Thursday, August 27, 2009

ഗവര്‍ണര്‍ക്ക് ആശ്രയം സ്വകാര്യ പ്രാക്ടീസോ?

എസ്എന്‍സി ലാവ്ലിന്‍ കേസില്‍ മുന്‍മന്ത്രി പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യാന്‍ സിബിഐയെ വിളിച്ചുവരുത്തി അനുവാദം കൊടുത്ത ഗവര്‍ണര്‍ ആര്‍ എസ് ഗവായിയുടെ നടപടി അത്ഭുതകരവും ദുരൂഹവും അതിലുപരി സങ്കുചിത രാഷ്ട്രീയപ്രേരണയ്ക്കു വഴങ്ങിയുള്ളതുമാണ് എന്നതില്‍ ഒരു സംശയവും അവശേഷിക്കുന്നില്ല. ഏറ്റവുമൊടുവില്‍ പുറത്തുവന്നത്, ഒരു റിട്ടയേഡ് ഹൈക്കോടതി ജഡ്ജിക്ക് ഒരുലക്ഷം രൂപ പാരിതോഷികം നല്‍കിയാണ് ഗവായി തനിക്കുവേണ്ട നിയമോപദേശം സംഘടിപ്പിച്ചത് എന്ന വിവരമാണ്. അതായത്, സംസ്ഥാന മന്ത്രിസഭയുടെ തീരുമാനത്തെ മറികടക്കാനും അഡ്വക്കറ്റ് ജനറല്‍ എന്ന ഭരണഘടനാസ്ഥാപനത്തിന്റെ നിയമോപദേശം തള്ളിക്കളയാനും ഒരു സ്വകാര്യനീക്കത്തിലൂടെ തയ്യാറാവുക മാത്രമല്ല, അതിനുവേണ്ടി കേരളത്തിലെ ജനങ്ങളുടെ നികുതിപ്പണംതന്നെ അവിഹിതമായി വിനിയോഗിച്ചു എന്ന്.

ഗവര്‍ണര്‍ സംസ്ഥാനത്തിന്റെ ഭരണത്തലവനാണ്. ഭരണഘടനാനുസൃതം നിയമകാര്യങ്ങള്‍ കൈകാര്യംചെയ്യാന്‍ ചുമതലപ്പെട്ട നിയമ വിദഗ്ധരുടെ സേവനം ഔദ്യോഗികമായിത്തന്നെ ലഭിക്കുമെന്നിരിക്കെ എന്തിന് ഒരു റിട്ടയേഡ് ജഡ്ജിയുടെ സേവനം തേടി, ആരാണ് ഗവായിക്ക് അടുത്തൂണ്‍ പറ്റിയ മുന്‍ ജഡ്ജിയെ ശുപാര്‍ശചെയ്തത്, അങ്ങനെയൊരാളെ തെരഞ്ഞെടുക്കാനുള്ള മാനദണ്ഡമെന്ത്, അദ്ദേഹത്തില്‍നിന്ന് കിട്ടിയ നിയമോപദേശം പരസ്യപ്പെടുത്താത്തതെന്ത് എന്നെല്ലാമുള്ള സംശയങ്ങള്‍ അവശേഷിക്കുകയാണ്.

അറ്റോര്‍ണി ജനറല്‍, സോളിസിറ്റര്‍ ജനറല്‍ തുടങ്ങിയ പദവികള്‍ അലങ്കാരത്തിനുള്ളതല്ല. അഡ്വക്കറ്റ് ജനറലിന്റെയും മന്ത്രിസഭയുടെയും ശുപാര്‍ശ മറികടക്കാനാണ് നീക്കമെങ്കില്‍, സ്വാഭാവികമായും ഗവര്‍ണര്‍ പോകേണ്ടത് അറ്റോര്‍ണി ജനറലിനെയോ സോളിസിറ്റര്‍ ജനറലിനെയോ തേടിയായിരുന്നു. അങ്ങനെ പോകുന്നതായി രാജ്ഭവന്‍ രഹസ്യങ്ങള്‍ സ്ഥിരം റിപ്പോര്‍ട്ടുചെയ്യുന്ന മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയതുമാണ്. അത്തരം ഔദ്യോഗിക സ്ഥാപനങ്ങളില്‍നിന്ന് തങ്ങള്‍ ഇച്ഛിക്കുന്ന ഉപദേശം കിട്ടാത്തതുകൊണ്ടാണോ ഗവര്‍ണര്‍ മറ്റുമാര്‍ഗം തേടിയത്? അല്ലെങ്കില്‍, പിന്നെന്തുകൊണ്ട്, ആര്‍ക്കും അറിയാത്ത ഒരു മുന്‍ ജഡ്ജിയുടെ ഉപദേശം മതി എന്ന് തീരുമാനിച്ചു എന്ന് വ്യക്തമാക്കപ്പെടേണ്ടതുണ്ട്. സുപ്രീം കോടതിയില്‍ ന്യായാധിപസ്ഥാനത്തിരുന്നവര്‍ കേരളത്തിലുണ്ട്. രാജ്യമാകെ ആദരിക്കുന്ന നിയമപണ്ഡിതര്‍ തന്നെ അക്കൂട്ടത്തിലുണ്ട്. അവരെയൊന്നും എന്തുകൊണ്ട് സമീപിച്ചില്ല? ഇങ്ങനെ ഉപദേശം നല്‍കാനുള്ള എന്ത് അധികയോഗ്യതയാണ് ഒരുലക്ഷം വാങ്ങി ഉപദേശം നല്‍കിയ മുന്‍ ജഡ്ജിക്കുള്ളത്?

