കേരളത്തില്‍ ഇടതുപക്ഷപ്രസ്ഥാനത്തിന് ഏറ്റവുമധികം കരുത്തുള്ള ജില്ലയാണ് കണ്ണൂര്‍. സിപിഐ എം പ്രവര്‍ത്തകര്‍ ഏറ്റവുമേറെ ആക്രമണത്തിനിരയാകുന്നതും കണ്ണൂരില്‍തന്നെ. സമാനമാണ് പശ്ചിമ ബംഗാളിലെയും സ്ഥിതി. പതിനഞ്ചാം ലോക്സഭാ തെരഞ്ഞെടുപ്പുഫലം വന്നശേഷം പശ്ചിമബംഗാളില്‍നിന്ന് തുടരെത്തുടരെ വരുന്നത് സിപിഐ എം പ്രവര്‍ത്തകര്‍ക്കെതിരായ മൃഗീയ ആക്രമണങ്ങളുടെ വാര്‍ത്തകളാണ്. മൌ സെ ദൊങ്ങിന്റെ പേരില്‍ സംഘടിച്ച ഒരുകൂട്ടര്‍-അവര്‍ സ്വയം മാവോയിസ്റുകളെന്ന് വിളിക്കുന്നു- ബംഗാളില്‍ കിരാത രാഷ്ട്രീയം തിരിച്ചുകൊണ്ടുവരികയാണ്. അവര്‍ക്ക് കേന്ദ്രഭരണകക്ഷി കൂട്ടുനില്‍ക്കുന്നു.
ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ടി മാവോയിസം എന്ന് പറയാറില്ല. മാര്‍ക്സിസം-ലെനിനിസവും മാവോയുടെ ചിന്തകളും പിന്തുടരുകയാണ് ചൈനീസ് പാര്‍ടി. ചൈനയുടെ സവിശേഷ സാഹചര്യങ്ങളില്‍ മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റ് സിദ്ധാന്തം പ്രയോഗിച്ച മഹാനായ നേതാവാണ് മാവോ. തോക്കും മറ്റായുധങ്ങളുമായി മനുഷ്യരെ കൊന്നൊടുക്കുന്ന; അട്ടിമറിസമരം നടത്തുന്ന; വലതുപക്ഷശക്തികളുമായി കൂട്ടുചേര്‍ന്ന് മാര്‍ക്സിസ്റ്റ് പാര്‍ടിയില്‍പെട്ടവരെ ഉന്മൂലനംചെയ്യുന്ന കൂട്ടര്‍ക്ക് യോജിച്ച പേരല്ല മാവോയിസ്റ്റ് എന്നത്. മാവോയിസ്റ്റുകള്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയെ കൊല്ലുമെന്ന് ഭീഷണിമുഴക്കുന്നു; അതിനായി കെണിയൊരുക്കുന്നു. ലാല്‍ഗഢില്‍നിന്ന് പിന്മാറിയില്ലെങ്കില്‍ ഇടതുമുന്നണി സര്‍ക്കാര്‍ കനത്ത പ്രത്യാഘാതം അനുഭവിക്കേണ്ടിവരുമെന്നാണ് മാവോയിസ്റ്റ് നേതൃത്വത്തിന്റെ ഒടുവിലത്തെ ഭീഷണി. കടുത്ത ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ലാല്‍ഗഢില്‍നിന്ന് സിപിഐ എം പ്രവര്‍ത്തകള്‍ ഒഴിഞ്ഞുപോവുകയാണ് എന്ന വാര്‍ത്തയും വന്നിരിക്കുന്നു-അത് സസന്തോഷം നമ്മുടെ ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തിരിക്കുന്നു.
കേന്ദ്രസര്‍ക്കാര്‍ മാവോയിസ്റ്റുകള്‍ക്ക് അകമഴിഞ്ഞ സഹായമാണ് ചെയ്യുന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രി പി ചിദംബരം പാര്‍ലമെന്റില്‍ പറഞ്ഞത് ഇങ്ങനെയാണ്:
"മാവോയിസ്റുകള്‍ വര്‍ഗസമരമാണ് നടത്തുന്നതെന്നാണ് അവകാശപ്പെടുന്നത്. സിപിഐ എം ഇതിനോട് അനുകൂല നിലപാടാണ് സ്വീകരിച്ചത്. അതുകൊണ്ടാണ് ലാല്‍ഗഢ് പോലുള്ള സംഭവം ഉണ്ടായത്. ലാല്‍ഗഢ് പൊലീസ് സ്റേഷന്‍ പിടിച്ചടക്കിയിട്ട് സംസ്ഥാന പൊലീസിന് മോചിപ്പിക്കാന്‍ കഴിഞ്ഞില്ല. കേന്ദ്രസേന എത്തിയശേഷമാണ് മോചിപ്പിച്ചത്. വികസനം എത്തിക്കാന്‍ കഴിയാത്തതുകൊണ്ടാണ് മാവോയിസ്റ്റുകളുടെ പ്രവര്‍ത്തനം ശക്തിപ്പെടുന്നത്.''
തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും കേന്ദ്രമന്ത്രിയുമായ മമത ബാനര്‍ജിയാകട്ടെ, ലാല്‍ഗഢില്‍നിന്ന് കേന്ദ്രസേനയെ പിന്‍വലിക്കണമെന്നാണ് ആവശ്യപ്പെടുന്നത്. മാവോയിസ്റ്റുകള്‍ക്ക് പങ്കാളിത്തമുള്ള പരിപാടികളില്‍ നേരിട്ടു പങ്കെടുക്കാന്‍ മടികാണിക്കുന്നുമില്ല അവര്‍. നന്ദിഗ്രാമില്‍ തൃണമൂല്‍-മാവോയിസ്റ്റ് കൂട്ടായ്മയാണ് അരങ്ങേറിയത് എന്നതിന്റെ വ്യക്തമായ തെളിവ് പുറത്തുവന്നിരിക്കുന്നു. എല്ലാറ്റിനും പുറമെ, പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ഗോപാല്‍ കൃഷ്ണഗാന്ധിയും പ്രകടമായ ചായ്‌വുകളുമായി രംഗത്തുവന്നിരിക്കുന്നു. പശ്ചിമ ബംഗാളിലെ മുന്‍നിര രാഷ്ട്രീയപ്രസ്ഥാനങ്ങളില്‍ സമാധാന ഭഞ്ജനത്തിന്റെ ഉത്തരവാദിത്തം ആരോപിച്ച്, കൊല്ലുന്നവരെയും കൊല്ലപ്പെടുന്നവരെയും തുല്യരായി കാണുന്ന പ്രസ്താവനയാണ് ഗവര്‍ണറുടേതായി വന്നത്. അത്യുന്നത ഭരണഘടനാ പദവിയിലിരിക്കുന്ന ഒരാള്‍ ഉത്തരവാദിത്തരഹിതമായി ഇങ്ങനെ പെരുമാറിയതിനെതിരെ ഇടതുമുന്നണിക്ക് പരസ്യമായി പ്രതികരിക്കേണ്ടിവന്നു.
മാവോയിസ്റ്റ് ഭീഷണി പശ്ചിമബംഗാളില്‍ മാത്രമല്ല. എന്നാല്‍, മാവോയിസ്റ്റുകളെ രാഷ്ട്രീയമായി നേരിടുന്നത് ബംഗാളില്‍ മാത്രമാണ്. മറ്റിടങ്ങളില്‍ പൊലീസുമായും ഭരണസംവിധാനവുമായും അവര്‍ ഏറ്റുമുട്ടുന്നുണ്ട്. ബഹുജനപ്രസ്ഥാനം ഉയര്‍ത്തുന്ന തടസ്സത്തിന്റെയും ജനകീയ ചെറുത്തുനില്‍പ്പിന്റെയും അനുഭവം പശ്ചിമബംഗാളിലാണ് എന്നതുകൊണ്ട്, ഏതു ചെകുത്താനെയും കൂട്ടുപിടിച്ച് സിപിഐ എമ്മിനെ തകര്‍ക്കുക എന്ന ലക്ഷ്യം അവര്‍ ഏറ്റെടുത്തു. സിപിഐ എമ്മിനെതിരെ കുന്തമുന തിരിച്ചുവച്ച എല്ലാ ശക്തികളെയും ഏകോപിപ്പിക്കാന്‍ ഇതിലൂടെ കഴിയുന്നുമുണ്ട്.
ഇന്ത്യയിലെ മാവോയിസ്റ്റുകളുടെ എതിര്‍പ്പ് വികസനപരിപാടികളോടാണ്. റെയില്‍പ്പാത, പാലങ്ങള്‍, വൈദ്യുതപദ്ധതികള്‍, റോഡുകള്‍ എന്നിവയുടെയെല്ലാം നിര്‍മാണത്തെ അവര്‍ എതിര്‍ക്കുന്നു. റെയിലുകള്‍ തകര്‍ക്കുന്നു. ബംഗാളിലെ ജംഗിള്‍മഹലില്‍ അവര്‍ 74 സിപിഐ എം പ്രവര്‍ത്തകരെയാണ് കൊന്നത്. അതില്‍ 50 പേരും കര്‍ഷകത്തൊഴിലാളികളോ ദരിദ്രകര്‍ഷകരോ ആണ്. അധഃസ്ഥിത ജനവിഭാഗങ്ങളാണ് ആക്രമണത്തിനിരയാകുന്നത് എന്നര്‍ഥം. ഇതൊന്നും മുഖ്യധാരാ മാധ്യമങ്ങളുടെ ശ്രദ്ധയിലോ പരിഗണനയിലോ വരുന്നില്ല. സിപിഐ എം ആക്രമിക്കപ്പെടുമ്പോള്‍ ആഹ്ളാദിക്കുകയോ മൌനംകൊണ്ട് പ്രോത്സാഹിപ്പിക്കുകയോ ആണവര്‍.
