Monday, September 21, 2015

സംഘികള്‍ ചെയ്തുകൊണ്ടിരിക്കുന്നത് ഭാഗം 3

കഴിഞ്ഞ കുറെ മാസങ്ങളിലായി സംഘപരിവാര്‍ വിവിധ മണ്ഡലങ്ങളില്‍ നടത്തിക്കൊണ്ടിരിക്കുന്ന പലവിധത്തിലുള്ള ഇടപെടലുകളെ സംബന്ധിച്ച വാര്‍ത്തകള്‍ ഒരിടത്ത് ശേഖരിക്കാന്‍ ഒരു ചെറിയ ശ്രമം.ഭാഗം 3

ഒന്നാം ഭാഗം 

രണ്ടാം ഭാഗം

പെരുമാള്‍ മുരുഗന്‍ എഴുത്ത് മതിയാക്കി
on 14-January-2015
ചെന്നൈ: ഹിന്ദുത്വസംഘടനകളുടെ എതിര്‍പ്പിനെ തുടര്‍ന്ന് എഴുത്ത് എന്നന്നേക്കുമായി നിര്‍ത്തുകയാണെന്ന് പ്രശസ്ത തമിഴ് എഴുത്തുകാരന്‍ പെരുമാള്‍ മുരുഗന്‍. അദ്ദേഹത്തിന്റെ "മധോരുഭഗന്‍' എന്ന നോവലിനെതിരെ ഹിന്ദുത്വസംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു."പെരുമാള്‍ മുരുഗന്‍ എന്ന എഴുത്തുകാരന്‍ മരിച്ചു. ദൈവമല്ലാത്തതിനാല്‍ പുനര്‍ജന്മം ഉണ്ടാകില്ല. വിശ്വാസിയല്ലാത്തതിനാല്‍ പുനര്‍ജന്മത്തില്‍ വിശ്വസിക്കുന്നുമില്ല. സാദാ സ്കൂള്‍ ടീച്ചര്‍ പി മുരുഗനായി ജീവിക്കും. ജീവിക്കാന്‍ അനുവദിക്കുക'- മുരുഗന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. തിങ്കളാഴ്ച നാമക്കലില്‍ നടന്ന സമാധാനയോഗത്തില്‍ ചിലര്‍ നടത്തിയ രൂക്ഷപരാമര്‍ശങ്ങള്‍ മുരുഗനെ വേദനിപ്പിച്ചെന്നും എഴുത്ത് മതിയാക്കാനുള്ള തീരുമാനത്തിന് കാരണമായത് ഇതാകാമെന്നും മുരുഗന്റെ അടുത്ത സുഹൃത്തുക്കള്‍ മാധ്യമങ്ങളോടു പറഞ്ഞു.

പ്രസാധകരായ കാലചുവട്, നാട്രിനയ്, അടയാളം, മാലൈഗള്‍, കായല്‍കവിന്‍ എന്നിവരോട് തന്റെ ചെറുകഥാസമാഹാരങ്ങളോ നോവലുകളോ കവിതകളോ മറ്റു പുസ്തകങ്ങളോ വില്‍ക്കരുതെന്നും പെരുമാള്‍ മുരുഗന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രസിദ്ധീകരിക്കാന്‍ ചെലവായ തുകയും വിറ്റുപോകാത്ത പുസ്തകങ്ങള്‍ക്കുള്ള നഷ്ടപരിഹാരവും നല്‍കാന്‍ തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു. "എന്റെ പുസ്തകങ്ങള്‍ വാങ്ങിയവര്‍ക്ക്, അതെല്ലാം തീയിലിട്ട് നശിപ്പിക്കാം. ആവശ്യപ്പെടുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ തയ്യാറാണ്'- അദ്ദേഹം പറഞ്ഞതായി അടുപ്പമുള്ളവര്‍ പറഞ്ഞു. സാഹിത്യോത്സവങ്ങള്‍ക്കോ പൊതുപരിപാടികള്‍ക്കോ എഴുത്തുകാരനെന്ന നിലയില്‍ ആരും ക്ഷണിക്കരുത്. താന്‍ എഴുത്ത് മതിയാക്കിയ സാഹചര്യത്തില്‍ മത, ജാതിസംഘടനകള്‍ ദയവുചെയ്ത് പ്രതിഷേധം അവസാനിപ്പിക്കണമെന്നും മുരുഗന്‍ ആവശ്യപ്പെട്ടു. തിരുച്ചെങ്കോട് അര്‍ധനാരീശ്വരി ക്ഷേത്രത്തില്‍ കുടുംബാംഗങ്ങളുടെ മറ്റും അനുമതിയോടെ നടന്നിരുന്ന ലൈംഗികബന്ധങ്ങള്‍ മുരുഗന്‍ നോവലില്‍ ചിത്രീകരിച്ചിരുന്നു. ഇതാണ് ഹിന്ദുത്വസംഘടനകളെ ചൊടിപ്പിച്ചത്. കുട്ടികളില്ലാത്ത ദമ്പതികളുടെ ദുഃഖം പ്രമേയമാക്കിയ നോവലാണ് "മധോരുഭഗന്‍'. കുട്ടികളില്ലാത്ത സ്ത്രീ ഭര്‍ത്താവിന്റെ അനുമതിയോടു കൂടി അന്യപുരുഷനുമായി ലൈംഗികബന്ധം പുലര്‍ത്തുന്ന "നിയോഗധര്‍മം' മഹാഭാരതത്തില്‍ വരെയുള്ളതാണെന്നും ഇത് ഭാരതീയപാരമ്പര്യത്തിന് അന്യമല്ലെന്നും മുരുഗനെ പിന്തുണയ്ക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നു.

