Monday, August 31, 2009

എക്സ് കമ്മ്യൂണിസ്റ്റ് പാഴ്‌കിനാവുകള്‍

ലെനിനിസ്റ്റ് സംഘടനാതത്വങ്ങളും കുറെ എക്സ്-കമ്യൂണിസ്റ്റ് പാഴ്കിനാവുകളും

ലെനിനിസ്റ്റ് സംഘടനാ തത്വങ്ങള്‍ കമ്യൂണിസ്റ്റ്പാര്‍ടിയുടെ പടച്ചട്ടയാണ്. അന്യവര്‍ഗ്ഗ ചിന്താഗതികളുടെ സ്വാധീനത്തില്‍നിന്നും ശത്രുവര്‍ഗ ആക്രമണങ്ങളില്‍നിന്നും പാര്‍ടിയേയും വിപ്ലവത്തെയും സംരക്ഷിക്കുവാനുള്ള പ്രതിരോധ ചട്ടക്കൂടാണ്. ജനാധിപത്യ കേന്ദ്രീകരണം എന്ന തത്വത്തിന്റെ അടിസ്ഥാനത്തിലാണ് ലെനിനിസ്റ്റ് സംഘടനാ പ്രമാണങ്ങള്‍ ആവിഷ്കരിച്ചിട്ടുള്ളത്.

ഈ തത്വം ഉപേക്ഷിക്കണമെന്നാണ് പലരും ഉപദേശിക്കുന്നത്. "പാര്‍ടി വിപ്ലവം ഉപേക്ഷിച്ചു. വിപ്ലവപ്പാര്‍ട്ടിയല്ലാതായി. ഇനിയെന്തിന് വിപ്ലവപ്പാര്‍ട്ടിയുടെ ചട്ടക്കൂട്?'' എന്നാണ് ചിലര്‍. പാര്‍ടി ഉപേക്ഷിച്ചെന്നുപറയുന്ന വിപ്ലവം വീണ്ടെടുക്കണമെന്നല്ല, വിപ്ലവപാര്‍ടിയുടെ ചട്ടക്കൂടുകൂടി ഉപേക്ഷിക്കണമെന്ന് പറയുന്നവരുടെ വിപ്ലവത്തോടുള്ള കൂറും ഉള്ളിലിരുപ്പും സുവ്യക്തമാണല്ലോ.

"യുദ്ധസാഹചര്യങ്ങളിലല്ലേ, പടച്ചട്ട വേണ്ടു? ഇപ്പോള്‍ യുദ്ധമില്ലല്ലോ. പാര്‍ലമെന്ററി ജനാധിപത്യത്തില്‍ പങ്കെടുക്കുന്നവര്‍ക്കെന്തിന് പ്രതിരോധ ചട്ടക്കൂട്?'' എന്ന് മറ്റു ചിലര്‍. അവരും ഉല്‍ക്കടമായി ആഗ്രഹിക്കുന്നത് ഈ പടച്ചട്ട ഊരിക്കളയണമെന്നാണ്.

മത്സ്യത്തിനു വെള്ളമെന്നപോലെ കമ്യൂണിസ്റ്റ്പാര്‍ടി ജീവിക്കുന്ന ജൈവപ്രകൃതിയാണ് ജനാധിപത്യ കേന്ദ്രീകരണമെന്നും, ആ ജൈവപ്രകൃതി താറുമാറായാല്‍ കരയില്‍ പിടിച്ചിട്ട മത്സ്യത്തിന് സംഭവിക്കുന്നത് പാര്‍ടിക്കും സംഭവിക്കുമെന്നുമുള്ള വിജയന്‍മാഷുടെ രൂപകം ഉരുവിട്ടുനടന്ന ശിഷ്യരും ഇപ്പോള്‍ പറയുന്നത് ഈ സംഘടനാ തത്വങ്ങള്‍ അത്ര പ്രധാനമല്ല എന്നാണ്. സാഹചര്യങ്ങളുടെ സമ്മര്‍ദ്ദത്തിലാണ് ഇക്കൂട്ടര്‍ക്ക് ഓരോ സമയത്ത് ഓരോ വെളിപാടുണ്ടാകുന്നത്. ഇതിനെ അവസരവാദം എന്നൊന്നും വിളിച്ചാക്ഷേപിക്കരുത്.

പരസ്പര വിരുദ്ധമെങ്കിലും ഒരേ ലക്ഷ്യത്തോടുകൂടിയാണ് അവര്‍ ആക്രോശിക്കുന്നത്. അന്ന് അധികാരവികേന്ദ്രീകരണത്തെ എതിര്‍ക്കാനുള്ള വജ്രായുധമായാണ് അവര്‍ ജനാധിപത്യ കേന്ദ്രീകരണത്തെ എടുത്തണിഞ്ഞത്. 'കേന്ദ്രീകരണം' വികേന്ദ്രീകരണത്തിനെതിരാണല്ലോ. അന്ന് അധികാരവികേന്ദ്രീകരണത്തെ എതിര്‍ത്തതും ഇന്ന് ജനാധിപത്യ കേന്ദ്രീകരണത്തെ തള്ളിപ്പറയുന്നതും ഒരൊറ്റ ലക്ഷ്യത്തെ മുന്‍നിര്‍ത്തിയാണ്: പാര്‍ടിയെ എതിര്‍ക്കുക.

