ആസിയന്‍ കരാര്‍ ഒപ്പുവയ്ക്കുന്ന പ്രശ്നം ഉയര്‍ന്നുവന്നപ്പോള്‍ കേരളം ഇത്ര ശക്തമായി പ്രതികരിക്കാന്‍ ഇടയായത് എന്തുകൊണ്ടാണെന്ന് ചിലപ്പോള്‍ സംശയം ഉയര്‍ന്നു വന്നേക്കാം. മറ്റൊരു സംസ്ഥാനത്തും ഉയര്‍ന്നുവരാത്ത തരത്തിലുള്ള എതിര്‍പ്പ് രൂപപ്പെട്ടതിന്റെ പശ്ചാത്തലം അറിയണമെങ്കില്‍ കേരളത്തിന്റെ കാര്‍ഷിക മേഖലയുടെ സവിശേഷതകൂടി മനസ്സിലാക്കേണ്ടതുണ്ട്.
കേരളത്തിന്റെ കാര്‍ഷികമേഖലയിലെ പ്രധാനപ്പെട്ട സവിശേഷത കൃഷിഭൂമിയുടെ ഏകദേശം 16 ശതമാനം മാത്രമാണ് ഭക്ഷ്യവിളകള്‍ കൃഷിചെയ്യുന്നത് എന്നതാണ്. നാണ്യവിളകളില്‍ ഊന്നി നില്‍ക്കുന്ന ഇത്തരം ഒരു അവസ്ഥ കേരളത്തില്‍ രൂപീകരിക്കപ്പെടുന്നതിന് ചരിത്രപരമായ കാരണങ്ങളുണ്ട്. സുഗന്ധവ്യഞ്ജനങ്ങള്‍ ഉള്‍പ്പെടെയുള്ള മലഞ്ചരക്കുകള്‍ കേരളം നൂറ്റാണ്ടുകള്‍ക്കുമുമ്പുതന്നെ ഇവിടെനിന്ന് കയറ്റി അയച്ചതായിരുന്നു. വിദേശമാര്‍ക്കറ്റില്‍ പ്രിയമുള്ള വസ്തുക്കളായിരുന്നു ഇവ. ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ ആധിപത്യം സ്ഥാപിച്ചപ്പോള്‍ ഇത്തരം ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കുന്നതിനായി തോട്ടങ്ങള്‍ ആരംഭിച്ചു. അതിന്റെ തുടര്‍ച്ചയായാണ് നാണ്യവിള ഉല്‍പ്പാദനത്തിന്റെ രീതി വികസിച്ചുവന്നത്. ആഭ്യന്തരമായ മറ്റ് ചില കാരണങ്ങളും ഇത്തരം ഒരു മാറ്റത്തിന് കാരണമായിരുന്നു. സവിശേഷമായ കേരളത്തിന്റെ ഈ സമ്പദ്ഘടന മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് വ്യത്യസ്തമായുള്ള ഒരു രീതി ഇവിടെ വളര്‍ത്തിയെടുത്തു.
കുരുമുളകിന്റെ രാജ്യത്തെ മൊത്തം ഉല്‍പ്പാദനത്തിന്റെ 88 ശതമാനവും കേരളത്തില്‍നിന്നാണ്. നാളികേരത്തിന്റെ 46 ശതമാനവും അതിന്റെ കയറ്റുമതിയുടെ 93 ശതമാനവും ഇവിടെനിന്നാണ്. റബര്‍ ഉല്‍പ്പാദനത്തിന്റെ 92 ശതമാനം, ഏലം ഉല്‍പ്പാദനത്തില്‍ 72 ശതമാനം എന്നിവയും നമ്മുടെ സംസ്ഥാനത്തിന്റെ സംഭാവനയാണ്. കയറും കശുവണ്ടിയും മത്സ്യവും ചേരുന്നതാണ് കേരളത്തിന്റെ കാര്‍ഷികമേഖലയും അനുബന്ധ ഉല്‍പ്പാദനമേഖലയും. വ്യാവസായികമായി വികസിക്കാത്ത കേരളത്തില്‍ നമ്മുടെ സമ്പദ്ഘടനയുടെ സുപ്രധാന അടിത്തറയാണ് മേല്‍പ്പറഞ്ഞവ. ഗള്‍ഫ് കുടിയേറ്റവും നാണ്യവിളകളുടെയും അനുബന്ധമേഖലകളുടെയും കയറ്റുമതിയുമാണ് നമ്മുടെ സമ്പദ്ഘടനയെ ചലനാത്മകമാക്കി നിര്‍ത്തുന്നത്. എന്നാല്‍, ആഗോളസാമ്പത്തിക പ്രതിസന്ധി നമ്മുടെ കയറ്റുമതിയെയും പ്രവാസി മേഖലയെയും തകര്‍ത്തുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ആസിയന്‍ കരാറിലൂടെ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാകുന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ എത്താന്‍ പോകുന്നത്.
