Tuesday, September 15, 2015

വര്‍ഗീയവിപത്ത്: വിശ്വാസികള്‍ അടക്കമുള്ളവരുടെ വിശാലസഖ്യം വേണം: പിണറായി

കൊല്ലം> വര്‍ഗീയതയ്ക്കെതിരെ മതവിശ്വാസികള്‍ ഉള്‍പ്പെടെയുള്ളവരുടെ വിശാലസഖ്യം രൂപപ്പെടണമെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍ പറഞ്ഞു. മതവിശ്വാസത്തെ എതിര്‍ക്കുന്നവരല്ല ഇടതുപക്ഷം. ഞങ്ങള്‍ ഒരു മതവിശ്വാസത്തിനെതിരെയും പട നയിച്ചിട്ടില്ല. ഏതൊരാള്‍ക്കും അയാളുടെ മതവിശ്വാസത്തിനുസരിച്ച് ജീവിക്കാനുള്ള അവകാശത്തിനാണ് ഇടതുപക്ഷം നിലകൊള്ളുന്നതെന്ന് പിണറായി വ്യക്തമാക്കി. എന്‍എസ് പഠന ഗവേഷണകേന്ദ്രം സംഘടിപ്പിച്ച വര്‍ഗീയ വിരുദ്ധ കണ്‍വന്‍ഷന്‍ കൊല്ലം ക്യുഎസി മൈതാനത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി.

മത വിശ്വാസം വര്‍ഗീയവാദമല്ല. മതത്തെ രാഷ്ട്രീയത്തിന് ഉപയോഗിക്കുമ്പോഴാണ് അതിന് വര്‍ഗീയതയുടെ രൂപം വരുന്നത്. ഇടതുപക്ഷ മതേതര ജനാധിപത്യ പ്രസ്ഥാനങ്ങള്‍ക്കു മാത്രമേ ന്യൂനപക്ഷത്തെ സംരക്ഷിക്കാനാകൂ. ആര്‍ എസ് എസിെന്‍റ ഹിന്ദുത്വ അജണ്ടക്ക് പ്രധാന തടസ്സം എക്കാലവും ഇടതുപക്ഷ പ്രസ്ഥാനങ്ങളാണ്. ഇത് വ്യക്തമായതിനാലാണ് സംഘപരിവാര്‍ ശക്തികള്‍ ഇടതുപക്ഷത്തിനുനേരേ വാളോങ്ങുന്നത്്.

ആര്‍എസ്എസാണ് ഇപ്പോള്‍ രാജ്യ ഭരണത്തിന് നേതൃത്വം നല്‍കുന്നത്. നരേന്ദ്ര മോഡി ഭരണത്തിെന്‍റ ഒരുവര്‍ഷം വിലയിരുത്താന്‍ യോഗം വിളിച്ചത് ആര്‍എസ്എസാണ്. അല്ലാതെ ബിജെപിയല്ല. കേന്ദ്രം നടപ്പാക്കുന്നത് ആര്‍എസ്എസ് നയങ്ങളാണ്.ആര്‍എസ്എസിന് ഭാരതീയദര്‍ശനവുമായി ഒരു ബന്ധവുമില്ല. അതിെന്‍റ രൂപവും ഘടനയുമെല്ലാം വാര്‍ത്തെടുത്തത് മുസോളിനിയുടെ ഫാസിസ്റ്റ് പരിശീലനരീതി അവലംബിച്ചാണ്. ദേശാഭിമാനം അതിെന്‍റ അത്യുന്നതരൂപത്തില്‍ ഹിറ്റ്ലറുടെ ജര്‍മനിയില്‍ പ്രത്യക്ഷപ്പെട്ടതായി ആര്‍എസ്എസ് ആത്മീയാചാര്യന്‍ ഗോള്‍വാക്കര്‍ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. ന്യൂനപക്ഷവും ജൂതന്മാരുമായിരുന്നു ഹിറ്റ്ലറുടെ ശത്രുക്കളെങ്കില്‍ മുസ്ലീമും ക്രിസ്ത്യാനിയും കമ്യൂണിസ്റ്റുകാരുമാണ് ആര്‍എസ്എസിെന്‍റ ശത്രുക്കള്‍.