ഗവര്‍ണര്‍ ഭരണഘടനാവിരുദ്ധമായി പ്രോസിക്യൂഷന്‍ അനുമതി നല്‍കിയപ്പോള്‍ സിപിഐ എം പ്രതികരിച്ചത് ഇങ്ങനെയാണ്:

“പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യാനുള്ള സിബിഐ നിലപാട് രാഷ്ട്രീയപ്രേരിതമാണെന്ന നിലപാടില്‍ സിപിഐ എം ഉറച്ചുനില്‍ക്കുന്നു. കഴിഞ്ഞ മൂന്നുമാസമായി യുഡിഎഫും മറ്റ് പാര്‍ടിവിരുദ്ധ ശക്തികളും പ്രോസിക്യൂഷന്‍ അനുമതി നല്‍കുന്നതിനായി ഗവര്‍ണറുടെമേല്‍ കടുത്ത സമ്മര്‍ദം ചെലുത്തിവരികയായിരുന്നു. ഈ കേസ് സംബന്ധിച്ച ഓരോ ഘട്ടത്തിലും സിബിഐയുടേതെന്ന മട്ടില്‍ മാധ്യമങ്ങളില്‍ വാര്‍ത്ത പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു. സിബിഐ ആകട്ടെ ഇതിന് മൌനാനുവാദം നല്‍കുകയായിരുന്നു. ഒരുപക്ഷേ ഇതാദ്യമായിട്ടായിരിക്കും രാജ്ഭവനില്‍ സിബിഐ കാത്തിരുന്ന് ഗവര്‍ണറില്‍നിന്ന് ഒരുത്തരവ് വാങ്ങിച്ചുകൊണ്ടുപോകുന്നത്. മന്ത്രിസഭയുടെ ഉപദേശം ആവശ്യപ്പെടുകയും അതിനെത്തുടര്‍ന്ന് ഉപദേശം ലഭിക്കുകയും ചെയ്തതിനുശേഷം വ്യത്യസ്തമായ തീരുമാനം കൈക്കൊണ്ടത് തികച്ചും ദൌര്‍ഭാഗ്യകരമാണ്. സിപിഐ എമ്മിനും പാര്‍ടി സെക്രട്ടറിക്കും എതിരായുള്ള ഈ കടന്നാക്രമണം രാഷ്ട്രീയമായും നിയമപരമായും നേരിടുകതന്നെ ചെയ്യും.''