ഈ എക്സ് കമ്യുണിസ്റ്റുകള്‍ കാണുന്ന മനോരാജ്യമെന്താണ്? കമ്യൂണിസ്റ്റ് പാര്‍ടിയുടെ ഏതെങ്കിലും ഒരു ഘടകം ഒരു തീരുമാനമെടുത്താല്‍ ആ കൂട്ടായ്മയിലുള്ളവര്‍തന്നെ അതിനെതിരെ അഭിപ്രായ പ്രകടനം നടത്തണം. കീഴ്ഘടകത്തിലെ സഖാക്കള്‍ മേല്‍ഘടകങ്ങളെ തള്ളിപ്പറയണം. ഉപരി കമ്മിറ്റിയുടെ രാഷ്ട്രീയവും സംഘടനാപരവുമായ തീരുമാനങ്ങളെ പരസ്യമായി വെല്ലുവിളിക്കണം. നേതൃത്വത്തെ ധിക്കരിച്ചുകൊണ്ട് പ്രകടനങ്ങളും പോസ്റ്റര്‍ പ്രചാരണവും നടത്തണം. 'ആറാട്ടുപുഴകള്‍' ഇനിയുമുണ്ടാകുമെന്നാണ് ഒരു എക്സ് കമ്യൂണിസ്റ്റ് ബുദ്ധിജീവി സ്വപ്നം കാണുന്നത് (മാതൃഭൂമി, ലക്കം ആഗസ്റ്റ് 2-8 ബാബു ഭരദ്വാജിന്റെ ലേഖനം). പ്രത്യയശാസ്ത്രത്തിന്റെ വേലിക്കെട്ടുകള്‍ തകര്‍ത്ത് പുറത്തുവരുന്ന പുതുതലമുറകളെയാണ് കെ വേണു സ്വപ്നം കാണുന്നത്. (മാതൃഭൂമി ലേഖനം,അതേലക്കം.) ജനം അവരുടെ മനസ്സിന്റെ താക്കോല്‍ ഈ എക്സ് കമ്യൂണിസ്റ്റുകളെയാണ് ഏല്‍പിച്ചുകൊടുത്തിരിക്കുന്നത്. ഇവരുടെ കാലടികള്‍ പിന്‍തുടര്‍ന്ന് ഇന്ന് പാര്‍ടിക്കകത്തുള്ളവരും നാളെ പുറത്തുവരുമെന്ന് ഇവര്‍ സ്വപ്നം കാണുന്നു. സംഘടനാപരമായി കെട്ടുറപ്പില്ലാത്ത ഒരു ആള്‍ക്കൂട്ടമായി സിപിഐ (എം) മാറണമെന്ന വ്യാമോഹമാണ് ഈ ഉപദേശങ്ങളിലും പ്രവചനങ്ങളിലും കിടന്നു പുളയ്ക്കുന്നത്.

ജനാധിപത്യവും ജനാധിപത്യകേന്ദ്രീകരണവും

ജനാധിപത്യ കേന്ദ്രീകരണം എന്ന സംഘടനാതത്വമുപേക്ഷിച്ചാലേ പാര്‍ടിക്കുള്ളില്‍ ജനാധിപത്യം കൈവരൂ എന്നാണിവര്‍ വാദിക്കുന്നത്. ജനാധിപത്യ കേന്ദ്രീകരണം ജനാധിപത്യവിരുദ്ധമായ ഒരു സംഘടനാതത്വമാണെന്നാണ് വിവക്ഷ.

ജനാധിപത്യരീതിയില്‍ തെരഞ്ഞെടുക്കപ്പെടുന്ന നേതൃത്വവും, നേതൃത്വത്താല്‍ നയിക്കപ്പെടുന്ന ജനാധിപത്യവുമാണ് ജനാധിപത്യ കേന്ദ്രീകരണം. സിപിഐ (എം) ല്‍ മൂന്നുകൊല്ലത്തിലൊരിക്കല്‍ കൃത്യമായി നടക്കുന്ന പാര്‍ടി സമ്മേളനങ്ങളും പാര്‍ടി കോണ്‍ഗ്രസുമുണ്ട്. ബ്രാഞ്ചുമുതലുള്ള എല്ലാ സമ്മേളനങ്ങളും നേതൃത്വത്തെ തികച്ചും ജനാധിപത്യപരമായി തെരഞ്ഞെടുക്കുന്നു. ചിലപ്പോള്‍ ഏകകണ്ഠമായി, ചിലപ്പോള്‍ വോട്ടെടുപ്പിലൂടെ. ഇങ്ങനെ ഒരു നേതൃത്വം തെരഞ്ഞെടുക്കപ്പെട്ടുകഴിഞ്ഞാല്‍ അത് എല്ലാവരുടെയും നേതൃത്വമാണ് എന്ന് പ്രത്യേകം പറയേണ്ടതില്ല. പിന്നെ ഔദ്യോഗിക നേതൃത്വമെന്നും വിമതരെന്നുമുള്ള ചേരിതിരിവിന് പ്രസക്തിയില്ല. ഇത് വളരെ പ്രാഥമികമായ ഒരു ജനാധിപത്യതത്വം മാത്രം.

