Thursday, August 13, 2009

പനിയുടെ രാഷ്ട്രീയവും രാഷ്ട്രീയത്തിലെ പനിബാധിതരും

അപരിചിതവും അജ്ഞാതവുമായ സാംക്രമികരോഗങ്ങളുടെ ഭീഷണിയിലാണ് ലോകമിപ്പോള്‍. പക്ഷിപ്പനി മുതല്‍ പകര്‍ച്ചപ്പനിവരെ കേരളത്തിലും ഭീതി പടര്‍ത്തുകയാണ്. മുതലാളിത്തം സൃഷ്ടിക്കുന്ന അത്യന്തം ഗുരുതരമായ സാമൂഹ്യവൈരുധ്യങ്ങള്‍ക്കൊപ്പം അതിന്റെ പ്രകൃതിയോടും പരിസ്ഥിതിയോടുമുള്ള വിധ്വംസകമായ നിലപാടിന്റെ ദുരന്തഫലങ്ങള്‍ മനുഷ്യരാശിയെ വേട്ടയാടുകയാണ്. അത് അഭൂതപൂര്‍വമായ ആരോഗ്യപ്രശ്നത്തെ സൃഷ്ടിക്കുകയാണ്. ഓസോണ്‍ പാളിയിലെ വിള്ളല്‍, ഭൌമ താപനം, കുടിവെള്ളസ്രോതസുകളുടെ ശോഷണവും മലിനീകരണവും തുടങ്ങി മനുഷ്യസമൂഹത്തിന്റെ നിലനില്‍പ്പിന് ഭീഷണിയായ പ്രശ്നങ്ങള്‍ തീക്ഷ്ണമാവുന്നു. ഹരിതഗൃഹവാതകങ്ങളുടെ വര്‍ധിതമാവുന്ന പുറന്തള്ളലും അതിന്റെ ഫലമായ ആഗോളതാപനവും കടുത്ത കാലാവസ്ഥാ വ്യതിയാനങ്ങളിലേക്കാണ് ഭൂമിയെ എത്തിച്ചിരിക്കുന്നത്. കഴിഞ്ഞവര്‍ഷം മനിലയില്‍ ചേര്‍ന്ന ലോകാരോഗ്യസംഘടനയുടെ ഏഷ്യാ പസഫിക് ഉച്ചകോടി ചൂണ്ടിക്കാണിച്ചത് കാലാവസ്ഥയിലെ കടുത്ത വ്യതിയാനങ്ങള്‍ അപരിചിതങ്ങളായ നിരവധി രോഗാണുക്കളുടെയും സാംക്രമികരോഗാണുക്കളുടെയും ജനനത്തിനും വ്യാപനത്തിനും കാരണമായെന്നാണ്.

1997 ഫെബ്രുവരിയില്‍ ക്യൂബയിലെ ലാഹബാനയില്‍ നടന്ന പരിസ്ഥിതിയെയും സമൂഹത്തെയും സംബന്ധിച്ച സാര്‍വദേശീയ സെമിനാര്‍ കടുത്ത പാരിസ്ഥിതിക വിനാശത്തെ തുടര്‍ന്നുള്ള കാലാവസ്ഥ വ്യതിയാനത്തെയും അതിന്റെ ഫലമായ ആഗോള പ്രതിസന്ധിയെയും സംബന്ധിച്ച മുന്നറിയിപ്പുകള്‍ നല്‍കുന്നുണ്ട്. ചരിത്രത്തിലെ ഏറ്റവും കൊടിയതെന്ന് വിശേഷിപ്പിക്കാവുന്ന ഈ പ്രതിസന്ധിയുടെ സമഗ്രവും അഗാധവുമായ ഒരു വിശകലനമാണ് ഈ സമ്മേളനം നടത്തിയത്. സമ്മേളനത്തില്‍ അവതരിപ്പിക്കപ്പെട്ട ജോഎല്‍കോവെലിന്റെ പ്രബന്ധത്തിലെ നിരീക്ഷണം നോക്കുക;

