Tuesday, September 15, 2015

അസോച്ചമിന്‍റെ കണക്ക് - മനോരമയും ദേശാഭിമാനിയും

മനോരമയ്ക്കും ദേശാഭിമാനിയ്ക്കും രാഷ്ട്രീയമുണ്ട്. പത്രത്തിന്‍റെ രാഷ്ട്രീയമറിഞ്ഞു വേണം, ലേഖകന്‍ റിപ്പോര്‍ട്ടുകളെഴുതേണ്ടത്. ലേഖകനു  നോട്ടപ്പിശകുണ്ടായാലോ? സബ് എഡിറ്റര്‍ അതു തിരുത്തും.  തലക്കെട്ടും ഇന്‍ട്രോയും ഊന്നലുമൊക്കെ ഡസ്കിലാണ് തീരുമാനിക്കപ്പെടുക. പത്രത്തിന്‍റെ പൊതു രാഷ്ട്രീയത്തിന് വിരുദ്ധമായ വാര്‍ത്ത സൂക്ഷ്മതയുടെ ഈ തലം കടന്ന് അച്ചടിമഷി പുരളുന്നത് അപൂര്‍വങ്ങളില്‍ അപൂര്‍വമായ പ്രതിഭാസമാണ്. അതുകൊണ്ട് അഖിലേന്ത്യാ പണിമുടക്കുമൂലം 25000 കോടിയുടെ നഷ്ടമുണ്ടായി എന്ന അസോച്ചമിന്‍റെ കണക്ക് ദേശാഭിമാനിയും മനോരമയും ഒരുപോലെയാണ് റിപ്പോര്‍ട്ടു ചെയ്തത് എന്ന വാദം അല്‍പം ഉപ്പുകൂട്ടിയേ വിഴുങ്ങാനാവൂ.


ആരോപണത്തിന്മേല്‍ വിധി പറയണമെങ്കില്‍ വാര്‍ത്തയുടെ പൊസിഷന്‍, ഡിസ്പ്ലേ, തലക്കെട്ട്, ഇന്‍ട്രോ, ഊന്നല്‍ ഇങ്ങനെ പലകാര്യങ്ങളും പരിശോധിക്കണം. രണ്ടു വാര്‍ത്തയുടെയും ചിത്രങ്ങള്‍ ഇതോടൊപ്പമുണ്ട്. ഇക്കാര്യങ്ങള്‍ ആര്‍ക്കും പരിശോധിക്കാം.

1. ഡിസ്പ്ലേ -
==========
മനോരമയുടെ ഒന്നാം പേജിലാണ് വാര്‍ത്ത വന്നത്. വാര്‍ത്ത പ്രസിദ്ധീകരിക്കുകയായിരുന്നില്ല, ആഘോഷിക്കുകയായിരുന്നു. ദേശാഭിമാനിയുടെ വാര്‍ത്ത വന്നത് ഏഴാം പേജില്‍. ഇക്കാര്യത്തില്‍ രണ്ടും തമ്മില്‍ ഒരു താരതമ്യവുമില്ല.

2. തലക്കെട്ട്
=========
 "അഖിലേന്ത്യാ പണിമുടക്കുമൂലം നഷ്ടം 25,000 കോടി രൂപ" എന്നാണ് മനോരമയുടെ തലക്കെട്ട്. തലക്കെട്ടിന്‍റെ ഡിസ്പ്ലേയെക്കാള്‍ പ്രധാനപ്പെട്ട മറ്റൊരു കാര്യമുണ്ട്. അസോച്ചം എന്ന സംഘടനയുടെ കണക്കാണിത് എന്ന് തലക്കെട്ടില്‍ സൂചനയില്ല. പണിമുടക്കു മൂലം 25000 കോടിയുടെ നഷ്ടമുണ്ടായെന്ന പത്രത്തിന്‍റെ ദൃ‍ഢപ്രസ്താവനയാണ്  തലക്കെട്ട്.

മറുവശത്ത് ദേശാഭിമാനിയോ, "25000 കോടി നഷ്ടം - അസോച്ചം" എന്ന് തലക്കെട്ട്. അസോച്ചം എന്ന സംഘടനയുടെ കണക്കാണിതെന്ന് തലക്കെട്ടില്‍ സൂചന.

