായകരും പരിഷ്കരണവാദികളും ജാതിക്കു മേല്‍ മനുഷ്യനെയും മനുഷ്യത്വത്തെയും സൃഷ്ടിച്ചവരാണ്. അയ്യങ്കാളി, വക്കം മൗലവി, ടി കെ മാധവന്‍, പി കൃഷ്ണപിള്ള, എംആര്‍ബി, ഇഎംഎസ്... പട്ടിക നീളുന്നു.

ശ്രീനാരായണ ധര്‍മ പരിപാലനത്തിനെതിരെ ആര് പ്രവര്‍ത്തിച്ചാലും കാവിവല്‍ക്കരിക്കാനുള്ള നീക്കം ആര് നടത്തിയാലും തെറ്റ് ചൂണ്ടിക്കാട്ടും. വിശ്വാസത്തിനും ആരാധനാലയങ്ങള്‍ക്കും എതിരാണ് കമ്യൂണിസ്റ്റുകാരെന്ന പ്രചാരണം സജീവമാണ്. ഒരിടത്തും കമ്യൂണിസ്റ്റുകാര്‍ ആരാധനാലയം തകര്‍ത്തിട്ടില്ല. ഗുജറാത്തിലും ഒറീസയിലും വര്‍ഗീയ ഫാസിസ്റ്റുകള്‍ സര്‍വതും തകര്‍ത്തെറിഞ്ഞപ്പോള്‍ വിശ്വാസികള്‍ക്ക് ആരാധന നടത്താന്‍ സിപിഐ എം പാര്‍ടി ഓഫീസുകളാണ് നല്‍കിയത്. ഇരകള്‍ക്കൊപ്പമാണ് കമ്യൂണിസ്റ്റുകാര്‍. മതങ്ങളോടും വിശ്വാസങ്ങളോടും ആദരവ് പുലര്‍ത്തുന്നവരാണ്. മാനവ സ്നേഹത്തിനുമേല്‍ പകയുടെയും വിദ്വേഷത്തിന്റെയും വര്‍ഗീയതയുടെയും വിത്തെറിയുകയും അതിന്റെ മനശാസ്ത്രം പ്രചരിപ്പിക്കുകയും ചെയ്യുന്ന നിലപാടുകളെ എതിര്‍ക്കണം.നാം ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങളെ ചവിട്ടിമെതിച്ച് ഇന്ത്യയെന്ന പുന്തോട്ടത്തെ ഇല്ലാതാക്കാനാണ്് വര്‍ഗീയശക്തികള്‍ ശ്രമിക്കുന്നത്.

വര്‍ഗീയഅജണ്ടയെ ചോദ്യം ചെയ്തിരുന്ന ചിന്തകര്‍, യുക്തിവാദികള്‍, സാംസ്കാരിക നായകര്‍, ശാസ്ത്രജ്ഞര്‍ എന്നിവരെ ആക്രമിക്കുകയും കൊലപ്പെടുത്തുകയുമാണ്. ഡോ. നരേന്ദ്ര ധബോല്‍ക്കര്‍, ഡോ. ഗോവിന്ദ് പന്‍സാരെ, ഡോ. കലബുര്‍ബി എന്നിവരെ കൊലപ്പെടുത്തിയത് അന്യമതക്കാരായിരുന്നില്ല. മണ്ഡല്‍ കമീഷനെതിരെ കലാപം നടത്തിയവരാണ് ബാബറി മസ്ജിദ് തകര്‍ത്തതും ഗുജറാത്തില്‍ കൂട്ടക്കൊല നടത്തിയതും. സിക്കുകാരെ കൂട്ടത്തോടെ കൊന്നതും ഭരണകൂടത്തിന്റെ ഒത്താശയോടെയായിരുന്നു. നമ്മുടെ പടിവാതിലിലും ഈ ശക്തികള്‍ എത്തിയിരിക്കുന്നത് ജാഗ്രതയോടെ കാണണമെന്നും കോടിയേരി പറഞ്ഞു.