"സാമൂഹ്യ ഉല്പാദനത്തിന്റെ സാധാരണ രീതികള്‍ തന്നെ സമൂഹത്തിന്റെ നൈസര്‍ഗികാടിസ്ഥാനത്തെ നശിപ്പിക്കുന്നു എന്ന ക്രൂരയാഥാര്‍ഥ്യത്തില്‍ നിന്നാണ് പാരിസ്ഥിതിക പ്രതിസന്ധിയെ നാം തിരിച്ചറിയുന്നത്. അടുത്തകാലംവരെ, അതായത് 1960കള്‍വരെ ഉല്പാദന പ്രവര്‍ത്തനങ്ങള്‍ സൃഷ്ടിക്കുന്ന സമ്മര്‍ദങ്ങളെ അതിജീവിക്കുവാന്‍ പ്രകൃതിക്ക് കഴിഞ്ഞിരുന്നു. ഇന്ന് ഈ കഴിവ് ദുര്‍ബലമാവുകയും തകരുകയുമാണ്. ബഹുസ്വഭാവികളായ പാരിസ്ഥിതിക വ്യവസ്ഥകളിലെല്ലാം വിപുലവും കണക്ക് കൂട്ടലുകള്‍ക്ക് വഴങ്ങാത്തതുമായ രീതികളില്‍ ഈ തകര്‍ച്ച സംഭവിക്കുന്നു. കാലാവസ്ഥയിലെ മാറ്റങ്ങള്‍, ജീവിവര്‍ഗങ്ങളുടെ വിനാശം, രോഗങ്ങള്‍, മണ്ണിനും ഭൂഗര്‍ഭജലസ്രോതസുകള്‍ക്കും സംഭവിക്കുന്ന ശോഷണം, മലിനവസ്തുക്കള്‍ സൃഷ്ടിക്കുന്ന വിഷബാധകള്‍.... തുടങ്ങി ഈ പട്ടിക ഇനിയും എത്രയോ നീട്ടാവുന്നതാണ്. നമ്മുടെ പരിഷ്കൃതിയുടെ ആധാരകേന്ദ്രങ്ങളെ ബാധിച്ചിരിക്കുന്ന കുഴപ്പമെന്തെന്ന് മനസ്സിലാക്കുകയും അത് പരിഹരിക്കുകയും ചെയ്യുന്നതിനെ ആശ്രയിച്ചാണ് നമ്മുടെ അതിജീവനം നിലനില്‍ക്കുന്നത്.''

ലാഭം മാത്രം ലക്ഷ്യം വയ്ക്കുന്ന കമ്പോളവ്യവസ്ഥക്ക് കീഴില്‍ ഈ പ്രശ്നങ്ങള്‍ പരിഹാരിക്കപ്പെടില്ലെന്ന് അനുദിനം ബോധ്യപ്പെട്ടുകൊണ്ടിരിക്കുന്നു. ദശകങ്ങളായി ആഗോളവല്‍ക്കരണത്തെ അതിജീവിക്കാനായി ഹരിതഗൃഹവാതകങ്ങളുടെ പുറന്തള്ളല്‍ നിയന്ത്രിക്കണമെന്നും കുറച്ചുകൊണ്ടുവരണമെന്നുള്ള മുറവിളിയിലാണ് ലോകം. യഥാക്രമം ചേരുന്ന ആഗോള ഭൌമ ഉച്ചകോടിയിലെ നെടുനീളന്‍ ചര്‍ച്ചകള്‍ക്കൊന്നും ഒരു ഫലപ്രാപ്തിയുമില്ല. ഇതിനായി രൂപംകൊടുത്ത 1992 ലെ ക്യോട്ടോ ഉടമ്പടിയിലെ വ്യവസ്ഥകള്‍ ഒന്നുപോലും സഫലമാക്കാന്‍ വികസിത മുതലാളിത്ത രാജ്യങ്ങള്‍ സന്നദ്ധമായിട്ടില്ല. ഇന്നിപ്പോള്‍ പുരോഗമനകാരികളായ പരിസ്ഥിതി പ്രവര്‍ത്തകര്‍ ഹരിതഗൃഹവാതകങ്ങള്‍ വന്‍തോതില്‍ പുറന്തള്ളുന്ന, മനുഷ്യസമൂഹത്തെ വന്‍ കാലാവസ്ഥാ ദുരന്തങ്ങളിലേക്കും മാരകമായ സാംക്രമിക രോഗങ്ങളിലേക്കും എടുത്തെറിയുന്ന അമേരിക്കന്‍ സാമ്രാജ്യത്വത്തെ രഹശാമലേ രൃശാശിമഹ -കാലാവസ്ഥാ കുറ്റവാളികള്‍ - എന്നാണ് വിശേഷിപ്പിക്കുന്നത്.

