മലയാളിയുടെ ആരോഗ്യസുരക്ഷയിലും ആയുര്‍ദൈര്‍ഘ്യത്തിലും മത്സ്യാഹാരം നിര്‍ണായക പങ്ക് വഹിക്കുന്നതായി പഠനങ്ങള്‍ വ്യക്തമാക്കുന്നു. എന്നാല്‍, മത്സ്യസമ്പത്തിന്റെ തകര്‍ച്ചയെത്തുടര്‍ന്ന് ലഭ്യത കുറഞ്ഞത് ആഭ്യന്തരവിപണിയില്‍ മത്സ്യ വിലക്കയറ്റത്തിന് ഇടയാക്കുന്നു. പോഷകത്തിനായി മത്സ്യത്തെ ആശ്രയിക്കുന്ന പാവപ്പെട്ടവര്‍ക്ക് മത്സ്യം വാങ്ങാനാകാത്ത അവസ്ഥ സംജാതമാകുകയും ഇത് അവരുടെ ആരോഗ്യത്തെയും പോഷകസുരക്ഷയെയും പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നു. ഈ സ്ഥിതിവിശേഷത്തെ ഗൌരവത്തോടെയാണ് സംസ്ഥാന സര്‍ക്കാര്‍ വീക്ഷിക്കുന്നത്.
ദേശീയരംഗത്ത് മത്സ്യോല്‍പ്പാദനമേഖലയില്‍ കേരളം കൈവരിച്ച നേട്ടങ്ങള്‍ പക്ഷേ സന്തുലിതമായ വികസനത്തിന്റെ ഫലമായിട്ടായിരുന്നില്ല. കേരളം ഊന്നല്‍ നല്‍കിയത് കടല്‍ മത്സ്യോല്‍പ്പാദനം പരമാവധി വര്‍ധിപ്പിക്കുന്ന പദ്ധതികള്‍ക്കായിരുന്നു. ഏകമുഖവികസനത്തിന്റെ ഫലമായി കടല്‍ മത്സ്യമേഖലയില്‍ അമിത മത്സ്യബന്ധനത്തിന് ഇടവരികയും ആ മേഖലയില്‍ മുരടിപ്പും ഉല്‍പ്പാദനമാന്ദ്യവും ഉടലെടുക്കുകയും ചെയ്തു. ഇന്ത്യയുടെ മൊത്തം മത്സ്യോല്‍പ്പാദനത്തില്‍ 50 ശതമാനത്തിലധികം ഉള്‍നാടന്‍ മേഖലയുടെ സംഭാവനയാണ്. ദേശീയ രംഗത്ത് ഉള്‍നാടന്‍ മത്സ്യോല്‍പ്പാദനരംഗം കാഴ്ചവയ്ക്കുന്ന പ്രകടനത്തിന് അനുരോധമായി സംസ്ഥാനത്തെ ഉള്‍നാടന്‍ മത്സ്യമേഖലയിലെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിനും വൈവിധ്യവല്‍ക്കരണത്തിലൂടെ മത്സ്യകര്‍ഷകര്‍ക്ക് പുതിയ ഉപജീവനമാര്‍ഗങ്ങളും മെച്ചപ്പെട്ട വരുമാനവും പ്രദാനംചെയ്യുന്നതിനും ജനങ്ങളുടെ ഭക്ഷ്യസുരക്ഷയും പ്രോട്ടീന്‍ സുരക്ഷയും ഉറപ്പാക്കുന്നതിനും സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്.
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ഉടന്‍ മത്സ്യമേഖലയില്‍ ദിശാബോധത്തോടുകൂടിയ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കംകുറിച്ചു. കേരളത്തിന്റെ ജലവിഭവശേഷി പ്രയോജനപ്പെടുത്തി ഉള്‍നാടന്‍ മത്സ്യോല്‍പ്പാദനം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി സമഗ്രമായ ഉള്‍നാടന്‍ ഫിഷറീസ് മാസ്റ്റര്‍ പ്ളാന്‍ തയ്യാറാക്കാന്‍ പ്രശസ്ത മത്സ്യശാസ്ത്രജ്ഞന്‍ ഡോ.എം എന്‍ കുട്ടി അധ്യക്ഷനായി വിദഗ്ധസമിതിയെ നിയോഗിച്ചു. സമിതിയുടെ നിര്‍ദേശം കണക്കിലെടുത്ത് ഉള്‍നാടന്‍ മത്സ്യമേഖലയുടെ സമ്പൂര്‍ണവികസനം ലക്ഷ്യമാക്കി 'മത്സ്യകേരളം' പദ്ധതിക്ക് രൂപം നല്‍കി. അടുത്ത മൂന്നുവര്‍ഷം കൊണ്ട് 10,000 ഹെക്ടര്‍ ജലശേഖരങ്ങള്‍ വൈവിധ്യവല്‍ക്കരണത്തിന് മുന്‍ഗണന നല്‍കി മത്സ്യക്കൃഷിയുടെകീഴില്‍ കൊണ്ടുവരിക എന്നതാണ് മത്സ്യകേരളം പദ്ധതിയുടെ ഉദ്ദേശ്യം. മൊത്തം അടങ്കല്‍ 71 കോടി രൂപയും കര്‍ഷകര്‍ക്ക് സഹായധനമായി അനുവദിക്കുന്നത് 24 കോടി രൂപയുമാണ്. അടുത്ത മൂന്ന് വര്‍ഷത്തിനകം കേരളത്തിലെ ഉള്‍നാടന്‍ മത്സ്യോല്‍പ്പാദനം നിലവിലുള്ള 0.75 ലക്ഷംടണ്ണില്‍നിന്ന് 2 ലക്ഷംട ആയി വര്‍ധിപ്പിക്കുകയാണ് പദ്ധതിയുടെ ആത്യന്തികമായ ലക്ഷ്യം.
