Wednesday, September 16, 2015

വര്‍ഗീയതക്കെതിരെ ഒരുമയോടെ മലപ്പുറം

മലപ്പുറം > രാജ്യത്തിന്റെ മതേതര മാറ് പിളര്‍ക്കാന്‍ ശ്രമിക്കുന്ന വര്‍ഗീയ ശക്തികള്‍ക്കുള്ള താക്കീതായിരുന്നു ചൊവ്വാഴ്ച മലപ്പുറത്തേക്ക് ഒഴുകിയെത്തിയ ജനസഞ്ചയം. രാജ്യത്തെ കാര്‍ന്നുതിന്നുന്ന വര്‍ഗീയതക്കെതിരെയുള്ള പോരാട്ടത്തില്‍ മലപ്പുറത്തെ മതേതര മനസ്സിന്റെ ഐക്യപ്പെടലായിരുന്നു ഈ ഒത്തുചേരല്‍. ഏക മനസായി ഒന്നടങ്കം അവര്‍ ഫാസിസ്റ്റ് ശക്തികള്‍ക്ക് ഇവിടെ സ്ഥാനമില്ലെന്ന് പ്രഖ്യാപിച്ചു - ഇഎംഎസ് സ്മാരക പഠനകേന്ദ്രം മലപ്പുറത്ത് സംഘടിപ്പിച്ച വര്‍ഗീയവിരുദ്ധ സെമിനാര്‍ മതേതരത്വം സംരക്ഷിക്കാനുള്ള സമരാഹ്വാനമായി. കുന്നുമ്മലിലെ നഗരസഭാ ടൗണ്‍ഹാളില്‍ സംഘടിച്ച സെമിനാറില്‍ ആയിരങ്ങള്‍ ഒരേ മനസോടെ വര്‍ഗീയവിരുദ്ധ പ്രതിജ്ഞയെടുത്തു. എന്നും സാമ്രാജ്യത്വ വിരുദ്ധതയുടെയും മതസാഹോദര്യത്തിന്റെയും വിളനിലമായ മലപ്പുറത്തിന്റെ മണ്ണില്‍ മറ്റൊരു ചരിത്രമായി മാറുകയായിരുന്നു സെമിനാര്‍.

ടൗണ്‍ഹാളിലും പരിസരത്തുമായി പതിനായിരങ്ങളാണ് വര്‍ഗീയവിരുദ്ധ സെമിനാറില്‍ പങ്കെടുക്കാന്‍ എത്തിച്ചേര്‍ന്നത്. പ്രഭാഷണങ്ങള്‍ ഓരോന്നും ആവേശം വാരിവിതറി. മതജാതി ഭേദമില്ലാതെ സമൂഹത്തെ വിവിധ രംഗങ്ങളിലുള്ളവര്‍ തങ്ങളുടെ അനുഭവങ്ങളും വീക്ഷണങ്ങളും പങ്കുവച്ചത് സദസ്സിനെ പിടിച്ചിരുത്തി. "ലാല്‍സലാം സഖാക്കളേ' എന്ന അഭിസംബോധനയോടെ സ്വാമി സന്ദീപാനന്ദഗിരി പ്രസംഗം ആരംഭിച്ചപ്പോള്‍ വന്‍ കരഘോഷം. വര്‍ഗീയവാദികള്‍ എങ്ങിനെ തന്നെ ആക്രമിക്കുന്നു എന്ന് അദ്ദേഹം വിവരിച്ചു. അടുത്തതായി പ്രസംഗിക്കാനെത്തിയ സംവിധായകന്‍ കമല്‍ സ്വാമിക്ക് മൈക്കിലൂടെ ഒരു മുന്നറിയിപ്പ് കൊടുക്കാന്‍ മറന്നില്ല - "സൂക്ഷിച്ചു പോകുക'. സ്വാമി ഭയക്കുന്നത് കാവിയെയാണെങ്കില്‍ തനിക്കു പേടി പച്ചയെയാണെന്നു പറഞ്ഞുകൊണ്ടായിരുന്നു മുള്ളൂര്‍ക്കര മുഹമ്മദലി സഖാഫി പ്രസംഗം തുടങ്ങിയത്. വര്‍ഗീയവാദികള്‍ നുഴഞ്ഞുകയറിയ സംഗീത-നാടക അക്കാദമിയില്‍ ജോലിചെയ്യുമ്പോഴുള്ള ദുരനുഭവങ്ങളാണ് ചലച്ചിത്രതാരം സജിത മഠത്തില്‍ വിവരിച്ചത്. വേദിയിലെത്തിയ ഓരോരുത്തരും സദസ്സിനെ ചിന്തിപ്പിക്കുന്ന ഒരുപാട് വാക്കുകള്‍ നല്‍ിയാണ് മടങ്ങിയത്. പുറത്തുള്ളവര്‍ക്ക് കാണാനായി രണ്ട് സ്ക്രീന്‍ സ്ഥാപിച്ചിരുന്നു.