ഇത്രയും കാര്യങ്ങള്‍ ആമുഖമായി സൂചിപ്പിച്ചത് കേരളത്തിലിപ്പോള്‍ വ്യാപകമായിക്കൊണ്ടിരിക്കുന്ന പകര്‍ച്ചപ്പനിയുടെയും സാംക്രമികരോഗ ഭീഷണിയുടെയും രാഷ്ട്രീയവും സാര്‍വദേശീയ പശ്ചാത്തലവുമെന്തെന്ന് വ്യക്തമാക്കാനാണ്. പ്രകൃതിയെയും സമൂഹത്തെയും ദുരമൂത്ത ലാഭതാല്‍പ്പര്യങ്ങള്‍ക്കുവേണ്ടി നിരന്തരം കടന്നാക്രമിച്ചുകൊണ്ടിരിക്കുന്ന നവലിബറല്‍ വികസനത്തിന്റെയും അത് സൃഷ്ടിക്കുന്ന ഉപഭോഗാസക്തമായ ജീവിതശൈലിയുടെയും അനിവാര്യമായ സാഹചര്യത്തില്‍നിന്നാണ് മനുഷ്യജീവന് ഭീഷണി ഉയര്‍ത്തുന്ന ഈ രോഗാണുക്കളെല്ലാം പെറ്റുപെരുകിവരുന്നത്. അനായാസകരമെന്ന് വിധിച്ച് ആരോഗ്യചികിത്സകരുടെയും പ്രതിരോധ ചികിത്സകരുടെതുമായ എല്ലാവിധ ആരോഗ്യ-സേവനസംവിധാനങ്ങളും തകര്‍ത്ത നവലിബറല്‍ പരിഷ്കരണങ്ങളാണ് പകര്‍ച്ചവ്യാധികളുടെ വ്യാപനത്തിന് മുന്നില്‍ ജനങ്ങളെ നിസ്സഹായരാക്കിയിരിക്കുന്നത്. ആഗോളവല്‍ക്കരണ നയങ്ങളുടെ ഫലമായിട്ടാണല്ലോ രോഗാണുരംഗത്തെ ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ടുകളും പ്രതിരോധമരുന്നു നിര്‍മാണകമ്പനികളും അടച്ചുപൂട്ടിയത്.

രോഗത്തെ അറിയാനും അതിനെ എങ്ങനെ അകറ്റിനിര്‍ത്തണമെന്ന് പഠിക്കാനുമുള്ള വൈറോളജി (ആലപ്പുഴയില്‍ ഉള്‍പ്പെടെ) ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ ആരാണ് അടച്ചുപൂട്ടിയത്. പരിമിതമായ രോഗാണു പഠനസാധ്യതകളെ പോലും തകര്‍ത്ത കോണ്‍ഗ്രസ് - ബി ജെ പി നേതാക്കളാണ് ഇപ്പോള്‍ രാഷ്ട്രീയ മുതലെടുപ്പിനായി ജനകീയാരോഗ്യകണ്‍വന്‍ഷനുകളുമായി രംഗപ്രവേശം ചെയ്തിരിക്കുന്നത്. പകര്‍ച്ചപ്പനി സംബന്ധിച്ച ജനങ്ങള്‍ക്കിടയിലെ ആശങ്കകളും ഭീതിയും മുതലെടുത്ത് വന്‍കിട മാധ്യമസഹായത്തോടെ വിലകുറഞ്ഞ രാഷ്ട്രീയം കളിക്കാനാണിവര്‍ ഇറങ്ങിത്തിരിച്ചിരിക്കുന്നത്. ഇടതുപക്ഷവിരോധജ്വരം ബാധിച്ച ഈ രാഷ്ട്രീയ തട്ടിപ്പുകാരെ ജനങ്ങള്‍ തിരിച്ചറിയുന്നുണ്ട്.

