Friday, August 21, 2009

തുല്യതയുടെ പ്രഖ്യാപനം

തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളില്‍ വനിതകള്‍ക്ക് 50 ശതമാനം സംവരണം ഏര്‍പ്പെടുത്താനുള്ള സംസ്ഥാനമന്ത്രിസഭയുടെ തീരുമാനം ജനാധിപത്യവാദികള്‍ക്ക് ആവേശം പകരുന്നതാണ്. നിലവില്‍ മൂന്നിലൊന്ന് സംവരണമാണ് സ്ത്രീകള്‍ക്ക് ഈ സമിതികളിലുള്ളത്. പ്രാദേശിക ഭരണസമിതികളില്‍ വനിതാസംവരണം ഏര്‍പ്പെടുത്തിയതു വഴി വിപ്ളവകരമായ മാറ്റമാണ് ഉണ്ടായത്. അടുക്കളയില്‍ പുക കുരുങ്ങിയ കണ്ണുകളുമായി കഴിയാന്‍വിധിക്കപ്പെട്ടിരുന്നവരില്‍ ഒരുവിഭാഗത്തെ അധികാരത്തിന്റെ മുഖ്യധാരയിലേക്ക് ഇത് ഉയര്‍ത്തി. കുടുംബഭരണം നടത്തിയ അനുഭവമുള്ള സ്ത്രീകള്‍ അതിവേഗത്തില്‍ ഭരണരംഗത്ത് പ്രാഗത്ഭ്യം തെളിയിച്ചു. സാധാരണക്കാരുടെ പ്രശ്നങ്ങള്‍ മറ്റാരേക്കാളും നന്നായി മനസ്സിലാക്കാനും ഇവര്‍ക്കു കഴിഞ്ഞു. അതുവഴി അവരുടെ ജീവിതനിലവാരം ഉയര്‍ത്തുന്നതിനുള്ള കര്‍മപദ്ധതികള്‍ക്ക് സമയബന്ധിതമായി രൂപംനല്‍കാനും നടപ്പാക്കാനും കഴിഞ്ഞു. ഈ പ്രക്രിയയുടെ ഗതിവേഗം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന തീരുമാനമാണ് സംവരണം 50 ശതമാനമായി ഉയര്‍ത്തുന്ന നടപടി.

സ്വാതന്ത്ര്യം കിട്ടി ആറുപതിറ്റാണ്ടു കഴിഞ്ഞിട്ടും ജനാധിപത്യവേദികളില്‍ അര്‍ഹമായ സ്ത്രീപ്രാതിനിധ്യം ഉറപ്പുവരുത്തുന്നതില്‍ പരാജയപ്പെട്ട രാജ്യമാണ് ഇന്ത്യ. ഏറെക്കാലത്തെ പ്രക്ഷോഭത്തിനും സമ്മര്‍ദങ്ങള്‍ക്കും ശേഷമാണ് തദ്ദേശസ്വയംഭരണസ്ഥാപനങ്ങളില്‍ മൂന്നിലൊന്നു സംവരണം ഏര്‍പ്പെടുത്തുന്ന നിയമനിര്‍മാണം നടത്തിയത്. അതും ശരിയായി പ്രയോഗത്തില്‍ വരുത്താന്‍ മടിക്കുന്ന സംസ്ഥാനങ്ങളും രാജ്യത്തുണ്ട്. തെരഞ്ഞെടുക്കപ്പെടുന്ന സ്ത്രീകള്‍ക്ക് ഭരിക്കാന്‍ കഴിയാത്ത സാഹചര്യമാണ് പലയിടത്തും സൃഷ്ടിക്കപ്പെടുന്നത്. സ്ത്രീകള്‍ക്ക് ഭരിക്കാന്‍ കഴിയുമോയെന്ന ചോദ്യമാണ് ഇക്കൂട്ടര്‍ ഉയര്‍ത്തുന്നത്. ഇത് അധികാരം കൈയൊഴിയാന്‍ തയ്യാറല്ലാത്ത വര്‍ഗങ്ങളും വിഭാഗങ്ങളും ഉയര്‍ത്തുന്ന സ്ഥിരം ചോദ്യമാണ്. ഇന്ത്യക്കാര്‍ക്ക് ഭരിക്കാന്‍ കഴിയുമോയെന്ന ചോദ്യം കെളോണിയല്‍ കാലഘട്ടത്തില്‍ ബ്രിട്ടീഷുകാര്‍ ചോദിച്ചിരുന്നു. ഇവര്‍ക്ക് അധികാരം നല്‍കിയാല്‍ രാജ്യം നശിച്ചുപോകുമെന്നും അതുകൊണ്ടു മാത്രമാണ് അധികാരം വിട്ടൊഴിയാത്തതെന്നും അവര്‍ വാദിച്ചിരുന്നു. അതേ വാദത്തിന്റെ തനിയാവര്‍ത്തനങ്ങളാണ് സ്ത്രീ പങ്കാളിത്തത്തിനെതിരെ ഉയരുന്നത്. ഈ വാദം തെറ്റാണെന്നു തെളിയിച്ച അനുഭവമാണ് സ്ത്രീകള്‍ അധികാരത്തിലിരുന്ന പ്രാദേശിക ഭരണസമിതികള്‍ പഠിപ്പിക്കുന്നത്. സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്രമാത്രം സ്ത്രീകളാണ് കടന്നുവന്നത്. കാര്യപ്രാപ്തിയോടെ ഭരണനിര്‍വഹണം നടത്തുന്ന ഇവര്‍ ജനങ്ങള്‍ക്ക് പുതിയ പ്രതീക്ഷയാണ് നല്‍കിയത്. അപൂര്‍വം ചിലര്‍ പരാജയപ്പെട്ടിട്ടുണ്ടാകും. എന്നാല്‍, പരാജയപ്പെട്ട പുരുഷ ജനപ്രതിനിധികളുടെ അനുപാതത്തേക്കാളും കുറവായിരിക്കും വനിതകളുടേത്.