സയന്‍സ് കോണ്‍ഗ്രസിലും സംഘിശാസ്ത്രം
on 06-January-2015

മുംബൈ: പ്രാചീന ഇന്ത്യയുമായി ബന്ധപ്പെട്ട പല മിത്തുകളെയും ശാസ്ത്രത്തോട് കൂട്ടിച്ചേര്‍ത്ത് ഹൈന്ദവ അജന്‍ഡ അടിച്ചേല്‍പ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമം. മുംബൈ സര്‍വകലാശാലയില്‍ നടക്കുന്ന 102-ാം ശാസ്ത്രകോണ്‍ഗ്രസാണ് ഇതിന് വേദിയായത്. ഗ്രഹാന്തരയാത്രകള്‍പോലും സാധ്യമായ വിമാനങ്ങള്‍ 9000 വര്‍ഷങ്ങള്‍ക്കുമുമ്പേ ഇന്ത്യയില്‍ ഉണ്ടായിരുന്നുവെന്നാണ് ശാസ്ത്ര കോണ്‍ഗ്രസില്‍ അവകാശവാദം. അള്‍ജിബ്രയും പൈതഗോറസ് സിദ്ധാന്തവും ഇന്ത്യയിലാണ് ഉത്ഭവിച്ചതെങ്കിലും അതിന്റെ അംഗീകാരം മറ്റു രാജ്യത്തുള്ളവരാണ് കൊണ്ടുപോയതെന്ന് ശാസ്ത്രസാങ്കേതികമന്ത്രി ഹര്‍ഷവര്‍ധന്‍ ശാസ്ത്രകോണ്‍ഗ്രസില്‍ അഭിപ്രായപ്പെട്ടതും വിവാദമായി.

ഉദ്ദേശം 30,000 ശാസ്ത്രജ്ഞര്‍ അംഗങ്ങളായ രാജ്യത്തെ സുപ്രധാന ശാസ്ത്രസംഘടന ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസ് അസോസിയേഷനാണ് (ഐഎസ്സിഎ) കോണ്‍ഗ്രസ് സംഘടിപ്പിക്കുന്നത്. വേദങ്ങളിലെ പൗരാണിക വ്യോമയാന സാങ്കേതികവിദ്യയെക്കുറിച്ച് പൈലറ്റ് പരിശീലനകേന്ദ്രത്തില്‍നിന്ന് പ്രിന്‍സിപ്പലായി വിരമിച്ച ക്യാപ്റ്റന്‍ ആനന്ദ് ജെ ബോദാസിന്റെ പ്രഭാഷണത്തിലാണ് പ്രാചീനകാല വിമാനത്തെക്കുറിച്ച് പരാമര്‍ശിക്കുന്നത്. "പൗരാണികശാസ്ത്രങ്ങള്‍ സംസ്കൃതത്തിലൂടെ' എന്ന സിംപോസിയത്തിലായിരുന്നു ബോദാസിന്റെ പ്രഭാഷണം.

പൗരാണിക ഇന്ത്യയില്‍ വ്യോമയാന സാങ്കേതികത നിലവിലുണ്ടായിരുന്നുവെന്നാണ് ബോദാസ് സമര്‍ഥിച്ചത്. ഇതേക്കുറിച്ച്് ഋഗ്വേദത്തില്‍ പരാമര്‍ശമുണ്ട്. രാജ്യാന്തരയാത്രകള്‍ക്കും ഗ്രഹാന്തരയാത്രകള്‍ക്കും ഇന്ത്യയില്‍ വിമാനം ഉപയോഗിച്ചിരുന്നതായി മഹര്‍ഷി ഭരദ്വാജ് 9000 വര്‍ഷങ്ങള്‍ക്കുമുമ്പ് പറഞ്ഞിട്ടുണ്ട്. ജംബോ വിമാനങ്ങളടക്കം നിരവധി വിമാനങ്ങള്‍ നൂറ്റാണ്ടുകള്‍ക്കുമുമ്പേ ഇന്ത്യയില്‍ പറന്നിരുന്നു. അന്നത്തെ റഡാര്‍ സംവിധാനത്തിന് രൂപാര്‍കന്‍ രഹസ്യ എന്നാണ് പേര്്. വിമാനം നിര്‍മിക്കാനുള്ള വിവിധതരം ലോഹസങ്കരങ്ങളെക്കുറിച്ച് വിമാനസംഹിത എന്ന പുസ്തകത്തില്‍ മഹര്‍ഷി ഭരദ്വാജ് വിവരിക്കുന്നുണ്ടെന്നും ബോദാസ് അവകാശപ്പെടുന്നു. ലോകപ്രശസ്ത ശാസ്ത്രജ്ഞരടക്കം ഇതിനെതിരെ പ്രതിഷേധവുമായി രംഗത്തുവന്നു. ഫെയ്സ്ബുക്കടക്കമുള്ള സോഷ്യല്‍ മീഡിയകളിലും ഇതിലെ യുക്തിരാഹിത്യത്തെക്കുറിച്ചും സംഘപരിവാര്‍ നീക്കത്തെക്കുറിച്ചും ചര്‍ച്ച തുടങ്ങി.

രാഷ്ട്രീയ സംഘടനകളുടെ പിന്തുണയോടെയാണ് ഇത്തരം നീക്കങ്ങള്‍ നടക്കുന്നതെന്നും ഇത് അപലപനീയമാണെന്നും നാസയുടെ ഏജന്‍സിയായ കാലിഫോര്‍ണിയയിലെ എംസ് റിസര്‍ച്ച് സെന്ററിലെ ശാസ്ത്രജ്ഞന്‍ ഡോ. രാംപ്രസാദ് സീതാരാമന്‍ പറഞ്ഞു. ശാസ്ത്രത്തില്‍ മിത്തുകള്‍ കലര്‍ത്തുന്നതിനെതിരെയും അദ്ദേഹം ശക്തിയായി പ്രതിഷേധിച്ചു. ശാസ്ത്രകോണ്‍ഗ്രസിലെ ഈ സെഷന്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി ലോകപ്രശസ്ത ശാസ്ത്രജ്ഞരുടെ ഒപ്പിട്ട നിവേദനവും അദ്ദേഹം നല്‍കി.വായു ഇല്ലാത്തിടത്തുകൂടി വിമാനമോടിക്കാനാകില്ലെന്ന അടിസ്ഥാനവിവരം ഇല്ലാത്തയാളാണ് ആനന്ദ് ജെ ബോദാസ് എന്നു കരുതാനാകില്ലെന്ന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യുട്ട് ഫോര്‍ ഇന്റര്‍ഡിസിപ്ലിനറി സയന്‍സ് ആന്‍ഡ് ടെക്നോളജി (എന്‍ഐഐഎസ്ടി)യിലെ ഗവേഷകനായ വൈശാഖന്‍ തമ്പി ഫെയ്സ്ബുക്കില്‍ കുറിക്കുന്നു. അത് നല്‍കുന്ന സന്ദേശം ചിരിപ്പിക്കുന്നതല്ല, ഭയപ്പെടുത്തുന്നതാണ്. നമ്മള്‍ കരുതുന്ന വഴികളിലൂടൊന്നുമല്ല ഫാസിസം കടന്നുവരുന്നതെന്നും അദ്ദേഹം കുറിക്കുന്നു.