ആസിയന്‍ രാജ്യങ്ങളുടെ പ്രധാനപ്പെട്ട സവിശേഷത അവ ഭൂമധ്യരേഖയ്ക്ക് സമീപം കിടക്കുന്നു എന്നതാണ്. അതുകൊണ്ടുതന്നെ ഇവിടത്തെ കാലാവസ്ഥയും കേരളത്തിലെ കാലാവസ്ഥയും ഭൂപ്രകൃതിയും തമ്മില്‍ ചില സാമ്യങ്ങള്‍ രൂപപ്പെട്ടിട്ടുണ്ട്. ഉല്‍പ്പന്നങ്ങളും സമാനസ്വഭാവങ്ങളില്‍ ഉള്ളതാണ്. മറ്റൊരു പ്രധാനപ്പെട്ട പ്രത്യേകത ഉല്‍പ്പാദിപ്പിക്കപ്പെടുന്ന കാര്‍ഷികോല്‍പ്പന്നങ്ങളില്‍ കൂടുതല്‍ ഉല്‍പ്പാദനക്ഷമത ആസിയന്‍ രാജ്യങ്ങള്‍ക്കുണ്ട് എന്നതാണ്. കണക്കുകള്‍ ഈ കാര്യം വ്യക്തമാക്കുന്നുണ്ട്. കുരുമുളക് ഒരു ഹെക്ടറില്‍ ഇന്ത്യ 297 കിലോഗ്രാം ഉല്‍പ്പാദിപ്പിക്കുമ്പോള്‍ വിയറ്റ്നാമില്‍ 3000 കി.ഗ്രാമാണ്. ഇന്ത്യയുടെ കുരുമുളക് ഉല്‍പ്പാദനം ഉയര്‍ന്ന അളവില്‍ എത്തിയ 2001 ല്‍ ഉല്‍പ്പാദനം 80,000 ട ആയിരുന്നു. വിയറ്റ്നാമിന്റെ ഇപ്പോഴത്തെ ശരാശരി ഉല്‍പ്പാദനം ഒരു ലക്ഷം ടണ്ണില്‍ മുകളിലാണ്. കാപ്പി, തേയില എന്നിവയ്ക്ക് നിലവില്‍ 107 ശതമാനമാണ് ഇറക്കുമതി തീരുവ. കരാറിന്റെ ഭാഗമായി തേയിലയുടെ തീരുവ 45 ശതമാനമായിട്ട് കുറയുന്ന നില ഉണ്ടാകും. ഇതോടെ നിലവില്‍ പ്രതിസന്ധിയില്‍പ്പെട്ട് വട്ടംകറങ്ങുന്ന തോട്ടംമേഖല കുത്തുപാളയെടുക്കും. തേയില ഉല്‍പ്പാദനത്തിലാണെങ്കിലും വിയറ്റ്നാമും നമ്മളേക്കാള്‍ ബഹുദൂരം മുന്നില്‍ നില്‍ക്കുന്നതാണ്. ഏലത്തിന്റെ മേഖലയിലും വലിയ പ്രതിസന്ധിയാണ് വരാന്‍ പോകുന്നത്. ഗ്വാട്ടിമാലയില്‍ നിന്ന് ഏലം വന്നതോടെ പ്രതിസന്ധിയിലായ കേരളത്തിലെ കര്‍ഷകന്റെ ജീവിതത്തിന് മുകളില്‍ ഇതിലൂടെ കരിനിഴല്‍ വീഴാന്‍പോവുകയാണ്. നാളികേര കര്‍ഷകന്റെ വയറ്റത്തടിക്കുന്നതാണ് പാമോയില്‍ ഇറക്കുമതിയുമായി ബന്ധപ്പെട്ട പ്രശ്നം. രണ്ട് വര്‍ഷം മുമ്പു വരെ 80 ശതമാനമായിരുന്നു പാമോയിലിന്റെ ഇറക്കുമതി തിരുവ. പിന്നീടത് പൂര്‍ണമായും ഒഴിവാക്കുന്ന നിലയുണ്ടായി. ഇപ്പോള്‍ പാമോയിലിന്റെ പരമാവധി തീരുവ 37.5 ശതമാനമാണ്. 1.25 കോടി ടണ്‍ ഭക്ഷ്യഎണ്ണ ഇറക്കുമതിചെയ്യുന്ന നില രൂപപ്പെട്ടാല്‍ നാളികേര കര്‍ഷകന്റെ നട്ടെല്ല് ഒടിയുകതന്നെ ചെയ്യും.
പാമോയില്‍ കയറ്റുമതിചെയ്യുന്ന രണ്ട് പ്രധാന ആസിയന്‍ രാജ്യങ്ങളാണ് മലേഷ്യയും ഇന്തോനേഷ്യയും. ഇതിന്റെ ഉല്‍പ്പാദനച്ചെലവ് കുറവാണ് എന്നു മാത്രമല്ല, ഉല്‍പ്പാദനക്ഷമതയും വളരെ കൂടുതലാണ്. നാളികേരം ഉല്‍പ്പാദനത്തില്‍ ഫിലിപ്പീന്‍സിന്റെ സ്ഥാനവും ഏറെ മുന്നിലാണ്. ഇപ്പോള്‍തന്നെ മണ്ഡരി രോഗബാധ കാരണം പ്രതിസന്ധിയിലായ നാളികേര കൃഷിക്കാരനെക്കൊണ്ട് തെങ്ങുകള്‍ വെട്ടി ഒഴിപ്പിക്കുന്നതിലേക്കായിരിക്കും ഇവ നയിക്കുക. മധ്യകേരളത്തിന്റെ നട്ടെല്ലായ റബറിനെയും ഈ കരാര്‍ ബാധിക്കാതിരിക്കില്ല. റബര്‍ ഉല്‍പ്പാദനത്തില്‍ ലോകത്തുതന്നെ മുന്‍പന്തിയില്‍ നില്‍ക്കുന്ന രാഷ്ട്രങ്ങളാണ് ആസിയനില്‍ ഉള്ളത്. ഇന്തോനേഷ്യ, തായ്ലന്‍ഡ്, മലേഷ്യ എന്നിവ ഈ ഗണത്തില്‍പെടുന്നതാണ്. ഇതിനെല്ലാംപുറമെ കൃത്രിമ റബറിന്റെ നിലവിലുള്ള 28 ശതമാനം ഇറക്കുമതി തീരുവയും ഒഴിവാക്കപ്പെടുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. അതോടെ കേരളത്തിലെ കാര്‍ഷിക മേഖലയില്‍ പിടിച്ചുനില്‍ക്കുന്ന റബര്‍ കര്‍ഷകന്റെ നിലയും അവതാളത്തിലാകും. തായ്ലന്‍ഡ്, ഇന്തോനേഷ്യ, മലേഷ്യ തുടങ്ങിയവ റബര്‍ ഉല്‍പ്പാദനത്തിലും ഉല്‍പ്പാദനക്ഷമതയിലും വളരെ മുന്നിലാണ്.