ഭരണനേതൃത്വം വര്‍ഗീയതയെ പ്രോത്സാഹിപ്പിക്കുന്നത് എങ്ങിനെയാണെന്ന് സെമിനാര്‍ തുറന്നുകാട്ടി. ഹിന്ദുവിനെയും മുസല്‍മാനെയും ക്രിസ്ത്യാനിയെയും തമ്മിലടിപ്പിക്കുക എന്നതു മാത്രമാണ് ഓരോ വര്‍ഗീയ സംഘടനയുടെയും ലക്ഷ്യം. മതത്തെ രാഷ്ട്രീയലക്ഷ്യത്തിനുപയോഗിക്കുന്ന ഇത്തരക്കാര്‍ മതവിശ്വാസികള്‍ പോലുമല്ലെന്ന് സെമിനാര്‍ അടിവരയിട്ടു. ഇവര്‍ക്കെതിരെ ജാഗരൂകരാകാന്‍ ഓരോ പൗരനും ശ്രദ്ധിക്കണം.

സ്വാഗതഗീതത്തോടെ ആരംഭിച്ച സെമിനാര്‍ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കേന്ദ്ര കമ്മിറ്റിയംഗം എ വിജയരാഘവന്‍ അധ്യക്ഷനായി. കേരള കലാമണ്ഡലം മുന്‍ വൈസ്ചാന്‍സലര്‍ ഡോ. കെ ജി പൗലോസ്, ഡോ. കെ ടി ജലീല്‍ എംഎല്‍എ എന്നിവരും സംസാരിച്ചു. വര്‍ഗീയത പ്രമേയമാക്കി മനു കള്ളിക്കാട് വരച്ച കൊളാഷ് കോടിയേരി ബാലകൃഷ്ണന്‍ ഏറ്റുവാങ്ങി. സിപിഐ എം ജില്ലാ ആക്ടിങ് സെക്രട്ടറി ഇ എന്‍ മോഹന്‍ദാസ് സ്വാഗതവും കെ പി അനില്‍ നന്ദിയും പറഞ്ഞു. ഡോ.

ഹുസൈന്‍ രണ്ടത്താണി, സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗങ്ങളായ ടി കെ ഹംസ, പി കെ സൈനബ, പി ശ്രീരാമകൃഷ്ണന്‍ എംഎല്‍എ, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗങ്ങള്‍, ജില്ലാ കമ്മിറ്റിയംഗങ്ങള്‍, ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എം സ്വരാജ്, കോട്ടക്കല്‍ ആയുര്‍വേദ കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ ഡോ. വിജയകുമാരിയമ്മ, സര്‍വോദയ നേതാവ് കോട്ടക്കല്‍ ബാലകൃഷ്ണന്‍, ഐഎന്‍എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രൊഫ. എ പി അബ്ദുള്‍വഹാബ് എന്നിവര്‍ സംബന്ധിച്ചു. വര്‍ഗീയതയെ എതിര്‍ക്കാന്‍ പ്രതീകാത്മകമായി എല്ലാവരും ശക്തിദീപം കൊളുത്തി. മതേതരത്വത്തിന്റെ സന്ദേശം പകര്‍ന്ന്, കരിവെള്ളൂര്‍ മുരളി എഴുതി കോട്ടക്കല്‍ മുരളി ചിട്ടപ്പെടുത്തിയ ശക്തിഗീതത്തോടെയാണ് സെമിനാര്‍ അവസാനിച്ചത്.

