Sunday, August 2, 2009

വൈദ്യുതി സ്വകാര്യവല്‍ക്കരണം ഡെല്‍ഹിയുടെ അനുഭവം

കേരളത്തിലെ വൈദ്യുതി ബോര്‍ഡിനെ (കെഎസ്ഇബി) മൂന്നായി വിഭജിച്ച് മൂന്ന് കമ്പനികളാക്കി സ്വകാര്യവല്‍കരിക്കണമെന്ന നിര്‍ബന്ധം കേന്ദ്ര ഗവണ്‍മെന്റ് സംസ്ഥാന ഗവണ്‍മെന്റിനുമേല്‍ ചെലുത്തിക്കൊണ്ടിരിക്കുകയാണല്ലോ. അങ്ങനെ സ്വകാര്യവല്‍കരിക്കണമെന്ന കല്‍പനയെ സംസ്ഥാന ഗവണ്‍മെന്റ് ഇത്രനാളും ചെറുത്തുകൊണ്ടിരിക്കുകയായിരുന്നു. വൈദ്യുതി ഉല്‍പാദനത്തിനും പ്രസരണത്തിനും വിതരണത്തിനും പ്രത്യേകം പ്രത്യേകം കമ്പനികള്‍ ഉണ്ടായാല്‍ വൈദ്യുതി വകുപ്പിന്റെ പ്രവര്‍ത്തനക്ഷമത വര്‍ദ്ധിക്കും എന്നാണ് ഗവണ്‍മെന്റിന്റെ വാദം. പൊതുമേഖലാ സ്ഥാപനങ്ങളെ വിറ്റുതുലയ്ക്കുന്ന കേന്ദ്ര ഗവണ്‍മെന്റിന്റെ നയത്തിന്റെ മറ്റൊരു രൂപമാണ് കമ്പനിവല്‍ക്കരണത്തില്‍ തെളിഞ്ഞു കാണുന്നത്.

ബിജെപിയുടെ നേതൃത്വത്തിലുണ്ടായിരുന്ന കേന്ദ്ര ഗവണ്‍മെന്റ് 2002ലാണ് സംസ്ഥാന വൈദ്യുതി ബോര്‍ഡുകള്‍ മൂന്ന് കമ്പനികളാക്കി വിഭജിക്കണമെന്ന് നിര്‍ദ്ദേശിക്കുന്ന നിയമം പാസ്സാക്കിയത്. ആ കേന്ദ്ര നിയമത്തിനനുസരിച്ച് പ്രവര്‍ത്തിച്ചില്ലെങ്കില്‍ കേന്ദ്ര സഹായം മേലില്‍ ലഭിക്കുകയില്ല എന്ന ഭീഷണിയും കേന്ദ്ര ഗവണ്‍മെന്റ് മുഴക്കിക്കൊണ്ടിരിക്കുന്നു. മന്‍മോഹന്‍സിങ്ങിന്റെ കീഴില്‍ 2004ല്‍ അധികാരത്തില്‍ വന്ന ഗവണ്‍മെന്റാകട്ടെ, കേന്ദ്ര വൈദ്യുതി നിയമം അതേ രൂപത്തില്‍ത്തന്നെ നടപ്പാക്കാന്‍ വാശിപിടിക്കുകയും ചെയ്യുന്നു. എന്നാല്‍ അങ്ങനെ കേന്ദ്ര നിയമം അതേപടി അനുസരിക്കുന്ന സംസ്ഥാനങ്ങളുടെ സ്ഥിതി എന്താണ്? ഡെല്‍ഹി സംസ്ഥാനത്തിന്റെ അനുഭവം തന്നെ നമുക്ക് എടുക്കാം.