കാര്‍ഷികമേഖലയെ മാത്രമല്ല അനുബന്ധമേഖലകളെയും ഈ കരാര്‍ ഗുരുതരമായി ബാധിക്കും. ഇവിടത്തേക്കാള്‍ കുറഞ്ഞ വിലയ്ക്ക് റബര്‍ നല്‍കാന്‍ കഴിവുള്ള ആസിയന്‍ രാജ്യങ്ങളില്‍നിന്ന് അവ ഇറക്കുമതിചെയ്യുക എന്നത് ഇന്ത്യന്‍ വ്യവസായികളെ സംബന്ധിച്ചിടത്തോളം അവരുടെ താല്‍പ്പര്യത്തിന് അത്യന്താപേക്ഷിതമായിരുന്നു. കേന്ദ്രസര്‍ക്കാരിനെക്കൊണ്ട് ഇത്തരം ഒരു കരാര്‍ ഉണ്ടാക്കിക്കുക എന്നത് അവരുടെ സുപ്രധാനമായ ആവശ്യവുമായിരുന്നു. അതാണ് ഇപ്പോള്‍ നടന്നിരിക്കുന്നത്.
ആസിയന്‍ കരാര്‍ പ്രകാരം 177 മത്സ്യോല്‍പ്പന്നങ്ങള്‍ ഇപ്പോള്‍തന്നെ ഇറക്കുമതി പട്ടികയില്‍ സ്ഥാനംപിടിച്ചിട്ടുണ്ട്. വിദേശ കപ്പലുകള്‍ രാജ്യത്തിന്റെ സമുദ്രാതിര്‍ത്തിയില്‍ കടന്നുവന്ന് വന്‍തോതില്‍ മത്സ്യസമ്പത്ത് കോരിയെടുക്കുന്നത് ഈ മേഖലയില്‍ വലിയ പ്രതിസന്ധി ഇപ്പോള്‍ സൃഷ്ടിച്ചിരിക്കുകയാണ്. ഇതിനെതിരായി വലിയ പ്രക്ഷോഭം മത്സ്യമേഖലയില്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് ആസിയന്‍ കരാറിലൂടെ ഈ മേഖലയില്‍ ഉണ്ടായിട്ടുള്ള ഇരുട്ടടി. തായ്ലന്‍ഡ്, ഇന്തോനേഷ്യ, ഫിലിപ്പീന്‍സ് തുടങ്ങിയവ മത്സ്യം വന്‍തോതില്‍ ഉല്‍പ്പാദിപ്പിക്കുന്ന രാജ്യങ്ങളാണ്. കാലാവസ്ഥ കേരളത്തിലെ കടലിനോട് സമാനമാണ്. ഇവിടെ നെത്തോലി, മത്തി, അയല, വറ്റ, ചെമ്മീന്‍ എന്നീവ വന്‍തോതില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്നുണ്ട്. മത്സ്യകൃഷിയും മറ്റും ഏറെ വികസിച്ച വിയറ്റ്നാമില്‍ ഉല്‍പ്പാദന ചെലവ് വളരെ കുറവായതുകൊണ്ട് മത്സ്യത്തിന്റെ ഇന്ത്യന്‍വിപണി പിടിച്ചെടുക്കാന്‍ വലിയ പ്രയാസം അവര്‍ക്കുണ്ടാവില്ല. മത്സ്യോല്‍പ്പാദനത്തില്‍ തായ്ലന്‍ഡ് പോലുള്ള രാജ്യങ്ങളില്‍നിന്നുള്ള ഇറക്കുമതി വലിയ പ്രതിസന്ധി ആ മേഖലയിലും സൃഷ്ടിക്കും. സ്വാഭാവികമായും കടലോരമേഖല വറുതിയിലേക്ക് നയിക്കപ്പെടും. കേരളത്തിലെ 70 ലക്ഷത്തോളം പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ജീവിതം ഇതിലൂടെ പ്രതിസന്ധിയിലാകും. കേരളത്തിലെ ആഭ്യന്തര ശരാശരി മത്സ്യോല്‍പ്പാദനം ആറര ലക്ഷം ടണ്ണാണ്. ഇതിന്റെ 10 ശതമാനമേ കയറ്റുമതി ചെയ്യുന്നുള്ളൂ. നമ്മുടെ വിപണിയിലേക്ക് ഇവ വന്നെത്തുന്നതോടെ തീരദേശം പട്ടിണിയിലേക്ക് വലിച്ചെറിയപ്പെടുന്ന നിലയാണ് ഉണ്ടാവുക.
