Monday, September 21, 2015

സംഘികള്‍ ചെയ്തുകൊണ്ടിരിക്കുന്നത്

കഴിഞ്ഞ കുറെ മാസങ്ങളിലായി സംഘപരിവാര്‍ വിവിധ മണ്ഡലങ്ങളില്‍ നടത്തിക്കൊണ്ടിരിക്കുന്ന പലവിധത്തിലുള്ള ഇടപെടലുകളെ സംബന്ധിച്ച വാര്‍ത്തകള്‍ ഒരിടത്ത് ശേഖരിക്കാന്‍ ഒരു ചെറിയ ശ്രമം. പൂര്‍ണ്ണമല്ല. എങ്കിലും റെഫറന്‍സിനും ഓര്‍മ്മ പുതുക്കലിനും ഉപയോഗപ്പെടുമെന്ന് കരുതുന്നു.

സ്ത്രീകള്‍ രാത്രിയില്‍ പുറത്തിറങ്ങിനടക്കുന്നത് സംസ്കാരത്തിന്ചേര്‍ന്നതല്ല:കേന്ദ്രമന്ത്രി

ന്യൂഡല്‍ഹി> സ്ത്രീകള്‍ രാത്രിയില്‍ പുറത്തിറങ്ങി നടക്കുന്നത് ഇന്ത്യന്‍ സംസ്കാരത്തിന് ചേര്‍ന്നതല്ലെന്ന് കേന്ദ്ര സാംസ്കാരിക മന്ത്രിയും ബിജെപി നേതാവുമായ മഹേഷ് ശര്‍മ. മറ്റെവിടെയും സ്ത്രീകള്‍ക്ക് ഇതാവാം. പക്ഷേ ഇന്ത്യയില്‍ ഇത് അംഗീകരിക്കാനാവില്ലെന്നും മന്ത്രി വ്യക്തമാക്കി. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മന്ത്രിയുടെ വിവാദ പ്രസ്താവന.

ജൈനമത ഉത്സവത്തോടനുബന്ധിച്ച് മാംസ നിരോധനത്തില്‍ തെറ്റില്ല. കുറച്ചു ദിവസത്തേക്ക് മാംസനിരോധനം ഏര്‍പ്പെടുത്തിയതില്‍ എന്താണ് തെറ്റ്? ചില പ്രത്യക സമുദായങ്ങളോടുള്ള ആദരവിന്റെ സൂചകമായി ഇത്തരത്തില്‍ ചെയ്യുന്നതില്‍ തെറ്റില്ല. കുറച്ചു ദിവസത്തേക്കുള്ള ചെറിയ ത്യാഗമാണിത്. രാമായമണവും ഭാരതവും പോലെ ബൈബിളിനും ഭഗവദ് ഗീതയ്ക്കും മഹത്വം ഇല്ലെന്നും മഹേഷ് ശര്‍മ പറഞ്ഞു. മുന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാമിന്തെിരായ വിവാദ പരാമര്‍ശത്തിന് പിന്നാലെയാണ് മഗഹഷ് ശര്‍മയുടെ പുതിയ പരാമര്‍ശം. മുസ്ലിമായിരുന്നെങ്കിലും മുന്‍ രാഷ്ട്രപതി അബ്ദുള്‍ കലാം മഹാനും ദേശസ്നേഹിയും ആയിരുന്നുവെന്നാണ് ഇന്നലെ മന്ത്രി പറഞ്ഞത്. ഇന്ത്യാടുഡേ ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മന്ത്രിയുടെ വിവാദപരാമര്‍ശം.

ഡല്‍ഹിയിലെ ഔറംഗസീബ് റോഡ് അബ്ദുള്‍ കലാം റോഡായി പുനര്‍നാമകരണം ചെയ്തതിനെ ന്യായീകരിക്കവെയാണ് മന്ത്രി ഇങ്ങനെ പറഞ്ഞത്.ഇങ്ങനെയായിരുന്നു മന്ത്രിയുടെ വാക്കുകള്‍: ഔറംഗസീബ് മാതൃകയാക്കേണ്ട വ്യക്തിയായിരുന്നെന്ന് ഞാന്‍ കരുതുന്നില്ല. പ്രചോദനമാകേണ്ടവരെമാത്രമേ അങ്ങനെ സ്വീകരിക്കാവൂ. അത്തരമൊരു മഹാനാണ് അബ്ദുള്‍ കലാം. മുസ്ലിമായിരുന്നെങ്കിലും അദ്ദേഹം ദേശസ്നേഹിയും മാനവികതയില്‍ വിശ്വസിച്ചിരുന്ന വ്യക്തിയുമായിരുന്നു.

റോഡിന് അദ്ദേഹത്തിന്റെ പേരാണ് നല്‍കിയത്.ഈ പ്രസ്താവന വിവാദമായപ്പോള്‍ "കലാം ദേശീയവാദിയായ മുസ്ലിമായിരുന്നു' എന്നുമാത്രമാണ് താന്‍ പറഞ്ഞതെന്ന് മന്ത്രി വിശദീകരിച്ചു.

ഗോമാംസം കഴിക്കുന്നത് കുറ്റകരം: രാംദേവ്

ന്യൂഡല്‍ഹി > ബൈബിള്‍, ഖുര്‍ആന്‍ എന്നിവയുടെ പേരുപറഞ്ഞ് ഗോമാംസം കഴിക്കുന്നത് കുറ്റകരമാണെന്ന് ബാബാ രാംദേവ് പറഞ്ഞു. പശുവിനെ ദേശീയമൃഗമായി പ്രഖ്യാപിക്കണം. ഗോമാംസം നിരോധിച്ച് ജമ്മു കശ്മീര്‍ ഹൈക്കോടതി വിധി വന്ന പശ്ചാത്തലത്തിലാണ് രാംദേവിന്റെ പരാമര്‍ശം. ഏതെങ്കിലും മതപരമായ കാര്യങ്ങള്‍ മുന്‍നിര്‍ത്തിയല്ല, മറിച്ച് ശാസ്ത്രീയ യാഥാര്‍ഥ്യങ്ങളെ അടിസ്ഥാനമാക്കിയാണ് താന്‍ ഇതുപറയുന്നത്. മനുഷ്യനെ കൊല്ലുന്നത് അക്രമമാണെങ്കില്‍ മൃഗങ്ങളെ കൊല്ലുന്നതും അക്രമമാണ്- രാംദേവ് പറഞ്ഞു.

മറാത്തികള്‍ മാത്രം ഓട്ടോ ഓടിച്ചാല്‍ മതിയെന്ന് ശിവസേന മന്ത്രി

മുംബൈ > മഹാരാഷ്ട്രയില്‍ മറാത്തി അറിയുന്നവര്‍ മാത്രം ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ ആയാല്‍മതിയെന്ന് ഗതാഗത മന്ത്രിയും ശിവസേന നേതാവുമായ ദിവാകര്‍ റോത്തെ. മറാത്തി അറിയാത്തവരുടെ പെര്‍മിറ്റ് റദ്ദാക്കും. ഭാഷാനൈപുണ്യമറിയാന്‍ പരീക്ഷ നടത്തും. ജയിക്കുന്നവര്‍ക്കേ പെര്‍മിറ്റ് നല്‍കൂ. പുതുതായി പെര്‍മിറ്റ് എടുക്കുന്നവര്‍ക്കും പഴയത് പുതുക്കുന്നവര്‍ക്കും ഇത് ബാധകമാണെന്ന് മന്ത്രി പറഞ്ഞു. ഇതിനെതിരെ പ്രതിഷേധം ശക്തമായി. മറാത്തി അറിയാത്ത ഇതരസംസ്ഥാനക്കാരും മുംബൈയിലടക്കം ഓട്ടോ ഡ്രൈവര്‍മാരായി ജോലിചെയ്യുന്നുണ്ട്. വരുംമാസങ്ങളില്‍ 1,40,000 പെര്‍മിറ്റ് നല്‍കാനാണ് ഉദ്ദേശിക്കുന്നത്

സര്‍ക്കാര്‍ ജീവനക്കാര്‍ ഹിന്ദിയില്‍ ഒപ്പിടണമെന്ന് രാജ്നാഥ് സിങ്

ന്യൂഡല്‍ഹി > സര്‍ക്കാര്‍ ജീവനക്കാര്‍ ഫയലുകളില്‍ ഹിന്ദിയില്‍ ഒപ്പിടണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് പറഞ്ഞു. ഹിന്ദിക്ക് അര്‍ഹമായ ബഹുമാനം ലഭിക്കുന്നില്ല. ബുദ്ധിജീവികളെന്ന് അവകാശപ്പെടുന്ന ചിലര്‍ ഇപ്പോഴും ഇംഗ്ലീഷിന് പ്രചാരണം നല്‍കാനാണ് ശ്രമിക്കുന്നത്. ഹിന്ദി ദിവസിനോടനുബന്ധിച്ച് നടന്ന പരിപാടിയിലാണ് ഹിന്ദിയില്‍ ഒപ്പിടാന്‍ ശ്രമിക്കണമെന്ന് രാജ്നാഥ് സിങ് ആവശ്യപ്പെട്ടത്.

ഹിന്ദിയാണ് രാജ്യത്തെ എല്ലാ ഭാഗങ്ങളെയും ബന്ധിപ്പിക്കുന്ന ഭാഷ. സംസ്കൃതം കഴിഞ്ഞാല്‍ തമിഴാണ് പുരാതന ഭാഷയായി കണക്കാക്കുന്നതെങ്കിലും ഹിന്ദിയാണ് രാജ്യത്ത് വ്യാപകമായി ഉപയോഗിക്കപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രപതി പ്രണബ് മുഖര്‍ജി ചടങ്ങില്‍ പുരസ്കാരങ്ങള്‍ വിതരണം ചെയ്തു. യു എന്നിെന്‍റ ഔദ്യോഗിക ഭാഷാ പട്ടികയില്‍ ഹിന്ദിയെ ഉള്‍പ്പെടുത്തുന്നതിനായി പരിശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് രാഷ്ട്രപതി പറഞ്ഞു. രാജ്യത്ത് ശാസ്ത്ര സാങ്കേതിക മേഖലകളില്‍ എല്ലാവരുടെയും പങ്കാളിത്തം ഉറപ്പാക്കാന്‍ ഹിന്ദിയുടെ ഉപയോഗം വര്‍ധിപ്പിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

ടിപ്പുവാകരുത്; രജനിക്ക് സംഘപരിവാര്‍ ഭീഷണി

ചെന്നൈ > സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് ടിപ്പുസുല്‍ത്താനായി അഭിനയിക്കരുതെന്ന് സംഘപരിവാര്‍. രജനിയെ നായകനാക്കി ടിപ്പുവിന്റെ ജീവിതകഥ സിനിമയാക്കാന്‍ താല്‍പ്പര്യമുണ്ടെന്ന് ബംഗളൂരുവിലെ വ്യവസായി അശോക് ഖേനേ മാധ്യമങ്ങളെ അറിയിച്ചിരുന്നു. സിനിമയില്‍ അഭിനയിക്കുമോ എന്ന് രജനി വ്യക്തമാക്കിയിട്ടില്ല. സിനിമയെ കുറിച്ചുള്ള വാര്‍ത്ത വന്നതിനു പിന്നാലെ എതിര്‍പ്പുമായി സംഘപരിവാര്‍ സംഘടനകളെത്തി.

കെ എസ് ഭഗവാന് വധഭീഷണി

മൈസൂരു > രാജ്യത്തെ ഞെട്ടിച്ച എം എം കലബുര്‍ഗി വധത്തിനു തൊട്ടുപിന്നാലെ സംഘപരിവാറിന്റെ ശത്രുപട്ടികയിലുള്ള സാംസ്കാരികപ്രവര്‍ത്തകനും എഴുത്തുകാരനുമായ കെ എസ് ഭഗവാനും ഭീഷണിക്കത്ത്. കലബുര്‍ഗിയെ വധിച്ച ദിവസംതന്നെ അടുത്ത ഇര ഭഗവാനാണെന്ന് ബജ്രംഗ്ദള്‍ നേതാവ് ഭീഷണിസന്ദേശം ട്വിറ്റര്‍ ചെയ്തിരുന്നു. ബുധനാഴ്ച കെ എസ് ഭഗവാന്‍ വീട്ടില്‍ ഇല്ലാത്ത സമയത്താണ് കത്ത് വന്നത്. വായിച്ചശേഷം വീട്ടുകാര്‍ പൊലീസില്‍ വിവരമറിയിച്ചു. കത്ത് പൊലീസിന്റെ കൈവശമാണെന്ന് ഭഗവാന്‍ അറിയിച്ചു.