ശ്രീനാരായണ ഗുരു നവോത്ഥാന നായകരില്‍ പ്രമുഖനാണ്. അദ്ദേഹം ഏതെങ്കിലും മതത്തിെന്‍റ ആചാര്യനല്ല. ശ്രീനാരായണ ദര്‍ശനങ്ങള്‍ക്ക് വിരുദ്ധമായ സമീപനം സ്വീകരിക്കുന്ന എസ്എന്‍ഡിപി നേതൃത്വത്തിെന്‍റ നിലപാടിനോട് യോജിക്കാനാകില്ല. കേരളത്തിെന്‍റ മതനിരപേക്ഷതയ്ക്കും സാമൂഹ്യമുന്നേറ്റത്തിനും നേതൃത്വം നല്‍കിയത് നവോത്ഥാന പ്രസ്ഥാനങ്ങളാണ്. ആ നവോത്ഥാന കാലഘട്ടത്തിെന്‍റയാകെ നായകന്‍ ശ്രീനാരായണ ഗുരുവാണ്. ചട്ടമ്പി സ്വാമി, അയ്യന്‍കാളി, വാഗ്ഭടാനന്ദന്‍, സഹോദരന്‍ അയ്യപ്പന്‍ ഉള്‍പ്പെടെയുള്ളവരും അതില്‍ പങ്കാളികളാണ്. ഈ നവോത്ഥാന നായകര്‍ ഉഴുതിട്ട മണ്ണിലാണ് കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ ഉള്‍പ്പെടെയുള്ളവ പുത്തന്‍ കേരളം തീര്‍ത്തത്.

സാമ്പത്തിക താല്‍പര്യവും സ്ഥാനമോഹവുമൊക്കെ സമുദായനേതൃത്വത്തിനുണ്ടാകാം. എന്നാല്‍, ആര്‍എസ്എസ് നയം നടപ്പാക്കാന്‍ എസ്എന്‍ഡിപിയെ സംഘപരിവാറിെന്‍റ നുകത്തില്‍ കെട്ടാനുള്ള നീക്കത്തെ ഒരു കാരണവശാലും അംഗീകരിക്കില്ല. പട്ടിക ജാതി-പട്ടിക വര്‍ഗം ഉള്‍പ്പെടെയുള്ള പിന്നോക്കക്കാരെ മനുഷ്യരായിപ്പോലും പരിഗണിക്കാത്ത സംഘപരിവാര്‍ ശക്തികള്‍ക്കുമുന്നിലാണ് ഗുരുവിെന്‍റ ആദര്‍ശങ്ങളെ അടിയറവയ്ക്കാന്‍ സമുദായ നേതൃത്വം ഇറങ്ങിത്തിരിക്കുന്നതെന്ന് പിണറായി പറഞ്ഞു.

മോഡി സര്‍ക്കാര്‍ ഭരണഘടനയെ വെല്ലുവിളിക്കുന്നു: സി ദിവാകരന്‍

കൊല്ലം > മോഡി സര്‍ക്കാര്‍ ഭരണഘടനയെ വെല്ലുവിളിക്കുകയാണെന്ന് സി ദിവാകരന്‍ എംഎല്‍എ പറഞ്ഞു. എന്‍ എസ് പഠന ഗവേഷണ കേന്ദ്രം സംഘടിപ്പിച്ച വര്‍ഗീയ വിരുദ്ധ കണ്‍വന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യം നേരിടുന്ന അതീവ ഗുരുതര സാമുഹിക പ്രശ്നമായി വര്‍ഗീയത മാറി. ദേശീയ രാഷ്ട്രീയത്തിലുണ്ടായ ആപല്‍ക്കരമായ മാറ്റമാണ് വര്‍ഗീയതയുടെ വളര്‍ച്ചയ്ക്ക് കാരണമായത്.

