ശതകോടീശ്വരന്മാരായ രണ്ട് സഹോദരന്മാര്‍ തമ്മിലുള്ള സ്വത്തുസംബന്ധമായ തര്‍ക്കം രാജ്യത്തിന്റെ ഊര്‍ജസുരക്ഷയ്ക്ക് ഭീഷണി ഉയര്‍ത്തുന്ന ലജ്ജാകരമായ വാര്‍ത്തകളാണ് പുറത്തുവരുന്നത്. രാജ്യത്തിന്റെ പൊതുസ്വത്താണ് എണ്ണയും പ്രകൃതിവിഭവങ്ങളും. സ്വന്തം പറമ്പ് കിളയ്ക്കുമ്പോള്‍ തിളങ്ങുന്ന ഒരു കല്ലുകിട്ടിയാല്‍ അത് സര്‍ക്കാരിനെ ഏല്‍പ്പിക്കണമെന്ന നിയമമുള്ള നാടാണിത്. അത്തരമൊരു നാട്ടില്‍, ഭൂഗര്‍ഭത്തില്‍ കിടക്കുന്ന പ്രകൃതിവാതകം ഒരു കുത്തക കുടുംബത്തിന് ഏല്‍പ്പിച്ചുകൊടുക്കാന്‍ സര്‍ക്കാര്‍ തയ്യാറായിരിക്കുന്നു-അതില്‍നിന്നുള്ള ലാഭം പങ്കിട്ടെടുക്കാന്‍ സഹോദരന്മാര്‍ തമ്മിലടിക്കുകയും ആ വഴക്ക് രാജ്യത്തിന്റെ പരമോന്നത ജനപ്രതിനിധിസഭയില്‍ അലയടിക്കുകയും കേന്ദ്ര ഭരണകക്ഷിയുടെ മുഖ്യവിഷയമാവുകയും ചെയ്തിരിക്കുന്നു.
കൃഷ്ണ-ഗോദാവരി തടത്തില്‍ നിന്നുള്ള പ്രകൃതിവാതകം ഉയര്‍ന്ന വിലയ്ക്ക് യഥേഷ്ടം വില്‍ക്കാനാണ് മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന് കേന്ദ്രസര്‍ക്കാര്‍ ഏറ്റവുമൊടുവില്‍ അനുമതി നല്‍കിയിരിക്കുന്നത്. അവിഭക്ത റിലയന്‍സ് കമ്പനിയാണ് ഖനനം ആരംഭിച്ചത്. പിന്നീട് മുകേഷ് അംബാനിയും അനില്‍ അംബാനിയും വഴിപിരിഞ്ഞപ്പോള്‍ കമ്പനിയും വിഭജിക്കപ്പെട്ടു. പ്രകൃതിവാതകത്തിന്റെ പങ്ക് തങ്ങള്‍ക്കും ലഭിക്കണമെന്നാവശ്യപ്പെട്ട് അനില്‍ അംബാനിയുടെ റിലയന്‍സ് നാച്ചുറല്‍ റിസോഴ്സസ് ലിമിറ്റഡ് (ആര്‍എന്‍ആര്‍എല്‍) മുംബൈ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. പ്രകൃതിവാതകത്തിന്റെ ഉടമസ്ഥാവകാശം സര്‍ക്കാരിനാണെന്ന ഭരണഘടനാദത്തമായ യാഥാര്‍ഥ്യം സ്ഥാപിച്ചെടുക്കാന്‍ യുപിഎ സര്‍ക്കാര്‍ തയ്യാറായില്ല. 2005ല്‍ ഉണ്ടാക്കിയ കരാര്‍പ്രകാരമുള്ള വിലയ്ക്ക് ആര്‍എന്‍ആര്‍എല്ലിന് പ്രകൃതിവാതകം നല്‍കണമെന്നാണ് ഹര്‍ജി പരിഗണിച്ച മുംബൈ ഹൈക്കോടതി വിധിച്ചത്. ഇതിനെതിരെ മുകേഷ് അംബാനി സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ടെങ്കിലും കേന്ദ്രം ഇപ്പോഴും അനങ്ങുന്നില്ല. സഹോദരന്മാര്‍ തമ്മിലുള്ള തര്‍ക്കത്തില്‍ ഇടപെടില്ലെന്നാണ് പെട്രോളിയം മന്ത്രി മുരളി ദേവ്ര പറയുന്നത്. പാര്‍ലമെന്റില്‍ ചില ഉറപ്പുകള്‍ മന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായെങ്കിലും ഈ മേഖലയിലെ പുത്തന്‍ ലൈസന്‍സിങ് നയത്തിലെ അവ്യക്തതകളും പഴുതുകളും മുതലെടുത്ത് പ്രകൃതിവാതകം അമിതലാഭത്തില്‍ വിറ്റഴിക്കുന്ന റിലയന്‍സിന് നിയന്ത്രണമേര്‍പ്പെടുത്താന്‍ അതൊന്നും പര്യാപ്തമാണെന്ന് കരുതാനാകില്ല.
യുപിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതുതന്നെ രാജ്യത്ത് പണം ഒഴുക്കിയതിന്റെ ഫലമായിക്കൂടിയാണ്. അങ്ങനെ ഒഴുക്കാനുള്ള പണം വന്‍കിട കോര്‍പറേറ്റുകളുടെ സംഭാവനയാണ്. ആ പണമാണ് പെട്ടികളിലായി കേരളത്തിലേക്ക് ഉള്‍പ്പെടെ ഒഴുകിയതും വിവാദങ്ങളുണ്ടായതും. പണം പറ്റിയതിന്റെ പ്രത്യുപകാരമായി പ്രകൃതിവിഭവങ്ങള്‍ കൊള്ളയടിക്കാനുള്ള സൌകര്യം ചെയ്തുകൊടുക്കുകയാണ് ഇപ്പോള്‍. പൊതുമേഖലാ സ്ഥാപനമായ എന്‍ടിപിസിക്ക് 2.34 ഡോളര്‍ നിരക്കില്‍ നിശ്ചിത അളവ് വാതകം നല്‍കാമെന്ന് റിലയന്‍സ് ഏറ്റിരുന്നു. എന്നാല്‍, വാതകവില 4.32 ഡോളര്‍ ആക്കാന്‍ റിലയന്‍സിനെ കേന്ദ്രം അനുവദിച്ചു. രാജ്യത്ത് ഉല്‍പ്പാദിപ്പിക്കുന്ന പ്രകൃതിവാതകം പൊതുമേഖലാ സ്ഥാപനത്തിന് അന്താരാഷ്ട്രവിലയ്ക്ക് നല്‍കാനുള്ള തീരുമാനത്തിലൂടെ റിലയന്‍സിന് കൊള്ളലാഭമുണ്ടാക്കാനാണ് വഴിയൊരുക്കിയത്. യഥാര്‍ഥ ഉടമയായ സര്‍ക്കാരിനല്ല ഇങ്ങനെ കിട്ടുന്ന ലാഭം പോകുന്നത് എന്നത് നിസ്സാരമായി കാണാനാവില്ല. കരാര്‍പ്രകാരമുള്ള വിലയ്ക്ക് വാതകം നല്‍കാത്തതിനാല്‍ രണ്ട് വൈദ്യുതിനിലയങ്ങള്‍ക്ക് പ്രവര്‍ത്തനം തുടങ്ങാന്‍ കഴിയാതെ വന്നിരിക്കുന്നു. റിലയന്‍സ് നിശ്ചയിച്ച വിലയ്ക്ക് വാങ്ങി വൈദ്യുതിനിലയങ്ങള്‍ പ്രവര്‍ത്തിപ്പിക്കണമെന്ന് എന്‍ടിപിസിക്ക് അന്ത്യശാസനം നല്‍കുകയാണ് സര്‍ക്കാര്‍ ചെയ്തത്.
ഇത് ലജ്ജാകരമാണ്. രാജ്യത്തെ കൊള്ളയടിക്കുന്ന ഈ കളി അവസാനിപ്പിച്ചേ തീരൂ.
ദേശാഭിമാനി മുഖപ്രസംഗം 070809

ReplyDelete