"മൂന്നുപേരെയാണ് ഞങ്ങള്‍ക്ക് അവസാനിപ്പിക്കാനുള്ളത്. അടുത്ത ഊഴം താങ്കളുടേതാണ്. പൊലീസ് സുരക്ഷയൊന്നും സഹായിക്കില്ല. സമയം അതിക്രമിച്ചിരിക്കുന്നു. ദിവസങ്ങള്‍ എണ്ണിക്കോളൂ'  എന്നാണ് കത്തിലെ ഭീഷണി. ഇത്തരം ഭീഷണികള്‍ വകവയ്ക്കുന്നില്ലെന്ന് ഭഗവാന്‍ പ്രതികരിച്ചു. ഇത് ആദ്യമല്ല. അതുകൊണ്ടുതന്നെ അവഗണിക്കുന്നു. താനെഴുതിയതില്‍ ഒരു പേജുപോലും വായിക്കാത്തവരാണ് ഭീഷണി അയച്ചത്. ഗവേഷണം നടത്തിയാണ് തന്റെ എഴുത്ത്. അതില്‍ എതിര്‍പ്പുള്ളവര്‍ക്ക് പരിഷ്കൃത മാര്‍ഗങ്ങളിലൂടെ പ്രതികരിക്കാം- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഭഗവദ്ഗീത സംബന്ധിച്ച് കഴിഞ്ഞ ഫെബ്രുവരിയില്‍ മൈസൂരുവില്‍ നടത്തിയ വിവാദപ്രഭാഷണത്തിന് ശേഷമാണ് സംഘപരിവാറിന്റെ നോട്ടപ്പുള്ളിയായി അദ്ദേഹം മാറിയത്. കഴിഞ്ഞ മുപ്പതിന് കന്നട എഴുത്തുകാരനും കന്നട ഹംപി സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലറുമായിരുന്ന എം എം കലബുര്‍ഗിയെ വീട്ടിലെത്തിയ അക്രമികള്‍ വെടിവച്ചു കൊന്നു. കലബുര്‍ഗിക്കുശേഷം അടുത്തയാള്‍ ഭഗവാനാണെന്ന് ട്വിറ്റര്‍ സന്ദേശമിട്ട ബജ്രംഗ്ദള്‍ പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തിരുന്നു. കത്തിന്റെ ഉറവിടം സംബന്ധിച്ച് അന്വേഷണം തുടങ്ങിയതായി ഐജി ബി കെ സിങ് അറിയിച്ചു. ഇതോടെ സംഘപരിവാറിന്റെ ഭീഷണിയുള്ള ജ്ഞാനപീഠം അവാര്‍ഡ് ജേതാവ് ഗിരീഷ് കര്‍ണാഡിനും എസ് എല്‍ ബൈരപ്പയ്ക്കും സുരക്ഷ ശക്തമാക്കി.

കലബുര്‍ഗിയെ കൊന്നത് തങ്ങളെന്ന് ബജ്രംഗദള്‍ നേതാവ്

മംഗളൂരു > പ്രമുഖ എഴുത്തുകാരനും അധ്യാപകനുമായ ഡോ. എം എം കലബുര്‍ഗിയുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ബജ്റംഗദള്‍ നേതാവിന്റെ ട്വീറ്റ്. ബജ്റംഗദള്‍ ദക്ഷിണ കന്നഡ ബണ്ട്വാള്‍ കോ-കണ്‍വീനര്‍ ബുവിത് ഷെട്ടിയാണ് ഡോ. കലബുര്‍ഗിയുടെ കൊലപാതകത്തിനു പിന്നാലെ ഉത്തരവാദിത്തം ഏറ്റെടുത്ത് രംഗത്തെത്തിയത്. എഴുത്തുകാരന്‍ കെ എസ് ഭഗവാനെതിരെയും ട്വീറ്റില്‍ വധഭീഷണിയുണ്ട്.യു ആര്‍ അനന്തമൂര്‍ത്തിക്കു ശേഷം ഇപ്പോള്‍ എം എം കലബുര്‍ഗി.

"ഹിന്ദുയിസത്തിനെതിരെ സംസാരിക്കുന്നവര്‍ക്ക് പട്ടികളുടേതുപോലുള്ള മരണം. അടുത്തത് എഴുത്തുകാരനായ കെ എസ് ഭഗവാന്‍...' ഇങ്ങനെയാണ് ഗരുഡപുരാണ എന്ന ട്വിറ്ററിലെ ട്വീറ്റ്. മംഗളൂരു കല്ലടക്കയിലെ ഒരു മുസ്ലിമിന്റെ കൈ വെട്ടിയതായും മറ്റൊരു ട്വീറ്റില്‍ ഇയാള്‍ അഭിമാനിക്കുന്നു. ആര്‍എസ്എസ് നേതാവായ കല്ലടുക്ക പ്രഭാകര്‍ ഭട്ടിന്റെ വലംകൈയാണ് ബുവിത് ഷെട്ടി.ജ്ഞാനപീഠ ജേതാവ് യു ആര്‍ അനന്തമൂര്‍ത്തി മരിച്ചപ്പോള്‍ ദക്ഷിണ കന്നഡയില്‍ സംഘപരിവാറുകാര്‍ പടക്കംപൊട്ടിച്ചും മധുരം വിതരണം നടത്തിയും ആഘോഷിച്ചിരുന്നു.

സംഘപരിവാറിന്റെ പൊള്ളത്തരം നിരന്തരം പൊളിച്ചുകാണിക്കുന്ന മറ്റൊരു പ്രമുഖ എഴുത്തുകാരന്‍ ഡോ. കെ എസ് ഭഗവാനെ നിരവധിതവണ സംഘപരിവാറുകാര്‍ അക്രമിച്ചിരുന്നു. രണ്ടാഴ്ചമുമ്പ് മംഗളൂരുവില്‍ വച്ച് ഭഗവാന്റെ വാര്‍ത്താസമ്മേളനത്തിനിടെ സംഘപരിവാറുകാര്‍ അക്രമം നടത്തിയിരുന്നു.

(അനീഷ് ബാലന്‍)

വേദക്ലാസില്‍ പോകാതിരുന്ന ബാലനെ മര്‍ദിക്കുന്ന വീഡിയോ പുറത്ത്

മംഗളൂരു > വേദക്ലാസില്‍ പോകാത്തതിന് കൈ ഒടിഞ്ഞ ബാലനെ അധ്യാപകന്‍ മര്‍ദിക്കുന്ന ദൃശ്യം പുറത്ത്. താഴ്ന്ന ജാതിക്കാരെ അധിക്ഷേപിക്കുകയും ബാലനെ ക്രൂരമായി പീഡിപ്പിക്കുകയുംചെയ്ത അധ്യാപകനെതിരെ വിവിധ സംഘടനകള്‍ പൊലീസില്‍ പരാതി നല്‍കി. വിട്ട്ല പഞ്ചലിംഗേശ്വര ക്ഷേത്രത്തിലെ വേദപാഠ അധ്യാപകനായ സോമസുന്ദര ശാസ്ത്രിയാണ് സന്തോഷ് എന്ന പത്ത് വയസ്സുകാരനെ ക്രൂരമായി ശിക്ഷിച്ചത്. ദളിത് സേവാ സമിതി നേതാവ് ശേഷപ്പ വിട്ട്ല പൊലീസിലും ശിശുക്ഷേമ സമിതിക്കും പരാതി നല്‍കി. നീ ബ്രാഹ്മണന്‍തന്നെയാണോ അതോ ശൂദ്രന് ജനിച്ചതാണോ എന്നും മറ്റും ആക്ഷേപിച്ചു.

പിന്നോക്ക സംവരണം എടുത്തുകളയണം: ആര്‍എസ്എസ്

റായ്‌പൂര്‍: പട്ടികജാതി പട്ടിക വിഭാഗക്കാര്‍ക്കും മറ്റ് പിന്നോക്ക വിഭാഗക്കാര്‍ക്കുമുള്ള സംവരണം എടുത്തുകളയണമെന്ന് ആര്‍എസ്എസ് താത്വികാചാര്യന്‍ എം ജി വൈദ്യ ആവശ്യപ്പെട്ടു. "" ജാതി ഇന്ത്യയില്‍ ഇപ്പോള്‍ പ്രസക്തമേ അല്ല''- "ദ ഹിന്ദു' ദിനപത്രത്തിനുവദിച്ച അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

ജാതി അടിസ്ഥാനമാക്കിയുള്ള സംവരണത്തിന്റെ ആവശ്യമേ ഇപ്പോഴില്ല. ഒരു ജാതിയും ഇന്ന് പിന്നോക്കമല്ല. ഏറിവന്നാല്‍ പട്ടികജാതി-പട്ടികവര്‍ഗ്ഗ സംവരണം മാത്രം തുടരാം. അതും പത്ത് കൊല്ലത്തേക്ക് മാത്രം. അതുകഴിഞ്ഞാല്‍ അതും നിര്‍ത്തണം' ജാതി സംവരണം ജാതി ഇല്ലാതാക്കുകയല്ല ശക്തിപ്പെടുത്തുകയാണ് ചെയ്യുന്നത്.

ദളിതര്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ ജാതിവൈരത്തിന്റെ പേരിലല്ലെന്നും വൈദ്യ അഭിപ്രായപ്പെട്ടു. ""മഹാരാഷ്ട്രയിലെങ്കിലും അത് മറ്റ് കാരണങ്ങളാലാണ്. ഭൂമിതര്‍ക്കങ്ങളും മറ്റും കാരണമാണ് ഇത്തരം അതിക്രമങ്ങളുണ്ടാകുന്നത്''-ആര്‍ എസ്എസിന്റെ മുന്‍ വക്താവ് കൂടിയായ വൈദ്യ പറഞ്ഞു. വൈദ്യയുടെ മകന്‍ മന്‍മോഹന്‍ വൈദ്യ ഇപ്പോള്‍ ആര്‍എസ്എസ് വക്താവാണ്.

സംവരണം ആവശ്യപ്പെട്ട് ഗുജറാത്തിലെ പട്ടേല്‍ സമുദായം നടത്തുന്ന സമരത്തിന്റെ പശ്ചാത്തലത്തിലാണ് വൈദ്യയുടെ അഭിമുഖം. പട്ടേല്‍ സമുദായത്തിന് സംവരണം കൊടുക്കേണ്ടതില്ലെന്നും വൈദ്യ പറഞ്ഞു. അവര്‍ സമ്പന്ന സമുദായമാണ്. സാമ്പത്തികാടിസ്ഥാനത്തിലുള്ള സംവരണമാണ് വേണ്ടത്.

ക്ഷേത്രത്തില്‍ കയറിയ ദളിത് സ്ത്രീകള്‍ക്ക് പിഴയിട്ടു

മംഗളൂരു > കര്‍ണാടകത്തില്‍ ക്ഷേത്രത്തില്‍ കയറിയ ദളിത് സ്ത്രീകള്‍ക്ക് സവര്‍ണര്‍ പിഴയിട്ടു. ക്ഷേത്രശുദ്ധീകരണ പൂജയുടെ ചെലവിന് നല്‍കാനും മേല്‍ജാതിക്കാര്‍ ഉള്‍പ്പെട്ട ക്ഷേത്രകമ്മിറ്റി വിധിച്ചു. ഹാസന്‍ ജില്ലയിലെ ഹൊളെനരസിപ്പുര്‍ സിഗരണഹള്ളിയിലാണ് പരിഷ്കൃതസമൂഹത്തിന് നാണക്കേടുണ്ടാക്കുന്ന വര്‍ണവിവേചനം. ഗ്രാമത്തിലെ ശ്രീ ബസവേശ്വര ക്ഷേത്രത്തില്‍ പ്രവേശിച്ചതിനാണ് പട്ടികജാതി വിഭാഗത്തില്‍പ്പെട്ട തായമ്മ, സന്നമ്മ, പത്മമ്മ, തങ്കേമ്മ എന്നിവരോട് പിഴയൊടുക്കാന്‍ സവര്‍ണജാതിയായ വൊക്കലിംഗ സമുദായത്തില്‍പ്പെട്ടവര്‍ ആജ്ഞാപിച്ചത്.

