Friday, August 7, 2009

പ്രായാധിക്യം കുറ്റമോ?

"ഞാന്‍ ഇറങ്ങിപ്പോന്നതല്ല; പുറത്തേക്കുപോകാന്‍ നിര്‍ബന്ധിക്കപ്പെട്ടതാണ്

എം ജെ അക്ബര്‍ എന്ന പ്രമുഖ പത്രപ്രവര്‍ത്തകന്‍ 2008ല്‍ ആദ്യം പരസ്യമായി പറഞ്ഞു. ഏഷ്യന്‍ ഏജ് പത്രത്തിന്റെ മുഖ്യപത്രാധിപസ്ഥാനത്തുനിന്ന് ഒഴിഞ്ഞശേഷമാണ് അദ്ദേഹത്തിന്റെ ഈ പ്രതികരണമുണ്ടായത്. കെ എം റോയ് എന്ന മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ 'മംഗളം' പത്രത്തില്‍ എഴുതുന്നു:

"എന്തിനിങ്ങനെ നാണംകെട്ട് മുഖ്യമന്ത്രി വി എസ് അധികാരത്തില്‍ തുടരുന്നു എന്ന ചോദ്യമുയരുമ്പോഴാണ് ദ ഏഷ്യന്‍ ഏജ് പത്രത്തില്‍ പ്രാധാന്യത്തോടെ വന്ന വാര്‍ത്ത നമ്മുടെ മുമ്പില്‍ തെളിയുന്നത്. പ്രഖ്യാത പത്രപ്രവര്‍ത്തകനായ എം ജെ അക്ബര്‍ പത്രാധിപരായുള്ള ആ ഇംഗ്ളീഷ് പത്രം ഇന്ത്യയിലെ ചില നഗരങ്ങളിലും ലണ്ടനിലും ഒരേസമയം ഇറങ്ങുന്നതാണ്. ഏഷ്യന്‍ ഏജിലെ റിപ്പോര്‍ട്ട് പറയുന്നത് പ്രകാശ് കാരാട്ട് സിപിഎം ജനറല്‍സെക്രട്ടറിപദം ഒഴിയാന്‍ തയാറെടുക്കുന്നുവെന്നാണ്. താന്‍ രാജിവെക്കുന്ന ഒഴിവില്‍ എസ് രാമചന്ദ്രന്‍പിള്ളയെ ജനറല്‍സെക്രട്ടറിയാക്കാന്‍ കഴിയുമോ എന്നാണ് പ്രകാശ് കാരാട്ട് ഇപ്പോള്‍ ശ്രമിക്കുന്നതത്രെ.''

ഏഷ്യന്‍ ഏജില്‍നിന്ന് രാജിവച്ചിറങ്ങിപ്പോയ എം ജെ അക്ബറിന്റെ പേരില്‍ ഒരു വാര്‍ത്തയ്ക്ക് വിശ്വാസ്യതയുണ്ടാക്കാന്‍ കെ എം റോയി നടത്തിയ അഭ്യാസമായി ഇതിനെ കാണാം. അതല്ലെങ്കില്‍, ലോകത്ത് നടക്കുന്ന പല സംഭവങ്ങളും മനസ്സിലാക്കാതെ ഭൂതകാലത്തില്‍ ജീവിക്കുന്നയാളാണ് കെ എം റോയി എന്നു വിലയിരുത്താം. രണ്ടായാലും എം ജെ അക്ബറിന്റെ പേര് വലിച്ചിഴച്ചതിന് ന്യായീകരണമാകുന്നില്ല.

