Monday, September 21, 2015

അടിയന്തരാവസ്ഥ: ഇന്ദിരയെ ആര്‍എസ്എസ് അനുകൂലിച്ചു

ന്യൂഡല്‍ഹി > അടിയന്തരാവസ്ഥക്കാലത്ത് പ്രധാനമന്ത്രി ഇന്ദിരാഗാന്ധി സ്വീകരിച്ച നടപടികള്‍ക്ക് ആര്‍എസ്എസ് പിന്തുണ അറിയിച്ചിരുന്നുവെന്ന് വെളിപ്പെടുത്തല്‍. ഇന്റലിജന്‍സ് ബ്യൂറോ (ഐബി) മുന്‍ മേധാവി ടി വി രാജേശ്വര്‍ രചിച്ച "ഇന്ത്യ: ഇന്‍ ക്രൂഷ്യല്‍ ഇയേഴ്സ്' എന്ന പുസ്തകമാണ് അടിയന്തരാവസ്ഥക്കാലത്തെ കോണ്‍ഗ്രസ്- ആര്‍എസ്എസ് ബാന്ധവം പുറത്തുകൊണ്ടുവന്നത്. അടിയന്തരാവസ്ഥക്കാലത്ത് ആര്‍എസ്എസിന് രാജ്യത്ത് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. എങ്കിലും അക്കാലത്തെ ആര്‍എസ്എസ് മേധാവി ബാലസാഹേബ് ദിയോറ ഇന്ദിരാഗാന്ധിയുടെ നടപടികളില്‍ സംതൃപ്തനായിരുന്നു. സഞ്ജയ്ഗാന്ധിയുടെ നേതൃത്വത്തില്‍ നടത്തിയ നിര്‍ബന്ധിത കുടുംബാസൂത്രണ പ്രവര്‍ത്തനങ്ങളെ ആര്‍എസ്എസ് ശക്തമായി പിന്തുണച്ചു.

മുസ്ലിംസമുദായ അംഗങ്ങളെ ബലംപ്രയോഗിച്ച് കുടുംബാസൂത്രണം ചെയ്യിക്കുന്നതില്‍ ആര്‍എസ്എസ് അഭിനന്ദനം അറിയിച്ചു. ഇക്കാര്യത്തിലുള്ള പിന്തുണ അറിയിക്കാന്‍ ആര്‍എസ്എസ് മേധാവി ഇന്ദിരയെയും സഞ്ജയ്ഗാന്ധിയെയും നേരിട്ട് കാണാന്‍ താല്‍പ്പര്യം പ്രകടിപ്പിക്കുകപോലുമുണ്ടായി. മുതിര്‍ന്ന ഐബി ഉദ്യോഗസ്ഥരോട് ആര്‍എസ്എസ് ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തി. എന്നാല്‍, ആര്‍എസ്എസിനോട് അനുഭാവമുണ്ടെന്ന കാര്യം മാധ്യമങ്ങളിലൂടെ വെളിപ്പെടുന്നതില്‍ താല്‍പ്പര്യമില്ലാത്ത ഇന്ദിര കൂടിക്കാഴ്ചയ്ക്ക് അവസരം നല്‍കിയില്ല. ഇന്ത്യ ഇസ്രയേലിനോട് ചങ്ങാത്തം പുലര്‍ത്തണമെന്ന ആര്‍എസ്എസ് അടക്കമുള്ള ഹൈന്ദവ സംഘടനകളുടെ നിലപാടിനോടും ഇന്ദിര അനുകൂലമായിരുന്നു. സ്വാതന്ത്ര്യലബ്ധി കാലംമുതല്‍ ആര്‍എസ്എസിന് ഇസ്രയേല്‍ അനുകൂലനിലപാടാണ്.

ഇന്ത്യന്‍ മുസ്ലിങ്ങള്‍ കോണ്‍ഗ്രസില്‍നിന്ന് അകലുമെന്ന് ഭയന്നതുകൊണ്ടുമാത്രമാണ് ഇന്ദിര "അറബ് അനുകൂല' നിലപാട് സ്വീകരിച്ചത്. ഇന്ദിര ഇസ്രയേലിനോട് അടുക്കുന്നതില്‍ കശ്മീര്‍പ്രശ്നവും കാലതാമസമുണ്ടാക്കിയെന്ന് പുസ്തകം വിവരിക്കുന്നു. ദീര്‍ഘകാലം ഐബിയില്‍ പ്രവര്‍ത്തിച്ചതിന്റെ അനുഭവങ്ങളാണ് രാജേശ്വര്‍ പുസ്തകത്തില്‍ വിവരിക്കുന്നത്. 1980കളിലെ ആയുധ കുംഭകോണത്തെക്കുറിച്ചും നിരവധി അഴിമതികളെക്കുറിച്ചും ആരുടെയും പേര് വെളിപ്പെടുത്താതെ പുസ്തകത്തില്‍ വിവരിക്കുന്നു. നിര്‍ണായകമായ അഴിമതികള്‍ ഐബി മുന്‍കൂട്ടി ചൂണ്ടിക്കാട്ടിയിട്ടും അവയെല്ലാം ഇന്ദിര അവഗണിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഐബിയില്‍നിന്ന് വിരമിച്ച രാജേശ്വര്‍ നിരവധി സംസ്ഥാനങ്ങളുടെ ഗവര്‍ണര്‍പദവി വഹിച്ചു. പുസ്തകം ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി പ്രകാശനംചെയ്തു.

