Sunday, August 23, 2009

രവിയുടെ നുണബോംബ്

ആസിയന്‍ കരാറിനെ ന്യായീകരിക്കാന്‍ വികലവാദങ്ങള്‍ ഉയര്‍ത്തുന്നതോടൊപ്പം കോണ്‍ഗ്രസ് നേതാക്കള്‍ നുണബോംബും പൊട്ടിച്ചുതുടങ്ങി. കരാറില്‍ വിയറ്റ്നാം ഒപ്പുവച്ചിട്ടില്ലെന്ന വിചിത്രമായ പ്രഖ്യാപനത്തോടെ കേന്ദ്രമന്ത്രി വയലാര്‍ രവിയാണ് ഏറ്റവും വലിയ നുണ കാച്ചിയത്. ഇടതുപക്ഷ നേതാക്കള്‍ കരാറിന്റെ വിശദാംശങ്ങളെക്കുറിച്ച് അജ്ഞരാണെന്ന് കുറ്റപ്പെടുത്തുന്ന രവി, വിയറ്റ്നാം പ്രസ്താവനയോടെ 'അജ്ഞത' സ്വയം വെളിപ്പെടുത്തി.

ഈ മാസം 13ന് ബാങ്കോക്കില്‍വച്ചാണ് ഇന്ത്യയും ആസിയനിലെ 11 അംഗരാജ്യങ്ങളും സ്വതന്ത്രവ്യാപാര കരാറില്‍ ഒപ്പുവച്ചത്. ഇന്ത്യക്കുവേണ്ടി ഒപ്പിട്ടത് വാണിജ്യമന്ത്രി ആനന്ദ് ശര്‍മയാണ്. ആസിയന്‍ അംഗരാഷ്ട്രമായ വിയറ്റ്നാമും കരാറില്‍ ഒപ്പുവച്ചു. വിയറ്റ്നാമിനുവേണ്ടി വാണിജ്യമന്ത്രി പോടിവ നകസായിയാണ് ഒപ്പിട്ടത്. കരാര്‍ ഇന്ത്യയും ആസിയനിലെ എല്ലാ അംഗരാജ്യങ്ങളും തമ്മിലുള്ളതാണ്. രവി ചിത്രീകരിക്കുംപോലെ ഇന്ത്യയും ആസിയനിലെ ചില രാജ്യങ്ങളും തമ്മിലുള്ളതല്ല.

കരാര്‍ കേരളത്തിന് ഹാനികരമാണെന്ന ബോധ്യം വയലാര്‍ രവിക്ക് നല്ലതുപോലെയുണ്ട്. അതുകൊണ്ടാണ് ഒപ്പുവയ്ക്കലിന് അനുമതി നല്‍കിയ മന്ത്രിസഭാ യോഗത്തില്‍ എ കെ ആന്റണിയും വയലാര്‍ രവിയും പേരിനെങ്കിലും പ്രതിഷേധം പ്രകടിപ്പിച്ചത്. കേരളത്തിന്റെ ആശങ്ക പരിശോധിക്കാന്‍ കേന്ദ്രം മന്ത്രിതലസമിതിയെ വച്ചതും ഈ സാഹചര്യത്തിലാണ്. ഒരു വിധത്തിലും കരാറിനെ ന്യായീകരിക്കാനാകില്ലെന്ന് വ്യക്തമായപ്പോഴാണ് കോണ്‍ഗ്രസ് നേതാക്കള്‍ നുണക്കഥകളുമായി രംഗത്തുവന്നത്. കരാറില്‍ വിയറ്റ്നാം ഒപ്പുവക്കാത്തതിനാല്‍ കേരളത്തിലെ കുരുമുളക് കര്‍ഷകര്‍ ഭയക്കേണ്ടതില്ലെന്നാണ് വയലാര്‍ രവി തട്ടിവിട്ടത്. കരാറിന്റെ വിശദാംശം പൂര്‍ണമായി കേന്ദ്ര വാണിജ്യമന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ ഇട്ടിട്ടുണ്ടെന്ന കാര്യവും നുണപറയുമ്പോള്‍ മന്ത്രി മന:പൂര്‍വം മറന്നു.

1 comment:

  1. ആസിയന്‍ കരാറിനെ ന്യായീകരിക്കാന്‍ വികലവാദങ്ങള്‍ ഉയര്‍ത്തുന്നതോടൊപ്പം കോണ്‍ഗ്രസ് നേതാക്കള്‍ നുണബോംബും പൊട്ടിച്ചുതുടങ്ങി. കരാറില്‍ വിയറ്റ്നാം ഒപ്പുവച്ചിട്ടില്ലെന്ന വിചിത്രമായ പ്രഖ്യാപനത്തോടെ കേന്ദ്രമന്ത്രി വയലാര്‍ രവിയാണ് ഏറ്റവും വലിയ നുണ കാച്ചിയത്. ഇടതുപക്ഷ നേതാക്കള്‍ കരാറിന്റെ വിശദാംശങ്ങളെക്കുറിച്ച് അജ്ഞരാണെന്ന് കുറ്റപ്പെടുത്തുന്ന രവി, വിയറ്റ്നാം പ്രസ്താവനയോടെ 'അജ്ഞത' സ്വയം വെളിപ്പെടുത്തി.

    ReplyDelete