വര്‍ഗീയത ഭരണവര്‍ഗത്തിന്റെ മുദ്രയായി: എ വിജയരാഘവന്‍

വര്‍ഗീയതക്ക് സ്വീകാര്യതയുള്ള കാലമാണെന്നും ഭരണവര്‍ഗത്തിന്റെ മുദ്രയായി അത് മാറിയെന്നും സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം എ വിജയരാഘവന്‍ പറഞ്ഞു. മലപ്പുറത്തെ രണ്ടാക്കി കീറാന്‍ ശ്രമം നടക്കുമ്പോഴാണ് സെമിനാര്‍. ഇടപക്ഷത്തെ ക്ഷതപ്പെടുത്തിയാല്‍ തങ്ങളുടെ അധികാരം നീട്ടിക്കൊണ്ടുപോകാന്‍ കഴിയുമെന്ന് ആഗ്രഹിക്കുന്നവരും ജില്ലയിലുണ്ട്. മതത്തിനപ്പുറത്ത് മനുഷ്യനെ മനുഷ്യനായി കാണാനാകുന്ന കാലത്തിനായാണ് ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ പ്രയത്നം. ഇതിനായി ജില്ലയിലാകെ വര്‍ഗീയ വിരുദ്ധ ക്യാമ്പയിനുകള്‍ നടത്തും. വര്‍ഷങ്ങള്‍ക്കുശേഷം ജില്ലയിലെ പ്രധാന കോളേജുകളിലെല്ലാം എസ്എഫ്ഐക്ക് വന്‍ മുന്നേറ്റമാണുണ്ടായത്. കലിക്കറ്റ് സര്‍വകലാശാലയില്‍ നടത്തിയ പ്രക്ഷോഭങ്ങള്‍ക്കുള്ള അംഗീകാരമാണ് ഇതെന്നും വിജയരാഘവന്‍ പറഞ്ഞു.

ഭാരത സംസ്കാരത്തെ ആര്‍എസ്എസ് ആഭാസമാക്കുന്നു: സ്വാമി സന്ദീപാനന്ദ ഗിരി

ആര്‍ഷഭാരത സംസ്കാരത്തെ ആര്‍എസ്എസ് വെറും ആഭാസമാക്കുകയാണെന്ന് സ്വാമി സന്ദീപാനന്ദ ഗിരി. ചിത്രകഥയില്‍ വായിച്ചിട്ടുള്ള മഹാഭാരതവും ഭഗവത്ഗീതയുമേ ഇവര്‍ക്കറിയൂ. അവയുടെ ആന്തരിക അര്‍ഥം അറിയില്ല. മനുഷ്യമനസ്സിന്റെ വിവിധ സംഘര്‍ഷങ്ങളെ ദൂരീകരിക്കുന്ന പ്രക്രിയയയാണ് വ്യാസന്‍ മഹാഭാരതത്തിലൂടെ അവതരിപ്പിച്ചത്. ഗാന്ധിജി ഗീതയെ ജീവിതദര്‍ശനമായി കണ്ടു. എന്നാല്‍ അതേ ഗീതയെ ഗോഡ്സെ കണ്ടത് വേറെരീതിയിലാണ്. ആ രീതിയാണ് ഇന്നും ആര്‍എസ്എസ് തുടരുന്നത്. സ്വത്ത് ആര്‍ക്കും കൊടുക്കാതെ ഒറ്റക്ക് അനുഭവിക്കുന്നവര്‍ കള്ളനാണെന്ന് ഭഗവത്ഗീത പറയുന്നു. അതുതന്നെയാണ് കമ്യൂണിസവും. സ്വന്തം അമ്മയെ "തള്ളേ' എന്നു വിളിച്ചവരിനിന്ന് മറ്റൊരു സ്ത്രീയെ "അമ്മേ'യെന്നു വിളിച്ചു കെട്ടിപ്പിടിക്കുന്ന സംസ്കാരത്തെ കുറ്റപ്പെടുത്തിയതിനാണ് തന്നെ ആര്‍എസ്എസ് ആക്രമിച്ചത്. ഇത്തരക്കാരാണ് ആര്‍ഷ ഭാരതസംസ്കാരത്തെ ആഭാസമാക്കുന്നത്. എല്ലാ മതക്കാരും ഒരുമിച്ചുകൂടുന്ന വേദിയൊരുക്കാന്‍ ഇടതുപക്ഷത്തിനേ സാധിക്കൂവെന്നും അദ്ദേഹം പറഞ്ഞു.