പാവപ്പെട്ടവര്‍ ജോലിചെയ്യുന്ന പരമ്പരാഗതമേഖലയെയും ഈ കരാര്‍ ഗുരുതരമായി ബാധിക്കാന്‍ പോവുകയാണ്. കേരളത്തിലെ പാവപ്പെട്ടവര്‍ ഏറെ ജോലിചെയ്യുന്ന മേഖലയാണ് പരമ്പരാഗത വ്യവസായമേഖല. കയര്‍മേഖലയില്‍മാത്രം 3.83 ലക്ഷം തൊഴിലാളികള്‍ പ്രവര്‍ത്തിക്കുന്നു. ഇതിലെ 76 ശതമാനവും വനിതകളാണ്. ഈ മേഖലയെയും പ്രതിസന്ധിയിലേക്ക് നയിക്കുന്നതിലേക്കായിരിക്കും ഈ കരാറിലൂടെ കേരളം എത്തിച്ചേരുക. 1.75 ലക്ഷംപേര്‍ ജോലിചെയ്യുന്ന കൈത്തറി മേഖലയെയും ആസിയാന്‍ കരാര്‍ ബാധിക്കും. ഇങ്ങനെ പരമ്പരാഗതമേഖലയിലും ദുരിതം വിതയ്ക്കുന്ന ഈ കരാര്‍ എതിര്‍ക്കപ്പെടാതിരിക്കുക എന്നത് കേരളത്തെ സംബന്ധിച്ചിടത്തോളം ആത്മഹത്യാപരമാണ്.
ആസിയന്‍ കരാര്‍ പ്രതിസന്ധി ഉണ്ടാക്കും എന്ന കാര്യം തീര്‍ച്ചയായും യുഡിഎഫും അംഗീകരിക്കുന്നുണ്ട്. അതുകൊണ്ടാണല്ലോ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ ഉമ്മന്‍ചാണ്ടിയും കൂട്ടരും പ്രധാനമന്ത്രിയെ കണ്ടത്. എന്നാല്‍, തങ്ങളുടെ ആശങ്ക തീര്‍ന്നു എന്നതിനെ അടിസ്ഥാനമായി പറഞ്ഞ കാര്യങ്ങളെല്ലാം വസ്തുതാവിരുദ്ധമാണ്. നെഗറ്റീവ് ലിസ്റ്റുണ്ട് എന്നാണ് ഇവരുടെ വാദം. നെഗറ്റീവ് ലിസ്റ്റില്‍ 1460 ഉല്‍പ്പന്നം ഉള്‍പ്പെടുത്തണമെന്നായിരുന്നു ഇന്ത്യയുടെ ആദ്യത്തെ വാദം. ഇപ്പോള്‍ അത് 489 ആയി കുറച്ചിരിക്കുകയാണ്. ഇതിനുപോലും സാധ്യത ഇല്ല എന്നതാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന വസ്തുതകളില്‍നിന്ന് വ്യക്തമാകുന്നത്.
