Wednesday, August 26, 2009

ലാവലിന്‍ - ഗവര്‍ണ്ണര്‍ക്ക് സ്വകാര്യ നിയമോപദേശം

ലാവ്ലിന്‍ കേസില്‍ മന്ത്രിസഭാതീരുമാനം മറികടക്കുന്നതിനുള്ള നിയമോപദേശം വാങ്ങാന്‍ ഗവര്‍ണര്‍ ചെലവാക്കിയത് ഒരുലക്ഷം രൂപ. സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ പ്രോസിക്യൂട്ടുചെയ്യാന്‍ അനുമതി നല്‍കിയത് സ്വകാര്യ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണെന്ന് രാജ്ഭവന്‍ സ്ഥിരീകരിച്ചു. സോളിസിറ്റര്‍ ജനറലിന്റെയോ അറ്റോര്‍ണി ജനറലിന്റെയോ ഉപദേശം തേടാന്‍ ഗവര്‍ണര്‍ ബാധ്യസ്ഥനാണെന്നിരിക്കെയാണ് സര്‍ക്കാര്‍ ഖജനാവില്‍നിന്ന് ഒരുലക്ഷം രൂപ ഫീസ് നല്‍കി റിട്ടയേഡ് ഹൈക്കോടതി ജഡ്ജിയുടെ നിയമോപദേശം സംഘടിപ്പിച്ചത്. ഭരണഘടനാസ്ഥാപനങ്ങളെ അവഗണിച്ച് സ്വകാര്യ നിയമോപദേശം തേടിയത് ലാവ്ലിന്‍ കേസുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ കൈക്കൊണ്ട നടപടികളിലെ ദുരൂഹത വര്‍ധിപ്പിച്ചു.

ലാവ്ലിന്‍ കേസില്‍ പിണറായിയെ പ്രോസിക്യൂട്ടുചെയ്യാനുള്ള സിബിഐ നീക്കം നിയമവിരുദ്ധവും യുക്തിരഹിതവുമാണെന്ന് അഡ്വക്കറ്റ് ജനറല്‍ സംസ്ഥാന സര്‍ക്കാരിന് നിയമോപദേശം നല്‍കിയിരുന്നു. എജിയുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ മന്ത്രിസഭായോഗം പ്രോസിക്യൂഷന്‍ അനുമതി നിഷേധിച്ചു. ഇത് മറികടന്നാണ് ഗവര്‍ണര്‍ ഭരണഘടനാവിരുദ്ധമായ നടപടി സ്വീകരിച്ചത്. പ്രോസിക്യൂഷന്‍ അനുമതി ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഭരണഘടനാസ്ഥാപനങ്ങളില്‍നിന്ന് ഗവര്‍ണര്‍ ഉപദേശം തേടിയിരിക്കണം. അഡ്വക്കറ്റ് ജനറലിന്റെയോ അല്ലെങ്കില്‍ അറ്റോര്‍ണി ജനറലിന്റെയോ ഉപദേശം തേടുന്നതിനുപകരം വര്‍ഷങ്ങള്‍ക്കുമുമ്പ് റിട്ടയര്‍ചെയ്ത ഹൈക്കോടതി ജഡ്ജി ജോണ്‍ മാത്യുവിനെയാണ് രാജ്ഭവന്‍ ഇതിനായി ചുമതലപ്പെടുത്തിയത്. ഭരണഘടനാപരമായ സംവിധാനങ്ങള്‍ ലഭ്യമായിട്ടും അത് ഉപയോഗപ്പെടുത്താന്‍ ഗവര്‍ണര്‍ സന്നദ്ധനായില്ല. ഗവര്‍ണര്‍ക്കുമേല്‍ അതിശക്തമായ ബാഹ്യസമ്മര്‍ദം ആ ഘട്ടത്തിലുണ്ടായിരുന്നു.

