Thursday, August 27, 2009

മുങ്ങുന്ന ഹിന്ദുത്വ കപ്പല്‍

ബിജെപി ഇന്ന് പ്രതിസന്ധിയുടെ ആഴക്കടലിലാണ്. അടല്‍ബിഹാരി വാജ്പേയിക്ക് ശേഷം ലാല്‍കൃഷ്ണ അദ്വാനിയെന്ന് എളുപ്പത്തില്‍ ഉത്തരം കണ്ടെത്താനായെങ്കിലും അദ്വാനിക്ക് ശേഷം ആരെന്ന ചോദ്യംതന്നെ ആ പാര്‍ടിയെ അന്തമില്ലാത്ത തര്‍ക്കത്തിലേക്ക് തള്ളിവിട്ടിരിക്കുന്നു. അരുണ്‍ ജെയ്റ്റ്ലിയും സുഷമസ്വരാജും രാജ്നാഥ്സിങ്ങും മറ്റും ആ സ്ഥാനത്തിനായി തുറന്ന പോരിലാണ്. അതിന്റെ ഇരകൂടിയാണ് ബിജെപിയുടെ സ്ഥാപക നേതാവുകൂടിയായ ജസ്വന്ത് സിങ്. വാജ്പേയിയെപ്പോലെ ലിബറല്‍ പ്രതിച്ഛായക്ക് ശ്രമിച്ച ജസ്വന്തിനെ ബിജെപി പുറത്താക്കി. ദേശീയ നിര്‍വാഹകസമിതി അംഗമായ അരുണ്‍ ഷൂരിയാകട്ടെ ചരട് നഷ്ടപ്പെട്ട് ലക്ഷ്യമില്ലാതെ പറക്കുന്ന പട്ടത്തോടാണ് പാര്‍ടിയെ ഉപമിച്ചത്. വിഡ്ഢികളുടെ നാട്ടിലെ ആലീസാണ് പാര്‍ടി അധ്യക്ഷന്‍ രാജ്നാഥ്സിങ്ങെന്നും അദ്ദേഹം പറഞ്ഞുവച്ചു. ബിജെപിയുടെ നിലവിലുള്ള നേതൃത്വത്തെ പൂര്‍ണമായും മാറ്റാന്‍ അദ്ദേഹം ആര്‍എസ്എസിനോട് ആവശ്യപ്പെടുകയുംചെയ്തു. ഇതുകൊണ്ടായിരിക്കണം ജസ്വന്ത്സിങ്ങിനെ പാര്‍ടിയില്‍നിന്ന് പുറത്താക്കാന്‍ നിമിഷങ്ങള്‍മാത്രം എടുത്ത ബിജെപി ഷൂരിക്ക് വിശദീകരണ നോട്ടീസ് നല്‍കാന്‍ തയ്യാറായത്. എന്നാല്‍, ജസ്വന്ത് സിങ്, ഷൂരി സംഭവങ്ങളെ കേവലം ഒരു നേതൃപ്രശ്നമായി തള്ളിക്കളയാനാവില്ല. സംഘപരിവാര്‍ ചെന്നുപെട്ട അഗാധമായ ആശയക്കുഴപ്പത്തിന്റെ പ്രതിഫലനം കൂടിയാണിത്.