കെ എം റോയി, ടി ജെ എസ് ജോര്‍ജ് തുടങ്ങിയവര്‍ കേരളത്തിലെ മുതിര്‍ന്ന പത്രപ്രവര്‍ത്തകരാണ്-വെറ്ററന്‍സ് എന്ന് പറയാവുന്നവര്‍. അത്തരക്കാരുടെ വാക്കുകളും നിരീക്ഷണങ്ങളും ഗൌരവത്തോടെയാണ് പുതിയ തലമുറ കാണുക. എവിടെനിന്നെങ്കിലും വീണുകിട്ടുന്ന നുണക്കഥകളും ഊഹാപോഹങ്ങളും യാഥാര്‍ഥ്യമാണെന്ന് തെറ്റിദ്ധരിച്ച് റോയിയെയും ടി ജെ എസിനെയും പോലുള്ളവര്‍ വസ്തുതാവിരുദ്ധമായ രാഷ്ട്രീയ നിഗമനങ്ങളിലെത്തുകയും അവ അച്ചടിച്ചുവരികയും ചെയ്യുന്നത് ചെറുതല്ലാത്ത പ്രത്യാഘാതമാണുണ്ടാക്കുക. പ്രകാശ് കാരാട്ട് രാജിക്കൊരുങ്ങുന്നു എന്നത് ഏഷ്യന്‍ ഏജ് പത്രത്തിലെ ഏതെങ്കിലും റിപ്പോര്‍ട്ടര്‍ക്ക് തോന്നിയ ഭാവനയോ കുബുദ്ധികള്‍ നല്‍കിയ വ്യാജവിവരമോ ആകാം. അത്തരം നിരവധി വാര്‍ത്തകള്‍ 'മംഗളം' പോലുള്ള പത്രങ്ങളില്‍ അച്ചടിച്ചു വരാറുണ്ട്; അവഗണിക്കപ്പെടുകയും ചെയ്യാറുണ്ട്. 'മംഗള' ത്തിലായതുകൊണ്ടാകാം, 'അച്യുതാനന്ദന്‍ കീഴടങ്ങിയോ, തന്ത്രപരമായി പിന്മാറിയോ' എന്ന തലക്കെട്ടിലുള്ള കെ എം റോയിയുടെ ലേഖനവും വലുതായി കേരള സമൂഹത്തില്‍ പരിഗണിക്കപ്പെട്ടിട്ടില്ല. അത് സിപിഐ എമ്മിനെക്കുറിച്ച് പ്രചരിപ്പിക്കപ്പെടുന്ന നൂറുനൂറ് അപവാദങ്ങളില്‍ ഒന്നായി വിസ്മൃതിയിലേക്ക് മാഞ്ഞു. എന്നാല്‍, പ്രഖ്യാപിത കമ്യൂണിസ്റ്റ് വിരോധത്തിന്റെ പേരിലായാല്‍പ്പോലും ഈ മുതിര്‍ന്നവര്‍ വമിപ്പിക്കുന്ന അവാസ്തവ കഥകള്‍ പരിശോധിക്കാതെ വിടുന്നത് സമൂഹത്തോടും മാധ്യമസമൂഹത്തോടും ചെയ്യുന്ന അപരാധമാകും.

