Tuesday, August 18, 2009

എച്ച്1 എന്‍1 പനി

എച്ച്1 എന്‍1 പനി കേരളത്തിലും വ്യാപിച്ചുതുടങ്ങിയതും പനിമൂലം ഒരാള്‍ മരണമടഞ്ഞതും ജനങ്ങളില്‍ വലിയ ഭീതിപടര്‍ത്തിയിരിക്കുകയാണ്. ഇതിനുമുമ്പ് സാര്‍സ് എന്ന വൈറസ് രോഗം വ്യാപിച്ചപ്പോഴും ഇതേക്കാള്‍ ആശങ്ക പടര്‍ന്നിരുന്നു. 2002 നവംബറില്‍ ചൈനയില്‍നിന്ന് ആരംഭിച്ച് 37 രാജ്യങ്ങളില്‍ പടര്‍ന്നുപിടിച്ച് 2003 ജൂണില്‍ അവസാനിച്ച സാര്‍സ് രോഗം 8096 പേരെയാണ് ബാധിച്ചത്. 774 പേരാണ് ഈ രോഗംമൂലം ആ കാലയളവില്‍ മരണമടഞ്ഞത്. മരണനിരക്ക് 9.6 ശതമാനം. മരണമടഞ്ഞവരില്‍ ഭൂരിഭാഗവും 65 വയസ്സിനു മുകളിലുള്ളവരായിരുന്നു. സാര്‍സുമായി താരതമ്യംചെയ്യുമ്പോള്‍ മരണസാധ്യത വളരെ കുറവായ രോഗമാണ് എച്ച്1 എന്‍1 പനി. മരണനിരക്ക് 0.6 ശതമാനത്തിനുതാഴെ മാത്രം. നിരവധി രാജ്യങ്ങളില്‍ പൊടുന്നനെ വ്യാപിക്കാന്‍ സാധ്യതയുള്ള ഇത്തരം പകര്‍ച്ചവ്യാധികളെ pandemic എന്നാണ് ലോകാരോഗ്യസംഘടനയും മറ്റും വിശേഷിപ്പിക്കുക. രാജ്യാതിര്‍ത്തികടന്ന് വ്യാപിക്കാന്‍ സാധ്യതയുള്ള രോഗങ്ങളാണ് ഈ വിഭാഗത്തില്‍പ്പെടുക. മലയാളത്തിലേക്ക് ഈ പദം തര്‍ജമചെയ്യുമ്പോള്‍ മഹാമാരി എന്ന് പലരും പ്രയോഗിക്കുന്നുണ്ട്. നമ്മുടെ ഓര്‍മയിലുള്ള മഹാമാരി ആയിരങ്ങളുടെ ജീവനപഹരിച്ചിരുന്ന വസൂരിയായതുകൊണ്ട് കൂടിയാകണം ജനങ്ങള്‍ അമിതഭയത്തിന് അടിമപ്പെട്ടുപോകുന്നത്. രോഗത്തെ സംബന്ധിച്ചുള്ള ശാസ്ത്രീയവിവരങ്ങളും പ്രതിരോധനടപടികളെ സംബന്ധിച്ചുള്ള വ്യക്തമായ നിര്‍ദേശങ്ങളും നല്‍കാന്‍ വിദഗ്ധരും ആരോഗ്യവകുപ്പും ശ്രദ്ധിച്ചുതുടങ്ങിയിട്ടുള്ളതുകൊണ്ട് ജനങ്ങളുടെ ഭീതി മാറിത്തുടങ്ങിയിട്ടുണ്ട്. അതേയവസരത്തില്‍ കേരളീയരുടെ ആരോഗ്യാവസ്ഥയുടെ പ്രത്യേകതകള്‍ കണക്കിലെടുത്ത് ചില മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടതുണ്ട്.