ഭീകരവാദത്തിന് പിന്നിലെ അജന്‍ഡ അധികാരം: മുള്ളൂര്‍ക്കര മുഹമ്മദലി സഖാഫി

മലപ്പുറം > ലോകവ്യാപക ഭീകരവാദത്തിനും രാജ്യവ്യാപക തീവ്രവാദത്തിനും പിന്നിലുള്ള അജന്‍ഡ അധികാരം മാത്രമാണെന്ന് മുള്ളൂര്‍ക്കര മുഹമ്മദലി സഖാഫി പറഞ്ഞു. ഐഎസിന്റെയും ആര്‍എസ്സിന്റെയും അജന്‍ഡ ഇതുതന്നെയാണ്. ഇരുവരുടെയും കുലത്തൊഴില്‍ കൊല്ലലാണ്. രാജ്യം രക്ഷപ്പെടണമെങ്കില്‍ മതത്തിന്റെ പേരില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ടികളെ പിരിച്ചുവിടണം. കേരളത്തില്‍ വര്‍ഗീയ കലാപങ്ങള്‍ ശക്തിപ്രാപിക്കാത്തതിന് പിന്നില്‍ ഇടതുപക്ഷം ശക്തമാണെന്നതിനാലാണ്. കേരളത്തിലെ മതന്യൂനപക്ഷങ്ങള്‍ ഇടതുപക്ഷ മതേതര കക്ഷികളുടെ മറവിലാണ് സുരക്ഷിതരായി കഴിയുന്നത്. മതത്തെ അധികാരത്തിനായി ദുരുപയോഗം ചെയ്യുന്നത് തടയാന്‍ ഇടതുപക്ഷത്തിന് മാത്രമേ കഴിയൂ. മോഡിയെ ഭരണത്തിലെത്തിച്ചതിന് പിന്നില്‍ ഭരണവൈഭവമല്ല, മറിച്ച് പത്തുവര്‍ഷക്കാലം രാജ്യം ഭരിച്ച മന്‍മോഹന്‍സിങ്ങില്‍ ജനങ്ങള്‍ക്ക് മനം മടുത്തതാണ്. മോഡിയുടെ ഭരണത്തില്‍ കോട്ടമല്ലാതെ നേട്ടമൊന്നുമില്ലെന്നും സഖാഫി പറഞ്ഞു.