അടിയന്തരാവസ്ഥയില്‍ ആര്‍എസ്എസ് മാപ്പിരന്നു

ന്യൂഡല്‍ഹി > അടിയന്തരാവസ്ഥക്കാലത്തെ പൗരാവകാശലംഘനങ്ങള്‍ക്കെതിരെ പൊരുതിയെന്ന ആര്‍എസ്എസിന്റെയും ജനസംഘത്തിന്റെയും അവകാശവാദം പൊളിക്കുന്ന തെളിവുകള്‍ പുറത്ത്. ആര്‍എസ്എസ് സര്‍സംഘചാലക് മധുകര്‍ ദത്താത്രേയ ദേവറസ് പ്രധാനമന്ത്രി ഇന്ദിര ഗാന്ധിക്ക് 1975 ആഗസ്ത് എട്ടിന് മാപ്പപേക്ഷ നല്‍കിയതിന്റെ തെളിവ് ഫ്രണ്ട്ലൈനാണ് പുറത്തുകൊണ്ടുവന്നത്. യെര്‍വാദ ജയിലില്‍ കിടക്കുമ്പോള്‍ മോചനം ആവശ്യപ്പെട്ട് നല്‍കിയ കത്ത് അഭിഭാഷകനായ എ ജി നൂറാണിയുടെ ലേഖനത്തിനൊപ്പമാണുള്ളത്. താനടക്കമുളള ആര്‍എസ്എസ് നേതാക്കളെ വെറുതെ വിടണമെന്നും ആര്‍എസ്എസിനുമേലുള്ള നിരോധം എടുത്തുകളയണമെന്നും ദേവറസ് കത്തില്‍ ആവശ്യപ്പെടുന്നു.

ജനസംഘത്തിന്റെ നേതാക്കളായ വാജ്പേയ്, അദ്വാനി എന്നിവരുടെ അറസ്റ്റും തടവും സംബന്ധിച്ച് ജനങ്ങള്‍ക്ക് അറിയാമെങ്കിലും അതിനു പിന്നിലുള്ള കുത്സിതമായ പ്രവൃത്തിയെക്കുറിച്ച് ആര്‍ക്കും അറിയില്ലെന്നും കത്തില്‍ പറയുന്നു. കത്തില്‍ ദേവറസ് ഇന്ദിര ഗാന്ധിയെ അഭിനന്ദിക്കുകയും ചെയ്യുന്നു. ലോക്സഭാ തെരഞ്ഞെടുപ്പ് കേസില്‍ സുപ്രീംകോടതി ഇന്ദിര ഗാന്ധിക്ക് അനുകൂലമായി വിധിപ്രഖ്യാപനം നടത്തിയപ്പോഴാണ് ദേവറസ് ഇന്ദിരയെ അഭിനന്ദിച്ചത്. ഇതിനെതിരെ ജനതാപാര്‍ടി ജനറല്‍ സെക്രട്ടറിയായിരുന്ന മധു ലിമായെയുടെ പ്രതികരണവും പുറത്തുവന്നിരുന്നു. ഇത്തരം നേതാക്കളുടെ വാക്കുകള്‍ വിശ്വസിക്കാന്‍ കൊള്ളില്ല എന്നാണ് അന്ന് അദ്ദേഹം പറഞ്ഞത്. മോചനം ആവശ്യപ്പെട്ട് പ്രധാനമന്ത്രി ഇന്ദിര ഗാന്ധിക്ക് കത്തെഴുതിയിരുന്നെന്ന് ദേവറസ് കുറ്റസമ്മതം നടത്തിയിരുന്നു. ഡല്‍ഹിയില്‍ വാര്‍ത്താ സമ്മേളനത്തിനിടയിലാണ് താന്‍ രണ്ട് കത്തുകള്‍ ഇന്ദിര ഗാന്ധിക്ക് എഴുതിയെന്ന് അദ്ദേഹം സമ്മതിച്ചത്. ആദ്യം നിഷേധിച്ചെങ്കിലും പത്രക്കാര്‍ രണ്ട് കത്തിന്റെ പകര്‍പ്പ് കാണിച്ചപ്പോഴാണ് അദ്ദേഹം കുറ്റസമ്മതം നടത്തിയത്. ഒരു കത്ത് ഇന്ദിര ഗാന്ധിയുടെ പിറന്നാളിനോട് അനുബന്ധിച്ചും മറ്റൊന്ന് സുപ്രീംകോടതിയില്‍നിന്ന് ഇന്ദിരയ്ക്ക് അനുകൂലമായി വിധി വന്നപ്പോഴുമാണ് എഴുതിയത്. കൂടാതെ വെറെയും കത്തുകള്‍ എഴുതിയിരുന്നു.