ശ്വസനത്തിലെ തകരാറ്, ശ്വാസകോശങ്ങള്‍ക്കുണ്ടാകുന്ന രോഗാണുബാധ, കടുത്ത പനി, നിര്‍ജലീകരണം എന്നിവയാണ് എച്ച്1 എന്‍1 പനി ബാധിച്ചവരിലുണ്ടാകുന്ന പ്രധാനപ്പെട്ട മരണകാരണങ്ങള്‍. കുട്ടികളിലും വൃദ്ധരിലും മരണസാധ്യത കൂടുതലുള്ളതുകൊണ്ട് തുണി ശരീരത്തില്‍ നനച്ചിട്ടും മറ്റും പനി കുറച്ചുകൊണ്ടുവരാനും ആവശ്യാനുസരണം വെള്ളവും പാനീയങ്ങളും കുടിക്കാന്‍ നല്‍കാനും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. പനി കുറയ്ക്കാന്‍ പാടില്ലെന്നും പനിയുള്ളപ്പോള്‍ ആഹാരമൊന്നും നല്‍കാന്‍ പാടില്ലെന്നും മറ്റും ചിലരെങ്കിലും വിശ്വസിക്കുന്നതുകൊണ്ടാണ് ഇതിവിടെ എടുത്തുപറയുന്നത്. പ്രമേഹം, ആസ്ത്മ, ക്രോണിക് ഒബ്സ്ട്രക്ടീവ് പള്‍മണറി ഡിസീസ് (സിഒപിഡി) തുടങ്ങിയ ശ്വാസകോശരോഗങ്ങളും സിറോസിസ് പോലുള്ള കരള്‍രോഗവും ബാധിച്ചവരില്‍ എച്ച്1 എന്‍1 പനി ഗുരുതരമാകാന്‍ സാധ്യതയുണ്ട്. കേരളത്തില്‍ ഈ രോഗങ്ങളെല്ലാം താരതമ്യേന കൂടുതലാണെന്നും ഓര്‍ക്കേണ്ടതാണ്. അമിതമായി മദ്യപിക്കുന്നവര്‍ക്ക് സിറോസിസ് ഉണ്ടാകാന്‍ സാധ്യതയുണ്ട്. അതുപോലെ പുകവലിക്കുന്നവരില്‍ പലര്‍ക്കും സിഒപിഡി കാണപ്പെടുന്നു. ഇത്തരം ദുഃസ്വഭാവമുള്ളവര്‍ പനി വന്നാല്‍ വൈദ്യസഹായം ഉടനടി തേടേണ്ടതാണ്.

കേന്ദ്ര ആരോഗ്യവകുപ്പ് നിര്‍ദേശിച്ച എച്ച്1 എന്‍1 പനി ചികിത്സിക്കുന്നതിനാവശ്യമായ ചികിത്സാ മാര്‍ഗനിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ ഡോക്ടര്‍മാര്‍ക്കുള്ള പരിശീലനപരിപാടി ആരംഭിച്ചുകഴിഞ്ഞു. സര്‍ക്കാരിന്റെയും പ്രൊഫഷണല്‍ സംഘടനകളുടെയും വെബ്സൈറ്റുകളില്‍ ചികിത്സാ മാര്‍ഗനിര്‍ദേശം പ്രസിദ്ധീകരിക്കേണ്ടതാണ്. രോഗം ബാധിച്ചവരായി സ്ഥിരീകരിച്ചുകഴിഞ്ഞവരെ ചികിത്സിക്കുന്നതിനുള്ള മരുന്നുകളും ഇപ്പോള്‍ ലഭ്യമാണ്. ഗിലിയാഡ് സയന്‍സ് എന്ന കമ്പനി വികസിപ്പിച്ചെടുത്ത സൈല്‍ടാമിവിര്‍ എന്ന മരുന്നാണ് ഇതില്‍ പ്രധാനം. 75 മില്ലിഗ്രാം രണ്ടുനേരം അഞ്ചുദിവസം കഴിക്കുകയാണ് ഈ മരുന്നിന്റെ ഡോസ്. സ്വിസ് കമ്പനിയായ റോഷ്, ടാമിഫ്ളു എന്ന പേരിലും ഇന്ത്യന്‍ കമ്പനിയായ സിപ്ള, ആന്റിഫ്ളു എന്ന പേരിലും ഈ മരുന്ന് മാര്‍ക്കറ്റുചെയ്യുന്നു. ടാമിഫ്ളു പത്ത് ഗുളികയ്ക്ക് 50 ഡോളറാണെങ്കില്‍ ഡോളര്‍ കണക്കില്‍ ആന്റിഫ്ളൂവിന് 20 ഡോളറാണ് (1070 രൂപ) വില. മറ്റൊരു ഇന്ത്യന്‍ കമ്പനിയായ ഹെട്ടറോ ഡ്രഗ്സും ഈ മരുന്ന് ഉല്‍പ്പാദിപ്പിച്ചുതുടങ്ങിയിട്ടുണ്ട്. ഗുളികരൂപത്തില്‍ കഴിക്കേണ്ട ഈ മരുന്നിനുപുറമെ ശ്വാസകോശത്തിലൂടെ ഉപയോഗിക്കേണ്ട സനാമിവിര്‍ എന്ന മരുന്നും ലഭ്യമാണ്. ഗ്ളാസ്കോ കമ്പനിയാണ് ഈ മരുന്ന് മാര്‍ക്കറ്റുചെയ്യുന്നത്.