ഭരണ ഘടനയെ വെല്ലുവിളിച്ചുകൊണ്ട് മോഡി സര്‍ക്കാര്‍ ആര്‍എസ്എസ് നയങ്ങള്‍ നടപ്പാക്കുന്നു. രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ക്ക് മൂന്നു തവണ നിരോധിച്ച സംഘടനയാണ് ആര്‍എസ്എസ്. ഗാന്ധി വധവുമായി ബന്ധപ്പെട്ടായിരുന്നു ആദ്യത്തെ നിരോധനം. പ്രധാന മന്ത്രിയെയും മന്ത്രിമാരെയും ആര്‍എസ്എസ് ആസ്ഥാനത്ത് വിളിച്ചുവരുത്തി ഭരണ പുരോഗതി വിലയിരുത്തുന്നു. ആര്‍എസ്എസ് നയങ്ങള്‍ നടപ്പാക്കാന്‍ കര്‍ക്കശ നിര്‍ദേശങ്ങള്‍ നല്‍കുന്നു.

മതേതരത്വത്തെ നഖശിഖാന്തം എതിര്‍ക്കുന്ന ആര്‍എസ്എസുമായി ഭരണാധികാരികള്‍ കൈകോര്‍ക്കുന്ന ആപല്‍ക്കരമായ സ്ഥിതിവിശേഷമാണ്. ലോകം ഭരിക്കേണ്ടത് ജര്‍മന്‍കാരാണെന്ന് ഹിറ്റ്ലര്‍ പറഞ്ഞതുപോലെ ഹിന്ദുക്കള്‍ ഇന്ത്യ ഭരിക്കണമെന്നാണ് ആര്‍എസ്എസ് നയം. ഹിന്ദു മതത്തെ രാഷ്ട്രീയവല്‍ക്കരിക്കുന്ന നയങ്ങള്‍ശക്കതിരെ ഇടതുപക്ഷം അണിനിരക്കുമെന്നും സി ദിവാകരന്‍ പറഞ്ഞു.

ഗുരു ദര്‍ശനങ്ങളെ തെറ്റായി വ്യാഖ്യാനിക്കുന്നു: സ്വാമി ഗുരുപ്രസാദ്

കൊല്ലം > മനുഷ്യത്വമെന്ന ഏക മതത്തിന്റെ വക്താവായിരുന്നു ശ്രീനാരായണ ഗുരുവെന്നും ഗുരു ദര്‍ശനങ്ങളെ ചിലര്‍ തെറ്റായി വ്യാഖ്യാനിക്കുകയാണെന്നും ശിവഗിരി മഠം ഗുരുധര്‍മ പ്രചാരണ സഭ സെക്രട്ടറി സ്വാമി ഗുരുപ്രസാദ് പറഞ്ഞു. എന്‍ എസ് പഠന ഗവേഷണ കേന്ദ്രം സംഘടിപ്പിച്ച വര്‍ഗീയ വിരുദ്ധ കണ്‍വന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗുരു രൂപം നല്‍കിയ പ്രസ്ഥാനം ഇന്ന് ജാതി പറയുന്നു. ജാതിയുടെയും മതത്തിന്റെയും പേരില്‍ ഗുരു ദര്‍ശനങ്ങളെ വികലമാക്കുകയാണ്. ലോകം കണ്ട മഹാനായ സാമൂഹിക പരിഷ്ക്കര്‍ത്താവും നവോഥാന നായകനുമായിരുന്നു ഗുരു. ഗുരുവിനെ വിപ്ലവത്തിന്റെ ശുക്ര നക്ഷത്രമെന്നാണ് ശിഷ്യനായ മഹാകവി കുമാരനാശാന്‍ വിശേഷിപ്പിച്ചത്. വര്‍ഗീയ ചിന്തകള്‍ക്കും മത കലഹങ്ങള്‍ക്കും ശാശ്വത പരിഹാരം കാണാന്‍ ഗുരുവിന്റെ ദര്‍ശനങ്ങള്‍ മാത്രം മതി.

