Saturday, August 22, 2009

സംരക്ഷിതപ്പട്ടികയും രക്ഷിക്കില്ല

ആസിയന്‍ കരാറിന്റെ സംരക്ഷിതപ്പട്ടിക(നെഗറ്റീവ് ലിസ്റ്റ്)യും കേരളത്തിലെ കര്‍ഷകര്‍ക്ക് രക്ഷയാവില്ല. പട്ടികയിലെ ഉല്‍പ്പന്നങ്ങള്‍ക്ക് കരടു കരാര്‍ ഒപ്പിട്ട 2004ലെ തീരുവയില്‍ കൂടുതല്‍ ചുമത്താനാകില്ലെന്ന വ്യവസ്ഥയാണ് കേരളത്തെ കുഴപ്പത്തിലാക്കുക. സംരക്ഷിതപ്പട്ടികയിലെ ഉല്‍പ്പന്നങ്ങളുടെ ഉപോല്‍പ്പന്നങ്ങള്‍ നിര്‍ബാധം ഇറക്കുമതി ചെയ്യാമെന്നതും കേരളവിപണിയെ തകര്‍ക്കും. സംരക്ഷിതപ്പട്ടികയുടെ ആശ്വാസം താല്‍ക്കാലികമാണ്. പങ്കാളിത്ത രാജ്യങ്ങള്‍ക്ക് കമ്പോളം കൂടുതല്‍ തുറന്നുകൊടുക്കാന്‍ ഇടയ്ക്കിടെ പട്ടിക പുനഃപരിശോധിക്കും. പ്രാദേശിക കരാറുകള്‍ വേഗംഏകീകൃതനിരക്കില്‍ എത്തിക്കണമെന്നാണ് ലോകവ്യാപാര സംഘടനയുടെ നിര്‍ദേശം.

1994ലെ പുതുക്കിയ ഗാട്ട്കരാറിലെ 24-ാം വകുപ്പുപ്രകാരം ഇത് അനുസരിക്കാന്‍ ഇന്ത്യ ബാധ്യസ്ഥമാണ്. സംരക്ഷിതപ്പട്ടിക പോലുള്ള ആനുകൂല്യങ്ങള്‍ നിശ്ചിത കാലത്തേക്കു മാത്രമാവണമെന്ന് ലോകവ്യാപാര സംഘടന കര്‍ശനമായി നിര്‍ദേശിക്കുന്നു. സംരക്ഷിതപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ 489 ഉല്‍പ്പന്നത്തില്‍ 303 കാര്‍ഷികോല്‍പ്പന്നമാണെന്നും അതുവഴി കേരളത്തിന് അപകടം ഒഴിവായെന്നുമുള്ള യുഡിഎഫ് നേതാക്കളുടെ വാദം ഇതോടെ പൊളിയുകയാണ്. വന്‍തോതില്‍ വിദേശനാണ്യം നല്‍കുന്ന കാപ്പി, കുരുമുളക്, തേയില ഗ്രാമ്പു, കറുവപ്പട്ട തുടങ്ങിയവയെ സംരക്ഷിതപ്പട്ടികയില്‍ ഉള്‍പ്പെടുത്താത്തത് യുഡിഎഫിന്റെ വഞ്ചന തുറന്നുകാട്ടുന്നു. മറ്റു സംസ്ഥാനങ്ങളുടെ പ്രധാന ഉല്‍പ്പന്നങ്ങള്‍ സംരക്ഷിതപ്പട്ടികയിലാണ്. ഉള്ളിയും തക്കാളിയും ഗോതമ്പും മുളകുമെല്ലാം ഈ പട്ടികയിലുണ്ട്.