കത്തിന്റെ പകര്‍പ്പ് 1977 ഒക്ടോബര്‍ 18ന് മഹാരാഷ്ട്ര മുഖ്യമന്ത്രി എസ് ബി ചവാന്‍ നിയമസഭയില്‍ ഹാജരാക്കിയിരുന്നു. രാജ്യസുരക്ഷയ്ക്ക് ഭീഷണിയാകുന്ന തരത്തിലുള്ള പ്രവര്‍ത്തനമല്ല ആര്‍എസ്എസിന്റേത് എന്ന് കത്തില്‍ സമര്‍ഥിക്കുന്നു. ആര്‍എസിഎസിന്റെ നിരോധം എടുത്തുകളയണമെന്നും താങ്കളെ നേരില്‍ കാണാന്‍ ആഗ്രഹിക്കുന്നെന്നും ആവശ്യപ്പെട്ടാണ് കത്ത് അവസാനിപ്പിക്കുന്നത്. ജയില്‍മോചനത്തിന് ഇന്ദിര ഗാന്ധിയില്‍ സമ്മര്‍ദം ചെലുത്താന്‍ ദേവറസ് വിനോബ ഭാവെയ്ക്കും കത്തെഴുതിയതിനുള്ള തെളിവുകളും ലേഖനത്തിലുണ്ട്. വിനോബയോട് ഇന്ദിര ഗാന്ധിക്കുള്ള അടുപ്പം മുതലാക്കാനായിരുന്നു ശ്രമം. വിനോബ ഇന്ദിര ഗാന്ധിയെ ഒരിക്കലും എതിര്‍ത്തിരുന്നില്ല. ഈ ബന്ധം മുതലെടുക്കാനായിരുന്നു ശ്രമം. 1976 ജനുവരി 12നും അതിന് തൊട്ടടുത്ത ദിവസവുമാണ് വിനോബയ്ക്ക് ദേവറസ് കത്തെഴുതിയത്. ഈ മാസം 24ന് പ്രധാനമന്ത്രി പവ്നാര്‍ ആശ്രമത്തില്‍ താങ്കളെ കാണാന്‍ വരുന്നത് പത്രവാര്‍ത്തകളിലൂടെ അറിഞ്ഞു. അപ്പോള്‍ ആര്‍എസ്എസിനോടുള്ള അവരുടെ തെറ്റായ കാഴ്ചപ്പാട് മാറ്റാന്‍ താങ്കള്‍ ശ്രമിക്കണം. കൂടാതെ ജയിലിലുള്ള ആര്‍എസ്എസ് വളന്റിയര്‍മാരുടെ മോചനം സാധ്യമാക്കണമെന്നുമാണ് കത്തില്‍ താഴ്മയോടെയുള്ള ആവശ്യം. മോചനം സാധ്യമായാല്‍ രാജ്യപുരോഗതിക്കായി പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുമെന്നും കത്തില്‍ പറയുന്നു.