വര്‍ഗീയ വിരുദ്ധ സെമിനാര്‍ തീര്‍ത്തത് സമാനതകളില്ലാത്ത മാനവസൗഹൃദ സന്ദേശം

കട്ടപ്പന > വര്‍ഗീയതക്കെതിരെ എം ജിനദേവന്‍ പഠനകേന്ദ്രം കട്ടപ്പനയില്‍ സംഘടിപ്പിച്ച സെമിനാര്‍ തീര്‍ത്തത് മാനവ സൗഹൃദ മതേതര കൂട്ടായ്മ. പങ്കാളിത്തവും ഉള്ളടക്കവുംകൊണ്ട് പരിപാടി സമാനതകളില്ലാത്തതായി. ടൗണ്‍ഹാളില്‍ നടന്ന സെമിനാറില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് നാനതുറകളില്‍പ്പെട്ട വ്യക്തിത്വങ്ങള്‍ പങ്കാളികളായി. ഇതര രാഷ്ട്രീയപാര്‍ടി വിശ്വാസികളും പങ്കെടുത്തു. സ്ത്രീ പങ്കാളിത്വവും ശ്രദ്ധേയമായി. ടൗണ്‍ഹാളിന് പുറത്തേക്ക് നിറഞ്ഞുകവിഞ്ഞ ജനപങ്കാളിത്തം വര്‍ഗീയതക്കെതിരായ ഒത്തുചേരാലായി മാറി. മതത്തിന്റെ പേരില്‍ നടക്കുന്ന വിഭാഗീയതും ഭിന്നിപ്പും നാടിന് ആപത്താണെന്ന സന്ദേശം ഒരിക്കല്‍ കൂടി അടിവരയിടുന്നതായി സെമിനാര്‍.

ന്യൂനപക്ഷ, ഭുരിപക്ഷ വര്‍ഗീയത ഒരുപോലെ നാടിന് ആപത്താണെന്ന് സെമിനാര്‍ അഭിപ്രായപ്പെട്ടു. ന്യൂനപക്ഷ വര്‍ഗീയത ഭൂരിപക്ഷ വര്‍ഗീയതയ്ക്ക് വളമാകുന്നു. മനുഷ്യസമൂഹത്തെ ഒന്നായി കണ്ട് മാനവിക സന്ദേശം നല്‍കുന്ന ശ്രീനാരായണ ദര്‍ശനത്തെ കാവിപുതപ്പിക്കാനുള്ള നീക്കം അപകടകരമാണ്. മതവിശ്വാസവും ജാതിയും മനുഷ്യരാശിയുടെ പുരോഗതിക്കായി പ്രയോജനപ്പെടുത്താതെ സംഘപരിപാര്‍ രാഷ്ട്രീയനേട്ടത്തിന് ഉപയോഗിക്കുന്നത് ദുഷ്ടലാക്കാണ്. സംഘപരിവാറിന്റെ അജണ്ടയോടും ഹിന്ദു മതവിശ്വാസികളായ മഹാഭൂരിപക്ഷത്തിനും യോജിപ്പില്ല. ഇന്ത്യയെ മതാധിഷ്ഠിത രാജ്യമാക്കാനുള്ള എതൊരു നീക്കത്തെയും ചെറുക്കണമെന്ന് സെമിനാര്‍ ആഹ്വാനം ചെയ്തു. ഹിന്ദുരാഷ്ട്രമായ നേപ്പാള്‍ മതനിരപേക്ഷ രാജ്യമായി തുടരുമെന്നാണ് അവിടുത്തെ പാര്‍ലമെന്റ് തീരുമാനിച്ചത്. ഇത് കണ്ണ്തുറന്ന് കാണാന്‍ സംഘപരിപാറിന് കഴിയണം. ഫാസിസ്റ്റ് ശക്തികള്‍ അവര്‍ വിശ്വസിക്കുന്ന മതവിഭാഗങ്ങളെയാണ് കൊന്നൊടുക്കുന്നതെന്നും ഐഎസ്ഐ യും സംഘപരിപാറും ഒരേനാണയത്തിന്റെ രണ്ടുവശങ്ങളാണെന്നും ഇതിനെ മതേതരശക്തികള്‍ സര്‍വശക്തിയും ഉപയോഗിച്ച് എതിര്‍ക്കപ്പെടണമെന്നും സെമിനാര്‍ ആവശ്യപ്പെട്ടു. രാഷ്ട്രീയം മതത്തിലും മതം രാഷ്ട്രീയത്തിലും ഇടപെടുന്നത് അവസാനിപ്പിക്കണം. പിന്നോക്ക-ദളിത് വിഭാഗങ്ങളുടെ സംവരണത്തെ ചോദ്യം ചെയ്യുന്ന സംഘപരിവാര്‍ ശക്തികളെ തിരിച്ചറിയണമെന്നും സെമിനാര്‍ അഭിപ്രായപ്പെട്ടു. ബുധനാഴ്ച രാവിലെ 10.30 ന് ആരംഭിച്ചു. സെമിനാര്‍ അവസാനിച്ച 2.30 വരെ എല്ലാ നേതാക്കളുടെയും പ്രസംഗം കേട്ടാണ് പ്രവര്‍ത്തകര്‍ മടങ്ങിയത്.

