Monday, September 21, 2015

സംഘികള്‍ ചെയ്തുകൊണ്ടിരിക്കുന്നത് 2

കഴിഞ്ഞ കുറെ മാസങ്ങളിലായി സംഘപരിവാര്‍ വിവിധ മണ്ഡലങ്ങളില്‍ നടത്തിക്കൊണ്ടിരിക്കുന്ന പലവിധത്തിലുള്ള ഇടപെടലുകളെ സംബന്ധിച്ച വാര്‍ത്തകള്‍ ഒരിടത്ത് ശേഖരിക്കാന്‍ ഒരു ചെറിയ ശ്രമം.ഭാഗം 2  ഒന്നാം ഭാഗം ഇവിടെ

പശുവിനെ രാഷ്ട്രമാതാവാക്കണമെന്ന്
on 03-April-2015
ന്യൂഡല്‍ഹി > ഘര്‍ വാപസി അടക്കമുള്ള തീവ്രഹിന്ദുത്വ പരിപാടികളുടെ പ്രചാരണത്തിലൂടെ വിവാദനായകനായ ബിജെപി എംപി യോഗി ആദിത്യനാഥ് പുതിയ ആവശ്യവുമായി രംഗത്ത്. പശുവിനെ രാഷ്ട്രമാതാവായി അംഗീകരിക്കണമെന്നാണ് എംപിയുടെ പുതിയ ആവശ്യം. ഇതിനായി തന്റെ ഹിന്ദു യുവവാഹിനി എന്ന സംഘടനയുടെപേരില്‍ മിസ്ഡ്കോള്‍ പ്രചാരണവും ആരംഭിച്ചു. പശുവിനെ ലോകമാതാവാക്കുകയാണ് വേണ്ടതെങ്കിലും തല്‍ക്കാലത്തേക്ക് ഇന്ത്യയുടെയെങ്കിലും മാതൃപദവി നേടിക്കൊടുക്കുകയാണ് ലക്ഷ്യമെന്നും എംപി അവകാശപ്പെടുന്നു.

മിസ്ഡ്കോള്‍ നല്‍കാന്‍ വിതരണംചെയ്ത നമ്പരില്‍ വിളിച്ചുനോക്കിയവര്‍ക്ക് ഇതുവരെ മറുപടി ലഭിച്ചിട്ടില്ലെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഗോവധം നിരോധിച്ചുകൊണ്ടുള്ള നിയമം ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍മാത്രം നടപ്പാക്കിയാല്‍ പോരാ എന്ന് ആര്‍എസ്എസ് ആവശ്യപ്പെട്ടതിനുപിന്നാലെയാണ് പുതിയ ആവശ്യവുമായി എംപി വന്നത്.

മാധ്യമപ്രവര്‍ത്തകരെ അവഹേളിച്ച് വി കെ സിങ്
on 09-April-2015
ന്യൂഡല്‍ഹി > മാധ്യമപ്രവര്‍ത്തകര്‍ വേശ്യകളാണെന്ന് ധ്വനിപ്പിക്കുംവിധമുള്ള ട്വിറ്റര്‍ കുറിപ്പുമായി വിദേശസഹമന്ത്രി വി കെ സിങ് വിവാദക്കുരുക്കില്‍. ഒരു ഇംഗ്ലീഷ് വാര്‍ത്താചാനല്‍ ചര്‍ച്ചയ്ക്കിടെ നടത്തിയ ദ്വയാര്‍ഥ പ്രയോഗമാണ് വിവാദത്തിന് തുടക്കം. യമനിലെ രക്ഷാദൗത്യം എങ്ങനെ പുരോഗമിക്കുന്നുവെന്ന ചോദ്യത്തിന് വി കെ സിങ് നല്‍കിയ മറുപടി ഇങ്ങനെ: ശരിക്ക് പറഞ്ഞാല്‍ പാകിസ്ഥാന്‍ എംബസിയില്‍ പോകുന്നത്രയും ആവേശകരമല്ല യമനിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍. ദക്ഷിണേന്ത്യക്കാരെ അപമാനിച്ചുകൊണ്ട് വി കെ സിങ് നടത്തിയ പരാമര്‍ശവും വിവാദമായി. ബിജെപിക്ക് വോട്ടുചെയ്യാതെ "അമ്മ'ക്ക്(ജയലളിത) വോട്ട് ചെയ്തവര്‍ യെമനില്‍നിന്ന് രക്ഷപ്പെടാന്‍ അര്‍ഹരല്ലെന്നായിരുന്നു മന്ത്രിയുടെ സൂചന. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയുള്ള പരാമര്‍ശം മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയതോടെയായിരുന്നു വിവാദ ട്വീറ്റ്. "സുഹൃത്തുക്കളെ പ്രസ്റ്റിറ്റ്യൂട്സില്‍നിന്ന് കൂടുതല്‍ എന്ത് പ്രതീക്ഷിക്കാനാണ്' എന്നായിരുന്നു ട്വിറ്റര്‍ കുറിപ്പ്. പ്രസ്റ്റിറ്റ്യൂട്സ് എന്ന വാക്കില്‍ "ഇ'ക്ക് പകരം "ഒ' എന്നാണ് വാര്‍ത്താവതാരകന്‍ കഴിഞ്ഞ തവണ കരുതിയതെന്നും വി കെ സിങ് കൂട്ടിച്ചേര്‍ത്തു.

സോണിയക്ക് നേരെ വംശീയാധിക്ഷേപം
on 02-April-2015
പട്ന > കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് എതിരെ കേന്ദ്രമന്ത്രി ഗിരിരാജ് സിങ്ങിന്റെ വംശീയവിദ്വേഷ പരാമര്‍ശങ്ങള്‍ വിവാദമാകുന്നു. ""രാജീവ് ഗാന്ധി വല്ല നൈജീരിയന്‍ സ്ത്രീകളെയാണ് കല്യാണം കഴിച്ചതെങ്കില്‍, അവര്‍ക്ക് വെള്ളത്തൊലി അല്ലായിരുന്നെങ്കില്‍, കോണ്‍ഗ്രസ് നേതാവായി അംഗീകരിക്കുമായിരുന്നോ?''- പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ വിശ്വസ്തനായ ഗിരിരാജ് സിങ് ഹാജിപ്പുറില്‍ മാധ്യമങ്ങളോട് പറഞ്ഞു. സിങ്ങിന്റെ പരാമര്‍ശങ്ങള്‍ ദേശീയമാധ്യമങ്ങളില്‍ വാര്‍ത്തയായതോടെ, പ്രതിഷേധം ശക്തമായി. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെയും ഗിരിരാജ് രൂക്ഷമായി പരിഹസിച്ചു.""രാഹുല്‍ഗാന്ധി മലേഷ്യന്‍ വിമാനംപോലെ കാണാതായിരിക്കുന്നു. കോണ്‍ഗ്രസ് അധികാരത്തിലെത്തുകയും രാഹുല്‍ പ്രധാനമന്ത്രിയാവുകയും ചെയ്തിരുന്നില്ലെങ്കില്‍ ഇപ്പോള്‍ രാജ്യത്തിന്റെ അവസ്ഥ എന്താകും? 43-47 ദിവസമായി പ്രധാനമന്ത്രിയെ കാണാനില്ലാത്ത സാഹചര്യമാകും ഉണ്ടാവുക. ബജറ്റ് സമ്മേളനം മുഴുവന്‍ കഴിഞ്ഞു. പക്ഷേ, രാഹുലിനെമാത്രം കാണാനില്ല''- ഗിരിരാജ് തുറന്നടിച്ചു. മോഡിസര്‍ക്കാരില്‍ ചെറുകിട-ഇടത്തര മൈക്രോ സംരംഭങ്ങള്‍ വകുപ്പുമന്ത്രിയാണ് ബിഹാര്‍ നവാദ എംപിയായ ഗിരിരാജ് സിങ്.ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ മോഡി പ്രധാനമന്ത്രിയാകുന്നത് എതിര്‍ക്കുന്നവര്‍ ഇന്ത്യ വിട്ട് പാകിസ്ഥാനിലേക്ക് പോകേണ്ടിവരുമെന്ന ഗിരിരാജിന്റെ പരാമര്‍ശം ഏറെ വിവാദമുണ്ടാക്കിയിരുന്നു. സാമാന്യമര്യാദയുടെ സീമ ലംഘിക്കുന്ന ഭ്രാന്തന്‍പരാമര്‍ശങ്ങളാണ് ഗിരിരാജ് സിങ് നടത്തിയിരിക്കുന്നതെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പ്രതികരിച്ചു. പ്രധാനമന്ത്രിയെ പ്രീതിപ്പെടുത്താനുള്ള വ്യഗ്രതയില്‍ ആത്മനിയന്ത്രണം നഷ്ടപ്പെട്ട രീതിയിലാണ് സിങ്ങിന്റെ പ്രതികരണങ്ങള്‍. നരേന്ദ്രമോഡിതന്നെ മുന്‍കൈ എടുത്ത് സിങ്ങിനെ പുറത്താക്കണം- കോണ്‍ഗ്രസ് പ്രസ്താവനയില്‍ പറഞ്ഞു.അതേസമയം, പരാമര്‍ശങ്ങള്‍ വിവാദമായതോടെ, ഖേദപ്രകടനവുമായി സിങ് രംഗത്തെത്തി. അനൗപചാരിക സംഭാഷണമാണ് നടത്തിയത്. അപ്പോള്‍ അവിടെയുണ്ടായിരുന്ന ഏതോ മാധ്യമപ്രവര്‍ത്തകന്‍ സ്മാര്‍ട്ട്ഫോണില്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പന്‍സാരെക്കു പിന്നാലെ ഡോ. ഭരത് പട്നാകര്‍ക്കും വധഭീഷണി