സിപിഐ എം ലക്ഷക്കണക്കിന് ബഹുജനങ്ങള്‍ അണിചേര്‍ന്ന രാഷ്ട്രീയപാര്‍ടിയാണെന്നിരിക്കെ അതിന്റെ സമുന്നത നേതൃത്വത്തെക്കുറിച്ച് ഉത്തരവാദരഹിതമായി വ്യാജകഥകള്‍ പ്രചരിപ്പിക്കുന്നത് മാധ്യമധര്‍മത്തിന്റെ പേരിലും സുജനമര്യാദയുടെ പേരിലും വിട്ടുകളയാവുന്ന പ്രശ്നമല്ല. ടി ജെ എസ് ജോര്‍ജ് 'സമകാലിക മലയാളം' വാരികയില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറിക്ക് സിംഗപ്പൂര്‍-ദുബായ് ബന്ധങ്ങളുണ്ടെന്നെഴുതുന്നു. അതിനാധാരമായ തെളിവുകള്‍ അദേഹത്തിന് എവിടെനിന്നു കിട്ടി എന്ന് നാം ചിന്തിക്കേണ്ടതല്ലേ? ഏറെയൊന്നും പ്രയാസപ്പെടേണ്ടതില്ല. അദ്ദേഹത്തിന്റെ 'സോഴ്സ്' ക്രൈം ദ്വൈവാരികയാണ്. ടി പി നന്ദകുമാര്‍ എന്ന 'അഴിമതി വിരുദ്ധ പോരാട്ട നായകന്‍' പത്രാധിപരായുള്ള അതേ പ്രസിദ്ധീകരണം. നന്ദകുമാറാണ്, പിണറായി വിജയന്‍ നൂറുതവണ സിംഗപ്പൂര്‍-ദുബായ് യാത്ര നടത്തിയെന്ന് എഴുതിയത്. മോഹന്‍ലാലിനും ഗണേശ്കുമാറിനും(മുന്‍ മന്ത്രി) എയ്ഡ്സ് രോഗം ബാധിച്ചെന്നും മോഹന്‍ലാലില്‍നിന്ന് ഗര്‍ഭിണിയായ ചലച്ചിത്രതാരം കാരക്കാസില്‍ ഗര്‍ഭച്ഛിദ്രം നടത്തിയെന്നും മറ്റൊരു പ്രശസ്ത സിനിമാനടി സ്വന്തം നീലച്ചിത്രം ഒരു കോടി രൂപയ്ക്ക് വിറ്റെന്നും എഴുതിയ പ്രസിദ്ധീകരണമാണ് ക്രൈം. തെക്കന്‍ കേരളത്തിലെ ഒരു നിയമസഭാ മണ്ഡലത്തില്‍ മത്സരിച്ച വനിതാ സ്ഥാനാര്‍ഥിയെ അപമാനിക്കാന്‍, ഒരു കുട്ടിയുടെ ചിത്രം കവറില്‍ പ്രസിദ്ധീകരിച്ച്, ഈ കുട്ടിയുടെ പിതാവാര് എന്ന് ചോദിക്കുകയും സര്‍വാദരണീയനായ രാഷ്ട്രീയനേതാവിന്റെ പേര് ഉത്തരമായി പറയുകയുംചെയ്ത ഹീനമനസ്സുള്ള പ്രസിദ്ധീകരണമാണത്.

കോഴിക്കോട്ടങ്ങാടിയില്‍ എഴുപത്തഞ്ച് പൈസയ്ക്ക് മഞ്ഞപ്രസിദ്ധീകരണം വിറ്റുനടന്നയാള്‍ ; മാന്യമായി ജീവിക്കുന്നവരെ ബ്ളാക്ക്മെയില്‍ ചെയ്യാനായി അപവാദങ്ങള്‍ പ്രചരിപ്പിക്കുകയും അതിന്റെ മറവില്‍ ധനസമ്പാദനം നടത്തുകയും ചെയ്യുന്നയാള്‍; കേരളത്തിലെ നിരവധി കോടതികളില്‍ മാനനഷ്ടക്കേസ് നേരിടുന്നയാള്‍; തിരുവനന്തപുരത്തെ ഒരു കോടതി 'ക്രുക്കഡ്' എന്ന സ്ഥാനപ്പേരുനല്‍കിയ ആള്‍-അങ്ങനെ ഒരു മനുഷ്യന്‍ പറയുന്ന യുക്തിക്കും യാഥാര്‍ഥ്യത്തിനും യോജിക്കാത്ത കാര്യങ്ങള്‍ ടി ജെ എസ് ജോര്‍ജിനെപ്പോലുള്ളവര്‍ ഏറ്റെടുത്ത് പുനഃസംപ്രേഷണം ചെയ്താലോ? അത്തരമൊരു തെറ്റ് ചൂണ്ടിക്കാട്ടുന്നത് സമൂഹത്തോടുള്ള അനിവാര്യ കടമയാണെന്നുതന്നെ കരുതേണ്ടതുണ്ട്.