കാപ്പി, കുരുമുളക്, തേയില തുടങ്ങിയവ ഉള്‍പ്പെട്ട പ്രത്യേക പട്ടികയിലെ തീരുവ പത്തുവര്‍ഷംകൊണ്ടേ കുറയുകയുള്ളൂവെന്നും അതുകൊണ്ട് തല്‍ക്കാലം അപകടമില്ലെന്നുമാണ് ഉമ്മന്‍ചാണ്ടിയടക്കമുള്ള യുഡിഎഫ് നേതാക്കള്‍ വാദിക്കുന്നത്. എന്നാല്‍, കേരളത്തിന്റെ മുഖ്യഉല്‍പ്പന്നങ്ങളെല്ലാം ദീര്‍ഘകാല വിളകളാണ്. പ്രതിസന്ധി മുന്നില്‍ക്കണ്ട് കര്‍ഷകര്‍ ഇപ്പോള്‍ത്തന്നെ ഈ വിളകളില്‍നിന്നു പിന്മാറും. കരാറിന്റെ ആഘാതം താമസിയാതെ വിപണിയിലെത്തും. കരാറില്‍നിന്ന് ഇന്ത്യക്ക് പിന്മാറാമെന്ന വാദവും ശരിയല്ല. ഒരു വര്‍ഷംമുമ്പ് നോട്ടീസ് നല്‍കിയാലും പങ്കാളിത്ത രാജ്യങ്ങളുടെ സമ്മതമുണ്ടെങ്കിലേ പിന്മാറ്റത്തിനു സാധുതയുള്ളൂ. ഇല്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതം നേരിടണം.

ഇന്ത്യയിലെ വ്യവസായലോബിക്കായി കാര്‍ഷികമേഖലയെ കുരുതി കൊടുക്കുകയായിരുന്നെന്ന ആരോപണം ശക്തമാണ്. വ്യവസായലോബിക്കായി സേവന-നിക്ഷേപ മേഖലയിലെ അനുബന്ധ കരാറിന് ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. ഈ മേഖലയിലാണ് ഇന്ത്യക്ക് മത്സരശേഷിയെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. സവന-നിക്ഷേപ മേഖലയിലെ കമ്പോളം തുറന്നുകിട്ടാന്‍വേണ്ടിയുള്ള പ്രത്യുപകാരമെന്ന നിലയ്ക്ക് കാര്‍ഷികോല്‍പ്പന്നങ്ങളുടെ സ്വതന്ത്ര ഇറക്കുമതിക്ക് ഇന്ത്യ അനുമതി നല്‍കുകയായിരുന്നു. 1460 ഉല്‍പ്പന്നത്തെ സംരക്ഷണപ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നായിരുന്നു തുടക്കത്തില്‍ ഇന്ത്യയുടെ ആവശ്യം. അത് 489 ഉല്‍പ്പന്നത്തിലേക്ക് ചുരുങ്ങിയത് ഈ ഒത്തുതീര്‍പ്പിലൂടെയായിരുന്നു.

ആര്‍ സാംബന്‍ ദേശാഭിമാനി

1 comment:

  1. ആസിയന്‍ കരാറിന്റെ സംരക്ഷിതപ്പട്ടിക(നെഗറ്റീവ് ലിസ്റ്റ്)യും കേരളത്തിലെ കര്‍ഷകര്‍ക്ക് രക്ഷയാവില്ല. പട്ടികയിലെ ഉല്‍പ്പന്നങ്ങള്‍ക്ക് കരടു കരാര്‍ ഒപ്പിട്ട 2004ലെ തീരുവയില്‍ കൂടുതല്‍ ചുമത്താനാകില്ലെന്ന വ്യവസ്ഥയാണ് കേരളത്തെ കുഴപ്പത്തിലാക്കുക. സംരക്ഷിതപ്പട്ടികയിലെ ഉല്‍പ്പന്നങ്ങളുടെ ഉപോല്‍പ്പന്നങ്ങള്‍ നിര്‍ബാധം ഇറക്കുമതി ചെയ്യാമെന്നതും കേരളവിപണിയെ തകര്‍ക്കും. സംരക്ഷിതപ്പട്ടികയുടെ ആശ്വാസം താല്‍ക്കാലികമാണ്. പങ്കാളിത്ത രാജ്യങ്ങള്‍ക്ക് കമ്പോളം കൂടുതല്‍ തുറന്നുകൊടുക്കാന്‍ ഇടയ്ക്കിടെ പട്ടിക പുനഃപരിശോധിക്കും. പ്രാദേശിക കരാറുകള്‍ വേഗംഏകീകൃതനിരക്കില്‍ എത്തിക്കണമെന്നാണ് ലോകവ്യാപാര സംഘടനയുടെ നിര്‍ദേശം.

    ReplyDelete