സയന്‍സ് കോണ്‍ഗ്രസിലെ പ്രബന്ധം; സംഘിശാസ്ത്രത്തിനെതിരെ പ്രതിഷേധം
on 06-January-2015

ന്യൂഡല്‍ഹി: വേദങ്ങളെയും മിത്തുകളെയും ശാസ്ത്രത്തോട് കൂട്ടിച്ചേര്‍ത്ത് ഹൈന്ദവ അജന്‍ഡ അടിച്ചേല്‍പ്പിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം വ്യാപകം. മുംബൈയില്‍ നടക്കുന്ന സയന്‍സ് കോണ്‍ഗ്രസില്‍ വേദകാലത്തില്‍ വിമാനങ്ങള്‍ ഉണ്ടായിരുന്നുവെന്നതടക്കമുള്ള അബദ്ധപ്രബന്ധങ്ങളാണ് അവതരിപ്പിച്ചത്. ഇതിനെതിരെയാണ് ശാസ്ത്രലോകത്തെയും അക്കാദിക് രംഗത്തെയും പ്രമുഖര്‍ രംഗത്തെത്തിയത്. സംഘപരിവാര്‍ അജന്‍ഡ കുത്തിത്തിരുകാനുള്ള നീക്കത്തില്‍ ദേശീയ മാധ്യമങ്ങളടക്കം ഉല്‍ക്കണ്ഠ പ്രകടിപ്പിച്ചു. സയന്‍സ് കോണ്‍ഗ്രസിന്റെ ഗൗരവം കുറക്കാന്‍ ഇത്തരം നീക്കങ്ങള്‍ വഴിവെക്കുമെന്ന് ദി ഹിന്ദു മുഖപ്രസംഗമെഴുതി.

ഇത്തരം പ്രധാന വേദികളില്‍ ഇതുപോലുള്ള അസംബന്ധങ്ങള്‍ അവതരിപ്പിക്കാന്‍ ഇടയായത് ബിജെപി അധികാരത്തില്‍ എത്തിയതുകൊണ്ടുമാത്രമാണെന്നായിരുന്നു ഡല്‍ഹി സയന്‍സ് ഫോറത്തിലെ എന്‍ ഡി ജയപ്രകാശിന്റെ പ്രതികരണം. ഇന്ത്യ ജ്യോതിശാസ്ത്രരംഗത്ത് സംഭാവനകള്‍ നല്‍കിയിരുന്നെങ്കിലും ഏഴായിരം വര്‍ഷം മുപ് വിമാനമുണ്ടായിരുവെന്നത് തമാശ മാത്രമാണണെന്ന് അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയടക്കം ചരിത്രത്തെ വളച്ചൊടിക്കുന്നു. ചരിത്ര കോണ്‍ഗ്രസിലും മറ്റും കണ്ടത് അതാണ്. പാഠപുസ്തകങ്ങളിലടക്കം ഇത്തരം വളച്ചൊടിക്കലുകള്‍ നടക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചരിത്രത്തെ ഗവേഷണങ്ങള്‍ക്ക് പ്രയോജനകരമാംവണ്ണം ഉപയോഗിക്കുകയാണ് വേണ്ടതെന്ന് ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബ് പ്രതികരിച്ചു.

ആധുനിക ശാസ്ത്രലോകത്തെ ഗൗരവമായി സമീപിക്കുന്ന വേദിയായ സയന്‍സ് കോണ്‍ഗ്രസില്‍ ഇത്തരം പ്രബന്ധങ്ങള്‍ അവതരിപ്പിക്കപ്പെട്ടതിനെ വിമര്‍ശിച്ച ഹിന്ദു മുഖപ്രസംഗം ശാസ്ത്രം നിലനില്‍ക്കുന്നത് ഉല്‍പാദനപരമായ ഫലപ്രാപ്തിയിലാണെന്ന് പറയുന്നു. ഭാവന നിറഞ്ഞ മിത്തുകളും മറ്റും ശാസ്ത്രത്തിന് മുന്നില്‍ അവതരിപ്പിക്കുന്നത് ആശാവഹമല്ലെന്നും മുഖപ്രസംഗം പറയുന്നു. സോഷ്യല്‍ മീഡിയകളിലടക്കം വന്‍ പ്രതികരണമാണ് സയന്‍സ് കോണ്‍ഗ്രസിലെ പ്രബന്ധത്തിനെതിരായുള്ളത്. പ്രബന്ധം പിന്‍വലിക്കണമെന്ന ആവശ്യവും പ്രമുഖ ശാസ്ത്രജ്ഞര്‍ ഉന്നയിച്ചിട്ടുണ്ട്.