ആ പ്രതികരണം അക്ഷരാര്‍ഥത്തില്‍ സ്ഥിരീകരിക്കുന്നതാണ് റിട്ടയേഡ് ജഡ്ജിക്ക് ഒരുലക്ഷം നല്‍കി തനിക്കു ഹിതകരമായ ഉപദേശം വാങ്ങിയ ഗവായിയുടെ നടപടി. ഗവര്‍ണര്‍ പ്രോസിക്യൂഷന്‍ അനുമതി നല്‍കിക്കൊണ്ട് എഴുതിയ കാര്യങ്ങള്‍ ഇതിനകം പുറത്തുവന്നിട്ടുണ്ട്. അത്ഭുതകരമെന്നു പറയട്ടെ, ലാവ്ലിന്‍ പ്രശ്നത്തില്‍ അമിതാവേശത്തോടെ കോടതിയിലും പുറത്തും ഇടപെടുന്ന ഹൈക്കോടതിയിലെ ഒരഭിഭാഷകന്‍ മാതൃഭൂമിയില്‍ നേരത്തെ എഴുതിയ ലേഖനത്തിലെ പല ഭാഗങ്ങളും ഗവര്‍ണറുടെ ഉത്തരവിലുമുണ്ട്. അതേ അഭിഭാഷകനാണ്, പിണറായി നല്‍കിയ റിട്ട് ഹര്‍ജി സുപ്രീംകോടതി രജിസ്ട്രി പൊതുതാല്‍പ്പര്യ വിഭാഗത്തില്‍ പെടുത്തി എന്ന് വിലപിച്ച് അതിനെതിരെ നിരന്തരം 'വിദഗ്ധാഭിപ്രായപ്രകടനം' നടത്തുന്നത്. കേസ് സുപ്രീംകോടതി പരിഗണിക്കുന്നതിനുമുമ്പുതന്നെ മുന്‍വിധികളോടെ മാധ്യമ ഇടപെടലും നടക്കുന്നു. തുടക്കംമുതല്‍, പിണറായി വിജയന്റെ ചോരയ്ക്കു ദാഹിച്ച് പച്ചക്കള്ളങ്ങള്‍പോലും എഴുതിവിട്ട മാതൃഭൂമി പത്രം ഈ പ്രചാരണത്തിന്റെ മുന്‍നിരയിലുണ്ട്. ഏതു ബെഞ്ചിലാണ് കേസ് പരിഗണനയ്ക്കു വരിക എന്നതുപോലും ആവേശപൂര്‍വം തിരക്കി വാര്‍ത്തകള്‍ നല്‍കുന്ന മാതൃഭൂമിക്ക് ഇക്കാര്യത്തിലുള്ള കുത്സിത ലക്ഷ്യങ്ങള്‍ക്ക് സമാനമായതുതന്നെയാണ് അസാധാരണ നടപടികളിലൂടെ പ്രോസിക്യൂഷന്‍ അനുമതി നല്‍കിയ ഗവര്‍ണറെയും നയിച്ചത്. അതാകട്ടെ, കേന്ദ്രം ഭരിക്കുന്ന കോണ്‍ഗ്രസിന്റെ പ്രതിനിധികളായ കേരളത്തിലെ പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്റും ഉയര്‍ത്തിപ്പിടിക്കുന്ന സങ്കുചിതമായ രാഷ്ട്രീയ താല്‍പ്പര്യവും ശത്രുതയും തന്നെയാണ്.

ഇവിടെ, യുഡിഎഫിനെ; നിക്ഷിപ്ത താല്‍പ്പര്യക്കാരെ സേവിക്കാന്‍ ഉന്നതമായ ഗവര്‍ണര്‍പദവി ദുരുപയോഗം ചെയ്യപ്പെട്ടിരിക്കുന്നു. പരസ്യമായി രാജ്ഭവനില്‍ ചെന്നുകണ്ട്, ഉമ്മന്‍ചാണ്ടിയും കൂട്ടരും ആവശ്യപ്പെട്ട കാര്യം നഗ്നമായി ഗവര്‍ണര്‍ നിറവേറ്റിക്കൊടുത്തിരിക്കുന്നു. അതിനുവേണ്ടി പൊതുഖജനാവില്‍നിന്ന് പണവും ചെലവിട്ടിരിക്കുന്നു. നിയമപരമായ മറ്റുപല പിശകുകളും ക്രമരാഹിത്യവും വീഴ്ചകളും ഗവര്‍ണറുടെ നടപടിയില്‍ ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്.