ഇതുപോലെ വ്യക്തി അയാളുടെ ഘടകത്തിനും, ന്യൂനപക്ഷം ഭൂരിപക്ഷത്തിനും വഴങ്ങണമെന്നതും ജനാധിപത്യ കേന്ദ്രീകരണത്തിന്റെ നിയമമാണ്. വ്യക്തിക്ക് ഘടകത്തില്‍ തന്റെ അഭിപ്രായം ശക്തമായി അവതരിപ്പിക്കാം. എല്ലാ ശക്തിയുമുപയോഗിച്ച് സമര്‍ത്ഥിക്കാം. ഘടകത്തെക്കൊണ്ട് അംഗീകരിപ്പിക്കാന്‍ തന്നാലാകുന്നവിധം വാദിക്കാം. എന്നാല്‍ ഭൂരിപക്ഷപ്രകാരം ഘടകം ഒരു തീരുമാനമെടുത്തുകഴിഞ്ഞാല്‍ അത് എല്ലാവരുടെയും തീരുമാനമാണ്. ഒരു വ്യക്തിയോ, ന്യൂനപക്ഷമോ, ഭൂരിപക്ഷ തീരുമാനത്തെ തള്ളിപ്പറയരുത്. അങ്ങനെ വെല്ലുവിളിക്കാന്‍ തുനിഞ്ഞാല്‍ പിന്നെ സംഘടനയില്ല. ജനാധിപത്യപരമായ പ്രവര്‍ത്തനം സാധ്യമല്ലാതാകുകയും ചെയ്യും.

തന്റെ അഭിപ്രായവും തന്റെ ഘടകത്തിന്റെ അഭിപ്രായവും ഒന്നുതന്നെയാകുമ്പോള്‍ ആ അഭിപ്രായമനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ആര്‍ക്കും ഉത്സാഹം കാണും. എന്നാല്‍ ഒരാളുടെ ജനാധിപത്യബോധത്തിന്റെ മാറ്റുരയ്ക്കപ്പെടുന്നത് തന്റെ അഭിപ്രായത്തിനു വിപരീതമായി തന്റെ ഘടകം ഭൂരിപക്ഷാഭിപ്രായപ്രകാരം എടുത്ത തീരുമാനം നടപ്പിലാക്കാന്‍ കാണിക്കുന്ന ആത്മാര്‍ത്ഥതയിലാണ്. ഉന്നതമായ ജനാധിപത്യസംസ്കാരം ആഴത്തില്‍ ഉള്‍ക്കൊണ്ടവര്‍ക്കേ അതു കഴിയു. അതിനാണ് ജനാധിപത്യവഴക്കം എന്നു പറയുന്നത്. ഒരു സംഘടനയുടെ ജനാധിപത്യപരമായ പ്രവര്‍ത്തനം ഉറപ്പുവരുത്തുന്നതിനാവശ്യമായ സൂക്ഷ്മ നിര്‍ദ്ദേശങ്ങളാണ്, ജനാധിപത്യ കേന്ദ്രീകരണം മുന്നോട്ടുവെയ്ക്കുന്നത്.

ഏതു കൂട്ടായ്മയിലും ചില പൊതുതത്വങ്ങളും നിയമങ്ങളും സംഘടനയിലെ എല്ലാവരും അംഗീകരിക്കേണ്ടതുണ്ട്. അവ പാലിക്കപ്പെട്ടില്ലെങ്കില്‍ പിന്നെ സംഘടനയുണ്ടാവില്ല. കൂട്ടായ്മയുമുണ്ടാവില്ല.

സത്യത്തില്‍ ലക്ഷ്യബോധത്തോടുകൂടി പ്രവര്‍ത്തിക്കുന്ന ഒരു കൂട്ടായ്മയ്ക്ക് ആവശ്യമായ ചില തത്വങ്ങളും നിയമങ്ങളും നിര്‍വചിച്ചെടുക്കുകയാണ് ലെനിന്‍ ചെയ്തത്. ഈ തത്വങ്ങളും നിയമങ്ങളുമടങ്ങിയ ഒരു രൂപഘടന പാര്‍ടി കൂട്ടായി സ്വീകരിക്കുമ്പോഴാണ് അത് പാര്‍ടിയുടെ സംഘടനാതത്വമാകുന്നത്.