ഇവര്‍കൂടി അംഗങ്ങളായ ശ്രീ ബസവേശ്വര സ്ത്രീശക്തി സംഘത്തിന്റെ പേരില്‍ ക്ഷേത്രത്തില്‍ നടത്തിയ പ്രത്യേക പൂജയുടെ ഭാഗമായാണ് ഇവര്‍ ക്ഷേത്രത്തിലെത്തിയത്. ക്ഷേത്രത്തിലുണ്ടായിരുന്ന വൊക്കലിംഗ സമുദായത്തിലെ പ്രമാണി ദളിതുകളായ നാല് സ്ത്രീകളെ തടഞ്ഞുനിര്‍ത്തി അസഭ്യം പറഞ്ഞു. ദളിതുകള്‍ ക്ഷേത്രത്തില്‍ പ്രവേശിക്കരുതെന്ന് പറഞ്ഞായിരുന്നു പരാക്രമം. ഇതിനെ എതിര്‍ത്തപ്പോള്‍ മര്‍ദിക്കാന്‍ ശ്രമിച്ചെന്ന് മുന്‍ പഞ്ചായത്ത് അംഗംകൂടിയായ അമ്പതുകാരി തായമ്മ പറഞ്ഞു.

അടുത്തദിവസം സമുദായ പ്രമാണിമാര്‍ യോഗം ചേര്‍ന്ന് ദളിതര്‍ ക്ഷേത്രത്തില്‍ പ്രവേശിച്ചതിന് ആയിരം രൂപ പിഴയടയ്ക്കാന്‍ ആവശ്യപ്പെട്ടു. ക്ഷേത്രം ശുദ്ധീകരിക്കാനായി ഇരുപതിനായിരത്തോളം രൂപ സംഘം നല്‍കണമെന്നും വിധിച്ചു. ക്ഷേത്രത്തില്‍ ഉത്സവം നടത്താന്‍ തങ്ങളില്‍നിന്ന് പിരിവെടുത്തിരുന്നു. ദളിതുകളുടെ പണത്തിന് അയിത്തമില്ലേ എന്നും തായമ്മ ചോദിക്കുന്നു.ഇവിടെ, ഹരതനഹള്ളിയില്‍ പഞ്ചായത്ത് നിര്‍മിച്ച ഓഡിറ്റോറിയം ഉപയോഗിക്കുന്നതിനും താഴ്ന്നജാതിക്കാര്‍ക്ക് വിലക്കുണ്ട്. സര്‍ക്കാരിന്റെ ഫണ്ടുപയോഗിച്ച് നിര്‍മിച്ച ഓഡിറ്റോറിയം ഇപ്പോള്‍ വൊക്കലിംഗ ഭവനാക്കി മാറ്റിയാണ് ദളിതര്‍ക്ക് അന്യമാക്കിയത്.

2001ല്‍ തായമ്മയുടെ മകളുടെ വിവാഹം ഇവിടെ വിലക്കിയിരുന്നു. കഴിഞ്ഞവര്‍ഷം വൊക്കലിംഗക്കാര്‍ നടത്തിയ ഒരു ചടങ്ങില്‍ പങ്കെടുക്കാനെത്തിയ മകനെ ഭക്ഷണം കഴിക്കുന്നതിനിടെ ഇറക്കിവിട്ടതായി ദളിത് സ്ത്രീയായ പത്മമ്മ പറഞ്ഞു.ദളിതരോടുള്ള സവര്‍ണരുടെ തൊട്ടുകൂടായ്മയ്ക്കെതിരെയും സര്‍ക്കാര്‍സംവിധാനങ്ങള്‍ ഉപയോഗിക്കുന്നതില്‍നിന്നുപോലും ദളിതരെ വിലക്കുന്നതിലും പ്രതിഷേധിച്ച് വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച ഹാസനില്‍ പ്രതിഷേധസമരം നടന്നു.

രാജ്യത്തെവിടെയെങ്കിലും ഹിന്ദുക്കള്‍ക്കെതിരെ എന്തെങ്കിലും പ്രശ്നമുണ്ടായാല്‍ തങ്ങളുടെ ഈ ഗ്രാമത്തിലും ആര്‍എസ്എസും ബിജെപിയും പ്രതിഷേധപരിപാടികളുമായി എത്തും. എന്നാല്‍, ഹിന്ദു സമുദായത്തില്‍തന്നെ പെട്ട പാവപ്പെട്ട ദളിതര്‍ സവര്‍ണരില്‍നിന്ന് അനുഭവിക്കുന്ന ഇത്തരം അതിക്രമങ്ങള്‍ക്കെതിരെ സംസാരിക്കാന്‍ അവര്‍ എത്തിയില്ലെന്ന് സമരസമിതി

മനുഷ്യബോംബുകളാകാന്‍ ഹിന്ദുക്കളോട് ശിവസേന

ന്യൂഡല്‍ഹി > ഇന്ത്യയിലെ ഹിന്ദുക്കള്‍ "മനുഷ്യബോംബുകളായി' മാറണമെന്നും പാകിസ്ഥാനില്‍ അധിനിവേശം നടത്തണമെന്നും ശിവസേന മുഖപത്രം സാമ്ന. ശിവസേന സ്ഥാപകന്‍ ബാല്‍ താക്കറെ "ഹിന്ദുക്കളോടുള്ള ഭയം' മറ്റ് ഇന്ത്യക്കാരില്‍ കടത്തിവിട്ടുവെന്നും സാമ്ന മുഖപ്രസംഗത്തില്‍ പറഞ്ഞു. ബാല്‍ താക്കറെയെ "ഭീകരവാദി'യായി ചിത്രീകരിച്ച് തെഹല്‍ക മാസിക പ്രസിദ്ധീകരിച്ച ലേഖനങ്ങള്‍ക്ക് മറുപടി നല്‍കവെയാണ് സാമ്നയുടെ പ്രകോപനപരമായ പരാമര്‍ശങ്ങള്‍. ഹിന്ദുക്കള്‍ക്ക് ഈ രാജ്യത്ത് അന്തസ്സോടെ ജീവിക്കാന്‍ കഴിയണം. ഹിന്ദുക്കള്‍ക്ക് സിംഹത്തെപ്പോലെ ഗര്‍ജിക്കാന്‍ കഴിയണം. പാകിസ്ഥാന്‍ തീവ്രവാദികള്‍ക്ക് മറുപടി നല്‍കാന്‍ കഴിയണമെങ്കില്‍ ഹിന്ദുക്കള്‍ കൂടുതല്‍ മതപരമായി ജീവിക്കണം- മുഖപ്രസംഗം പറഞ്ഞു.

സഞ്ജീവ് ഭട്ടിനെ ഗുജറാത്ത് സര്‍ക്കാര്‍ പിരിച്ചുവിട്ടു

അഹമ്മദാബാദ് > മുതിര്‍ന്ന ഐപിഎസ് ഓഫീസറായ സഞ്ജീവ് ഭട്ടിനെ ഗുജറാത്ത് സര്‍ക്കാര്‍ പിരിച്ചുവിട്ടു. ഗുജറാത്ത് കലാപക്കേസില്‍ അന്ന് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോഡിക്കെതിരെ സത്യവാങ്മൂലം നല്‍കിയത് സഞ്ജീവ് ഭട്ടായിരുന്നു. ജുനഗഡില്‍ രഹസ്യാന്വേഷണവിഭാഗം ഓഫീസറായിരുന്ന സഞ്ജീവ് ഭട്ടിനെ അനുമതിയില്ലാതെ അവധിയെടുത്തതിന് 2011ല്‍ സസ്പെന്‍ഡ് ചെയ്തിരുന്നു.

അമ്മയ്ക്ക് അസുഖമായതിനാലാണ് ജോലിക്കെത്താതിരുന്നതെന്ന് അദ്ദേഹം മറുപടി നല്‍കിയിരുന്നു. കൂടാതെ ആ ദിവസങ്ങളില്‍ അദ്ദേഹം കലാപക്കേസ് അന്വേഷിക്കുന്ന നാനാവതി കമീഷന്‍ മുമ്പാകെയും മൊഴി നല്‍കാന്‍ അഹമ്മദാബാദിലും പോയിരുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ അനുമതിയോടെയാണ് അദ്ദേഹത്തെ ഗുജറാത്ത് സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്തത്.രണ്ടുദിവസം മുമ്പ് ഒരു സ്ത്രീയോടൊപ്പം വീഡിയോദൃശ്യങ്ങളില്‍ ഭട്ടിനെ കണ്ടതില്‍ വിശദീകരണം നല്‍കാന്‍ ആവശ്യപ്പെട്ട് സര്‍ക്കാര്‍ നോട്ടീസ് അയച്ചിരുന്നു. വിവാഹേതരബന്ധമുണ്ടെന്നായിരുന്നു ആരോപണം. എന്നാല്‍ 11 മിനിറ്റുള്ള വീഡിയോയിലുള്ളയാള്‍ താനല്ലെന്ന് സഞ്ജീവ് ഭട്ട് മറുപടി നല്‍കി.

ഫോറന്‍സിക് പരിശോധന നടത്തി ഇക്കാര്യം തെളിയിച്ചെന്നാണ് സര്‍ക്കാരിന്റെ അവകാശവാദം. നിയമവിരുദ്ധമായാണ് സര്‍ക്കാര്‍ തന്നെ പിരിച്ചുവിട്ടതെന്ന് ഭട്ട് ട്വിറ്ററില്‍ പ്രതികരിച്ചു. മോഡിയുടെയും ബിജെപിയുടെയും അപ്രീതിക്ക് പാത്രമായ ഭട്ടിനെ പിരിച്ചുവിടാന്‍ ഗുജറാത്ത് സര്‍ക്കാര്‍ ആസൂത്രിതനീക്കമാണ് നടത്തിയത്.

പാഠപുസ്തകത്തില്‍ വിവേകാനന്ദനൊപ്പം അസാറാം ബാപ്പു

ജോധ്പുര്‍ > രാജസ്ഥാനിലെ മൂന്നാംക്ലാസ് പാഠപുസ്തകത്തില്‍ ഇന്ത്യയിലെ പ്രമുഖ സന്യാസിമാരുടെ പട്ടികയില്‍ വിവേകാനന്ദനും രാമകൃഷ്ണ പരമഹംസനും ഒപ്പം ബലാത്സംഗക്കേസ് പ്രതിയായ അസാറാം ബാപ്പുവും. ഡല്‍ഹി ആസ്ഥാനമായ പ്രസാധകകമ്പനി ഗുരുകുല്‍ പ്രകാശന്‍ തയ്യാറാക്കിയ "നയാ ഉജാല' എന്ന മോറല്‍ സയന്‍സ് പുസ്തകത്തിലാണ് വിവാദ സന്യാസി പ്രമുഖര്‍ക്കൊപ്പം ഇടംപിടിച്ചത്. ഗുരു നാനാക്, കബീര്‍, മീരാബായ്, ശങ്കരാചാര്യര്‍ തുടങ്ങിയവര്‍ക്കൊപ്പമാണ് അസാറാമിന്റെ ചിത്രം.ജോധ്പുര്‍ ആശ്രമത്തിലെ അന്തേവാസിയായിരുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗംചെയ്ത കേസില്‍ അറസ്റ്റിലായ അസാറാം (73) 2013 സെപ്തംബര്‍ മുതല്‍ ജോധ്പുര്‍ ജയിലിലാണ്.

അസാറാമിന്റെ മകന്‍ നാരായണ്‍ സായിയും ബലാത്സംഗക്കേസില്‍ ജയിലിലാണ്. ഇവര്‍ക്കെതിരായ കേസുകളിലെ സാക്ഷികള്‍ കൊല്ലപ്പെടുന്നത് കോളിളക്കമുണ്ടാക്കിയിരുന്നു.അസാറാമിനെതിരെ കേസ് എടുക്കും മുമ്പാണ് പുസ്തകം പ്രസിദ്ധീകരിച്ചതെന്നാണ് പ്രസാധക കമ്പനിയുടെ വിശദീകരണം. പഴയ പുസ്തകങ്ങള്‍ പിന്‍വലിച്ച് പുതിയ പുസ്തകം ഇറക്കുമെന്നും കമ്പനി അറിയിച്ചു. സംഭവം ഇതുവരെ ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്ന് രാജസ്ഥാന്‍ വിദ്യാഭ്യാസവകുപ്പ് പ്രതികരിച്ചു. ബിജെപി സര്‍ക്കാരാണ് രാജസ്ഥാന്‍ ഭരിക്കുന്നത്.

