Monday, August 10, 2009

പ്രസ് കൌസില്‍ ചെയര്‍മാന്‍ പറഞ്ഞ ശരികള്‍

വാര്‍ത്തകള്‍ ഉണ്ടാകുന്നത് എങ്ങനെ എന്നത് എക്കാലത്തെയും വലിയ ചോദ്യമാണ്. പത്രമുതലാളിമാരുടെ താല്‍പ്പര്യത്തിനനുസരിച്ച് വാര്‍ത്തകള്‍ ജനിക്കുന്നു എന്ന ഉത്തരത്തിനും ഏറെ പഴക്കമുണ്ട്. അവാസ്തവങ്ങളും അര്‍ധസത്യങ്ങളും അലങ്കരിച്ച വാര്‍ത്താ സദ്യകളുമായി ദിനപത്രങ്ങളും വാര്‍ത്താ ചാനലുകളും എത്തുമ്പോള്‍, നേര് നേരായി അറിയാനുള്ള പൌരന്റെ പരമപ്രധാനമായ സ്വാതന്ത്ര്യമാണ് ഹനിക്കപ്പെടുന്നത്.

ആവിഷ്കാരസ്വാതന്ത്ര്യത്തിന്റെ പേരില്‍ എന്തും പ്രസിദ്ധീകരിക്കാനുള്ള അവകാശമുണ്ടെന്ന് മാധ്യമപ്രവര്‍ത്തകര്‍ ധരിക്കരുതെന്ന പ്രസ് കൌസില്‍ ചെയര്‍മാന്‍ ജസ്റ്റിസ് ജി എന്‍ റേയുടെ വാക്കുകള്‍ ഈ പശ്ചാത്തലത്തില്‍ ഗൌരവമായ ചര്‍ച്ചയ്ക്കുള്ള വിഷയമാണ്. തെറ്റായ വാര്‍ത്ത നല്‍കി ജനങ്ങള്‍ക്കുള്ള വിശ്വാസ്യതയും സ്വീകാര്യതയും മാധ്യമപ്രവര്‍ത്തകര്‍ ഇല്ലാതാക്കരുതെന്നും പ്രസ് കൌസിലിനുമുന്നില്‍ വരുന്ന പരാതികളില്‍ ഭൂരിഭാഗവും തെറ്റായ വാര്‍ത്തകളെസംബന്ധിച്ചാണെന്നും കേരളത്തില്‍ വന്ന് ജസ്റ്റിസ് റേ ആവര്‍ത്തിച്ച് പറഞ്ഞിരിക്കുന്നു. വാര്‍ത്തകള്‍ വില്‍പ്പനയ്ക്ക് വയ്ക്കുന്നതിനെതിരെയാണ് അദ്ദേഹം നടത്തിയ മറ്റൊരു ആക്രമണം. മാധ്യമസ്വാതന്ത്ര്യത്തിന്റെയും സൌകര്യത്തിന്റെയും മറവില്‍ നടക്കുന്ന ഹീനമായ കച്ചവടത്തെക്കുറിച്ച് മുമ്പും ജസ്റ്റിസ് റേ പറഞ്ഞിട്ടുള്ളതാണ്.

