Friday, August 28, 2009

പോള്‍ വധവും മാധ്യമങ്ങളും

മുത്തൂറ്റ് എന്ന പണമിടപാട് സ്ഥാപനം കേരളത്തില്‍ സുപരിചിതമാണ്. ആ പേരില്‍ മറ്റനേകം വാണിജ്യ സംരംഭങ്ങള്‍ നല്ലനിലയ്ക്ക് നടക്കുന്നുണ്ട്. സംസ്ഥാനത്തെ ഏറ്റവും സമ്പന്നമായ ബിസിനസ് ഗ്രൂപ്പുകളിലൊന്നായ മുത്തൂറ്റ് കുടുംബത്തിലെ ഇളംതലമുറയില്‍പെട്ട; സ്വന്തമായി വന്‍ബിസിനസ് നടത്തുന്നയാളാണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട മുത്തൂറ്റ് പോള്‍ ജോര്‍ജ്. ആലപ്പുഴ-ചങ്ങനാശേരി റോഡിലൂടെ യാത്രചെയ്യവെ അര്‍ധരാത്രിക്കുശേഷം ദുരൂഹ സാഹചര്യത്തില്‍ ആ യുവാവ് കൊല്ലപ്പെട്ടതിനെക്കുറിച്ചുള്ള വാര്‍ത്തകളും വിവാദങ്ങളും വലിയ തോതില്‍ തുടരുകയാണ്. എന്തും വിവാദമാക്കാനും തങ്ങള്‍ക്ക് ഹിതകരമാംവിധം തിരിച്ചുവിടാനും പ്രത്യേക സിദ്ധിയാര്‍ജിച്ച മാധ്യമങ്ങള്‍ക്ക് മുന്‍തൂക്കമുള്ള സംസ്ഥാനമെന്ന നിലയില്‍ കേരളത്തിന്റെ ഏറ്റവും ഗൌരവമുള്ളതും സാര്‍വത്രികമായതുമായ ചര്‍ച്ചാവിഷയമായിത്തന്നെ ആ കൊലപാതകവും അനുബന്ധ കാര്യങ്ങളും മാറിയിരിക്കുന്നു. കൊല്ലപ്പെട്ടയാളുടെ പശ്ചാത്തലമോ കൊലനടന്ന സാഹചര്യങ്ങളോ പൊലീസ് അന്വേഷിച്ച് കണ്ടെത്തിയ വിവരങ്ങളോ കണക്കിലെടുക്കാതെ സാങ്കല്‍പ്പിക വാര്‍ത്തകള്‍ കെട്ടിച്ചമയ്ക്കുന്നതിലേക്കും കേസിനെ രാഷ്ട്രീയ ലക്ഷ്യത്തിനായി വഴിതിരിച്ചുവിടുന്നതിലേക്കും എത്തുകയാണ് മാധ്യമ ഇടപെടലുകള്‍.