പന്നിപ്പനിക്കുള്ള മരുന്ന് ഡോക്ടര്‍മാരുടെ നിര്‍ദേശമില്ലാതെ ഒരു സാഹചര്യത്തിലും ഉപയോഗിക്കാന്‍ പാടില്ല. അനവസരത്തില്‍ ഈ മരുന്ന് കഴിക്കുന്നത് രോഗപ്രതിരോധശേഷിയുള്ള രോഗാണുക്കളുടെ ആവിര്‍ഭാവത്തിന് കാരണമാകുകയും മരുന്നുകളുടെ ഫലസിദ്ധി ഇല്ലാതാക്കുകയുംചെയ്യും. പൊതുമാര്‍ക്കറ്റില്‍ മരുന്ന് ലഭ്യമാക്കിയാല്‍ അമിത ഉപയോഗത്തിനും കരിഞ്ചന്തയ്ക്കുമെല്ലാം സാധ്യതയുള്ളതുകൊണ്ട് സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന ആശുപത്രികളിലൂടെ മാത്രമേ പന്നിപ്പനിക്കുള്ള മരുന്ന് ലഭ്യമാകൂ എന്ന് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. മരുന്ന് ആവശ്യാനുസരണം സ്റ്റോക്കുചെയ്തിട്ടുണ്ടെന്നത് ആശ്വാസകരമാണ്. എങ്കിലും മറ്റുപല മരുന്നുകളുടെ കാര്യത്തിലുമെന്നപോലെ വ്യാജമരുന്നുകള്‍ മാര്‍ക്കറ്റിലെത്താന്‍ സാധ്യതയുണ്ടെന്ന കാര്യം ഗൌരവമായി പരിഗണിക്കേണ്ടതാണ്. ഡ്രഗ് കട്രോളറുടെ ഓഫീസും ജനകീയസംഘടനകളും മറ്റും ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

മറ്റേതൊരു സംസ്ഥാനത്തേക്കാളും പൊതുജനാരോഗ്യ സംവിധാനങ്ങളും വിദഗ്ധരും ലഭ്യമായിട്ടുള്ള സംസ്ഥാനമാണ് കേരളം. കേരളത്തിലെ മെഡിക്കല്‍ കോളേജുകളിലെ സാമൂഹ്യാരോഗ്യവിഭാഗം, പകര്‍ച്ചവ്യാധിരോഗ നിവാരണവിഭാഗം, വിവിധ ഡിപ്പാര്‍ട്മെന്റുകള്‍ ചേര്‍ന്ന് രൂപീകരിച്ചിട്ടുള്ള പിഇഐഡി സെല്‍, തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ അന്താരാഷ്ട്ര സഹകരണത്തോടെ പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷണല്‍ ക്ളിനിക്കല്‍ എപ്പിഡമിയോളജി നെറ്റ്വര്‍ക്ക്, ശ്രീചിത്ര മെഡിക്കല്‍ സെന്ററിന്റെ അനുബന്ധസ്ഥാപനമായ അച്യുതമേനോന്‍ സെന്റര്‍ ഫോര്‍ ഹെല്‍ത്ത് സയന്‍സസ് സ്റഡീസ് തുടങ്ങി പൊതുജനാരോഗ്യത്തിനായി മാത്രം പ്രവര്‍ത്തിക്കുന്ന സംവിധാനങ്ങള്‍ കേരളത്തില്‍ ലഭ്യമാണ്. സര്‍ക്കാരിന്റെ നിര്‍ദേശത്തിനായി കാത്തുനില്‍ക്കാതെ ഈ സ്ഥാപനങ്ങളിലെയും ഡിപ്പാര്‍ട്മെന്റിലെയും വിദഗ്ധര്‍ പൊതുജനങ്ങളുടെ അകാരണഭീതി അകറ്റുന്നതിനായുള്ള ആരോഗ്യവിദ്യാഭ്യാസ പരിപാടികള്‍ ഏറ്റെടുക്കാന്‍ മുന്നോട്ടുവരേണ്ടതാണ്.