സിപിഐ എം ഒരിക്കലും എസ്എന്‍ഡിപിക്ക് എതിരല്ല: എം എം മണി

കട്ടപ്പന > സിപിഐ എം ഒരിക്കലും എസ്എന്‍ഡിപിക്ക് എതിരല്ലെന്നും എന്നാല്‍ സംഘപരിവാര്‍ സംഘടനകള്‍ക്ക് യോഗത്തെ അടിയറവയ്ക്കാനുള്ള ചില നേതാക്കളുടെ ശ്രമത്തെയാണ് എതിര്‍ക്കുന്നതെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം എം മണി പറഞ്ഞു. ഇക്കാര്യത്തില്‍ ഉത്തരവാദിത്തമുള്ള പ്രസ്ഥാനമെന്ന നിലയില്‍ വിമര്‍ശിക്കും. എം ജിനദേവന്‍ പഠനകേന്ദ്രം സംഘടിപ്പിച്ച വര്‍ഗീയവിരുദ്ധ സെമിനാറില്‍ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു അദേഹം.

മതനിരപേക്ഷ ഇന്ത്യയുടെ ഭരണഘടനയെ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത കേന്ദ്ര ഭരണാധികാരികള്‍ അത് ലംഘിക്കുകയാണ്. രാജ്യത്ത് ആയിരക്കണക്കിന് പേരാണ് വര്‍ഗീയ ലഹളകളില്‍ മരിക്കുന്നത്. കേന്ദ്രം ഭരിക്കുന്നത് ബിജെപിയാണെങ്കിലും നിയന്ത്രിക്കുന്നത് ആര്‍എസ്എസ് ആണ്. ഇത് രാജ്യത്ത് സങ്കീര്‍ണമായ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു. ഹിന്ദു രാഷ്ട്രമാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമം. ഭക്ഷണകാര്യത്തില്‍ പോലും നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമാണ് ബീഫ് നിരോധനം. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമാണ് കേരളം. മത നിരപേക്ഷതയിലാണ് ജനങ്ങള്‍ക്ക് താല്‍പര്യം. കേരളത്തില്‍ വര്‍ഗീയ സര്‍ഘര്‍ഷങ്ങള്‍ അപൂര്‍വമാണ്. ശ്രീനാരായണ സദസുകള്‍ സംഘടിപ്പിക്കാനാണ് സംഘപരിവാര്‍ ശ്രമിക്കുന്നത്. ഇത് ഗുരു ഉയര്‍ത്തിയ സന്ദേശത്തെ തെറ്റായി അവതരിപ്പിക്കാനാണ്.