ലാവ്ലിന്‍ കേസില്‍ ഗവണറെയും യുഡിഎഫിനെയും മാതൃഭൂമിയുള്‍പ്പെടെയുള്ളവരെയും നയിക്കുന്ന താല്‍പ്പര്യം ഒന്നുമാത്രമാണ്-സിപിഐ എം സംസ്ഥാന സെക്രട്ടറിയെ ഏതു വിധേനയും ആക്രമിച്ച് വകവരുത്തുക എന്നതാണത്. ഒരു പൈസയുടെ അഴിമതി പിണറായി നടത്തി എന്ന് സിബിഐ അന്വേഷിച്ചു കണ്ടെത്തിയിട്ടില്ല. സ്വന്തം നാട്ടില്‍ ക്യാന്‍സര്‍ ആശുപത്രി തുടങ്ങാന്‍ ശ്രമിച്ചു എന്ന മഹാപരാധമാണ് അദ്ദേഹത്തിനുമേല്‍ ചാര്‍ത്തിയത്. കേസില്‍ സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ഒറ്റനോട്ടത്തില്‍ത്തന്നെ കോടതി അപാകതകള്‍ കണ്ടെത്തി. 'ഗൂഢാലോചനയുടെ തുടക്കക്കാരന്‍' എന്ന് കുറ്റപത്രത്തില്‍ പറഞ്ഞ മുന്‍ മന്ത്രി ജി കാര്‍ത്തികേയന്റെ പങ്ക് കൂടുതല്‍ അന്വേഷിക്കണമെന്ന് കോടതി ഉത്തരവിട്ടു. അതോടെ, ലാവ്ലിന്‍ കേസുമായി ബന്ധപ്പെട്ട് വാര്‍ത്തകള്‍ നല്‍കുന്നതുപോലും കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങള്‍ അവസാനിപ്പിച്ചു. ഇപ്പോള്‍ പിണറായി കോടതിയെ സമീപിച്ചപ്പോള്‍ പുതിയ വിവാദങ്ങള്‍ ജനിപ്പിക്കാന്‍ ശ്രമിക്കുന്നു. അത്തരക്കാര്‍ ഗവര്‍ണര്‍ ഗവായി നടത്തിയ അധികാര ദുര്‍വിനിയോഗം കണ്ണുതുറന്നു കാണട്ടെ. ഒരു പൈസ ചെലവിടാതെ, ഭരണഘടനാ സ്ഥാപനങ്ങളില്‍നിന്ന് ഉപദേശം തേടാമെന്നിരിക്കെ സ്വകാര്യ പ്രാക്ടീസിനെ അഭയം തേടിയത് എന്തിന് എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തട്ടെ.

ഗവര്‍ണര്‍ പദവിതന്നെ ആവശ്യമാണോ എന്നും അങ്ങനെയൊരു പദവിയിലെത്തുന്നവര്‍ക്ക് മിനിമം യോഗ്യതയെങ്കിലും നിശ്ചയിക്കേണ്ടതല്ലേ എന്നുംമറ്റുമുള്ള പ്രശ്നങ്ങള്‍ സര്‍ക്കാരിയ കമീഷനും സുപ്രിംകോടതിയുടെ നിരവധി വിധികളും ഉന്നയിച്ചിട്ടുണ്ട്. അത്തരം ചര്‍ച്ചകള്‍ക്ക് കൂടുതല്‍ പ്രസക്തി കൈവരുന്ന സന്ദര്‍ഭവുമാണിത്.

ദേശാഭിമാനി മുഖപ്രസംഗം 27 ആഗസ്റ്റ് 2009

1 comment:

  1. എസ്എന്‍സി ലാവ്ലിന്‍ കേസില്‍ മുന്‍മന്ത്രി പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യാന്‍ സിബിഐയെ വിളിച്ചുവരുത്തി അനുവാദം കൊടുത്ത ഗവര്‍ണര്‍ ആര്‍ എസ് ഗവായിയുടെ നടപടി അത്ഭുതകരവും ദുരൂഹവും അതിലുപരി സങ്കുചിത രാഷ്ട്രീയപ്രേരണയ്ക്കു വഴങ്ങിയുള്ളതുമാണ് എന്നതില്‍ ഒരു സംശയവും അവശേഷിക്കുന്നില്ല. ഏറ്റവുമൊടുവില്‍ പുറത്തുവന്നത്, ഒരു റിട്ടയേഡ് ഹൈക്കോടതി ജഡ്ജിക്ക് ഒരുലക്ഷം രൂപ പാരിതോഷികം നല്‍കിയാണ് ഗവായി തനിക്കുവേണ്ട നിയമോപദേശം സംഘടിപ്പിച്ചത് എന്ന വിവരമാണ്. അതായത്, സംസ്ഥാന മന്ത്രിസഭയുടെ തീരുമാനത്തെ മറികടക്കാനും അഡ്വക്കറ്റ് ജനറല്‍ എന്ന ഭരണഘടനാസ്ഥാപനത്തിന്റെ നിയമോപദേശം തള്ളിക്കളയാനും ഒരു സ്വകാര്യനീക്കത്തിലൂടെ തയ്യാറാവുക മാത്രമല്ല, അതിനുവേണ്ടി കേരളത്തിലെ ജനങ്ങളുടെ നികുതിപ്പണംതന്നെ അവിഹിതമായി വിനിയോഗിച്ചു എന്ന്.

    ReplyDelete