മാര്‍ച്ച് മൂന്നുമുതല്‍ ജൂലൈ 21 വരെ പശ്ചിമ ബംഗാളില്‍ കൊല്ലപ്പെട്ട സിപിഐ എം പ്രവര്‍ത്തകരുടെ എണ്ണം 62 ആണ്. കമ്യൂണിസ്റ്റ് വിരുദ്ധ ശക്തികളുടെ കൂട്ടായ്മ നടത്തിയ നരമേധമാണത്. അതേക്കുറിച്ച് ഒരുതുണ്ട് വാര്‍ത്തയോ പ്രതികരണമോ അച്ചടിക്കാന്‍ വൈമനസ്യം കാട്ടുന്നവര്‍, പശ്ചിമ ബംഗാളില്‍ സിപിഐ എമ്മിന് ഇടക്കാലത്ത് നേരിട്ട തെരഞ്ഞെടുപ്പു പരാജയങ്ങളെയാണ് ആഹ്ളാദാരവത്തിന് വിഷയമാക്കുന്നത്. മാര്‍ക്സിസ്റുകാര്‍ തുടരെത്തുടരെ മരിച്ചുവീണാലും അവരുടെ കിടപ്പാടവും പാര്‍ടി ഓഫീസും തീയിട്ടാലും അതില്‍ മനുഷ്യാവകാശ ലംഘനമോ നിയമയംഘനമോ കാണാത്തവര്‍, മാവോയിസ്റ്റ് നരമേധത്തിന്റെ സംരക്ഷകരുടെ വേഷമാണ് ഇന്നഭിനയിക്കുന്നത്.
പശ്ചിമ ബംഗാളിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് പുതിയതല്ല ഈ അനുഭവം. അര്‍ധഫാസിസ്റ്റ് ഭീകരവാഴ്ചയെ അതിജീവിച്ച പ്രസ്ഥാനമാണത്. എല്ലാ തോക്കുകളും ഒന്നിച്ച് തീ തുപ്പിയാലും തകര്‍ന്നുപോകുന്നതല്ല അതെന്ന് ചരിത്രം തെളിയിച്ചിട്ടുണ്ട്. സിപിഐ എം പശ്ചിമ ബംഗാളില്‍ നേരിടുന്ന കടന്നാക്രമണങ്ങളെ ചെറുത്തുതോല്‍പ്പിക്കാനുള്ള വംഗജനതയുടെ സമരത്തെ പിന്തുണയ്ക്കേണ്ടത് പ്രബുദ്ധ കേരളത്തിന്റെ അനിവാര്യമായ കര്‍ത്തവ്യമാണ്. സമാനമായ ആക്രമണങ്ങളും കൂട്ടായ്മയും സിപിഐ എമ്മിനെതിരെ കേരളത്തിലും നടക്കുന്നുണ്ട്. മാര്‍ക്സിസ്റ്റ് വിരുദ്ധ ഹിസ്റ്റീരിയ ബാധിച്ചവരുടെ കുപ്രചാരണങ്ങളെയും കുടില തന്ത്രങ്ങളെയും ചെറുത്തുതോല്‍പ്പിക്കാനുള്ള പോരാട്ടത്തില്‍ കേരളവും ബംഗാളും വേര്‍തിരിക്കുന്ന അതിരുകളില്ല.
ദേശാഭിമാനി മുഖപ്രസംഗം 10 ആഗസ്റ്റ് 2009
കേരളത്തില്‍ ഇടതുപക്ഷപ്രസ്ഥാനത്തിന് ഏറ്റവുമധികം കരുത്തുള്ള ജില്ലയാണ് കണ്ണൂര്‍. സിപിഐ എം പ്രവര്‍ത്തകര്‍ ഏറ്റവുമേറെ ആക്രമണത്തിനിരയാകുന്നതും കണ്ണൂരില്‍തന്നെ. സമാനമാണ് പശ്ചിമ ബംഗാളിലെയും സ്ഥിതി. പതിനഞ്ചാം ലോക്സഭാ തെരഞ്ഞെടുപ്പുഫലം വന്നശേഷം പശ്ചിമബംഗാളില്‍നിന്ന് തുടരെത്തുടരെ വരുന്നത് സിപിഐ എം പ്രവര്‍ത്തകര്‍ക്കെതിരായ മൃഗീയ ആക്രമണങ്ങളുടെ വാര്‍ത്തകളാണ്. മൌ സെ ദൊങ്ങിന്റെ പേരില്‍ സംഘടിച്ച ഒരുകൂട്ടര്‍-അവര്‍ സ്വയം മാവോയിസ്റുകളെന്ന് വിളിക്കുന്നു- ബംഗാളില്‍ കിരാത രാഷ്ട്രീയം തിരിച്ചുകൊണ്ടുവരികയാണ്. അവര്‍ക്ക് കേന്ദ്രഭരണകക്ഷി കൂട്ടുനില്‍ക്കുന്നു.
ReplyDelete