അതീവ ലളിതമായ ഈ തത്വങ്ങളും നിയമങ്ങളും സാര്‍വ്വലൌകികവും സാര്‍വകാലികവുമല്ല. കാലദേശഭേദങ്ങള്‍ക്കനുസരിച്ച്, ചരിത്രത്തിന്റെ വളര്‍ച്ചയ്ക്കനുസരിച്ച്, ഈ തത്വങ്ങളിലും നിയമങ്ങളിലും ആവശ്യമായ മാറ്റങ്ങള്‍ വേണ്ടിവന്നേക്കാം. തീര്‍ച്ചയായും യുദ്ധകാലത്തും സമാധാനകാലത്തും ഒരേ കാര്‍ക്കശ്യത്തോടെയല്ല, പ്രവര്‍ത്തിക്കുക. പാര്‍ലമെന്ററി ജനാധിപത്യംപോലും സാഹചര്യങ്ങള്‍ക്കനുസരിച്ച് നിറഭേദം സ്വീകരിക്കാറുണ്ടല്ലോ.

എന്നാല്‍ ജനാധിപത്യകേന്ദ്രീകരണത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ പാലിക്കാതെ ഒരു സംഘടനയ്ക്കും ജനാധിപത്യപരമായ പ്രവര്‍ത്തനം ഉറപ്പുവരുത്താന്‍ കഴിയില്ല. ജനാധിപത്യപരമായി പ്രവര്‍ത്തിക്കുന്ന ഏതു മനുഷ്യകൂട്ടായ്മയുടെയും ആത്മാവാണ് ജനാധിപത്യ കേന്ദ്രീകരണം. ജനാധിപത്യകേന്ദ്രീകരണമില്ലാതെ ജനാധിപത്യമില്ല.

വോട്ടെടുപ്പും ജനാധിപത്യവും

എല്ലായ്പ്പോഴും ഭൂരിപക്ഷ ന്യൂനപക്ഷാടിസ്ഥാനത്തില്‍ യാന്ത്രികമായി വോട്ടെടുപ്പുനടത്തി തീരുമാനമെടുക്കലല്ല ജനാധിപത്യരീതി. വ്യത്യസ്ത അഭിപ്രായങ്ങള്‍ ചര്‍ച്ചയ്ക്കും സംവാദത്തിനും വിധേയമാക്കണം. ന്യൂനപക്ഷ അഭിപ്രായങ്ങള്‍ക്കും അര്‍ഹിക്കുന്ന പരിഗണനയും ബഹുമാനവും നല്‍കണം. പക്ഷേ, ചര്‍ച്ച, പിന്നേയും ചര്‍ച്ച അങ്ങനെ അനന്തമായി നീണ്ടുപോകുന്നത് ഒരു സംഘടനയുടെ ഇടപെടല്‍ ശേഷിയെ ശോഷിപ്പിക്കും. അത്തരം സന്ദര്‍ഭങ്ങളില്‍ ചര്‍ച്ചകള്‍ക്കുശേഷം തീരുമാനമെടുക്കേണ്ടിവരും. സമവായമുണ്ടായില്ലെങ്കില്‍ വോട്ടെടുപ്പ് വേണ്ടിവരും. വോട്ടെടുപ്പിലൂടെ തീരുമാനിച്ചാലും അത് ജനാധിപത്യപരമായ തീരുമാനമാണ്. അത് ഭൂരിപക്ഷാഭിപ്രായം അടിച്ചേല്‍പ്പിക്കലല്ല. അങ്ങനെ വ്യാഖ്യാനിക്കുന്നത് ജനാധിപത്യ കൂട്ടായ്മയ്ക്ക് വഴങ്ങാതിരിക്കലാണ്; താന്‍ പ്രമാണിത്തമാണ്. ഈ പ്രവണതയാണ് സേച്ഛാധിപത്യത്തിലേക്ക് വഴിയൊരുക്കുക. ഇത്തരം അരാജക പ്രവണതകള്‍ ജനാധിപത്യത്തെ അട്ടിമറിക്കുകയും സ്വേച്ഛാധിപത്യത്തെ അരിയിട്ടുവാഴിക്കുകയും ചെയ്യും. പൊതു ലക്ഷ്യബോധത്തിലധിഷ്ഠിതമായ ഒരു കൂട്ടായ്മ അരാജകത്വത്തിലേക്കോ, അമിതാധികാരത്തിലേക്കോ വഴുതാതിരിക്കാന്‍ ചില മുന്‍കരുതല്‍ ആവശ്യമുണ്ട്. ആ മുന്‍കരുതലാണ് ജനാധിപത്യ കേന്ദ്രീകരണം നിര്‍ദ്ദേശിക്കുന്നത്. ശത്രുവര്‍ഗത്തിന്റെ കുല്‍സിത നീക്കങ്ങള്‍ക്കെതിരെ സദാ ജാഗരൂകമാകേണ്ടതിന്റെ അനിവാര്യത ഒരു ജനതയെ മഹത്തായ വിപ്ലവത്തിലേക്കു നയിച്ച ലെനിന് സ്വാനുഭവത്തിലൂടെ ബോധ്യപ്പെട്ട കാര്യമാണ്.