സംഭവം നടന്ന് ഇരുപത്തിനാലുമണിക്കൂറിനകം കൊലപാതകികളെ കണ്ടെത്തി പിടികൂടുകയും കൊലയ്ക്കു കാരണമായ ഘടകങ്ങള്‍ തെളിവുസഹിതം പുറത്തുകൊണ്ടുവരികയും ചെയ്ത് അഭിനന്ദനാര്‍ഹമായ പ്രവര്‍ത്തനമാണ് ഇക്കാര്യത്തില്‍ പൊലീസ് നടത്തിയിട്ടുള്ളത്. അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന ഐജി പത്രസമ്മേളനം വിളിച്ച്, അതുവരെ പൊലീസ് മനസിലാക്കിയ കാര്യങ്ങള്‍ വിശദീകരിച്ചു. മാധ്യമ പ്രവര്‍ത്തകരുടെ തലങ്ങും വിലങ്ങുമുള്ള ചോദ്യങ്ങള്‍ക്ക് വിശദമായി ഉത്തരം നല്‍കി. പൊലീസിന് പ്രാഥമികമായി ലഭിച്ച വിവരങ്ങളാണ് പറയുന്നതെന്നും ഗൂഢാലോചനയെക്കുറിച്ചും മറ്റു ദുരൂഹതകളെക്കുറിച്ചും അന്വേഷണം തുടരുമെന്നും ഐജി വ്യക്തമാക്കുകയുണ്ടായി. പൊലീസ് അതിവേഗം അതീവ ജാഗ്രതയോടെ അന്വേഷിച്ച് തെളിയിച്ച കേസ് എന്ന നിലയില്‍ കാണുന്നതിനുപകരം പൊലീസിന്റെ പ്രവര്‍ത്തനത്തില്‍ ദുരര്‍ഥങ്ങള്‍ ആരോപിച്ച് പുതിയ വിവാദങ്ങള്‍ സൃഷ്ടിക്കാനും അന്വേഷണത്തിന്റെ വിശ്വാസ്യത തകര്‍ക്കാനും തങ്ങള്‍ നിശ്ചയിക്കുന്നവരെയാണ് പിടികൂടേണ്ടതും പ്രതിയാക്കേണ്ടതും എന്ന നിര്‍ബന്ധം അടിച്ചേല്‍പ്പിക്കാനുമുള്ള മാധ്യമങ്ങളുടെ വെപ്രാളമാണ് പിന്നീടുള്ള നാളുകളില്‍ കാണുന്നത്. അന്വേഷിച്ച് സത്യം കണ്ടെത്താനല്ല, അന്വേഷണത്തിലേക്ക് സിപിഐ എമ്മിനെയും ആഭ്യന്തരമന്ത്രിയുടെ ഓഫീസിനെയും വലിച്ചിഴയ്ക്കാനുള്ള കുടിലനീക്കമാണുണ്ടാകുന്നത്. അതാകട്ടെ, യൂത്ത് കോണ്‍ഗ്രസിന്റെയും യൂത്ത് ലീഗിന്റെയും ബിജെപിയുടെയും മറ്റും പ്രതികരണങ്ങള്‍ക്ക് ചുവടൊപ്പിച്ചുള്ളതുമാണ്.

ഈ പ്രതികരണങ്ങളില്‍ പറഞ്ഞതും മാധ്യമങ്ങള്‍ ആവര്‍ത്തിച്ചതുമായ ഒരുകാര്യം, പോള്‍ ആക്രമിക്കപ്പെട്ടശേഷം കൂടെയുണ്ടായിരുന്നവര്‍ രക്ഷപ്പെട്ട കാര്‍ ആഭ്യന്തരമന്ത്രിയുടെ ഓഫീസ് ഇടപെട്ട് വിട്ടുകൊടുത്തു എന്നാണ്. യഥാര്‍ഥത്തില്‍ കാര്‍ ആര്‍ക്കും വിട്ടുകൊടുത്തിട്ടില്ല എന്നും അത് ഇപ്പോഴും പൊലീസ് കസ്റ്റഡിയില്‍ തന്നെയാണുള്ളതെന്നും ഈ മാധ്യമങ്ങള്‍ക്കാകെ അറിയാം. അപകടത്തില്‍പെട്ട കാര്‍ എന്ന് പൊലീസിനെ തെറ്റിദ്ധരിപ്പിച്ച് കടത്തിക്കൊണ്ടുപോകാന്‍ ശ്രമം നടന്നിരുന്നു. പരിക്കേറ്റ് പിടിയിലായ മനു എന്ന യുവാവ് തെറ്റിദ്ധരിപ്പിക്കുന്ന മൊഴി നല്‍കിയതിനാല്‍ കാര്‍ 'എന്‍ഡേവറാ'ണോ 'ഇന്‍വേഡറാ' ണോ എന്ന സംശയവും നിലനിന്നു. കാര്‍ ഇറക്കിക്കൊണ്ടുപോകാനെത്തിയവരുടെ മുഴുവന്‍ വിവരവും ശേഖരിച്ച്, അത് ഉറപ്പുവരുത്തിയശേഷമാണ് അവരെ വിട്ടത്. ഒടുവില്‍ കാറിന്റെ യഥാര്‍ഥ വിവരം അറിഞ്ഞപ്പോള്‍ അവരെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്. എന്നിട്ടുമെങ്ങനെ, ആഭ്യന്തരമന്ത്രിയുടെ ഓഫീസും കാര്‍ വിട്ടുകൊടുത്തു എന്ന പച്ചക്കള്ളവും വിവാദങ്ങളില്‍ വരുന്നു?

