Saturday, August 1, 2009

കേരളം ലജ്ജിക്കുന്നു, ഞാന്‍ പശ്ചാത്തപിക്കുന്നു

ജനങ്ങള്‍ തെരഞ്ഞെടുത്ത സര്‍ക്കാരിനെ താഴെയിറക്കാന്‍ 50 വര്‍ഷംമുമ്പ് വിമോചനസമരം നടത്തിയതിന് കേരളം ഇപ്പോള്‍ ലജ്ജിച്ച് തലതാഴ്ത്തുകയാണെന്ന് ജസ്റ്റിസ് കെ ടി തോമസ്.

“പണ്ടൊരിക്കല്‍ വിമോചനസമരത്തില്‍ പങ്കാളിയായതില്‍ എന്നെപ്പോലെ പശ്ചാത്തപിക്കുന്ന അനേകരുണ്ട്. അതില്‍ പങ്കെടുത്തത് തെറ്റായെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഭരണഘടനയെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കാന്‍ സാധിക്കാത്ത കാലത്താണ് ആ സമരത്തില്‍ പങ്കാളിയായത്. വിമോചനസമരത്തിലെ പ്രധാന പ്രസംഗകരില്‍ ഒരാളായിരുന്ന സുപ്രീംകോടതി മുന്‍ ജഡ്ജി കെ ടി തോമസിന്റെ വെളിപ്പെടുത്തല്‍. ഇ എം എസ് സര്‍ക്കാര്‍ കൊണ്ടുവന്ന വിദ്യാഭ്യാസ ബില്ലിനെതിരെ പ്രക്ഷോഭത്തില്‍ പങ്കെടുത്തത് ആ ബില്‍ എന്താണെന്ന് മനസ്സിലാക്കാതെയായിരുന്നു. ബില്‍ നടപ്പാക്കിയിരുന്നെങ്കില്‍ വിദ്യാഭ്യാസമേഖലയ്ക്ക് ഏറെ ഗുണം ലഭിച്ചേനെ.

"മണ്ടാ...മുണ്ടാ...മുണ്ടശ്ശേരി എന്ന മുദ്രാവാക്യം ഞാന്‍ വിളിച്ചിട്ടില്ലെങ്കിലും മറ്റുള്ളവര്‍ വിളിക്കുന്നതു കേട്ട് രസിച്ചിട്ടുണ്ട്. ഇന്ന് ഞാന്‍ മുണ്ടശ്ശേരിയുടെ ആരാധകനാണ്. പാകതയില്ലായ്മയും പകുതി അജ്ഞതയുമാണ് എന്നെ വിമോചനസമരത്തിന്റെ ഭാഗമാക്കിയത്. അനവധി വേദികളില്‍ ക്ഷണിക്കപ്പെട്ട പ്രസംഗകനായി. അന്നത്തേതില്‍നിന്ന് കൂടുതല്‍ മനസ്സിലാക്കാനും കൂടുതല്‍ പക്വത കൈവരിക്കാനും കഴിഞ്ഞതുകൊണ്ടാണ് പഴയ നിലപാടില്‍ ഇപ്പോള്‍ പശ്ചാത്തപിക്കുന്നത്. കമ്യൂണിസത്തോടും കമ്യൂണിസ്റ്റ് പാര്‍ടിയോടും മുമ്പുണ്ടായിരുന്ന എന്റെ വിരോധം മുന്‍വിധിയുടെ ഫലമായിരുന്നു. എനിക്കിപ്പോള്‍ കമ്യൂണിസ്റ്റ് പാര്‍ടിയോടും പാര്‍ടി തത്വസംഹിതയോടും എതിര്‍പ്പില്ല. ഓരോ പാര്‍ടിയുടെയും പ്രവര്‍ത്തനങ്ങളെ മെറിറ്റ് അടിസ്ഥാനത്തില്‍ വിശകലനംചെയ്യാന്‍ ഞാന്‍ ഇന്ന് തയ്യാറായിക്കഴിഞ്ഞു. അതുകൊണ്ട് ഒരു പാര്‍ടിയോടും മുന്‍വിധിയില്ല“- അദ്ദേഹം തുറന്നു പറയുന്നു.