വര്‍ഗീയ കലാപങ്ങളില്‍ 30% വര്‍ധന

ന്യൂഡല്‍ഹി > നരേന്ദ്രമോഡിസര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതോടെ രാജ്യത്ത് വര്‍ഗീയ കലാപങ്ങള്‍ വര്‍ധിക്കുന്ന പ്രവണത തുടരുന്നു. 2015ന്റെ ആദ്യ പകുതിയില്‍ തന്നെ വര്‍ഗീയ കലാപങ്ങളുടെ എണ്ണത്തില്‍ രാജ്യത്താകെ 30 ശതമാനം വര്‍ധന വന്നതായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. ഈ വര്‍ഷം ജൂണ്‍വരെയുള്ള കാലയളവില്‍ രാജ്യത്താകെ 330 വര്‍ഗീയ കലാപങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.

51 പേര്‍ വര്‍ഗീയസംഘര്‍ഷങ്ങളില്‍ കൊല്ലപ്പെട്ടു. ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടശേഷമുള്ള വര്‍ഗീയ സംഘര്‍ഷങ്ങള്‍, മുംബൈകലാപം, ഗുജറാത്ത് വംശഹത്യ, മുസഫര്‍നഗര്‍ സംഘര്‍ഷം തുടങ്ങിയ വന്‍ സംഭവങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍ ഈ വര്‍ഷം വര്‍ഗീയകലാപങ്ങളില്‍ വന്ന വര്‍ധനവ ഞെട്ടിപ്പിക്കുന്നതാണെന്ന് മനുഷ്യാവകാശപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. 2014 പകുതിമുതല്‍ വര്‍ഗീയ സംഭവങ്ങളില്‍ വര്‍ധന പ്രകടമായി തുടങ്ങിയിരുന്നു. 2015ലും ഈ സ്ഥിതിയില്‍ മാറ്റമില്ലെന്ന് ആഭ്യന്തരമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ബിജെപി രാഷ്ട്രീയ സ്വാധീനം മെച്ചപ്പെടുത്താന്‍ ശ്രമിക്കുന്ന യുപി, ബിഹാര്‍ സംസ്ഥാനങ്ങളിലാണ് വര്‍ഗീയകലാപങ്ങള്‍ കൂടുതലായി അരങ്ങേറുന്നത്.

2014ന്റെ ആദ്യപകുതിയില്‍ ആകെ 252 കലാപങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. 33 പേര്‍ കലാപങ്ങളില്‍ കൊല്ലപ്പെട്ടു. എന്നാല്‍ 2015ല്‍ എത്തിയപ്പോഴേക്കും ആദ്യ ആറുമാസ കാലയളവില്‍ രാജ്യത്ത് അരങ്ങേറിയ വര്‍ഗീയ കലാപങ്ങളുടെ എണ്ണം 330 ആയി ഉയര്‍ന്നു. 51 പേര്‍ കലാപങ്ങളില്‍ കൊല്ലപ്പെട്ടു. 1092 പേര്‍ക്ക് പരിക്ക് സംഭവിച്ചതായും റിപ്പോര്‍ട്ടിലുണ്ട്. ഉത്തര്‍പ്രദേശിലാണ് ഏറ്റവും കൂടുതല്‍ വര്‍ഗീയ കലാപങ്ങള്‍-68. പത്തുപേര്‍ യുപിയില്‍ കലാപങ്ങളില്‍ കൊല്ലപ്പെട്ടു. 224 പേര്‍ക്ക് പരിക്കേറ്റു. 2014 ല്‍ യുപിയില്‍ 133 കലാപങ്ങളാണ് അരങ്ങേറിയത്. 26 പേര്‍ കൊല്ലപ്പെടുകയും 374 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ഈ വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബിഹാറില്‍ 41 വര്‍ഗീയ സംഘര്‍ഷങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. 14 പേര്‍ കൊല്ലപ്പെടുകയും 169 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 2014 ല്‍ ബിഹാറിലാകെ 61 കലാപങ്ങള്‍ ഉണ്ടായി. അഞ്ചുപേര്‍ മരിക്കുകയും 294 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഈ വര്‍ഷം ആദ്യ ആറുമാസം കൊണ്ടുതന്നെ മരണസംഖ്യ കഴിഞ്ഞവര്‍ഷത്തിന്റെ രണ്ടിരട്ടിയായി. പ്രധാനമന്ത്രിയുടെ ജന്മസംസ്ഥാനമായ ഗുജറാത്തില്‍ 25 വര്‍ഗീയ കലാപങ്ങള്‍ ആദ്യ ആറുമാസ കാലയളവില്‍ അരങ്ങേറി. ഏഴുപേര്‍ കൊല്ലപ്പെടുകയും 79 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ബിജെപി ഭരിക്കുന്ന മഹാരാഷ്ട്രയില്‍ 59 വര്‍ഗീയ കലാപങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. നാലുപേര്‍ കൊല്ലപ്പെടുകയും 196 പേര്‍ക്ക് പരിക്കേല്‍ക്കുകയുമുണ്ടായി. കോണ്‍ഗ്രസ് ഭരിക്കുന്ന കര്‍ണാടകയില്‍ 36 വര്‍ഗീയ കലാപങ്ങളാണ് 2015 ലെ ആദ്യ ആറുമാസ കാലയളവില്‍ റിപ്പോര്‍ട്ട് ചെയ്തത്്. രണ്ടുപേര്‍ കൊല്ലപ്പെടുകയും 125 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

(എം പ്രശാന്ത്)

കര്‍ഷക ആത്മഹത്യക്ക് കാരണം പ്രണയനൈരാശ്യമാണെന്ന് കേന്ദ്ര കൃഷിമന്ത്രി

ന്യൂഡല്‍ഹി > പ്രണയനൈരാശ്യവും ഷണ്ഡത്വവും സ്ത്രീധനവുമാണ് രാജ്യത്ത് കര്‍ഷകര്‍ ആത്മഹത്യ ചെയ്യാന്‍ കാരണമെന്ന് കേന്ദ്ര കാര്‍ഷിക മന്ത്രി രാധാ മോഹന്‍ സിങ്. കടക്കെണിയും കാര്‍ഷികവിളകളുടെ നഷ്ടവും കാരണം കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നത് പതിവായ സാഹചര്യത്തില്‍ കേന്ദ്ര കൃഷിമന്ത്രിയുടെ പരാമര്‍ശം വിവാദമായി. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ 1400 കര്‍ഷകരാണ് ഈ കാരണത്താല്‍ ഇന്ത്യയില്‍ ആത്മഹത്യ ചെയ്തിരിക്കുന്നത്. രാജ്യസഭയില്‍ നല്‍കിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.

ദേശീയ ക്രൈം റിസര്‍ച്ച് ബ്യൂറോയുടെ തെളിവുകള്‍ നിരത്തിയായിരുന്നു രാജ്യസഭയില്‍ മന്ത്രി ഈ വിഷയത്തില്‍ മറുപടി പറഞ്ഞത്. പ്രണയബന്ധങ്ങളും ഷണ്ഡത്വവും സ്ത്രീധനവും രോഗവും മയക്കുമരുന്നിന്റെയും ലഹരിയുടെയും ഉപയോഗവുമാണ്  ദേശീയ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണ്ടെത്തല്‍. മഹാരാഷ്ട്ര, തെലുങ്കാന, ചത്തീസ്ഗഢ് തുടങ്ങിയ സംസ്ഥാനങ്ങളാണ് ആത്മഹത്യയില്‍ മുന്നിലുള്ളതെന്നും മന്ത്രി പറഞ്ഞു.

മഹാരാഷ്ട്രയില്‍ 2568 പേരാണ് ആത്മഹത്യചെയ്തത്. 898 പേര്‍ തെലുങ്കാനയിലും 826 പേര്‍ മധ്യപ്രദേശിലും ആത്മഹത്യ ചെയ്തു. തെലുങ്കാനയിലാണ് ഏറ്റവും കൂടുതല്‍ സ്ത്രീ കര്‍ഷകര്‍ ആത്മഹത്യ ചെയ്തത്. 30 നും 60നും ഇടയില്‍ പ്രായമുള്ള ആളുകളാണ് ഏറ്റവും കൂടുതല്‍ ആത്മഹത്യ ചെയ്തതെന്നും കണക്കുകള്‍ പറയുന്നു. മന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തി.

ഹെഡ്ഗെവാറിനെപ്പറ്റി പാഠപുസ്തകം: എസ്എഫ്ഐ പ്രതിഷേധിച്ചു

ന്യൂഡല്‍ഹി > രാജസ്ഥാനിലെ സര്‍ക്കാര്‍ കോളേജുകളില്‍ ആര്‍എസ്എസ് സ്ഥാപകന്‍ ഹെഡ്ഗെവാറിനെക്കുറിച്ചുള്ള പുസ്തകം പഠിപ്പിക്കാനുള്ള നീക്കത്തില്‍ എസ്എഫ്ഐ കേന്ദ്ര എക്സിക്യൂട്ടീവ് പ്രതിഷേധിച്ചു. ആര്‍എസ്എസ് അനുബന്ധസംഘടനയായ ഇന്ത്യ പോളിസി ഫൗണ്ടേഷന്റെ ഓണററി ഡയറക്ടര്‍ രാകേഷ് സിന്‍ഹ രചിച്ച "ആധുനിക് ഭാരത് കെ നിര്‍മാത-ഡോ. കേശവ് ബലിറാം ഹെഡ്ഗേവാര്‍' എന്ന പുസ്തകം വാങ്ങാനാണ് വിദ്യാഭ്യാസ വകുപ്പ് കോളേജുകളോട് ഉത്തരവിട്ടത്. വിദ്യാഭ്യാസ-സാംസ്കാരിക മേഖലകള്‍ കാവിവല്‍ക്കരിക്കാന്‍ ശ്രമിക്കുന്ന സംഘടനകളെ ഒറ്റപ്പെടുത്തണമെന്നും എസ്എഫ്ഐ അഖിലേന്ത്യാപ്രസിഡന്റ് ഡോ. വി ശിവദാസനും ജനറല്‍ സെക്രട്ടറി ഋതബ്രതബാനര്‍ജിയും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

അക്കാദമിക് സ്ഥാപനങ്ങള്‍ കേന്ദ്രം പിടിച്ചടക്കുന്നു: അമര്‍ത്യ

ന്യൂഡല്‍ഹി > നരേന്ദ്രമോഡി സര്‍ക്കാര്‍ അക്കാദമിക് സ്ഥാപനങ്ങളുടെ അധികാരത്തില്‍ കടന്നുകയറുകയാണെന്ന് പ്രമുഖ സാമ്പത്തികപണ്ഡിതനും നൊബേല്‍ ജേതാവുമായ അമര്‍ത്യ സെന്‍. നളന്ദ സര്‍വകലാശാലയില്‍നിന്ന് സര്‍ക്കാര്‍ തന്നെ പുറത്താക്കുകയായിരുന്നെന്നും "ന്യൂയോര്‍ക്ക് റിവ്യൂ ഓഫ് ബുക്സ'് ആഗസ്ത് ലക്കത്തില്‍ എഴുതിയ ലേഖനത്തില്‍ അമര്‍ത്യ സെന്‍ പറഞ്ഞു. ജൂലൈ 17നാണ് അമര്‍ത്യ സെന്‍ ഔദ്യോഗികമായി നളന്ദ സര്‍വകലാശാലാ ചാന്‍സലര്‍ സ്ഥാനം ഒഴിയുന്നത്.