കണിച്ചുകുളങ്ങര കൂട്ടക്കൊലക്കേസ് നമുക്കെല്ലാം ഓര്‍മയുണ്ട്. മൂന്നുപേരാണ് മരിച്ചത്. അതും പണമിടപാടുസ്ഥാപനവുമായി ബന്ധപ്പെട്ട കൊലപാതകം. നടത്തിയത് ക്വട്ടേഷന്‍സംഘം. നടന്നത് ആലപ്പുഴ ജില്ലയിലും. അന്ന് യുഡിഎഫാണ് ഭരണത്തില്‍. ദിവസങ്ങള്‍ കഴിഞ്ഞാണ് അത് ഒരു കൊലപാതകമാണെന്ന വിവരംപോലും പുറത്തറിഞ്ഞത്. ആ കേസിലെ പ്രധാന പ്രതികളെ എല്‍ഡിഎഫ് സര്‍ക്കാര്‍ വന്നതിനുശേഷമാണ് പിടിച്ചത്. ആലപ്പുഴ ജില്ലയില്‍തന്നെ നടന്ന മറ്റൊരു സംഭവവും ഓര്‍ക്കേണ്ടതുണ്ട്-ചാക്കോവധം. അന്നും യുഡിഎഫാണ് ഭരണത്തില്‍. ഇന്നുവരെ പൊലീസിനറിയില്ല ആ കേസിലെ പ്രതി സുകുമാരക്കുറുപ്പ് എവിടെയുണ്ടെന്ന്.

ഇത്തരം കേസുകളുടെ അന്വേഷണത്തില്‍ എല്‍ഡിഎഫ്-യുഡിഎഫ് ഭരണങ്ങളിലെ വ്യത്യാസം ഈ അനുഭവങ്ങളില്‍ പ്രകടമാകുന്നുണ്ട്. ഇവിടെ, പോള്‍ വധക്കേസ് മണിക്കൂറുവച്ച് തെളിയിച്ചതാണ് 'കുറ്റ'മായിരിക്കുന്നത്. കൊല്ലപ്പെട്ട പോള്‍ ജോര്‍ജ് ഡല്‍ഹിയില്‍ മയക്കുമരുന്നുകേസില്‍ പിടിക്കപ്പെട്ടപ്പോള്‍ രക്ഷിക്കാനെത്തിയത് ഉയര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായിരുന്നു. അന്ന് മുത്തൂറ്റ് ഗ്രൂപ്പും ഉമ്മന്‍ചാണ്ടിയും തമ്മില്‍ നല്ല ബന്ധത്തിലുമായിരുന്നു. സംസ്ഥാനത്തെ വന്‍കിട മാധ്യമ ഗ്രൂപ്പുകള്‍ ഇപ്പോള്‍ ഈ കൊലപാതകക്കേസില്‍ കുത്തിവയ്ക്കാന്‍ നോക്കുന്ന വിഷത്തിനും അത്തരം രാഷ്ട്രീയ-ബിസിനസ് താല്‍പ്പര്യങ്ങളുണ്ടെന്നു കാണാന്‍ വിഷമമില്ല. പോള്‍ ജോര്‍ജ് എത്തരക്കാരനായിരുന്നുവെന്നും കൊലപാതകത്തിലേക്ക് നയിച്ചതില്‍ ആ യുവാവിന്റെ ജീവിതരീതി കാരണമാണോ എന്നും സംസ്ഥാനത്തെ കുപ്രസിദ്ധ ഗുണ്ടകളുമായി അയാള്‍ക്കുള്ള സഹവാസത്തിന്റെ കാരണമെന്തെന്നും എന്തുകൊണ്ടിവര്‍ അന്വേഷിക്കുന്നില്ല? ഗുണ്ടാത്തലവന്മാരെ പോള്‍ കൊണ്ടുനടന്നത് എന്തിനെന്നും അവര്‍ക്ക് കൊലപാതകവുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്നും അന്വേഷിക്കുന്നതില്‍ ആരും ഒരു തടസ്സവും ഉന്നയിച്ചിട്ടില്ല; അതിനുവേണ്ടി ഇടപെട്ടിട്ടുമില്ല. മാത്രമല്ല, ആ ഗുണ്ടകളെ പിടിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കുകയും ചെയ്തിരിക്കുന്നു. അതിലൊരു ഗുണ്ട ഏതെങ്കിലും കാലത്ത് ചില രാഷ്ട്രീയ ചായ്‌വുകള്‍ പ്രകടിപ്പിച്ചിട്ടുണ്ടെന്നുവച്ച് അതിന്റെ പേരില്‍ അയാളെ സര്‍ക്കാര്‍ സംരക്ഷിക്കുമെന്ന നിഗമനത്തിലെത്താനുള്ള യുക്തിയെന്തെന്ന് ഈ മാധ്യമങ്ങള്‍ വ്യക്തമാക്കേണ്ടതല്ലേ?