കേരളത്തിന്റെ സവിശേഷതകളിലൊന്ന് പത്രങ്ങളുടെ ഉയര്‍ന്ന പ്രചാരമാണ്. വാര്‍ത്താചാനലുകളും താരതമ്യേന കേരളത്തിന്റെ മാധ്യമരംഗത്ത് സുപ്രധാന സ്ഥാനം വഹിക്കുന്നു. ഇവയില്‍ ഭൂരിപക്ഷവും ജസ്റ്റിസ് റേ ചൂണ്ടിക്കാട്ടിയ തെറ്റായ കാര്യങ്ങളില്‍ അഭിരമിക്കുന്നു എന്നത് ഖേദകരമായ വസ്തുതയാണ്. വ്യാജമായ വാര്‍ത്തകള്‍ കൂട്ടായി ചമച്ച് രാഷ്ട്രീയദുരുദ്ദേശ്യത്തോടെ നിരന്തരം പ്രസിദ്ധീകരിക്കുക, തൊഴിലാളിവര്‍ഗ രാഷ്ട്രീയത്തിനും നേതാക്കള്‍ക്കുമെതിരായ തുടര്‍പ്രചാരണങ്ങളില്‍ ഏര്‍പ്പെടുക, നേരിയ മാധ്യമവിമര്‍ശത്തെപ്പോലും അസഹിഷ്ണുതയോടെ കണ്ട് അതിനെതിരെ യുദ്ധത്തിനിറങ്ങുക- ഇത്തരം ആഭിചാരങ്ങളിലാണ് കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങള്‍ ആഹ്ളാദം കണ്ടെത്തുന്നത്. അസത്യങ്ങളും അര്‍ധസത്യങ്ങളും വാര്‍ത്തകളായി കൂട്ടത്തോടെ എഴുതുന്നത് മാധ്യമ സിന്‍ഡിക്കറ്റിന്റെ സൃഷ്ടിയാണെന്ന് സിപിഐ എം ചൂണ്ടിക്കാട്ടിയപ്പോള്‍ എത്രമാത്രം കോപാകുലരായാണ് മാധ്യമസുഹൃത്തുക്കള്‍ പ്രതികരിച്ചതെന്നത് ചിന്തനീയമാണ്. സിപിഐ എം എന്ന പാര്‍ടിയെ നശിപ്പിക്കുക; അതിന്റെ നേതാക്കളെ നിന്ദ്യമായ അപവാദപ്രചാരണങ്ങളില്‍ മുക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഗ്വാഗ്വാ വിളിയാക്കി മലയാളത്തിലെ മുഖ്യധാരാ മാധ്യമപ്രവര്‍ത്തനം മാറ്റിയവര്‍ക്കുള്ളതാണ് പ്രസ് കൌസില്‍ ചെയര്‍മാന്റെ നിരീക്ഷണങ്ങളും മുന്നറിയിപ്പും. അച്ചടിമാധ്യമങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കുന്ന പ്രസ്കൌസിലിന്റെ തലവന്‍തന്നെ ഇത്തരം കടുത്തവാക്കുകള്‍കൊണ്ട് മാധ്യമപ്രവര്‍ത്തനത്തിന്റെ വഴിവിട്ടപോക്ക് ചൂണ്ടിക്കാട്ടുമ്പോള്‍, തിരുത്താനും നേര്‍വഴി തെരഞ്ഞെടുക്കാനുമുള്ള അവസരമായി അതിനെ കാണാനുള്ള സന്മനസ്സ് ഞങ്ങളുടെ മാന്യ സഹജീവികള്‍ക്ക് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഭരണവര്‍ഗങ്ങളിലെ ഏറ്റവും ശക്തമായ വിഭാഗത്തില്‍നിന്ന്, വന്‍കിട ബൂര്‍ഷ്വാസിയില്‍നിന്ന് ലഭിച്ച വമ്പിച്ച പിന്തുണയാണ് ഇക്കഴിഞ്ഞ 15-ാം ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ വിജയത്തിനുപിന്നിലെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കോണ്‍ഗ്രസിന് അനുകൂലമായി ഈ വിഭാഗത്തില്‍നിന്ന് ശക്തമായ കേന്ദ്രീകരണം ഉണ്ടായിരുന്നു. മന്‍മോഹന്‍സിങ് സര്‍ക്കാരില്‍നിന്ന് ഏറ്റവും അധികം ആനുകൂല്യം ലഭിച്ചത് വന്‍കിട ബൂര്‍ഷ്വാസിക്കായിരുന്നു എന്നതാണ് ഇതിന് കാരണം. ഉയര്‍ന്ന വളര്‍ച്ച കൈവരിച്ച നാലുവര്‍ഷവും അവര്‍ക്ക് അഭൂതപൂര്‍വമായ നേട്ടമാണുണ്ടായത്. 2004ല്‍ ഡോളര്‍ അടിസ്ഥാനത്തില്‍ ശതകോടീശ്വരന്മാരുടെ എണ്ണം ഒമ്പതായിരുന്നു; 2008 ആയപ്പോള്‍ അത് അമ്പത്തിമൂന്നായി വര്‍ധിച്ചു. സ്വകാര്യമേഖലയിലെ ഏറ്റവും വലിയ 10 കോര്‍പറേറ്റ് കുടുംബങ്ങളുടെ ആസ്തി മൂന്നിരട്ടിയായി വര്‍ധിച്ചു- 2003-04ല്‍ 3,54,000 കോടി രൂപയായിരുന്നത് 10,34,000 കോടി രൂപയായി. അത്തരം കോര്‍പറേറ്റുകളാണ് മാധ്യമരംഗം നിയന്ത്രിക്കുന്നത്. കോര്‍പറേറ്റ് മാധ്യമങ്ങളില്‍നിന്ന് കോണ്‍ഗ്രസിന് സജീവമായ പിന്തുണയാണ് ലഭിച്ചത്. അതിനര്‍ഥം, കോണ്‍ഗ്രസിനുവേണ്ടി വഴിവിട്ട മാധ്യമപ്രവര്‍ത്തനം നടന്നു എന്നാണ്.