പാര്‍ലമെന്റിലും നിയമസഭയിലും സ്ത്രീകള്‍ക്ക് സംവരണം ഏര്‍പ്പെടുത്തണമെന്ന ആവശ്യം ഇതുവരെയും നിര്‍വഹിക്കപ്പെട്ടിട്ടില്ല. രാജ്യസഭയില്‍ ബില്‍ അവതരിപ്പിച്ചിട്ടുള്ളതുകൊണ്ട് സഭയുടെ മുമ്പില്‍ അതു സജീവമായി നിലനില്‍ക്കുന്നുണ്ട്. രണ്ടാം യുപിഎ സര്‍ക്കാരിന്റെ 100 ദിന കര്‍മപദ്ധതിയില്‍ അത് ഉള്‍ക്കൊള്ളിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ പാര്‍ലമെന്റ് സമ്മേളനത്തിന്റെ പരിഗണനയില്‍ അതു വരുമെന്നാണ് പൊതുവെ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍, അതുണ്ടായില്ല. വാക്കുപാലിക്കാന്‍ കോണ്‍ഗ്രസ് ഉദ്ദേശിക്കുന്നതെങ്കില്‍ പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിച്ചുചേര്‍ക്കണം. കേരളത്തില്‍ നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിച്ചുചേര്‍ക്കാനാണ് മന്ത്രിസഭ തീരുമാനിച്ചിട്ടുള്ളത്. സ്ത്രീകള്‍ക്കുള്ള സംവരണം ആരുടെയും ഔദാര്യമല്ല, അത് അവരുടെ അവകാശമാണ്. മുട്ടാപ്പോക്കുയുക്തി പറഞ്ഞ് സംവരണം നീട്ടാന്‍ കേന്ദ്രം ഇനിയും ശ്രമിക്കരുത്.

ദേശാഭിമാനി മുഖപ്രസംഗം 21 ആഗസ്റ്റ് 2009

1 comment:

  1. തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളില്‍ വനിതകള്‍ക്ക് 50 ശതമാനം സംവരണം ഏര്‍പ്പെടുത്താനുള്ള സംസ്ഥാനമന്ത്രിസഭയുടെ തീരുമാനം ജനാധിപത്യവാദികള്‍ക്ക് ആവേശം പകരുന്നതാണ്. നിലവില്‍ മൂന്നിലൊന്ന് സംവരണമാണ് സ്ത്രീകള്‍ക്ക് ഈ സമിതികളിലുള്ളത്. പ്രാദേശിക ഭരണസമിതികളില്‍ വനിതാസംവരണം ഏര്‍പ്പെടുത്തിയതു വഴി വിപ്ളവകരമായ മാറ്റമാണ് ഉണ്ടായത്. അടുക്കളയില്‍ പുക കുരുങ്ങിയ കണ്ണുകളുമായി കഴിയാന്‍വിധിക്കപ്പെട്ടിരുന്നവരില്‍ ഒരുവിഭാഗത്തെ അധികാരത്തിന്റെ മുഖ്യധാരയിലേക്ക് ഇത് ഉയര്‍ത്തി. കുടുംബഭരണം നടത്തിയ അനുഭവമുള്ള സ്ത്രീകള്‍ അതിവേഗത്തില്‍ ഭരണരംഗത്ത് പ്രാഗത്ഭ്യം തെളിയിച്ചു. സാധാരണക്കാരുടെ പ്രശ്നങ്ങള്‍ മറ്റാരേക്കാളും നന്നായി മനസ്സിലാക്കാനും ഇവര്‍ക്കു കഴിഞ്ഞു. അതുവഴി അവരുടെ ജീവിതനിലവാരം ഉയര്‍ത്തുന്നതിനുള്ള കര്‍മപദ്ധതികള്‍ക്ക് സമയബന്ധിതമായി രൂപംനല്‍കാനും നടപ്പാക്കാനും കഴിഞ്ഞു. ഈ പ്രക്രിയയുടെ ഗതിവേഗം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന തീരുമാനമാണ് സംവരണം 50 ശതമാനമായി ഉയര്‍ത്തുന്ന നടപടി.

    ReplyDelete