മുംബൈ: മഹാരാഷ്ട്രയിലെ പ്രമുഖ സാമൂഹികപ്രവര്‍ത്തകനും എഴുത്തുകാരനുമായ ഡോ. ഭരത് പട്നാകര്‍ക്ക് വധഭീഷണി. അന്ധവിശ്വാസത്തിനെതിരെ പൊരുതിയ ഡോ. നരേന്ദ്ര ധാബോല്‍ക്കര്‍, ഹിന്ദുത്വ അതിക്രമങ്ങള്‍ക്കെതിരെ ബോധവത്കരണം നടത്തിയ സിപിഐ നേതാവ് ഗോവിന്ദ പന്‍സാരെ എന്നിവരുടെ വധത്തിനു പിന്നാലെയാണ് ഭരത് പട്നാകര്‍ക്കെതിരെയും ഭീഷണി ഉയര്‍ന്നത്. അടുത്തത് താങ്കളാണെന്ന  മുന്നറിയിപ്പുനല്‍കുന്ന കത്തിലൂടെയാണ് ഭീഷണി.

തീവ്ര ഹിന്ദുസംഘടനയുടെ പ്രസിദ്ധീകരണമായ  സനാതന്‍ പ്രഭാതിെന്‍റ ലെറ്റര്‍ ഹെഡും ഭീഷണിക്കത്തിനൊപ്പം ലഭിച്ചതായി ഭരത് പട്നാകര്‍ പറഞ്ഞു. കോലാപ്പൂരില്‍നിന്നാണ് കത്ത് പോസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു. നേരത്തേ ധാബോല്‍ക്കറെയും പന്‍സാരെയെയും പിന്തുടരരുതെന്ന് താക്കീത് ചെയ്യുന്ന കത്തുകളും ഭരത് പട്നാകറിന് ലഭിച്ചിരുന്നു.

ഗോവിന്ദ പന്‍സാരെയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് രത്നഗിരിയില്‍നിന്ന് ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്. പന്‍സാരെക്കും ഭാര്യ ഉമക്കുമെതിരെ ആക്രമണം നടന്ന് ഒരുമാസം കഴിഞ്ഞിട്ടും പൊലീസ് ഇരുട്ടില്‍ തപ്പുകയായിരുന്നു. ഫെബ്രുവരി 16ന് പ്രഭാത നടത്തം കഴിഞ്ഞ് മടങ്ങവെ കോലാപ്പൂരിലെ വീടിനു മുന്നില്‍വെച്ചാണ് പന്‍സാരെക്കും ഭാര്യക്കുംനേരെ ബൈക്കിലെത്തിയ അജ്ഞാതര്‍ വെടിയുതിര്‍ത്തത്. ചികിത്സക്കിടെയാണ് പന്‍സാരെ മരിച്ചത്.

അധ്യാപകരും കുട്ടികളും ബിജെപി അംഗമാകണമെന്ന് സ്കൂള്‍ അധികൃതര്‍
on 19-March-2015
ന്യൂഡല്‍ഹി > അധ്യാപകരും വിദ്യാര്‍ഥികളും ബിജെപി അംഗത്വം എടുക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹിയിലെ സ്വകാര്യ സ്കൂള്‍ മാനേജ്മെന്റ് ഉത്തരവിറക്കി. രാജ്യമെമ്പാടും ശാഖകളുള്ള റയണ്‍ ഇന്റര്‍നാഷണല്‍ സ്കൂളിന്റേതാണ് ഉത്തരവ്്. താല്‍പ്പര്യമുള്ളവര്‍മാത്രം അംഗത്വം എടുത്താല്‍ മതിയെന്നാണ് നിര്‍ദേശിച്ചതെന്ന് സ്കൂള്‍ മാനേജിങ് ഡയറക്ടറും മഹിള മോര്‍ച്ച ദേശീയ സെക്രട്ടറിയുമായ ഗ്രേസ് പിന്റോ പറഞ്ഞു. എന്നാല്‍ ബിജെപിയില്‍ ചേരാന്‍ കടുത്ത സമ്മര്‍ദമാണെന്നും ഇതിനു വഴങ്ങാത്തവരുടെ ശമ്പളംപോലും തടഞ്ഞുവച്ചിരിക്കുകയാണെന്നും അധ്യാപകര്‍ പറഞ്ഞു. തോട്ടക്കാരന്‍മുതല്‍ മുതിര്‍ന്ന അധ്യാപകര്‍വരെയുള്ളവര്‍ 10 വീതം അംഗങ്ങളെ ചേര്‍ക്കണമെന്നും കല്‍പ്പിച്ചിട്ടുണ്ട്. അംഗത്വഫോം കുട്ടികളുടെ കൈവശം സ്കൂളില്‍നിന്ന് കൊടുത്തുവിട്ടതായി രക്ഷിതാക്കള്‍ പറഞ്ഞു.അസംബ്ലിയിലാണ് ഫോം വിതരണം ചെയ്തതെന്ന് ഡല്‍ഹിയിലെ വിവിധശാഖകളിലെ അധ്യാപകര്‍ പറഞ്ഞു. ബിജെപിയുടെ ടോള്‍ഫ്രീ നമ്പര്‍ രക്ഷിതാക്കളുടെ മൊബൈല്‍ ഫോണുകളിലേക്ക് അയച്ചിട്ടുമുണ്ട്. ഡല്‍ഹി മയൂര്‍വിഹാര്‍, രോഹിണി, വസന്ത് കുഞ്ജ് എന്നിവിടങ്ങളില്‍ സ്കൂളിനു ശാഖകളുണ്ട്. രാജ്യത്ത് 133 സ്ഥലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സ്കൂളില്‍ മൊത്തം രണ്ടുലക്ഷത്തോളം കുട്ടികളുണ്ട്.മാനേജ്മെന്റിന്റെ നീക്കം അപകടകരമാണെന്നും ഇതിനെതിരെ നടപടി സ്വീകരിക്കുമെന്നും ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു. രാഷ്ട്രീയ പാര്‍ടികളെ വളര്‍ത്താന്‍ സ്കൂളുകള്‍ ഉപയോഗിക്കുന്നത് അനുവദിക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു.