ഹരിയാനയിലെ സ്കൂളുകളില്‍ ഗീതപഠനം നിര്‍ബന്ധമാക്കുന്നു
on 01-January-2015

ന്യൂഡല്‍ഹി: സ്കൂളുകളില്‍ ഗീതപഠനം നിര്‍ബന്ധമാക്കാന്‍ ഹരിയാന സര്‍ക്കാര്‍ ശ്രമം. അഞ്ചുമുതല്‍ എട്ടുവരെ ക്ലാസുകളിലെ കുട്ടികള്‍ അടുത്ത അധ്യയനവര്‍ഷംമുതല്‍ ഭഗവദ്ഗീത നിര്‍ബന്ധമായും പഠിച്ചിരിക്കണമെന്നാണ് സര്‍ക്കാര്‍നിര്‍ദേശം.ഗീത പഠിപ്പിക്കാനുള്ള സര്‍ക്കാര്‍നീക്കത്തെക്കുറിച്ച് നേരത്തെതന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇക്കാര്യം കഴിഞ്ഞ ദിവസം ഹരിയാന വിദ്യാഭ്യാസമന്ത്രി രാം വിലാസ് ശര്‍മ വ്യക്തമാക്കി.ആര്‍എസ്എസ്സുകാരനായ ദിനാഥ് ബത്രയെ സര്‍ക്കാര്‍ വിദ്യാഭ്യാസമേഖലയിലെ ഉപദേശകനായി നിയോഗിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഗീതപഠനം നിര്‍ബന്ധമാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം. സംഘപരിവാര്‍ ചിന്തകള്‍ പൊതുസമൂഹത്തില്‍ അടിച്ചേല്‍പ്പിക്കുന്ന ബത്ര നേരത്തെയും വിവാദങ്ങളില്‍പ്പെട്ടിരുന്നു. കൗരവകുലത്തിന്റെ ജനം ക്ലോണിങ്ങിന്റെ ആദ്യ രൂപമാണെന്നും ഋഗ്വേദകാലത്തുതന്നെ വാഹനങ്ങളുടെ ആദി സങ്കല്‍പ്പമുണ്ടായിരുന്നു എന്നുമുള്ള അഭിപ്രായങ്ങള്‍ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയ ബത്രയുടെ വാദങ്ങള്‍ നേരത്തെ വിവാദമായിട്ടുണ്ട്്.

ക്രിസ്മസ് അവധി നിഷേധിച്ച് സദ്ഭരണ ദിനാചരണം
on 25-December-2014

ന്യൂഡല്‍ഹി: ക്രിസ്മസിന് ജീവനക്കാര്‍ക്കും സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കും അവധി നല്‍കാതെ കേന്ദ്രസര്‍ക്കാരിന്റെ "സദ്ഭരണദിനാചരണം'. മുന്‍ പ്രധാനമന്ത്രി എ ബി വാജ്പേയിയുടെ ജന്മദിനത്തോടനുബന്ധിച്ചാണ് മോഡിസര്‍ക്കാര്‍ ക്രിസ്മസ് ദിനം സദ്ഭരണദിനമായി ആചരിക്കാന്‍ തീരുമാനിച്ചത്.കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരോട് വ്യാഴാഴ്ച ഓഫീസുകളില്‍ ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. സദ്ഭരണദിനാചരണത്തിന്റെ പേരില്‍ ക്രിസ്മസ് ദിനത്തില്‍ സ്കൂളുകള്‍ തുറന്നുപ്രവര്‍ത്തിപ്പിക്കാനും വിദ്യാര്‍ഥികള്‍ക്ക് ഉപന്യാസമത്സരങ്ങളും മറ്റും സംഘടിപ്പിക്കാനും തീരുമാനിച്ചിരുന്നു. പ്രതിഷേധമുയര്‍ന്ന സാഹചര്യത്തില്‍ പിന്‍വലിക്കുകയായിരുന്നു.

2021ഓടെ ക്രിസ്ത്യാനികളും മുസ്ലിങ്ങളും ഇല്ലാതാകുമെന്ന് ഹിന്ദുനേതാവ്
on 22-December-2014

മീററ്റ്: 2021ഓടെ രാജ്യം മുസ്ലിം, ക്രിസ്ത്യന്‍ മതവിശ്വാസികളില്‍ നിന്ന് മുക്തമാകുമെന്ന്് ഹിന്ദു ജാഗരണ്‍ സമിതി നേതാവ്. വടക്കന്‍ ഉത്തര്‍പ്രദേശിലെ ഡിജെഎസ് നേതാവ് രാജേശ്വര്‍സിങ്ങാണ് ഇറ്റായില്‍ നടന്ന പൊതുചടങ്ങില്‍ വിവാദപരാമര്‍ശം നടത്തിയത്. തര്‍ക്കെത്തെ തുടര്‍ന്ന് തല്‍ക്കാലം മാറ്റിവച്ച അലിഗഡിലെ മതംമാറ്റല്‍ ചടങ്ങ് ജനുവരിയില്‍ നടത്തുമെന്നും സിങ് അറിയിച്ചു. ""രാജ്യത്ത് മുസ്ലിങ്ങളോ ക്രിസ്ത്യാനികളോ ഉണ്ടായിരുന്നില്ല. എല്ലാവരും ഹിന്ദുക്കളാണ്. 2021ഓടെ ഇവിടെയുള്ള മുഴുവന്‍ മുസ്ലിമുകളെയും ക്രിസ്ത്യാനികളെയും ഇല്ലാതാക്കുകയാണ് ലക്ഷ്യം. ''- രാജേശ്വര്‍സിങ് പറഞ്ഞു.