ചാന്‍സലര്‍സ്ഥാനത്തുനിന്ന് തന്നെ കരുതിക്കൂട്ടി പുറത്താക്കുകയായിരുന്നു. വിദേശത്തുനിന്നുള്ള ഗവേഷകരും ബുദ്ധിജീവികളും മറ്റും സ്ഥാനമൊഴിയരുതെന്ന് ആവശ്യപ്പെട്ടു. എന്നാല്‍, ആനുകൂല്യങ്ങള്‍ തടഞ്ഞുവയ്ക്കുന്നത് ഉള്‍പ്പെടെ അപമാനകരമായ നടപടികളിലേക്ക് കേന്ദ്രസര്‍ക്കാര്‍ നീങ്ങുമെന്ന് ഉറപ്പുള്ളതിനാല്‍ സ്ഥാനമൊഴിയാന്‍ നിര്‍ബന്ധിതനാവുകയാണെന്നും സെന്‍ വെളിപ്പെടുത്തി. നളന്ദയില്‍ നടന്നത് ഒറ്റപ്പെട്ട സംഭവമല്ല. അക്കാദമിക് സ്ഥാപനങ്ങള്‍ നിയന്ത്രണത്തിലാക്കി സ്വന്തം അജന്‍ഡ നടപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഈ രീതിയിലുള്ള കടന്നുകയറ്റം മുമ്പൊരിക്കലും ഉണ്ടായിട്ടില്ല. പേരിനുമാത്രം സര്‍ക്കാര്‍ ഇടപെടലുണ്ടായിരുന്ന സ്ഥാപനങ്ങളെല്ലാം പിടിച്ചടക്കുകയാണ്. ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ചില്‍ ഡയറക്ടറായി ഡോ. സന്ദീപ് ത്രിവേദിയുടെ നിയമനം അംഗീകരിക്കാന്‍ പ്രധാനമന്ത്രികാര്യാലയം തയ്യാറാകാത്തത് ഈ സമീപനമാണ് വ്യക്തമാക്കുന്നത്.

മോഡി അധികാരമേറ്റയുടന്‍ നാഷണല്‍ ബുക്ട്രസ്റ്റ് ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് സാഹിത്യകാരന്‍ സേതുവിനെ മാറ്റി ആര്‍എസ്എസ് നോമിനിയായ ബല്‍ദേവ് ശര്‍മയെ നിയമിച്ച കാര്യം ലേഖനത്തില്‍ അമര്‍ത്യ സെന്‍ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് കള്‍ച്ചറല്‍ റിലേഷനില്‍ (ഐസിസിആര്‍) കേന്ദ്രസര്‍ക്കാര്‍ നിയമിച്ച ഡോ. ലോകേഷ് ചന്ദ്രയെപ്പോലെയുള്ളവര്‍ നരേന്ദ്രമോഡി മഹാത്മാഗാന്ധിയേക്കാള്‍ മഹാനാണെന്ന ആശയം പ്രചരിപ്പിക്കുന്നവരാണ്. ജാതിവ്യവസ്ഥ നിരവധി സംഭാവനകള്‍ നല്‍കിയിട്ടുണ്ടെന്ന് പ്രബന്ധമെഴുതിയതാണ് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഹിസ്റ്ററി റിസര്‍ച്ച് ചെയര്‍മാന്‍ വൈ സുദര്‍ശന്‍ റാവുവിന്റെ യോഗ്യത.

ഡല്‍ഹി ഐഐടി ഡയറക്ടര്‍ രഘുനാഥ് ഷെവ്ഗാവ്ക്കര്‍, ബോംബെ ഐഐടി ബോര്‍ഡ് ചെയര്‍മാന്‍ അനില്‍ കകോദ്കര്‍ തുടങ്ങിയവര്‍ മോഡി സര്‍ക്കാരിന്റെ നിയന്ത്രണം സഹിക്കാനാകാതെ രാജി സമര്‍പ്പിച്ചിട്ടുണ്ട്. അക്കാദമിക് സ്ഥാപനങ്ങള്‍ക്ക് ഭാവിയിലേക്ക് ഒന്നും സംഭാവനചെയ്യാന്‍ സാധിക്കാത്ത സാഹചര്യമാണ് സര്‍ക്കാര്‍ ഇടപെടല്‍മൂലം ഉണ്ടായതെന്ന് ഇവര്‍ രാജിക്കത്തില്‍ പറഞ്ഞിട്ടുണ്ട്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്സ് ഓഫ് മാനേജ്മെന്റ്സിനെ (ഐഐഎംഎസ്) നിയന്ത്രിക്കാന്‍ പുതിയ ബില്‍ തയ്യാറാക്കിയിട്ടുണ്ട്. പരോക്ഷനിയന്ത്രണത്തിനു പകരം നേരിട്ട് ഡയറക്ടര്‍ നിയമനം നടത്താനാണ് നീക്കം. അക്കാദമിക് സ്ഥാപനങ്ങള്‍ നിയന്ത്രണത്തിലാക്കുകയല്ല, കൈപ്പിടിയില്‍ ഒതുക്കുകയാണ് ഇത്തരം ബില്ലുകളുടെ ലക്ഷ്യം- അമര്‍ത്യ സെന്‍ വിമര്‍ശിച്ചു.

പൊതുജനാരോഗ്യം ഉള്‍പ്പെടെയുള്ള ക്ഷേമപ്രവര്‍ത്തനങ്ങളില്‍നിന്ന് സര്‍ക്കാര്‍ പിന്നോക്കം പോയി. മൊത്തം ആഭ്യന്തരവരുമാനത്തിന്റെ 1.2 ശതമാനം മാത്രമാണ് പൊതുജനാരോഗ്യത്തിനും മറ്റും വകയിരുത്തിയിരുന്നത്. ചൈനയും മറ്റും മൂന്നു ശതമാനം വിനിയോഗിക്കുന്നുണ്ട്. എന്നാല്‍, കേന്ദ്രസര്‍ക്കാര്‍ 1.2 ശതമാനം വെട്ടിച്ചുരുക്കി ഒരു ശതമാനമാക്കി. ഉയര്‍ന്ന വളര്‍ച്ച ലക്ഷ്യമിടുന്നുവെന്ന് വീമ്പടിക്കുന്ന മോഡി സര്‍ക്കാര്‍ ചൈനപോലെയുള്ള രാജ്യങ്ങള്‍ പൊതുജനക്ഷേമത്തിനായി സ്വീകരിച്ച നടപടികള്‍ക്കു നേരേ കണ്ണടയ്ക്കുകയാണെന്നും അമര്‍ത്യ സെന്‍ പറയുന്നു.

പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് സ്വകാര്യമേഖലക്ക്

ന്യൂഡല്‍ഹി > പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് സ്വകാര്യവല്‍ക്കരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കംതുടങ്ങി. ബിജെപി ആശ്രിതനും ടിവി സീരിയല്‍ നടനുമായ ഗജേന്ദ്ര ചൗഹാനെ ഭരണസമിതി ചെയര്‍മാനാക്കി കാവിവല്‍ക്കരണം നടപ്പാക്കിയതിനു പിന്നാലെയാണ് ഇന്‍സ്റ്റിറ്റ്യൂട്ട് ബോളിവുഡിലെ കുത്തകകള്‍ക്ക് കൈമാറാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്. ഗജേന്ദ്രചൗഹാന്റെ നിയമനവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളെക്കുറിച്ചുള്ള ചര്‍ച്ചയ്ക്കിടെ വാര്‍ത്താവിതരണ പ്രക്ഷേപണമന്ത്രി അരുണ്‍ ജെയ്റ്റ്ലിയാണ് രാജ്യത്തിന്റെ അഭിമാനമായ പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് സ്വകാര്യവല്‍ക്കരിക്കാന്‍ സര്‍ക്കാര്‍തലത്തില്‍ ആലോചന നടക്കുന്നതായി അറിയിച്ചത്.

ബോളിവുഡ് ലോകത്തെ രണ്ടാമത്തെ സിനിമാവ്യവസായമായെങ്കില്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടും അവര്‍തന്നെ കൈകാര്യംചെയ്യുന്നതല്ലേ നല്ലതെന്ന് വെള്ളിയാഴ്ച വിദ്യാര്‍ഥികളുടെ പ്രതിനിധിസംഘവുമായി നടന്ന ചര്‍ച്ചയ്ക്കിടെ ജെയ്റ്റ്ലി ചോദിച്ചു. വിദ്യാര്‍ഥികള്‍ക്കുവേണ്ടി ചര്‍ച്ചയില്‍ പങ്കെടുത്ത റസൂല്‍ പൂക്കുട്ടി, ഗിരീഷ് കാസറവള്ളി തുടങ്ങിയ പ്രമുഖരെ സാക്ഷിയാക്കിയായിരുന്നു ജെയ്റ്റ്ലി സ്വകാര്യവല്‍ക്കരണത്തിനുള്ള സാധ്യതകള്‍ ആരാഞ്ഞത്. ഇന്‍സ്റ്റിറ്റ്യൂട്ട് സ്വകാര്യവല്‍ക്കരിക്കാന്‍ അണിയറയില്‍ നീക്കംനടക്കുന്നുണ്ടെന്നും ഇതിന്റെ ഭാഗമായാണ് ഗജേന്ദ്ര ചൗഹാനെ ചെയര്‍മാനാക്കുന്നതെന്നുമുള്ള സൂചന നേരത്തെയുണ്ടായിരുന്നെങ്കിലും മന്ത്രി ഈ വിഷയത്തില്‍ സ്ഥിരീകരണം നല്‍കുന്നത് ആദ്യമാണ്.

പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിഷയങ്ങള്‍ പഠിച്ച ഗീതാകൃഷ്ണന്‍ റിപ്പോര്‍ട്ടും സ്ഥാപനം സ്വകാര്യവല്‍ക്കരിക്കാന്‍ ശുപാര്‍ശചെയ്തിരുന്നു. ശുപാര്‍ശ തിരക്കിട്ട് നടപ്പാക്കാന്‍ പദ്ധതിയില്ലെങ്കിലും ഘട്ടംഘട്ടമായി സ്വകാര്യനിക്ഷേപകരുടെ സഹായത്തോടെ ഇന്‍സ്റ്റിറ്റ്യൂട്ടിനെ "സെന്റര്‍ ഓഫ് എക്സലന്‍സ്' ആക്കി ഉയര്‍ത്താനാണ് ആലോചനയെന്ന് സര്‍ക്കാര്‍വൃത്തങ്ങള്‍ പറയുന്നു. കൊല്‍ക്കത്തയിലെ സത്യജിത് റേ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടും സ്വകാര്യവല്‍ക്കരിക്കാന്‍ നീക്കംനടക്കുന്നുണ്ട്. ഗീതാകൃഷ്ണന്‍ റിപ്പോര്‍ട്ട് നടപ്പാക്കിയാല്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ ശരാശരി വരുമാനമുള്ള വിദ്യാര്‍ഥികള്‍ക്ക് അപ്രാപ്യമാകുമെന്ന് ഗിരീഷ് കാസറവള്ളി പറഞ്ഞു. പണക്കാരുടെയും സിനിമാക്കാരുടെയും മക്കള്‍ക്കുവേണ്ടി ഇന്‍സ്റ്റിറ്റ്യൂട്ട് സംവരണംചെയ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ചൗഹാനെ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ ക്യാമ്പസില്‍ നടത്തിുന്ന പ്രക്ഷോഭം ശക്തമാക്കി. ജഹ്നു ബറുവ, സന്തോഷ് ശിവന്‍ എന്നിവര്‍ക്കു പിന്നാലെ ഭരണസമിതി അംഗമായിരുന്ന നടി പല്ലവി ജോഷിയും തിങ്കളാഴ്ച രാജിക്കത്ത് സമര്‍പ്പിച്ചു. ചൗഹാനെതിരെ വിദ്യാര്‍ഥികള്‍ നടത്തുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ചാണ് രാജിയെന്ന് പല്ലവി മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍, സ്വയം പിന്‍വാങ്ങാന്‍ ഒരുക്കമല്ലെന്ന് ഗജേന്ദ്ര ചൗഹാന്‍ പ്രതികരിച്ചു.