മത്സ്യകേരളം പദ്ധതിയുടെ ആദ്യഘട്ടം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ വളരെ വിജയകരമായാണ് പൂര്‍ത്തിയാക്കിയത്. ചെമ്മീന്‍ കൃഷിക്കായിരുന്നു ഊന്നല്‍. 2140 ഹെക്ടര്‍ പ്രദേശങ്ങളില്‍ ചെമ്മീന്‍ കൃഷി നടപ്പാക്കുകയും 817 കല്ലുമ്മേക്കായ കൃഷി യൂണിറ്റുകള്‍ സ്ഥാപിക്കുകയും ചെയ്തു. ഈ സാമ്പത്തികവര്‍ഷം മത്സ്യക്കൃഷിക്ക് പ്രാമുഖ്യം നല്‍കിക്കൊണ്ട് മത്സ്യകേരളം പദ്ധതിയുടെ രണ്ടാംഘട്ടത്തിന് തുടക്കം കുറിക്കുകയാണ്. 3000 ഹെക്ടര്‍ ശുദ്ധജലാശയങ്ങളില്‍ മത്സ്യക്കൃഷി പ്രോത്സാഹിപ്പിക്കാനാണ് രണ്ടാംഘട്ടത്തില്‍ ലക്ഷ്യമിടുന്നത്. അതിനുള്ള മുന്നൊരുക്കങ്ങള്‍ എല്ലാ ജില്ലയിലും നടന്നുവരികയാണ്.
കേരളത്തിലെ എല്ലാ ജില്ലയിലും ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നടപ്പാക്കിവരികയാണ്. ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി പുനരുദ്ധരിക്കപ്പെട്ട മുഴുവന്‍ കുളങ്ങളും ടാങ്കുകളും മറ്റു ജലശേഖരങ്ങളും മത്സ്യകേരളം പദ്ധതിയുടെ കീഴില്‍ കൊണ്ടുവരുന്നതിന് പഞ്ചായത്തുകള്‍ കാണിക്കുന്ന താല്‍പ്പര്യം ഏറെ പ്രതീക്ഷ നല്‍കുന്നു. തല്‍പ്പരരായ മത്സ്യ കര്‍ഷകരുടെ സ്വാശ്രയ ഗ്രൂപ്പുകള്‍ സംഘടിപ്പിച്ച് അവരുടെ കൂട്ടായ്മയില്‍ തദ്ദേശഭരണ സ്ഥാപനങ്ങളുടെ കീഴിലുള്ള പൊതുജലാശയങ്ങളില്‍ മത്സ്യക്കൃഷി നടപ്പാക്കുന്നതിനാണ് പരിശ്രമിക്കുന്നത്.