ജനാധിപത്യ കേന്ദ്രീകരണവും വ്യക്തി സ്വാതന്ത്ര്യവും

പാര്‍ട്ടിയില്‍ ചില ശരികള്‍ക്കുവേണ്ടി നിലകൊണ്ടതുകൊണ്ടാണ് തങ്ങള്‍ പുറത്തായതെന്നാണ് എല്ലാ എക്സ്-കമ്യൂണിസ്റ്റുകളും വാദിക്കുക. ഒപ്പം തങ്ങള്‍ പാര്‍ട്ടിയിലുണ്ടായിരുന്ന കാലത്തെ പാര്‍ടിയുടെ ഗുണമേന്മ അയവിറക്കും. ഇന്നത് ചെന്നുപെട്ട 'മൂല്യച്യുതികളില്‍' രോഷാകുലരാകും. പാര്‍ട്ടിയിലുള്ളവരെല്ലാം മോശക്കാരും ഭീരുക്കളുമാണെന്ന് അവര്‍ ശകാരിക്കും. സര്‍വ്വതന്ത്രസ്വാതന്ത്ര്യത്തിന്റെ ചില്ലുമേടകളിലിരുന്ന് 'അടിമകളെ' കല്ലെറിയും. അവരുടെ അഭിപ്രായങ്ങള്‍ ജനങ്ങളുടെമുഴുവന്‍ ചിന്തയായി അവതരിപ്പിക്കും. ജനങ്ങള്‍ക്കുവേണ്ടി നിലകൊള്ളുന്നവര്‍ അവര്‍ മാത്രമാണെന്ന് സമര്‍ത്ഥിക്കും. മാധ്യമങ്ങളുടെ പരിലാളനങ്ങളില്‍ മതിമറക്കും. പാര്‍ട്ടിക്കുനേരെ നിരന്തരം അങ്കംവെട്ടും. അങ്ങനെ അവര്‍ സ്വാതന്ത്ര്യമാഘോഷിക്കുന്നു. മര്‍ദ്ദകര്‍ക്കെതിരെ വിരല്‍ ചൂണ്ടുകപോലും ചെയ്യാതെ എങ്ങനെ ഒരാള്‍ക്ക് സ്വതന്ത്രനാകാന്‍ കഴിയും?

ഒരാള്‍ പാര്‍ടിയില്‍ അംഗമാവുന്നത് സ്വന്തം ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ്. തനിക്കുചുറ്റുമുള്ള ജീവിതത്തിന്റെ ദൈന്യതയില്‍, ക്രൂരതയില്‍ അമര്‍ഷംപൂണ്ട് അതിനു മാറ്റം വരണമെന്നാഗ്രഹിക്കുന്നു. അതിനെതിരെ പ്രതികരിക്കാതെ ജീവിതം അസാധ്യമെന്ന് ബോധ്യപ്പെടുന്നു. പ്രതികരണം ഫലവത്താവണമെങ്കില്‍ സംഘടിതശക്തി വേണമെന്ന് തിരിച്ചറിയുന്നു. തന്റെ ലക്ഷ്യങ്ങളോട്, അന്തര്‍ഗതങ്ങളോട് സാമ്യമുള്ള പാര്‍ടിയില്‍ അംഗമാവാന്‍ സ്വയം തീരുമാനിക്കുന്നു. ഇങ്ങനെ സ്വതന്ത്രമായി ചിന്തിച്ചു തീരുമാനിക്കുന്നതാണ് പാര്‍ടി അംഗത്വം. അത് വേണ്ടെന്നുവെയ്ക്കാന്‍ അയാള്‍ക്ക് എപ്പോഴും സ്വാതന്ത്ര്യമുണ്ട്. ആരും അയാളെ തടയാനില്ല. പക്ഷേ, ഒരു കൂട്ടായ്മയ്ക്കു വഴങ്ങി ചുറ്റുമുള്ള ജീവിതത്തെ പുതുക്കിപ്പണിയുന്ന പ്രക്രിയയില്‍ പങ്കാളിയാവാന്‍ ഒരാള്‍ തീരുമാനിക്കുന്നത് ഉയര്‍ന്ന സ്വാതന്ത്ര്യബോധമുള്ളതുകൊണ്ടാണ്. അംഗമാകുമ്പോള്‍ സംഘടനാതത്വം ഉയര്‍ത്തിപ്പിടിക്കേണ്ടത് അംഗത്തിന്റെ ചുമതലയാണ്.

ലെനിനിസ്റ്റ് സംഘടനാതത്വങ്ങളും പാര്‍ലമെന്ററി ജനാധിപത്യവും

പാര്‍ലമെന്ററി ജനാധിപത്യമില്ലാതിരുന്ന കാലത്ത് ആവിഷ്കരിച്ച സംഘടനാതത്വങ്ങള്‍ പാര്‍ലമെന്ററി ജനാധിപത്യം നിലനില്‍ക്കുകയും പാര്‍ടി അതില്‍ പങ്കാളികളാവുകയും ചെയ്യുന്ന ഇക്കാലത്തും കൊണ്ടുനടക്കുന്നത് ശരിയാണോ? ഏറെ പ്രസക്തമെന്ന് തോന്നിക്കുന്ന ഒരു പ്രശ്നമാണിത്.