1994 ല്‍ ചേര്‍ന്ന ആസിയന്‍ രാജ്യങ്ങളുടെ സമ്മേളനം 100 ശതമാനം ഉല്‍പ്പന്നങ്ങളുടെയും തീരുവ 10 വര്‍ഷംകൊണ്ട് അഞ്ച് ശതമാനമായി കുറയ്ക്കണമെന്ന് തീരുമാനിച്ചതാണ്. 2004 മുതല്‍ ഇന്ത്യയും ആസിയന്‍ രാജ്യങ്ങളുമായി നടന്ന ചര്‍ച്ചയിലൂടെ ഇന്ത്യക്കുവേണ്ടി മന്‍മോഹന്‍സിങ് നെഗറ്റീവ് ലിസ്റ്റ്, തീവ്ര സംരക്ഷിത ലിസ്റ്റ് എന്നിവയിലുള്ളവയെ സാധാരണ ലിസ്റ്റിലേക്ക് മാറ്റാന്‍ അനുവദിച്ചിട്ടുണ്ട്. അതിനാല്‍ നെഗറ്റീവ് ലിസ്റ്റ് നിലനില്‍ക്കുന്നുണ്ടോ എന്ന കാര്യംപോലും വ്യക്തമല്ല. അടുത്ത 10 വര്‍ഷം കൊണ്ട് തീരുവ അഞ്ച് ശതമാനമായി കുറയ്ക്കേണ്ട ഉല്‍പ്പന്നങ്ങള്‍ മാത്രമുള്ള സാധാരണ ലിസ്റ്റിലാണ് കേരളത്തിലെ ഏകദേശം എല്ലാ കാര്‍ഷിക ഉല്‍പ്പന്നങ്ങളും. ആ കരാറിലാണ് ഇന്ത്യ ഇപ്പോള്‍ ഒപ്പിട്ടത്.
കേന്ദ്രസര്‍ക്കാര്‍ പറയുന്നതുപോലെ സ്വതന്ത്രകരാറായിത്തന്നെ പേര് നല്‍കിയിരിക്കുന്ന ഇതില്‍ രാജ്യം മുന്നോട്ടുവയ്ക്കുന്ന നിബന്ധനകള്‍ സ്വീകാര്യമാവാനുള്ള സാധ്യതയും ഇല്ല. നമ്മുടെ അത്തരം നിര്‍ദേശങ്ങള്‍ മറ്റ് രാഷ്ട്രങ്ങള്‍ അംഗീകരിക്കാനും ഇടയില്ല. ചുരുക്കത്തില്‍ 2017 ആകുമ്പോഴേക്കും ചുങ്കം ഒഴിവാക്കുകയോ നാമമാത്രമായി തീരുകയോ ചെയ്യും എന്ന കാര്യത്തില്‍ തര്‍ക്കമില്ല. അതുകൊണ്ടാണല്ലോ ശ്രീ കെ എം മാണി പോലും കരാറിനെ എതിര്‍ക്കുന്ന സാഹചര്യം രൂപപ്പെട്ടിരിക്കുന്നത്.
ഏഴുകൊല്ലം കഴിഞ്ഞേ അതുകൊണ്ട് പ്രശ്നം ഉണ്ടാകൂ എന്ന് പറയുന്നവര്‍ കേരളത്തിലെ സുപ്രധാനമായ വിളകളെല്ലാം ദീര്‍ഘവിളകളാണ് എന്ന വസ്തുത ഓര്‍ക്കേണ്ടതുണ്ട്. ഏഴുകൊല്ലം കഴിഞ്ഞ് വിലത്തകര്‍ച്ച ഉണ്ടാകുമെന്ന സ്ഥിതി ഉണ്ടെങ്കില്‍പ്പോലും വാണിജ്യവിളകള്‍ പുതുതായി ആരും കൃഷി ചെയ്യില്ല എന്നത് വസ്തുതയാണല്ലോ. അപ്പോള്‍ കാര്‍ഷികത്തകര്‍ച്ച തന്നെയാണ് കേരളത്തില്‍ ഉണ്ടാകാന്‍ പോകുന്നത് എന്ന കാര്യം അവരും അംഗീകരിക്കുന്നുവെന്നാണ് അര്‍ഥം.
