Friday, August 21, 2009

ചൈനയുടെ പേരുപറഞ്ഞുള്ള വിമര്‍ശം സത്യം മറയ്ക്കാന്‍

ചൈനയെ സഹായിക്കാനാണ് ഇന്തോ-ആസിയന്‍ കരാറിനെ ഇടതുപക്ഷം എതിര്‍ക്കുന്നതെന്ന വിചിത്ര വാദമുയര്‍ത്തുന്ന കോണ്‍ഗ്രസ് നേതാക്കള്‍ സ്വയം അപഹാസ്യരാകുന്നു. ആസിയന്‍ കരാര്‍ വഴി ചൈനയ്ക്ക് നേട്ടമാണുണ്ടായതെങ്കില്‍ ഇന്ത്യക്ക്, പ്രത്യേകിച്ച് കേരളത്തിലെ കര്‍ഷകസമൂഹത്തിന് തിരിച്ചടിയാണെന്ന യാഥാര്‍ഥ്യം ചൂണ്ടിക്കാണിക്കുക മാത്രമാണ് ഇടതുപക്ഷം ചെയ്തത്. വന്‍കിട കുത്തകളുടെ താല്‍പ്പര്യസംരക്ഷണത്തിനായി ചൈനയുടെ പേര് പറഞ്ഞ് ഇടതുപക്ഷത്തിന്റെ എതിര്‍പ്പ് ഇല്ലാതാക്കാനാകുമോ എന്നാണ് കോണ്‍ഗ്രസ് നോക്കുന്നത്.

2007 ജനുവരിയിലാണ് ചൈന ആസിയന്‍ രാജ്യങ്ങളുമായി കരാര്‍ ഒപ്പിട്ടത്. ഏതെങ്കിലും രാജ്യവുമായോ രാജ്യങ്ങളുടെ കൂട്ടായ്മയുമായോ ചൈന ഒപ്പുവച്ച ഏക സ്വതന്ത്രവ്യാപാര കരാറാണിത്. സ്വന്തം വിപണിക്ക് നേട്ടമുണ്ടാകുമെന്ന ഉറച്ച വിശ്വാസത്തിലാണ് ചൈന ആസിയനുമായി ധാരണയിലെത്തിയത്. 2001ല്‍ തുടങ്ങിയ ചര്‍ച്ചകള്‍ 2007ലാണ് പൂര്‍ത്തിയായത്. കരാര്‍വഴി ചൈനയ്ക്ക് പ്രധാനമായും രണ്ടു ലക്ഷ്യങ്ങളാണുണ്ടായിരുന്നത്. ഒന്ന്, ആസിയന്‍ രാജ്യങ്ങളുമായി വ്യാപാരം വര്‍ധിപ്പിക്കുക. രണ്ട്, അമേരിക്കയ്ക്കും യൂറോപ്യന്‍ യൂണിയനും ഈ രാജ്യങ്ങളുമായുള്ള വ്യാപാരത്തെ മറികടക്കുക. കരാര്‍ ഒപ്പിട്ട് രണ്ടുവര്‍ഷത്തിനകംതന്നെ ഈ ലക്ഷ്യങ്ങളിലേക്ക് ചൈന ഏറെക്കുറെ അടുത്തുകഴിഞ്ഞു. 2004ല്‍ 105.9 ശതകോടി ഡോളറായിരുന്നു ചൈനയും ആസിയന്‍ രാജ്യങ്ങളുമായുള്ള വ്യാപാരം. 2008ല്‍ 231.1 ശതകോടി ഡോളറായി ഉയര്‍ന്നു. വര്‍ധന നൂറുശതമാനത്തിലേറെ. 2004ല്‍ ചൈനയില്‍നിന്ന് ആസിയന്‍ രാജ്യങ്ങളിലേക്കുള്ള കയറ്റുമതിയേക്കാള്‍ ആ രാജ്യങ്ങളില്‍നിന്നുള്ള ഇറക്കുമതിയായിരുന്നു കൂടുതല്‍. 2008ല്‍ ചൈനയുടെ കയറ്റുമതി 141.1 ശതകോടി ഡോളറായി കൂടിയെങ്കില്‍ ഇറക്കുമതി 90 ശതകോടി മാത്രമായി.