എല്‍ഡിഎഫ് സര്‍ക്കാര്‍ വന്നശേഷമാണ് ഓംപ്രകാശ് എന്ന ക്രിമിനലിനെ ഗുണ്ടാലിസ്റ്റില്‍ പെടുത്തിയതും അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ടതും. ആ ഉത്തരവ് സര്‍ക്കാര്‍ പിന്‍വലിച്ചിട്ടില്ല. അയാളെ സംരക്ഷിക്കാന്‍ ആഗ്രഹമുണ്ടെങ്കില്‍ സര്‍ക്കാരിനുള്ള സവിശേഷാധികാരമുപയോഗിച്ച് അത് ചെയ്യുമായിരുന്നില്ലേ? രക്ഷപ്പെട്ട രണ്ട് ഗുണ്ടകളെ മാത്രമല്ല, കേസുമായി ബന്ധപ്പെട്ട എല്ലാവരെയും എത്രയും വേഗം പിടികൂടാനുള്ള വിപുലമായ ശ്രമമാണ് പൊലീസ് നടത്തുന്നത്. ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ നേരിട്ട് ഉദ്യോഗസ്ഥര്‍ക്ക് ഇതിനുള്ള നിര്‍ദേശം നല്‍കിയെന്ന റിപ്പോര്‍ട്ടും വന്നിട്ടുണ്ട്. കൊലപാതകം ആരുനടത്തിയാലും രക്ഷപ്പെട്ട ഗുണ്ടകള്‍ പ്രതിപ്പട്ടികയില്‍ തന്നെയാകും. അത് ഐജി വിന്‍സന്‍ എം പോള്‍ വ്യക്തമാക്കിയിട്ടുമുണ്ട്. അതൊന്നും കാണാതെ മാധ്യമങ്ങള്‍ ഉറഞ്ഞുതുള്ളുന്നതിന്റെ പൊരുളെന്താണ്?