കേരളത്തിലെ കൃഷിക്കാര്‍ സബ്സിഡി ആഗ്രഹിക്കുന്നവരാണ് എന്ന വിമര്‍ശനവും ഉമ്മന്‍ചാണ്ടി നടത്തിയിട്ടുണ്ട്. യഥാര്‍ഥത്തില്‍ വികസിത മുതലാളിത്ത രാജ്യങ്ങളില്‍ പോലും വന്‍തോതില്‍ സബ്സിഡി ലഭിക്കുന്നുണ്ട് എന്നകാര്യം ഉമ്മന്‍ചാണ്ടി വിസ്മരിക്കുകയാണ് ചെയ്തത്. ദോഹാവട്ട ചര്‍ച്ചകളില്‍ ഉള്‍പ്പെടെ വികസിത രാജ്യങ്ങള്‍ നല്‍കുന്ന ഈ ഉയര്‍ന്ന സബ്സിഡിയുമായി ബന്ധപ്പെട്ടാണ് തര്‍ക്കങ്ങള്‍ രൂപപ്പെട്ടത് എന്ന കാര്യം ഇവര്‍ വിസ്മരിക്കുകയാണ്. സ്വതന്ത്രവ്യാപാരമേഖലയായി മാറ്റപ്പെടുന്നതോടെ ഈ രാജ്യങ്ങളില്‍ക്കൂടി മറ്റ് രാജ്യങ്ങളിലെ ഉല്‍പ്പന്നങ്ങളും ചുങ്കമില്ലാതെയും നിയന്ത്രണമില്ലാതെയും കടന്നുവരുന്ന അവസ്ഥ ഉണ്ടാകും. അത് നമ്മുടെ സമ്പദ്ഘടനയില്‍ ഗുരുതരമായ പ്രത്യാഘാതം സൃഷ്ടിക്കും.
ആസിയന്‍ കരാര്‍ നടപ്പാക്കുമ്പോള്‍ തകരുന്നത് കേരളത്തിന്റെ സമ്പദ്ഘടനയുടെ സുപ്രധാനമായ ഒരു മേഖല ആണെന്ന് കാണണം. റബറിനും നാളികേരത്തിനും അതുപോലുള്ള വിളകള്‍ക്കും വില തകരുമ്പോള്‍ നമ്മുടെ നാട്ടിലെ കര്‍ഷകന്റെ കൈയില്‍ പണമില്ലാതെയാകും. മാത്രമല്ല, മത്സ്യമേഖല വമ്പിച്ച വറുതിയില്‍പ്പെട്ട് ഉഴലും. അതോടെ ഈ വരുമാനത്തെ ആശ്രയിച്ച് നില്‍ക്കുന്ന സംസ്ഥാനത്തെ സമസ്ത മേഖലയും പ്രതിസന്ധിയിലാകും. കച്ചവടവും മറ്റും നടക്കാതെ പോകും. അതിലൂടെ കേരളത്തിലെ എല്ലാ ക്രയവിക്രയങ്ങളും ഇല്ലാതാവുന്ന നിലയുണ്ടാകും. നമ്മുടെ അങ്ങാടികളും നഗരങ്ങളും നിശ്ചലമാക്കുന്ന ഒരു കാലത്തേക്കാണ് കേരളം നീങ്ങാന്‍ പോകുന്നത്. 2010 ജനുവരി ഒന്നോടെ ഈ കരാര്‍ പ്രാബല്യത്തില്‍ വരുന്നതോടെ കേരളത്തിലെ മൂന്നു കോടി വരുന്ന ജനതയുടെ ജീവിതം ദുരിതപൂര്‍ണമായിത്തീരും.
നാടിനെ ആകമാനം ബാധിക്കുന്ന ഈ പ്രശ്നം കൈകാര്യംചെയ്യുന്നതിന് കേരളത്തിലെ ജനങ്ങളുടെ ആകമാനം പോരാട്ടം ഉയര്‍ന്ന് വരേണ്ടതുണ്ട്. ആ പോരാട്ടത്തില്‍ എല്ലാ ജനവിഭാഗവും അണിനിരക്കുക എന്നതും മര്‍മപ്രധാനമാണ്. ഈ കരാറിനോട് എതിര്‍പ്പുള്ള നാടിനെ സ്നേഹിക്കുന്ന മുഴുവന്‍ ആളുകളെയും കൂട്ടി യോജിപ്പിച്ചുകൊണ്ടുള്ള വമ്പിച്ച ബഹുജനമുന്നേറ്റം ഇവിടെ ഉയര്‍ന്നുവരേണ്ടതുണ്ട്. രാഷ്ട്രീയമായി ഞങ്ങളോട് അഭിപ്രായവ്യത്യാസം ഉള്ളവരെയും ചേര്‍ത്തുകൊണ്ട് ഈ പോരാട്ടം മുന്നോട്ടു കൊണ്ടുപോകാനാണ് പാര്‍ടി ഉദ്ദേശിക്കുന്നത്. കേരളത്തെ രക്ഷിക്കാനുള്ള ഈ പടനിരയില്‍ മുഴുവന്‍ ബഹുജനങ്ങളുടെയും പിന്തുണ പാര്‍ടി അഭ്യര്‍ഥിക്കുന്നു.