തമിഴ് ചാനലിന് ഹിന്ദു സംഘടന ബോംബെറിഞ്ഞു
on 13-March-2015
ചെന്നൈ > "പുതിയ തലമുറൈ' ടെലിവിഷന്‍ ചാനലിനുനേരെ ഹിന്ദു ഇളൈഞ്ജര്‍ സേനക്കാര്‍ ബോംബെറിഞ്ഞു. വ്യാഴാഴ്ച പുലര്‍ച്ചെയാണ് ആക്രമണം. സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ പൊലീസ് പിടികൂടി. ഇവര്‍ സഞ്ചരിച്ച രണ്ട് ബൈക്കും പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ചാനല്‍ ഓഫീസിലെ സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങളില്‍നിന്നാണ് പൊലീസ് പ്രതികളെ തിരിച്ചറിഞ്ഞത്. താലിമാല സംബന്ധിച്ച പാനല്‍ ചര്‍ച്ച സംപ്രേഷണംചെയ്തതാണ് കാര്യമായി അറിയപ്പെടാത്ത ഇളൈഞ്ജര്‍ എന്ന സംഘടനയെ പ്രകോപിപ്പിച്ചത്. ഈ പരിപാടി വിലക്കണമെന്ന് ബിജെപി നേതൃത്വം ആവശ്യപ്പെട്ടിരുന്നു.

മദര്‍ തെരേസക്കെതിരെയും ആര്‍എസ്എസ്

ന്യൂഡല്‍ഹി > മദര്‍ തെരേസയുടെ പ്രവര്‍ത്തനങ്ങളുടെ യഥാര്‍ഥ ലക്ഷ്യം മതപരിവര്‍ത്തനമായിരുന്നുവെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവത്. രാജസ്ഥാനിലെ അള്‍വാറില്‍ പൊതുചടങ്ങില്‍ സംസാരിക്കവെയാണ് ആര്‍എസ്എസ് തലവന്‍ നിസ്വാര്‍ത്ഥ സേവനപ്രവര്‍ത്തനങ്ങളിലൂടെ ലോകത്തിന്റെ അമ്മയെന്നു വിശേഷിപ്പിക്കപ്പെട്ട മദര്‍ തെരേസയ്ക്കെതിരെ രംഗത്തുവന്നത്. പാവങ്ങളുടെ വേദനയും കണ്ണീരും ഇല്ലാതാക്കാന്‍ ജീവിതം സമര്‍പ്പിച്ച വിശുദ്ധവ്യക്തിത്വത്തിനെതിരായ ഭഗവതിന്റെ പ്രസ്താവനയില്‍ രാജ്യവ്യാപകമായി പ്രതിഷേധം ഉയര്‍ന്നു. ക്രൈസ്തവ സഭകളും വിവിധ രാഷ്ട്രീയകക്ഷികളും ഇതിനെതിരെ ശക്തമായി രംഗത്തുവന്നു.

വിഷയം പാര്‍ലമെന്റില്‍ ഉന്നയിച്ച പ്രതിപക്ഷം, ഈ പ്രസ്താവനയോടുള്ള സര്‍ക്കാര്‍ നിലപാട് വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ടു. ലോക്സഭയില്‍ ശൂന്യവേളയില്‍ സിപിഐ എം സഭാനേതാവ് പി കരുണാകരന്‍ വിഷയം ഉന്നയിച്ചു. കോണ്‍ഗ്രസ് അംഗങ്ങളും ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ വിശദീകരണം ആവശ്യപ്പെട്ടു. സഭയില്‍ അംഗമല്ലാത്ത വ്യക്തി നടത്തിയ പരാമര്‍ശത്തിനു വിശദീകരണം നല്‍കാന്‍ സര്‍ക്കാരിന് ബാധ്യതയില്ലെന്ന് സ്പീക്കര്‍ സുമിത്ര മഹാജന്‍ പ്രതികരിച്ചു. എന്നാല്‍, സര്‍ക്കാരിനെ നിയന്ത്രിക്കുന്നതുതന്നെ ആര്‍എസ്എസ് ആണെന്ന് പ്രതിപക്ഷം തിരിച്ചടിച്ചു. ഭഗവതിന്റെ പ്രസ്താവനയില്‍ കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ കടുത്ത ആശങ്ക പ്രകടിപ്പിച്ചു.

അഗതികള്‍ക്കുവേണ്ടി മാനുഷികമായ സേവനങ്ങളാണ് മദര്‍ നടത്തിയത്. നൊബേല്‍ പുരസ്കാരവും ഭാരതരത്നയും നേടിയ വ്യക്തിയെ അനാവശ്യവിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കുന്നത് ദൗര്‍ഭാഗ്യകരമാണ്. മതപരിവര്‍ത്തനം മുന്‍നിര്‍ത്തി മദര്‍ ഒന്നും ചെയ്തിട്ടില്ല. ഒരു രഹസ്യഅജണ്ടയും മദര്‍ തെരേസയ്ക്ക് ഇല്ലായിരുന്നു-സിബിസിഐ പ്രസ്താവനയില്‍ പറഞ്ഞു.

മദര്‍ തെരേസയെ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കരുതെന്ന് മിഷനറീസ് ഓഫ് ചാരിറ്റി വക്താവ് സുനിത കുമാര്‍ അഭ്യര്‍ഥിച്ചു. മദര്‍ തെരേസ മതങ്ങള്‍ക്കെല്ലാം അതീതയാണെന്നും മനുഷ്യരാശിയെ സേവിക്കാനും സമൂഹത്തിന്റെ സമാധാനത്തിനുംവേണ്ടിയാണ് പ്രവര്‍ത്തിച്ചതെന്നും മിഷനറീസ് ഓഫ് ചാരിറ്റി മതപരിവര്‍ത്തനത്തിനുവേണ്ടി പ്രവര്‍ത്തിച്ചിട്ടില്ലെന്നും മദറിന്റെ സന്തത സഹചാരികൂടിയായ സുനിത പറഞ്ഞു. സിഖ് വംശജയായ തനിക്ക് മദറിനൊപ്പം പ്രവര്‍ത്തിക്കാന്‍ മതം പ്രതിസന്ധി സൃഷ്ടിച്ചില്ല. ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടപ്പോള്‍ സമാധാന സന്ദേശവുമായി മദര്‍ കൊല്‍ക്കൊത്ത തെരുവിലിറങ്ങിയതും സുനിത അനുസ്മരിച്ചു.

ബിജെപി മാപ്പ് പറയണമെന്ന് കോണ്‍ഗ്രസ് വക്താവ് രാജീവ് ശുക്ല ആവശ്യപ്പെട്ടു. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഡെറിക് ഒബ്രയന്‍ പ്രസ്താവനയെ ശക്തമായി അപലപിച്ചു.