(എം അഖില്‍)

സ്വാമി അഗ്നിവേശിന്റെ തലവെട്ടാന്‍ ഇനാം ഹിന്ദുമഹാസഭ നേതാക്കള്‍ക്കെതിരെ കേസ്

ന്യൂഡല്‍ഹി > സ്വാമി അഗ്നിവേശിന്റെ തലവെട്ടുന്നവര്‍ക്ക് അഞ്ച് ലക്ഷം രൂപ പ്രതിഫലമായി നല്‍കുമെന്ന് പ്രഖ്യാപിച്ച ഹിന്ദു മഹാസഭ നേതാക്കള്‍ക്കെതിരെ കേസ്. ഹിന്ദുമഹാസഭ ഹരിയാന സംസ്ഥാന പ്രസിഡനറ് രമേഷ് പനൂ, സീനിയര്‍ വൈസ്പ്രസിഡന്റ് ധരംപാല്‍ എന്നിവര്‍ക്കെതിരെയാണ് പൊലീസ് കേസ് രജിസറ്റര്‍ ചെയ്തത്.കഴിഞ്ഞ ഏപ്രില്‍ 23നാണ് അഗ്നിവേശിന്റെ തലവെട്ടുന്നവര്‍ക്ക് ഇനാം നല്‍കുമെന്ന് ഇരുനേതാക്കളും ചാനല്‍ക്യാമറകള്‍ക്ക് മുമ്പില്‍ പറഞ്ഞത്.

മസ്രത് ആലത്തെ ജയില്‍മോചിതനാക്കണം എന്നാവശ്യപ്പെടുന്ന അഗ്നിവേശ് രാജ്യദ്രോഹിയാണെന്നും അദ്ദേഹത്തിന്റെ തലവെട്ടണമെന്നും അത് ചെയ്യുന്നവര്‍ക്ക് അഞ്ച് ലക്ഷം രൂപ പ്രതിഫലം നല്‍കുമെന്നും ആയിരുന്നു ഇരുവരും പറഞ്ഞത്. സ്വാമിയെ അഞ്ച് തവണ ചെരിപ്പുകൊണ്ട് അടിക്കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ നല്‍കുമെന്ന പ്രഖ്യാപനവും ഇവര്‍ നടത്തി. ഇതേ തുടര്‍ന്ന് ബന്ധ്വ മുക്തി മോര്‍ച്ച ജനറല്‍ സെക്രട്ടറി ഷൗതാജ് സിങ് നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 115, 506 വകുപ്പുകള്‍ പ്രകാരമാണ് കേസ്.

പ്രധാനമന്ത്രി മുസ്ലിങ്ങളെ കുടുംബാസൂത്രണം അംഗീകരിപ്പിക്കണം: ശിവസേന

ന്യൂഡല്‍ഹി > കുടുംബാസൂത്രണത്തിന്റെ ആവശ്യകത മുസ്ലിങ്ങള്‍ അംഗീകരിക്കുന്നുവെന്ന് പ്രധാനമന്ത്രി ഉറപ്പുവരുത്തണമെന്ന് ശിവസേന. രാജ്യത്ത് മുസ്ലിങ്ങളുടെ ജനസംഖ്യ വര്‍ധിക്കുന്നത് ഭാഷാപരവും ഭൂമിശാസ്ത്രപരവുമായ അസന്തുലിതാവസ്ഥയ്ക്ക് കാരണമാകുമെന്നും ശിവസേനാ മുഖപത്രം സാമ്ന പറഞ്ഞു. മുസ്ലിങ്ങളെ എതിരിടാന്‍ ഹിന്ദു ജനസംഖ്യ ഉയര്‍ത്തുന്നത് പ്രശ്നപരിഹാരമാകില്ല. എല്ലാ മതങ്ങള്‍ക്കുമേലും കുടുംബാസൂത്രണം അടിച്ചേല്‍പ്പിക്കാന്‍ സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തണം. 2001-11 കാലയളവില്‍ മുസ്ലിം ജനസംഖ്യ 24 ശതമാനം വര്‍ധിച്ചു. 2015ലെത്തുമ്പോള്‍ 5-10 ശതമാനംകൂടി ജനസംഖ്യ വര്‍ധിച്ചിട്ടുണ്ടാകണം. ഭാഷാപരവും ഭൂമിശാസ്ത്രപരവും വൈകാരികവുമായ അസന്തുലിതാവസ്ഥയ്ക്ക് ഇത് കാരണമാകും. രാജ്യത്തിന്റെ ഐക്യത്തില്‍ വിള്ളലുകള്‍ സൃഷ്ടിക്കുകയും ചെയ്യും- സാമ്ന പറഞ്ഞു.

ഐസിഎച്ച്ആറിനെ സംഘപരിവാര്‍ സമിതിയാക്കി

ന്യൂഡല്‍ഹി > ഇന്ത്യന്‍ ചരിത്രഗവേഷണ കൗണ്‍സിലിനെ പൂര്‍ണമായും ഒരു സംഘപരിവാര്‍ സമിതിയാക്കി നരേന്ദ്രമോഡി സര്‍ക്കാര്‍ മാറ്റിത്തീര്‍ത്തുവെന്ന് കൗണ്‍സില്‍ സെക്രട്ടറിയായിരുന്ന പ്രൊഫ. ഗോപിനാഥ് രവീന്ദ്രന്‍ പറഞ്ഞു. കാവിവല്‍ക്കരണം എല്ലാ സീമകളും ലംഘിച്ച ഘട്ടത്തിലാണ് സെക്രട്ടറിയെന്ന നിലയില്‍ രാജിക്കത്ത് നല്‍കിയതെന്നും അദ്ദേഹം വ്യക്തമാക്കി. വിയോജിപ്പുകള്‍ തീര്‍ത്തും അംഗീകരിക്കാത്ത മനഃസ്ഥിതിയിലേക്ക് ഐസിഎച്ച്ആറിന്റെ പുതിയ അധ്യക്ഷന്‍ പ്രൊഫ. വൈ സുദര്‍ശന്‍ റാവു എത്തിച്ചേര്‍ന്നുവെന്നും ഗോപിനാഥ് "ദേശാഭിമാനി'യോട് പറഞ്ഞു.

വാജ്പേയിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോഴും ഐസിഎച്ച്ആറില്‍ അഴിച്ചുപണി നടന്നിരുന്നു. എന്നാല്‍, അന്ന് ചരിത്രഗവേഷണത്തില്‍ പ്രാഗത്ഭ്യം തെളിയിച്ച ചിലരെങ്കിലും സമിതിയില്‍ ഉണ്ടായിരുന്നു. എന്നാല്‍, മോഡിസര്‍ക്കാരിന്റെ അഴിച്ചുപണി പൂര്‍ണമായും നിരാശാജനകമാണ്.സമിതിയിലേക്ക് പുതുതായി തെരഞ്ഞെടുക്കപ്പെട്ട 18 ല്‍ 15 പേരും പ്രത്യക്ഷമായി ആര്‍എസ്എസ് ബന്ധമുള്ളവരാണ്. അധ്യക്ഷസ്ഥാനത്ത് നിയമിക്കപ്പെട്ട സുദര്‍ശന്‍ റാവുവിന്റെ ചാതുര്‍വര്‍ണ്യത്തെ അംഗീകരിക്കുന്ന ചരിത്രനിലപാടുകള്‍ എല്ലാവര്‍ക്കും അറിയാവുന്നതാണ്.

കേരളത്തില്‍നിന്ന് സമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പി ടി ഹരിദാസും സി ഐ ഐസക്കും ഭാരതീയവിചാരകേന്ദ്രവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരാണ്. യുജിസി പ്രതിനിധിയായി എത്തിയ അതുല്‍ റാവത്ത് ആര്‍എസ്എസ് പ്രസിദ്ധീകരണങ്ങളായ പാഞ്ചജന്യയിലെയും ഓര്‍ഗനൈസറിലെയും സ്ഥിരം പംക്തികാരനാണ്.സമിതിയിലെ പലര്‍ക്കും ചരിത്രവുമായി ബന്ധമില്ലെന്നത് വിചിത്രമാണ്. സരസ്വതി നദിയെക്കുറിച്ച് പുസ്തകമെഴുതിയ ഫ്രഞ്ചുകാരനായ മൈക്കല്‍ ഡാനിനോ ഇപ്പോള്‍ ഐസിഎച്ച്ആര്‍ അംഗമാണ്. ആര്യന്മാര്‍ വിദേശത്തുനിന്ന് വന്നവരെന്ന ചരിത്ര നിലപാടിനെ ശക്തിയുക്തം എതിര്‍ക്കുന്ന വ്യക്തിയാണ് ഡാനിനോ. ഇത്തരത്തില്‍ എല്ലാ അര്‍ഥത്തിലും സംഘപരിവാറിന്റെ ഹൈന്ദവ അജന്‍ഡയോട് ചേര്‍ന്നുനില്‍ക്കുന്നവര്‍ മാത്രമാണ് പുതിയ സമിതിയില്‍. ഐസിഎച്ച്ആറിന്റെ ജേര്‍ണലായ ഇന്ത്യന്‍ ഹിസ്റ്റോറിക്കല്‍ റിവ്യൂ അന്താരാഷ്ട്രതലത്തില്‍ത്തന്നെ ശ്രദ്ധപിടിച്ചുപറ്റിയ പ്രസിദ്ധീകരണമാണ്.

ചരിത്രവിദ്യാര്‍ഥികളും ഗവേഷകരും വായിച്ചിരിക്കേണ്ട പ്രസിദ്ധീകരണമെന്ന നിലയില്‍ തോംസണ്‍- റോയിട്ടേഴ്സിന്റെപോലും പട്ടികയില്‍ ഉള്‍പ്പെട്ട ജേര്‍ണലാണിത്. സര്‍ക്കാര്‍ സഹായമൊന്നുമില്ലാതെ പ്രസിദ്ധീകരണം വില്‍ക്കും. വരുമാനം കൊണ്ടുതന്നെ ലാഭകരമായി മുന്നോട്ടുപോകുന്ന ജേര്‍ണലായും ഇതു മാറിയിരുന്നു. ഈ പ്രസിദ്ധീകരണത്തിന്റെ തലപ്പത്തും പൂര്‍ണമായ അഴിച്ചുപണി നടത്തി. റൊമില ഥാപ്പര്‍, ഇര്‍ഫാന്‍ ഹബീബ് തുടങ്ങിയ ചരിത്രപണ്ഡിതന്മാര്‍ ഉള്‍പ്പെട്ട എഡിറ്റോറിയല്‍ സമിതിയെ പൂര്‍ണമായും മാറ്റി. റൊമിലയെയും ഇര്‍ഫാനെയും പോലുള്ള ചരിത്രകാരന്മാര്‍ "എലൈറ്റിസ്റ്റുകളെന്ന' വാദമാണ് സുദര്‍ശന്‍ റാവുവിനെ പോലുള്ളവര്‍ മുന്നോട്ടുവയ്ക്കുന്നത്.

സംസ്കൃത ഗ്രന്ഥങ്ങളുടെ അടിസ്ഥാനത്തില്‍ പ്രാചീന ഇന്ത്യന്‍ ചരിത്രം പൊളിച്ചെഴുതണമെന്ന തരത്തില്‍ ഡല്‍ഹി സര്‍വകലാശാലയുടെ സംസ്കൃതവകുപ്പ് ചില നിര്‍ദേശങ്ങള്‍ വച്ചിട്ടുണ്ടെങ്കിലും അവയൊക്കെ തീര്‍ത്തും ദുര്‍ബലമാണ്. എന്നാല്‍, അപകടകരമായി കാണേണ്ടത് സ്കൂള്‍ പാഠ്യപദ്ധതിയില്‍ വരാനിരിക്കുന്ന മാറ്റങ്ങളാണ്. സ്കൂള്‍ പാഠ്യപുസ്തകങ്ങളിലെ ചരിത്രപഠനം സംഘപരിവാര്‍ അജന്‍ഡയുമായി കോര്‍ത്തിണക്കാന്‍ ശ്രമിക്കുന്നത് ദോഷംചെയ്യും. ഇത്തരം മാറ്റങ്ങളെ ജാഗ്രതയോടെ കാണണം- ഗോപിനാഥ് രവീന്ദ്രന്‍ പറഞ്ഞു.

(എം പ്രശാന്ത്)

സൂര്യനമസ്കാരത്തെ എതിര്‍ക്കുന്നവര്‍ ഇന്ത്യക്ക് പുറത്തുപോകണമെന്ന് യോഗി ആദിത്യനാഥ്

ന്യൂഡല്‍ഹി : യോഗയേയും സൂര്യനമസ്കാരത്തേയും എതിര്‍ക്കുന്നവര്‍ ഇന്ത്യയില്‍ നിന്നു പുറത്തു പോവുകയോ കടലില്‍ ചാടുകയോ വേണമെന്ന് ബിജെപി എംപി യോഗി ആദിത്യനാഥ്. യോഗയുടെയും സൂര്യനമസ്കാരത്തിന്റെയും പ്രാധാന്യത്തെക്കുറിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ മണ്ഡലമായ വാരണാസിയില്‍ സംസാരിക്കുമ്പോഴായിരുന്നു യോഗി ആദിത്യനാഥിന്റെ വിവാദ പരാമര്‍ശം.

