Tuesday, September 22, 2015

ആര്‍എസ്എസ് അജന്‍ഡ: അടുത്തത് സംവരണം

ഇന്ത്യന്‍ ഭരണഘടന പിന്നോക്ക ജനവിഭാഗത്തിനും പട്ടികജാതി പട്ടികവര്‍ഗങ്ങള്‍ക്കും അനുവദിച്ച സംവരണാനുകൂല്യം അട്ടിമറിക്കുക ആര്‍എസ്്എസിന്റെ അജന്‍ഡയിലൊന്നാണ്. ന്യൂനപക്ഷ കമീഷന്‍ വേണ്ട, മനുഷ്യാവകാശ കമീഷന്‍ മതി എന്ന് ആര്‍എസ്എസ് വളരെ മുമ്പുതന്നെ പറഞ്ഞതാണ്. ചാതുര്‍വര്‍ണ്യവ്യവസ്ഥയില്‍ ഇന്നും ഉറച്ചുവിശ്വസിക്കുന്ന ആ സംഘടന സവര്‍ണ മേധാവിത്വം അന്യൂനമായി സംരക്ഷിക്കപ്പെടണമെന്നാണ് ശഠിക്കുന്നത്. ആര്‍എസ്എസിന്റെ വേദഗ്രന്ഥമെന്ന് കരുതുന്ന വിചാരധാരയില്‍ ഇക്കാര്യം സംശയരഹിതമായി പ്രതിപാദിച്ചിട്ടുമുണ്ട്.

ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത് ഓര്‍ഗനൈസര്‍ വാരികയ്ക്കും ആര്‍എസ്എസിന്റെ തനത് പ്രസിദ്ധീകരണമായ പാഞ്ചജന്യക്കും നല്‍കിയ അഭിമുഖത്തിലാണ് സംവരണാനുകൂല്യം പുനഃപരിശോധിക്കാന്‍ കമീഷനെ നിയമിക്കണമെന്ന ആവശ്യം ഉന്നയിച്ചത്. കമീഷന്റെ ഘടന എന്തായിരിക്കണമെന്നും അഭിമുഖത്തില്‍ വ്യക്തമാക്കി. രാഷ്ട്രീയക്കാരില്ലാത്ത കമീഷനാണ് മോഹന്‍ ഭാഗവത് വിഭാവനംചെയ്തത്. സര്‍സംഘചാലകിന് നാക്ക് പിഴച്ചതാണെന്ന് തെറ്റിദ്ധരിക്കേണ്ടതില്ല. വളരെ ആസൂത്രിതമായാണ് ഈ തീരുമാനം പുറത്തുവിട്ടത്. മോഹന്‍ ഭാഗവതിന്റെ അഭിമുഖം വിവാദമായതോടെ പ്രതിഷേധം തണുപ്പിക്കാന്‍ ബിജെപി ഇടപെട്ടു. സംവരണം പുനഃപരിശോധിക്കേണ്ടതില്ലെന്നും നിലനിര്‍ത്തണമെന്നും ബിജെപി വക്താക്കള്‍ അഭിപ്രായപ്പെട്ടു. ഇത് കേള്‍ക്കുന്നവര്‍ ആര്‍എസ്എസും ബിജെപിയും രണ്ടു തട്ടിലാണെന്ന് ധരിക്കണമെന്നാണവരുടെ ആഗ്രഹം. ആര്‍എസ്എസിന്റെ രാഷ്ട്രീയമുഖമായാണ് ബിജെപി രംഗത്തുവരുന്നത്.  എന്നാല്‍, നരേന്ദ്രമോഡി അധികാരത്തില്‍ വന്നതോടെ ഈ ഭിന്നസ്വഭാവമൊന്നും ഇരുകൂട്ടര്‍ക്കുമില്ല. ആര്‍എസ്എസ് ഇതേവരെ പിന്നണിയില്‍നിന്നാണ് ബിജെപിയെ നിയന്ത്രിച്ചതെങ്കില്‍ ഇപ്പോള്‍ മുഖംമൂടിയില്ല. അത് ഏതാനും ദിവസംമുമ്പ് വ്യക്തമായി തെളിയിച്ചു.

നരേന്ദ്രമോഡി പ്രധാനമന്ത്രിയായി ഒരുവര്‍ഷത്തിനുശേഷം ഈ സെപ്തംബര്‍ രണ്ടു മുതല്‍ നാലുവരെ മൂന്നുദിവസം ദില്ലിയില്‍ "സമന്വയ ബൈഠക്' നടന്നു. ആര്‍എസ്എസ് ആണ് യോഗം വിളിച്ചുകൂട്ടിയത്. മോഹന്‍ ഭാഗവത് ഉള്‍പ്പെടെയുള്ള ആര്‍എസ്എസ് നേതാക്കളും അമിത്ഷാ ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കളും മുതിര്‍ന്ന മന്ത്രിമാരും ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള സംഘടനാ നേതാക്കളും പങ്കെടുത്തു. യോഗത്തില്‍ മന്ത്രിമാരില്‍നിന്ന് വിവരം നേരിട്ട് സ്വീകരിക്കുകയും ആര്‍എസ്എസ് മേധാവി മന്ത്രിമാര്‍ക്ക് നിര്‍ദേശം നല്‍കുകയുമായിരുന്നു. ആര്‍എസ്എസും ബിജെപിയും രണ്ടാണെന്ന് ആരെങ്കിലും തെറ്റിദ്ധരിച്ചിരുന്നെങ്കില്‍ അത് നീക്കാന്‍ സമയം അതിക്രമിച്ചുകഴിഞ്ഞെന്നാണ് ഈ ഉന്നതതല യോഗം സംശയരഹിതമായി തെളിയിച്ചത്. ഈ സാഹചര്യത്തില്‍ മോഹന്‍ ഭാഗവത് സംവരണത്തെപ്പറ്റി ഒരഭിപ്രായം പറഞ്ഞെന്നും ഭരിക്കുന്ന പാര്‍ടിയായ ബിജെപി അത് തള്ളിക്കളഞ്ഞതുകൊണ്ട് തല്‍ക്കാലം ആപത്തൊഴിഞ്ഞെന്നും ആരെങ്കിലും ധരിച്ചാല്‍ അവര്‍ ഈ ലോകത്തല്ല ജീവിക്കുന്നതെന്ന് പറയേണ്ടിവരും.