ഒറ്റമുണ്ടും ഉത്തരീയവും മാത്രം ധരിച്ച് നഗ്നപാദനായാണ് ഗുരു ജീവിച്ചത്. ഗുരു നല്‍കിയ രണ്ടു താക്കീതുകള്‍ക്ക് എന്നും പ്രസക്തിയുണ്ട്. അതിലൊന്ന് ജാതി ചോദിക്കുകയും പറയുകയും ചെയ്യരുതെന്ന്. രണ്ടാമത്തേത് മദ്യം ഉണ്ടാക്കരുതെന്നും കുടിക്കരുതെന്നുമാണ്. എന്നാല്‍, ഈ ദര്‍ശനങ്ങളെ യോഗത്തിന്റെ തലപ്പത്തുള്ളവര്‍തന്നെ തെറ്റായി വ്യാഖ്യാനിക്കുന്നു. ഗുരു സമസ്ഥാപനം ചെയ്ത സര്‍വമത പാഠശാലയാണ് ശിവഗിരി മഠം. അവിടെ ജാതി മത ചിന്തകള്‍ക്കു സ്ഥാനമില്ല.

വിദ്യകൊണ്ടു പ്രബുദ്ധരാകാനാണ് ഗുരു ഉദ്ബോധിപ്പിച്ചത്. മതത്തെും രാഷ്ട്രീയത്തെയും യോജിപ്പിക്കാന്‍ ശ്രമിക്കരുത്. വര്‍ഗീയ ചിന്തകള്‍ക്കെതിരായ ചര്‍ച്ചകള്‍ ഉണ്ടാകണമെന്നും അതിനു തന്റെ സഹകരണം എന്നും ഉണ്ടാകുമെന്നും സ്വാമി ഗുരുപ്രസാദ് പറഞ്ഞു.

ഇടതുപക്ഷത്തിനൊപ്പം അണിചേരണം: ഫാ. റൊമാന്‍സ് ആന്റണി

കൊല്ലം > ന്യൂനപക്ഷങ്ങള്‍ക്കെതിരായ നീക്കങ്ങളെ ചെറുക്കാന്‍ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ കടുത്ത ജാഗ്രതയാണ് പുലര്‍ത്തുന്നതെന്ന് ക്യൂഎസ്എസ് മുന്‍ ഡയറക്ടര്‍ ഫാ. റൊമാന്‍സ് ആന്റണി പറഞ്ഞു. എന്‍ എസ് പഠന ഗവേഷണ കേന്ദ്രം സംഘടിപ്പിച്ച വര്‍ഗീയ വിരുദ്ധ കണ്‍വന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വര്‍ഗീയതയ്ക്കെതിരായ പോരാട്ടങ്ങളില്‍ ന്യൂനപക്ഷങ്ങള്‍ ഇടതുപക്ഷത്തിനൊപ്പം അണിചേരണം. രാജ്യത്തെ സമകാലിക സംഭവവികാസങ്ങള്‍ ന്യൂനപക്ഷങ്ങളെ അസ്വസ്ഥരാക്കുന്നു. ഒറീസയിലുണ്ടായ വര്‍ഗീയ ലഹളയില്‍ നൂറിലധികം ദളിതര്‍ മരിച്ചു. രണ്ടായിരത്തോളം പേര്‍ ഭവനരഹിതരായി. ഭൂപ്രഭുക്കന്മാരുടെ അടിച്ചമര്‍ത്തലുകള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയതും മതിയായ വേതനത്തിനായി സമരം സംഘടിപ്പിച്ചതുമാണ് കുട്ടക്കൊലയ്ക്കു കാരണമായത്.

മധ്യപ്രദേശില്‍ 12 വര്‍ഷം മുമ്പ് കന്യാസ്ത്രീയെ വര്‍ഗീയവാദികള്‍ മൃഗീയമായി കൊലപ്പെടുത്തിയ സംഭവമുണ്ടായി. ആരാധനാ സ്വാതന്ത്ര്യം നിഷേധിച്ചപ്പോഴാണ് കേരളത്തില്‍ ദളിത് വിഭാഗങ്ങള്‍ മറ്റു മതങ്ങളിലേക്ക് ചേക്കേറിയത്. അവരെയൊക്കെ ചാതുര്‍വര്‍ണ്യ വ്യവസ്ഥയിലേക്ക് തിരികെ കൊണ്ടുവരാനാണ് ശ്രമം. ഇഷ്ടപ്പെട്ട മതത്തില്‍ വിശ്വസിക്കാനുള്ള ഭരണ ഘടനാപരമായ സ്വാതന്ത്യത്തെ നിഷേധിക്കുന്നു. മാനവിക വീക്ഷണം വികലമാകുമ്പോഴാണ് വര്‍ഗീയത വളരുന്നത്. എല്ലാ മനുഷ്യരും തുല്യരെന്ന ചിന്ത ഉണ്ടായാല്‍ മാത്രമെ വര്‍ഗീയത ഇല്ലാതാകൂ.