മദര്‍ തെരേസയുടെ ലക്ഷ്യം മതപരിവര്‍ത്തനമായിരുന്നെന്ന് ആര്‍എസ്എസ് നേതാവ്
on 24-February-2015
മദര്‍ തെരേസയുടെ ലക്ഷ്യം മതപരിവര്‍ത്തനമായിരുന്നെന്ന് ആര്‍എസ്എസ് നേതാവ്
ഭരത്പൂര്‍: ക്രൈസ്തവ മതത്തിലേക്കു ആളുകളെ പരിവര്‍ത്തനം ചെയ്യുക എന്നതായിരുന്നു മദര്‍ തെരേസയുടെ പ്രധാന ദൗത്യമെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവത് രംഗത്ത്. പാവങ്ങളെ മദര്‍ സേവിച്ചതിന്റെ മുഖ്യ ലക്ഷ്യം ഇതായിരുന്നുവെന്നും മോഹന്‍ ഭഗവത് ആരോപിച്ചു.

മദര്‍ തെരേസയുടെ സേവനങ്ങള്‍ നല്ലതായിരിക്കാം, എന്നാല്‍ ഇതിന്റെ പ്രധാന ലക്ഷ്യം തന്റെ കൂടെയുള്ളവരെ ക്രിസ്തു മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുക. സേവനത്തിന്റെ പേരിലാണ് ഇത്തരമൊരു സംഭവം നടത്തുന്നതെങ്കില്‍പോലും അതൊരു മോശം സേവനമാണെന്നും ഭഗവത് പറയുന്നു.രാജസ്ഥാനിലെ ഭരത്പുരില്‍ അപ്ന ഘര്‍ എന്ന എന്‍ജിഒ സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു മോഹന്‍ ഭഗവത് .

രാജസ്ഥാനില്‍ പാലത്തിന് ഗോഡ്സെയുടെ പേര് നല്‍കാന്‍ നീക്കം
on 04-February-2015
രാജസ്ഥാനില്‍ പാലത്തിന് ഗോഡ്സെയുടെ പേര് നല്‍കാന്‍ നീക്കം
ന്യൂഡല്‍ഹി : രാജസ്ഥാനില്‍ സര്‍ക്കാര്‍ ചിലവില്‍ നിര്‍മ്മിച്ച ഫ്ളൈഓവറിന് മഹാത്മാഗാന്ധിയുടെ ഘാതകനായ നാഥുറാം വിനായക് ഗോഡ്സെയുടെ പേര് നല്‍കി. ബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഭരിക്കുന്ന രാജസ്ഥാനില്‍ സര്‍ക്കാര്‍ ചെലവില്‍ നിര്‍മ്മിച്ച ഫ്ലൈഓവറിനാണ് ഗോഡ്സെയുടെ പേര് നല്‍കിയത്. രാജസ്ഥാനിലെ ഭഗത്സിങ് സ്ട്രീറ്റിനേയും അഗര്‍സെന്‍ സര്‍ക്കിളിനേയും ബന്ധിപ്പിക്കുന്ന അല്‍വാര്‍ ഫ്ലൈഓവറിനാണ് ഗോഡ്സെയുടെ പേര് നല്‍കിയത്. പാലത്തിന്റെ തുടങ്ങുന്നിടത്ത് രാഷ്ട്രവാദി നാഥുറാം ഗോഡ്സെ പാലം എന്ന് ആലേഖനം ചെയ്തിട്ടുള്ള ഫലകം സ്ഥാപിച്ചിരുന്നെങ്കിലും സംഭവം വിവാദമായതോടെ ജില്ലാ ഭരണകൂടം ഇടപെട്ട് ഫലകത്തില്‍ നിന്നും ഗോഡ്സെയുടെ പേര് നീക്കം ചെയ്യുകയായിരുന്നു.

2012ല്‍ അശോക് ഖലോട്ടിന്‍റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് മന്ത്രിസഭയാണ് ഫ്ലൈഓവര്‍ നിര്‍മ്മിക്കാന്‍ അനുമതി നല്‍കിയത്. 22 കോടി രൂപ മുതല്‍മുടക്കുള്ള ഫ്ലൈഓവര്‍ അടുത്തിടെയാണ് പൂര്‍ത്തിയായത്. അടുത്ത ദിവസം തന്നെ ഫ്ലൈഓവറിന്‍റെ ഉദ്ഘാടനം നിര്‍വ്വഹിക്കാനായിരുന്നു ധാരണ.ഗോഡ്സെയുടെ പേരുള്ള ഫലകം പാലത്തില്‍ സ്ഥാപിച്ചത് മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയപ്പോള്‍ സംഭവം അറിഞ്ഞില്ലെന്ന പറഞ്ഞ് തടിതപ്പാനാണ് ജില്ലാ ഭരണകൂടം ശ്രമിച്ചത്. എന്നാല്‍ സംഭവം വിവാദമായതോടെ ജില്ലാ കളക്ടര്‍ മഹാവീര്‍ സ്വാമി ഇടപെട്ട് ഗോഡ്സെയുടെ പേരുള്ള ഫലകം നീക്കം ചെയ്തത്. സാമുദായിക സ്പര്‍ദ്ധ വളര്‍ത്താനായി ചില സാമൂഹ്യവിരുദ്ധരാണ് ഗോഡ്സെയുടെ പേരുള്ള ഫലകം പാലത്തില്‍ സ്ഥാപിച്ചതെന്നതാണ് ജില്ലാ അധികൃതര്‍ പ്രശ്നത്തില്‍ നല്‍കിയ വിശദീകരണം.

എന്നാല്‍ മഹാത്മാഗാന്ധിയുടെ കൊലപാതകിയായ ഗോഡ്സെയെ വീരപുരഷനായി ചിത്രീകരിക്കാന്‍ അടുത്ത നാളുകളില്‍ ശ്രമിക്കുന്ന ബിജെപി-ആര്‍എസ്എസ് നേതൃത്വത്തിന്റെ അറിവോടെയാണ് പാലത്തിന് ഗോഡ്സെയുടെ പേര് നല്‍കിയതെന്നാണ് സൂചന.

ഗോഡ്സെ മേല്‍പ്പാലം വിവാദത്തില്‍ "തകര്‍ന്നു'
on 05-February-2015
ന്യൂഡല്‍ഹി: ബിജെപി ഭരണത്തിലുള്ള രാജസ്ഥാനിലെ അള്‍വറില്‍ നാലുവരി മേല്‍പ്പാതയ്ക്ക് രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ഘാതകനായ നാഥുറാം ഗോഡ്സെയുടെ പേരിടാനുള്ള നീക്കം പൊളിഞ്ഞു. ദേശീയവാദി നാഥുറാം ഗോഡ്സെ പാലം എന്ന പേരില്‍ ശിലാഫലകംവരെ സ്ഥാപിച്ചെങ്കിലും മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെ സര്‍ക്കാര്‍ പിന്‍വലിഞ്ഞു. അള്‍വര്‍ പട്ടണത്തിലെ ഭഗത്സിങ് സര്‍ക്കിളിനെ അഗ്രാസെന്‍ സര്‍ക്കിളുമായി ബന്ധിപ്പിക്കുന്ന 750 മീറ്റര്‍ നീളമുള്ള മേല്‍പ്പാതയ്ക്കാണ് ഗോഡ്സെയുടെ പേരിടാന്‍ ശ്രമിച്ചത്. 2012ലാണ് മേല്‍പ്പാതനിര്‍മാണത്തിന് അനുമതി നല്‍കിയത്. 22 കോടി രൂപ മുടക്കുമുതലില്‍ ഈയിടെ നിര്‍മാണം പൂര്‍ത്തിയായി. ദിവസങ്ങള്‍ക്കകം ഉദ്ഘാടനം നടക്കാനിരിക്കെയാണ് പാലത്തിന് ഗോഡ്സെയുടെ പേരിട്ട് ശിലാഫലകം സ്ഥാപിച്ചത്. എന്നാല്‍, നിര്‍മാണസ്ഥലത്തെ ഉദ്യോഗസ്ഥരുടെയോ തൊഴിലാളികളുടെയോ ശ്രദ്ധയില്‍പ്പെടാതെ എങ്ങനെയാണ് സിമന്റൊക്കെ ഭംഗിയായി തേച്ച് ഫലകം സ്ഥാപിച്ചതെന്ന ചോദ്യത്തിന് കലക്ടര്‍ കൃത്യമായ വിശദീകരണം നല്‍കിയില്ല.