കേന്ദ്ര നിയമം പാസ്സാക്കിയ ഉടനെ, വളരെ അനുസരണയോടെ അത് നടപ്പാക്കിയ സംസ്ഥാനമാണ് ഡെല്‍ഹി. അതുവരെ നിലവിലുണ്ടായിരുന്ന ഡെല്‍ഹി വിദ്യുത്ബോര്‍ഡ് പിരിച്ചുവിട്ട് മൂന്ന് കമ്പനികളാക്കി. വൈദ്യുതി ഉല്‍പാദനത്തിന് ഒരു കമ്പനി; പ്രസരണത്തിന് മറ്റൊരു കമ്പനി; വീടുകള്‍ക്കും വ്യവസായങ്ങള്‍ക്കും മറ്റ് സ്ഥാപനങ്ങള്‍ക്കും വൈദ്യുതി വിതരണം ചെയ്യുന്നിന് മറ്റൊരു കമ്പനി. ഇതില്‍ വൈദ്യുതി വിതരണത്തില്‍നിന്നാണ് കൂടുതല്‍ ലാഭം കിട്ടുക എന്നതിനാല്‍ ആ രംഗത്തേക്കാണ് കുത്തകകള്‍ ഓടിയെത്തിയത്. അവയുടെ മല്‍സരം കാരണം വൈദ്യുതി വിതരണത്തിനുതന്നെ മൂന്ന് കമ്പനികളുണ്ടാക്കി. ടാറ്റാ ഗ്രൂപ്പിന്റെ കീഴിലുള്ള നോര്‍ത്ത് ഡെല്‍ഹി പവര്‍ ലിമിറ്റഡ് (എന്‍ഡിപിഎല്‍) ആണ് അതിലൊന്ന്. അംബാനി ഗ്രൂപ്പിന് രണ്ട് കമ്പനികള്‍ നല്‍കി - യമുനാ പവര്‍ ലിമിറ്റഡ്, രാജധാനി പവര്‍ ലിമിറ്റഡ് എന്നിവയാണ് ആ കമ്പനികള്‍. ഇതില്‍ അംബാനി ഗ്രൂപ്പിന്റെ കയ്യിലുള്ള രണ്ട് കമ്പനികള്‍കൂടി ഡെല്‍ഹിയിലെ ഉപഭോക്താക്കളില്‍ മൂന്നില്‍ രണ്ടുഭാഗം വരുന്ന 22.6 ലക്ഷം പേര്‍ക്ക് വൈദ്യുതി വിതരണം ചെയ്യുന്നു. ടാറ്റയുടെ കമ്പനി 10 ലക്ഷത്തില്‍ അധികം ഉപഭോക്താക്കള്‍ക്കും വൈദ്യുതി വിതരണം ചെയ്യുന്നു.

സ്വകാര്യവല്‍ക്കരിച്ചാല്‍ കാര്യക്ഷമത കൂടും, എല്ലാം ഭംഗിയാവും എന്ന കേന്ദ്ര ഗവണ്‍മെന്റിന്റെ വാദം പൊളിക്കുന്നതാണ് ഡെല്‍ഹി നിവാസികളുടെ അനുഭവം. ഇക്കൊല്ലം ഏറ്റവും കൂടുതല്‍ ചൂട് ഡെല്‍ഹിയില്‍ അനുഭവപ്പെട്ടത് ജൂണ്‍ മാസത്തിലാണ്. താപനില 44 ഡിഗ്രി സെല്‍ഷ്യസിനുമേലേക്ക് കുതിച്ചു. ചൂടിങ്ങനെ കൂടിക്കൊണ്ടിരിക്കുമ്പോള്‍ ഡെല്‍ഹിയിലെ പവര്‍കട്ട് 12 മണിക്കൂറും 15 മണിക്കൂറും വരെയായി. തലസ്ഥാന നഗരവാസികള്‍ അക്ഷരാര്‍ത്ഥത്തില്‍ത്തന്നെ എരിപൊരി കൊണ്ടു. ഏറെ മാസങ്ങളായി ഡെല്‍ഹി നഗരവാസികള്‍ പവര്‍കട്ടിന്റെ ദുരിതം അനുഭവിച്ചുകൊണ്ടിരിക്കുകയാണ്.