ഇന്ത്യയെപ്പോലെ കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് ഒരു ഭീഷണിയും ആസിയന്‍ കരാറിന്റെ കാര്യത്തില്‍ ചൈനയ്ക്കില്ല. കുരുമുളക്, റബര്‍ തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ നാമമാത്രമായേ ചൈന ഉല്‍പ്പാദിപ്പിക്കുന്നുള്ളൂ. ആഭ്യന്തരഉപയോഗത്തിന് മുഖ്യമായും ഇറക്കുമതിയെയാണ് ആശ്രയിക്കുന്നത്. അതിനാല്‍ ഉല്‍പ്പന്നങ്ങള്‍ക്ക് വിലത്തകര്‍ച്ചയുണ്ടാകുമെന്ന ആശങ്കയൊന്നും ചൈനയ്ക്കില്ല. കാപ്പിയുടെ കാര്യത്തിലും സമാനമാണ് സ്ഥിതി. വിവിധ ഉല്‍പ്പന്ന നിര്‍മാണത്തിനാവശ്യമായ അസംസ്കൃത വസ്തുക്കളാണ് ആസിയനില്‍നിന്ന് ചൈന കൂടുതലായി ഇറക്കുമതി ചെയ്യുന്നത്. കുറഞ്ഞവിലയ്ക്ക് അസംസ്കൃത വസ്തുക്കള്‍ ലഭ്യമാകുമെന്നത് വ്യാവസായിക ഉല്‍പ്പാദനത്തില്‍ വലിയ കുതിപ്പിന് വഴിയൊരുക്കും. ഫലത്തില്‍ ആസിയന്‍ കരാര്‍വഴി ചൈനയുടെ വ്യാപാരസാധ്യത വിപുലപ്പെടുകയാണുണ്ടായത്. ഇന്ത്യക്കാകട്ടെ കേരളത്തിലെ കര്‍ഷകരുടെ നട്ടെല്ലൊടിയുമെന്നതു മാത്രമാണ് മിച്ചം.

ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ആസിയന്‍ രാജ്യങ്ങള്‍വഴി ഇറക്കുമതി ചെയ്യപ്പെടുന്നത് തടയാന്‍ കരാറില്‍ വ്യവസ്ഥയുള്ളതുകൊണ്ടാണ് ഇടതുപക്ഷത്തിന്റെ എതിര്‍പ്പെന്ന ബാലിശവാദവും കോണ്‍ഗ്രസ് നേതാക്കള്‍ ഉയര്‍ത്തുന്നു. ഇന്ത്യയിലേക്ക് ചൈനയില്‍നിന്ന് ഇറക്കുമതിചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ മുഖ്യമായും കളിപ്പാട്ടങ്ങള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍ തുടങ്ങിയവയാണ്. ചൈനയിലെ കുറഞ്ഞ ഉല്‍പ്പാദനച്ചെലവാണ് ഇവയുടെ ഇറക്കുമതിക്ക് വഴിയൊരുക്കുന്നത്. അതിനാല്‍, ഇക്കാര്യത്തില്‍ ചൈനയ്ക്ക് ആസിയന്റെ സഹായം ആവശ്യമില്ല.

എം പ്രശാന്ത് ദേശാഭിമാനി

1 comment:

  1. ചൈനയെ സഹായിക്കാനാണ് ഇന്തോ-ആസിയന്‍ കരാറിനെ ഇടതുപക്ഷം എതിര്‍ക്കുന്നതെന്ന വിചിത്ര വാദമുയര്‍ത്തുന്ന കോണ്‍ഗ്രസ് നേതാക്കള്‍ സ്വയം അപഹാസ്യരാകുന്നു. ആസിയന്‍ കരാര്‍ വഴി ചൈനയ്ക്ക് നേട്ടമാണുണ്ടായതെങ്കില്‍ ഇന്ത്യക്ക്, പ്രത്യേകിച്ച് കേരളത്തിലെ കര്‍ഷകസമൂഹത്തിന് തിരിച്ചടിയാണെന്ന യാഥാര്‍ഥ്യം ചൂണ്ടിക്കാണിക്കുക മാത്രമാണ് ഇടതുപക്ഷം ചെയ്തത്. വന്‍കിട കുത്തകളുടെ താല്‍പ്പര്യസംരക്ഷണത്തിനായി ചൈനയുടെ പേര് പറഞ്ഞ് ഇടതുപക്ഷത്തിന്റെ എതിര്‍പ്പ് ഇല്ലാതാക്കാനാകുമോ എന്നാണ് കോണ്‍ഗ്രസ് നോക്കുന്നത്.

    ReplyDelete