ഗോഡ്സെ പ്രതിമ സ്ഥാപിക്കാനുള്ള നീക്കം തടയണം: ഡിവൈഎഫ്ഐ
on 30-January-2015
ന്യൂഡല്‍ഹി: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ഘാതകന്‍ നാഥുറാം ഗോഡ്സെയുടെ പ്രതിമ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിക്കാനുള്ള ഹിന്ദു മഹാസഭയുടെ നീക്കം തടയണമെന്ന് ഡിവൈഎഫ്ഐ പ്രധാനമന്ത്രി നരേന്ദ്രമോഡിയോട് ആവശ്യപ്പെട്ടു. ഡല്‍ഹിയില്‍ ഗോഡ്സെയുടെ പ്രതിമ സ്ഥാപിക്കാന്‍ സ്ഥലം ആവശ്യപ്പെട്ട് ഹിന്ദുമഹാസഭ കേന്ദ്രസര്‍ക്കാരിനെ സമീപിച്ചിട്ടുണ്ട്. ഗോഡ്സെയുടെ പേരില്‍ നിര്‍മിക്കുന്ന ക്ഷേത്രങ്ങളുടെ ശിലാസ്ഥാപനം മഹാത്മാഗാന്ധിയുടെ രക്തസാക്ഷിദിനത്തില്‍ നടത്തുമെന്നും ഹിന്ദുമഹാസഭ പ്രഖ്യാപിച്ചിരിക്കുന്നു. ഇത്തരം ശ്രമങ്ങള്‍ തടയാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിക്കുകയും ഉറച്ച നിലപാട് സ്വീകരിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്യണം.ഗാന്ധിഘാതകനായ ഗോഡ്സെയെ ദേശാഭിമാനിയായി ചിത്രീകരിക്കാനുള്ള ശ്രമം ഇന്ത്യന്‍ റിപ്പബ്ലിക്കില്‍ അനുവദിക്കാന്‍ കഴിയില്ല. ഗോഡ്സെയെ വാഴ്ത്തപ്പെട്ടവനായി അവതരിപ്പിക്കാനുള്ള ഏതു ശ്രമത്തെയും സര്‍ക്കാര്‍ കര്‍ശനമായി തടയണമെന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് എം ബി രാജേഷും ജനറല്‍ സെക്രട്ടറി അഭോയ് മുഖര്‍ജിയും പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.

ബംഗാളില്‍ ക്രിസ്ത്യാനികളെ വിഎച്ച്പി മതം മാറ്റിച്ചു
by ഗോപി on 30-January-2015
കൊല്‍ക്കത്ത: ബംഗാളില്‍ നൂറ്റമ്പതിലധികം ക്രിസ്ത്യന്‍ മതവിശ്വാസികളെ വിശ്വഹിന്ദുപരിഷത്തിന്റെ നേതൃത്വത്തില്‍ ഹിന്ദുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യിച്ചു. ബിര്‍ഭും ജില്ലയിലെ കര്‍മഡംഗ ഗ്രാമത്തിലെ ആദിവാസി വിഭാഗത്തില്‍പ്പെട്ട 40 കുടുംബങ്ങളെയാണ് മതം മാറ്റിച്ചത്. പ്രത്യേകപൂജ നടത്തിയാണ് ആളുകളെ ഹിന്ദുവല്‍ക്കരിച്ചത്. ദിവസങ്ങള്‍ക്കുമുമ്പ് വിഎച്ച്പി പൊതുയോഗം സംഘടിപ്പിച്ച് മതപരിവര്‍ത്തനത്തിന് ആഹ്വാനം ചെയ്തിരുന്നു. പ്രവീണ്‍ തൊഗാഡിയ, ജുഗല്‍ കിഷോര്‍ എന്നിവരുള്‍പ്പെടെ ഉന്നതനേതാക്കള്‍ പങ്കെടുത്തു. വിഎച്ച്പി പ്രവര്‍ത്തകര്‍ വീടുകള്‍കയറി പ്രചാരണം നടത്തിയാണ് മതപരിവര്‍ത്തന ചടങ്ങ് സംഘടിപ്പിച്ചത്. സര്‍ക്കാരും പൊലീസും നടപടിയെടുത്തില്ല.

മതനിരപേക്ഷം ഭരണഘടനയില്‍ നിന്ന് ഒഴിവാക്കണമെന്ന് ശിവസേന

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ റിപ്പബ്ലിക് ദിന പരസ്യത്തില്‍ ഭരണഘടനയുടെ ആമുഖത്തില്‍നിന്ന് മതേതരത്വവും സോഷ്യലിസവും നീക്കിയത് ബോധപൂര്‍വമാണെന്ന് വ്യക്തമാക്കുംവിധം പിന്തുണയുമായി ഭരണകക്ഷിയായ ശിവസേന രംഗത്തെത്തി. ഭരണഘടനയില്‍നിന്ന് മതേതരം, സോഷ്യലിസം എന്നീ പദങ്ങള്‍ പൂര്‍ണമായി നീക്കണമെന്ന് എന്‍ഡിഎയിലെ പ്രധാന സഖ്യകക്ഷികളിലൊന്നായ ശിവസേന ആവശ്യപ്പെട്ടു. ഇക്കാര്യം പല മുതിര്‍ന്ന ബിജെപി നേതാക്കളും പരസ്യമായി ആവശ്യപ്പെട്ടിരുന്നതാണ്. പാര്‍ലമെന്റിലും ഈ വിഷയം ഉയര്‍ന്നിരുന്നു. മോഡി അധികാരത്തില്‍ എത്തിയതോടെ സമ്മര്‍ദം ശക്തിപ്പെട്ടതിനു പിന്നാലെയാണ് വിവാദപരസ്യം.

സര്‍ക്കാര്‍ നടപടി ഭരണഘടനയുടെ അന്തഃസത്തയ്ക്ക് വിരുദ്ധമാണെന്ന് പ്രതിപക്ഷപാര്‍ടികള്‍ പറഞ്ഞു.ശിവസേനാ എംപി സഞ്ജയ് റൗത്താണ് പരസ്യത്തെ ന്യായീകരിച്ചത്. ഈ വാക്കുകള്‍ ഒഴിവാക്കിയതിനെ സ്വാഗതം ചെയ്യുന്നുവെന്ന് റൗത്ത് പ്രതികരിച്ചു. "ബോധപൂര്‍വമായിരിക്കില്ല ഇതെങ്കിലും ജനവികാരത്തെ മാനിക്കുന്ന നടപടിയാണിത്. ഇപ്പോള്‍ അബദ്ധത്തിലാണ് ഒഴിവാക്കപ്പെട്ടതെങ്കില്‍ സ്ഥിരമായി ഒഴിവാക്കുകയാണ് വേണ്ടത്'