മലബാറിലാകമാനം പകര്‍ച്ചപ്പനി പടരുന്ന സാഹചര്യത്തില്‍ കൂടുതല്‍ വിശദമായ പഠനഗവേഷണങ്ങള്‍ നടത്തേണ്ടതുണ്ട്. രോഗത്തെ അറിയുക എന്നത് ചികിത്സയുടെ മുന്നുപാധിയും രോഗത്തെ എങ്ങനെ അകറ്റിനിര്‍ത്താമെന്ന അറിവ് കൂടി നേടുന്നതുമാണ്. പ്രതിരോധത്തിലും അറിവിലും ഊന്നിനിന്നുകൊണ്ടുള്ള ഒരു ആരോഗ്യ സമീപനവും സംസ്കാരവുമാണ് വളര്‍ത്തിയെടുക്കേണ്ടത്. ഈയൊരു ദിശയിലാണ് കേരളസര്‍ക്കാര്‍ നീങ്ങുന്നത്. തീര്‍ച്ചയായും രോഗംവരുത്തുന്ന വൈറസുകളെയും അതിന്റെ പ്രജനന കേന്ദ്രങ്ങളെയും വാഹകരായ ജീവികളെയുമെല്ലാം സംബന്ധിച്ച വ്യക്തത നേടാനാവശ്യമായ പഠന ഗവേഷ ണങ്ങള്‍ ആവശ്യമാണ്. രാജീവ് ഗാന്ധി ബയോ ടെക്നോളജിയിലെ വിദഗ്ധരുടെ സഹായത്തോടെ ആരോഗ്യവകുപ്പ് നടത്തിയ പഠനങ്ങളും ശാസ്ത്രസാഹിത്യപരിഷത്ത് നടത്തിയ പഠനങ്ങളും 2006 മുതല്‍ കേരളത്തില്‍ ചിക്കുന്‍ഗുനിയ എന്ന ഗണത്തില്‍പെട്ട പകര്‍ച്ചപ്പനി വ്യാപകമാകുന്നതായി ചൂണ്ടിക്കാട്ടുന്നുണ്ട്. നേരത്തെ തന്നെ കേരളത്തില്‍ ഭീഷണമായിക്കഴിഞ്ഞ എലിപ്പനി, ഡെങ്കിപ്പനി, ഇന്‍ഫ്ളുവന്‍സ തുടങ്ങിയ സാംക്രമികവ്യാധികളുടെ നിരയില്‍ സ്ഥാനം പിടിച്ച ചിക്കുന്‍ഗുനിയ എന്ന പകര്‍ച്ചപ്പനിയുടെ ലക്ഷണങ്ങളാണ് ഇപ്പോള്‍ വടക്കന്‍ കേരളത്തില്‍ പനിബാധിച്ചവരില്‍ കാണുന്നത്.

മാധ്യമങ്ങളും ഏത് സാമൂഹ്യദുരന്തങ്ങളെയും സങ്കുചിതമായ രാഷ്ട്രീയ ലക്ഷ്യത്തോടെ സമീപിക്കുന്ന വലതുപക്ഷ രാഷ്ട്രീയക്കാരും സൃഷ്ടിക്കുന്ന നിരുത്തരവാദപരമായ ആശങ്കകളില്‍നിന്നും പ്രചാരണ കോലാഹലങ്ങളില്‍ വ്യത്യസ്തമായി വസ്തുനിഷ്ഠമായി പകര്‍ച്ചപ്പനി പ്രതിരോധങ്ങളെ മുന്നോട്ടുകൊണ്ടുപോകേണ്ടതുണ്ട്. വൈദ്യശാസ്ത്രം ചിക്കുന്‍ഗുനിയയുടെ പ്രഥമ ലക്ഷണങ്ങളായി ചൂണ്ടിക്കാട്ടുന്നത് കടുത്ത പനി, ശക്തമായ തലവേദന, കണ്ണിന് ചുവപ്പ്, പേശികള്‍ക്ക് വേദന, ക്ഷീണം, വെളിച്ചത്തിനു നേരെ നോക്കാനുള്ള വൈമനസ്യം, ഓക്കാനം, ഛര്‍ദി എന്നിവയാണ്. ക്രമേണ ശരീരത്തില്‍ കലകള്‍, സന്ധികള്‍ക്ക് വേദന (പാദങ്ങള്‍ക്കും കാല്‍മുട്ടിനും കൈവിരലുകള്‍ക്കും കാല്‍മുട്ടുകള്‍ക്കും) അനുഭവപ്പെടുന്നു. ഇടവിട്ട് പനിമാറി വരുന്ന സ്വഭാവവും കാണുന്നു. എന്തായാലും ഈ രോഗം മനുഷ്യനില്‍നിന്ന് മനുഷ്യനിലേക്ക് പകരുകയില്ല. ചിക്കുന്‍ഗുനിയ ബാധിച്ച ആളെ കടിച്ച കൊതുക് മറ്റൊരാളെ കടിക്കുമ്പോഴാണ് രോഗം പകരുന്നത്.