കേരളത്തിന്റെ ഉദാഹരണമെടുത്താല്‍, കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്കുവേണ്ടി കള്ളപ്പണം തെരഞ്ഞെടുപ്പുഘട്ടത്തില്‍ ഒഴുകിയെത്തിയിരുന്നു എന്ന് തെളിവുസഹിതം പുറത്തുവന്നിട്ടും അതേക്കുറിച്ച് ഒരക്ഷരംപോലും എഴുതാന്‍ മുഖ്യധാരാ മാധ്യമങ്ങള്‍ കൂട്ടാക്കിയില്ലെന്ന നാണംകെട്ട വസ്തുത മനസ്സിലാക്കാനാകും. കോണ്‍ഗ്രസ് ആസ്ഥാനത്തുനിന്ന് അനധികൃത വഴികളിലൂടെ എത്തിയ പണത്തിന്റെ ഒരു പങ്ക് (25 ലക്ഷം) തട്ടിയെടുത്ത വാര്‍ത്തപോലും ഇവിടത്തെ 'നിഷ്പക്ഷ' മാധ്യമങ്ങള്‍ക്ക് വിഷയമായില്ല. അതേസമയംതന്നെ, തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് അനുകൂലമായ സാഹചര്യം സൃഷ്ടിക്കാന്‍ ഈ മാധ്യമങ്ങള്‍ സംഘടിതമായി ഇടപെടുകയും വ്യാജവാര്‍ത്തകള്‍ സൃഷ്ടിക്കുകയും ചെയ്തു. ഒരു പ്രമുഖ പത്രത്തിന്റെ ലേഖകന്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് ആംഗ്ളോ ഇന്ത്യന്‍ നോമിനിയായി തന്റെ ഇഷ്ടക്കാരനെ തെരഞ്ഞെടുക്കണമെന്ന് ആവശ്യപ്പെട്ട് അയച്ച ശുപാര്‍ശക്കത്തുമാത്രം മതി ഇവിടത്തെ മാധ്യമങ്ങളും മാധ്യമപ്രവര്‍ത്തകരും എങ്ങനെ രാഷ്ട്രീയം കൈകാര്യംചെയ്യുന്നു എന്ന് തെളിയാന്‍.

പ്രസ് കൌസില്‍ അധ്യക്ഷന്‍ ഇപ്പോള്‍ ചൂണ്ടിക്കാട്ടിയ കാര്യങ്ങള്‍ വളരെ നേരത്തെ കേരളത്തിലെ ഇടതുപക്ഷം പറഞ്ഞതുതന്നെയാണ്. സിപിഐ എമ്മിനെതിരെ പരമ്പരകളായി വ്യാജവാര്‍ത്തകള്‍ വരികയും അവയില്‍ ഭൂരിപക്ഷവും പൊട്ടിത്തകരുകയും ചെയ്തപ്പോള്‍, അത്തരം വാര്‍ത്തകള്‍ കൈകാര്യം ചെയ്യുന്നവര്‍ക്ക് പാര്‍ടിയെക്കുറിച്ച് ഒരു ചുക്കും അറിയില്ലെന്ന പ്രതികരണമുണ്ടായി. ആ പ്രതികരണത്തിനുനേരെ നടന്ന കോലാഹലം ഓര്‍ത്തുനോക്കാവുന്നതാണ്. വരദാചാരിയുടെ തലപരിശോധന, ലാവ്ലിന്‍ കേസില്‍ സിബിഐയുടെ ഫോണ്‍ചോര്‍ത്തല്‍ തുടങ്ങിയ പ്രചുരപ്രചാരം നേടിയ നുണവാര്‍ത്തകള്‍ പാടേ പൊളിഞ്ഞിട്ടുപോലും ലജ്ജയുടെ കണിക ഈ മാധ്യമസുഹൃത്തുക്കളുടെ മുഖത്ത് കാണുകയുണ്ടായില്ല. അത്തരക്കാരെ പ്രസ് കൌസില്‍ ചെയര്‍മാന്‍ ഉപദേശിച്ചതുകൊണ്ട് എന്തെങ്കിലും ഫലമുണ്ടാകുമെന്നു കരുതാനും വയ്യ. എന്നാലും ജനങ്ങളുടെ ചിന്തയ്ക്കും വിവേകപൂര്‍ണമായ സമീപനത്തിനും ഏറെ സഹായകമാണ് ജസ്റ്റിസ് റേയുടെ അഭിപ്രായപ്രകടനം എന്നതില്‍ സംശയമില്ല.