തലക്കെട്ടിന്‍റെ പരിശോധനയിലും രണ്ടു വാര്‍ത്തയും ഒരുപോലല്ല.

3. ഇന്‍ട്രോ  ( വാര്‍ത്തയുടെ ആദ്യ വാക്യം)
========================================
"വിവിധ യൂണിയനുകൾ ആഹ്വാനം ചെയ്ത അഖിലേന്ത്യാ പണിമുടക്കുമൂലം രാജ്യത്തിന്റെ സമ്പദ്ഘടനയ്ക്കുണ്ടായ നഷ്ടം 25,000 കോടി രൂപ" എന്നാണ് മനോരമയുടെ ഇന്‍ട്രോ. ഇവിടെയും അസ്സേര്‍ട്ടീവ് സെന്‍റന്‍സാണ്. തലക്കെട്ടില്‍ പറഞ്ഞത് ഇന്‍ട്രോയില്‍ ആവര്‍ത്തിക്കുന്നു. അസോച്ചമിന്‍റെ സൂചനയില്ല. സര്‍വരാലും അംഗീകരിക്കപ്പെട്ട ഒരു ഔദ്യോഗിക കണക്കാണ് എന്നാണ് മനോരമ ധ്വനിപ്പിക്കുന്നത്.

ദേശാഭിമാനിയുടെ ഇന്‍ട്രോ ഇങ്ങനെ - "ട്രേഡ്യൂണിയനുകളുടെ സംയുക്ത പണിമുടക്കുമൂലം 25000 കോടിയുടെ നഷ്ടമുണ്ടായെന്ന് രാജ്യത്തെ വ്യവസായ പ്രമുഖരുടെ സംഘടനയായ അസോചം (അസോസിയേറ്റഡ് ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി ഓഫ് ഇന്ത്യ) അവകാശപ്പെട്ടു".

അസോച്ചം വിലയിരുത്തിയെന്നോ നിരീക്ഷിച്ചുവെന്നോ അല്ല, അവകാശപ്പെട്ടു എന്ന ദുഃസൂചനയാണ്  ഇന്‍ട്രോ നല്‍കുന്നത്. ".... 25000 കോടിയുടെ നഷ്ടമുണ്ടായെന്ന് അസോച്ചത്തിന്‍റെ തട്ടിക്കൂട്ടു കണക്ക്" എന്നു തീര്‍ത്തു പറയാമായിരുന്നു എന്നു വേണമെങ്കില്‍ വിമര്‍ശിക്കാമെന്നേയുളളൂ. എങ്കിലും ദേശാഭിമാനിയുടെ രാഷ്ട്രീയത്തിനു ചേര്‍ന്ന വിധത്തില്‍ത്തന്നെയാണ് വാര്‍ത്തയെ പരിചരിച്ചത്.

അതായത്, ഈ വാര്‍ത്ത മനോരമയും ദേശാഭിമാനിയും ഒരുപോലെയല്ല നല്‍കിയത്. തട്ടിക്കൂട്ടു കണക്ക് മനോരമ ആഘോഷിച്ചപ്പോള്‍ ദേശാഭിമാനി അത് സമരവാര്‍ത്തകള്‍ക്കിടയില്‍ രാജ്യത്തെ മുതലാളിമാര്‍ക്ക് ഇങ്ങനെയും ചില അഭിപ്രായങ്ങളുണ്ട് എന്ന വിവരം അല്‍പം ദുഃസൂചന കലര്‍ത്തി നല്‍കിയിട്ടുണ്ട്.

ഇതു രണ്ടും ഒരുപോലെയാണ് എന്ന് വ്യാഖ്യാനിക്കാന്‍ സങ്കേതത്തില്‍ ചെന്നിരുന്നു ചെലുത്തിയ ലഹരിയുടെ തരിപ്പൊന്നും പോര.

അതുക്കും മേലെ... അതുക്കും മേലെ... 

Mareechan in Google Plus

No comments:

Post a Comment