മുമ്പു നിലനിന്നിരുന്ന ഏത് അധികാര വ്യവസ്ഥയേക്കാള്‍ മെച്ചപ്പെട്ടതാണ് പാര്‍ലമെന്ററി ജനാധിപത്യം. എന്നാല്‍ പാര്‍ലമെന്ററി ജനാധിപത്യം മുതലാളിത്തവ്യവസ്ഥയുടെ ഭരണകൂടരൂപമാണ്. അത് ബൂര്‍ഷ്വാസിയുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനുള്ള സംവിധാനമാണ്. ബൂര്‍ഷ്വാസിയുടെ താല്‍പര്യങ്ങള്‍ക്ക് അനുയോജ്യമല്ലെന്നുകണ്ടാല്‍ ഭരണകൂടത്തിന്റെ ഈ ഔപചാരിക ജനാധിപത്യ സ്വഭാവംപോലും തകര്‍ക്കാന്‍ ബൂര്‍ഷ്വാസി മടിക്കില്ല. ഈ ധാരണയോടെയാണ് പാര്‍ലമെന്ററി പ്രവര്‍ത്തനത്തില്‍ സിപിഐ (എം) ഏര്‍പ്പെടുന്നത്. പാര്‍ലമെന്ററി സംവിധാനമുപയോഗിച്ച് നിയമനിര്‍മ്മാണങ്ങളിലൂടെ ചൂഷണ വ്യവസ്ഥയ്ക്കന്ത്യംകുറിക്കുന്ന സമൂല പരിവര്‍ത്തനം സാധ്യമാകുമെന്ന വിശ്വാസം പാര്‍ടിക്കില്ല. എന്നാല്‍ പാര്‍ലമെന്ററി ജനാധിപത്യത്തില്‍ പങ്കെടുക്കുന്നതുകൊണ്ട് യാതൊരു പ്രയോജനവുമില്ല എന്ന കാഴ്ചപ്പാടും പാര്‍ടിക്കില്ല. മുതലാളിത്തത്തിനെതിരായ അനേകം സമര മണ്ഡലങ്ങളില്‍ ഒന്നാണ് പാര്‍ലമെന്റും. ഏതെങ്കിലും സംസ്ഥാനങ്ങളുടെയോ, പ്രാദേശിക ഭരണസംവിധാനങ്ങളുടെയോ ഭരണം ഏറ്റെടുക്കാന്‍ അവസരമുണ്ടാകുമ്പോള്‍ പരിമിതമായ സാധ്യത പ്രയോജനപ്പെടുത്തി ജനങ്ങള്‍ക്ക് പരമാവധി ആശ്വാസമെത്തിക്കാന്‍ കഴിയണം. പാര്‍ലമെന്ററി ജനാധിപത്യത്തോടുള്ള വൈരുദ്ധ്യാത്മക സമീപനത്തിന്റെയും, അതിന്റെ അടിസ്ഥാനത്തിലുള്ള പ്രായോഗിക പ്രവര്‍ത്തനങ്ങളുടെയും ഫലമായാണ് ഇന്ത്യയിലെ ഇതര പ്രദേശങ്ങളെ അപേക്ഷിച്ച് കേരളത്തിലെ ജനങ്ങള്‍ മെച്ചപ്പെട്ട ജീവിതം പുലര്‍ത്തുന്നത്. ലോകമാനവരാശിക്ക് കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനം സമര്‍പ്പിച്ച മഹത്തായ സംഭാവനയാണത്.

പാര്‍ലമെന്ററി ജനാധിപത്യത്തില്‍ ഇടപെട്ടുകൊണ്ട് സാധാരണക്കാര്‍ക്കനുകൂലമായി അധികാരത്തേയും പൊതു സമ്പത്തിനെയും പ്രയോജനപ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍ ഭരണവര്‍ഗത്തിന്റെ ഭാഗത്തുനിന്ന് ജനാധിപത്യവ്യവസ്ഥയെ അട്ടിമറിക്കാനുള്ള ശ്രമമുണ്ടാകും. 1959ലെ 'വിമോചനസമരവും' തുടര്‍ന്ന് 356-ാം വകുപ്പ്ഉപയോഗിച്ച് കേരള സര്‍ക്കാരിനെ പിരിച്ചുവിട്ടതുമെല്ലാം ഈ ജനാധിപത്യവിരുദ്ധ നീക്കത്തിന് ദൃഷ്ടാന്തങ്ങളാണ്. അടിയന്തിരാവസ്ഥ മറ്റൊരു കടന്നാക്രമണമാണ്.

ഭരണവര്‍ഗത്തിന്റെ ഭാഗത്തുനിന്ന് ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള നീക്കങ്ങളുണ്ടാകുമ്പോള്‍ ജനാധിപത്യാവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും വിപുലപ്പെടുത്തുന്നതിനും അധ്വാനിക്കുന്ന ജനകോടികളുടെ ശക്തമായ മുന്നേറ്റമുണ്ടാകണം.