മതാന്ധതയും വര്‍ഗീയതയും ശക്തി പ്രാപിക്കുന്നു: കെ ടി ജലീല്‍

മലപ്പുറം > മതാന്ധതയും വര്‍ഗീയതയും ലോകത്ത് ശക്തിപ്പെടുകയാണെന്ന കെ ടി ജലീല്‍ എംഎല്‍എ പറഞ്ഞു. വിശ്വാസം ചോരുമ്പോഴാണ് മതാന്ധത ശക്തി പ്രാപിക്കുന്നത്. മതത്തിന്റെ പേരില്‍ വര്‍ഗീയവാദിയാകാന്‍ എളുപ്പത്തില്‍ കഴിയും. യഥാര്‍ഥ വിശ്വാസികളുള്ളകാലത്തുതന്നെ മതാന്ധതക്കെതിരെ വ്യത്യസ്ത അഭിപ്രായം ഉയര്‍ന്നുവന്നിട്ടുണ്ട്. ആര്‍ക്കും നല്ല വിശ്വാസിയാകാന്‍ താത്പര്യമില്ല. വിശ്വാസങ്ങളുടെ പ്രഭവകേന്ദ്രം ഒന്നാണെന്ന് മനസ്സിലാക്കിയാല്‍ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാനാകും. ലോകത്തുള്ള എല്ലാം മതഗ്രന്ഥങ്ങളും നല്ല മനുഷ്യനെ കുറിച്ച് മാത്രമേ പറഞ്ഞിട്ടുള്ളൂ. മതങ്ങള്‍ മനുഷ്യനെ സംസ്കരിക്കാന്‍ വേണ്ടിയുള്ളതാണ്. ഇന്നത് എതിര്‍ദിശയില്‍ സഞ്ചരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ആവിഷ്കാര സ്വാതന്ത്ര്യം അപകടത്തില്‍: കമല്‍

സെന്‍സര്‍ ബോര്‍ഡ് പോലും വര്‍ഗീയവല്‍ക്കരിക്കപ്പെട്ട സാഹചര്യത്തില്‍ ആവിഷ്കാര സ്വാതന്ത്ര്യംപോലും അപകടത്തിലാണെന്ന് സംവിധായകന്‍ കമല്‍. സംസ്കാരിക സ്ഥാപനങ്ങളുടെ തലപ്പത്തുനിന്ന് അര്‍ഹരായ പലരും പുറത്താക്കപ്പെടുകയാണ്. പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ തലപ്പത്ത് പ്രതിഷ്ഠിക്കപ്പെട്ട നടന് മഹാഭാരതത്തില്‍ യുധിഷ്ഠിരനെ അവതരിപ്പിച്ചു എന്നതു മാത്രമാണ് യോഗ്യത. ഇതേ നടന്‍ അശ്ലീല ചിത്രങ്ങളില്‍ അഭിനയിച്ചത് സൗകര്യപൂര്‍വം ഇവര്‍ മറക്കുന്നു.സംസ്ഥാന സെന്‍സര്‍ ബോര്‍ഡില്‍ ചിത്രം സെന്‍സറിങ്ങിനു നല്‍കാന്‍പോലും ഭയമാണ്. ഇന്ത്യന്‍ സെന്‍സര്‍ ബോര്‍ഡിലും ആര്‍എസ്എസ് കടന്നുകയറിയിരിക്കുന്നു. കഴിച്ച രണ്ടുപതിറ്റാണ്ടായി ഹൈന്ദവ ബിംബങ്ങളെയും മുസ്ലിം കഥാപാത്രങ്ങളെയും സിനിമയില്‍ ചിത്രീകരിക്കുന്ന രീതി ശ്രദ്ധിച്ചാല്‍ വര്‍ഗീയ വേര്‍തിരിവ് മനസ്സിലാകും. ആവിഷ്കാര സ്വാതന്ത്ര്യത്തെ എക്കാലവും സംരക്ഷിച്ച ഇടതുപക്ഷത്തോട് കലാകാരന്‍മാര്‍ കൂറുള്ളവരാണെന്നും അദ്ദേഹം പറഞ്ഞു.