1976ല്‍ 42-ാം ഭേദഗതിയിലൂടെയാണ് സോഷ്യലിസവും മതേതരത്വവും ഭരണഘടനയുടെ ആമുഖത്തില്‍ ഉള്‍പ്പെടുത്തിയത്. അക്കാലം മുതല്‍ വിയോജിപ്പുകള്‍ ഉയര്‍ന്നു. ഇന്ത്യ മതേതര രാജ്യമല്ലെന്ന നിലപാടാണ് ബാല്‍ താക്കറെ തുടക്കംമുതല്‍ സ്വീകരിച്ചത്. പാകിസ്ഥാന്‍ മുസ്ലിങ്ങള്‍ക്ക് വേണ്ടിയാണ് സൃഷ്ടിക്കപ്പെട്ടത്. അപ്പോള്‍ ശേഷിക്കുന്നത് ഹിന്ദുരാഷ്ട്രമാണ്. ന്യൂനപക്ഷവിഭാഗങ്ങളെ രാഷ്ട്രീയനേട്ടത്തിന് ഉപയോഗിക്കുകയാണ്. മറിച്ച് ഹിന്ദുക്കളാകട്ടെ തുടര്‍ച്ചയായി അവഗണിക്കപ്പെടുകയാണ്. ഹിന്ദുക്കളെ ഈ വിധം പരിഗണിച്ചാല്‍ മതിയെന്ന് ഭരണഘടനയില്‍ എവിടെയുമില്ല. സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഇപ്പോള്‍ ഇങ്ങനെയൊരു തെറ്റ് സംഭവിച്ചത് ഇത് യാഥാര്‍ഥ്യമാകാന്‍ വിധി താല്‍പ്പര്യപ്പെടുന്നതു കൊണ്ടാണ്. മോഡിയാണ് പ്രധാനമന്ത്രി.

ഹിന്ദുത്വത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ചിന്തകള്‍ ഏറെ ശക്തമാണ്- സേനാ നേതാവ് പറഞ്ഞു.ഭരണഘടനാശില്‍പ്പികളെ ആദരിക്കുന്നതിനാണ് റിപ്പബ്ലിക് ദിനത്തില്‍ പരസ്യം നല്‍കിയതെന്നും അതുകൊണ്ടാണ് ആദ്യം നിലവില്‍ വന്ന ആമുഖം അതേപടി നല്‍കിയതെന്നുമാണ് സര്‍ക്കാര്‍ വിശദീകരണം. ബോധപൂര്‍വം തന്നെയാണ് ഒഴിവാക്കലെന്ന് സര്‍ക്കാരിന്റെ വിശദീകരണത്തില്‍നിന്നു തന്നെ വ്യക്തം. മാത്രമല്ല, ശിവസേനാ നേതാവിന്റെ പരസ്യപ്രതികരണത്തെ കേന്ദ്രസര്‍ക്കാരോ ബിജെപിയോ തള്ളിയില്ല. പ്രതിപക്ഷ പാര്‍ടികള്‍ സര്‍ക്കാര്‍ നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ചു. ഇതൊരു മതേതരരാജ്യമാണെന്നും ഹിന്ദുരാഷ്ട്രമല്ലെന്നും ഇടതുപക്ഷ പാര്‍ടികളും കോണ്‍ഗ്രസും പ്രതികരിച്ചു.

ഗുജറാത്തില്‍ സ്കൂളുകളില്‍ പൂജ മുടക്കരുതെന്ന് ഉത്തരവ്
on 24-January-2015
അഹമ്മദാബാദ്: സ്കൂളുകളില്‍ ദിവസവും പൂജകള്‍ നടത്തണമെന്നും ശനിയാഴ്ച ദിവസം സരസ്വതീപൂജ മുടങ്ങാതെ നിര്‍വഹിക്കണമെന്നും ഉത്തരവ്. വിദ്യാദേവിയായ സരസ്വതിയെ ആരാധിക്കുന്ന വസന്ത്പഞ്ചമി ആഘോഷങ്ങളുടെ ഭാഗമായി എല്ലാ സ്കൂളിലും പ്രത്യേകപൂജ നടത്തണമെന്നും സരസ്വതീപൂജ മുടക്കരുതെന്നുമാണ് മുനിസിപ്പല്‍ സ്കൂള്‍ബോര്‍ഡ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുടെ ഉത്തരവ്. പൂജയുടെ പ്രാധാന്യം കുട്ടികളെ ബോധ്യപ്പെടുത്താനും നിര്‍ദേശമുണ്ട്. പതിനായിരത്തോളം മുസ്ലിം വിശ്വാസികളായ 300 ഗുജറാത്തി മീഡിയം സ്കൂളുകളിലും ഉത്തരവ് പ്രകാരം പൂജകള്‍ നടത്തേണ്ടിവരും. അതേസമയം ഉറുദു മാധ്യമമായ സ്കൂളുകളിലെ പ്രധാനാധ്യാപകര്‍ ഇതിനെതിരെ രംഗത്തെത്തി. ന്യൂനപക്ഷ വിഭാഗത്തിന്റെ വിശ്വാസത്തെ ഇത് വ്രണപ്പെടുത്തുമെന്നും ഇവര്‍ പറയുന്നു.

പത്മ പുരസ്കാരം വാങ്ങാന്‍ ആള്‍ദൈവങ്ങളുടെ പട
on 24-January-2015
ന്യൂഡല്‍ഹി: പത്മ അവാര്‍ഡുകള്‍ക്കുള്ള പട്ടികയില്‍ സംഘപരിവാര്‍ അനുകൂലികളെയും ആള്‍ദൈവങ്ങളെയും കേന്ദ്രസര്‍ക്കാര്‍ കുത്തിനിറച്ചു. ബാബാ രാംദേവ്, ശ്രീ ശ്രീ രവിശങ്കര്‍, അമൃതാനന്ദമയി, ശിവകുമാരസ്വാമി (ശ്രീ സിദ്ദഗംഗമഠം, തുംകൂര്‍) ജഗത്ഗുരു രാമാനന്ദാചാര്യ (തുള്‍സിപീഠ്), സ്വാമി സത്യമിത്രാനന്ദ് ഗിരി (സമന്വയ കുടീര്‍, ഹരിദ്വാര്‍) തെങ്സെ റിന്‍പോച്ചെ (തവാങ് ബുദ്ധമഠം), അന്തരിച്ച സയ്യദന് മുഹമ്മദ് ബുര്‍ഹാനുദ്ദീന്‍ (ദാവൂദി ബൊഹ്റ വിഭാഗം) എന്നിവര്‍ പത്മ അവാര്‍ഡ് പട്ടികയില്‍ ഉള്‍പ്പെടുന്നു.മുതിര്‍ന്ന ബിജെപി നേതാവ് എല്‍ കെ അദ്വാനി, പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ്സിങ് ബാദല്‍ എന്നിവരാണ് പട്ടികയില്‍ ഇടംകണ്ട രാഷ്ട്രീയനേതാക്കള്‍.