ജനാധിപത്യത്തിന്റെ വിപുലീകരണത്തിനും അത് പരമാവധി പ്രയോജനപ്പെടുത്തി ജീവിതം കൂടുതല്‍ മെച്ചപ്പെടുത്താനും അധ്വാനിക്കുന്ന ജനലക്ഷങ്ങള്‍ സദാ ശ്രമിച്ചുകൊണ്ടിരിക്കും. ജനാധിപത്യ പരിഷ്കാരങ്ങളെ പിറകോട്ടടിപ്പിക്കാനും വേണ്ടിവന്നാല്‍ ജനാധിപത്യംതന്നെ അട്ടിമറിക്കാനും ഭരണവര്‍ഗവും നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കും. കേരളത്തിലെ ഭൂപരിഷ്കരണവും വിദ്യാഭ്യാസ പരിഷ്കരണവും കടന്നുപോന്ന വഴികള്‍ പാര്‍ലമെന്ററി ജനാധിപത്യത്തില്‍ നടന്നുവരുന്ന താല്‍പര്യ സംഘര്‍ഷത്തിന് നിദര്‍ശനങ്ങളാണ്.

പാര്‍ലമെന്ററി രംഗത്തെ വര്‍ഗസമരമാകട്ടെ, അതീവ തീവ്രമാണ്. ഒന്നാമത് ഭരണകൂടം ബൂര്‍ഷ്വാസിയുടെയാണ്. ബൂര്‍ഷ്വാസിയുടെ കോട്ട കൊത്തളങ്ങളില്‍ കടന്നുചെന്നാണ് തൊഴിലാളി വര്‍ഗത്തിനും മറ്റു ചൂഷിത ജനവിഭാഗത്തിനും കളിക്കേണ്ടത്. സിവില്‍ സര്‍വ്വീസ്, ജുഡീഷ്യറി, സായുധസന്നാഹങ്ങള്‍ ഇതെല്ലാം ചൂഷകവര്‍ഗത്തിന്റെ രക്ഷയ്ക്കുള്ള ഉപകരണങ്ങളാണ്. ഇതിലെ ഏതെങ്കിലും ഘടകങ്ങള്‍ സാധാരണക്കാര്‍ക്ക് അനുകൂലമാവുക എന്നത് അപൂര്‍വ്വമായി മാത്രം സംഭവിക്കുന്ന കാര്യമാണ്. ജനാഭിപ്രായത്തെ രൂപപ്പെടുത്തുന്ന മാധ്യമങ്ങള്‍ ബൂര്‍ഷ്വാസിയുടെ ഉടമസ്ഥതയിലോ നിയന്ത്രണത്തിലോ ആണ്. ജനതയുടെ ജീവിത വീക്ഷണത്തേയും കാഴ്ചപ്പാടുകളെയും രൂപപ്പെടുത്തുന്ന ഔപചാരിക വിദ്യാഭ്യാസ സംവിധാനം രൂപകല്‍പനചെയ്യുന്നതും അവരാണ്. ഈ ബൃഹത് സംവിധാനത്തോടേറ്റുമുട്ടാന്‍ തൊഴിലാളിവര്‍ഗത്തിനും ചൂഷിത ജനവിഭാഗങ്ങള്‍ക്കും കൈമുതലായുള്ളത് സംഘടിത ശക്തിമാത്രമാണ്. ഈ സംഘടിതശക്തിയുടെ പ്രഹരശേഷി വര്‍ദ്ധിപ്പിക്കുന്നതിന് ഐക്യവും അച്ചടക്കവും അനിവാര്യമാണ്. സംഘടിത ലക്ഷ്യബോധമില്ലാത്ത അരാജകക്കൂട്ടത്തിന് ഫലപ്രദമായ ഒരു ചെറുത്തുനില്‍പും സാധ്യമല്ല.

അതായത് മുതലാളിത്തത്തിന്റെ അധികാരവ്യവസ്ഥയായ പാര്‍ലമെന്ററി ജനാധിപത്യ വ്യവസ്ഥയില്‍ തൊഴിലാളികളുടെയും ദരിദ്രജന വിഭാഗങ്ങളുടെയും ഏകസമരായുധം തങ്ങളുടെ സംഘടനയാണ്. കെട്ടുറപ്പുള്ളതും അച്ചടക്കമുള്ളതുമായ സംഘടന എന്നത് അവര്‍ക്ക് ജീവല്‍ പ്രധാനമാണ്. ജനാധിപത്യപരമായ പ്രവര്‍ത്തനമുള്ള സംഘടനയ്ക്ക് മാത്രമെ, ജനങ്ങളുടെ ഐക്യം കെട്ടിപ്പടുക്കാന്‍ കഴിയൂ. അതിനാല്‍ ജനാധിപത്യപരമായ പ്രവര്‍ത്തനം ഉറപ്പുവരുത്തുന്ന ലെനിനിസ്റ്റ് സംഘടനാതത്വങ്ങള്‍ ബൂര്‍ഷ്വാ പാര്‍ലമെന്ററി സമ്പ്രദായത്തില്‍ ഇടപെടുന്ന ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാര്‍ടിക്കും മറ്റു ജനാധിപത്യ പ്രസ്ഥാനങ്ങള്‍ക്കും ഏറെ പ്രസക്തവും അനിവാര്യവുമാണ്.