കൊലപാതകിയെ അറസ്റ്റ് ചെയ്തപ്പോള്‍ അയാളുടെ അമ്മയെ രംഗത്തിറക്കി 'അറസ്റ്റ് നാടക'മാണെന്ന് പറയിച്ചതും കൊലചെയ്യാനുപയോഗിച്ച 'എസ്'കത്തി കണ്ടെടുത്തപ്പോള്‍ 'കൊലനടത്തിയെന്ന് പൊലീസ് പറയുന്ന കത്തി' എന്ന് ചിത്രീകരിച്ചതും നിഷ്കളങ്കമായ മാധ്യമ പ്രവര്‍ത്തനമായി കാണാനാവില്ല. പൊലീസിന്റെ മനോവീര്യം തകര്‍ക്കാനും ഗവമെന്റിന് എതിരായ വിവാദങ്ങള്‍ കത്തിക്കാനുമുള്ള ക്രിമിനല്‍ബുദ്ധി അതില്‍ ഒളിഞ്ഞിരിപ്പുണ്ട്. പൊലീസ് സേനയില്‍തന്നെയുള്ള ചില കുബുദ്ധികള്‍ മനഃപൂര്‍വം തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നു എന്ന റിപ്പോര്‍ട്ടുമുണ്ട്. ഇതാകെ പരിശോധിച്ചാല്‍, അറപ്പുളവാക്കുന്ന രാഷ്ട്രീയ കുടിലതയും നിക്ഷിപ്ത താല്‍പ്പര്യങ്ങളുമാണ് വിവാദ വ്യവസായികളെ നയിക്കുന്നത് എന്ന് വിലയിരുത്താനാകും. അത്തരക്കാര്‍ കുരയ്ക്കട്ടെ, നേരായ ദിശയില്‍ അന്വേഷണവുമായി പൊലീസ് മുന്നോട്ടുപോകട്ടെ എന്നേ ഞങ്ങള്‍ക്ക് പറയാനുള്ളൂ. വിവാദം ആഹാരമാക്കിയവര്‍ക്ക് ആ ശീലം വിടാന്‍ എളുപ്പത്തില്‍ സാധിക്കില്ല.

ദേശാഭിമാനി മുഖപ്രസംഗം 28 ആഗസ്റ്റ് 2009

1 comment:

  1. മുത്തൂറ്റ് എന്ന പണമിടപാട് സ്ഥാപനം കേരളത്തില്‍ സുപരിചിതമാണ്. ആ പേരില്‍ മറ്റനേകം വാണിജ്യ സംരംഭങ്ങള്‍ നല്ലനിലയ്ക്ക് നടക്കുന്നുണ്ട്. സംസ്ഥാനത്തെ ഏറ്റവും സമ്പന്നമായ ബിസിനസ് ഗ്രൂപ്പുകളിലൊന്നായ മുത്തൂറ്റ് കുടുംബത്തിലെ ഇളംതലമുറയില്‍പെട്ട; സ്വന്തമായി വന്‍ബിസിനസ് നടത്തുന്നയാളാണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട മുത്തൂറ്റ് പോള്‍ ജോര്‍ജ്. ആലപ്പുഴ-ചങ്ങനാശേരി റോഡിലൂടെ യാത്രചെയ്യവെ അര്‍ധരാത്രിക്കുശേഷം ദുരൂഹ സാഹചര്യത്തില്‍ ആ യുവാവ് കൊല്ലപ്പെട്ടതിനെക്കുറിച്ചുള്ള വാര്‍ത്തകളും വിവാദങ്ങളും വലിയ തോതില്‍ തുടരുകയാണ്. എന്തും വിവാദമാക്കാനും തങ്ങള്‍ക്ക് ഹിതകരമാംവിധം തിരിച്ചുവിടാനും പ്രത്യേക സിദ്ധിയാര്‍ജിച്ച മാധ്യമങ്ങള്‍ക്ക് മുന്‍തൂക്കമുള്ള സംസ്ഥാനമെന്ന നിലയില്‍ കേരളത്തിന്റെ ഏറ്റവും ഗൌരവമുള്ളതും സാര്‍വത്രികമായതുമായ ചര്‍ച്ചാവിഷയമായിത്തന്നെ ആ കൊലപാതകവും അനുബന്ധ കാര്യങ്ങളും മാറിയിരിക്കുന്നു. കൊല്ലപ്പെട്ടയാളുടെ പശ്ചാത്തലമോ കൊലനടന്ന സാഹചര്യങ്ങളോ പൊലീസ് അന്വേഷിച്ച് കണ്ടെത്തിയ വിവരങ്ങളോ കണക്കിലെടുക്കാതെ സാങ്കല്‍പ്പിക വാര്‍ത്തകള്‍ കെട്ടിച്ചമയ്ക്കുന്നതിലേക്കും കേസിനെ രാഷ്ട്രീയ ലക്ഷ്യത്തിനായി വഴിതിരിച്ചുവിടുന്നതിലേക്കും എത്തുകയാണ് മാധ്യമ ഇടപെടലുകള്‍.

    ReplyDelete