Friday, August 14, 2009

ആഞ്ഞടിക്കാനുള്ള സമയമായി

ഭയപ്പെട്ട കാര്യം അല്‍പ്പം നേരത്തെ സംഭവിച്ചിരിക്കുന്നു.

തായ്ലന്‍ഡിന്റെ തലസ്ഥാനമായ ബാങ്കോക്കില്‍ ചെന്ന് ഇന്ത്യയുടെ വാണിജ്യമന്ത്രിയും കോണ്‍ഗ്രസിന്റെ സമുന്നത നേതാവുമായ ആനന്ദശര്‍മ ഒപ്പിട്ടത് നമ്മുടെ കര്‍ഷക ജനസാമാന്യത്തിനും പരമ്പരാഗതവ്യവസായ മേഖലയ്ക്കുമുള്ള മരണവാറന്റോളം ഗൌരവമുള്ള കരാറിലാണ്. 'സാധാരണക്കാരനെ സഹായിക്കുന്ന സര്‍ക്കാര്‍' രൂപീകരണത്തിനുവേണ്ടി വോട്ടുതേടിയ കോണ്‍ഗ്രസ്, സാധാരണക്കാരനെ പട്ടിണിയിലേക്കും ആത്മഹത്യയിലേക്കും തള്ളിവിടുന്ന നടപടിയെടുക്കാന്‍ ഒട്ടുംമടിയില്ല; ഒന്നും തടസ്സമല്ല എന്നാണ് തെളിയിച്ചത്. യുഡിഎഫിന്റെ പാറപോലെ ഉറച്ച സഖ്യകക്ഷിനേതാവായ കെ എം മാണിക്കുപോലും അംഗീകരിക്കാന്‍ കഴിയുന്നില്ല ഈ കരാറിനെ.

പത്തുരാജ്യങ്ങളുടെ കൂട്ടായ്മയായ ആസിയനുമായി നികുതിരഹിതമായ സ്വതന്ത്രവ്യാപാരക്കരാറാണ് ഉണ്ടാക്കിയിരിക്കുന്നത്. 2010 ജനുവരി 1 മുതല്‍ ആസിയന്‍ കരാര്‍ നടപ്പില്‍ വരും. 10 വര്‍ഷത്തിനകം 2019 ആവുമ്പോഴേക്കും ആസിയന്‍ രാജ്യങ്ങളും ഇന്ത്യയും തമ്മില്‍ പൂര്‍ണ സ്വതന്ത്രവ്യാപാരം യാഥാര്‍ഥ്യമാക്കുകയാണ് കരാറിന്റെ ലക്ഷ്യം. സിംഗപ്പുര്‍, മലേഷ്യ, ഫിലിപ്പീന്‍സ്, ഇന്തോനേഷ്യ, ബ്രൂണെ, തായ്ലന്‍ഡ്, മ്യാന്‍മര്‍, കംബോഡിയ, വിയറ്റ്നാം, ലാവോസ് എന്നിവയാണ് ആസിയന്‍ അംഗരാജ്യങ്ങള്‍. 1995ലാണ് ഇന്ത്യ ആസിയന്‍ ചര്‍ച്ചകളില്‍ സജീവമായി ഇടപെട്ടുതുടങ്ങിയത്. 2003 ഒക്ടോബറില്‍ സമഗ്ര സാമ്പത്തിക സഹകരണക്കരാറിന്റെ ചട്ടക്കൂടില്‍ ഒപ്പുവച്ചു. 2004 മാര്‍ച്ചില്‍ സ്വതന്ത്രവ്യാപാരക്കരാറിന്റെ ചര്‍ച്ച തുടങ്ങി. അതാണിപ്പോള്‍ പൂര്‍ത്തിയായിരിക്കുന്നത്. ആസിയന്‍ രാജ്യങ്ങളുടെ ഔപചാരിക അംഗീകാരം എന്ന സാങ്കേതിക നടപടിക്രമം മാത്രമാണ് ഇനിയുള്ളത്.