സംഘടനയും വേണ്ട, രാഷ്ട്രീയവും വേണ്ട, ഒന്നിനോടും പ്രതിബദ്ധതയും വേണ്ട എന്നു കരുതുന്ന ചിലരുണ്ട്. അവര്‍ക്ക് നഷ്ടപ്പെട്ടത് സംഘടിത ലക്ഷ്യബോധമാണ്. കൂട്ടായ ലക്ഷ്യബോധമില്ലെങ്കില്‍ പിന്നെ സംഘടനയെന്തിന്? അവര്‍ക്കില്ലാത്ത സംഘടന മറ്റുള്ളവര്‍ക്കും വേണ്ട എന്നവര്‍ വാശിപിടിക്കുകയാണ്. അച്ചടക്കവും കെട്ടുറപ്പുമില്ലാത്ത, സംഘടിത ലക്ഷ്യബോധമില്ലാത്ത, ഒരു അരാജക കൂട്ടമായി കമ്യൂണിസ്റ്റ്പാര്‍ടി മാറണം. ജനങ്ങളുടെ ഏക സമരായുധമായ സംഘടനകൂടി തകര്‍ന്നു കാണണം. നിര്‍ബാധമായ ചൂഷണത്തിന് അരങ്ങൊരുങ്ങണം.

ഇന്ന് വലതുപക്ഷത്തോടൊപ്പം അന്തിയുറങ്ങുന്ന എക്സ് കമ്യൂണിസ്റ്റുകളുടെ പാഴ്കിനാവുകളില്‍ ഇങ്ങനെ എന്തെന്തു മനോരാജ്യങ്ങള്‍!

ടി കെ നാരായണദാസ് ചിന്ത വാരിക

1 comment:

  1. ഈ എക്സ് കമ്യുണിസ്റ്റുകള്‍ കാണുന്ന മനോരാജ്യമെന്താണ്? കമ്യൂണിസ്റ്റ് പാര്‍ടിയുടെ ഏതെങ്കിലും ഒരു ഘടകം ഒരു തീരുമാനമെടുത്താല്‍ ആ കൂട്ടായ്മയിലുള്ളവര്‍തന്നെ അതിനെതിരെ അഭിപ്രായ പ്രകടനം നടത്തണം. കീഴ്ഘടകത്തിലെ സഖാക്കള്‍ മേല്‍ഘടകങ്ങളെ തള്ളിപ്പറയണം. ഉപരി കമ്മിറ്റിയുടെ രാഷ്ട്രീയവും സംഘടനാപരവുമായ തീരുമാനങ്ങളെ പരസ്യമായി വെല്ലുവിളിക്കണം. നേതൃത്വത്തെ ധിക്കരിച്ചുകൊണ്ട് പ്രകടനങ്ങളും പോസ്റ്റര്‍ പ്രചാരണവും നടത്തണം. 'ആറാട്ടുപുഴകള്‍' ഇനിയുമുണ്ടാകുമെന്നാണ് ഒരു എക്സ് കമ്യൂണിസ്റ്റ് ബുദ്ധിജീവി സ്വപ്നം കാണുന്നത് (മാതൃഭൂമി, ലക്കം ആഗസ്റ്റ് 2-8 ബാബു ഭരദ്വാജിന്റെ ലേഖനം). പ്രത്യയശാസ്ത്രത്തിന്റെ വേലിക്കെട്ടുകള്‍ തകര്‍ത്ത് പുറത്തുവരുന്ന പുതുതലമുറകളെയാണ് കെ വേണു സ്വപ്നം കാണുന്നത്. (മാതൃഭൂമി ലേഖനം,അതേലക്കം.) ജനം അവരുടെ മനസ്സിന്റെ താക്കോല്‍ ഈ എക്സ് കമ്യൂണിസ്റ്റുകളെയാണ് ഏല്‍പിച്ചുകൊടുത്തിരിക്കുന്നത്. ഇവരുടെ കാലടികള്‍ പിന്‍തുടര്‍ന്ന് ഇന്ന് പാര്‍ടിക്കകത്തുള്ളവരും നാളെ പുറത്തുവരുമെന്ന് ഇവര്‍ സ്വപ്നം കാണുന്നു. സംഘടനാപരമായി കെട്ടുറപ്പില്ലാത്ത ഒരു ആള്‍ക്കൂട്ടമായി സിപിഐ (എം) മാറണമെന്ന വ്യാമോഹമാണ് ഈ ഉപദേശങ്ങളിലും പ്രവചനങ്ങളിലും കിടന്നു പുളയ്ക്കുന്നത്.

    ReplyDelete