ഒരു രാഷ്ട്രീയപാര്‍ടിയെന്ന നിലയില്‍ ബിജെപിയുടെ ഏറ്റവും വലിയ പോരായ്മ അതിന് ഇന്ത്യന്‍ സ്വാതന്ത്ര്യസമര പ്രസ്ഥാനവുമായി നാഭീനാള ബന്ധമില്ലെന്നതാണ്. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ വീരോചിതമായി പോരാടിയിട്ടില്ലെന്നു മാത്രമല്ല പലപ്പോഴും സ്വാതന്ത്ര്യസമരത്തെ അടിച്ചമര്‍ത്താന്‍ ബ്രിട്ടീഷുകാര്‍ക്കൊപ്പം ചേര്‍ന്ന പാരമ്പര്യമാണ് ബിജെപിയുടെ മുന്‍തലമുറക്കാര്‍ക്ക് ഉണ്ടായിരുന്നത്. 1925ല്‍ തന്നെ നാഗ്പുരില്‍വച്ച് ചിത്പാവന്‍ ബ്രാഹ്മണനായ കേശവബലിറാം ഹെഡ്ഗേവാര്‍ രാഷ്ട്രീയ സ്വയം സേവക സംഘത്തിന്(ആര്‍എസ്എസ്) രൂപം നല്‍കിയെങ്കിലും ബ്രിട്ടീഷുകാരില്‍നിന്ന് സ്വാതന്ത്ര്യം നേടുകയെന്നത് ഒരിക്കലും ഈ സംഘടനയുടെ ലക്ഷ്യമായിരുന്നില്ല. അതുകൊണ്ടുതന്നെ പിന്നീട് രൂപംകൊണ്ട ജനസംഘത്തിന്റെയോ ബിജെപിയുടെയോ പില്‍ക്കാല നേതാക്കള്‍ക്ക് ആര്‍ക്കും സ്വാതന്ത്ര്യ സമരവുമായി ബന്ധമുണ്ടെന്ന് അവകാശപ്പെടാന്‍ കഴിഞ്ഞതുമില്ല. ഉപ്പുസത്യഗ്രഹവേളയില്‍ മഹാരാഷ്ട്രയിലെ യവത്മഹലില്‍ പ്രകടനം നടത്തവെ മുസ്ളിങ്ങള്‍ കൊണ്ടുപോകുന്ന കന്നുകാലികളെ രക്ഷിക്കുന്നതിലേക്ക് സത്യഗ്രഹം മാറ്റിയതുള്‍പ്പെടെയുള്ള സംഭവങ്ങള്‍ മാത്രമാണ് ആര്‍എസ്എസ് ഇന്ന് സ്വാതന്ത്ര്യസമരത്തിന്റെ 'ഹീറോ'യായി ചിത്രീകരിക്കപ്പെടുന്ന ഹെഡ്ഗേവാറിനും മറ്റും പറയാനുള്ളത്. നാഗ്പുരിലെ ആര്‍എസ്എസ് കാര്യാലയത്തില്‍ ചിത്രങ്ങളിലൂടെ ഹെഡ്ഗേവാറിനെ സ്വാതന്ത്ര്യ സമര നായകനായി ചിത്രീകരിക്കാനുള്ള വൃഥാശ്രമം നടത്തുന്നുമുണ്ട്. ഹിന്ദുത്വവാദികള്‍ ഏറ്റവും വലിയ സ്വാതന്ത്ര്യ സമരസേനാനിയായി ചിത്രീകരിക്കുന്ന വി ഡി സവര്‍ക്കര്‍ ആകട്ടെ ബ്രിട്ടീഷുകാര്‍ക്ക് മാപ്പ് എഴുതി ജയില്‍ശിക്ഷയില്‍നിന്ന് മോചിതനായെന്നു മാത്രമല്ല ഇനിമുതല്‍ ബ്രിട്ടീഷുകാരുടെ ദാസനായി ജീവിക്കാമെന്ന് വാഗ്ദാനം ചെയ്യുകയുമുണ്ടായി. മധ്യപ്രദേശിലെ ബടേശ്വറില്‍ ക്വിറ്റ് ഇന്ത്യാസമരകാലത്ത് വാജ്പേയി അറസ്റ്റിലായപ്പോള്‍ ഇനി ബ്രിട്ടീഷ് ഭരണത്തിനെതിരെ പൊരുതില്ലെന്ന് എഴുതിക്കൊടുത്താണ് ജയില്‍മുക്തനായതെന്നും ചരിത്രം.

ആര്‍എസ്എസിന് സ്വാതന്ത്ര്യ സമരത്തിലുള്ള പങ്ക് എന്തെന്ന് കഴിഞ്ഞ ദിവസം ബിജെപി വിട്ട സുധീന്ദ്ര കുല്‍ക്കര്‍ണി തന്നെ വിലയിരുത്തുന്നുണ്ട്.

'ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തില്‍ തുച്ഛമായ സംഘടനാപരമായ പങ്ക് മാത്രമാണ് ആര്‍എസ്എസ് വഹിച്ചിട്ടുള്ളത്. ഭാരതം അഖണ്ഡമായിരിക്കണമെന്ന് ശരിയായി വാദിക്കുമ്പോഴും ആര്‍എസ്എസ് രൂപംകൊണ്ട 1925 മുതല്‍ സാതന്ത്ര്യം ലഭിച്ച 1947 വരെയുള്ള കാലയളവില്‍ സ്വതന്ത്ര ഇന്ത്യയുടെ ഭാവി സംബന്ധിച്ച് നടന്ന രാഷ്ട്രീയ-ഭരണഘടനാപരമായ സംവാദങ്ങളില്‍ ഒരു സംഘടനയെന്ന രീതിയിലോ നേതാക്കള്‍ വഴിയോ ഒരു സംഭാവനയും നല്‍കാന്‍ കഴിഞ്ഞിട്ടില്ല.'' (ഇന്ത്യന്‍ എക്സ്പ്രസ്, ആഗസ്ത് 23)

കോണ്‍ഗ്രസില്‍നിന്ന് വ്യത്യസ്തമായ പാതയിലൂടെയാണെങ്കിലും കമ്യൂണിസ്റ്റുകാരും സോഷ്യലിസ്റ്റുകളും രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി പൊരുതുകയുണ്ടായി. എന്നാല്‍, ഹിന്ദുത്വ രാഷ്ട്രീയത്തിന് ഇത്തരമൊരു പാരമ്പര്യം അവകാശപ്പെടാനില്ല. മാത്രമല്ല രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയെ വധിച്ച രക്തക്കറ സംഘപരിവാറിന്റെ മുഖത്ത് മുഴച്ച് തെളിഞ്ഞുനില്‍ക്കുന്നുമുണ്ട്. അതുകൊണ്ടുതന്നെ സ്വാതന്ത്ര്യസമരത്തില്‍ തങ്ങള്‍ക്കും പങ്കുണ്ടെന്നും അതിന് നേതൃത്വം നല്‍കിയ ചിലരെങ്കിലും ആശയപരമായി തങ്ങളുമായി അടുത്ത് നില്‍ക്കുന്നവരാണെന്നും വരുത്തിതീര്‍ക്കേണ്ടത് ബിജെപിക്ക് ഇന്നാവശ്യമായി വന്നിരിക്കുന്നു. ഇതിന്റെ ഭാഗമായാണ് സര്‍ദാര്‍ പട്ടേലിനെ പുകഴ്ത്താന്‍ ബിജെപി തയ്യാറാകുന്നത്. അദ്വാനി സ്വയം 'അഭിനവ സര്‍ദാര്‍ പട്ടേലെന്നും' 'ഉരുക്കുമനുഷ്യനെന്നും' വിശേഷിപ്പിക്കുന്നതും ഇതേ ലക്ഷ്യംവച്ചാണ്.

ജസ്വന്തിന്റെ പുസ്തകം നിരോധിക്കാന്‍ നരേന്ദ്രമോഡിസര്‍ക്കാര്‍ തയ്യാറായതും പട്ടേലിന്റെ പ്രതിച്ഛായ സംരക്ഷിക്കാനാണത്രെ. ഹിന്ദുത്വ ആശയഗതികളോട് പലപ്പോഴും അനുഭാവം പ്രകടിപ്പിച്ച കോണ്‍ഗ്രസ് നേതാവാണ് പട്ടേല്‍ എന്നത് ചരിത്രപരമായ വസ്തുതയാണ്. എന്നാല്‍, ഒരിക്കല്‍പ്പോലും അത്തരമൊരു സംഘടനയുടെ ഭാഗമായിരുന്നില്ല അദ്ദേഹം. പട്ടേല്‍ അഭ്യന്തരമന്ത്രിയായിരിക്കെയാണ് ഗാന്ധിജിയുടെ വധത്തെതുടര്‍ന്ന് ആര്‍എസ്എസിനെ നിരോധിച്ചത്. നെഹ്റുവിന്റെ നിര്‍ബന്ധംകൊണ്ടുമാത്രമാണ് പട്ടേല്‍ ഈ നടപടിക്ക് സന്നദ്ധനായതെന്നു പറഞ്ഞ് പട്ടേലിനെ ന്യായീകരിക്കാന്‍പോലും അദ്വാനി തയ്യാറാവുകയുണ്ടായി.