കെ എം റോയിയിലേക്കുതന്നെ മടങ്ങിവരാം. 'അറിയുന്നത്', 'കരുതുന്നത്', 'രഹസ്യ സംഭാഷണത്തില്‍', 'ആരാണ് വിശ്വസിക്കുക', 'അങ്ങനെയാണത്രെ' എന്നിങ്ങനെ തനിക്കുറപ്പില്ലാത്ത കല്‍പ്പനകള്‍ക്കുമുകളില്‍ പടുത്തുയര്‍ത്തിയതാണ് റോയിയുടെ മംഗളം ലേഖനം. എവിടെയൊക്കെയോ വായിച്ചും എവിടെനിന്നോ കേട്ടും മനസ്സില്‍കയറ്റിയ കാര്യങ്ങള്‍ കൂട്ടിക്കുഴച്ച് 'രാഷ്ട്രീയ നിരീക്ഷണ'ത്തിനൊരുമ്പെടുകയാണ് അദ്ദേഹം. സിപിഐ എം പൊളിറ്റ് ബ്യൂറോയില്‍ തീരുമാനമുണ്ടായത് ജനറല്‍ സെക്രട്ടറി എന്ന നിലയിലുള്ള പ്രകാശ് കാരാട്ടിന്റെ അധികാരം ഉപയോഗിച്ചായിരുന്നെന്നും നാലുപേരൊഴികെ മറ്റെല്ലാവരും അതിന് എതിരായിരുന്നെന്നുമാണ് ഒരു 'വെളിപ്പെടുത്തല്‍, അങ്ങനെ എതിര്‍ത്തു എന്ന് മാധ്യമങ്ങള്‍ ആണയിട്ടു പറഞ്ഞ എം കെ പന്ഥെ കേരളത്തില്‍ വന്ന്, അത്തരമൊരു ഭിന്നതയും പിബിയില്‍ ഉണ്ടായിട്ടില്ലെന്നും തന്റെ പേരില്‍ ആരോപിച്ചത് തനിഅസംബന്ധമാണെന്നും വ്യക്തമാക്കിയത് കെ എം റോയി മറന്നേപോയി. പാര്‍ടിയുടെ ഏകകണ്ഠമായ തീരുമാനം പ്രകാശ് കാരാട്ട് കേരളത്തില്‍ വന്ന് പാര്‍ടിപ്രവര്‍ത്തകര്‍ക്ക് വിശദീകരിക്കുകയും എസ്എന്‍സി ലാവ്ലിന്‍ കേസുമായി ബന്ധപ്പെട്ട് കേന്ദ്ര കമ്മിറ്റി അംഗീകരിച്ച രേഖ പരസ്യപ്പെടുത്തുകയും ചെയ്തശേഷമാണ് താന്‍ അസംബന്ധം എഴുന്നള്ളിക്കുന്നതെന്ന ബോധം കെ എം റോയിക്ക് നഷ്ടപ്പെടുന്നിടത്താണ് പ്രായാധിക്യം വില്ലനാകുന്നത്.