ഗോഡ്സെയെ വാഴ്ത്തുന്ന ഡോക്യുമെന്ററി ജനു.30ന്: ഹിന്ദുമഹാസഭ
on 21-December-2014

ന്യൂഡല്‍ഹി: നാഥുറാം ഗോഡ്സെയുടെ പ്രവര്‍ത്തനങ്ങളെ വാഴ്ത്തുന്ന ഡോക്യുമെന്ററി ഗാന്ധിജിയുടെ രക്തസാക്ഷിദിനത്തില്‍ പ്രദര്‍ശനത്തിനെത്തിക്കുമെന്ന് ഹിന്ദുമഹാസഭ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഗോഡ്സെയുടെ പ്രതിമകള്‍ സ്ഥാപിക്കാന്‍ കേന്ദ്രസര്‍ക്കാരില്‍നിന്ന് അനുവാദം തേടിയതിന് പിന്നാലെയാണ് ഗാന്ധിഘാതകനെക്കുറിച്ചുള്ള "ദേശ്ഭക്ത് നാഥുറാം' പുറത്തിറക്കുന്നത്.ജനുവരി 30ന് ചിത്രം രാജ്യത്തെ വിവിധ കേന്ദ്രങ്ങളില്‍ റിലീസ് ചെയ്യുമെന്ന് ഹിന്ദുമഹാസഭ ജനറല്‍ സെക്രട്ടറി മുന്ന കുമാര്‍ ശര്‍മ വ്യക്തമാക്കി. ഗോഡ്സെയുടെ ജീവചരിത്രം വിവരിക്കുന്ന ഡോക്യുമെന്ററിയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ഗോഡ്സെ ദേശീയതയ്ക്ക് നല്‍കിയ സംഭാവന മാത്രമല്ല, ഹിന്ദുക്കള്‍ക്കെതിരെ ഗാന്ധിജി എങ്ങനെ പ്രവര്‍ത്തിച്ചെന്നതും ചിത്രത്തില്‍ പറയുമെന്ന് ശര്‍മ വ്യക്തമാക്കി.രാജ്യത്ത് ഇതുവരെ ഗോഡ്സെയെ മോശമായാണ് ചിത്രീകരിച്ചത്്. കോണ്‍ഗ്രസ് അധികാരത്തിലുള്ളപ്പോള്‍ ഭരണം ഉപയോഗിച്ചാണ് ഇങ്ങനെ വരുത്തിത്തീര്‍ത്തത്. ഇത് തുറന്നുകാണിക്കുകയാണ് ഡോക്യുമെന്ററിയിലൂടെ ഉദ്ദേശിക്കുന്നതെന്നുമാണ് ഹിന്ദു മഹാസഭയുടെ വിശദീകരണം. നരേന്ദ്രമോഡിയുടെ കീഴില്‍ തങ്ങളോട് അനുഭാവം പുലര്‍ത്തുന്ന സര്‍ക്കാരാണ് നിലവിലുള്ളതെന്നും ഈ അവസരം ഉപയോഗിച്ച് ഗോഡ്സെയുടെ മോശം പ്രതിച്ഛായ മാറ്റുകയാണ് ഹിന്ദുമഹാസഭയുടെ ലക്ഷ്യം.

ഇന്ത്യന്‍ മുസ്ലിങ്ങളുടെ പൂര്‍വികര്‍ ഹിന്ദുക്കളെന്ന് തൊഗാഡിയ
on 18-December-2014

അഹമ്മദാബാദ്: ഇന്ത്യയിലെ മുസ്ലിം, ക്രിസ്ത്യന്‍ വിഭാഗക്കാരുടെ പൂര്‍വികര്‍ ഹിന്ദുക്കളാണെന്ന് വിശ്വഹിന്ദു പരിഷത്ത് നേതാവ് പ്രവീണ്‍ തൊഗാഡിയ. മുഗള്‍ ചക്രവര്‍ത്തിമാര്‍ തോക്കിന്‍മുനയില്‍ നിര്‍ത്തി ബലപ്രയോഗത്തിലൂടെയാണ് ഹിന്ദുക്കളെ ഇസ്ലാംമതത്തിലേക്ക് മതം മാറ്റിയതെന്നും അദ്ദേഹം പറഞ്ഞു. ഗുജറാത്തിലെ ഭാവ്നഗറില്‍ വിഎച്ച്പിയുടെ സുവര്‍ണജൂബിലി ആഘോഷത്തില്‍ സംസാരിക്കുകയായിരുന്നു തൊഗാഡിയ.

ഗാന്ധിജിയുടെ ഘാതകന് പ്രതിമയുമായി ഹിന്ദുമഹാസഭ
on 18-December-2014

ന്യൂഡല്‍ഹി: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ഘാതകന്‍ നാഥുറാം ഗോഡ്സെയുടെ പ്രതിമ രാജ്യത്തെ അഞ്ച് നഗരങ്ങളില്‍ സ്ഥാപിക്കാന്‍ ഹിന്ദുമഹാസഭ ഒരുങ്ങുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് സര്‍ക്കാരിന് കത്ത് നല്‍കുമെന്നും അനുമതി ലഭിച്ചില്ലെങ്കിലും പ്രതിമകള്‍ സ്ഥാപിക്കാനുള്ള പദ്ധതിയുമായി മുന്നോട്ടുപോകുമെന്നും ഹിന്ദുമഹാസഭാ അധ്യക്ഷന്‍ ചന്ദ്രപ്രകാശ് കൗശിക് പറഞ്ഞു.

ധാരാളം മഹാന്മാരുടെ പ്രതിമകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഗോഡ്സെയുടെ പ്രതിമമാത്രം ഒരിടത്തുമില്ല. ഗോഡ്സെ ഗാന്ധിജിയോട് ചെയ്തത് അതിക്രമമാണെന്ന് ഞങ്ങള്‍ കരുതുന്നില്ല. അദ്ദേഹം ബ്രാഹ്മണനും പത്രാധിപരുമായിരുന്നു- കൗശിക് പറഞ്ഞു. ഗാന്ധിജിയെപ്പോലെതന്നെ ഗോഡ്സെ രാജ്യസ്നേഹിയാണെന്ന് ബിജെപി എംപി സാക്ഷി മഹാരാജ് ഈയിടെ പ്രസ്താവിച്ചിരുന്നു. പാര്‍ലമെന്റില്‍ പ്രതിഷേധം ഉയര്‍ന്നതിനെത്തുടര്‍ന്ന് സാക്ഷി മഹാരാജ് പിന്നീട് ഖേദം പ്രകടിപ്പിച്ചു.