ഡോ. ബി ഇക്ബാല്‍ ദേശാഭിമാനി 18-08-2009

1 comment:

  1. എച്ച്1 എന്‍1 പനി കേരളത്തിലും വ്യാപിച്ചുതുടങ്ങിയതും പനിമൂലം ഒരാള്‍ മരണമടഞ്ഞതും ജനങ്ങളില്‍ വലിയ ഭീതിപടര്‍ത്തിയിരിക്കുകയാണ്. ഇതിനുമുമ്പ് സാര്‍സ് എന്ന വൈറസ് രോഗം വ്യാപിച്ചപ്പോഴും ഇതേക്കാള്‍ ആശങ്ക പടര്‍ന്നിരുന്നു. 2002 നവംബറില്‍ ചൈനയില്‍നിന്ന് ആരംഭിച്ച് 37 രാജ്യങ്ങളില്‍ പടര്‍ന്നുപിടിച്ച് 2003 ജൂണില്‍ അവസാനിച്ച സാര്‍സ് രോഗം 8096 പേരെയാണ് ബാധിച്ചത്. 774 പേരാണ് ഈ രോഗംമൂലം ആ കാലയളവില്‍ മരണമടഞ്ഞത്. മരണനിരക്ക് 9.6 ശതമാനം. മരണമടഞ്ഞവരില്‍ ഭൂരിഭാഗവും 65 വയസ്സിനു മുകളിലുള്ളവരായിരുന്നു. സാര്‍സുമായി താരതമ്യംചെയ്യുമ്പോള്‍ മരണസാധ്യത വളരെ കുറവായ രോഗമാണ് എച്ച്1 എന്‍1 പനി. മരണനിരക്ക് 0.6 ശതമാനത്തിനുതാഴെ മാത്രം. നിരവധി രാജ്യങ്ങളില്‍ പൊടുന്നനെ വ്യാപിക്കാന്‍ സാധ്യതയുള്ള ഇത്തരം പകര്‍ച്ചവ്യാധികളെ pandemic എന്നാണ് ലോകാരോഗ്യസംഘടനയും മറ്റും വിശേഷിപ്പിക്കുക. രാജ്യാതിര്‍ത്തികടന്ന് വ്യാപിക്കാന്‍ സാധ്യതയുള്ള രോഗങ്ങളാണ് ഈ വിഭാഗത്തില്‍പ്പെടുക. മലയാളത്തിലേക്ക് ഈ പദം തര്‍ജമചെയ്യുമ്പോള്‍ മഹാമാരി എന്ന് പലരും പ്രയോഗിക്കുന്നുണ്ട്. നമ്മുടെ ഓര്‍മയിലുള്ള മഹാമാരി ആയിരങ്ങളുടെ ജീവനപഹരിച്ചിരുന്ന വസൂരിയായതുകൊണ്ട് കൂടിയാകണം ജനങ്ങള്‍ അമിതഭയത്തിന് അടിമപ്പെട്ടുപോകുന്നത്. രോഗത്തെ സംബന്ധിച്ചുള്ള ശാസ്ത്രീയവിവരങ്ങളും പ്രതിരോധനടപടികളെ സംബന്ധിച്ചുള്ള വ്യക്തമായ നിര്‍ദേശങ്ങളും നല്‍കാന്‍ വിദഗ്ധരും ആരോഗ്യവകുപ്പും ശ്രദ്ധിച്ചുതുടങ്ങിയിട്ടുള്ളതുകൊണ്ട് ജനങ്ങളുടെ ഭീതി മാറിത്തുടങ്ങിയിട്ടുണ്ട്. അതേയവസരത്തില്‍ കേരളീയരുടെ ആരോഗ്യാവസ്ഥയുടെ പ്രത്യേകതകള്‍ കണക്കിലെടുത്ത് ചില മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടതുണ്ട്.

    ReplyDelete