“ഇപ്പോള്‍ വിമോചനസമരാഹ്വാനമുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. വിമോചനസമരത്തില്‍ പങ്കെടുത്തതില്‍ അത്രയൊന്നും ലജ്ജിക്കേണ്ടെന്ന് കാണിക്കാനാണ് ഇടയ്ക്കിടെ ഇതേപ്പറ്റി ചിലര്‍ ഓര്‍മിപ്പിക്കുന്നത്. കേള്‍ക്കുന്നവര്‍ തികഞ്ഞ അവജ്ഞയോടെ തള്ളുന്നതല്ലാതെ ആരെങ്കിലും ഇത് ഗൌരവമായി എടുത്തിട്ടുണ്ടെന്നു തോന്നുന്നില്ല. 1957ല്‍ ഇ എം എസ് സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ ഞങ്ങളെല്ലാം കോണ്‍ഗ്രസുകാരാണ്. അന്ന് കോണ്‍ഗ്രസ് എന്നാല്‍ കമ്യൂണിസ്റ്റ് വിരുദ്ധ പ്രസ്ഥാനം എന്നായിരുന്നു. കോണ്‍ഗ്രസിന്റെ ചര്‍ച്ചകളിലും സ്റ്റഡിക്ളാസുകളിലുമെല്ലാം കോണ്‍ഗ്രസ് നയമല്ല വിഷയം. മറിച്ച് കമ്യൂണിസ്റ്റ് പാര്‍ടിക്കെതിരായിരുന്നു. ഭരണം തുടര്‍ന്നാല്‍ രാജ്യം മുഴുവന്‍ കമ്യൂണിസ്റ്റുകള്‍ ഭരിക്കുമെന്ന് കോണ്‍ഗ്രസ് ഭയന്നു. ഇ എം എസ് സര്‍ക്കാരിനെ താഴെയിറക്കാന്‍ കമ്യൂണിസ്റ്റ് വിരുദ്ധ പ്രസ്ഥാനങ്ങളെല്ലാം സംഘടിച്ചു. വിദ്യാഭ്യാസ- ഭൂനയ ബില്ലുകള്‍ക്ക് എതിരായി സ്വകാര്യ മാനേജ്മെന്റുകളും ഭൂവുടമകളുമെല്ലാം സമരത്തില്‍ ചേര്‍ന്നു. ആരംഭത്തില്‍ സമരം ശക്തമായിരുന്നില്ല. മൂന്നു വെടിവയ്പിനുശേഷം സമരത്തിന് രക്തസാക്ഷി പരിവേഷം വന്നു. അതോടെ ആളിക്കത്തി. ഒരു അഴിമതി പോലുമില്ലാത്ത ഭരണം. ഭൂരിപക്ഷമുണ്ടായിട്ടും സര്‍ക്കാരിനെ പിരിച്ചുവിട്ടു. കമ്യൂണിസ്റ്റ് പാര്‍ടിയുടെ ഭരണത്തില്‍ പൊലീസ് സ്റേഷനുകളില്‍ സ്വാധീനം കുറയുന്നത് കോണ്‍ഗ്രസിന് ആലോചിക്കാനാകുമായിരുന്നില്ല. ഇതിന്റെയെല്ലാം ആകെത്തുകയായിരുന്നു വിമോചനസമരം. ഇ എം എസ് സര്‍ക്കാരിനെ പിരിച്ചുവിടണമെന്ന റിപ്പോര്‍ട്ട് നല്‍കാന്‍ അന്നത്തെ ഗവര്‍ണര്‍ ബി രാമകൃഷ്ണറാവുവിന് മനസ്സില്ലായിരുന്നുവെന്നാണ് ഞാന്‍ അറിഞ്ഞിട്ടുള്ളത്. ഭരണഘടനയുടെ 356-ാം അനുഛേദം ഉപയോഗിച്ച് സര്‍ക്കാരുകളെ പിരിച്ചുവിടുന്നത് ഇന്ദിര ഗാന്ധിയുടെ വിനോദമായിരുന്നു. പല സര്‍ക്കാരുകളെയും അവര്‍ ഇപ്രകാരം പിരിച്ചുവിട്ടു.