അതേസമയം, രാജ്യത്തിനുവേണ്ടി ജീവന്‍ ബലികഴിച്ച വ്യക്തിയായിട്ടാണ് ഗോഡ്സെയെ ഹിന്ദുമഹാസഭ കരുതുന്നത്. ഇക്കഴിഞ്ഞ നവംബറില്‍ ഗോഡ്സെയുടെ ചരമവാര്‍ഷികം ഹിന്ദുമഹാസഭ ബലിദാന്‍ ദിവസമായി ആചരിച്ചു.

ബാബറി മസ്ജിദ് പൊളിച്ചത് ഹിന്ദു ഐക്യം: യോഗി ആദിത്യനാഥ്
on 16-December-2014

ന്യൂഡല്‍ഹി: മതം മാറിയവരെ ഹിന്ദുമതത്തിലേക്ക് കൊണ്ടുവരാനുള്ള നീക്കങ്ങളില്‍ ഇടപെടരുതെന്ന് ഗൊരഖ്പുരില്‍നിന്നുള്ള ബിജെപി എംപി യോഗി ആദിത്യനാഥ്. നിര്‍ബന്ധിതമായി മതംമാറ്റപ്പെട്ടവര്‍ക്ക് തിരിച്ചുവരാനുള്ള അവസരമാണ് ഇത്. 1992ല്‍ ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടപ്പോള്‍ ഹിന്ദുക്കള്‍ ഒറ്റക്കെട്ടായെന്നും ആദിത്യനാഥ് പറഞ്ഞു. ഹിന്ദുക്കളുടെ ശക്തി തിരിച്ചറിയണം. ഹിന്ദുക്കളെ മതംമാറ്റിയപ്പോള്‍ മിണ്ടാതിരുന്ന പ്രതിപക്ഷം ഇപ്പോള്‍ അവര്‍ തിരിച്ചുവരുമ്പോള്‍ പ്രതിഷേധിക്കുകയാണ്. സാന്താക്ലോസ് സമ്മാനങ്ങളുമായി വരുന്നതിനെയും ആദിത്യനാഥ് വിമര്‍ശിച്ചു. ബന്ധുക്കളായാലും ചെകുത്താന്മാരാണെങ്കില്‍ പുറന്തള്ളണമെന്ന കൃഷ്ണന്റെ തത്വവും യോഗി പറഞ്ഞു. ഒരു ചെകിട്ടത്ത് അടിക്കുന്നവന് മറ്റേ ചെകിടും കാട്ടണമെന്ന ആശയത്തെയും യോഗി വിമര്‍ശിച്ചു.

പൊതുസിവില്‍കോഡ് അനിവാര്യം: നിയമമന്ത്രി
by സ്വന്തം ലേഖകന്‍ on 13-December-2014

ന്യൂഡല്‍ഹി: രാജ്യത്ത് പൊതുസിവില്‍കോഡ് അനിവാര്യമാണെന്ന് നിയമമന്ത്രി സദാനന്ദഗൗഡ. ഭരണഘടനയുടെ 44-ാംവകുപ്പ് പൊതുസിവില്‍കോഡ് രാജ്യത്തുണ്ടാകണമെന്ന് അനുശാസിക്കുന്നു. സുപ്രീംകോടതിയുടെ പല വിധികളും ഇക്കാര്യം എടുത്തുപറഞ്ഞിട്ടുണ്ടെന്നും രാജ്യസഭയില്‍ ചോദ്യോത്തരവേളയില്‍ ഗൗഡ പറഞ്ഞു. ഹിന്ദുത്വ അജന്‍ഡകളിലൊന്നായ പൊതുസിവില്‍കോഡിനെ ശക്തമായി അനുകൂലിച്ച് പാര്‍ലമെന്റിലാണ് നിയമമന്ത്രി പ്രസ്താവന നടത്തിയത്.എല്ലാ കാര്യത്തിലും വ്യക്തതയോടെമാത്രമേ പൊതുസിവില്‍ കോഡിലേക്ക് നീങ്ങാവൂവെന്ന് മന്ത്രി പറഞ്ഞു. ഭരണഘടന അനുശാസിക്കുന്ന രീതിയിലേക്ക് നീങ്ങേണ്ടത് നമ്മുടെ കടമയാണ്. ഇത് നടപ്പാക്കേണ്ടത് അനിവാര്യമാണ്; എന്നാല്‍ അതിനുമുന്നോടിയായി എല്ലാ മേഖലയില്‍നിന്നുള്ളവരുമായും ചര്‍ച്ച നടത്തും.

നടപടി ആവിഷ്കരിക്കണം. പ്രശ്നങ്ങള്‍ കണ്ടെത്തി പാര്‍ലമെന്റിനകത്തും പുറത്തും ചര്‍ച്ചചെയ്യുകയും ചെയ്യണം. ഞങ്ങള്‍ ഇതിനുള്ള ശ്രമത്തിലാണ്. പാര്‍ലമെന്റില്‍ ഇക്കാര്യം അവതരിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. ഇതിനിടെ, അലിഗഡില്‍ 25ന് മതപരിവര്‍ത്തനമേള നടത്താന്‍ സംഘപരിവാര്‍ സംഘടന വന്‍തോതില്‍ പണപ്പിരിവ് നടത്തുകയാണ്. മതപരിവര്‍ത്തനത്തിന് വിധേയരാകുന്ന മുസ്ലിങ്ങള്‍ക്ക് അഞ്ചുലക്ഷവും ക്രൈസ്തവര്‍ക്ക് രണ്ടുലക്ഷവുമാണ് വാഗ്ദാനം. മൊത്തം ലക്ഷംപേരെ മതംമാറ്റാനാണ് ലക്ഷ്യമിടുന്നത്. ക്രിസ്മസ്ദിനത്തിലെ പരിപാടിയില്‍ അയ്യായിരത്തോളം മുസ്ലിങ്ങളെയും ക്രൈസ്തവരെയും മതംമാറ്റുമെന്നാണ് ബിജെപി എംപി യോഗി ആദിത്യനാഥ് അവകാശപ്പെടുന്നത്. പരിപാടിക്ക് ജില്ലാ അധികൃതര്‍ അനുമതി നിഷേധിച്ചാലും മുന്നോട്ടുതന്നെ പോകുമെന്ന് രാജേശ്വര്‍സിങ് പറഞ്ഞു.