ഇന്ത്യന്‍ മുസ്ളിങ്ങളോട് എന്ത് സമീപനമാണ് സ്വീകരിക്കേണ്ടത് എന്ന കാര്യത്തിലും ബിജെപിക്ക് ആശയക്കുഴപ്പം തുടങ്ങിയിരിക്കുന്നു. മുസ്ളിങ്ങളെ ശത്രുക്കളായി കരുതി ഉന്മൂലനംചെയ്യണമെന്ന കാര്യത്തില്‍ സംഘപരിവാറില്‍ ഒരു കാലത്തും സംശയമുണ്ടായിരുന്നില്ല. ഹെഡ്ഗേവാറും ഗോള്‍വാള്‍ക്കറും മറ്റും ഇത് അര്‍ഥശങ്കയ്ക്കിടയില്ലാത്തവിധം രേഖപ്പെടുത്തിയിട്ടുമുണ്ട്. 'മുസ്ളിം പ്രീണനമെന്നത്' എന്നും ബിജെപിക്ക് ഇഷ്ടപ്പെട്ട മുദ്രാവാക്യമായിരുന്നു. മുന്‍ ആര്‍എസ്എസ് മേധാവി കെ എസ് സുദര്‍ശന്‍ ജിന്ന ദേശീയവാദിയും മതനിരപേക്ഷ വാദിയുമാണെന്ന് പറഞ്ഞ്, ഇന്ത്യ വിഭജിക്കാന്‍ കാരണം വിഭജനം അംഗീകരിച്ച നെഹ്റുവിനോടുള്ള ഗാന്ധിജിയുടെ മൃദുസമീപനമാണെന്ന് കുറ്റപ്പെടുത്തുന്നു. അതായത് ഗാന്ധിജി വധിക്കപ്പെടേണ്ട വ്യക്തി തന്നെയാണെന്ന ആശയമാണ് ഇതുവഴി സുദര്‍ശനും ജസ്വന്തും അദ്വാനിയും മറ്റും ഉല്‍പ്പാദിപ്പിക്കുന്നത്.

അധികാരരാഷ്ട്രീയത്തിലേക്ക് കാലെടുത്തുവച്ചതോടെ മുസ്ളിങ്ങള്‍ ഉള്‍പ്പെടെയുള്ള ജനവിഭാഗത്തിന്റെ പിന്തുണയും ആവശ്യമാണെന്ന ബോധ്യം ബിജെപിയിലെ ചിലരിലെങ്കിലും ഉടലെടുത്തു. 20 ശതമാനത്തോളം വോട്ട് മാത്രമുള്ള ബിജെപിക്ക് തനിച്ച് ഇന്ത്യയില്‍ അധികാരത്തില്‍ വരാന്‍ കഴിയില്ലെന്ന കാര്യം ഉറപ്പാണ്. അതുകൊണ്ടുതന്നെ എന്‍ഡിഎ എന്ന കൂട്ടുകക്ഷി പരീക്ഷണം അനിവാര്യമാകുന്നു. തീവ്രഹിന്ദുത്വത്തിന്റെ പാത സ്വീകരിച്ചപ്പോള്‍ ഒറീസയിലെ വിശ്വസ്തസഖ്യകക്ഷി ബിജുജനതാദള്‍ എന്‍ഡിഎ വിടുകയുണ്ടായി. വാജ്പേയി വര്‍ഷങ്ങളായി കെട്ടിപ്പടുത്ത വ്യാജമായ 'ലിബറല്‍' മുഖം ബിജെപിയെ അധികാരത്തിലെത്താന്‍ കുറച്ചൊന്നുമല്ല സഹായിച്ചത്. പാകിസ്ഥാനുമായി നല്ല ബന്ധം സ്ഥാപിക്കുക വഴി ഇന്ത്യന്‍മുസ്ളിങ്ങളുടെ പിന്തുണ പരോക്ഷമായെങ്കിലും നേടാന്‍ കഴിയുമെന്ന് ബിജെപി വിചാരിച്ചിരുന്നിരിക്കണം ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് ജിന്നയെ പുകഴ്ത്താന്‍ അദ്വാനിയും അവസാനമായി ജസ്വന്ത് സിങ്ങും ശ്രമിച്ചത് എന്ന വിലയിരുത്തലും ഉയര്‍ന്നിട്ടുണ്ട്. ജിന്നയിലുടെ ഉന്നംവയ്ക്കുന്നത് ഇന്ത്യയിലെ മുസ്ളിങ്ങളെയാണ്. ഒപ്പം പൊതുസമൂഹത്തില്‍ സ്വീകാര്യത നേടാനാനുള്ള ശ്രമവും. പാകിസ്ഥാനോടും ജിന്നയോടും വിധേയത്വമുള്ളവരാണ് ഇന്ത്യന്‍ മുസ്ളിങ്ങള്‍ എന്നത് സംഘപരിവാര്‍തന്നെ ഉല്‍പ്പാദിപ്പിച്ച തെറ്റായ ആശയഗതിയാണ്. അതില്‍നിന്ന് മുതലെടുക്കാന്‍ നടത്തുന്ന ചെപ്പടിവിദ്യകള്‍ സംഘപരിവാറിനെ പ്രത്യേകിച്ചും അതിന്റെ രാഷ്ട്രീയമുഖമായ ബി ജെപിയെ പ്രതിസന്ധിയിലേക്ക് വലിച്ചെറിഞ്ഞിരിക്കുകയാണ്. പെട്ടെന്നൊന്നും കരകയറാന്‍ ബിജെപിക്ക് കഴിയുമെന്ന് തോന്നുന്നില്ല.