ചലച്ചിത്രതാരങ്ങളായ അമിതാഭ് ബച്ചന്‍, രജനീകാന്ത്, ദിലീപ്കുമാര്‍, ചലച്ചിത്രസംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലി, ഗാനരചയിതാവും പരസ്യചിത്രനിര്‍മാതാവുമായ പ്രസൂണ്‍ജോഷി, നടന്‍ സല്‍മാന്‍ഖാന്റെ പിതാവും തിരക്കഥാകൃത്തുമായ സലീംഖാന്‍ തുടങ്ങിയവരും പട്ടികയിലുണ്ട്. ദാദാസാഹെബ് ഫാല്‍കെ പുരസ്കാര ജേതാവായ അന്തരിച്ച പ്രാണും പട്ടികയിലുണ്ട്.മലയാളികളായ മുതിര്‍ന്ന അഭിഭാഷകന്‍ കെ കെ വേണുഗോപാല്‍, ഡോ. കെ പി ഹരിദാസ്, ഡോ. ജി ബാലകൃഷ്ണന്‍ നായര്‍, ഡോ. സി ജി കൃഷ്ണദാസ്നായര്‍ എന്നിവര്‍ പട്ടികയില്‍ ഇടംകണ്ടു. ഇന്ത്യന്‍ ഹോക്കി ക്യാപ്റ്റന്‍ സര്‍ദാര്‍സിങ്, ബാഡ്മിന്റണ്‍ താരം പി വി സിന്ധു, ചെസ് ഗ്രാന്‍ഡ്മാസ്റ്റര്‍ ശശികിരണ്‍ കൃഷ്ണന്‍, ഗുസ്തി താരം സുശീല്‍കുമാര്‍, അദേഹത്തിന്റെ കോച്ച് സത്പാല്‍, പര്‍വതാരോഹക അരുണിമ സിന്‍ഹ തുടങ്ങിയവരാണ് പട്ടികയില്‍ ഇടംകണ്ട കായികതാരങ്ങള്‍.

ബിജെപി അനുകൂല മാധ്യമപ്രവര്‍ത്തകരായ രജത്ശര്‍മ, സ്വപന്‍ദാസ് ഗുപ്ത, ഹരിശങ്കര്‍ വ്യാസ്, നിതി ആയോഗിലെ സ്ഥിരാംഗം ബിബേക് ദേബ്റോയ്, മുന്‍ മുഖ്യതെരഞ്ഞെടുപ്പു കമീഷണര്‍ എന്‍ ഗോപാലസ്വാമി, മുന്‍ ബ്യൂറോക്രാറ്റുകളായ കെ എസ് ബാജ്പേയ്, പി വി രാജാറാം, കാര്‍ഷിക സാമ്പത്തികവിദഗ്ധന്‍ അശോക് ഗുലാത്തി, ഭരണഘടനാ വിദഗ്ധന്‍ സുഭാഷ് കാശ്യപ്, എന്നിവരും പട്ടികയിലുണ്ട്. എ കന്യാകുമാരി (കര്‍ണാടിക് വയലിനിസ്റ്റ്), ഗിരിജാദേവി (ഹിന്ദുസ്ഥാനി), സംഗീതജ്ഞന്‍ എല്‍ സുബ്രഹ്മണ്യം, മാലിനി അവസ്ഥി (ഫോക് ഗായിക), സ്മൃതി ബിശ്വാര്‍ (ചലച്ചിത്രതാരം), സുധാ രഘുനന്ദന്‍ (കര്‍ണാടക സംഗീതം), സംഗീതസംവിധായകരായ അനുമാലിക്, രവീന്ദ്രജയിന്‍, അസമീസ് ചലച്ചിത്ര സംവിധായകന്‍ ജാഹ്നു ബറുവ, പ്രശസ്തമായ ഷില്ലോങ് കൊയറില്‍ അംഗമായ നീല്‍ ഹെര്‍ബര്‍ട്ട് നോണ്‍കിന്‍റിങ് എന്നിവരാണ് കലാലോകത്തു നിന്ന് പട്ടികയില്‍ ഇടംകണ്ടവര്‍.

ഗോഡ്സെ ക്ഷേത്രം സ്ഥാപിക്കണമെന്ന് ഹിന്ദുമഹാസഭ
on 19-January-2015
ലഖ്നൗ: മഹാത്മാഗാന്ധിയുടെ ഘാതകന്‍ നാഥുറാം ഗോഡ്സെയുടെ പ്രതിമ സ്ഥാപിക്കാന്‍ അനുവാദം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദുമഹാസഭാ നേതാക്കള്‍ നഗരവികസനമന്ത്രി അസംഖാന് കത്തെഴുതി. മീററ്റില്‍ ഗോഡ്സെ ക്ഷേത്രം സ്ഥാപിക്കാന്‍ അനുവദിക്കണമെന്നും സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളില്‍ അദ്ദേഹത്തിന്റെ പ്രതിമകള്‍ സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് മന്ത്രിക്ക് കത്തെഴുതിയതായി ഹിന്ദുമഹാസഭയുടെ മുതിര്‍ന്ന നേതാവ് പണ്ഡിറ്റ് അശോക്കുമാര്‍ ശര്‍മ മാധ്യമങ്ങളോടു പറഞ്ഞു.ഗാന്ധിക്കുനേരെ വെടിയുതിര്‍ത്ത 30ന് ഗോഡ്സെക്ക് വേണ്ടി ക്ഷേത്രനിര്‍മാണം തുടങ്ങുമെന്ന് ഹിന്ദുമഹാസഭ നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, പ്രഖ്യാപനം വിവാദമായതോടെ, സംസ്ഥാനത്തെ ബിജെപി നേതൃത്വംതന്നെ പദ്ധതിക്കെതിരെ രംഗത്തെത്തി. ഈ പ്രതികൂല സാഹചര്യത്തില്‍ പ്രതിമ സ്ഥാപിക്കാന്‍ മന്ത്രിയുടെ സഹായം ആവശ്യമുണ്ടെന്നും നേതാക്കള്‍ പറഞ്ഞു. "ഹിന്ദു വിരുദ്ധന്‍' എന്ന് സഭാനേതാക്കള്‍ ആവര്‍ത്തിച്ച് വിമര്‍ശിച്ചിരുന്ന സമാജ്വാദി പാര്‍ടി നേതാവ് അസംഖാനെ തന്നെ അവര്‍ ഈ ആവശ്യവുമായി സമീപിച്ചത് ശ്രദ്ധേയമായി.ഹിന്ദുമഹാസഭയുടെ മീററ്റ് കാര്യാലയം പിടിച്ചെടുക്കണമെന്ന് ഉത്തര്‍പ്രദേശ് പൊലീസ് നേരത്തെ ശുപാര്‍ശ ചെയ്തിരുന്നു. കൈയേറ്റ ഭൂമിയിലാണ് ഈ ഓഫീസ് നിര്‍മിച്ചിരിക്കുന്നതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു ഇത്. അസംഖാന്‍ ആവശ്യം പരിഗണിക്കുമെന്നും അനുകൂല നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും ഹിന്ദുമഹാസഭാ വക്താക്കള്‍ പ്രതികരിച്ചു.ഗോഡ്സെക്ഷേത്രം നിര്‍മിക്കുന്നതിനെതിരെ നിലപാടെടുത്ത സംസ്ഥാന ബിജെപി അധ്യക്ഷനും മീററ്റ് എംഎല്‍എയുമായ ലക്ഷ്മികാന്ത് വാജ്പേയി അവസരവാദിയാണെന്നും ഹിന്ദുമഹാസഭാ നേതാക്കള്‍ പറഞ്ഞു. സഭയുമായുള്ള പൂര്‍വകാലബന്ധം ജനപിന്തുണ കരുതി ലക്ഷ്മികാന്ത് വാജ്പേയി തള്ളിപ്പറയുകയാണ്. മീററ്റ് പൊലീസ് സഭയെയും നേതാക്കളെയും തുടര്‍ച്ചയായി അപമാനിക്കുകയാണെന്നും ഇവര്‍ പറഞ്ഞു. ഡിസംബറില്‍ ക്ഷേത്രം നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന സിതാപ്പുര്‍ ജില്ലയിലെ സ്ഥലത്ത് ഹിന്ദുമഹാസഭ ഭൂമിപൂജയും മറ്റും സംഘടിപ്പിച്ചതും വന്‍ വിവാദമായിരുന്നു. മോഡിസര്‍ക്കാര്‍ ഈ വിഷയത്തില്‍ പ്രതികരിക്കണമെന്ന് പ്രതിപക്ഷ പാര്‍ടികള്‍ ആവശ്യപ്പെട്ടു. സഭാ കാര്യാലയവും മറ്റും ഉള്‍പ്പെടുന്ന പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിക്കുന്ന കാര്യം ആലോചിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