അയോദ്ധ്യയില്‍ രാമക്ഷേത്രം പണിയണമെന്ന് യുപി ഗവര്‍ണര്‍
on 12-December-2014

ന്യൂഡല്‍ഹി: അയോദ്ധ്യയില്‍ ബാബ്റി മസ്ജിദ് തകര്‍ത്ത സ്ഥലത്ത് രാമക്ഷേത്രം പണിയണമെന്ന ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ രാം നായികിന്റെ പ്രസ്താവന വിവാദമാകുന്നു. ഇത് ജനങ്ങളുടെ ആഗ്രഹമാണെന്നും അത് നിറവേറ്റപ്പെടണമെന്നും അതിന് സര്‍ക്കാരിന് ബാധ്യതയുണ്ടെന്നും കൂട്ടിചേര്‍ക്കാന്‍ രാം നായിക് മറന്നില്ല.നേരത്തെ രാം നായികിന്റെ പല പ്രസ്താവനകളും വിവാദമായിടുടള്ളതാണ്.

അയോദ്ധ്യക്കടുത്ത് ഒരു സര്‍വ്വകലാശാലയില്‍ പരിപാടിക്കെത്തിയതായിരുന്നു ഗവര്‍ണര്‍. പ്രസ്താവന വിശദമാക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടപ്പോര്‍ പറഞ്ഞത് ആവര്‍ത്തിക്കുന്നുവെന്നായിരുന്നു മറുപടി. ബിജെപിയുടെ മുന്‍ പാര്‍ലമെന്റേറിയനും യൂണിയന്‍ മന്ത്രിയുമായിരുന്നു രാം നായികിനെ കഴിഞ്ഞ ജൂലൈയിലാണ് ഉത്തര്‍പ്രദേശ് ഗവര്‍ണറായി നിയമിച്ചത്.

ബിജെപിയെ എതിര്‍ക്കുന്നവര്‍ ജാര സന്തതികളെന്ന് കേന്ദ്രമന്ത്രി
on 02-December-2014

ന്യൂഡല്‍ഹി: ബിജെപിയെ എതിര്‍ക്കുന്നവര്‍ ജാര സന്തതികളാണെന്ന് കേന്ദ്രമന്ത്രി. ന്യൂഡല്‍ഹിയില്‍ ബിജെപിയുടെ പ്രചാരണ യോഗത്തില്‍ പ്രകോപനപരമായി പ്രസംഗിച്ച മന്ത്രി സാധ്വി നിരഞ്ജന്‍ ജ്യോതി രാജിവെക്കണമെന്ന് പ്രതിപക്ഷം ലോക്സഭയില്‍ ആവശ്യപ്പെട്ടു

.ഡല്‍ഹി തെരഞ്ഞെടുപ്പില്‍ രാമന്റെ മക്കളും (രാംസാദോന്‍) ജാര സന്തതികളും (ഹറാംസാദോന്‍) തമ്മിലാണ് മത്സരമെന്നായിരുന്നു മന്ത്രിയുടെ പ്രസംഗം. യുപിയില്‍ നിന്നുള്ള എംപിയാണ് സാധ്വി നിരഞ്ജന്‍ ജ്യോതി. ലോക്സഭയില്‍ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് സഭ നിര്‍ത്തേണ്ടിവന്നു. പിന്നീട് മന്ത്രി ഖേദം പ്രകടിപ്പിച്ചു.

മറ്റൊരു ബിജെപി മന്ത്രി ഗിരിരാജ് സിങ്ങ് നരേന്ദ്ര മോഡിയെ ശ്രീരാമനോടാണ് ഉപമിച്ചത്. ""നമ്മളെല്ലാം ഹനുമാന്മാരാണ്. ഹനുമാന് സ്വന്തമായ വ്യക്തിത്വമില്ല. നമ്മളെല്ലാം മോഡിയുടെ അനുയായികള്‍ മാത്രം''- സിങ്ങ് പറഞ്ഞു.

ഇംഗ്ലീഷിനു പകരം സംസ്കൃതം ഉപയോഗിക്കണമെന്ന് ഉമാഭാരതി
on 24-November-2014
ന്യൂഡല്‍ഹി: ഇംഗ്ലീഷിനു പകരം സംസ്കൃതം ഉപയോഗിക്കണമെന്ന് കേന്ദ്രമന്ത്രി ഉമാഭാരതി. ഡല്‍ഹിയില്‍ നടന്ന സംസ്ഥാന ജലവിഭവ മന്ത്രിമാരുടെ യോഗത്തിനിടെയാണ് ഉമാഭാരതിയുടെ ആവശ്യം. കേന്ദ്രീയ വിദ്യാലയങ്ങളില്‍ ജര്‍മന്‍ ഭാഷ ഒഴിവാക്കി സംസ്കൃതം മൂന്നാംഭാഷയാക്കാന്‍ സര്‍ക്കാര്‍ ശ്രമം നടത്തുന്നതിനിടെയാണ് മന്ത്രിയുടെ പ്രസ്താവന.ചിലര്‍ക്ക് ഹിന്ദിയും ഇംഗ്ലീഷും മനസിലാക്കാന്‍ പ്രയാസമുണ്ടെന്നു പറഞ്ഞ മന്ത്രി ഈ പ്രശ്നത്തിന് പരിഹാരമായാണ് സംസ്കൃതം ഉപയോഗിക്കണമെന്ന് പറഞ്ഞത്. സംസ്കൃതം ദേശീയ ഭാഷയാണ്. എന്നാല്‍, സംസ്കൃതം എല്ലാവരും ഉപയോഗിച്ച് തുടങ്ങുംമുമ്പ് ഇംഗ്ലീഷിനെത്തന്നെ ആശ്രയിക്കേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു.ഇതിനിടെ, വിദ്യാഭ്യാസമേഖല സര്‍ക്കാര്‍ കാവിവല്‍ക്കരിക്കുകയാണെന്ന ആരോപണം നിഷേധിച്ച് മാനവ വിഭവശേഷി മന്ത്രി സ്മൃതി ഇറാനി രംഗത്തെത്തി. മൂന്നാം ഭാഷയായി പഠിക്കേണ്ട 23 എണ്ണം ഭരണഘടനയുടെ എട്ടാംപട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതില്‍ ജര്‍മന്‍ഭാഷ ഉള്‍പ്പെട്ടിട്ടില്ലെന്നും എന്നാല്‍, ജര്‍മന്‍ഭാഷ വിദേശഭാഷയെന്ന നിലയില്‍ തുടരുമെന്നും സ്മൃതി ഇറാനി വ്യക്തമാക്കി.