ലേഖനത്തിലൊരിടത്ത് അദ്ദേഹം ബംഗാളിലെ ഒരു വക്കീല്‍ കൊടുത്ത ഹര്‍ജിയെക്കുറിച്ച് പറയുന്നു. പ്രതിമാസം 3200 രൂപ വീതം അലവന്‍സ് പറ്റുന്ന ഏഴായിരം സിപിഎം നേതാക്കള്‍ ഇന്ത്യയിലുണ്ടെന്നും അവര്‍ക്കാകെ പ്രതിവര്‍ഷം 27 കോടി രൂപ വേണമെന്നും അതിനെവിടെ പണമെന്നുമാണ് ഹര്‍ജിക്കാരനെ ഉദ്ധരിച്ച് റോയി ആവര്‍ത്തിക്കുന്ന ചോദ്യം. ആ പണം വരുന്നത് അഴിമതിയിലൂടെയാണെന്നും അതില്‍ വി എസ് അച്യുതാനന്ദനും പങ്കുണ്ടെന്നുമാണ് സൂചന. ഇത്തരമൊരു തിരുമണ്ടന്‍ ചോദ്യം കൈക്കിലകൂടാതെ ആവര്‍ത്തിക്കുന്നയാള്‍ ഇന്നാട്ടിലല്ലേ ജീവിക്കുന്നത് എന്നുചോദിക്കാനുള്ള അവകാശം അപമര്യാദയായി ചിത്രീകരിക്കപ്പെടില്ലെന്ന് കരുതുന്നു. സിപിഐ എമ്മിന്റെ മുഴുവന്‍സമയ പ്രവര്‍ത്തകര്‍ വായുഭക്ഷിച്ച് ജീവിക്കണം എന്നുമാത്രമല്ല, അവര്‍ക്ക് ഉപജീവനത്തിന് അഴിമതി നടത്തിക്കൂടേ എന്ന് കടത്തിപ്പറയുന്നതില്‍ കവിഞ്ഞൊന്നുമല്ല അത്. അഴിമതി അവകാശമായി കാണുന്നവരെയേ റോയി രാഷ്ട്രീയ പ്രവര്‍ത്തകരായി കാണുന്നുള്ളൂ. ലോക്സഭയില്‍ മുന്‍ യുപിഎ സര്‍ക്കാര്‍ അനേകകോടികള്‍ മുടക്കി കുതിരക്കച്ചവടത്തിലൂടെ ഭൂരിപക്ഷം സ്വന്തമാക്കിയപ്പോള്‍ അതില്‍ നിര്‍ണായക പങ്കുവഹിച്ച വയലാര്‍ രവിയുടെ മിടുക്കിനെ പുകഴ്ത്തിയ വ്യക്തിയാണ് കെ എം റോയി. സിപിഐ എമ്മിന് മുഴുവന്‍സമയ പ്രവര്‍ത്തകര്‍ക്ക് നല്‍കാനുള്ള അലവന്‍സ് പാര്‍ടി അംഗങ്ങളില്‍നിന്ന് കിട്ടുന്ന ലെവിയിലൂടെയും പൊതുജനങ്ങളില്‍നിന്ന് സ്വരൂപിക്കുന്ന പാര്‍ടി ഫണ്ടിലൂടെയും സ്വരൂപിക്കാനാവുമെന്ന്, കണ്ണൂരിലെ അബ്ദുള്ളക്കുട്ടി എംപി സ്ഥാനം നഷ്ടപ്പെടുമ്പോള്‍ നടത്തിയ വിലാപത്തില്‍നിന്നുപോലും റോയിക്ക് മനസ്സിലായില്ലേ? പാര്‍ടി 'തന്റെ ശമ്പള'ത്തില്‍നിന്ന് അമിതമായി ലെവി പിരിക്കുന്നു എന്നല്ലേ അബ്ദുള്ളക്കുട്ടി കരഞ്ഞിരുന്നത്?

എ കെ ജി സെന്റര്‍ എയര്‍കണ്ടീഷന്‍ചെയ്ത മണിമേടയാണെന്ന് പറഞ്ഞുപരത്തിയവരുടെ കൂട്ടത്തില്‍ കെ എം റോയി ഉണ്ടോ എന്നറിയില്ല. എന്നാല്‍, കഴിഞ്ഞ ദിവസം മലയാള മനോരമയില്‍ വന്ന ഒരു വാര്‍ത്ത എ കെ ജി സെന്ററില്‍ പുതുതായി പണികഴിപ്പിച്ച സംസ്ഥാന കമ്മിറ്റി ഹാള്‍ എയര്‍കണ്ടീഷന്‍ഡ് ആണ് എന്നാണ്. 'മുഴുവന്‍ എയര്‍കണ്ടീഷന്‍ഡ് ആയ' എ കെ ജി സെന്ററില്‍ ഒരു ഹാള്‍മാത്രം എസി ആക്കിയത് എങ്ങനെ വാര്‍ത്തയാകും? പത്രപ്രവര്‍ത്തനത്തിന്റെ സകലകലയും വശത്താക്കിയ ആചാര്യന്മാര്‍ അത്തരം വാര്‍ത്തയുടെ പൊരുത്തക്കേടും പരിഹാസ്യതയുമല്ലേ വിശകലനം ചെയ്യേണ്ടത്? ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഹൈകമാന്‍ഡില്‍നിന്ന്പെട്ടിയിലാക്കി വന്ന കോടികളില്‍ കുറെ ലക്ഷങ്ങള്‍ വിമാനത്താവളത്തില്‍ പിടിച്ചു. കേസും വാര്‍ത്തയും മുക്കി. മുല്ലപ്പള്ളി രാമചന്ദ്രനായി കൊണ്ടുവന്ന അരക്കോടിയില്‍ 25 ലക്ഷം തട്ടിയെടുത്തതു സംബന്ധിച്ച വിവാദവും തെളിവുകളും മുക്കിയിട്ടും മുങ്ങാതെ പുറത്തുവന്നു. കണ്‍മുന്നിലുള്ള ആ തെളിവുകളല്ല, സിപിഐ എമ്മിന്റെ മുഴുവന്‍ സമയപ്രവര്‍ത്തകര്‍ക്ക് സ്വന്തം ജീവനും കുടുംബജീവിതവും നിലനിര്‍ത്താന്‍ പാര്‍ടിഘടകങ്ങള്‍ നല്‍കുന്ന അലവന്‍സിലാണ് റോയിയുടെ ആവേശഭരിതമായ പ്രതികരണം!

മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെ നിന്ദാസ്തുതികളോടെ പലയാവര്‍ത്തി പരാമര്‍ശിക്കുന്ന റോയി, പാര്‍ടി കേന്ദ്രകമ്മിറ്റി സ്വീകരിച്ച അച്ചടക്കനടപടി വി എസ് അംഗീകരിച്ചതിലാണ് കുണ്ഠിതപ്പെടുന്നത്. വി എസ് മുഖ്യമന്ത്രിയായി തുടരുന്നതില്‍പ്പരം അപമാനകരമായി മറ്റെന്താണുള്ളതെന്നാണ് ചോദ്യം. ഡല്‍ഹിയില്‍വച്ചുതന്നെ രാജിവച്ചിരുന്നെങ്കില്‍ എത്രയോ ആരാധ്യനായി മാറുമായിരുന്നു എന്ന് ആത്മഗതം. സിപിഐ എം പറയുന്നത് ശരിയാണ്-ഏതെങ്കിലുമൊരു നേതാവിനെ പാര്‍ടിയില്‍നിന്ന് അടര്‍ത്തിയെടുക്കാനുള്ള ആര്‍ത്തിയാണ് പഴക്കംചെന്ന പത്രപ്രവര്‍ത്തക മനസ്സില്‍. അദ്ദേഹം പ്രകാശ് കാരാട്ടില്‍ കാണുന്ന അയോഗ്യത, വി എസ് ഒളിവില്‍ പ്രവര്‍ത്തിക്കുന്ന കാലത്ത് പ്രകാശിന് നിക്കറിടാന്‍പോലും പ്രായമായിട്ടില്ലെന്നതാണ്. അതിന് മറ്റൊരര്‍ഥവുമുണ്ട്. കെ എം റോയി ഇംഗ്ളീഷ് പത്രപ്രവര്‍ത്തനം നടത്തുന്ന കാലത്ത് ജനിച്ചിട്ടുപോലുമില്ലാത്തവര്‍ ഇന്ന് അതേ പത്രത്തില്‍ എഡിറ്റര്‍മാരായിരിക്കുന്നുണ്ട്-മംഗളത്തെ നയിക്കുന്നുമുണ്ട്. അവരോടുള്ള റോയിയുടെ സമീപനവും ഇതുതന്നെയെങ്കില്‍, അദ്ദേഹത്തെ ബാധിച്ചത് പ്രായാധിക്യത്തിന്റെ തകരാറാണെന്ന് ഉറപ്പിച്ചുകൂടേ? അതിനെ നാട്ടിന്‍പുറത്ത് 'അത്തും പിത്തുമാവുക' എന്ന് പറയാറുണ്ട്. അത്തരക്കാര്‍ക്ക് ടി പി നന്ദകുമാറിനെ ആരാധ്യ കഥാപാത്രമായി കൊണ്ടുനടക്കാം; ക്രൈം ദ്വൈവാരികയെ ആധികാരിക വിവരസ്രോതസ്സായി ഉപയോഗിക്കുകയുമാവാം. അവരോട് പരിഷ്കൃത സമൂഹത്തിന് ചെയ്യാനുള്ള ഉചിതമായ കടമ, സഹിഷ്ണുതയോടെയും സഹതാപത്തോടെയും സ്നേഹത്തോടെയും സഹിക്കുക എന്നതുമാത്രമാണ്. പ്രായാധിക്യവും അതിന്റെ ഭാഗമായ പ്രശ്നങ്ങളും ഒരു കുറ്റമല്ല എന്ന് എല്ലായ്പ്പോഴും ഓര്‍മിക്കപ്പെടേണ്ടതുണ്ട്.