യഥാര്‍ത്ഥത്തില്‍ സംസ്ഥാനത്ത് ഇത്ര നീണ്ടു നില്‍ക്കുന്ന പവര്‍കട്ട് അനുഭവിക്കേണ്ട യാതൊരു സാഹചര്യവുമില്ല. സംസ്ഥാനത്ത് സ്വന്തമായി ഉല്‍പാദിപ്പിക്കുന്നത് 1250 മെഗാവാട്ട് വൈദ്യുതിയാണ്. 2000 മെഗാവാട്ട് കേന്ദ്ര പൂളില്‍നിന്ന് ലഭിക്കുന്നുമുണ്ട്. രണ്ടുംകൂടി 3250 മെഗാവാട്ട് ആയി. ഡെല്‍ഹിയിലെ ഏറ്റവും കൂടിയ വൈദ്യുതി ആവശ്യം 4261 മെഗാവാട്ടാണ്. അതായത് 1000 മെഗാവാട്ടിന്റെ കുറവേയുള്ളൂ. അതു പുറത്തുനിന്ന് വാങ്ങിയോ പരസ്പരം കൈമാറ്റം നടത്തിയോ നികത്താവുന്നതേയുള്ളൂ. കുറവ് വരുന്നത് 10 ശതമാനമാണ്. 10 ശതമാനത്തിന്റെ കുറവിന്, 2.4 മണിക്കൂര്‍ പവര്‍കട്ടേ വേണ്ടി വരൂ. വിതരണം കാര്യക്ഷമമാക്കുകയും ഉപഭോക്താക്കള്‍ സഹകരിക്കുകയും ചെയ്താല്‍ ആ പവര്‍കട്ടു തന്നെ ഒഴിവാക്കാനും കഴിയും. എന്നിട്ടും ഡെല്‍ഹി നിവാസികളെ വറചട്ടിയിലിട്ട് വറുക്കുകയാണ് ടാറ്റയും അംബാനിയും കൂടി ചെയ്യുന്നത്.

ഡെല്‍ഹി സംസ്ഥാനത്തിലെ വൈദ്യുതിക്ഷാമം കൃത്രിമമായി ഉണ്ടാക്കപ്പെട്ടതാണ് എന്നതാണ് യാഥാര്‍ത്ഥ്യം. വൈദ്യുതിയില്ലെന്ന് പറഞ്ഞ് വിതരണ കമ്പനികള്‍ ഡെല്‍ഹിയിലെ ഉപഭോക്താക്കളെ വലയ്ക്കുമ്പോള്‍, ഈ മൂന്നു കമ്പനികളും കൂടി ഇക്കൊല്ലം ജൂണ്‍ 21നും 29നും ഇടയ്ക്ക് 54 ലക്ഷം യൂണിറ്റ് വൈദ്യുതി പുറത്തേക്ക് വിറ്റു. അവര്‍ അതുവഴി നേടിയത് 5.35 കോടി രൂപയാണ്. അതായത് യൂണിറ്റിന് 10 രൂപ വെച്ച്. പവര്‍കട്ട് 15 മണിക്കൂര്‍ ആയ ദിവസങ്ങളിലാണ് ഇവര്‍ ഇങ്ങനെ കരിഞ്ചന്തയില്‍ വൈദ്യുതി മറിച്ചുവിറ്റ് കൊള്ളലാഭമടിക്കുന്നത്. വൈദ്യുതി മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടിലാണ് ഈ കണക്കുകള്‍ ഉള്ളത്. 2009ലെ ആദ്യത്തെ 3 മാസങ്ങളില്‍ പുറത്ത് ഓപ്പണ്‍മാര്‍ക്കറ്റിലോ അഥവാ കൈമാറ്റം എന്ന നിലയിലോ ഏറ്റവും കൂടുതല്‍ വൈദ്യുതി വിറ്റ രാജ്യത്തിലെ അഞ്ചു സംസ്ഥാനങ്ങളില്‍ ഒന്നാണ് കൊച്ചു ഡെല്‍ഹി. അതേ അവസരത്തില്‍ പുറത്തുനിന്ന് ഏറ്റവും കുറച്ച് വൈദ്യുതി മാത്രം വാങ്ങുന്ന സംസ്ഥാനങ്ങളില്‍ ഒന്നുമാണത്.