ദേശാഭിമാനി മുഖപ്രസംഗം 11-08-09

1 comment:

  1. വാര്‍ത്തകള്‍ ഉണ്ടാകുന്നത് എങ്ങനെ എന്നത് എക്കാലത്തെയും വലിയ ചോദ്യമാണ്. പത്രമുതലാളിമാരുടെ താല്‍പ്പര്യത്തിനനുസരിച്ച് വാര്‍ത്തകള്‍ ജനിക്കുന്നു എന്ന ഉത്തരത്തിനും ഏറെ പഴക്കമുണ്ട്. അവാസ്തവങ്ങളും അര്‍ധസത്യങ്ങളും അലങ്കരിച്ച വാര്‍ത്താ സദ്യകളുമായി ദിനപത്രങ്ങളും വാര്‍ത്താ ചാനലുകളും എത്തുമ്പോള്‍, നേര് നേരായി അറിയാനുള്ള പൌരന്റെ പരമപ്രധാനമായ സ്വാതന്ത്ര്യമാണ് ഹനിക്കപ്പെടുന്നത്.

    ആവിഷ്കാരസ്വാതന്ത്ര്യത്തിന്റെ പേരില്‍ എന്തും പ്രസിദ്ധീകരിക്കാനുള്ള അവകാശമുണ്ടെന്ന് മാധ്യമപ്രവര്‍ത്തകര്‍ ധരിക്കരുതെന്ന പ്രസ് കൌസില്‍ ചെയര്‍മാന്‍ ജസ്റ്റിസ് ജി എന്‍ റേയുടെ വാക്കുകള്‍ ഈ പശ്ചാത്തലത്തില്‍ ഗൌരവമായ ചര്‍ച്ചയ്ക്കുള്ള വിഷയമാണ്. തെറ്റായ വാര്‍ത്ത നല്‍കി ജനങ്ങള്‍ക്കുള്ള വിശ്വാസ്യതയും സ്വീകാര്യതയും മാധ്യമപ്രവര്‍ത്തകര്‍ ഇല്ലാതാക്കരുതെന്നും പ്രസ് കൌസിലിനുമുന്നില്‍ വരുന്ന പരാതികളില്‍ ഭൂരിഭാഗവും തെറ്റായ വാര്‍ത്തകളെസംബന്ധിച്ചാണെന്നും കേരളത്തില്‍ വന്ന് ജസ്റ്റിസ് റേ ആവര്‍ത്തിച്ച് പറഞ്ഞിരിക്കുന്നു. വാര്‍ത്തകള്‍ വില്‍പ്പനയ്ക്ക് വയ്ക്കുന്നതിനെതിരെയാണ് അദ്ദേഹം നടത്തിയ മറ്റൊരു ആക്രമണം. മാധ്യമസ്വാതന്ത്ര്യത്തിന്റെയും സൌകര്യത്തിന്റെയും മറവില്‍ നടക്കുന്ന ഹീനമായ കച്ചവടത്തെക്കുറിച്ച് മുമ്പും ജസ്റ്റിസ് റേ പറഞ്ഞിട്ടുള്ളതാണ്.

    ReplyDelete