നാലായിരത്തോളം ഉല്‍പ്പന്നമാണ് കരാറിന്റെ ഭാഗമായി പടിപടിയായി തീരുവ ഒഴിവാക്കപ്പെട്ട് അതിര്‍ത്തി കടന്നെത്തുക. ലോകത്തെ മുന്‍നിര ഉപഭോക്തൃകമ്പോളമായ ഇന്ത്യയുടെ വാതില്‍ ദക്ഷിണ പൂര്‍വേഷ്യന്‍ രാജ്യങ്ങള്‍ക്കുമുന്നില്‍ പരിപൂര്‍ണമായി തുറക്കപ്പെടും. കാര്‍ഷികവിഭവങ്ങളും ഉപഭോക്തൃ ഉല്‍പ്പന്നങ്ങളും കണക്കില്ലാതെ വരും. വ്യാപാരത്തിന്റെ തോത് ഉയര്‍ത്തിക്കാണിക്കാമെന്ന മെച്ചം ആവര്‍ത്തിച്ചുപറയുന്നതല്ലാതെ ഈ കരാര്‍ ഇന്ത്യയിലെ കാര്‍ഷിക മേഖലയ്ക്കും പരമ്പരാഗത വ്യവസായങ്ങള്‍ക്കുമുണ്ടാക്കുന്ന പ്രയാസങ്ങള്‍ കണ്ണുതുറന്നുകാണാന്‍ യുപിഎ സര്‍ക്കാര്‍ ഒരുക്കമല്ല. നെഗറ്റീവ് ലിസ്റ്റുണ്ടാക്കി കേരളത്തിന്റെ ആശങ്കകള്‍ക്ക് പരിഹാരം കാണുമെന്നാണ് കരാറിനെക്കുറിച്ച് വ്യാപകമായ എതിര്‍പ്പുയര്‍ന്നപ്പോള്‍ കോണ്‍ഗ്രസ് നേതൃത്വം പറഞ്ഞത്. പ്രശ്നപരിഹാരത്തിനായി മന്ത്രിസഭ ഉപസമിതി രൂപീകരിച്ചു. എന്നാല്‍, നെഗറ്റീവ് പട്ടികയുടെ വിശദാംശം പുറത്തുവന്നിട്ടില്ല. മാത്രമല്ല, ആ പട്ടികയില്‍ എന്തൊക്കെ ഇനങ്ങളാണ് ആത്യന്തികമായി ഉള്‍പ്പെടുക എന്നത് ആസിയന്‍ രാജ്യങ്ങളുടെ ഭരണപരമായ തീരുമാനത്തിന് വിധേയമാണ്.

മലേഷ്യയിലെയും മറ്റും പാമോയില്‍ രാജാക്കന്മാരാണ് സ്വതന്ത്ര വ്യാപാര കരാറിനുവേണ്ടി മുന്‍കൈയെടുത്തത്. ഇന്ത്യയിലെ കോര്‍പറേറ്റുകള്‍ക്ക് ആസിയന്‍ രാജ്യങ്ങളില്‍ വ്യാപാര താല്‍പ്പര്യങ്ങളുണ്ട്. ഇരുപക്ഷത്തെയും വന്‍കിടകാരുടെ താല്‍പ്പര്യങ്ങളാണ് ഈ കരാറിലൂടെ പ്രാബല്യത്തിലാവുക എന്നര്‍ഥം. അത്തരം താല്‍പ്പര്യങ്ങള്‍ക്കുമുന്നില്‍ നമ്മുടെ റബര്‍ കര്‍ഷകനും കൊളുന്തുനുള്ളി പട്ടിണിജീവിതം നയിക്കുന്ന തോട്ടംതൊഴിലാളിയും നിസ്സാരന്മാര്‍! കര്‍ഷകര്‍ ആത്മഹത്യചെയ്യട്ടെ, മത്സ്യത്തൊഴിലാളികള്‍ കടലില്‍ മുങ്ങിപ്പോകട്ടെ, പരമ്പരാഗത വ്യവസായത്തൊഴിലാളികള്‍ പോയിത്തുലയട്ടെ, ആസിയന്‍ കരാര്‍ വന്നേതീരൂ എന്ന നിര്‍ബന്ധത്തിലാണ് കോണ്‍ഗ്രസ്.

സംരക്ഷിതപട്ടിക എന്ന വാദം തനിത്തട്ടിപ്പാണ്.

നെഗറ്റീവ് ലിസ്റ്റില്‍പ്പെട്ട ഉല്‍പ്പന്നങ്ങള്‍ക്കും മേല്‍ത്തട്ട് പരിധിയാണ് നിശ്ചയിച്ചിട്ടുള്ളത്. അതായത് ചുമത്താവുന്ന പരമാവധി തീരുവയാണ് കരാറില്‍ പറയുന്നത്. കാപ്പിയുടെയും കുരുമുളകിന്റെയും തീരുവ നേരിയതോതില്‍ കുറച്ചപ്പോള്‍ 2005ല്‍ ഭീമമായ വിലത്തകര്‍ച്ചയാണുണ്ടായത്. രാജ്യത്ത് കാര്‍ഷികത്തകര്‍ച്ചയ്ക്കും കര്‍ഷക ആത്മഹത്യക്കും കാരണമായത് അത്തരം തകര്‍ച്ചയായിരുന്നു. ഇപ്പോള്‍തന്നെ, ഉദാരവല്‍ക്കരണ നയങ്ങളെത്തുടര്‍ന്നുള്ള ഉല്‍പ്പന്ന വിലത്തകര്‍ച്ചമൂലം കേരളത്തിലെ കര്‍ഷകര്‍ കടുത്ത സാമ്പത്തിക ദുരിതത്തിലാണ്. ഇറക്കുമതി ത്തീരുവ ഉയര്‍ത്തി ഇവിടത്തെ കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് ന്യായവില ലഭ്യമാക്കണമെന്ന ആവശ്യമാണ് കര്‍ഷകരാകെ ഉയര്‍ത്തുന്നത്. ഈ ഘട്ടത്തില്‍ ഇറക്കുമതിത്തീരുവ വെട്ടിക്കുറയ്ക്കുന്ന കരാര്‍ നടപ്പാക്കുന്ന സര്‍ക്കാര്‍ ജനങ്ങള്‍ക്കുവേണ്ടിയാണോ ഇന്ത്യയിലെയും വിദേശങ്ങളിലെയും കോര്‍പറേറ്റുകള്‍ക്കുവേണ്ടിയാണോ നിലകൊള്ളുന്നത് എന്നു ചോദിക്കേണ്ട കാര്യംപോലും ഇല്ലാതായിരിക്കുന്നു.