സൂര്യനമസ്കാരത്തെ എതിര്‍ക്കുന്നവര്‍ സൂര്യ ഭഗവാനെ എതിര്‍ക്കുകയാണ്. അതിനെ എതിര്‍ക്കുന്നവര്‍ ഒന്നുകില്‍ പോയി കടലില്‍ ചാടുകയോ അല്ലെങ്കില്‍ ജീവതകാലം മുഴുവന്‍ ഇരുട്ടുമുറിയില്‍ കഴിയുകയോ ആണു വേണ്ടതെന്നാണ് ആദിത്യനാഥിന്റെ അഭിപ്രായം. രാജ്യാന്തര യോഗദിനത്തില്‍ യോഗ പരിശീലിക്കുന്നതിനെതിരെ മുസ്ലിം സംഘടനകള്‍ രംഗത്തെത്തിയ സാഹചര്യത്തിലാണ് യോഗി ആദിത്യനാഥിന്‍റെ പ്രതികരണം. എന്നാല്‍ യോഗദിനത്തില്‍ നിന്നു സൂര്യനമസ്കാരം ഒഴിവാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. സൂര്യനമസ്കാരം തങ്ങളുടെ മതവിശ്വാസത്തിനെതിരാണെന്ന നിലപാടുമായി മുസ്ലിം പഴ്സണല്‍ ബോര്‍ഡ് രംഗത്തുവന്നതിനെ തുടര്‍ന്നാണു നടപടി.

സോമനാഥക്ഷേത്രത്തില്‍ അനുമതിയില്ലാതെ അഹിന്ദുക്കളെ കയറ്റില്ലെന്ന്

രാജ്കോട്ട് > രാജ്യത്തെ പഴക്കമേറിയ തീര്‍ഥാടന കേന്ദ്രമായ സോമനാഥക്ഷേത്രത്തില്‍ ദര്‍ശനം നടത്താന്‍ അഹിന്ദുക്കള്‍ക്ക് മുന്‍കൂര്‍ അനുമതിവേണം. ശ്രീ സോമനാഥ് ട്രസ്റ്റിന്റെ മുന്‍കൂര്‍ അനുമതിയോടെ മാത്രമേ ക്ഷേത്രമേഖലയില്‍ അഹിന്ദുക്കള്‍ പ്രവേശിക്കാന്‍ പാടുള്ളൂ എന്ന് ക്ഷേത്രത്തിനു മുന്നില്‍ നോട്ടീസ് പതിച്ചു. ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി കേശുഭായ് പട്ടേല്‍ അധ്യക്ഷനായ ട്രസ്റ്റിന്റേതാണ് തീരുമാനം. പ്രധാനമന്ത്രി നരേന്ദ്രമോഡി, ബിജെപിയുടെ മുതിര്‍ന്ന നേതാവ് എല്‍ കെ അദ്വാനി എന്നിവര്‍ ട്രസ്റ്റ് അംഗങ്ങളാണ്.

മോഡിയെ വിമര്‍ശിച്ചു വിദ്യാര്‍ഥിക്കൂട്ടായ്മയ്ക്ക് ഐഐടിയില്‍ നിരോധനം

ചെന്നൈ > ഐഐടി മദ്രാസില്‍ മോഡിക്കെതിരെ പ്രചാരണം നടത്തിയ വിദ്യാര്‍ഥിക്കൂട്ടായ്മയെ നിരോധിച്ചു. മനുഷ്യവിഭവശേഷി മന്ത്രാലയത്തിന് ലഭിച്ച ഊമക്കത്തിന്റെ പേരിലാണ് നടപടി. അംബേദ്കര്‍-പെരിയാര്‍ സ്റ്റഡി സര്‍ക്കിള്‍ (എപിഎസ്സി) കൂട്ടായ്മയെയാണ് നിരോധിച്ചത്. സംഭവത്തില്‍ പ്രതിഷേധിച്ച് കേന്ദ്രമാനവവിഭവശേഷിമന്ത്രി സ്മൃതി ഇറാനിയുടെ ഡല്‍ഹിയിലെ വീട്ടിലേക്ക് വിദ്യാര്‍ഥികള്‍ മാര്‍ച്ച് നടത്തി. ഈമാസം 14നാണ് ഇരുപതോളം വിദ്യാര്‍ഥികള്‍ ക്യാമ്പസില്‍ ലഘുലേഖ വിതരണംചെയ്യുകയും പോസ്റ്റര്‍ പതിക്കുകയുംചെയ്തത്. പ്രതിഷേധപരിപാടിയില്‍ കുപ്പം സര്‍വകലാശാലയിലെ അധ്യാപകനായ ആര്‍ വിവേകാനന്ദ ഗോപാല്‍ മോഡി സര്‍ക്കാര്‍ വര്‍ഗീയ അജന്‍ഡ നടപ്പാക്കുകയാണെന്നും മാതൃരാഷ്ട്രവാദം ഉയര്‍ത്തിപ്പിടിക്കുമ്പോള്‍ത്തന്നെ മോഡി ബഹുരാഷ്ട്ര കുത്തകകള്‍ക്ക് രാജ്യം തുറന്നിടുകയാണെന്നും അദ്ദേഹം പറഞ്ഞു.

തൊട്ടടുത്ത ദിവസം മന്ത്രാലയത്തിന് പരാതി ലഭിച്ചു. തുടര്‍ന്ന് മന്ത്രാലയം ഐഐടി അധികൃതരോട് വിശദീകരണം തേടി. സ്ഥാപനത്തിന്റെ മാര്‍ഗനിര്‍ദേശം ലംഘിച്ചതിനും അനുമതിയില്ലാതെ പൊതുശ്രദ്ധ നേടാനായി ഐഐടിയുടെ പേര് ഉപയോഗിച്ചതിനുമാണ് നടപടിയെന്ന് ആക്ടിങ് ഡയറക്ടര്‍ പ്രൊഫ. കെ രാമമൂര്‍ത്തി വാര്‍ത്താലേഖകരോട് പറഞ്ഞു. ഭരണഘടനാവിരുദ്ധമായി പ്രവര്‍ത്തിച്ചിട്ടില്ലെന്നും സര്‍ക്കാരിനെയും നയങ്ങളെയും വിമര്‍ശിക്കുകമാത്രമാണ് ചെയ്തതെന്നും കൂട്ടായ്മയ്ക്ക് നേതൃത്വം നല്‍കിയ അഭിനവ് സൂര്യ വ്യക്തമാക്കി. വിദ്യാര്‍ഥിക്കൂട്ടായ്മയെ നിരോധിച്ച സംഭവത്തില്‍ സിപിഐ എം തമിഴ്നാട് സംസ്ഥാന സെക്രട്ടറിയറ്റ് പ്രതിഷേധിച്ചു. ഒരുവര്‍ഷംമാത്രം പിന്നിട്ട എന്‍ഡിഎ സര്‍ക്കാര്‍ അഭിപ്രായം പറയാനുള്ള പൗരന്റെ അവകാശം ഹനിക്കുകയാണെന്നും സെക്രട്ടറിയറ്റ് ചൂണ്ടിക്കാട്ടി.നിരോധനം ഏര്‍പ്പെടുത്തിയ നടപടി പിന്‍വലിക്കണമെന്ന് എസ്എഫ്ഐ കേന്ദ്ര എക്സിക്യൂട്ടീവ് കമ്മിറ്റി ആവശ്യപ്പെട്ടു. ക്യാമ്പസിലെ ജനാധിപത്യത്തിനെതിരെ നടക്കുന്ന അടിച്ചമര്‍ത്തല്‍ നടപടിയുടെ ഭാഗമാണ് നിരോധനമെന്നും എസ്എഫ്ഐ പ്രസ്താവനയില്‍ പറഞ്ഞു.

ബീഫ് കഴിക്കേണ്ടവര്‍ പാകിസ്ഥാനില്‍ പോകണം: മന്ത്രി നഖ്വി
on 23-May-2015
ന്യൂഡല്‍ഹി > ബീഫ് കഴിക്കണമെന്നുള്ളവര്‍ പാകിസ്ഥാനിലേക്ക് പോകണമെന്ന് പാര്‍ലമെന്ററികാര്യ സഹമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി. ഗോവധനിരോധത്തെ ശക്തമായി ന്യായീകരിക്കവെയാണ് മന്ത്രി ഇങ്ങനെ പറഞ്ഞത്.ഗോവധനിരോധം ഹിന്ദുക്കളുടെ വിശ്വാസത്തിന്റെ കാര്യമാണെന്നും എല്ലാവരും അംഗീകരിക്കണമെന്നും "ആജ് തക്ക്' ടെലിവിഷന്‍ ചാനല്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കവെ മന്ത്രി പറഞ്ഞു. ബീഫ് കഴിച്ചില്ലെങ്കില്‍ മരിക്കുമെന്നുള്ളവര്‍ പാകിസ്ഥാനിലേക്കോ അറബ്രാജ്യങ്ങളിലേക്കോ അല്ലെങ്കില്‍ ലോകത്ത് ബീഫ് കിട്ടുന്ന മറ്റേതെങ്കിലും ഭാഗങ്ങളിലേക്കോ പോകാം- മന്ത്രി പറഞ്ഞു.മഹാരാഷ്ട്രയിലെയും ഹരിയാനയിലെയും ബിജെപി സര്‍ക്കാര്‍ ഗോവധവും ബീഫ് ഉപയോഗവും കടുത്തശിക്ഷ ലഭിക്കുന്ന കുറ്റങ്ങളാക്കിയിട്ടുണ്ട്. ഗോവധം നിരോധിക്കാന്‍ രാജ്യവ്യാപകനിയമം കൊണ്ടുവരുന്നതിനെക്കുറിച്ച് ആലോചിക്കണമെന്ന് മന്ത്രി രാജ്നാഥ്സിങ് അഭിപ്രായപ്പെട്ടിരുന്നു.

അംബേദ്കര്‍ ഗാനം റിങ്ടോണാക്കിയ യുവാവിനെ തല്ലിക്കൊന്നു
on 23-May-2015
ഷിര്‍ദി > ഭരണഘടനാശില്‍പ്പി ഡോ. ബി ആര്‍ അംബേദ്കറെക്കുറിച്ചുള്ള ഗാനം മൊബൈല്‍ റിങ്ടോണ്‍ ആക്കിയതിന്റെ പേരില്‍ മഹാരാഷ്ട്രയിലെ ക്ഷേത്രനഗരമായ ഷിര്‍ദിയില്‍ യുവാവിനെ ദാരുണമായി മര്‍ദിച്ച് കൊലപ്പെടുത്തി. വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനായി ഷിര്‍ദിയില്‍ എത്തിയ നേഴ്സിങ് വിദ്യാര്‍ഥി സാഗര്‍ ഷേജ്വാള്‍ ആണ് കൊല്ലപ്പെട്ടത്. മറാത്ത, ഒബിസി വിഭാഗക്കാരായ യുവാക്കളാണ് ആക്രമണത്തിനു പിന്നില്‍. നാലുപേരെ അറസ്റ്റ് ചെയ്തു. മെയ് 16നാണ് ദാരുണമായ സംഭവം അരങ്ങേറിയത്. കൂട്ടുകാര്‍ക്കൊപ്പം ബിയര്‍പാര്‍ലറില്‍ എത്തിയ സാഗര്‍ ഷേജ്വാളിനെ റിങ്ടോണിന്റെ പേരില്‍ എട്ടുപേര്‍ ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ബിയര്‍ കുപ്പികൊണ്ട് അടിച്ചുവീഴ്ത്തിയശേഷം ബൈക്കില്‍ കയറ്റിക്കൊണ്ടുപോയി മര്‍ദിച്ചു. അടുത്ത ദിവസം റൂയിഗ്രാമത്തില്‍ നഗ്നമായ മൃതശരീരം കണ്ടെത്തി. ശരീരത്തില്‍ 25 മുറിപ്പാട് ഉണ്ടായിരുന്നെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. മൃതദേഹത്തിനു മുകളിലൂടെ ഇവര്‍ ബൈക്ക് ഓടിച്ചെന്നും പൊലീസ് സ്ഥിരീകരിച്ചു. ബാറില്‍ വഴക്കുണ്ടായതിന്റെ 20 മിനിറ്റ് ദൃശ്യങ്ങള്‍ സിസിടിവിയില്‍നിന്ന് ലഭിച്ചു. ഇതില്‍ അക്രമികളുടെ മുഖം വ്യക്തമാണ്. എന്നാല്‍, യുവാവിന് മര്‍ദനമേറ്റ ഉടന്‍ വിവരം അറിയിച്ചെങ്കിലും പൊലീസ് സംഭവസ്ഥലത്ത് എത്തിയില്ലെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്. രാത്രി സാഗറിനെ തെരക്കി പോകാന്‍ എസി വാഹനം പൊലീസ് ആവശ്യപ്പെട്ടെന്ന് ബന്ധുക്കള്‍ പറഞ്ഞു.