കോഴിക്കോട് മെഡിക്കല്‍കോളേജിലെ ഡോ. ഷീലാമാത്യു പറയുന്നത് ചിക്കുന്‍ഗുനിയ രോഗം പൊതുവെ ശാന്തമായ രോഗമാണെങ്കിലും ചില സമയങ്ങളില്‍ അതു മരണം വിതച്ചേക്കാം എന്നാണ്. മറ്റുരോഗങ്ങളും വാര്‍ധക്യ അവശതകളും അലട്ടുന്നവര്‍ക്ക് മാത്രം. ചിക്കുന്‍ഗുനിയ എന്ന സാംക്രമികരോഗം ഇപ്പോള്‍ ഭീതി പടര്‍ത്തുന്നത് മരണകാരണമായേക്കുമെന്ന ആശങ്കകള്‍മൂലമാണ്. ആരോഗ്യരംഗത്ത് ചിക്കുന്‍ഗുനിയ ഉണ്ടാക്കിയേക്കാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള അവബോധകുറവിനെ മുതലെടുത്തുകൊണ്ട് ഭീതിപടര്‍ത്താനാണ ് പലപ്പോഴും മാധ്യമങ്ങള്‍ ശ്രമിച്ചത്. ഡോ. ഷീലാമാത്യു ഇത് സംബന്ധമായി മുന്നോട്ടുവയ്ക്കുന്ന നിരീക്ഷണം നോക്കുക. "2004ല്‍ ഇന്ത്യാ മഹാസമുദ്രത്തിലെ ചില ദ്വീപുകളില്‍ ഈ രോഗം ഉണ്ടായപ്പോള്‍ മരണനിരക്ക് 0.1 ശതമാനമായിരുന്നു. 75 ശതമാനം ആളുകളും പ്രായമായവരോ, വേറെ ഏതെങ്കിലും തരത്തിലുള്ള അവശത അനുഭവിച്ചവരോ ആയിരുന്നു. ഇത്തരത്തിലുള്ള പ്രവണതയാണ് കേരളത്തിലും ദര്‍ശിച്ചത്. പ്രമേഹം, കരള്‍ രോഗങ്ങള്‍, വൃക്കരോഗങ്ങള്‍, ഹൃദ്രോഗികള്‍ തുടങ്ങിയവര്‍ക്കെല്ലാം ഇത് മരണകാരണമായേക്കാം....

കൊതുകു നിര്‍മാര്‍ജനത്തിനും പരിസരശുചീകരണത്തിനും വേണ്ടിയുള്ള തീവ്രയജ്ഞം നടത്തിക്കൊണ്ടേ പകര്‍ച്ചപ്പനിയുടെ വ്യാപനത്തെ തടയാനാവൂ. പ്രതിരോധ ചികിത്സയുടെ അടിസ്ഥാനസംവിധാനങ്ങളെയെല്ലാം തകര്‍ത്ത ആഗോളവല്‍ക്കരണവാസികള്‍ സാംക്രമികരോഗങ്ങളുടെ വര്‍ധിതമാകുന്ന സാഹചര്യത്തെ ഉപയോഗപ്പെടുത്തി പകല്‍ക്കൊള്ളക്കിറങ്ങിയ ഔഷധനിര്‍മാണ കമ്പനികള്‍ വിപണിതാല്‍പ്പര്യങ്ങളുടെ സംരക്ഷകരായിരുന്നു. പ്രതിരോധ ചികിത്സയുടെയും മരുന്നുല്‍പ്പാദനത്തിന്റെയും ദേശീയ സ്ഥാപനങ്ങളെ തകര്‍ത്ത കോണ്‍ഗ്രസുകാരും ബി ജെ പിക്കാരും പകര്‍ച്ചപ്പനി ബാധിതരുടെ അവശതകളെയും ആശങ്കകളെയും മുതലെടുത്ത് ഇടതുപക്ഷ വിരുദ്ധ രാഷ്ട്രീയം ജനങ്ങളില്‍ കുത്തിക്കയറ്റാന്‍ മൂളിപ്പറന്ന് നടക്കുകയാണ്. കേരളീയന്റെ സാമൂഹ്യബോധത്തെ 'വളച്ചൊടിച്ചു'കളയുന്ന രാഷ്ട്രീയത്തിലെ ഇത്തരം ചിക്കുന്‍ഗുനിയാവാഹകരെ നാം സാമാന്യസംസ്കാരത്തിന്റെ ഇച്ഛാശക്തികൊണ്ട് നശിപ്പിച്ചുകളയണം. പകര്‍ച്ചപ്പനിയുടെയും ജനങ്ങളില്‍ അത് സൃഷ്ടിക്കുന്ന ആശങ്കകളുടെയും സാഹചര്യത്തെ കൂട്ടായി നേരിടുന്നതിനും ജനങ്ങള്‍ക്ക് ആശ്വാസമെത്തിക്കുന്നതിനും യോജിച്ച പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ട സമയത്ത് വിവാദങ്ങള്‍ സൃഷ്ടിച്ച് രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നവരുടെ താല്‍പ്പര്യം എന്തായാലും ജനങ്ങള്‍ അനുകൂലമല്ല. അവരുടെ രാഷ്ട്രീയവും ഇടപെടലുകളും ആരോഗ്യരംഗത്ത് നവലിബറല്‍ നയങ്ങള്‍ സൃഷ്ടിച്ച ഘടനാപരമായ പരിവര്‍ത്തനങ്ങളെ മറച്ചുപിടിക്കാനുള്ള ബൂര്‍ഷ്വാ കൌശലങ്ങള്‍ മാത്രമാണ്. ഇടതുപക്ഷസര്‍ക്കാറിന്റെ പിടിപ്പുകേടാണ് പനിപടരുന്നതിന് കാരണമെന്ന് വരുത്തിത്തീര്‍ക്കാനുള്ള കുത്സിതശ്രമങ്ങളിലാണവര്‍ ഏര്‍പ്പെട്ടിരിക്കുന്നത്.