വൈദ്യുതി വിതരണത്തിന്റെ കരാര്‍ ഏറ്റെടുക്കുന്നത് ഏറ്റവും ലാഭകരമായ കച്ചവടമാണ്. വിതരണത്തിനാവശ്യമായ ലൈനുകളും പോസ്റ്റുകളും ട്രാംസ്ഫ്‌ഫോര്‍മറുകളും എല്ലാം നിലവില്‍ ഉണ്ടായിരിക്കും. അവയെല്ലാം ഉപയോഗിക്കാം. പഴയ ട്രാംസ്ഫ്‌ഫോര്‍മറുകളും ലൈനുകളും ആവശ്യമാണെങ്കില്‍ മാറ്റണമെന്നാണ് കരാറിലെ വ്യവസ്ഥയെങ്കിലും അതിനൊന്നും ടാറ്റയും അംബാനിയും തയ്യാറില്ല. അറ്റകുറ്റപ്പണിയും കംപ്ളെയിന്റ് പരിഹരിക്കലും ചെയ്യുന്നില്ലെങ്കില്‍ വളരെ കുറച്ച് ജീവനക്കാരെക്കൊണ്ട് നിര്‍വഹിക്കാവുന്ന ജോലിയാണ് വിതരണം. അതിലാണ് ലാഭമെന്നതിനാല്‍ കുത്തക കമ്പനികള്‍ക്ക് അതിലേ താല്‍പര്യമുള്ളൂ. ഡല്‍ഹിയിലെ വൈദ്യുതി വിതരണം ടാറ്റയും അംബാനിയും ഏറ്റെടുത്തിട്ട് ഏഴുവര്‍ഷമേ ആയിട്ടുള്ളൂ. അവരുടെ സഞ്ചിതമിച്ചം അഥവാ ലാഭം ഇതിനകം തന്നെ 1000 കോടി രൂപയോളമായി ഉയര്‍ന്നിരിക്കുന്നു. ഇന്ത്യയുടെ വൈദ്യുതിരംഗത്ത് അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ 50,000 കോടി രൂപ നിക്ഷേപിക്കാനുള്ള ബൃഹത് പദ്ധതി ഇന്ത്യാ ഗവണ്‍മെന്റിനുണ്ട്. അതില്‍നിന്ന് വലിയ ഒരോഹരി ലഭിക്കണം എന്നാണ് ഈ വിതരണ കമ്പനികളുടെ ഇപ്പോഴത്തെ ആവശ്യം. എന്നാല്‍ യഥാസമയത്ത് അറ്റകുറ്റപ്പണികള്‍ നടത്തുന്നുമില്ല. ഉപഭോക്താവ് കംപ്ളെയിന്റ് വിളിച്ചു പറഞ്ഞാല്‍ വന്നു നോക്കാന്‍ ആളില്ല. പുതിയ ലൈന്‍ വലിക്കാനോ പുതിയ കണക്ഷന്‍ കൊടുക്കാനോ തയ്യാറില്ല. തയ്യാറായാല്‍ തന്നെ അതിന്റെയെല്ലാം ചെലവ് ഉപഭോക്താവില്‍നിന്ന് മുന്‍കൂറായി വാങ്ങുകയും ചെയ്യും.

ഇതാണ് വൈദ്യുതി വിതരണം സ്വകാര്യവല്‍കരിച്ചാലുള്ള അവസ്ഥ. ഇന്ത്യയില്‍ ഡെല്‍ഹിയോടൊപ്പം ഈ സാഹസത്തിന് ആദ്യം മുതിര്‍ന്നത് ഒറീസ്സയാണ്. ആ സംസ്ഥാനത്തെ സ്ഥിതിയും ഒട്ടും മെച്ചമല്ല. മഹാരാഷ്ട്രയില്‍ മുംബൈ നഗരത്തിലൊഴിച്ച് മറ്റിടങ്ങളിലെല്ലാം ദിവസത്തില്‍ ആറും എട്ടും മണിക്കൂറാണ് പവര്‍കട്ട്. ആന്ധ്രാപ്രദേശില്‍ ഇക്കഴിഞ്ഞ അസംബ്ളി തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രധാന വാഗ്ദാനം, കൃഷിക്കാര്‍ക്ക് 12 മണിക്കൂര്‍ മുടക്കില്ലാതെ വൈദ്യുതി വിതരണം ചെയ്യാന്‍ ശ്രമിക്കുമെന്നായിരുന്നു. അപ്പോള്‍ ബാക്കിയുള്ള സമയത്തിന്റെ കാര്യം പറയേണ്ടതില്ലല്ലോ.