മുസ്ലിം പേരുള്ള സൂചനാ ബോര്‍ഡുകള്‍ ആര്‍എസ്എസുകാര്‍ കറുപ്പിച്ചു
on 15-May-2015
ന്യൂഡല്‍ഹി > മുസ്ലിം പേരുള്ള റോഡുകളുടെ സൂചനാ ബോര്‍ഡുകള്‍ ആര്‍എസ്എസുകാര്‍ കറുപ്പിച്ചു. ഡല്‍ഹി മുനിസിപ്പല്‍ കൗണ്‍സിലിലെ സഫ്ദര്‍ ഹശ്മി മാര്‍ഗ്, ഫിറോസ്ഷാ റോഡ് എന്നിവയുടെയെല്ലാം ബോര്‍ഡുകള്‍ കറുപ്പുചായമടിച്ച് പോസ്റ്ററുകള്‍ ഒട്ടിച്ചിട്ടുണ്ട്. ഔറംഗസേബ് റോഡ്, അക്ബര്‍ റോഡ് എന്നിവയും കറുപ്പിച്ചു. കൂടാതെ ഈ ബോര്‍ഡുകളില്‍ അസഭ്യവാക്കുകള്‍ എഴുതിവച്ചിട്ടുമുണ്ട്. ബോര്‍ഡുകള്‍ കൈയേറിയതിനു പുറമെ ആര്‍എസ്എസിന്റെ പോസ്റ്ററുകളും പതിച്ചു. അധികൃതരുടെ പരാതി യില്‍ ഡല്‍ഹി പൊലീസ് അന്വേഷണം തുടങ്ങി. നശിപ്പിച്ച സൂചനാ ബോര്‍ഡുകള്‍ ഉടന്‍ പുനഃസ്ഥാപിക്കുമെന്ന് കൗണ്‍സില്‍ വക്താവ് അറിയിച്ചു.

ശിവസേനയുടെ എതിര്‍പ്പ്; അതിഫ് അസ്ലം പരിപാടി റദ്ദാക്കി
on 23-April-2015
മുംബൈ> പ്രശസ്ത പാക് നടനും ഗായകനുമായ അതിഫ് അസ്ലാം പുണെയില്‍ നടത്താനിരുന്ന സംഗീതപരിപാടി ശിവസേനയുടെ എതിര്‍പ്പിനെ തുടര്‍ന്ന് വേണ്ടെന്നുവച്ചു. ഇന്ത്യയില്‍ വലിയ ആരാധകവൃന്ദമുള്ള അസ്ലാം ഇരുപത്തഞ്ചിനാണ് പരിപാടി നിശ്ചയിച്ചിരുന്നത്. എന്നാല്‍, പാകിസ്ഥാനില്‍നിന്നുള്ള കലാകാരന്മാരുടെ പരിപാടികള്‍ ബഹിഷ്കരിക്കാന്‍ ശിവസേന പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് സംഗീത പരിപാടി വേണ്ടെന്നുവച്ചത്. പരിപാടിയുടെ ആയിരക്കണക്കിന് ടിക്കറ്റ്ഇതിനകം വിറ്റഴിച്ചിട്ടുണ്ട്. എന്നാല്‍, ശിവസേനയുടെ എതിര്‍പ്പ് മറികടന്ന് പരിപാടി നടത്താന്‍ കഴിയുമോയെന്ന സംശയത്തെ തുടര്‍ന്നാണ് പരിപാടി റദ്ദാക്കുന്നതെന്ന് അസ്ലാമുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞു.

രാജസ്ഥാന്‍ പാഠപുസ്തകത്തില്‍ അക്ബര്‍ ചക്രവര്‍ത്തി മഹാനല്ല
on 17-April-2015
ജയ്പുര്‍ > അക്ബറിനെ "മഹാന്‍' അല്ലാതാക്കിയും അദ്ദേഹത്തിനെതിരെ പോരാടിയ മഹാറാണ പ്രതാപിനെ "മഹാന്‍' ആക്കിയും രാജസ്ഥാനിലെ പാഠപുസ്തകങ്ങളില്‍ ബിജെപി സര്‍ക്കാര്‍ കാവി പൂശി. വിദ്യാഭ്യാസമന്ത്രി വാസുദേവ് ദേവ്നാനിയുടെ മുഖ്യ കാര്‍മികത്വത്തിലാണ് രാജസ്ഥാനില്‍ ചരിത്രപുസ്തകങ്ങള്‍ തിരുത്തിയത്. ഒരേ കാലഘട്ടത്തില്‍ രണ്ട് മഹാന്മാരായ രാജാക്കന്മാര്‍ ഉണ്ടാകാന്‍ സാധ്യതയില്ലെന്നാണ് മന്ത്രിസഭയിലെ ആര്‍എസ്എസ് മുഖമായ ദേവ്നാനിയുടെ വിഷയത്തിലുള്ള പ്രതികരണം. മേവാറിലെ രജപുത്ത് രാജാവായ മഹാറാണ പ്രതാപ് അക്ബറിനെതിരെ യുദ്ധം നയിച്ചിട്ടുള്ളതിനാല്‍ അദ്ദേഹത്തിനാണ് "മഹാന്‍' വിശേഷണം കൂടുതല്‍ ഇണങ്ങുകയെന്നാണ് വിദ്യാഭ്യാസവകുപ്പിന്റെ വിശദീകരണം.

മുസ്ലിങ്ങളെയും ക്രിസ്ത്യാനികളെയും വന്ധ്യംകരിക്കണമെന്ന് ഹിന്ദു മഹാസഭ ഉപാധ്യക്ഷ
on 12-April-2015
മുസ്ലിങ്ങളെയും ക്രിസ്ത്യാനികളെയും വന്ധ്യംകരിക്കണമെന്ന് ഹിന്ദു മഹാസഭ ഉപാധ്യക്ഷ
ന്യൂഡല്‍ഹി: ജനസംഖ്യ വര്‍ധന തടയാന്‍ മുസ്ലിങ്ങളെയും ക്രിസ്ത്യാനികളെയും വന്ധ്യംകരിക്കണമെന്ന് ഹിന്ദു മഹാസഭ ഉപാധ്യക്ഷ സാധ്വി ദേവ താക്കൂര്‍. മുസ്ലിങ്ങളുടെയും ക്രിസ്ത്യാനികളുടെയും ജനന നിരക്ക് ദിനംപ്രതി വര്‍ധിച്ചു വരികയാണെന്നും ഇത് ഹൈന്ദവ സമുദായത്തിന് ഭീഷണിയാണെന്നും അവര്‍ പറഞ്ഞു. ഇതു തടയുന്നതിന് കേന്ദ്രസര്‍ക്കാര്‍ നടപടിയെടുക്കണം. ഇവരെ നിര്‍ബന്ധിത വന്ധ്യംകരണ ശസ്ത്രക്രിയയ്ക്ക് വിധേയരാക്കണം. ഹിന്ദു ജനസംഖ്യ വര്‍ധിപ്പിക്കുന്നതിന് കൂടുതല്‍ കുട്ടികള്‍ക്ക് ജന്മം നല്‍കണം. ഹിന്ദു ദൈവങ്ങളുടെ വിഗ്രഹങ്ങള്‍ ക്രിസ്ത്യന്‍ പള്ളികളിലും മുസ്ലിം പള്ളികളിലും സ്ഥാപിക്കണമെന്നും ദേവ താക്കൂര്‍ പറഞ്ഞു.

മദര്‍ തെരേസയെ മാറ്റി, പകരം ശ്യാമപ്രസാദ് മുഖര്‍ജി
on 12-April-2015
ഗുവാഹത്തി > അസമില്‍ ബിജെപി ഭരിക്കുന്ന സില്‍ചാര്‍ മുനിസിപ്പല്‍ ബോര്‍ഡ് ചെയര്‍മാന്റെ ഓഫീസില്‍നിന്ന് മദര്‍ തെരേസയുടെ ചിത്രം എടുത്തുമാറ്റിയത് വിവാദമായി. രവീന്ദ്രനാഥ ടാഗോര്‍, സുഭാഷ് ചന്ദ്രബോസ് തുടങ്ങിയ നേതാക്കളുടെ ചിത്രങ്ങള്‍ക്ക് ഒപ്പമുള്ള മദര്‍ തെരേസയുടെ ചിത്രം മാറ്റി പകരം ജനസംഘം നേതാവ് ശ്യാമപ്രസാദ് മുഖര്‍ജിയുടെ ചിത്രം സ്ഥാപിച്ചു. ഡിവൈഎഫ്ഐ, എസ്എഫ്ഐ തുടങ്ങിയ ഇടതുസംഘടനകള്‍ ബിജെപിയുടെ നടപടിക്ക് എതിരെ ശക്തമായി രംഗത്ത് എത്തി. സില്‍ചാറില്‍ എസ്എഫ്ഐയും ഡിവൈഎഫ്ഐയും പ്രതിഷേധപ്രകടനം നടത്തി.

രണ്ടാം ഭാഗം ഇവിടെ

മൂന്നാം ഭാഗം
deshabhimani

1 comment:

  1. Please read what the Communist China doing
    ഇപ്പോഴിതാ ചൈനീസ് സര്‍ക്കാരിനെതിരേ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഡോക്യുമെന്ററി വരുന്നു. ചൈനീസ് ഭരണകൂടത്തിന്റെ നേത്യത്വത്തില്‍ നടക്കുന്ന അവയവ തട്ടിപ്പിന്റെ കഥകളാണ് ഡോക്യുമെന്ററിയുടെ ഇതിവൃത്തം. ഫുലാന്‍ ഗോംഗ് വിഭാഗത്തില്‍പ്പെട്ട നാല്പതിനായിരത്തോളം തടവുകാര്‍ പീഡനത്തിന് ഇരയായെന്നും 2008 വരെ 65,000 പേര്‍ അവയവങ്ങള്‍ നീക്കം ചെയ്തതുമൂലം മരിച്ചെന്നുമാണു റിപ്പോര്‍ട്ട്.

    അവയവ സ്വീകരണത്തിനായി വിദേശികളെ ചൈനയിലേക്ക് ആകര്‍ഷിക്കുക എന്നതാണ് ഇതുവഴി ഭരണകൂടം ലക്ഷ്യംവയ്ക്കുന്നതെന്നാണ് വെളിപ്പെടുത്തല്‍. മറ്റു മേഖലകളില്‍നിന്നു സമ്പാദിക്കുന്ന വരുമാനത്തിലും പതിന്മടങ്ങാണ് അവയവ വിപണനം വഴി ചൈന സമ്പാദിക്കുന്നത്. പത്രപ്രവര്‍ത്തകനായ എഥാന്‍ ഗട്ട്മാന്‍, മനുഷ്യാവകാശ പ്രവര്‍ത്തകനായ കനേഡിയന്‍ അഭിഭാഷകന്‍ ഡേവിഡ് മത്താസ്, ഡേവിഡ് കില്‍ഗൗര്‍ എന്നിവരടങ്ങിയ സംഘത്തിന്റെ അന്വേഷണമാണ് ഹാര്‍ഡ് ടു ബിലീവ് എന്ന ഡോക്യുമെന്ററിയിലൂടെ ലോകജനതയെ അറിയിക്കുന്നത്.

    ReplyDelete