ആര്‍എസ്എസ് അതിന്റെ അജന്‍ഡ മോഹന്‍ ഭാഗവതിന്റെ അഭിമുഖത്തിലൂടെ അണികളെ അറിയിച്ചുകഴിഞ്ഞു. ഓര്‍ഗനൈസറും പാഞ്ചജന്യവും അത് പ്രസിദ്ധീകരിച്ചതോടെ ആ അജന്‍ഡയുടെ വിളംബരമായി. ഇനി പൊതുജനാഭിപ്രായം അനുകൂലമാക്കാനുള്ള കരുനീക്കങ്ങളാണ് നടക്കുക. പെട്ടെന്നുയര്‍ന്നുവരാനിടയുള്ള പ്രതിഷേധം അടക്കിനിര്‍ത്താനാണ് തികഞ്ഞ പരസ്പരധാരണയോടെയും ആസൂത്രിതമായും ബിജെപി പ്രതികരിച്ചത്. ബിഹാര്‍ തെരഞ്ഞെടുപ്പിന്റെ പ്രാധാന്യം അറിയാത്ത ആളല്ല മോഹന്‍ ഭാഗവത്. സംവരണംമൂലമാണ് മുന്നോക്കക്കാര്‍ക്ക് തൊഴില്‍ ലഭിക്കാത്തതെന്ന തെറ്റിദ്ധാരണ ഇവര്‍ സൃഷ്ടിക്കാറുണ്ട്. മണ്ഡല്‍കമീഷന്‍ റിപ്പോര്‍ട്ട് വന്നപ്പോള്‍ ബിജെപി അതിനെ നഖശിഖാന്തം എതിര്‍ത്തതാണ്.

സംവരണകാര്യത്തില്‍ സിപിഐ എം ഖണ്ഡിതമായി അഭിപ്രായം പറഞ്ഞിട്ടുണ്ട്. സംവരണാനുകൂല്യം തുടരണം. സംവരണ സമുദായങ്ങള്‍ മറ്റുള്ളവരോടൊപ്പം എത്തുന്നതുവരെ അത് തുടരുകതന്നെ വേണം. അതോടൊപ്പം മുന്നോക്ക വിഭാഗത്തിലെ ഏറ്റവും പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് നിശ്ചിത ശതമാനം സംവരണം വേണമെന്നുകൂടി പാര്‍ടി ആവശ്യപ്പെടുന്നു. അതിനായി ഭരണഘടനയില്‍ ഭേദഗതി വരുത്തണം. അതിനാണ് സമവായം ആവശ്യമുള്ളത്. മുന്നോക്കക്കാരെയും പിന്നോക്കക്കാരെയും രണ്ടു തട്ടിലാക്കി ഭിന്നിപ്പിച്ച് മുതലെടുക്കുന്നത് അവസാനിപ്പിക്കണം. സംവരണാനുകൂല്യം തുടരണമോ എന്ന് പരിശോധിക്കാന്‍ അരാഷ്ട്രീയവാദികളുടെ കമീഷനെ നിയമിക്കുന്നത് ആര്‍എസ്എസിന്റെ തനതായ അജന്‍ഡ നടപ്പാക്കാനുള്ള ആസൂത്രിത പദ്ധതിയാണെന്ന തിരിച്ചറിവുണ്ടാകണം.

ഭരണഘടന അംഗീകരിച്ച് 65 വര്‍ഷം കഴിഞ്ഞു. യുപിയിലെ ഒരനുഭവം ഞങ്ങള്‍ മുമ്പ് ചൂണ്ടിക്കാട്ടിയതാണ്. 400ല്‍ താഴെ ശിപായിമാരുടെ തസ്തികയ്ക്ക് 23 ലക്ഷം അപേക്ഷകരാണ് രംഗത്തുവന്നത്. അതില്‍ രണ്ടേകാല്‍ ലക്ഷം എന്‍ജിനിയര്‍മാരും അത്രതന്നെ പിഎച്ച്ഡിക്കാരും ഉള്‍പ്പെടുന്നു. ഇത്ര രൂക്ഷമായ തൊഴിലില്ലായ്മക്ക് സംവരണം ഒരു പരിഹാരമല്ല. തൊഴിലില്ലായ്യും പട്ടിണിയും ദാരിദ്ര്യവും തുടച്ചുനീക്കാനുള്ള നയം ആവിഷ്കരിച്ച് നടപ്പാക്കാന്‍ ബാധ്യതയുള്ളവര്‍ അതില്‍ നിന്നൊളിച്ചോടി സംവരണത്തിന്റെ പേരില്‍ ജനങ്ങളെ ഇനിയും തമ്മിലടിപ്പിക്കാന്‍ ശ്രമിക്കരുത്. അടിസ്ഥാനപ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുകയാണ് വേണ്ടത്. ജാതിയുടെയും മതത്തിന്റെയും പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കുന്നത് അവസാനിപ്പിക്കുകതന്നെ വേണം

deshabhimani editorial 230915

No comments:

Post a Comment