ഇന്ത്യയിലെന്നല്ല, വൈദ്യുതി വിതരണം സ്വകാര്യമേഖലയെ ഏല്‍പ്പിച്ച ലോക രാജ്യങ്ങളില്‍ത്തന്നെ സ്ഥിതിയാകെ കുഴപ്പത്തിലാണ്. അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളില്‍നിന്ന് ജനങ്ങളുടെ പ്രക്ഷോഭത്തിന്റെയും സമരങ്ങളുടെയും വാര്‍ത്തയുണ്ടായിരുന്നു. വൈദ്യുതി ഉല്‍പാദനവും വിതരണവും ഗവണ്‍മെന്റ് ഏറ്റെടുക്കണം എന്ന ആവശ്യം ആ രാജ്യങ്ങളില്‍ ശക്തമായി ഉയര്‍ന്നുകൊണ്ടിരിക്കുന്നു. അത്തരം ഒരു കാലഘട്ടത്തിലാണ് ഇന്ത്യയില്‍ വൈദ്യുതിമേഖലയെ സ്വകാര്യവല്‍കരിക്കുന്നതിന് കേന്ദ്ര ഗവണ്‍മെന്റ് നിര്‍ബന്ധം പിടിക്കുന്നത്. ഇക്കാര്യത്തില്‍ ബിജെപി ഗവണ്‍മെന്റും കോണ്‍ഗ്രസ് ഗവണ്‍മെന്റും തമ്മില്‍ ഒരു വ്യത്യാസവുമില്ല. കേരളത്തിലെ വൈദ്യുതി ബോര്‍ഡിനെ പൊളിച്ചടുക്കി, മൂന്ന് കമ്പനികളാക്കി, സ്വകാര്യ മുതലാളിമാര്‍ക്ക് ഏല്‍പ്പിച്ചുകൊടുക്കണം എന്നാണ് മന്‍മോഹന്‍സിങ്ങ് ഗവണ്‍മെന്റിന്റെ നിര്‍ബന്ധം.

എങ്കില്‍പ്പിന്നെ കേരളം ഡെല്‍ഹിയാവാന്‍ ഏറെ കാലമൊന്നും വേണ്ട.

നാരായണന്‍ ചെമ്മലശ്ശേരി ചിന്ത വാരിക

1 comment:

  1. കേരളത്തിലെ വൈദ്യുതി ബോര്‍ഡിനെ (കെഎസ്ഇബി) മൂന്നായി വിഭജിച്ച് മൂന്ന് കമ്പനികളാക്കി സ്വകാര്യവല്‍കരിക്കണമെന്ന നിര്‍ബന്ധം കേന്ദ്ര ഗവണ്‍മെന്റ് സംസ്ഥാന ഗവണ്‍മെന്റിനുമേല്‍ ചെലുത്തിക്കൊണ്ടിരിക്കുകയാണല്ലോ. അങ്ങനെ സ്വകാര്യവല്‍കരിക്കണമെന്ന കല്‍പനയെ സംസ്ഥാന ഗവണ്‍മെന്റ് ഇത്രനാളും ചെറുത്തുകൊണ്ടിരിക്കുകയായിരുന്നു. വൈദ്യുതി ഉല്‍പാദനത്തിനും പ്രസരണത്തിനും വിതരണത്തിനും പ്രത്യേകം പ്രത്യേകം കമ്പനികള്‍ ഉണ്ടായാല്‍ വൈദ്യുതി വകുപ്പിന്റെ പ്രവര്‍ത്തനക്ഷമത വര്‍ദ്ധിക്കും എന്നാണ് ഗവണ്‍മെന്റിന്റെ വാദം. പൊതുമേഖലാ സ്ഥാപനങ്ങളെ വിറ്റുതുലയ്ക്കുന്ന കേന്ദ്ര ഗവണ്‍മെന്റിന്റെ നയത്തിന്റെ മറ്റൊരു രൂപമാണ് കമ്പനിവല്‍ക്കരണത്തില്‍ തെളിഞ്ഞു കാണുന്നത്.

    ReplyDelete