സാമൂഹിക നീതി സംബന്ധിച്ച് ഗുരുവിന്റെയും യേശുവിന്റെയും നബിയുടെയും ഗാന്ധിയുടെയും കാഴ്ച്ചപ്പാടുകള്‍ ഒന്നാണ്. ഭരണ വ്യവസ്ഥയെ ഒരു പ്രത്യേക വര്‍ഗീയതയുടെ കൈപ്പിടയിലാക്കാനാണ് ശ്രമം. മറ്റു മതങ്ങള്‍ശക്കതിരായ വിദ്വേഷം വളര്‍ത്താനാണ് ശ്രമമമെന്നും ഫാ. റെമാന്‍സ് ആന്റണി പറഞ്ഞു.

കേരളത്തില്‍ ജാതി രാഷ്ട്രീയം പരീക്ഷിക്കുന്നു: പി കെ ഗുരുദാസന്‍

കൊല്ലം > ഗുജറാത്തിലെ ജാതി രാഷ്ട്രീയം കേരളത്തില്‍ പരീക്ഷിക്കാന്‍ ശ്രമം നടക്കുന്നതായി സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം പി കെ ഗുരുദാസന്‍ എംഎല്‍എ പറഞ്ഞു. എന്‍ എസ് പഠന ഗവേഷണ കേന്ദ്രം സംഘടിപ്പിച്ച വര്‍ഗീയ വിരുദ്ധ കണ്‍വന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നരേന്ദ്ര മോഡിയുടെ ഗുജറാത്തില്‍ സാമുദായിക കലാപങ്ങള്‍ പടരുകയാണ്.

ജാതിയുടെ അടിസ്ഥാനത്തില്‍ ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങളാണ് കേരളത്തിലും നടക്കുന്നത്. അതിന്റെ ഭാഗമാണ് ഗുരു സന്ദേശങ്ങളെ തകര്‍ക്കാനുള്ള നീക്കങ്ങളുണ്ടാകുന്നത്. ഇത് നാടിന് ആപത്താണ്. ജാതി മേധാവിത്വം കൊടുമ്പിരിക്കൊണ്ട കാലത്ത് ശ്രീനാരായണ ഗുരു ചാതുര്‍വര്‍ണ്യ വ്യവസ്ഥയ്ക്കെതിരെ പോരാടി. സംഘടിച്ച് ശക്തരാകണമെന്നും വിദ്യ അഭ്യസിച്ച് സ്വതന്ത്രരാകാനും ഗുരു ഉദ്ഘോഷിച്ചു.

ഗുരു വചനങ്ങളെ നവോഥാന നായകരും സാമൂഹിക പരിഷ്ക്കര്‍ത്താക്കളും കമ്യൂണിസ്റ്റു പ്രസ്ഥാനങ്ങളും പ്രവര്‍ത്തികമാക്കി. വര്‍ഗീയത വളര്‍ത്താനുള്ള ശ്രമങ്ങളെ ജനാധിപത്യ മതേതര പ്രസ്ഥാനങ്ങള്‍ ഒറ്റക്കെട്ടായി ചെറുക്കുമെന്നും പി കെ ഗുരുദാസന്‍ പറഞ്ഞു.