പിണറായി വിജയന്‍ ദേശാഭിമാനി 17-08-2009
ആസിയന്‍ കരാര്‍ ഒപ്പുവയ്ക്കുന്ന പ്രശ്നം ഉയര്‍ന്നുവന്നപ്പോള്‍ കേരളം ഇത്ര ശക്തമായി പ്രതികരിക്കാന്‍ ഇടയായത് എന്തുകൊണ്ടാണെന്ന് ചിലപ്പോള്‍ സംശയം ഉയര്‍ന്നു വന്നേക്കാം. മറ്റൊരു സംസ്ഥാനത്തും ഉയര്‍ന്നുവരാത്ത തരത്തിലുള്ള എതിര്‍പ്പ് രൂപപ്പെട്ടതിന്റെ പശ്ചാത്തലം അറിയണമെങ്കില്‍ കേരളത്തിന്റെ കാര്‍ഷിക മേഖലയുടെ സവിശേഷതകൂടി മനസ്സിലാക്കേണ്ടതുണ്ട്.
ReplyDeleteകേരളത്തിന്റെ കാര്‍ഷികമേഖലയിലെ പ്രധാനപ്പെട്ട സവിശേഷത കൃഷിഭൂമിയുടെ ഏകദേശം 16 ശതമാനം മാത്രമാണ് ഭക്ഷ്യവിളകള്‍ കൃഷിചെയ്യുന്നത് എന്നതാണ്. നാണ്യവിളകളില്‍ ഊന്നി നില്‍ക്കുന്ന ഇത്തരം ഒരു അവസ്ഥ കേരളത്തില്‍ രൂപീകരിക്കപ്പെടുന്നതിന് ചരിത്രപരമായ കാരണങ്ങളുണ്ട്. സുഗന്ധവ്യഞ്ജനങ്ങള്‍ ഉള്‍പ്പെടെയുള്ള മലഞ്ചരക്കുകള്‍ കേരളം നൂറ്റാണ്ടുകള്‍ക്കുമുമ്പുതന്നെ ഇവിടെനിന്ന് കയറ്റി അയച്ചതായിരുന്നു. വിദേശമാര്‍ക്കറ്റില്‍ പ്രിയമുള്ള വസ്തുക്കളായിരുന്നു ഇവ. ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ ആധിപത്യം സ്ഥാപിച്ചപ്പോള്‍ ഇത്തരം ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കുന്നതിനായി തോട്ടങ്ങള്‍ ആരംഭിച്ചു. അതിന്റെ തുടര്‍ച്ചയായാണ് നാണ്യവിള ഉല്‍പ്പാദനത്തിന്റെ രീതി വികസിച്ചുവന്നത്. ആഭ്യന്തരമായ മറ്റ് ചില കാരണങ്ങളും ഇത്തരം ഒരു മാറ്റത്തിന് കാരണമായിരുന്നു. സവിശേഷമായ കേരളത്തിന്റെ ഈ സമ്പദ്ഘടന മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് വ്യത്യസ്തമായുള്ള ഒരു രീതി ഇവിടെ വളര്‍ത്തിയെടുത്തു.
കാര്‍ഷികസമ്പദ്സമൃദ്ധമായിരുന്ന കേരളം ഇതോടെ അസ്തമിക്കും. മരണമണി മുഴങ്ങി.
ReplyDelete