രാജീവും സോണിയയും അടിയന്തരാവസ്ഥയെ പിന്തുണച്ചു: ആര്‍ കെ ധവാന്‍

ന്യൂഡല്‍ഹി > രാജീവ് ഗാന്ധിക്കും സോണിയ ഗാന്ധിക്കും അടിയന്തരാവസ്ഥയോട് എതിര്‍പ്പില്ലായിരുന്നെന്നും മേനക ഗാന്ധി സഞ്ജയ് ഗാന്ധിയുടെ എല്ലാ നീക്കങ്ങളെയും പിന്തുണച്ചിരുന്നെന്നും ഇന്ദിര ഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ആര്‍ കെ ധവാന്‍. തെരഞ്ഞെടുപ്പ് അസാധുവാക്കിയ അലഹബാദ് ഹൈക്കോടതിയുടെ വിധി അറിഞ്ഞ ഉടനെ ഇന്ദിര ഗാന്ധി രാജിവയ്ക്കാന്‍ ഒരുങ്ങിയതാണ്. എന്നാല്‍, ജനങ്ങള്‍ ഇപ്പോഴും ഇന്ദിരയുടെ ഭരണം ആഗ്രഹിക്കുന്നെന്ന് സഞ്ജയ് ഗാന്ധി അവരെ തെറ്റിദ്ധരിപ്പിച്ചു. അമ്മയെ പിന്തുണയ്ക്കുന്ന പ്രകടനങ്ങള്‍ സഞ്ജയും കൂട്ടരും നാടുനീളെ സംഘടിപ്പിച്ചു. തുടര്‍ന്നാണ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ തീരുമാനിച്ചത്- ആര്‍ കെ ധവാന്‍ ആദ്യമായി മാധ്യമങ്ങള്‍ക്ക് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു.

പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയായിരുന്ന സിദ്ധാര്‍ഥ ശങ്കര്‍ റേയാണ് അടിയന്തരാവസ്ഥയെന്ന ആശയം ഇന്ദിരയ്ക്ക് മുന്നില്‍വച്ചത്. അടിയന്തരാവസ്ഥയുടെ വാസ്തുശില്‍പ്പിയാണ് റേ. വന്‍ ഭൂരിപക്ഷത്തില്‍ ജയിക്കുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് കിട്ടിയതിനെ തുടര്‍ന്ന് 1977ല്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. 340 സീറ്റെങ്കിലും കിട്ടുമെന്ന് പ്രതീക്ഷിച്ച ഇന്ദിരയെ അവര്‍ തോറ്റ വിവരം താനാണ് അറിയിച്ചത്. വാര്‍ത്ത അറിഞ്ഞപ്പോള്‍ ഇന്ദിരയുടെ മുഖം ശാന്തമായി. കുടുംബത്തിനൊപ്പം ചെലവിടാന്‍ സമയം കിട്ടിയെന്നായിരുന്നു ആദ്യ പ്രതികരണം. സഞ്ജയ് ഗാന്ധിയാണ് തോല്‍വിക്ക് കാരണമെന്ന് ഒരിക്കലും വിശ്വസിച്ചില്ല - ധവാന്‍ ഓര്‍മിച്ചു.

അടിയന്തരാവസ്ഥ സുപ്രഭാതത്തില്‍ എടുത്ത തീരുമാനമല്ല. വര്‍ഷങ്ങള്‍ മുമ്പേ കോണ്‍ഗ്രസില്‍ ആലോചന നടന്നിരുന്നു. അറസ്റ്റ് ചെയ്യേണ്ട രാഷ്ട്രീയനേതാക്കളുടെ പട്ടിക 1975 ജൂണ്‍ 20, 21 തീയതികളില്‍ തന്നെയുണ്ടാക്കി. എല്ലാ മുഖ്യമന്ത്രിമാരോടും തയ്യാറാകാന്‍ നിര്‍ദേശിച്ചു. ചേരിനിര്‍മാര്‍ജനവും നിര്‍ബന്ധിത വന്ധ്യംകരണവും പോലെയുള്ള സഞ്ജയിന്റെ അതിക്രമങ്ങള്‍ സംബന്ധിച്ച് ഇന്ദിരയ്ക്ക് വ്യക്തമായ ധാരണയുണ്ടായിരുന്നില്ല. എന്നാല്‍, മേനക ഗാന്ധിക്ക് എല്ലാം അറിയാമായിരുന്നു. ഭര്‍ത്താവിന്റെ എല്ലാ നടപടിയെയും അവര്‍ പിന്തുണച്ചു. രാജീവും സോണിയയും അടിയന്തരാവസ്ഥയെ എതിര്‍ത്തെന്ന വാര്‍ത്തകള്‍ തെറ്റാണ്. ഇരുവരും ഇന്ദിരയോട് വിയോജിച്ചില്ല. ഉത്തരവാദിത്തത്തില്‍നിന്ന് കൈകഴുകാന്‍ ആര്‍ക്കുമാകില്ല. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായുള്ള ഉത്തരവ് താനാണ് രാഷ്ട്രപതി ഫക്രുദീന്‍ അലി അഹമ്മദിന്റെ വീട്ടിലെത്തിച്ചത്. ഒരെതിര്‍പ്പും പറയാതെ അദ്ദേഹം ഒപ്പിട്ടുതന്നു. സഞ്ജയ് അമ്മയുടെ കരണത്തടിച്ചെന്ന വാഷിങ്ടണ്‍ പോസ്റ്റ് വാര്‍ത്ത തെറ്റാണെന്നും ധവാന്‍ പറഞ്ഞു.

deshabhimani

No comments:

Post a Comment