വിമോചനസമരം നടത്തിയവര്‍ ഇന്ത്യന്‍ ജനാധിപത്യത്തിലെ ഏറ്റവും നികൃഷ്ടമായ അടിയന്തരാവസ്ഥയ്ക്ക് പ്രത്യക്ഷമായോ പരോക്ഷമായോ പിന്തുണ നല്‍കിയവരും നിശബ്ദരായി ഇരുന്നവരുമാണ്. ലക്ഷക്കണക്കിന് നല്ല പൌരന്മാരെയാണ് വിചാരണപോലുമില്ലാതെ കാരാഗൃഹത്തില്‍ അടച്ചത്. അടിയന്തരാവസ്ഥയെ വാഴ്ത്തിയവരും അക്കൂട്ടത്തിലുണ്ടായിരുന്നു. തിരിഞ്ഞുനോക്കുമ്പോള്‍, അടിയന്തരാവസ്ഥയ്ക്കെതിരെ പരിമിതമായ തോതിലങ്കിലും ശക്തമായ നിലപാടെടുക്കാന്‍ എനിക്ക് കഴിഞ്ഞു എന്നോര്‍ത്ത് എന്റെ രാഷ്ട്രീയജീവിതത്തില്‍ ഞാന്‍ അഭിമാനിക്കുന്നു.“

ദേശാഭിമാനി ദിനപ്പത്രം

2 comments:

  1. ജനങ്ങള്‍ തെരഞ്ഞെടുത്ത സര്‍ക്കാരിനെ താഴെയിറക്കാന്‍ 50 വര്‍ഷംമുമ്പ് വിമോചനസമരം നടത്തിയതിന് കേരളം ഇപ്പോള്‍ ലജ്ജിച്ച് തലതാഴ്ത്തുകയാണെന്ന് ജസ്റ്റിസ് കെ ടി തോമസ്.

    “പണ്ടൊരിക്കല്‍ വിമോചനസമരത്തില്‍ പങ്കാളിയായതില്‍ എന്നെപ്പോലെ പശ്ചാത്തപിക്കുന്ന അനേകരുണ്ട്. അതില്‍ പങ്കെടുത്തത് തെറ്റായെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഭരണഘടനയെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കാന്‍ സാധിക്കാത്ത കാലത്താണ് ആ സമരത്തില്‍ പങ്കാളിയായത്. വിമോചനസമരത്തിലെ പ്രധാന പ്രസംഗകരില്‍ ഒരാളായിരുന്ന സുപ്രീംകോടതി മുന്‍ ജഡ്ജി കെ ടി തോമസിന്റെ വെളിപ്പെടുത്തല്‍. ഇ എം എസ് സര്‍ക്കാര്‍ കൊണ്ടുവന്ന വിദ്യാഭ്യാസ ബില്ലിനെതിരെ പ്രക്ഷോഭത്തില്‍ പങ്കെടുത്തത് ആ ബില്‍ എന്താണെന്ന് മനസ്സിലാക്കാതെയായിരുന്നു. ബില്‍ നടപ്പാക്കിയിരുന്നെങ്കില്‍ വിദ്യാഭ്യാസമേഖലയ്ക്ക് ഏറെ ഗുണം ലഭിച്ചേനെ.

    ReplyDelete
  2. computer go back strike?
    no privatization strike?

    any regret???

    ReplyDelete