സംഘപരിവാറില്‍ എസ്എന്‍ഡിപിയെ കെട്ടാനുള്ള നീക്കംഎതിര്‍ക്കണം: അഡ്വ. സി കെ വിദ്യാസാഗര്‍

കട്ടപ്പന > സംഘപരിവാര്‍ അജണ്ടയില്‍ എസ്എന്‍ഡിപി യെ വച്ചുകെട്ടാനുള്ള നീക്കത്തെ ശക്തമായി എതിര്‍ക്കേണ്ടതുണ്ടെന്നും ആ പരിശ്രമത്തില്‍ താനുമുണ്ടാകുമെന്നും എസ്എന്‍ഡിപി മുന്‍ പ്രസിഡന്റ് അഡ്വ. സി കെ വിദ്യാസാഗര്‍ പറഞ്ഞു. കട്ടപ്പനയില്‍ വര്‍ഗീയവിരുദ്ധ സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദേഹം.

വര്‍ഗീയതയെ എതിര്‍ക്കാന്‍ പിന്നോക്കക്കാര്‍ മുന്നോട്ട് വരണം. ആര്‍എസ്എസിന്റെ കാഴ്ചപ്പാടുകളും ഗുരുദേവന്റെ ദര്‍ശനവും തമ്മില്‍ വളരെ വലിയ വ്യത്യാസമുണ്ട്. ഒരു ക്ഷേത്രം നിര്‍മിക്കണമെന്ന് പറഞ്ഞാല്‍ ഹിന്ദുക്കള്‍ അംഗീകരിച്ചെന്നുവരും. എന്നാല്‍ ഒരു പള്ളിപൊളിച്ച് ക്ഷേത്രം പറയണമെന്ന് ആരെങ്കിലും പറഞ്ഞാല്‍ ഹിന്ദുക്കളും ശ്രീനാരായണീയരും അംഗീകരിക്കില്ല. ശ്രീനാരായണ ധര്‍മപരിപാലന സംഘത്തിന്റെയും സംഘപരിവാറിന്റെയും അജണ്ടകള്‍ സംയോജിച്ച് പോകില്ല. രാഷ്ട്രീയത്തെ വര്‍ഗീയവല്‍ക്കരിക്കാനുള്ള വലിയ ശ്രമമാണിവിടെ ചിലര്‍ നടത്തുന്നത്. ഉപരിവിപ്ലവമായ ചലനം മാത്രമാണ്. അതൊന്നും നടക്കാന്‍ പോകുന്നില്ല. സാമൂഹ്യനീതിയെ സംബന്ധിച്ച് അവരുടെ നിലപാട് എല്ലാവര്‍ക്കും അറിയാം. പിന്നോക്ക-ദളിത് സംവരണത്തെ കുറിച്ചുള്ള അവരുടെ കാഴ്ചപ്പാടുകള്‍ അറിയാവുന്നവര്‍ യോജിക്കില്ല. ഇന്ത്യന്‍ രാഷ്ട്രീയത്തെ നിന്ത്രിക്കാന്‍ ഇടതുപാര്‍ടികള്‍ക്ക് കഴിയേണ്ടതായിരുന്നു. അവശത അനുഭവിക്കുന്നവരെല്ലാം ഒന്നിച്ച് അണിനിരക്കാത്തത് ഗൗരവമായി കാണണമെന്നും അദേഹം പറഞ്ഞു.