ന്യുഡല്‍ഹിയില്‍ ചുംബനക്കൂട്ടായ്മക്കെതിരെ യുവമോര്‍ച്ച ആക്രമണം
on 08-November-2014
ന്യൂഡല്‍ഹി: ന്യുഡല്‍ഹിയില്‍ ചുംബനക്കൂട്ടായ്മക്കെതിരെ യുവമോര്‍ച്ച ആക്രമണം. ജെഎന്‍യു വിദ്യാര്‍ഥികളാണ് സമരം നടത്തിയത്. യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ സംഘപരിവാര്‍ സംഘടനകളാണ് ആക്രമണം നടത്തിയത്. ആര്‍എസ്എസ് കാര്യാലയത്തിനടുത്ത് കനത്ത പൊലീസ് സുരക്ഷയൊരുക്കിയിട്ടുണ്ട്. കൊച്ചിയിലെ ചുംബനക്കൂട്ടായ്മക്കെതിര ആക്രമണം നടത്തിയ സംഘപരിവാര്‍ നടപടിയില്‍ പ്രതിഷേധിച്ചാണ് ജെഎന്‍യു വിദ്യാര്‍ഥികള്‍ പരിപാടി സംഘടിപ്പിച്ചത്.

മുഹറം ഘോഷയാത്രയ്ക്ക് ഹിന്ദുമഹാപഞ്ചായത്തിന്റെ വിലക്ക്
on 04-November-2014
ന്യൂഡല്‍ഹി: പതിവുപാതയില്‍ മുഹറം ഘോഷയാത്ര നടത്തുന്നത് തടയാന്‍ ഡല്‍ഹിയിലെ ബവാനയില്‍ ഹിന്ദുത്വസംഘടനകള്‍വിളിച്ചുകൂട്ടിയ യോഗത്തില്‍ തീരുമാനം. ബിജെപി എംഎല്‍എയുടെയും കോണ്‍ഗ്രസ് കൗണ്‍സിലറുടെയും സാന്നിധ്യത്തിലാണ് തീരുമാനം എടുത്തത്. ഏകദേശം 800 പേര്‍ പങ്കെടുത്ത യോഗത്തില്‍ സംസാരിച്ചവര്‍ വര്‍ഗീയപ്രകോപനം സൃഷ്ടിക്കുന്ന പ്രസംഗങ്ങളാണ് നടത്തിയത്്. പൊലീസ് ഇതിനു മൂകസാക്ഷിയായി. കിഴക്കന്‍ ഡല്‍ഹിയിലെ ത്രിലോക്പുരിയില്‍ ദീപാവലി രാത്രി തുടങ്ങിയ 36 മണിക്കൂര്‍ നീണ്ട വര്‍ഗീയകലാപത്തിന്റെ കനലുകള്‍ അണയുന്നതിനു മുമ്പേയാണ് വടക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ ബവാനയിലും അസ്വസ്ഥത കുത്തിപ്പൊക്കുന്നത്. ഡല്‍ഹിയില്‍ ചൊവ്വാഴ്ചയാണ് മുഹറം.ബിജെപി എംഎല്‍എ ജഗന്‍സിങ് രങ്ക, കോണ്‍ഗ്രസ് കൗണ്‍സിലര്‍ ദേവേന്ദ്രകുമാര്‍ എന്നിവര്‍ പങ്കെടുത്ത മഹാപഞ്ചായത്താണ് മുഹറം ഘോഷയാത്ര ബവാനയില്‍ പ്രവേശിക്കുന്നത് തടയാന്‍ തീരുമാനിച്ചത്. ദശകത്തിലേറെയായി ഇതുവഴിയാണ് മുഹറം ഘോഷയാത്ര കടന്നുപോകുന്നത്. എന്നാല്‍, മുസ്ലിങ്ങള്‍ അവരുടെ വീടുകളില്‍ അവര്‍ക്ക് ഇഷ്ടമുള്ള കാര്യം ചെയ്യട്ടെയെന്നും മറ്റുള്ളവരെ ശല്യംചെയ്യരുതെന്നും യോഗത്തില്‍ ജഗന്‍സിങ് പറഞ്ഞു. ഈ വിഷയം ഏറ്റെടുത്ത നാട്ടുകാരെ എംഎല്‍എ അഭിനന്ദിക്കുകയുംചെയ്തു. ഘോഷയാത്ര വരുമ്പോള്‍ തടയാന്‍ ആയിരംപേരെ നിയോഗിക്കുമെന്നും യോഗത്തില്‍ പ്രഖ്യാപിച്ചു. എന്നാല്‍, ബവാനയിലേക്ക് ഘോഷയാത്ര കടക്കേണ്ടതില്ലെന്ന് മുസ്ലിംസംഘടനകളുടെ യോഗം തീരുമാനിച്ചിട്ടുണ്ട്.

deshabhimani

No comments:

Post a Comment