പാടശേഖരസമിതികളുടെ നേതൃത്വത്തില്‍ ഇടവിളയായി പാടശേഖരങ്ങളിലും സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള കുളങ്ങളിലും മത്സ്യക്കൃഷി വ്യാപിപ്പിക്കും. ലീസ് ഫാമിങ്ങിലേക്ക് മുന്നോട്ടുവരുന്ന കുടുംബശ്രീ കൂട്ടായ്മകള്‍ക്ക് മത്സ്യകേരളം പദ്ധതി പ്രോത്സാഹനം നല്‍കും. പ്രാദേശികതലത്തില്‍ കര്‍ഷകര്‍ക്ക് മത്സ്യക്കൃഷിയില്‍ സാങ്കേതികമായ ഉപദേശം യഥാസമയം ലഭ്യമാക്കുന്നതിന് പ്രാദേശികവിദഗ്ധരുടെയും അനുഭവസമ്പന്നരായ കര്‍ഷകരുടെയും സേവനം പ്രയോജനപ്പെടുത്തണം. പഞ്ചായത്ത് തലത്തില്‍ രൂപീകരിക്കപ്പെട്ട മത്സ്യകര്‍ഷക ക്ളബുകള്‍ ഇത്തരം പ്രവര്‍ത്തനങ്ങളുമായി സജീവമായി ബന്ധപ്പെടണം. അക്വാകള്‍ച്ചര്‍ രംഗത്ത് വൈവിധ്യവല്‍ക്കരണത്തിന് മുന്‍ഗണന നല്‍കി നാട്ടുകാര്‍ക്ക് പ്രിയങ്കരമായ തദ്ദേശ മത്സ്യ ഇനങ്ങള്‍ക്ക് പ്രത്യേകിച്ച് ആറ്റുകൊഞ്ച്, കരിമീന്‍, മുഷി, ബ്രാല്‍, കാളാഞ്ചി തുടങ്ങിയ ഇനങ്ങളുടെ പ്രോത്സാഹനത്തിനും മത്സ്യകേരളം പദ്ധതിയില്‍ നടപടി സ്വീകരിക്കുന്നുണ്ട്. പദ്ധതിക്കാവശ്യമായ മത്സ്യവിത്ത് പ്രാദേശികതലത്തില്‍ ലഭ്യമാക്കുന്നതിന് മത്സ്യ കര്‍ഷകരുടെ നേതൃത്വത്തില്‍ മത്സ്യവിത്ത് പരിപാലനയൂണിറ്റുകള്‍ സ്ഥാപിക്കുന്നതിനും പദ്ധതി ആവിഷ്കരിച്ച് നടപ്പാക്കി വരികയാണ്. കര്‍ഷക ഗ്രൂപ്പുകള്‍ പ്രാദേശികമായി ഉല്‍പ്പാദിപ്പിക്കുന്ന മത്സ്യവിത്ത് “”ബൈബാക്ക്” അറേഞ്ച്മെന്റിലൂടെ വാങ്ങി സീഡ് ബാങ്കുകള്‍ വഴി സംഭരിക്കുന്നതിനും മത്സ്യകേരളം പദ്ധതിയുടെ ഗുണഭോക്താക്കള്‍ക്ക് സൌജന്യമായി വിതരണംചെയ്യുന്നതിനും ക്രമീകരണങ്ങള്‍ ചെയ്തിട്ടുണ്ട്. മത്സ്യകര്‍ഷകര്‍ക്ക് വിളസംരക്ഷണം ഉറപ്പാക്കുന്നതിന് കര്‍ഷകര്‍ക്ക് ഹെക്ടറിന് 1500 രൂപയുടെ പ്രീമിയം സബ്സിഡി അനുവദിക്കുന്ന ഇന്‍ഷുറന്‍സ് പദ്ധതിയും മത്സ്യകേരളം വാഗ്ദാനം ചെയ്യുന്നുണ്ട്. മികച്ച മത്സ്യകര്‍ഷകരെ കണ്ടെത്തി ആദരിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും മത്സ്യകേരളം പദ്ധതിയില്‍ നടപടി സ്വീകരിച്ചിട്ടുണ്ട്.
എസ് ശര്‍മ
മലയാളിയുടെ ആരോഗ്യസുരക്ഷയിലും ആയുര്‍ദൈര്‍ഘ്യത്തിലും മത്സ്യാഹാരം നിര്‍ണായക പങ്ക് വഹിക്കുന്നതായി പഠനങ്ങള്‍ വ്യക്തമാക്കുന്നു. എന്നാല്‍, മത്സ്യസമ്പത്തിന്റെ തകര്‍ച്ചയെത്തുടര്‍ന്ന് ലഭ്യത കുറഞ്ഞത് ആഭ്യന്തരവിപണിയില്‍ മത്സ്യ വിലക്കയറ്റത്തിന് ഇടയാക്കുന്നു. പോഷകത്തിനായി മത്സ്യത്തെ ആശ്രയിക്കുന്ന പാവപ്പെട്ടവര്‍ക്ക് മത്സ്യം വാങ്ങാനാകാത്ത അവസ്ഥ സംജാതമാകുകയും ഇത് അവരുടെ ആരോഗ്യത്തെയും പോഷകസുരക്ഷയെയും പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നു. ഈ സ്ഥിതിവിശേഷത്തെ ഗൌരവത്തോടെയാണ് സംസ്ഥാന സര്‍ക്കാര്‍ വീക്ഷിക്കുന്നത്.
ReplyDelete