വി ബി പരമേശ്വരന്‍ ദേശാഭിമാനി

2 comments:

  1. ബിജെപി ഇന്ന് പ്രതിസന്ധിയുടെ ആഴക്കടലിലാണ്. അടല്‍ബിഹാരി വാജ്പേയിക്ക് ശേഷം ലാല്‍കൃഷ്ണ അദ്വാനിയെന്ന് എളുപ്പത്തില്‍ ഉത്തരം കണ്ടെത്താനായെങ്കിലും അദ്വാനിക്ക് ശേഷം ആരെന്ന ചോദ്യംതന്നെ ആ പാര്‍ടിയെ അന്തമില്ലാത്ത തര്‍ക്കത്തിലേക്ക് തള്ളിവിട്ടിരിക്കുന്നു. അരുണ്‍ ജെയ്റ്റ്ലിയും സുഷമസ്വരാജും രാജ്നാഥ്സിങ്ങും മറ്റും ആ സ്ഥാനത്തിനായി തുറന്ന പോരിലാണ്. അതിന്റെ ഇരകൂടിയാണ് ബിജെപിയുടെ സ്ഥാപക നേതാവുകൂടിയായ ജസ്വന്ത് സിങ്. വാജ്പേയിയെപ്പോലെ ലിബറല്‍ പ്രതിച്ഛായക്ക് ശ്രമിച്ച ജസ്വന്തിനെ ബിജെപി പുറത്താക്കി. ദേശീയ നിര്‍വാഹകസമിതി അംഗമായ അരുണ്‍ ഷൂരിയാകട്ടെ ചരട് നഷ്ടപ്പെട്ട് ലക്ഷ്യമില്ലാതെ പറക്കുന്ന പട്ടത്തോടാണ് പാര്‍ടിയെ ഉപമിച്ചത്. വിഡ്ഢികളുടെ നാട്ടിലെ ആലീസാണ് പാര്‍ടി അധ്യക്ഷന്‍ രാജ്നാഥ്സിങ്ങെന്നും അദ്ദേഹം പറഞ്ഞുവച്ചു. ബിജെപിയുടെ നിലവിലുള്ള നേതൃത്വത്തെ പൂര്‍ണമായും മാറ്റാന്‍ അദ്ദേഹം ആര്‍എസ്എസിനോട് ആവശ്യപ്പെടുകയുംചെയ്തു. ഇതുകൊണ്ടായിരിക്കണം ജസ്വന്ത്സിങ്ങിനെ പാര്‍ടിയില്‍നിന്ന് പുറത്താക്കാന്‍ നിമിഷങ്ങള്‍മാത്രം എടുത്ത ബിജെപി ഷൂരിക്ക് വിശദീകരണ നോട്ടീസ് നല്‍കാന്‍ തയ്യാറായത്. എന്നാല്‍, ജസ്വന്ത് സിങ്, ഷൂരി സംഭവങ്ങളെ കേവലം ഒരു നേതൃപ്രശ്നമായി തള്ളിക്കളയാനാവില്ല. സംഘപരിവാര്‍ ചെന്നുപെട്ട അഗാധമായ ആശയക്കുഴപ്പത്തിന്റെ പ്രതിഫലനം കൂടിയാണിത്.

    ReplyDelete
  2. Dont worry. Even if the Hindutva ship is sinking ,leftists and rightists will keep the minority ship afloat. Who cares about a culture which was refined over 5000 years ? Who cares about a culture which taught tolerance to the world? Let mao's guns( remember the his famous quote- power flows through teh barrels of the gun) and malappuram knives determine teh future of this country.

    ReplyDelete