ശ്രീ പി എം മനോജ് ദേശാഭിമാനി ദിനപ്പത്രത്തില്‍ എഴുതിയ ലേഖനം

പി.എം. മനോജിന്റെ പോസ്റ്റ് ഇവിടെ

1 comment:

  1. ലേഖനത്തിലൊരിടത്ത് അദ്ദേഹം ബംഗാളിലെ ഒരു വക്കീല്‍ കൊടുത്ത ഹര്‍ജിയെക്കുറിച്ച് പറയുന്നു. പ്രതിമാസം 3200 രൂപ വീതം അലവന്‍സ് പറ്റുന്ന ഏഴായിരം സിപിഎം നേതാക്കള്‍ ഇന്ത്യയിലുണ്ടെന്നും അവര്‍ക്കാകെ പ്രതിവര്‍ഷം 27 കോടി രൂപ വേണമെന്നും അതിനെവിടെ പണമെന്നുമാണ് ഹര്‍ജിക്കാരനെ ഉദ്ധരിച്ച് റോയി ആവര്‍ത്തിക്കുന്ന ചോദ്യം. ആ പണം വരുന്നത് അഴിമതിയിലൂടെയാണെന്നും അതില്‍ വി എസ് അച്യുതാനന്ദനും പങ്കുണ്ടെന്നുമാണ് സൂചന. ഇത്തരമൊരു തിരുമണ്ടന്‍ ചോദ്യം കൈക്കിലകൂടാതെ ആവര്‍ത്തിക്കുന്നയാള്‍ ഇന്നാട്ടിലല്ലേ ജീവിക്കുന്നത് എന്നുചോദിക്കാനുള്ള അവകാശം അപമര്യാദയായി ചിത്രീകരിക്കപ്പെടില്ലെന്ന് കരുതുന്നു. സിപിഐ എമ്മിന്റെ മുഴുവന്‍സമയ പ്രവര്‍ത്തകര്‍ വായുഭക്ഷിച്ച് ജീവിക്കണം എന്നുമാത്രമല്ല, അവര്‍ക്ക് ഉപജീവനത്തിന് അഴിമതി നടത്തിക്കൂടേ എന്ന് കടത്തിപ്പറയുന്നതില്‍ കവിഞ്ഞൊന്നുമല്ല അത്. അഴിമതി അവകാശമായി കാണുന്നവരെയേ റോയി രാഷ്ട്രീയ പ്രവര്‍ത്തകരായി കാണുന്നുള്ളൂ. ലോക്സഭയില്‍ മുന്‍ യുപിഎ സര്‍ക്കാര്‍ അനേകകോടികള്‍ മുടക്കി കുതിരക്കച്ചവടത്തിലൂടെ ഭൂരിപക്ഷം സ്വന്തമാക്കിയപ്പോള്‍ അതില്‍ നിര്‍ണായക പങ്കുവഹിച്ച വയലാര്‍ രവിയുടെ മിടുക്കിനെ പുകഴ്ത്തിയ വ്യക്തിയാണ് കെ എം റോയി. സിപിഐ എമ്മിന് മുഴുവന്‍സമയ പ്രവര്‍ത്തകര്‍ക്ക് നല്‍കാനുള്ള അലവന്‍സ് പാര്‍ടി അംഗങ്ങളില്‍നിന്ന് കിട്ടുന്ന ലെവിയിലൂടെയും പൊതുജനങ്ങളില്‍നിന്ന് സ്വരൂപിക്കുന്ന പാര്‍ടി ഫണ്ടിലൂടെയും സ്വരൂപിക്കാനാവുമെന്ന്, കണ്ണൂരിലെ അബ്ദുള്ളക്കുട്ടി എംപി സ്ഥാനം നഷ്ടപ്പെടുമ്പോള്‍ നടത്തിയ വിലാപത്തില്‍നിന്നുപോലും റോയിക്ക് മനസ്സിലായില്ലേ? പാര്‍ടി 'തന്റെ ശമ്പള'ത്തില്‍നിന്ന് അമിതമായി ലെവി പിരിക്കുന്നു എന്നല്ലേ അബ്ദുള്ളക്കുട്ടി കരഞ്ഞിരുന്നത്?

    ReplyDelete