വര്‍ഗീയ ശക്തികളുടെ ശ്രമംജന്മിത്വം തിരിച്ചുകൊണ്ടുവരല്‍: ഡോ. കെ ജി പൗലോസ്

മലപ്പുറം > മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് കേരളം വ്യത്യസ്തമാകാന്‍ കാരണം ജന്മിത്തം തുടച്ചുനീക്കിയതാണെന്ന് ഡോ. കെ ജി പൗലോസ് പറഞ്ഞു. ഇതുകൊണ്ടാണ് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ രാജ്യത്താകെ മോഡി അനുകൂല തരംഗമുണ്ടായപ്പോഴും ഇവിടെ മതേതരത്വ നിലപാട് ഉയര്‍ന്നുവന്നത്. മറ്റ് സംസ്ഥാനങ്ങളില്‍ സന്ദര്‍ശനം നടത്തുമ്പോള്‍ കേരളിയനായതില്‍ അഭിമാനം തോന്നാറുണ്ട്. ഇവിടെ ജനങ്ങള്‍ക്ക് സ്വതന്ത്രമായി വോട്ടുചെയ്യാന്‍ കഴിയുമെങ്കില്‍ മറ്റ് സംസ്ഥാനങ്ങളില്‍ ജെമീന്ദാര്‍മാര്‍ പറയുന്നതാണ് അനുസരിക്കേണ്ടത്. ജെമീന്ദാര്‍-ജന്മി സമ്പ്രദായം സംസ്ഥാനത്തും തിരിച്ചുകൊണ്ടുവരാനാണ് വര്‍ഗീയ കക്ഷികള്‍ ജാതി-മത സാമുദായിക നേതാക്കളെ കൂട്ടുപിടിക്കുന്നത്- കെ ജി പൗലോസ് പറഞ്ഞു.

കല്‍ബുര്‍ഗിയുടെ കൊലയില്‍ സാഹിത്യ അക്കാദമി പ്രതികരിക്കാത്തതെന്ത്: സജിത മഠത്തില്‍

കല്‍ബുര്‍ഗിയുടെ കൊലപാതകത്തില്‍ കേരള സാഹിത്യ അക്കാദമി പ്രതിഷേധിക്കാത്തതെന്തെന്ന് വ്യക്തമാക്കണം. പ്രതിഷേധിച്ചില്ലെങ്കില്‍ അക്കാദമിയുമായി സഹകരിക്കില്ലെന്ന് സച്ചിദാനന്ദന്‍ അറിയിച്ചിട്ടുണ്ട്. സാംസ്കാരിക പ്രവര്‍ത്തകരെ ആക്രമിക്കുന്ന ആര്‍എസ്എസിനെ ഭയക്കുന്ന നിലയിലേക്ക് സമൂഹം മാറിയിരിക്കുന്നു. ഉത്തരേന്ത്യയില്‍ പണ്ടുമുതല്‍ കണ്ടുവന്നിരുന്ന ഈ ഭയം ഇപ്പോള്‍ കേരളത്തിലേക്കും വ്യാപിച്ചിരിക്കുന്നു. ഗിരീഷ് കര്‍ണാടിനെപ്പോലുള്ള എഴുത്തുകാര്‍പോലും നിശ്ശബ്ദരാക്കപ്പെട്ടു.നമ്മള്‍ എന്ത് ധരിക്കണം, ആരോട് സംസാരിക്കണം എന്നൊക്കെ തീരുമാനിക്കുന്നത് ഹനുമാന്‍ സേനക്കാരും ശ്രീരാമസേനക്കാരുമാണ്. ഇത്തരം സംഘടനകളൊക്കെ കേരളത്തില്‍ സജീവമാകുന്നു എന്നത് അത്ഭുതകരമാണ്. കേന്ദ്ര സംഗീത നാടക അക്കാദമിയില്‍ മുസ്ലിങ്ങള്‍ക്ക് പേരുപറയാന്‍ മടിയാണ്. വസ്ത്രധാരണത്തിലും പെരുമാറ്റത്തിലും ഹൈന്ദവ രീതി പിന്തുടരാന്‍ അവര്‍ നിര്‍ബന്ധിതരാകുന്നു. എം എം ബഷീറിനെപ്പോലെ സാത്വികനായ ആളെ രാമായണത്തെക്കുറിച്ച് എഴുതാന്‍പോലും അനുവദിക്കാത്ത നിലയിലേക്ക് കേരളത്തിലെ വര്‍ഗീയത വളര്‍ന്നു.

വര്‍ഗീയവിരുദ്ധ സെമിനാര്‍ സ്പെഷ്യല്‍പേജ് ഇവിടെ കാണാം

1 comment:

  1. Great Secularists,
    1) What is your opinion about the Fatwa issued against Living Legend AR Rahman?
    2) Why not you people are opposing / criticizing IS????

    ReplyDelete