എല്ലാ വര്‍ഗീയതയും എതിര്‍ക്കപ്പെടണം: മുഹമ്മദ് റഫീക്ക് അല്‍ കൗസരി

കട്ടപ്പന > എല്ലാ വര്‍ഗീയതയും എതിര്‍ക്കപ്പെടണമെന്ന് കട്ടപ്പന ദാറൂല്‍സല ജമാ മസ്ജിദ് ഇമാം മുഹമ്മദ് റഫീക്ക് അല്‍ കൗസരി. കട്ടപ്പനയില്‍ വര്‍ഗീയവിരുദ്ധ സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദേഹം. ഒരു മതത്തിന്റെയും വിശ്വാസ സംഹിത ആരെയും തെറ്റിലേക്ക് നയിക്കുന്നില്ല. ശ്രീനാരായണ ഗുരുവിന്റെ സന്ദേശം നന്മ സൃഷ്ടിക്കനാണ് ഉപയോഗിക്കപ്പെടേണ്ടത്. വര്‍ഗീയതയുടെ പേരില്‍ ഏറ്റവും കൂടുതല്‍ പിഡനമനുഭവിക്കുന്നത് മുസ്ലീം വിഭാഗങ്ങളാണെന്നും അദേഹം പറഞ്ഞു.

മതസഹിഷ്ണുതയും മൈത്രിയും സംരക്ഷിക്കണം: കെ കെ ദേവസ്യ

ഇടുക്കി > മതസഹിഷ്ണതയും മൈത്രിയും സംരക്ഷിച്ചാലേ വര്‍ഗീയതയെ തടയാനാവുകയുള്ളൂവെന്ന് ഹൈറേഞ്ച് സംരക്ഷണസമിതി രക്ഷാധികാരി കെ കെ ദേവസ്യ പറഞ്ഞു. കട്ടപ്പനയില്‍ വര്‍ഗീയവിരുദ്ധ സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്നത്തെ കാലഘട്ടത്തില്‍ മറ്റുമതങ്ങളോടുള്ള അസഹിഷ്ണുത കൂടിവരുകയാണ്. താനുള്‍പ്പെടുന്ന മതവിഭാഗം മറ്റ് വിഭാഗങ്ങള്‍ക്ക് മുകളിലാണെന്ന് പ്രചരിപ്പിക്കുകയും സംഘര്‍ഷമുണ്ടാക്കുകയും ചെയ്യുന്നവരാണ് ഏറെയും. ഗൂഢലക്ഷ്യങ്ങള്‍ക്ക് വേണ്ടി മതങ്ങളെയും ജാതികളെയും തമ്മിലടിപ്പിക്കുന്നവര്‍ നാടിന് ദുരിതംവിതയ്ക്കുന്നു.മാനവരാശിയുടെ ഉന്നമനത്തിന് വിലങ്ങുതടിയാകുന്നത് ഇത്തരത്തിലുള്ള മത വര്‍ഗീയ തീവ്രവാദികളുടെ അസഹിഷ്ണുതയും അക്രമവുമാണ്. ഇതില്‍ പൊലിയുന്നത് നിരപരാധികളുടെ ജീവനും. മതാന്ധതയെ തടഞ്ഞ് മതമൈത്രി സംരക്ഷിക്കേണ്ടവര്‍ തന്നെ വര്‍ഗീയതയുടെ സ്തുതി പാഠകരാവുകയാണ്- കെ കെ ദേവസ്യ പറഞ്ഞു.