വര്‍ഗീയതയെ ചെറുക്കുന്നത് കമ്യൂണിസ്റ്റുകാര്‍: ഡോ. ഫസല്‍ ഗഫൂര്‍

കൊല്ലം > വര്‍ഗീയതയെ ചെറുത്തുതോല്‍പിക്കാന്‍ എന്നും മുന്നില്‍ നില്‍ക്കുന്നത് കമ്യുണിസ്റ്റുകാരാണെന്ന് എംഇഎസ് പ്രസിഡന്റ് ഡോ. ഫസല്‍ ഗഫൂര്‍ പറഞ്ഞു. എന്‍ എസ് പഠന ഗവേഷണ കേന്ദ്രം സംഘടിപ്പിച്ച വര്‍ഗീയ വിരുദ്ധ കണ്‍വന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഭരണത്തിലിരുന്ന സംസ്ഥാനങ്ങളിലൊന്നും വര്‍ഗീയ ലഹളകള്‍ ഉണ്ടായിട്ടില്ല. കമ്യൂണിസ്റ്റ് ഭരണകാലത്ത് പശ്ചിമ ബംഗാളില്‍ ജാതി ചിന്തയും വര്‍ഗീയതയും ഉണ്ടായിട്ടില്ല. അക്കാലത്ത് അവിടെ ഒരു വര്‍ഗീയ ലഹള പോലും ഉണ്ടായില്ല. ബംഗാളില്‍ സാമൂഹിക നീതി നടപ്പായത് 35 വര്‍ഷത്തെ കമ്യൂണിസ്റ്റ് ഭരണത്തിന്റെ ഫലമാണ്. ബിജെപി അവിടെ രണ്ടാം പാര്‍ട്ടിയായെന്നാണ് പ്രചാരണം. എന്നാല്‍, ചില നഗരങ്ങളില്‍ മാത്രമാണത്. ബംഗാളില്‍ കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ തിരിച്ചുവരവ് സുനിശ്ചിതമാണ്.

ന്യൂനപക്ഷങ്ങള്‍ക്ക് ഒറ്റയ്ക്കു നിന്ന് ഭൂരിപക്ഷ വര്‍ഗീയതയ്ക്കെതിരെ പോരാടാനാകില്ല. ദളിതര്‍ക്കുവേണ്ടി പോരാടിയ അംബേദ്കര്‍ നഗരസഭ തെരഞ്ഞെടുപ്പില്‍ തോറ്റ ചരിത്രമുണ്ട്. മുഖ്യധാരയില്‍നിന്നുള്ള പോരാട്ടമാണ് ആവശ്യം. രാഷ്ട്രീയവും സമുദായവും യോജിച്ചുപോകില്ല. സമുദായം വോട്ടു ബാങ്കാണ് എന്നു പറയുന്നത് തെറ്റാണ്. കമ്യൂണിസ്റ്റു പ്രസ്ഥാനങ്ങള്‍ ദുര്‍ബലമായ തമിഴ്നാട്ടില്‍ ജാതിയുടെ പേരില്‍ എന്തെല്ലാം നടക്കുന്നു എന്ന് നാം കാണണം.

ഗുരു ദര്‍ശനങ്ങളെ പ്രായോഗികമാക്കിയത് കമ്യൂണിസ്റ്റുകാരാണ്. സാമൂഹിക പരിഷ്ക്കര്‍ത്താക്കളുടെ ദര്‍ശനങ്ങളെ ഭരണ തലത്തില്‍ പ്രായോഗികമാക്കിയത് കമ്യൂണിസ്റ്റ് പാര്‍ട്ടികളാണ്. ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ മതമൗലികവാദം പടരുന്നത് ചെറുക്കപ്പെടണം. സംഘപരിവാറുകാര്‍ വാളുമായി നില്‍ക്കുമ്പോള്‍ ന്യൂനപക്ഷങ്ങള്‍ നിലവിളക്കു വിവാദത്തിന്റെ പിറകേ പോകുന്നു. ആര്‍എസ്എസിനെ നേരിടുമ്പോള്‍ ന്യൂനപക്ഷങ്ങള്‍ മതമൗലികവാദ കാഴചപ്പാട് വെടിയണം. സവര്‍ണവല്‍ക്കരണവും ന്യൂനപക്ഷ മത മൗലിക വാദവും പാശ്ചാത്യവല്‍ക്കരണവും ഒരുപോലെ ചെറുക്കണമെന്നും ഡോ. ഫസല്‍ ഗഫൂര്‍ പറഞ്ഞു.

deshabhimani 150915

No comments:

Post a Comment