കടുത്ത വഞ്ചനയാണ് നടന്നത്.

കരാര്‍ പ്രാവര്‍ത്തികമാകുമ്പോള്‍ കാര്‍ഷിക - മത്സ്യ - പരമ്പരാഗത വ്യവസായ മേഖലകളില്‍ കര്‍ഷകരും തൊഴിലാളികളും ചെറുകിട - ഇടത്തരം ഉല്‍പ്പാദകരും താങ്ങാനാകാത്ത സാമ്പത്തികത്തകര്‍ച്ച നേരിടും. കേരളത്തിന്റെ സമ്പദ്ഘടനയില്‍ ഗുരുതരമായ പ്രത്യാഘാതമുണ്ടാകും. നാളികേരമുള്‍പ്പെടെ കേരളത്തിന്റെ എല്ലാ വിളകളുടെയും വില ഇടിയും. കേരളം ഉല്‍പ്പാദിപ്പിക്കുന്ന കാര്‍ഷികോല്‍പ്പന്നങ്ങളുടെ 82 ശതമാനവും നാണ്യവിളകളാണെന്നതിനാല്‍, സംസ്ഥാനത്തിന്റെ സര്‍വമേഖലകളിലും ഈ തകര്‍ച്ച ബാധിക്കും. ഇന്ത്യയിലെ തൊഴിലാളികളെയും കര്‍ഷകരെയും സ്വതന്ത്രവിപണിയിലൂടെ കൊള്ളയടിക്കാനുള്ളതാണ് ഈ കരാര്‍.

കേരളത്തില്‍ പതിനഞ്ചാം ലോക്സഭാ തെരഞ്ഞെടുപ്പില്‍ നേടിയ വിജയത്തില്‍ ഊറ്റംകൊള്ളുന്നവരാണ് കോണ്‍ഗ്രസുകാര്‍. ആ വിജയം നല്‍കിയ ജനങ്ങള്‍ക്ക് കിട്ടിയ ആദ്യ അവസരത്തില്‍തന്നെ അവര്‍ പ്രത്യുപകാരം ചെയ്തിരിക്കുന്നു. ആസിയന്‍ കരാര്‍കൊണ്ട് ആരുടെ താല്‍പ്പര്യമാണ് സംരക്ഷിക്കപ്പെടുക എന്നും കേരളത്തിലെ കര്‍ഷകരെ രക്ഷിക്കാന്‍ എന്തു പരിഹാരമാണുണ്ടാവുകയെന്നും പറയാനുള്ള ബാധ്യത എ കെ ആന്റണിക്കും വയലാര്‍ രവിക്കും ഉമ്മന്‍ചാണ്ടിക്കുമുണ്ട്. അത് അവര്‍ വിശദീകരിച്ചേ തീരൂ.

രൂക്ഷമായ പ്രക്ഷോഭം കെട്ടഴിച്ചുവിട്ട് തിരിച്ചടി നല്‍കുകയാണ് തൊഴിലാളി- കര്‍ഷക ജനവിഭാഗങ്ങള്‍ക്കു മുന്നിലുള്ള മാര്‍ഗം. ഈ പ്രക്ഷോഭത്തില്‍ എല്ലാ വിഭാഗം ജനങ്ങളും അണിനിരക്കേണ്ടതുണ്ട്. ഈ കടന്നാക്രമണവും അവഹേളനവും അവഗണനയും കേരളത്തിന് സഹിക്കാവുന്നതിലും വലുതാണ്. ശക്തമായി പ്രതികരിച്ചില്ലെങ്കില്‍ ഇനിയും ആവര്‍ത്തിക്കും. കര്‍ഷകരോടും സാധാരണ ജനങ്ങളോടും തെല്ലെങ്കിലും കൂറുണ്ടെങ്കില്‍ യുഡിഎഫ് കക്ഷികളും ആ മുന്നണിയില്‍ തുടരുന്ന ജനങ്ങളും ഈ പ്രക്ഷോഭത്തില്‍ ഉപാധികളില്ലാതെ അണിചേരണം. കേരളം ഉയര്‍ത്തെഴുന്നേറ്റ് ഒറ്റക്കെട്ടായി ഗര്‍ജിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

ദേശാഭിമാനി മുഖപ്രസംഗം 15 ആഗസ്റ്റ് 2009

1 comment:

  1. ഭയപ്പെട്ട കാര്യം അല്‍പ്പം നേരത്തെ സംഭവിച്ചിരിക്കുന്നു.

    ReplyDelete