സെന്‍സര്‍ ബോര്‍ഡ് അധ്യക്ഷ രാജിവച്ചു
on 17-January-2015
ന്യൂഡല്‍ഹി: വിവാദ സംഘടനയായ ദേര സച്ച സൗദയുടെ തലവനും കൊലക്കേസ് പ്രതിയുമായ ഗുര്‍മീത് റാം റഹിം സിങ്ങിനെ ആള്‍ദൈവമായി ചിത്രീകരിക്കുന്ന സിനിമയ്ക്ക് കേന്ദ്രസര്‍ക്കാര്‍ ഇടപെട്ട് പ്രദര്‍ശനാനുമതി നല്‍കിയതിനെതിരെ ഫിലിം സെന്‍സര്‍ ബോര്‍ഡില്‍ പൊട്ടിത്തെറി. ബോര്‍ഡ് അധ്യക്ഷ ലീല സാംസണും അംഗം ഇറ ഭാസ്കരനും രാജിവച്ചു. "ഷാജി എന്‍ കരുണ്‍ ഉള്‍പ്പടെയുള്ള സെന്‍സര്‍ ബോര്‍ഡ് അംഗങ്ങളും രാജിക്കത്ത് നല്‍കിയതായി റിപ്പോര്‍ട്ടുണ്ട്'.

ജനങ്ങളില്‍ വര്‍ഗീയചേരിതിരിവ് സൃഷ്ടിക്കുമെന്നു ചൂണ്ടിക്കാട്ടി സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നിഷേധിച്ച "മെസഞ്ചര്‍ ഓഫ് ഗോഡ്' എന്ന സിനിമയ്ക്ക് അപ്പലേറ്റ് ട്രിബ്യൂണലാണ് ഒറ്റരാത്രികൊണ്ട് അനുമതി നല്‍കിയത്. ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഗുര്‍മീത് രാം റഹീം ബിജെപിയെ പിന്തുണച്ചിരുന്നു. ചിത്രം പ്രദര്‍ശിപ്പിക്കുന്നതിനെതിരെ ഹരിയാനയിലും പഞ്ചാബിലും വന്‍ പ്രതിഷേധം ഉയര്‍ന്നു. രണ്ട് കൊലക്കേസിലും ലൈംഗികപീഡനക്കേസിലും പ്രതിയായ ഗുര്‍മീത് സിങ് നിര്‍മിച്ച ചിത്രത്തില്‍ അദ്ദേഹംതന്നെയാണ് നായകവേഷത്തില്‍. ചിത്രത്തില്‍ ഇയാളെ ദൈവമായാണ് അവതരിപ്പിക്കുന്നത്.

ഗുര്‍മീത് നേരത്തെ സിഖ് ആചാര്യന്‍ ഗുരു ഗോവിന്ദ് സിങ്ങിന്റെ വേഷത്തില്‍ പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടത് കലാപത്തിന് ഇടയാക്കിയിരുന്നു. നാനൂറോളം അനുയായികളെ നിര്‍ബന്ധിച്ച് വന്ധ്യംകരണ ശസ്ത്രക്രിയക്ക് വിധേയനാക്കിയെന്ന പരാതിയിലും അന്വേഷണം നടക്കുകയാണ്.

സെന്‍സര്‍ ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങളില്‍ നടക്കുന്ന അനധികൃത ഇടപെടലുകളിലും അഴിമതിയിലും പ്രതിഷേധിച്ചാണ് രാജിവയ്ക്കുന്നതെന്ന് പ്രശസ്ത ഭരതനാട്യം നര്‍ത്തകികൂടിയായ ലീല സാംസണ്‍ പറഞ്ഞു. ലീലയുടെ നിലപാടിന് പിന്തുണ പ്രഖ്യാപിച്ചാണ് താന്‍ ബോര്‍ഡ് അംഗത്വം ഒഴിയുന്നതെന്ന് ജവാഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലാ അധ്യാപകനായ ഇറ ഭാസ്കരന്‍ പറഞ്ഞു. ഫിലിം സെന്‍സര്‍ ബോര്‍ഡ് അംഗങ്ങളുടെ കാലാവധി 2014 ഏപ്രിലില്‍ കഴിഞ്ഞതാണ്. മോഡിസര്‍ക്കാര്‍ പുതിയ നിയമനം നടത്താത്ത സാഹചര്യത്തില്‍ നിലവിലുള്ള ബോര്‍ഡ് തുടരുകയായിരുന്നു.

കേന്ദ്ര സെന്‍സര്‍ ബോര്‍ഡില്‍നിന്ന് ലീല സാംസണ്‍ രാജിവെച്ചു
on 16-January-2015
കേന്ദ്ര സെന്‍സര്‍ ബോര്‍ഡില്‍നിന്ന് ലീല സാംസണ്‍ രാജിവെച്ചു ന്യൂഡല്‍ഹി: കേന്ദ്ര സെന്‍സര്‍ ബോര്‍ഡ് അധ്യക്ഷ ലീലാ സാംസണ്‍ രാജിവെച്ചു. "മെസഞ്ചര്‍ ഓഫ് ഗോഡ്' എന്ന ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് അനുമതി നല്കിയതില്‍ പ്രതിഷേധിച്ചാണ് രാജി.ദേരാ സച്ചാ സൗധ മഠാധിപതി ഗുര്‍മീത് റാം റഹീം സിങ് ദൈവമായി അവതരിപ്പിക്കപ്പെടുന്ന വിവാദ ചിത്രമായ മെസഞ്ചര്‍ ഓഫ് ഗോഡിന് ബോര്‍ഡിനെ മറികടന്ന് പ്രദര്‍ശനാനുമതി നല്‍കുകയായിരുന്നു. വര്‍ഗീയ സംഘര്‍ഷത്തിനിടയാക്കിയേക്കാം എന്ന കാരണത്താലാണ് സെന്‍സര്‍ ബോര്‍ഡ് അനുമതി നിഷേധിച്ചതായിരുന്നു.തുടര്‍ന്ന് സര്‍ക്കാര്‍ ഫിലിം സര്‍ട്ടിഫിക്കേഷന്‍ അപ്പലേറ്റ് െ്രടെബ്യൂണലില്‍ വെച്ചാണ് അനുമതി നേടിയെടുത്തത്. ചിത്രത്തിന് അനുമതി കിട്ടിയ കാര്യം താന്‍ അറിഞ്ഞുവെന്നും ഇത് സെന്‍സര്‍ ബോര്‍ഡിനെ അപമാനിക്കുന്നതിന് തുല്യമാണെന്നും അവര്‍ പറഞ്ഞു.ബോര്‍ഡിന് മുകളില്‍ ഒരു സി ഇ ഒയെ നിയമിച്ച്ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ഇടപെടുകയാണെന്നും അവര്‍ ആരോപിച്ചു.ചിത്രത്തിനെതിരെ സിഖ് സമൂഹത്തിന്റെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. സിഖ് ആചാര്യന്‍ ഗുരു ഗോബിന്ദ് സിങ്ങിന്റെ വേഷം ധരിച്ച് പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടത് വഴി സിഖ് സമൂഹത്തിന്റെ എതിര്‍പ്പ് നേടിയ ഗുര്‍മീത് സിങ് കൊലപാതക കേസിലടക്കം പ്രതിയാണ്.
deshabhimani

No comments:

Post a Comment