ഗുരുവിനെ രാഷ്ട്രീയ മുതലെടുപ്പിന് കരുവാക്കുന്നു: കെ കെ ശിവരാമന്‍

ഇടുക്കി > ശ്രീനാരായണ ഗുരുവിന്റെ സന്ദേശങ്ങള്‍ വളച്ചൊടിച്ച് സംഘപരിവാര്‍ സംഘടനകള്‍ രാഷ്ട്രീയ മുതലെടുപ്പിന് കരുവാക്കുകയാണെന്ന് സിപിഐ ജില്ലാ സെക്രട്ടറി കെ കെ ശിവരാമന്‍ പറഞ്ഞു. കട്ടപ്പനയില്‍ എം ജിനദേവന്‍ പഠനകേന്ദ്രം സംഘടിപ്പിച്ച വര്‍ഗീയവിരുദ്ധ സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചാതുര്‍വര്‍ണ്യത്തെയും ജാതിയേയും അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ബിജെപിയും ആര്‍എസ്എസും ശ്രീനാരായണ ഗുരുവിന്റെ സൂക്തങ്ങള്‍ എങ്ങനെ പ്രാവര്‍ത്തികമാക്കും. 1925ല്‍ ആര്‍എസ്എസ് രൂപീകൃതമായ കാലംമുതലെ ജനങ്ങളെ വര്‍ഗീയ കലാപങ്ങളിലേക്ക് തള്ളിവിട്ടു. സാമൂഹ്യമാറ്റംകുറിക്കുന്ന ഒരു സമരത്തിനും ആര്‍എസ്എസ് നേതൃത്വം കൊടുത്തിട്ടില്ല. പകരം ബാബറി മസ്ജിദ് തകര്‍ത്ത് ജനങ്ങളില്‍ മതസ്പര്‍ധയും വര്‍ഗീയ കലാപങ്ങളും സൃഷ്ടിക്കുകയാണുണ്ടായത്. കേരളത്തില്‍ സാമുദായിക ഉന്നമനത്തിനും മതേതരത്വത്തിനും സാമുദായികമായി ഉണര്‍വ് പകര്‍ന്നത് ശ്രീനാരായണ ഗുരുവിന്റെ ആശയങ്ങളിലൂന്നിയുള്ള പ്രവര്‍ത്തനങ്ങളാണ്. നേര്‍ വിപരീതമായി എസ്സി-എസ്ടി സംവരണങ്ങള്‍ ഒഴിവാക്കണമെന്ന് കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കിയവരാണ് ആര്‍എസ്എസിനെ നയിക്കുന്നവര്‍. ഇതിനെ എസ്എന്‍ഡിപിയും ശ്രീനാരായണീയര്‍ക്കും ഉള്‍ക്കൊള്ളാനാകുമോ. മതമൈത്രിയും മതസഹിഷ്ണുതയും തകര്‍ക്കുന്ന വര്‍ഗീയ നിലപാടുകള്‍ ഒരുതരത്തിലും കേരളമണ്ണില്‍ വേരോടന്‍ അനുവദിച്ചാല്‍ പ്രത്യാഘാതം ഗുരുതരമായിരിക്കും. ഗുരുദര്‍ശനങ്ങള്‍ കേരള സമൂഹത്തിന് വെളിച്ചംനല്‍കിയെങ്കില്‍ സംഘപരിവാര്‍ ശക്തികള്‍ ഇരുട്ടാണ് കൊണ്ടുവരുന്നതെന്നും കെ കെ ശിവരാമന്‍ പറഞ്ഞു.

മതേതര ആശയം എല്ലാവരും ഉള്‍കൊള്ളണം: ജോയ്സ് ജോര്‍ജ് എംപി

കട്ടപ്പന > ഭരണഘടന വിഭാവനം ചെയ്യുന്ന മതേതരആശയം എല്ലാവര്‍ക്കും ഉള്‍കൊള്ളണമെന്ന് അഡ്വ. ജോയ്സ് ജോര്‍ജ് എം പി പറഞ്ഞു. വര്‍ഗീയവിരുദ്ധ സെമിനാറില്‍ സംസാരിക്കുകയായിരുന്നു എം പി. എല്ലാ മതവിഭാഗങ്ങള്‍ക്കും അവരവരുടെ വിശ്വാസങ്ങള്‍ പുലര്‍ത്താനുള്ള സംരക്ഷണം ഭരണകുടം നല്‍കണം. രാജ്യത്തെയും ജനങ്ങളെയും ഓന്നിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനും രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് ബാധ്യതയുണ്ട്. ആ ധര്‍മമാണ് സിപിഐ എം നിറവേറ്റുന്നത്.

deshabhimani 170915

No comments:

Post a Comment