കെ ടി കുഞ്ഞിക്കണ്ണന്‍ ദേശാഭിമാനി

1 comment:

  1. അപരിചിതവും അജ്ഞാതവുമായ സാംക്രമികരോഗങ്ങളുടെ ഭീഷണിയിലാണ് ലോകമിപ്പോള്‍. പക്ഷിപ്പനി മുതല്‍ പകര്‍ച്ചപ്പനിവരെ കേരളത്തിലും ഭീതി പടര്‍ത്തുകയാണ്. മുതലാളിത്തം സൃഷ്ടിക്കുന്ന അത്യന്തം ഗുരുതരമായ സാമൂഹ്യവൈരുധ്യങ്ങള്‍ക്കൊപ്പം അതിന്റെ പ്രകൃതിയോടും പരിസ്ഥിതിയോടുമുള്ള വിധ്വംസകമായ നിലപാടിന്റെ ദുരന്തഫലങ്ങള്‍ മനുഷ്യരാശിയെ വേട്ടയാടുകയാണ്. അത് അഭൂതപൂര്‍വമായ ആരോഗ്യപ്രശ്നത്തെ സൃഷ്ടിക്കുകയാണ്. ഓസോണ്‍ പാളിയിലെ വിള്ളല്‍, ഭൌമ താപനം, കുടിവെള്ളസ്രോതസുകളുടെ ശോഷണവും മലിനീകരണവും തുടങ്ങി മനുഷ്യസമൂഹത്തിന്റെ നിലനില്‍പ്പിന് ഭീഷണിയായ പ്രശ്നങ്ങള്‍ തീക്ഷ്ണമാവുന്നു. ഹരിതഗൃഹവാതകങ്ങളുടെ വര്‍ധിതമാവുന്ന പുറന്തള്ളലും അതിന്റെ ഫലമായ ആഗോളതാപനവും കടുത്ത കാലാവസ്ഥാ വ്യതിയാനങ്ങളിലേക്കാണ് ഭൂമിയെ എത്തിച്ചിരിക്കുന്നത്. കഴിഞ്ഞവര്‍ഷം മനിലയില്‍ ചേര്‍ന്ന ലോകാരോഗ്യസംഘടനയുടെ ഏഷ്യാ പസഫിക് ഉച്ചകോടി ചൂണ്ടിക്കാണിച്ചത് കാലാവസ്ഥയിലെ കടുത്ത വ്യതിയാനങ്ങള്‍ അപരിചിതങ്ങളായ നിരവധി രോഗാണുക്കളുടെയും സാംക്രമികരോഗാണുക്കളുടെയും ജനനത്തിനും വ്യാപനത്തിനും കാരണമായെന്നാണ്.

    ReplyDelete