മന്ത്രിസഭാതീരുമാനം തള്ളിക്കളയാന്‍ റിട്ടയേഡ് ജഡ്ജിയുടെ പക്കല്‍നിന്ന് നിയമോപദേശം വാങ്ങിയത് നഗ്നമായ രാഷ്ട്രീയക്കളിയുടെ ഭാഗമായാണ്. ലാവ്ലിന്‍ കേസിനുപിന്നിലെ രാഷ്ട്രീയഗൂഢാലോചനയുടെ ആഴങ്ങളിലേക്കാണ് ഇത് വിരല്‍ചൂണ്ടുന്നത്. ബാഹ്യസമ്മര്‍ദവും സ്വകാര്യ ഉപദേശവും ഗവര്‍ണറുടെ തീരുമാനത്തിനുപിന്നിലുണ്ടായിരുന്നു എന്ന് ഇതോടെ സ്ഥിരീകരിക്കപ്പെടുകയാണ്. ഭരണഘടനാസ്ഥാപനങ്ങളെ സമീപിക്കാന്‍ ആവശ്യമായ സമയമുണ്ടായിട്ടും ജസ്റ്റിസ് ജോണ്‍ മാത്യുവില്‍നിന്നുതന്നെ നിയമോപദേശം വാങ്ങിയതിനുപിന്നിലെ പ്രേരണയെക്കുറിച്ച് വ്യക്തമാക്കാനും ഗവര്‍ണര്‍ ബാധ്യസ്ഥനാവുകയാണ്.

ഭരണഘടനാപരമായ അധികാരപരിധി ലംഘിച്ചാണ് അഡ്വക്കറ്റ് ജനറലിന്റെ ഉപദേശവും മന്ത്രിസഭാതീരുമാനവും തള്ളി പ്രോസിക്യൂഷന്‍ അനുമതിക്ക് ഗവര്‍ണര്‍ ഉത്തരവിട്ടത്. ഗവര്‍ണര്‍ക്ക് ഇതിന് വിവേചനാധികാരമുണ്ടെന്ന ന്യായവും മുന്നോട്ടുവച്ചു. അറ്റോര്‍ണി ജനറല്‍ ഉള്‍പ്പെടെയുള്ള ഭരണഘടനാസ്ഥാപനങ്ങളെ അവഗണിച്ച് സ്വകാര്യ നിയമോപദേശം തേടിയതിനും വിവേചനാധികാരമെന്ന ന്യായീകരണമാണ് രാജ്ഭവന്‍ ഉയര്‍ത്തുന്നത്. 39 പേജുള്ള നിയമോപദേശമാണ് റിട്ടയേഡ് ജഡ്ജി ഗവര്‍ണര്‍ക്ക് നല്‍കിയത്. ഭരണഘടന, ക്രിമിനല്‍ നിയമം എന്നിവ സംബന്ധിച്ച കേസുകളല്ല ജോണ്‍ മാത്യു നേരത്തെ പ്രധാനമായും കൈകാര്യം ചെയ്തിരുന്നതെന്ന് നിയമവൃത്തങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. ഭരണഘടനാപ്രശ്നങ്ങള്‍ ഉയര്‍ന്നുവന്ന ഒരു കേസില്‍ നിയമോപദേശം വാങ്ങാന്‍ രാജ്ഭവന്‍ ഇദ്ദേഹത്തെ നിശ്ചയിച്ചത് അതിശയമാണെന്നും നിയമവൃത്തങ്ങള്‍ അഭിപ്രായപ്പെട്ടു.

ദേശാഭിമാനി 26 ആഗസ്റ്റ് 2009

1 comment:

  1. ലാവ്ലിന്‍ കേസില്‍ മന്ത്രിസഭാതീരുമാനം മറികടക്കുന്നതിനുള്ള നിയമോപദേശം വാങ്ങാന്‍ ഗവര്‍ണര്‍ ചെലവാക്കിയത് ഒരുലക്ഷം രൂപ. സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ പ്രോസിക്യൂട്ടുചെയ്യാന്‍ അനുമതി നല്‍കിയത് സ്വകാര്യ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണെന്ന് രാജ്ഭവന്‍ സ്ഥിരീകരിച്ചു. സോളിസിറ്റര്‍ ജനറലിന്റെയോ അറ്റോര്‍ണി ജനറലിന്റെയോ ഉപദേശം തേടാന്‍ ഗവര്‍ണര്‍ ബാധ്യസ്ഥനാണെന്നിരിക്കെയാണ് സര്‍ക്കാര്‍ ഖജനാവില്‍നിന്ന് ഒരുലക്ഷം രൂപ ഫീസ് നല്‍കി റിട്ടയേഡ് ഹൈക്കോടതി ജഡ്ജിയുടെ നിയമോപദേശം സംഘടിപ്പിച്ചത്. ഭരണഘടനാസ്ഥാപനങ്ങളെ അവഗണിച്ച് സ്വകാര്യ നിയമോപദേശം തേടിയത് ലാവ്ലിന്‍ കേസുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ കൈക്കൊണ്ട നടപടികളിലെ ദുരൂഹത വര്‍ധിപ്പിച്ചു.

    ReplyDelete